വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“എന്നോടു പഠിപ്പിൻ”

“എന്നോടു പഠിപ്പിൻ”

“എന്നോടു പഠിപ്പിൻ”

“ഞാൻ സൌമ്യതയും താഴ്‌മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും.”​—⁠മത്തായി 11:29.

1. യേശുവിൽനിന്നു പഠിക്കുന്നത്‌ ആനന്ദകരവും പ്രയോജനപ്രദവും ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

യേശുക്രിസ്‌തു എല്ലായ്‌പോഴും ഉചിതമായ കാര്യങ്ങളാണ്‌ ചിന്തിക്കുകയും പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തത്‌. ചുരുങ്ങിയ കാലമേ ഭൂമിയിൽ ഉണ്ടായിരുന്നുള്ളു എങ്കിലും, പ്രതിഫലദായകവും സംതൃപ്‌തികരവുമായ ഒരു ജീവിതവൃത്തി അവനുണ്ടായിരുന്നു, അവൻ സന്തുഷ്ടനായി നിലകൊണ്ടു. അവൻ ശിഷ്യന്മാരെ കൂട്ടിച്ചേർക്കുകയും എങ്ങനെ ദൈവത്തെ ആരാധിക്കുകയും മനുഷ്യവർഗത്തെ സ്‌നേഹിക്കുകയും ലോകത്തെ ജയിച്ചടക്കുകയും ചെയ്യാമെന്ന്‌ അവരെ പഠിപ്പിക്കുകയും ചെയ്‌തു. (യോഹന്നാൻ 16:33) അവൻ അവരുടെ ഹൃദയങ്ങളിൽ പ്രത്യാശ നിറയ്‌ക്കുകയും “സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും” ചെയ്‌തു. (2 തിമൊഥെയൊസ്‌ 1:10) നിങ്ങൾ ക്രിസ്‌തുവിന്റെ ഒരു ശിഷ്യനാണെങ്കിൽ, അതിന്റെ അർഥം എന്താണെന്നാണു നിങ്ങൾ വിചാരിക്കുന്നത്‌? ശിഷ്യന്മാരെ കുറിച്ച്‌ യേശു പറയുന്നത്‌ പരിചിന്തിക്കുകവഴി, ജീവിതത്തെ എങ്ങനെ സമ്പന്നമാക്കാമെന്നു നമുക്കു പഠിക്കാൻ കഴിയും. അവന്റെ വീക്ഷണം സ്വീകരിക്കുന്നതും ചില അടിസ്ഥാന തത്ത്വങ്ങൾ ബാധകമാക്കുന്നതും അതിൽ ഉൾപ്പെടുന്നു.​—⁠മത്തായി 10:24, 25; ലൂക്കൊസ്‌ 14:26, 27; യോഹന്നാൻ 8:31, 32; 13:35; 15:⁠8.

2, 3. (എ) യേശുവിന്റെ ഒരു ശിഷ്യൻ ആയിരിക്കുക എന്നതിന്റെ അർഥമെന്ത്‌? (ബി) ‘വാസ്‌തവത്തിൽ ഞാൻ ആരുടെ ശിഷ്യനാണ്‌’ എന്നു സ്വയം ചോദിക്കുന്നത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

2 ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ, “ശിഷ്യൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദത്തിന്റെ അടിസ്ഥാന അർഥം എന്തെങ്കിലും ഒന്നിലേക്കു തന്റെ മനസ്സിനെ നയിക്കുന്ന അല്ലെങ്കിൽ ഒന്നിനെ കുറിച്ചു പഠിക്കുന്ന ഒരുവൻ എന്നാണ്‌. നമ്മുടെ ആധാരവാക്യമായ മത്തായി 11:​29-ൽ സമാനമായ ഒരു പദം കാണാം: “ഞാൻ സൌമ്യതയും താഴ്‌മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) അതേ, ഒരു ശിഷ്യൻ ഒരു പഠിതാവാണ്‌. സുവിശേഷങ്ങൾ “ശിഷ്യൻ” എന്ന പദം സാധാരണ ഉപയോഗിക്കുന്നത്‌ യേശുവിനോടൊപ്പം സഞ്ചരിച്ച്‌ സുവാർത്ത പ്രസംഗിക്കുകയും അവനിൽനിന്നു പ്രബോധനം സ്വീകരിക്കുകയും ചെയ്‌ത അവന്റെ അടുത്ത അനുഗാമികൾക്കാണ്‌. ചിലർ യേശുവിന്റെ പഠിപ്പിക്കലുകൾ സ്വീകരിക്കുക മാത്രം ചെയ്‌തിരിക്കാം, ഒരുപക്ഷേ രഹസ്യമായിട്ടു പോലും. (ലൂക്കൊസ്‌ 6:17; യോഹന്നാൻ 19:38) സുവിശേഷ എഴുത്തുകാർ ‘[സ്‌നാപക] യോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാരെ’ കുറിച്ചും പറയുകയുണ്ടായി. (മർക്കൊസ്‌ 2:18) ‘പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശം സൂക്ഷിച്ചുകൊള്ളാൻ’ യേശു മുന്നറിയിപ്പു നൽകിയതിനാൽ, നമുക്ക്‌ ഇങ്ങനെ ചോദിക്കാൻ കഴിയും: ‘വാസ്‌തവത്തിൽ ഞാൻ ആരുടെ ശിഷ്യനാണ്‌?’​—⁠മത്തായി 16:12.

3 നാം യേശുവിന്റെ ശിഷ്യന്മാർ ആണെങ്കിൽ, നാം അവനിൽനിന്നു പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ, നമ്മുടെ സാന്നിധ്യത്തിൽ മറ്റുള്ളവർക്ക്‌ ആത്മീയ നവോന്മേഷം തോന്നേണ്ടതാണ്‌. നമുക്ക്‌ കുറേക്കൂടെ സൗമ്യതയും താഴ്‌മയും കൈവന്നിട്ടുണ്ടെന്ന്‌ അവർ തിരിച്ചറിയേണ്ടതുണ്ട്‌. നാം തൊഴിലിൽ കാര്യനിർവഹണ ചുമതലകൾ വഹിക്കുന്നവരോ മാതാപിതാക്കളോ ക്രിസ്‌തീയ സഭയിൽ ഇടയമേൽവിചാരണാ ചുമതലകൾ വഹിക്കുന്നവരോ ആണെങ്കിൽ, യേശു തന്റെ ചുമതലയിൽ ഉണ്ടായിരുന്നവരോടു പെരുമാറിയതുപോലെ നാം പ്രവർത്തിക്കുന്നുവെന്ന്‌ നമ്മുടെ ചുമതലയിൽ ഉള്ളവർ മനസ്സിലാക്കുന്ന വിധത്തിലാണോ നാം പെരുമാറുന്നത്‌?

യേശു ആളുകളോട്‌ ഇടപെട്ട വിധം

4, 5. (എ) പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന ആളുകളോട്‌ യേശു ഇടപെട്ട വിധം മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) ഒരു പരീശന്റെ വീട്ടിൽ വിരുന്നു കഴിക്കുമ്പോൾ യേശുവിന്‌ എന്ത്‌ അനുഭവം ഉണ്ടായി?

4 യേശു ആളുകളോട്‌, പ്രത്യേകിച്ചും ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നവരോട്‌, എങ്ങനെ ഇടപെട്ടു എന്ന്‌ നാം അറിയേണ്ടതുണ്ട്‌. അതു പഠിക്കുക അത്ര വിഷമമുള്ള കാര്യമല്ല. ക്ലേശം അനുഭവിച്ചിരുന്നവർ ഉൾപ്പെടെയുള്ള ആളുകളോട്‌ യേശു ഇടപെട്ടതിന്റെ നിരവധി വിവരണങ്ങൾ ബൈബിളിൽ അടങ്ങിയിരിക്കുന്നു. സമാനമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നവരോടു മതനേതാക്കന്മാർ പ്രത്യേകിച്ചും പരീശന്മാർ ഇടപെട്ടത്‌ എങ്ങനെയെന്നും നമുക്കു നോക്കാം. ആ വ്യത്യാസത്തിൽ നിന്നു നമുക്കു ചില കാര്യങ്ങൾ പഠിക്കാൻ കഴിയും.

5 പൊ.യു. 31-ാം ആണ്ടിൽ, യേശു ഗലീലയിൽ ഒരു പ്രസംഗപര്യടനത്തിൽ ഏർപ്പെട്ടിരിക്കെ, ‘പരീശന്മാരിൽ ഒരുത്തൻ തന്നോടുകൂടെ ഭക്ഷണം കഴിപ്പാൻ യേശുവിനെ ക്ഷണിച്ചു.’ ആ ക്ഷണം സ്വീകരിക്കുന്നതിൽ യേശു മടി വിചാരിച്ചില്ല. “അവൻ പരീശന്റെ വീട്ടിൽ ചെന്നു ഭക്ഷണത്തിന്നിരുന്നു. ആ പട്ടണത്തിൽ പാപിയായ ഒരു സ്‌ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിന്നിരിക്കുന്നതു അറിഞ്ഞു ഒരു വെൺകൽ ഭരണി പരിമളതൈലം കൊണ്ടുവന്നു, പുറകിൽ അവന്റെ കാല്‌ക്കൽ കരഞ്ഞുകൊണ്ടു നിന്നു കണ്ണുനീർകൊണ്ടു അവന്റെ കാൽ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാൽ ചുംബിച്ചു തൈലം പൂശി.”​—⁠ലൂക്കൊസ്‌ 7:36-38.

6. “പാപി” ആയിരുന്ന സ്‌ത്രീ എന്തുകൊണ്ടായിരിക്കാം ആ പരീശന്റെ വീട്ടിൽ ചെന്നത്‌?

6 നിങ്ങൾക്ക്‌ അതു മനസ്സിൽ കാണാൻ കഴിയുമോ? ഒരു പരാമർശ കൃതി ഇങ്ങനെ പറയുന്നു: “അന്നത്തെ രീതിയനുസരിച്ച്‌, അത്തരം വലിയൊരു വിരുന്ന്‌ നടക്കുന്നിടത്ത്‌ മിച്ചം വരുന്ന ആഹാരം വാങ്ങാൻ ദരിദ്രർക്കു വരാമായിരുന്നു. ഈ സ്‌ത്രീ (വാക്യം 37) അതു പ്രയോജനപ്പെടുത്തി.” ക്ഷണിക്കപ്പെടാതെ ഒരാൾക്ക്‌ ഒരു വീട്ടിൽ എങ്ങനെ ചെല്ലാൻ കഴിയുമായിരുന്നു എന്ന്‌ അതു വിശദീകരിക്കുന്നു. വിരുന്നു കഴിയുമ്പോൾ മിച്ചം വരുന്ന സാധനങ്ങൾ ശേഖരിക്കാൻ വേറെ ചിലരും എത്തിയിരിക്കാം. എന്നിരുന്നാലും, ഈ സ്‌ത്രീയുടെ പെരുമാറ്റം അസാധാരണമായിരുന്നു. വിരുന്ന്‌ കഴിയുന്നതും കാത്ത്‌ അവൾ അകലെ മാറിനിന്നില്ല. ആളുകളുടെ ഇടയിൽ മോശമായ ഒരു പേരുണ്ടായിരുന്ന അവൾ പരക്കെ അറിയപ്പെട്ടിരുന്ന ഒരു “പാപി” ആയിരുന്നു. ‘അവളുടെ അനേക പാപങ്ങളെ’ കുറിച്ച്‌ തനിക്ക്‌ അറിയാമെന്ന്‌ യേശു പറഞ്ഞു.​—⁠ലൂക്കൊസ്‌ 7:47.

7, 8. (എ) ലൂക്കൊസ്‌ 7:36-38-ൽ റിപ്പോർട്ടു ചെയ്‌തിരിക്കുന്നതു പോലുള്ള ഒരു സാഹചര്യത്തിൽ നാം ഒരുപക്ഷേ എങ്ങനെ പ്രതികരിക്കുമായിരുന്നു? (ബി) ശീമോൻ എങ്ങനെ പ്രതികരിച്ചു?

7 നിങ്ങൾ അന്നു ജീവിച്ചിരിക്കുന്നതായും യേശുവിന്റെ സ്ഥാനത്ത്‌ ആയിരിക്കുന്നതായും സങ്കൽപ്പിക്കുക. നിങ്ങൾ എങ്ങനെ പ്രതികരിക്കുമായിരുന്നു? ആ സ്‌ത്രീ നിങ്ങളെ സമീപിക്കുമ്പോൾ നിങ്ങൾക്ക്‌ അസ്വസ്ഥത തോന്നുമായിരുന്നോ? അത്തരം ഒരു സാഹചര്യം നിങ്ങളെ എങ്ങനെ ബാധിക്കുമായിരുന്നു? (ലൂക്കൊസ്‌ 7:45) നിങ്ങൾ അമ്പരക്കുകയും ഭയക്കുകയും ചെയ്യുമായിരുന്നില്ലേ?

8 നിങ്ങൾ മറ്റ്‌ അതിഥികളുടെ കൂടെ ആയിരുന്നെങ്കിൽ, ഒരുപക്ഷേ നിങ്ങളുടെ ചിന്താഗതി ഏറെക്കുറേ പരീശനായ ശീമോന്റേതിനു സമാനമായിരിക്കുമായിരുന്നോ? ‘യേശുവിനെ ക്ഷണിച്ച പരീശൻ അതു കണ്ടിട്ടു: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്‌ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്നു ഉള്ളിൽ പറഞ്ഞു.’ (ലൂക്കൊസ്‌ 7:39) നേരെ മറിച്ച്‌, യേശു ആഴമായ അനുകമ്പ ഉള്ള ഒരു മനുഷ്യനായിരുന്നു. അവൻ ആ സ്‌ത്രീയുടെ വിഷമാവസ്ഥ മനസ്സിലാക്കുകയും അവളുടെ മനോവേദന തിരിച്ചറിയുകയും ചെയ്‌തു. അവൾ എങ്ങനെയാണ്‌ ഒരു പാപഗതിയിൽ പെട്ടതെന്നു ബൈബിൾ വിവരണം നമ്മോടു പറയുന്നില്ല. അവൾ വാസ്‌തവത്തിൽ ഒരു വേശ്യ ആയിരുന്നെങ്കിൽ, പട്ടണത്തിലെ പുരുഷന്മാർ, സമർപ്പിത യഹൂദന്മാർ അവളെ സഹായിച്ചിരുന്നതായി തോന്നുന്നില്ല.

9. യേശുവിന്റെ പ്രതികരണം എന്തായിരുന്നു, അതിന്റെ അനന്തരഫലം എന്തായിരുന്നിരിക്കാം?

9 എന്നാൽ യേശു അവളെ സഹായിക്കാൻ ആഗ്രഹിച്ചു. അവൻ അവളോടു പറഞ്ഞു: “നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു.” തുടർന്ന്‌ അവൻ കൂട്ടിച്ചേർത്തു: “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” (ലൂക്കൊസ്‌ 7:48-50) ഇതോടെ വിവരണം അവസാനിക്കുകയാണ്‌. അവൾക്കായി യേശു അധികമൊന്നും ചെയ്‌തില്ല എന്ന്‌ ഒരുവൻ പ്രതിഷേധം പറഞ്ഞേക്കാം. അടിസ്ഥാനപരമായി, യേശു അവളെ അനുഗ്രഹിച്ചു പറഞ്ഞയച്ചു. അവൾ തന്റെ മോശമായ ജീവിതഗതിയിലേക്കു തിരികെ പോയെന്നു നിങ്ങൾ കരുതുന്നുണ്ടോ? നമുക്ക്‌ ഉറപ്പിച്ചു പറയാനാവില്ലെങ്കിലും, അടുത്തതായി ലൂക്കൊസ്‌ പറയുന്നതു ശ്രദ്ധിക്കുക. യേശു “ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു” എന്ന്‌ അവൻ പറഞ്ഞു. യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ “ചില സ്‌ത്രീകളും” ഉണ്ടായിരുന്നുവെന്നും അവർ ‘തങ്ങളുടെ വസ്‌തുവകകൊണ്ട്‌ അവർക്കു ശുശ്രൂഷ ചെയ്‌തുപോന്നു’വെന്നും ലൂക്കൊസ്‌ റിപ്പോർട്ടു ചെയ്യുന്നുണ്ട്‌. അനുതാപവും വിലമതിപ്പുമുള്ള ഈ സ്‌ത്രീ അവരോടൊപ്പം ഉണ്ടായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഒരു ശുദ്ധ മനസ്സാക്ഷിയോടും ഒരു പുതിയ ഉദ്ദേശ്യബോധത്തോടും ദൈവത്തോടുള്ള ആഴമായ സ്‌നേഹത്തോടും കൂടെ, ദൈവഭക്തിയോടു കൂടിയ ഒരു പുതിയ ജീവിതം അവൾ ആരംഭിച്ചിരിക്കാം.​—⁠ലൂക്കൊസ്‌ 8:1-3.

യേശുവും പരീശന്മാരും തമ്മിലുള്ള വ്യത്യാസം

10. ശീമോന്റെ വീട്ടിൽവെച്ച്‌ ഉണ്ടായ യേശുവും സ്‌ത്രീയും ഉൾപ്പെട്ട സംഭവത്തെ കുറിച്ചുള്ള വിവരണം പരിചിന്തിക്കുന്നതു പ്രയോജനപ്രദം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 ഈ വ്യക്തമായ വിവരണത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയും? അതു നമ്മുടെ വികാരങ്ങളെ സ്‌പർശിക്കുന്നില്ലേ? നിങ്ങൾ ശീമോന്റെ വീട്ടിൽ ആയിരുന്നതായി സങ്കൽപ്പിക്കുക. നിങ്ങൾക്ക്‌ എന്തു തോന്നുമായിരുന്നു? യേശുവിനെ പോലെ നിങ്ങൾ പ്രതികരിക്കുമായിരുന്നോ അതോ ഏറെക്കുറെ ആതിഥേയനായ പരീശന്റേതുപോലെ ആയിരിക്കുമായിരുന്നോ നിങ്ങളുടെ പ്രതികരണം? യേശു ദൈവത്തിന്റെ പുത്രനായിരുന്നു, അതുകൊണ്ട്‌ അവനെ പോലെതന്നെ ചിന്തിക്കാനും പ്രവർത്തിക്കാനും നമുക്കു കഴിയില്ല. അതേസമയം, പരീശനായ ശീമോനെ പോലെ ആയിരിക്കാനും നാം ആഗ്രഹിക്കുകയില്ല. ഒരു പരീശനെ പോലെ ആയിരിക്കുന്നതിൽ അഭിമാനിക്കുന്നവർ ആരുംതന്നെ ഉണ്ടായിരിക്കുകയില്ല.

11. പരീശന്മാരെ പോലെ ആയിരിക്കാൻ നാം ആഗ്രഹിക്കുന്നില്ലാത്തത്‌ എന്തുകൊണ്ട്‌?

11 ബൈബിൾപരവും ബൈബിളേതരവുമായ തെളിവുകൾ വ്യക്തമാക്കുന്നതനുസരിച്ച്‌ പൊതു നന്മയുടെയും ദേശീയ ക്ഷേമത്തിന്റെയും കാവൽക്കാരായി പരീശന്മാർ തങ്ങളെത്തന്നെ അഹങ്കാരപൂർവം വീക്ഷിച്ചിരുന്നു. വ്യക്തവും എളുപ്പം മനസ്സിലാക്കാവുന്നതുമായ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ അവർ തൃപ്‌തരായിരുന്നില്ല. ന്യായപ്രമാണം വ്യക്തമല്ലെന്നു തോന്നിയ ഇടങ്ങളിൽ സ്വന്തമായി നിർമിച്ച നിയമങ്ങൾ കുത്തിത്തിരുകാനും അങ്ങനെ മനസ്സാക്ഷിയുടെ ആവശ്യം തള്ളിക്കളയാനും അവർ ശ്രമിച്ചു. സകല കാര്യങ്ങളിലും, നിസ്സാര സംഗതികളിൽ പോലും, പെരുമാറ്റത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ ഉണ്ടാക്കാൻ ഈ മതനേതാക്കന്മാർ ശ്രമിക്കുകയുണ്ടായി. *

12. പരീശന്മാർക്ക്‌ തങ്ങളെ കുറിച്ചുതന്നെ എങ്ങനെയുള്ള ഒരു വീക്ഷണമാണ്‌ ഉണ്ടായിരുന്നത്‌?

12 ദയാതത്‌പരരും സൗമ്യരും നീതിനിഷ്‌ഠരും തങ്ങളുടെ വേലയ്‌ക്കു യോഗ്യരുമായി പരീശന്മാർ തങ്ങളെത്തന്നെ വീക്ഷിച്ചുവെന്ന്‌ ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ ജോസീഫസ്‌ പറയുന്നു. അവരിൽ ചിലർ അത്തരക്കാർ ആയിരുന്നുവെന്നതിനു സംശയമില്ല. ഒരുപക്ഷേ നിക്കോദേമൊസിനെ നിങ്ങൾ ഓർമിച്ചേക്കാം. (യോഹന്നാൻ 3:1, 2; 7:50, 51) പിൽക്കാലത്ത്‌, അവരിൽ ചിലർ ക്രിസ്‌തീയ മാർഗം സ്വീകരിച്ചു. (പ്രവൃത്തികൾ 15:5) ക്രിസ്‌തീയ അപ്പൊസ്‌തലനായ പൗലൊസ്‌ പരീശന്മാരെ പോലുള്ള ചില യഹൂദന്മാരെ കുറിച്ച്‌ ഇങ്ങനെ എഴുതി: “അവർ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ” ആണ്‌. (റോമർ 10:2) എന്നിരുന്നാലും, സുവിശേഷങ്ങൾ അവരെ, സാധാരണ ജനം വീക്ഷിച്ചിരുന്നതു പോലെതന്നെ​—⁠ഗർവിഷ്‌ഠരും അഹങ്കാരികളും സ്വയനീതിക്കാരും കുറ്റം കണ്ടുപിടിക്കുന്നവരും മറ്റുള്ളവരെ വിധിക്കുന്നവരും ഹീനന്മാരും ആയി​—⁠ചിത്രീകരിക്കുന്നു.

യേശുവിന്റെ വീക്ഷണം

13. പരീശന്മാരെ കുറിച്ച്‌ യേശുവിന്‌ എന്താണു പറയാനുണ്ടായിരുന്നത്‌?

13 ശാസ്‌ത്രിമാരും പരീശന്മാരും കപടഭക്തരാണെന്നു യേശു നിശിതമായി കുറ്റം വിധിച്ചു. “അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽകൊണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല.” അതേ, ചുമടു വളരെ ഭാരിച്ചതായിരുന്നു, ആളുകളുടെമേൽ കെട്ടിവെച്ച നുകമാകട്ടെ നിഷ്‌ഠുരവും. യേശു ശാസ്‌ത്രിമാരെയും പരീശന്മാരെയും ‘മൂഢന്മാർ’ എന്നു വിളിച്ചു. ഒരു മൂഢൻ സമൂഹത്തിന്‌ ശല്യമാണ്‌. യേശു ശാസ്‌ത്രിമാരെയും പരീശന്മാരെയും ‘കുരുടന്മാരായ വഴികാട്ടികൾ’ എന്നും വിളിച്ചു. മാത്രമല്ല, അവർ “ന്യായം, കരുണ, വിശ്വസ്‌തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചു” എന്നു പ്രസ്‌താവിക്കുകയും ചെയ്‌തു. തന്നെ ഒരു പരീശനായി യേശു കണക്കാക്കാൻ ആരാണ്‌ ആഗ്രഹിക്കുക?​—⁠മത്തായി 23:1-4, 16, 17, 23.

14, 15. (എ) മത്തായി ലേവിയോടുള്ള യേശുവിന്റെ ഇടപെടലുകൾ പരീശന്മാരുടെ രീതികൾ സംബന്ധിച്ച്‌ എന്തു വെളിപ്പെടുത്തുന്നു? (ബി) ഈ വിവരണത്തിൽനിന്ന്‌ എന്തു പ്രധാനപ്പെട്ട പാഠങ്ങൾ നമുക്കു പഠിക്കാനാകും?

14 സുവിശേഷ വിവരണങ്ങൾ വായിക്കുന്ന ഏതൊരാൾക്കും മിക്ക പരീശന്മാരുടെയും വിമർശന സ്വഭാവം കാണാൻ കഴിയും. മത്തായി ലേവി എന്ന ചുങ്കക്കാരനെ ഒരു ശിഷ്യനായിരിക്കാൻ യേശു ക്ഷണിച്ചശേഷം ലേവി അവനു വേണ്ടി ഒരു വലിയ വിരുന്ന്‌ ഒരുക്കി. അതേക്കുറിച്ച്‌ വിവരണം ഇങ്ങനെ പറയുന്നു: “പരീശന്മാരും അവരുടെ ശാസ്‌ത്രിമാരും അവന്റെ ശിഷ്യന്മാരോടു: നിങ്ങൾ ചുങ്കക്കാരോടും പാപികളോടുംകൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു പറഞ്ഞു പിറുപിറുത്തു. യേശു അവരോടു: . . . ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നതു എന്നു ഉത്തരം പറഞ്ഞു.”​—⁠ലൂക്കൊസ്‌ 5:27-32.

15 പ്രസ്‌തുത അവസരത്തിൽ യേശു പറഞ്ഞ മറ്റൊരു സംഗതി ലേവി വിലമതിച്ചു: “യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിൻ.” (മത്തായി 9:13) എബ്രായ പ്രവാചകന്മാരുടെ ലിഖിതങ്ങളിൽ വിശ്വസിക്കുന്നതായി പരീശന്മാർ അവകാശപ്പെട്ടിരുന്നെങ്കിലും, ഹോശേയ 6:​6-ൽ നിന്നുള്ള ഈ വചനം അവർ സ്വീകരിച്ചിരുന്നില്ല. തങ്ങൾക്കു തെറ്റു സംഭവിക്കുന്നെങ്കിൽ, അതു പാരമ്പര്യത്തോടുള്ള അനുസരണത്തിന്റെ പേരിലേ ആകാവൂ എന്ന്‌ അവർക്കു നിർബന്ധമുണ്ടായിരുന്നു. നാം ഓരോരുത്തരും ഇങ്ങനെ ചോദിക്കേണ്ടതാണ്‌, ‘വ്യക്തിപരമായ അഭിപ്രായമോ സാമാന്യബോധമോ പ്രതിഫലിക്കേണ്ട കാര്യങ്ങളോടു ബന്ധപ്പെട്ട്‌ ചില നിയമങ്ങളിൽ നിർബന്ധബുദ്ധി പിടിക്കുന്നു എന്ന ഖ്യാതിയാണോ എനിക്കുള്ളത്‌? അതോ കരുണയും ദയയും പ്രകടമാക്കുന്നതിൽ മികച്ചുനിൽക്കുന്ന ഒരുവനായി മറ്റുള്ളവർ എന്നെ കാണുന്നുവോ?’

16. പരീശന്മാരുടെ രീതി എന്തായിരുന്നു, അവരെ പോലെ ആകുന്നത്‌ നമുക്ക്‌ എങ്ങനെ ഒഴിവാക്കാൻ കഴിയും?

16 എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കുന്ന ഒരു സ്വഭാവമായിരുന്നു പരീശന്മാരുടേത്‌. യഥാർഥത്തിലുള്ളതോ സാങ്കൽപ്പികമോ ആയ പിഴവുകൾ കണ്ടെത്താൻ പരീശന്മാർ ശ്രമിച്ചു. അവർ നിരന്തരം ആളുകളെ ദ്രോഹിച്ചുകൊണ്ടിരുന്നു, അവരുടെ പരാജയങ്ങളെ കുറിച്ച്‌ അവരെ സദാ ഓർമിപ്പിക്കുകയും ചെയ്‌തു. തുളസി, ചതകുപ്പ, ജീരകം എന്നിങ്ങനെയുള്ള നിസ്സാര ചെടികളുടെ ദശാംശം കൊടുക്കുന്ന കാര്യത്തിൽ പോലും പരീശന്മാർ അഭിമാനിച്ചിരുന്നു. വസ്‌ത്രധാരണ രീതിയിലൂടെ അവർ മതഭക്തി പ്രകടമാക്കുകയും ജനത്തെ നയിക്കാൻ ശ്രമിക്കുകയും ചെയ്‌തു. തീർച്ചയായും, നമ്മുടെ പ്രവർത്തനങ്ങൾ യേശുവിന്റെ മാതൃകയുമായി ചേർച്ചയിൽ ആയിരിക്കണമെങ്കിൽ, മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തി അതിനെ വലുതാക്കി കാണിക്കാനുള്ള പ്രവണത നാം ഒഴിവാക്കണം.

യേശു എങ്ങനെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്‌തു?

17-19. (എ) വളരെ ഗുരുതരമായ പരിണതഫലങ്ങൾ ഉണ്ടായിരിക്കുമായിരുന്ന ഒരു സാഹചര്യം യേശു എങ്ങനെ കൈകാര്യം ചെയ്‌തെന്നു വിശദീകരിക്കുക. (ബി) പ്രസ്‌തുത സാഹചര്യത്തെ സമ്മർദപൂരിതവും അസുഖകരവും ആക്കിത്തീർത്തത്‌ എന്താണ്‌? (സി) യേശുവിനെ സ്‌ത്രീ സമീപിച്ച അവസരത്തിൽ നിങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിൽ, എങ്ങനെ പ്രതികരിക്കുമായിരുന്നു?

17 യേശു പ്രശ്‌നങ്ങൾ കൈകാര്യം ചെയ്‌ത വിധം പരീശന്മാരുടേതിൽനിന്നു വളരെ വ്യത്യസ്‌തമായിരുന്നു. വളരെ ഗൗരവമായ ഒന്നായിത്തീരുമായിരുന്ന ഒരു സാഹചര്യത്തെ അവൻ എങ്ങനെ കൈകാര്യം ചെയ്‌തെന്നു നമുക്കു നോക്കാം. 12 വർഷമായി രക്തസ്രാവം ഉണ്ടായിരുന്ന ഒരു സ്‌ത്രീയുമായി ബന്ധപ്പെട്ടതാണ്‌ ആ സംഭവം. അതു സംബന്ധിച്ചുള്ള വിവരണം നിങ്ങൾക്ക്‌ ലൂക്കൊസ്‌ 8:42-48-ൽ കാണാൻ കഴിയും.

18 ആ സ്‌ത്രീ ‘ഭയന്നു വിറച്ചു’ എന്നു മർക്കൊസിന്റെ വിവരണം പറയുന്നു. (മർക്കൊസ്‌ 5:33) എന്തുകൊണ്ട്‌? താൻ ദൈവനിയമം ലംഘിച്ചു എന്ന്‌ അവൾക്കു നിസ്സംശയമായും അറിയാമായിരുന്നതിനാൽ. ലേവ്യപുസ്‌തകം 15:25-28 അനുസരിച്ച്‌, അസ്വാഭാവികമായ രക്തസ്രാവമുള്ള ഒരു സ്‌ത്രീ രക്തസ്രാവം കഴിയുന്നതുവരെയും അതുകഴിഞ്ഞ്‌ ഒരാഴ്‌ച കൂടെയും അശുദ്ധ ആയിരിക്കേണ്ടിയിരുന്നു. അവൾ സ്‌പർശിച്ച സകലതിനും അതുപോലെ അവളുമായി സമ്പർക്കത്തിൽ വന്ന സകല വ്യക്തികൾക്കും ശുദ്ധി ഇല്ലാതാകുമായിരുന്നു. യേശുവിന്റെ അടുത്ത്‌ എത്താൻ, ഈ സ്‌ത്രീക്കു ജനക്കൂട്ടത്തിന്റെ ഇടയിലൂടെ കടന്നുപോകണമായിരുന്നു. 2,000 വർഷത്തിനു ശേഷം ആ വിവരണം നാം പരിശോധിക്കുമ്പോൾ അവൾക്കുണ്ടായ അസ്വാസ്ഥ്യത്തിൽ നമുക്ക്‌ അവളോട്‌ അനുകമ്പ തോന്നുന്നു.

19 അതു നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നെങ്കിൽ, നിങ്ങൾ അതിനെ എങ്ങനെ വീക്ഷിക്കുമായിരുന്നു? നിങ്ങൾ ഒരുപക്ഷേ എന്തു പറയുമായിരുന്നു? യേശു ഈ സ്‌ത്രീയോട്‌ ദയയോടും സ്‌നേഹത്തോടും പരിഗണനയോടും കൂടെ ഇടപെട്ടു എന്നു ശ്രദ്ധിക്കുക, അവൾ ഉണ്ടാക്കിയിരിക്കാൻ ഇടയുള്ള പ്രശ്‌നത്തെ കുറിച്ച്‌ അവൻ പരാമർശിക്കുക പോലും ചെയ്‌തില്ല.​—⁠മർക്കൊസ്‌ 5:34.

20. ലേവ്യപുസ്‌തകം 15:25-28 ഇന്ന്‌ ക്രിസ്‌ത്യാനികൾക്കു ബാധകമായിരുന്നെങ്കിൽ, നമുക്ക്‌ എന്തു വെല്ലുവിളി ഉണ്ടായിരിക്കുമായിരുന്നു?

20 ഈ സംഭവത്തിൽനിന്നു നമുക്ക്‌ എന്തെങ്കിലും പഠിക്കാനാകുമോ? നിങ്ങൾ ഇന്നു ക്രിസ്‌തീയ സഭയിലെ ഒരു മൂപ്പനാണെന്നു കരുതുക. ലേവ്യപുസ്‌തകം 15:25-28-ലെ കൽപ്പന ഇന്ന്‌ ക്രിസ്‌ത്യാനികൾക്കു ബാധകമായിരിക്കുന്നതായും പരിഭ്രാന്തയും നിസ്സഹായയുമായ ഒരു ക്രിസ്‌തീയ സഹോദരി ആ നിയമം ലംഘിച്ചിരിക്കുന്നതായും വിചാരിക്കുക. നിങ്ങൾ എങ്ങനെ പ്രതികരിക്കും? ഉഗ്രമായി വിമർശിച്ചുകൊണ്ട്‌ നിങ്ങൾ അവളെ പരസ്യമായി അപമാനിക്കുമോ? “ഒരിക്കലും ഞാൻ അങ്ങനെ ചെയ്യില്ല! യേശുവിന്റെ മാതൃക പിൻപറ്റിക്കൊണ്ട്‌ ദയയും സ്‌നേഹവും കരുതലും പരിഗണനയും പ്രകടമാക്കാൻ ഞാൻ സകല ശ്രമവും ചെയ്യും” എന്നു നിങ്ങൾ പറഞ്ഞേക്കാം. വളരെ നല്ലത്‌! എന്നാൽ യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട്‌ അതു പ്രവൃത്തിയിലൂടെ തെളിയിക്കുന്നതാണ്‌ വെല്ലുവിളി.

21. ന്യായപ്രമാണം സംബന്ധിച്ച്‌ യേശു ആളുകളെ എന്തു പഠിപ്പിച്ചു?

21 അടിസ്ഥാനപരമായി, യേശുവിന്റെ സാന്നിധ്യം ആളുകൾക്കു നവോന്മേഷം പകരുകയും ഉണർവേകുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. ദൈവത്തിന്റെ ന്യായപ്രമാണം കർശനമായി നിഷ്‌കർഷിച്ചിരുന്ന കാര്യങ്ങൾ അതുപോലെതന്നെ ബാധകമാക്കണമായിരുന്നു. അതു കർശനമല്ലാതിരുന്ന മണ്ഡലങ്ങളിൽ, ആളുകളുടെ മനസ്സാക്ഷി ഒരു പ്രധാന പങ്കു വഹിക്കുമായിരുന്നു. തങ്ങളുടെ തീരുമാനങ്ങളാൽ ദൈവത്തോടുള്ള സ്‌നേഹം അവർക്കു പ്രകടിപ്പിക്കാൻ കഴിയുമായിരുന്നു. ന്യായപ്രമാണം അവരെ ഞെരുക്കുന്ന ഒന്നായിരുന്നില്ല. (മർക്കൊസ്‌ 2:27, 28) ദൈവം തന്റെ ജനത്തെ സ്‌നേഹിക്കുകയും അവരുടെ നന്മയ്‌ക്കായി നിരന്തരം പ്രവർത്തിക്കുകയും ചെയ്‌തു. അവർക്കു വീഴ്‌ച ഭവിച്ചപ്പോൾ കരുണ കാണിക്കാൻ അവൻ സന്നദ്ധനായിരുന്നു. യേശു അങ്ങനെയുള്ളവൻ ആയിരുന്നു.​—⁠യോഹന്നാൻ 14:⁠9.

യേശുവിന്റെ പഠിപ്പിക്കലുകളുടെ ഫലങ്ങൾ

22. യേശുവിൽനിന്നു പഠിച്ചത്‌ ശിഷ്യന്മാരിൽ എന്തു മനോഭാവം ഉളവാക്കി?

22 യേശുവിനെ ശ്രദ്ധിക്കുകയും അവന്റെ ശിഷ്യന്മാർ ആയിത്തീരുകയും ചെയ്‌തവർ അവന്റെ പിൻവരുന്ന പ്രഖ്യാപനത്തിന്റെ സത്യത വിലമതിച്ചു: “എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.” (മത്തായി 11:30) അവൻ തങ്ങളെ ഭാരപ്പെടുത്തുകയോ ദ്രോഹിക്കുകയോ തങ്ങളോട്‌ അധികാര ഭാവത്തിൽ പ്രസംഗിക്കുകയോ ചെയ്‌തതായി അവർക്കു തോന്നിയില്ല. ദൈവത്തോടും പരസ്‌പരവുമുള്ള തങ്ങളുടെ ബന്ധത്തിന്റെ കാര്യത്തിൽ അവർക്കു കൂടുതൽ സ്വാതന്ത്ര്യവും സന്തുഷ്‌ടിയും ഉറപ്പും തോന്നി. (മത്തായി 7:1-5; ലൂക്കൊസ്‌ 9:49, 50) ഒരു ആത്മീയ നേതാവ്‌ മറ്റുള്ളവർക്കു നവോന്മേഷം കൈവരുത്തുകയും മനസ്സിന്റെയും ഹൃദയത്തിന്റെയും താഴ്‌മ പ്രകടമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന്‌ അവർ അവനിൽനിന്നു പഠിച്ചു.​—⁠1 കൊരിന്ത്യർ 16:17, 18; ഫിലിപ്പിയർ 2:⁠3; NW.

23. യേശുവിനോടൊപ്പം ആയിരുന്നതിനാൽ ശിഷ്യന്മാർക്ക്‌ എന്തു പ്രധാന പാഠം പഠിക്കാൻ കഴിഞ്ഞു, അത്‌ എന്തു നിഗമനങ്ങളിൽ എത്തിച്ചേരാൻ അവരെ സഹായിച്ചു?

23 ക്രിസ്‌തുവിനോടുള്ള ഐക്യത്തിൽ നിലകൊള്ളേണ്ടതിന്റെയും അവൻ പ്രകടമാക്കിയ അതേ മനോഭാവം പ്രകടമാക്കേണ്ടതിന്റെയും പ്രാധാന്യം പലർക്കും വളരെ നന്നായി ബോധ്യപ്പെട്ടു. അവൻ അവന്റെ ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “പിതാവു എന്നെ സ്‌നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്‌നേഹിക്കുന്നു; എന്റെ സ്‌നേഹത്തിൽ വസിപ്പിൻ. ഞാൻ എന്റെ പിതാവിന്റെ കല്‌പനകൾ പ്രമാണിച്ചു അവന്റെ സ്‌നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്‌പനകൾ പ്രമാണിച്ചാൽ എന്റെ സ്‌നേഹത്തിൽ വസിക്കും.” (യോഹന്നാൻ 15:9, 10) ദൈവത്തിന്റെ വിജയപ്രദരായ ശുശ്രൂഷകരും ദാസന്മാരും ആയിരിക്കണമായിരുന്നെങ്കിൽ, ദൈവത്തിന്റെ അത്ഭുതകരമായ സുവാർത്ത പരസ്യമായി ഘോഷിക്കുന്നതിലും പഠിപ്പിക്കുന്നതിലും അതുപോലെ കുടുംബത്തോടും സുഹൃത്തുക്കളോടും ഇടപെടുന്നതിലും അവർ യേശുവിൽനിന്നു പഠിച്ച കാര്യങ്ങൾ ഉത്സാഹപൂർവം ബാധകമാക്കേണ്ടിയിരുന്നു. സഹോദരങ്ങൾ എണ്ണത്തിൽ പെരുകി സഭകൾ ആയിത്തീർന്നപ്പോൾ, യേശുവിന്റെ മാർഗമാണ്‌ ശരിയായതെന്ന്‌ അവർ കൂടെക്കൂടെ തങ്ങളെത്തന്നെ ഓർമിപ്പിക്കണമായിരുന്നു. അവൻ പഠിപ്പിച്ചതായിരുന്നു സത്യം. അവർക്കു നിരീക്ഷിക്കാൻ കഴിഞ്ഞ അവന്റെ ജീവിതരീതി തന്നെയായിരുന്നു ഏറ്റവും അഭിലഷണീയം.​—⁠യോഹന്നാൻ 14:6; എഫെസ്യർ 4:20, 21.

24. യേശുവിന്റെ മാതൃകയിൽനിന്നു നാം ഹൃദയത്തിൽ ഉൾക്കൊള്ളേണ്ട പാഠങ്ങൾ ഏവ?

24 നാം ചർച്ച ചെയ്‌ത ചില കാര്യങ്ങളെ കുറിച്ചു ധ്യാനിക്കവേ, പുരോഗതി വരുത്താനുള്ള മാർഗങ്ങൾ നിങ്ങൾ കാണുന്നുവോ? യേശു എപ്പോഴും ഉചിതമായി ചിന്തിക്കുകയും പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തുവെന്നു നിങ്ങൾ സമ്മതിക്കുന്നുവോ? എങ്കിൽ, അതിൽനിന്നു പ്രോത്സാഹനം നേടുക. നമ്മോടുള്ള അവന്റെ പ്രോത്സാഹന വാക്കുകൾ ഇതാണ്‌: “ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്‌താൽ ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW].”​—⁠യോഹന്നാൻ 13:17.

[അടിക്കുറിപ്പ്‌]

^ ഖ. 11 “[യേശുവും പരീശന്മാരും തമ്മിലുള്ള] വ്യത്യാസത്തിന്റെ സ്വഭാവം ദൈവത്തെ കുറിച്ചുള്ള രണ്ടു ഭിന്നമായ ധാരണകളുടെ വെളിച്ചത്തിൽ വ്യക്തമാകുന്നു. പരീശന്മാരെ സംബന്ധിച്ചിടത്തോളം, ദൈവം മുഖ്യമായും വ്യവസ്ഥകൾ വെക്കുന്ന ഒരുവനാണ്‌; യേശുവിനാകട്ടെ, അവൻ ആർദ്രതയും അനുകമ്പയും ഉള്ളവനാണ്‌. പരീശൻ തീർച്ചയായും ദൈവത്തിന്റെ നന്മയെയും സ്‌നേഹത്തെയും തള്ളിക്കളയുന്നില്ല; എന്നാൽ അയാളെ സംബന്ധിച്ചിടത്തോളം ആ ഗുണങ്ങൾ പ്രകടമായിരിക്കുന്നത്‌ തോറ [ന്യായപ്രമാണം] എന്ന ദാനത്തിലും അതിൽ ദൈവം ആവശ്യപ്പെട്ടിരിക്കുന്നത്‌ നിവർത്തിക്കാനുള്ള സാധ്യതയിലുമാണ്‌. . . . ന്യായപ്രമാണത്തെ വ്യാഖ്യാനിക്കാനുള്ള നിയമങ്ങൾ അടങ്ങിയ അലിഖിത പാരമ്പര്യത്തോടു പറ്റിനിൽക്കുന്നത്‌ തോറ നിവർത്തിക്കുന്നതിനുള്ള ഒരു മാർഗമായി പരീശന്മാർ കണ്ടിരുന്നു. . . . യേശു സ്‌നേഹത്തിന്റെ ഇരട്ടനിയമത്തെ (മത്തായി 22:34-40) സ്വീകാര്യമായ ഒരു വ്യാഖ്യാന തലത്തിലേക്ക്‌ ഉയർത്തിയതും അലിഖിത പാരമ്പര്യത്തിന്റെ സ്വഭാവത്തെ തള്ളിക്കളഞ്ഞതും . . . പരീശന്മാരുടെ ധാർമിക സിദ്ധാന്തവുമായുള്ള ഏറ്റുമുട്ടലിലേക്ക്‌ അവനെ നയിച്ചു.”​—⁠പുതിയനിയമ ദൈവശാസ്‌ത്രത്തിന്റെ പുതിയ അന്താരാഷ്‌ട്ര നിഘണ്ടു, (ഇംഗ്ലീഷ്‌).

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• നിങ്ങളെ സംബന്ധിച്ചിടത്തോളം യേശുവിന്റെ ഒരു ശിഷ്യൻ ആയിരിക്കുക എന്നതിന്റെ അർഥമെന്ത്‌?

• യേശു ആളുകളോട്‌ എങ്ങനെ ഇടപെട്ടു?

• യേശു പഠിപ്പിച്ച വിധത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

• യേശു പരീശന്മാരിൽനിന്നു വ്യത്യസ്‌തനായിരുന്നത്‌ ഏതെല്ലാം വിധങ്ങളിൽ?

[അധ്യയന ചോദ്യങ്ങൾ]

[18, 19 പേജിലെ ചിത്രങ്ങൾ]

ആളുകളോടുള്ള യേശുവിന്റെ മനോഭാവം പരീശന്മാരുടേതിൽനിന്ന്‌ എത്രയോ വ്യത്യസ്‌തമായിരുന്നു!