വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു’?

‘ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു’?

‘ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു’?

വീണ്ടും ക്രിസ്‌തുമസ്സ്‌ കാലം വന്നിരിക്കുന്നു. ഒരു പിറന്നാൾ ആഘോഷിക്കാൻ ലോകമെങ്ങുമുള്ള ജനങ്ങൾ തയ്യാറെടുക്കുകയാണ്‌. ആരുടെ പിറന്നാൾ? ദൈവപുത്രന്റെയോ അതോ ഒന്നാം നൂറ്റാണ്ടിൽ തന്റെ ദേശത്തു നിലവിലിരുന്ന മതവ്യവസ്ഥയെ നവീകരിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിത്തിരിച്ച ഒരു യഹൂദ മതഭക്തന്റെയോ? അല്ലെങ്കിൽ പാവങ്ങൾക്കു വേണ്ടി പടവെട്ടിയ, റോമാസാമ്രാജ്യത്തിനു ഭീഷണി ആയിരുന്നതിന്റെ പേരിൽ വധിക്കപ്പെട്ട ഒരു വിപ്ലവകാരിയുടെയോ? അതുമല്ലെങ്കിൽ, ആത്മബോധത്തിനും ആന്തരിക ജ്ഞാനത്തിനും ഊന്നൽ നൽകിയ ഒരു യോഗിയുടെയോ? ‘യഥാർഥത്തിൽ, ആരായിരുന്നു യേശുക്രിസ്‌തു?’ എന്നു ചിന്തിക്കുന്നതിന്‌ നിങ്ങൾക്കു ന്യായമായ കാരണമുണ്ട്‌.

ആ ചോദ്യത്തോടുള്ള ആളുകളുടെ പ്രതികരണത്തിൽ യേശുതന്നെയും താത്‌പര്യം പ്രകടമാക്കി. “ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു” എന്ന്‌ ഒരിക്കൽ അവൻ ശിഷ്യന്മാരോടു ചോദിച്ചു. (മർക്കൊസ്‌ 8:27) എന്തുകൊണ്ടാണ്‌ അവൻ അങ്ങനെ ചോദിച്ചത്‌? അതിനോടകം പലരും അവനെ അനുഗമിക്കുന്നത്‌ നിറുത്തിയിരുന്നു. അവനെ രാജാവാക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെ അവൻ തള്ളിക്കളഞ്ഞത്‌ മറ്റു ചിലരെ ആശയക്കുഴപ്പത്തിലാക്കുകയും നിരാശപ്പെടുത്തുകയും ചെയ്‌തിരുന്നു. മാത്രമല്ല, ശത്രുക്കൾ വെല്ലുവിളിച്ചപ്പോൾ താൻ ആരാണെന്നു തെളിയിക്കാൻ അവൻ സ്വർഗത്തിൽനിന്ന്‌ ഒരു അടയാളം നൽകിയതുമില്ല. അതുകൊണ്ട്‌ അവൻ ആരാണ്‌ എന്നതു സംബന്ധിച്ച്‌ അവന്റെ ശിഷ്യന്മാർ എന്തു

മറുപടിയാണ്‌ നൽകിയത്‌? ജനത്തിനിടയിൽ നിലവിലിരുന്ന ചില വീക്ഷണങ്ങളെ കുറിച്ച്‌ അവർ പറഞ്ഞു: “ചിലർ യോഹന്നാൻസ്‌നാപകൻ എന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു.” (മത്തായി 16:13, 14) ദൈവദൂഷകൻ, കപടശാലി, കള്ളപ്രവാചകൻ, ഭ്രാന്തൻ എന്നിങ്ങനെ യേശുവിനെ കുറിച്ച്‌ അന്നു പാലസ്‌തീനിൽ പ്രചരിച്ചിരുന്ന നിരവധി വിമർശനാത്മക പ്രയോഗങ്ങളെ കുറിച്ച്‌ അവർ പരാമർശിച്ചില്ല.

യേശുവിന്റെ വിവിധ മുഖങ്ങൾ

അതേ ചോദ്യം യേശു ഇന്നു ചോദിക്കുകയാണെങ്കിൽ, ഒരുപക്ഷേ അവൻ അത്‌ ഇങ്ങനെ മാറ്റിയേക്കാം: “പണ്ഡിതന്മാർ എന്നെ ആർ എന്നു പറയുന്നു?” ‘അതു സംബന്ധിച്ച്‌ പല അഭിപ്രായങ്ങളാണ്‌ ഉള്ളത്‌’ എന്നായിരിക്കാം ഒരുപക്ഷേ ലഭിക്കുന്ന ഉത്തരം. “നിരവധി ആളുകൾ വ്യത്യസ്‌ത ദിശകളിൽ ഓടിച്ചിട്ടുള്ള ഒരു കുതിരയാണ്‌ യേശു” എന്ന്‌ ഷിക്കോഗോ യൂണിവേഴ്‌സിറ്റിയിലെ ഡേവിഡ്‌ ട്രേസി പറഞ്ഞു. വാസ്‌തവത്തിൽ കഴിഞ്ഞ നൂറ്റാണ്ടിൽ, യേശു ആരായിരുന്നു എന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിൽ പണ്ഡിതന്മാർ സാമൂഹികശാസ്‌ത്രപരവും നരവംശശാസ്‌ത്രപരവും സാഹിത്യപരവുമായ നിരവധി സങ്കീർണ രീതികൾ ഉപയോഗിച്ചിട്ടുണ്ട്‌. ഒടുവിൽ, യേശു ആരാണെന്നാണ്‌ അവർ മനസ്സിലാക്കിയത്‌?

ചരിത്രത്തിലെ യേശു, അനുതപിക്കാൻ ആഹ്വാനം ചെയ്യുകയും ലോകാന്ത്യത്തെ കുറിച്ചു പ്രസംഗിക്കുകയും ചെയ്‌ത ഒരു യഹൂദ പ്രവാചകൻ ആയിരുന്നു എന്ന്‌ ചില പണ്ഡിതന്മാർ ഇപ്പോഴും വിചാരിക്കുന്നു. എന്നാൽ അവനെ ദൈവപുത്രൻ, മിശിഹാ, വീണ്ടെടുപ്പുകാരൻ എന്നൊക്കെ വിളിക്കുന്നതിൽനിന്ന്‌ അവർ ഒഴിഞ്ഞുനിൽക്കുന്നു. അവരിൽ മിക്കവരും അവന്റെ സ്വർഗീയ ഉത്ഭവത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള ബൈബിൾ വിവരണത്തെ ചോദ്യം ചെയ്യുന്നവരാണ്‌. മറ്റു ചിലരുടെ അഭിപ്രായത്തിൽ, മാതൃകാ ജീവിതത്തിലൂടെയും പഠിപ്പിക്കലുകളിലൂടെയും ക്രിസ്‌തീയമെന്ന്‌ അറിയപ്പെടാൻ ഇടയായ നിരവധി മതങ്ങൾക്കു പ്രചോദനം നൽകിയ ഒരു മനുഷ്യനായിരുന്നു യേശു. “ഒരു ദോഷൈകദൃക്ക്‌, അലഞ്ഞുനടന്നിരുന്ന ഒരു യോഗി, നിരക്ഷരനായ ഒരു അധ്യാത്മദർശകൻ, സാമൂഹിക സംഘാടകൻ, സ്ഥാപിതവ്യവസ്ഥയെ കുത്തിനോവിച്ച ഹിപ്പിക്കവി; പാലസ്‌തീനിലെ ചുട്ടുപൊള്ളുന്ന, സംഘർഷപൂരിതമായ ദരിദ്ര പ്രദേശങ്ങളിൽ കറങ്ങിനടന്ന്‌ നിയമലംഘകരെ അതിസമർഥമായി കുടുക്കിലാക്കിയവൻ” എന്നീ നിലകളിൽ ഇപ്പോഴും വേറെ ചിലർ യേശുവിനെ കാണുന്നു എന്ന്‌ തിയോളജി ടുഡേ അഭിപ്രായപ്പെട്ടു.

അതിനെക്കാൾ വിചിത്രമായ വീക്ഷണങ്ങളുമുണ്ട്‌. റാപ്പ്‌ സംഗീതത്തിലും നഗരകലയിലും നൃത്തത്തിൽ പോലും കറുത്ത നിറമുള്ള ഒരു യേശുവിന്റെ പ്രതീകം ഉയർന്നുവരുന്നുണ്ട്‌. * യേശു വാസ്‌തവത്തിൽ ഒരു സ്‌ത്രീ ആയിരുന്നുവെന്നു വിചാരിക്കുന്നവർ പോലും ഉണ്ട്‌. 1993-ലെ ഗ്രീഷ്‌മകാലത്ത്‌ കാലിഫോർണിയയിലെ ഓറഞ്ചു കൗണ്ടി മേളയിൽ സംബന്ധിക്കാൻ എത്തിയവർ “ക്രിസ്റ്റി”യുടെ ഒരു പ്രതിമ കണ്ടു. കുരിശിൽ കിടക്കുന്ന, വിവസ്‌ത്രയായ പെൺ “ക്രിസ്‌തു”വിന്റേതായിരുന്നു അത്‌. ഏതാണ്ട്‌ അതേ കാലത്ത്‌ ന്യൂയോർക്കിൽ “ക്രിസ്റ്റ”യെയും​—⁠ഒരു പെൺ “യേശു”വിന്റെ ക്രൂശിതരൂപം​—⁠പ്രദർശനത്തിനു വെച്ചിരുന്നു. ഈ രണ്ടു പ്രതിമകളും കുറെയൊക്കെ കോലാഹലം സൃഷ്ടിച്ചു. 1999-ന്റെ തുടക്കത്തിൽ, “ബാലനായ യേശുവും അവന്റെ ഏഞ്ചൽ എന്ന നായയും തമ്മിലുള്ള സ്‌നേഹബന്ധത്തെ കുറിച്ച്‌” ഒരു പുസ്‌തകം പുറത്തിറങ്ങി. അവരുടെ ബന്ധം “ആത്മീയമായി ഹൃദയസ്‌പർശിയായതും ബാലനും നായയും പരസ്‌പരം ജീവൻ വെച്ചുകൊടുക്കാൻ ഒരുക്കമുള്ളതായി പ്രകടമാക്കുന്നതായും” വർണിക്കപ്പെടുന്നു.

അതു വാസ്‌തവത്തിൽ പ്രധാനമോ?

യേശു ആരായിരുന്നു, അവൻ ആരാണ്‌ എന്നതിൽ നിങ്ങൾ എന്തുകൊണ്ടാണ്‌ താത്‌പര്യം കാണിക്കേണ്ടത്‌? ഒരു സംഗതി, നെപ്പോളിയന്റെ വാക്കുകളിൽ പറഞ്ഞാൽ, “തന്റെ ദൃശ്യസാന്നിധ്യം കൂടാതെ യേശുക്രിസ്‌തു തന്റെ പ്രജകളെ സ്വാധീനിക്കുകയും ഭരിക്കുകയും ചെയ്‌തിരിക്കുന്നു” എന്നതാണ്‌. തന്റെ ഉജ്ജ്വല പഠിപ്പിക്കലുകളിലൂടെയും ജീവിതരീതിയിലൂടെയും രണ്ടായിരത്തോളം വർഷമായി അവൻ ശതകോടിക്കണക്കിന്‌ ആളുകളുടെ ജീവിതത്തെ ശക്തമായി സ്വാധീനിച്ചിരിക്കുന്നു. ഒരു എഴുത്തുകാരൻ ഉചിതമായി ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇന്നോളം മുന്നേറിയിട്ടുള്ള എല്ലാ സൈന്യങ്ങളും ഇന്നോളം സജ്ജമാക്കപ്പെട്ടിട്ടുള്ള എല്ലാ നാവികപ്പടകളും ഇന്നോളം സമ്മേളിച്ചിട്ടുള്ള എല്ലാ പാർലമെന്റുകളും ഇന്നോളം വാണിട്ടുള്ള എല്ലാ രാജാക്കൻമാരും ഒത്തു ചേർന്നാലും ഭൂമിയിലെ മനുഷ്യന്റെ ജീവിതത്തെ ഇത്രയും ശക്തമായി സ്വാധീനിച്ചിട്ടില്ല.”

അതിലുപരി, യേശുവിനു നിങ്ങളുടെ ഭാവിയുടെമേൽ നേരിട്ടുള്ള ഒരു സ്വാധീനമുള്ളതിനാൽ അവൻ ആരായിരുന്നു, അവൻ ഇപ്പോൾ ആരാണ്‌ എന്നീ കാര്യങ്ങളും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്‌. ഇതിനോടകം സ്ഥാപിക്കപ്പെട്ടുകഴിഞ്ഞ ഒരു സ്വർഗീയ ഗവൺമെന്റിന്റെ, യേശുവിന്റെ കീഴിലുള്ള ദൈവരാജ്യത്തിന്റെ, പ്രജ ആയിത്തീരാനുള്ള അവസരം നിങ്ങൾക്കുണ്ട്‌. താറുമാറായ നമ്മുടെ ഗ്രഹത്തിന്‌ യേശുവിന്റെ ഭരണത്തിൻ കീഴിൽ മഹത്തായ ജൈവവൈവിധ്യവും പരിസ്ഥിതി സന്തുലനാവസ്ഥയും വീണ്ടും കൈവരും. യേശുവിന്റെ രാജ്യം ദരിദ്രരെ പോറ്റുകയും പാവങ്ങൾക്കായി കരുതുകയും രോഗികളെ സൗഖ്യമാക്കുകയും മരിച്ചവരെ ജീവനിലേക്കു തിരികെ കൊണ്ടുവരികയും ചെയ്യുമെന്ന്‌ ബൈബിൾ പ്രവചനം ഉറപ്പു നൽകുന്നു.

എല്ലാവരും കാംക്ഷിക്കുന്ന അത്തരമൊരു ഗവൺമെന്റിനു നേതൃത്വം നൽകുന്നത്‌ എങ്ങനെയുള്ള വ്യക്തി ആയിരിക്കുമെന്ന്‌ അറിയാൻ നിങ്ങൾ തീർച്ചയായും ആഗ്രഹിക്കും. അടുത്ത ലേഖനം യഥാർഥ യേശുവിനെ കുറിച്ചുള്ള ഉൾക്കാഴ്‌ച നേടാൻ നിങ്ങളെ സഹായിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 8 യേശുവിന്റെ ശാരീരിക പ്രത്യക്ഷത സംബന്ധിച്ച്‌ ഉണരുക!യുടെ 1998 ഡിസംബർ 8 ലക്കത്തിൽ വന്ന “യേശു കാഴ്‌ചയ്‌ക്ക്‌ എങ്ങനെയിരുന്നു?” എന്ന ലേഖനം കാണുക.