വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനസ്സൊരുക്കമുള്ള ഹൃദയം ആളുകളെ ഗിലെയാദിലേക്കു കൊണ്ടുവരുന്നു

മനസ്സൊരുക്കമുള്ള ഹൃദയം ആളുകളെ ഗിലെയാദിലേക്കു കൊണ്ടുവരുന്നു

മനസ്സൊരുക്കമുള്ള ഹൃദയം ആളുകളെ ഗിലെയാദിലേക്കു കൊണ്ടുവരുന്നു

വിദേശ മിഷനറി സേവനത്തിന്‌ സമർപ്പിത സ്‌ത്രീപുരുഷന്മാരെ പരിശീലിപ്പിക്കാനാണ്‌ വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂൾ സ്ഥാപിച്ചിരിക്കുന്നത്‌. ആരാണ്‌ അവിടത്തെ പരിശീലനത്തിനു യോഗ്യരായിരിക്കുന്നത്‌? മനസ്സൊരുക്കമുള്ള ഹൃദയം ഉള്ളവർ. (സങ്കീർത്തനം 110:​3, NW) 111-ാം ക്ലാസ്സിന്റെ ബിരുദദാനം നടന്ന 2001 സെപ്‌റ്റംബർ 8-ന്‌ അതു തീർച്ചയായും വ്യക്തമായിരുന്നു.

ആവശ്യം അധികമുള്ളിടത്തു സേവിക്കാൻ മനസ്സോടെ കുടുംബത്തെയും സ്‌നേഹിതരെയും മാതൃദേശത്തെയും വിട്ടുപോന്നവരായിരുന്നു ആ ക്ലാസ്സിലെ ചില വിദ്യാർഥികൾ. കുറച്ചൊക്കെ വ്യത്യസ്‌തമായ ഒരു പരിതസ്ഥിതിയിൽ തങ്ങൾക്കു കഴിയാനാകുമോ എന്ന്‌ അവർ പരീക്ഷിച്ചു നോക്കിയിരുന്നു. ഉദാഹരണത്തിന്‌, റിഷേയും നാത്താലിയും ബൊളീവിയയിലേക്കും റ്റോഡും മിഷെലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്കും ഡേവിഡും മോണിക്കും ഒരു ഏഷ്യൻ രാജ്യത്തേക്കും മാറിപ്പാർക്കാൻ ക്രമീകരണങ്ങൾ ചെയ്‌തു. ആ രാജ്യങ്ങളിലെ ആളുകളെ ദൈവരാജ്യ സുവാർത്ത അറിയിക്കാനാണ്‌ അവർ അങ്ങനെ ചെയ്‌തത്‌. ഇനി, മറ്റു ചില വിദ്യാർഥികൾ അതിനോടകംതന്നെ നിക്കരാഗ്വ, ഇക്വഡോർ, അൽബേനിയ എന്നിവിടങ്ങളിൽ സേവിച്ചവർ ആയിരുന്നു.

ഹൈസ്‌കൂളിൽ ആയിരിക്കുമ്പോൾ സ്‌പാനീഷ്‌ ഭാഷ പഠിക്കാൻ ക്രിസ്റ്റിക്കു പ്രോത്സാഹനം ലഭിച്ചു. വിവാഹത്തിനു മുമ്പ്‌ രണ്ടു വർഷം ഇക്വഡോറിൽ ചെലവഴിക്കവേ അത്‌ അവൾക്ക്‌ ഉപകാരപ്പെട്ടു. മറ്റുള്ളവർ മാതൃരാജ്യങ്ങളിലെ വിദേശഭാഷാ സഭകളുമൊത്ത്‌ സഹവസിച്ചു. സൗളിനും പ്രിഷില്ലയ്‌ക്കും വ്യത്യസ്‌തമായ ഒരു വെല്ലുവിളിയാണ്‌ ഉണ്ടായിരുന്നത്‌, സ്‌കൂളിൽ വരുന്നതിനു മുമ്പ്‌ തങ്ങളുടെ ഇംഗ്ലീഷ്‌ ഭാഷ മെച്ചപ്പെടുത്തിക്കൊണ്ട്‌ അവർ മനസ്സൊരുക്കത്തിന്റെ ആത്മാവ്‌ പ്രകടമാക്കി.

മിഷനറി പരിശീലനത്തിന്റെ 20 ആഴ്‌ചകൾ പെട്ടെന്നു കടന്നുപോയി. ബിരുദദാന ദിവസം വന്നെത്തി. പ്രസ്‌തുത അവസരത്തിൽ സ്‌നേഹിതരോടും കുടുംബാംഗങ്ങളോടും ഒപ്പം ഹാജരായിരുന്ന വിദ്യാർഥികൾ ജ്ഞാനോപദേശവും പ്രോത്സാഹനത്തിന്റെ യാത്രാമൊഴികളും ശ്രവിച്ചു.

പരിപാടികൾക്ക്‌ ആധ്യക്ഷ്യം വഹിച്ചത്‌ തിയോഡർ ജാരറ്റ്‌സ്‌ ആയിരുന്നു. ഗിലെയാദ്‌ സ്‌കൂളിന്റെ ഏഴാമത്തെ ക്ലാസ്സിൽനിന്നു ബിരുദം നേടിയ അദ്ദേഹം ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗമാണ്‌. ഗിലെയാദിൽ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം, അതായത്‌ നിവസിത ഭൂമിയിലെങ്ങും രാജ്യസുവാർത്ത പ്രസംഗിക്കുകയെന്നത്‌, ഒരു സംഘടന എന്നനിലയിൽ നമുക്ക്‌ ഒരിക്കലും നഷ്ടമായിട്ടില്ലെന്ന്‌ അദ്ദേഹം തന്റെ പ്രാരംഭവാക്കുകളിലൂടെ എടുത്തുകാട്ടി. (മർക്കൊസ്‌ 13:​10, NW) ഈ പ്രസംഗപ്രവർത്തനം മുമ്പ്‌ ചെയ്‌തിരുന്നതിനെക്കാൾ വർധിച്ച അളവിലും പരിശീലിത മിഷനറിമാരെ വിശേഷാൽ ആവശ്യമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടത്താൻ യോഗ്യതയുള്ള വിദ്യാർഥികൾക്കു ഗിലെയാദിൽ പരിശീലനം നൽകുന്നു. അവരെ നിയമിച്ച 19 രാജ്യങ്ങളിൽ ഇപ്പോൾ സേവിച്ചുകൊണ്ടിരിക്കുന്ന മിഷനറിമാരോട്‌ ചേരവേ, ഗിലെയാദ്‌ പരിശീലനം നന്നായി പ്രയോജനപ്പെടുത്താൻ ജാരറ്റ്‌സ്‌ സഹോദരൻ ആ വിദ്യാർഥികളെ ഉദ്‌ബോധിപ്പിച്ചു.

ബിരുദധാരികൾക്കുള്ള കാലോചിത ബുദ്ധിയുപദേശം

തുടർന്ന്‌ പ്രസംഗങ്ങളുടെ ഒരു പരമ്പര ഉണ്ടായിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ഒരു ബ്രാഞ്ച്‌ കമ്മിറ്റി അംഗമായ വില്യം ഡി വോൾ, “മിഷനറി തീക്ഷ്‌ണത​—⁠സത്യക്രിസ്‌ത്യാനികളുടെ ഒരു അടയാളം” എന്ന വിഷയത്തെ ആധാരമാക്കി സംസാരിച്ചു. മത്തായി 28:19, 20-ൽ രേഖപ്പെടുത്തിയിരിക്കുന്ന ‘ശിഷ്യരെ’ ഉളവാക്കാനുള്ള നിയോഗത്തെ കുറിച്ച്‌ ഊന്നിപ്പറഞ്ഞ അദ്ദേഹം വിദ്യാർഥികൾക്ക്‌ ഈ പ്രോത്സാഹനം നൽകി: “തീക്ഷ്‌ണതയോടും ഉത്സാഹത്തോടും കൂടെ മിഷനറി നിയമനം നിർവഹിച്ച യേശുവിനെ അനുകരിക്കുക.” മിഷനറി വേലയോടുള്ള തീക്ഷ്‌ണത നിലനിറുത്താൻ ആ ഭാവി മിഷനറിമാരെ സഹായിക്കുന്നതിന്‌ അദ്ദേഹം അവരുടെ പ്രോത്സാഹനത്തിനായി ഇങ്ങനെ പറഞ്ഞു: “പ്രായോഗികമായ ഒരു പട്ടിക പിൻപറ്റുക; വ്യക്തിപരമായ നല്ല പഠനശീലങ്ങൾ വളർത്തിയെടുത്തുകൊണ്ട്‌ ദിവ്യാധിപത്യ കാര്യങ്ങളിൽ കാലാനുസൃതമായ ഗ്രാഹ്യം നിലനിറുത്തുക; നിങ്ങൾ എന്തിനുവേണ്ടി നിയമിക്കപ്പെട്ടിരിക്കുന്നു എന്നത്‌ എപ്പോഴും മനസ്സിൽ പിടിക്കുക.”

അടുത്ത പ്രസംഗം നടത്തിയത്‌ ഭരണസംഘത്തിലെ ഒരു അംഗമായ ഗൈ പിയേഴ്‌സ്‌ ആണ്‌. “‘നിങ്ങളുടെ ന്യായബോധം’ നട്ടുവളർത്തുന്നതിൽ തുടരുക” എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗവിഷയം. (റോമർ 12:​1, NW) ബിരുദം നേടുന്ന വിദ്യാർഥികൾക്കു പ്രായോഗിക ബുദ്ധിയുപദേശം നൽകിയ അദ്ദേഹം, ചിന്തിക്കാനും ന്യായബോധം പ്രകടമാക്കാനുമുള്ള തങ്ങളുടെ ദൈവദത്ത പ്രാപ്‌തി പ്രയോജനപ്പെടുത്താൻ അവരെ പ്രോത്സാഹിപ്പിച്ചു. “തന്റെ വചനത്തിലൂടെ യഹോവ നിങ്ങളോടു പറയുന്ന കാര്യങ്ങളെ കുറിച്ച്‌ ആഴമായി ചിന്തിക്കുന്നതിൽ തുടരുക. അതു നിങ്ങളെ കാത്തുസൂക്ഷിക്കും,” അദ്ദേഹം പറഞ്ഞു. (സദൃശവാക്യങ്ങൾ 2:​11, NW) സ്വന്തം വീക്ഷണങ്ങൾ സംബന്ധിച്ച്‌ കടുംപിടിത്തക്കാർ ആയിരുന്നുകൊണ്ട്‌ ‘ന്യായബോധ’ത്തെ മറിച്ചുകളയാൻ ഇടയാക്കരുതെന്നും പിയേഴ്‌സ്‌ സഹോദരൻ ക്ലാസ്സിനു ബുദ്ധിയുപദേശം നൽകി. ഈ കാലികമായ ഓർമിപ്പിക്കലുകൾ ഗിലെയാദ്‌ വിദ്യാർഥികളുടെ മിഷനറി സേവനത്തിൽ തീർച്ചയായും സഹായകമായി ഭവിക്കും.

അധ്യക്ഷൻ അടുത്തതായി ഗിലെയാദ്‌ അധ്യാപകരിൽ ഒരാളായ ലോറൻസ്‌ ബോവെനെ പരിചയപ്പെടുത്തി. “മറ്റൊന്നും അറിയാതിരിക്കാൻ നിർണയിക്കുക” എന്ന വിഷയത്തെ ആധാരമാക്കി ബോവെൻ സഹോദരൻ പ്രസംഗിച്ചു. കൊരിന്തിൽ മിഷനറി സേവനത്തിൽ ആയിരിക്കെ, പൗലൊസ്‌ അപ്പൊസ്‌തലൻ ‘ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്‌തുവിനെ അല്ലാതെ മറെറാന്നും അറിയാത്തവനായി ഇരിക്കേണമെന്നു നിർണ്ണയിച്ചതായി’ അദ്ദേഹം ചൂണ്ടിക്കാട്ടി. (1 കൊരിന്ത്യർ 2:2) ബൈബിളിലെങ്ങും പ്രതിഫലിച്ചിരിക്കുന്ന സന്ദേശത്തെ, വാഗ്‌ദത്ത സന്തതി മുഖാന്തരമുള്ള യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യ സംസ്ഥാപനത്തെ, അഖിലാണ്ഡത്തിലെ ഏറ്റവും വലിയ ശക്തിയായ പരിശുദ്ധാത്മാവ്‌ പിന്തുണയ്‌ക്കുന്നുവെന്നു പൗലൊസിന്‌ അറിയാമായിരുന്നു. (ഉല്‌പത്തി 3:15) മിഷനറിമാർ എന്നനിലയിൽ, പൗലൊസിനെയും തിമൊഥെയൊസിനെയും പോലെ ആയിരിക്കാനും “ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക”യോടു പറ്റിനിൽക്കാനും ബിരുദം നേടുന്ന 48 വിദ്യാർഥികൾക്കും പ്രോത്സാഹനം ലഭിച്ചു.​—⁠2 തിമൊഥെയൊസ്‌ 1:⁠13, NW.

“ദൈവത്തിൽ നിന്നുള്ള ദാനമായ നിങ്ങളുടെ പദവി വിലമതിക്കുക” എന്നതായിരുന്നു പ്രസംഗപരമ്പരയിലെ അവസാനത്തെ പ്രസംഗത്തിന്റെ വിഷയം. സേവനപദവികൾ തങ്ങൾക്ക്‌ അവകാശപ്പെട്ടതോ തങ്ങൾ സമ്പാദിക്കുന്നതോ അല്ല, മറിച്ച്‌ ദൈവത്തിന്റെ അനർഹദയയുടെ പ്രകടനമാണ്‌ എന്നതു വിലമതിക്കാൻ ഗിലെയാദ്‌ രജിസ്‌ട്രാർ ആയ വാലസ്‌ ലിവറൻസ്‌ ബിരുദധാരികളെ സഹായിച്ചു. പൗലൊസ്‌ അപ്പൊസ്‌തലന്റെ ദൃഷ്ടാന്തം ഉപയോഗിച്ച്‌ ലിവറൻസ്‌ സഹോദരൻ ഇങ്ങനെ ചൂണ്ടിക്കാട്ടി: “ജനതകളുടെ അപ്പൊസ്‌തലൻ ആയിരിക്കാൻ യഹോവ പൗലൊസിനെ തിരഞ്ഞെടുത്തത്‌ അവന്റെ പ്രവൃത്തികൾ നോക്കിയല്ല. അങ്ങനെ ആയിരുന്നെങ്കിൽ, തനിക്ക്‌ ആ നിയമനം അവകാശപ്പെട്ടതിനാൽ താൻ അതു നേടിയെടുത്തതോ അർഹിക്കുന്നതോ ആണെന്നു പൗലൊസിനു തോന്നാമായിരുന്നു. ദീർഘമായ സേവനത്തിന്റെ മുൻതൂക്കത്തിലും അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിലുമല്ല ദൈവം അവന്‌ അതു കൊടുത്തത്‌. മാനുഷികമായി നോക്കുമ്പോൾ, ആ സ്ഥാനത്തിനു ന്യായമായും അർഹത ഉണ്ടായിരുന്നത്‌ ബർന്നബാസിന്‌ ആണെന്നു തോന്നിയേക്കാം. അതു വ്യക്തിപരമായ കഴിവിലും അധിഷ്‌ഠിതമല്ലായിരുന്നു; പൗലൊസിനെക്കാൾ നന്നായി പ്രസംഗിക്കാൻ അപ്പൊല്ലോസിനു സാധിച്ചിരുന്നതായി തോന്നുന്നു. അത്‌ ദൈവത്തിന്റെ അനർഹദയയുടെ ഒരു പ്രകടനമായിരുന്നു.” (എഫെസ്യർ 3:7, 8) ദൈവത്തിന്റെ സ്‌നേഹിതരാകാനും ‘അവന്റെ കൃപാവരമായ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലെ നിത്യജീവൻ’ പ്രാപിക്കാനും മറ്റുള്ളരെ സഹായിക്കുന്നതിൽ തങ്ങൾക്കു ലഭിച്ച ദാനം അഥവാ സേവനപദവി ഉപയോഗിക്കാൻ ലിവറൻസ്‌ സഹോദരൻ ബിരുദധാരികളെ പ്രോത്സാഹിപ്പിച്ചു.​—⁠റോമർ 6:⁠23.

തുടർന്ന്‌, ഗിലെയാദിലെ മറ്റൊരു അധ്യാപകനായ മാർക്ക്‌ നൂമാർ പല വിദ്യാർഥികളെ ഉൾപ്പെടുത്തിയുള്ള ഒരു സജീവ ചർച്ച നടത്തി. “തയ്യാറാകൽ സത്‌ഫലങ്ങളിലേക്കു നയിക്കുന്നു” എന്നതായിരുന്നു അതിന്റെ വിഷയം. (സദൃശവാക്യങ്ങൾ 21:​5, NW) ഒരു ശുശ്രൂഷകൻ സേവനത്തിനായി ഒരുങ്ങുമ്പോൾ, പ്രത്യേകിച്ചും തന്റെ ഹൃദയത്തെ അതിനായി ഒരുക്കുമ്പോൾ, ആളുകളിൽ അയാൾക്ക്‌ ആത്മാർഥമായ താത്‌പര്യം ഉണ്ടായിരിക്കുമെന്ന്‌ അനുഭവങ്ങൾ ദൃഷ്ടാന്തീകരിച്ചു. അങ്ങനെ തയ്യാറാകുന്ന ഒരു വ്യക്തി എന്തു പറയണമെന്ന്‌ അറിയാതെ തപ്പിത്തടയുകയില്ല. പകരം, അയാൾ അവരെ ആത്മീയമായി സഹായിക്കുന്ന കാര്യങ്ങളായിരിക്കും പറയുന്നതും പ്രവർത്തിക്കുന്നതും. “മിഷനറി പ്രവർത്തനത്തിന്റെ വിജയത്തിനുള്ള മുഖ്യ ഘടകം അതാണ്‌,” നൂമാർ സഹോദരൻ ചൂണ്ടിക്കാട്ടി. ആഫ്രിക്കയിലെ തന്റെതന്നെ മിഷനറി സേവനത്തെ കുറിച്ചു പറഞ്ഞുകൊണ്ട്‌ അദ്ദേഹം അക്കാര്യം സ്ഥാപിച്ചു.

മിഷനറിസേവനം ​—⁠സംതൃപ്‌തമായ ഒരു ജീവിതവൃത്തി

റാൽഫ്‌ വോൾസും ചാൾസ്‌ വുഡിയും, പ്രത്യേക പരിശീലനാർഥം പാറ്റേഴ്‌സൺ വിദ്യാഭ്യാസ കേന്ദ്രത്തിൽ എത്തിയ അനുഭവസമ്പന്നരായ ചില മിഷനറിമാരുമായി അഭിമുഖം നടത്തി. മിഷനറി സേവനത്തിൽ സന്തോഷം നിലനിറുത്തുന്നത്‌ ആളുകളോടുള്ള സ്‌നേഹമാണെന്ന്‌ ആ അഭിമുഖങ്ങൾ ഊന്നിപ്പറഞ്ഞു. മിഷനറിസേവനം സംതൃപ്‌തമായ ഒരു ജീവിതവൃത്തി ആയിരിക്കുന്നതിന്റെ കാരണം നേരിട്ടു വിശദീകരിച്ച അനുഭവസമ്പന്നരായ ആ മിഷനറിമാരുടെ അനുഭവങ്ങൾ സദസ്സിൽ ഉണ്ടായിരുന്ന വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും സ്‌നേഹിതർക്കും വലിയ പ്രോത്സാഹനമായി.

ഭരണസംഘത്തിലെ ഒരു അംഗമായ ജോൺ ഇ. ബാർ അന്നത്തെ മുഖ്യ പ്രഭാഷണം നടത്തി. അതിന്റെ ശീർഷകം, “യഹോവയ്‌ക്ക്‌ ഒരു പുതിയ പാട്ടു പാടുവിൻ” എന്നതായിരുന്നു. (യെശയ്യാവു 42:10) ‘ഒരു പുതിയ പാട്ട്‌’ എന്ന പ്രയോഗം ബൈബിളിൽ ഒമ്പതു പ്രാവശ്യം കാണുന്നതായി ബാർ സഹോദരൻ ചൂണ്ടിക്കാട്ടി. “എന്തിനെ കുറിച്ചുള്ളതാണ്‌ ഈ പുതിയ പാട്ട്‌?” അദ്ദേഹം ചോദിച്ചു. എന്നിട്ട്‌ അദ്ദേഹംതന്നെ അതിന്‌ ഇങ്ങനെ ഉത്തരം നൽകി: “യഹോവയുടെ പരമാധികാരം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളാണ്‌ ഒരു പുതിയ പാട്ട്‌ പാടാൻ കാരണമെന്നു സന്ദർഭം വ്യക്തമാക്കുന്നു.” മിശിഹൈക രാജാവായ ക്രിസ്‌തുയേശുവിന്റെ കരങ്ങളിലെ ജയോത്സവ ദൈവരാജ്യത്തിനു സ്‌തുതികൾ പാടുന്നതിൽ തങ്ങളുടെ ശബ്ദവും ചേർക്കാൻ അദ്ദേഹം വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. ഗിലെയാദിൽ അവർക്കു ലഭിച്ച പരിശീലനം ഈ ‘പുതിയ പാട്ടി’ന്റെ വിവിധ വശങ്ങൾ എന്നത്തേതിലും ആഴത്തിൽ മനസ്സിലാക്കാൻ അവരെ സഹായിച്ചിരിക്കുന്നതായി ബാർ സഹോദരൻ പറഞ്ഞു. എവിടെ പോയാലും നിങ്ങളുടെ സഹോദരീസഹോദരന്മാരോടൊത്ത്‌ യഹോവയ്‌ക്കു സ്‌തുതികൾ പാടേണ്ടതിന്റെ ആവശ്യം സ്‌കൂൾ ഊന്നിപ്പറഞ്ഞു. നിങ്ങളുടെ നിയമനപ്രദേശത്തുള്ള സഹോദരങ്ങളുമായി എപ്പോഴും ഐക്യം നിലനിറുത്തുക.”

വിദ്യാർഥികൾക്കു ഡിപ്ലോമകൾ നൽകിയശേഷം, ഗിലെയാദിൽ തങ്ങൾക്കു ലഭിച്ച പരിശീലനത്തോടുള്ള ആത്മാർഥമായ വിലമതിപ്പ്‌ പ്രകടമാക്കുന്ന ഒരു കത്ത്‌ ക്ലാസ്സിനെ പ്രതിനിധീകരിച്ചുകൊണ്ട്‌ ഒരു സഹോദരൻ വായിച്ചു.

ദൈവസേവനം വർധിപ്പിക്കാനും അങ്ങനെ കൂടുതൽ ഫലം പുറപ്പെടുവിക്കാനും നിങ്ങൾക്കു കഴിയുമോ? എങ്കിൽ, ബിരുദം നേടിയ ഈ വിദ്യാർഥികളെ പോലെ നിങ്ങളും ഉത്സാഹിക്കുക. മിഷനറി വയലിലെ പ്രവർത്തനത്തിനു യോഗ്യത നേടാൻ അവരെ സഹായിച്ചത്‌ അതാണ്‌. ഒരുവൻ ദൈവസേവനത്തിനു സ്വമേധയാ അർപ്പിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം വളരെ വലുതാണ്‌.​—⁠യെശയ്യാവു 6:⁠8.

[25-ാം പേജിലെ ചതുരം]

ക്ലാസ്സിന്റെ സ്ഥിതിവിവര കണക്ക

പ്രതിനിധീകരിച്ച രാജ്യങ്ങളുടെ എണ്ണം: 10

നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 19

വിദ്യാർഥികളുടെ എണ്ണം: 48

ശരാശരി വയസ്സ്‌: 33.2

സത്യത്തിലായിരുന്ന ശരാശരി വർഷം: 16.8

മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 12.6

[26-ാം പേജിലെ ചിത്രം]

വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിൽനിന്നു ബിരുദം നേടുന്ന 111-ാമത്തെ ക്ലാസ്സ്‌

ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുമ്പിൽനിന്നു പിമ്പിലേക്ക്‌ എണ്ണുന്നു. പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.

(1) യോമൻസ്‌, സി.; ടോക്കാരി, എ.; നൂന്യെസ്‌, എസ്‌.; ഫിലിപ്‌സ്‌, ജെ.; ഡോക്കിൻ, എം.; സിൽവെസ്‌ട്രി, പി. (2) മോറെൻ, എൻ.; ബൈനി, ജെ.; ലോപെസ്‌, എം.; വാൻ ഹൗട്ട്‌, എം.; കാൻട്ടൂ, എ.; സിൽവാഷി, എഫ്‌. (3) വില്യംസ്‌, എം.; ഇത്തോ, എം.; വാൻ കോയ്‌ലി, എസ്‌.; ലിവറിങ്‌, ഡി.; ഫൂയെസെൽ, എഫ്‌.; ഗൈസ്ലെർ, എസ്‌. (4) യോമൻസ്‌, ജെ.; മോസ്‌, എം; ഹോജിൻസ്‌, എം.; ഡഡിങ്‌, എസ്‌.; ബ്രിസെന്യോ, ജെ.; ഫിലിപ്‌സ്‌, എം. (5) ലോപെസ്‌, ജെ.; ഇത്തോ, റ്റി.; സോമ്മെരുഡ്‌, എസ്‌.; കോസാ, സി.; ഫൂയെസെൽ, ജി.; മോസ്‌, ഡി. (6) വില്യംസ്‌, ഡി.; ഡഡിങ്‌, ആർ.; ഗൈസ്ലെർ, എം.; മോറെൻ, ആർ.; ബൈനി, എസ്‌.; കാൻട്ടൂ, എൽ. (7) ഡോക്കിൻ, എം.; ഹോജിൻസ്‌, റ്റി.; ലിവറിങ്‌, എം.; സിൽവെസ്‌ട്രി, എസ്‌.; വാൻ ഹൗട്ട്‌, ഡി.; ബ്രിസെന്യോ, എ. (8) വാൻ കോയ്‌ലി, എം.; നൂന്യെസ്‌, എ.; കോസാ, ബി.; സോമ്മെരുഡ്‌, ജെ.; ടോക്കാരി, എസ്‌.; സിൽവാഷി, പി.