വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാപിതാക്കളേ, കുട്ടികളുടെ ആവശ്യം നിവർത്തിപ്പിൻ!

മാതാപിതാക്കളേ, കുട്ടികളുടെ ആവശ്യം നിവർത്തിപ്പിൻ!

മാതാപിതാക്കളേ, കുട്ടികളുടെ ആവശ്യം നിവർത്തിപ്പിൻ!

കുട്ടികൾക്കു മാർഗനിർദേശവും സ്‌നേഹപുരസ്സരമായ ശിക്ഷണവും ആവശ്യമാണ്‌, പ്രത്യേകിച്ചും മാതാപിതാക്കളിൽനിന്ന്‌. ഇതു സംബന്ധിച്ച്‌ ബ്രസീലിലെ ഒരു വിദ്യാഭ്യാസ വിദഗ്‌ധയായ ടാനിയ സാഗുറി ഇപ്രകാരം പറയുന്നു: “കുട്ടികൾക്ക്‌ ഏറെ താത്‌പര്യമുള്ളത്‌ ഉല്ലാസങ്ങളിലാണ്‌. അതിനു പരിധികൾ വെക്കേണ്ടത്‌ ആവശ്യമാണ്‌, അതു ചെയ്യേണ്ടത്‌ മാതാപിതാക്കളും. അവർ അതു ചെയ്യുന്നില്ലെങ്കിൽ, കുട്ടികൾ കൈവിട്ടുപോകാൻ ഇടയാകും.”

വ്യക്തിഗത സ്വാതന്ത്ര്യത്തെ ഉയർത്തിക്കാട്ടുന്ന ഒരു അനുവാദാത്മക സമൂഹത്തിന്റെ സ്വാധീനം പല ദേശങ്ങളിലും ഇന്നുണ്ട്‌. അത്‌ മേൽപ്പറഞ്ഞ ബുദ്ധിയുപദേശം പിൻപറ്റുക ദുഷ്‌കരമാക്കിത്തീർക്കുന്നു. അപ്പോൾ സഹായത്തിനായി മാതാപിതാക്കൾക്ക്‌ എവിടേക്കു തിരിയാൻ കഴിയും? മക്കൾ ‘യഹോവ നല്‌കുന്ന അവകാശം’ ആണെന്നു ദൈവഭയമുള്ള മാതാപിതാക്കൾ തിരിച്ചറിയുന്നു. (സങ്കീർത്തനം 127:3) അതുകൊണ്ട്‌, അവരെ വളർത്തുന്നതു സംബന്ധിച്ച മാർഗനിർദേശത്തിനായി അവർ ദൈവവചനമായ ബൈബിളിലേക്കു തിരിയുന്നു. ഉദാഹരണത്തിന്‌, സദൃശവാക്യങ്ങൾ 13:24 ഇപ്രകാരം പ്രസ്‌താവിക്കുന്നു: “വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു; അവനെ സ്‌നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.”

ഇവിടെ “വടി” എന്ന പ്രയോഗം ശാരീരിക ശിക്ഷയെ മാത്രം സൂചിപ്പിക്കുന്നതായി മനസ്സിലാക്കേണ്ടതില്ല; തിരുത്തലിനുള്ള ഏതൊരു മാർഗത്തെയും ആ പദം അർഥമാക്കുന്നു. തീർച്ചയായും, ഒരു കുട്ടിയുടെ തെറ്റായ ഗതിയെ തിരുത്താൻ മിക്കപ്പോഴും വാക്കുകൾ മതിയാകും. സദൃശവാക്യങ്ങൾ 29:17 പറയുന്നു: “നിന്റെ മകനെ ശിക്ഷിക്ക; അവൻ നിനക്കു ആശ്വസമായ്‌തീരും; അവൻ നിന്റെ മനസ്സിന്നു പ്രമോദംവരുത്തും.”

അഭികാമ്യമല്ലാത്ത പ്രവണതകൾ നീക്കം ചെയ്യാൻ കുട്ടികൾക്കു സ്‌നേഹപുരസ്സരമായ ശിക്ഷണം കൂടിയേതീരൂ. മാതാപിതാക്കൾ നൽകുന്ന ഉറച്ചതും ദയാപൂർവകവുമായ അത്തരം തിരുത്തലുകൾ അവർ തങ്ങളുടെ കുട്ടികൾക്കായി കരുതുന്നു എന്നതിന്റെ തെളിവാണ്‌. (സദൃശവാക്യങ്ങൾ 22:6) അതുകൊണ്ട്‌ മാതാപിതാക്കളേ, നിരുത്സാഹപ്പെടരുത്‌! ബൈബിളിന്റെ സാരവത്തായ പ്രായോഗിക ബുദ്ധിയുപദേശം പിൻപറ്റുന്നതിനാൽ നിങ്ങൾക്ക്‌ യഹോവയുടെ അംഗീകാരം ലഭിക്കും, ഒപ്പം കുട്ടികളുടെ ആദരവും.