വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥ യേശു

യഥാർഥ യേശു

യഥാർഥ യേശു

ആളുകൾ തന്നെക്കുറിച്ച്‌ എന്തു വിചാരിക്കുന്നു എന്ന്‌ അപ്പൊസ്‌തലന്മാരോട്‌ ആരാഞ്ഞറിഞ്ഞശേഷം യേശു അവരോടു ചോദിച്ചു: “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു”? അതിനു പത്രൊസ്‌ “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തു” എന്ന്‌ ഉത്തരം പറഞ്ഞതായി മത്തായിയുടെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. (മത്തായി 16:15, 16) മറ്റ്‌ അപ്പൊസ്‌തലന്മാരുടെ അഭിപ്രായവും അതുതന്നെ ആയിരുന്നു. പിന്നീട്‌ ഒരു അപ്പൊസ്‌തലൻ ആയിത്തീർന്ന നഥനയേൽ യേശുവിനോട്‌, “റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു” എന്നു പറഞ്ഞു. (യോഹന്നാൻ 1:49) താൻ വഹിക്കുന്ന പങ്കിനെ കുറിച്ച്‌ യേശുതന്നെ ഇപ്രകാരം പറഞ്ഞു: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” (യോഹന്നാൻ 14:6) താൻ ‘ദൈവപുത്രൻ’ ആണെന്നു പല അവസരങ്ങളിലും അവൻ പരാമർശിച്ചു. (യോഹന്നാൻ 5:24, 25; 11:4) അത്ഭുത പ്രവൃത്തികളിലൂടെ, മരിച്ചവരെ ഉയിർപ്പിച്ചുകൊണ്ടു പോലും, അവൻ അതിനു തെളിവു നൽകുകയും ചെയ്‌തു.

ഈടുറ്റ സംശയങ്ങളോ?

യേശുവിനെ കുറിച്ചുള്ള സുവിശേഷ വിവരണങ്ങൾ നമുക്കു യഥാർഥത്തിൽ വിശ്വസിക്കാൻ കഴിയുമോ? അവ യഥാർഥ യേശുവിനെ വെളിപ്പെടുത്തുന്നുവോ? ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ ബൈബിൾ വിമർശന-വ്യാഖ്യാന പ്രൊഫസർ ആയിരുന്ന പരേതനായ ഫ്രെഡറിക്‌ എഫ്‌. ബ്രൂസ്‌ ഇങ്ങനെ പ്രസ്‌താവിച്ചു: “ബൈബിൾപരമോ ബൈബിളേതരമോ ആയിക്കൊള്ളട്ടെ, ഒരു പുരാതന ലിഖിതത്തിലെ സകല വിശദാംശങ്ങളുടെയും സത്യത ചരിത്രപരമായ സംവാദങ്ങളാൽ സ്ഥാപിക്കുക സാധാരണഗതിയിൽ സാധ്യമല്ല. ഒരു എഴുത്തുകാരൻ ആശ്രയയോഗ്യനാണെന്നു വിശ്വസിക്കാനുള്ള ന്യായമായ അടിസ്ഥാനമുണ്ടോ, എങ്കിൽ അയാളുടെ വിശദാംശങ്ങൾ സത്യമായിരിക്കാൻ സ്വതവേ സാധ്യതയുണ്ട്‌. . . . പുതിയനിയമത്തെ ‘വിശുദ്ധ’ സാഹിത്യമായി ക്രിസ്‌ത്യാനികൾ കരുതുന്നു എന്നതല്ല അതു ചരിത്രപരമായി ആശ്രയയോഗ്യം ആയിരിക്കുന്നതിനുള്ള കാരണം.”

യേശുവിനെ കുറിച്ചുള്ള സുവിശേഷ വിവരണങ്ങൾ സംബന്ധിച്ച സംശയങ്ങൾ പരിശോധിച്ചശേഷം, അമേരിക്കയിലെ നോർത്ത്‌ ഡെക്കോട്ടയിലുള്ള ജയിംസ്‌ടൗൺ കോളെജിലെ മതവിഭാഗം പ്രൊഫസറായ ജയിംസ്‌ ആർ. എഡ്വേർഡ്‌സ്‌ ഇപ്രകാരം എഴുതി: “സുവിശേഷങ്ങളിൽ യേശുവിനെ കുറിച്ചുള്ള യഥാർഥ സത്യത്തിന്റെ വ്യത്യസ്‌തവും സുപ്രധാനവുമായ തെളിവിന്റെ ഒരു ശേഖരം അടങ്ങിയിരിക്കുന്നു എന്ന്‌ നമുക്ക്‌ ഉറപ്പിച്ചു പറയാനാകും. . . . സുവിശേഷങ്ങളിൽ നാം ഇപ്പോൾത്തന്നെ കാണുന്ന വിധത്തിൽ യേശുവിനെ അവതരിപ്പിച്ചിരിക്കുന്നതിനുള്ള അടിസ്ഥാനമെന്ത്‌ എന്ന ചോദ്യത്തിനുള്ള ഏറ്റവും ന്യായയുക്തമായ ഉത്തരം യേശു യഥാർഥത്തിൽ അങ്ങനെ ആയിരുന്നു എന്നതാണ്‌. താൻ ദൈവത്താൽ അയയ്‌ക്കപ്പെട്ടവൻ ആണെന്നും ദൈവത്തിന്റെ പുത്രനും അവന്റെ ദാസനും ആയിരിക്കാൻ ഔദ്യോഗികമായി നിയോഗിക്കപ്പെട്ടവൻ ആണെന്നുമുള്ള ബോധ്യം അവൻ തന്റെ ശിഷ്യന്മാരിൽ ഉളവാക്കി. ആ ബോധ്യം സുവിശേഷങ്ങൾ വിശ്വസ്‌തമായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.” *

യേശുവിനെ അന്വേഷിച്ച്‌

യേശുക്രിസ്‌തുവിനെ കുറിച്ചുള്ള ബൈബിളേതര പരാമർശങ്ങളുടെ കാര്യമോ? അവ എങ്ങനെയാണ്‌ വിലയിരുത്തപ്പെടുന്നത്‌? ടാസിറ്റസ്‌, സ്യൂട്ടോണിയസ്‌, ജോസീഫസ്‌, പ്ലിനി യംഗർ എന്നിവരുടെയും മറ്റു ചില പുരാതന എഴുത്തുകാരുടെയും ലിഖിതങ്ങളിൽ യേശുവിനെ കുറിച്ചുള്ള നിരവധി പരാമർശങ്ങൾ കാണാം. അവയെ കുറിച്ച്‌ ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (1995) ഇങ്ങനെ പ്രസ്‌താവിക്കുന്നു: “പുരാതനകാലങ്ങളിൽ ക്രിസ്‌ത്യാനിത്വത്തിന്റെ ശത്രുക്കൾപ്പോലും യേശു ഒരു യഥാർഥ വ്യക്തിയായിരുന്നു എന്നത്‌ ഒരിക്കലും സംശയിച്ചിരുന്നില്ല എന്ന്‌ ഈ സ്വതന്ത്ര വിവരണങ്ങൾ തെളിയിക്കുന്നു. അതേക്കുറിച്ച്‌ ആദ്യമായി, വേണ്ടത്ര അടിസ്ഥാനമില്ലാതെ തർക്കമുണ്ടായത്‌ 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ആയിരുന്നു.”

“യഥാർഥ” അഥവാ “ചരിത്രാധിഷ്‌ഠിത” യേശുവിനെ കണ്ടെത്താനുള്ള ശ്രമത്തിൽ, ആധുനിക പണ്ഡിതന്മാർ അവനെ കുറിച്ചുള്ള സത്യം അടിസ്ഥാനരഹിതമായ ഊഹാപോഹത്തിന്റെയും സിദ്ധാന്തങ്ങളുടെയും നിരർഥകമായ സംശയങ്ങളുടെയും മറവിൽ ഒളിപ്പിച്ചിരിക്കുന്നു. കെട്ടുകഥ ചമച്ചുവെന്ന്‌ സുവിശേഷ എഴുത്തുകാരെ കുറ്റപ്പെടുത്തുന്ന അവർതന്നെയാണ്‌ ഒരർഥത്തിൽ ആ കുറ്റം ചെയ്‌തിരിക്കുന്നത്‌. പേരെടുക്കാനും ഞെട്ടിക്കുന്ന പുതിയൊരു സിദ്ധാന്തവുമായി തങ്ങളുടെ പേര്‌ ബന്ധപ്പെടുത്താനുമുള്ള വ്യഗ്രതയിൽ ചിലർ യേശുവിനെ കുറിച്ചുള്ള തെളിവ്‌ സത്യസന്ധമായി പരിശോധിക്കാൻ പരാജയപ്പെട്ടിരിക്കുന്നു. അങ്ങനെ, അവർ വെറും പണ്ഡിത സങ്കൽപ്പത്തിൽ ഒതുങ്ങിനിൽക്കുന്ന ഒരു “യേശു”വിനെ സൃഷ്ടിച്ചെടുക്കുന്നു.

യഥാർഥ യേശുവിനെ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക്‌, അവനെ ബൈബിളിൽ കണ്ടെത്താനാകും. ചരിത്രാധിഷ്‌ഠിത യേശുവിനെ കുറിച്ചുള്ള മിക്ക ഗവേഷണവും ബൈബിൾ വിശദാംശത്തിന്റെ അഭാവത്തിലാണ്‌ നടത്തുന്നത്‌ എന്ന്‌ എമറി യൂണിവേഴ്‌സിറ്റിയിലെ കാൻഡ്‌ലർ സ്‌കൂൾ ഓഫ്‌ തിയോളജിയിലെ പുതിയനിയമവും ക്രിസ്‌ത്യാനിത്വത്തിന്റെ ഉത്ഭവവും എന്ന വിഭാഗത്തിന്റെ പ്രൊഫസറായ ലൂക്ക്‌ ജോൺസൺ തറപ്പിച്ചു പറയുന്നു. യേശുവിന്റെ ജീവിതത്തെയും കാലഘട്ടത്തെയും കുറിച്ചുള്ള സാമൂഹികവും രാഷ്‌ട്രീയവും നരവംശശാസ്‌ത്രപരവും സാംസ്‌കാരികവുമായ പശ്ചാത്തലങ്ങൾ പരിശോധിക്കുന്നത്‌ രസകരമായിരുന്നേക്കാമെന്ന്‌ അദ്ദേഹം പറയുന്നു. ചരിത്രാധിഷ്‌ഠിത യേശു എന്നു പണ്ഡിതന്മാർ വിളിക്കുന്ന ഒരുവനെ കണ്ടെത്തുക എന്നതല്ല “ഒരിക്കലും തിരുവെഴുത്തിന്റെ ഉദ്ദേശ്യം,” എന്നും മറിച്ച്‌ “യേശുവിന്റെ സ്വഭാവത്തെയും” സന്ദേശത്തെയും വീണ്ടെടുപ്പുകാരൻ എന്ന നിലയിലുള്ള അവന്റെ പങ്കിനെയും “കുറിച്ചു വിവരിക്കുക എന്നതിനാണ്‌ അതു കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നത്‌” എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അപ്പോൾ യേശുവിന്റെ യഥാർഥ സ്വഭാവവും സന്ദേശവും എന്താണ്‌?

യഥാർഥ യേശു

യേശുവിന്റെ ജീവിതത്തെ കുറിച്ചുള്ള നാലു ബൈബിൾ വിവരണങ്ങളായ സുവിശേഷങ്ങൾ, വളരെയധികം സമാനുഭാവം ഉണ്ടായിരുന്ന ഒരു മനുഷ്യനെയാണ്‌ വരച്ചുകാട്ടുന്നത്‌. രോഗം, അന്ധത, മറ്റുതരം കഷ്ടതകൾ എന്നിവ നിമിത്തം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ മനസ്സലിവും അനുകമ്പയും യേശുവിനെ പ്രേരിപ്പിച്ചു. (മത്തായി 9:36; 14:14; 20:34) തന്റെ സ്‌നേഹിതനായ ലാസറിന്റെ മരണവും അത്‌ അവന്റെ സഹോദരിമാരിൽ ഉളവാക്കിയ ദുഃഖവും യേശു ‘ഉള്ളം നൊന്തു കണ്ണുനീർ വാർക്കാൻ’ ഇടയാക്കി. (യോഹന്നാൻ 11:32-36) വാസ്‌തവത്തിൽ, സുവിശേഷങ്ങൾ യേശുവിന്റെ നാനാതരം വികാരങ്ങളെ വെളിപ്പെടുത്തുന്നു​—⁠കുഷ്‌ഠരോഗിയോടുള്ള സഹതാപം, ശിഷ്യന്മാരുടെ വിജയത്തിലുള്ള അതിയായ സന്തോഷം, നിർദാക്ഷിണ്യം നിയമത്തിൽ കടിച്ചുതൂങ്ങുന്നവരോടുള്ള അമർഷം, മിശിഹായെ യെരൂശലേം തള്ളിക്കളഞ്ഞതിനെ പ്രതിയുള്ള ദുഃഖം എന്നിവയൊക്കെ അതിൽ പെടുന്നു.

യേശു ഒരു അത്ഭുതം പ്രവർത്തിച്ചപ്പോൾ “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു” എന്നു പറഞ്ഞുകൊണ്ട്‌ അതിൽ സ്വീകർത്താവിനുള്ള പങ്കിൽ അവൻ മിക്കപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചു. (മത്തായി 9:22) “സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല” എന്നു പറഞ്ഞുകൊണ്ട്‌ അവൻ നഥനയേലിനെ പ്രശംസിച്ചു. (യോഹന്നാൻ 1:​47) ഒരു സ്‌ത്രീ യേശുവിനു വിലമതിപ്പോടെ നൽകിയ സമ്മാനം ധൂർത്തായിപ്പോയി എന്നു ചിലർ ചിന്തിച്ചപ്പോൾ, യേശു അവൾക്കു വേണ്ടി വാദിക്കുകയും അവളുടെ ആ ഔദാര്യപ്രവൃത്തി ദീർഘകാലം സ്‌മരിക്കപ്പെടുമെന്നു പറയുകയും ചെയ്‌തു. (മത്തായി 26:6-13) തന്റെ അനുഗാമികൾക്ക്‌ താൻ ഒരു യഥാർഥ സുഹൃത്തും വാത്സല്യനിധിയായ മിത്രവും ആണെന്ന്‌ അവൻ തെളിയിച്ചു. അവൻ “അവസാനത്തോളം അവരെ സ്‌നേഹിച്ചു.”​—⁠യോഹന്നാൻ 13:1; 15:11-15.

കണ്ടുമുട്ടിയ മിക്കവരുടെയും ആവശ്യങ്ങൾ യേശു പെട്ടെന്നു തിരിച്ചറിഞ്ഞതായും സുവിശേഷങ്ങൾ പ്രകടമാക്കുന്നു. കിണറ്റിൻകരെ ഒരു സ്‌ത്രീയോടും പൂന്തോട്ടത്തിൽവെച്ച്‌ ഒരു മതോപദേഷ്ടാവിനോടും തടാകക്കരെ ഒരു മീൻപിടിത്തക്കാരനോടും സംസാരിച്ചപ്പോൾ അവൻ പറഞ്ഞ കാര്യങ്ങളെല്ലാം അവരുടെ ഹൃദയങ്ങളെ സ്‌പർശിച്ചു. യേശുവിന്റെ പ്രാരംഭ വാക്കുകൾക്കുശേഷം, അവരിൽ പലരും തങ്ങളുടെ ഉള്ളിലെ വിചാരങ്ങൾ അവനോടു വെളിപ്പെടുത്തി. അവരുടെ വികാരങ്ങളെ സ്‌പർശിക്കാൻ അവനു കഴിഞ്ഞു. അക്കാലത്ത്‌ ആളുകൾ അധികാരസ്ഥാനത്ത്‌ ഉള്ളവരിൽനിന്നും അകന്നു നിന്നിരുന്നെങ്കിലും, അവർ യേശുവിന്റെ ചുറ്റും തടിച്ചുകൂടി. യേശുവിനോടൊപ്പം ആയിരിക്കാൻ അവർ ഇഷ്ടപ്പെട്ടു; അവന്റെ സഹവാസത്തിൽ അവർക്ക്‌ ആശ്വാസം തോന്നി. കുട്ടികൾക്കു പോലും അവന്റെ അടുക്കൽ പിരിമുറുക്കം തോന്നിയില്ല; ഒരു കുട്ടിയെ ദൃഷ്ടാന്തമായി ഉപയോഗിച്ച അവസരത്തിൽ അവൻ ആ കുട്ടിയെ ശിഷ്യന്മാരുടെ മുമ്പാകെ വെറുതെ നിറുത്തുകയല്ല ചെയ്‌തത്‌, മറിച്ച്‌ അവൻ അതിനെ “അണെച്ചു” പിടിക്കുകയാണ്‌ ചെയ്‌തത്‌. (മർക്കൊസ്‌ 9:36; 10:13-16) വാസ്‌തവത്തിൽ, ആരുടെയും താത്‌പര്യം പിടിച്ചുപറ്റുന്ന രീതിയിലുള്ള യേശുവിന്റെ വചനങ്ങൾ കേൾക്കാൻ ആളുകൾ മൂന്നു ദിവസം തുടർച്ചയായി അവന്റെ അടുക്കൽ തങ്ങുമാറ്‌, അത്രയ്‌ക്ക്‌ വ്യക്തിപ്രഭാവമുള്ള ആളായിരുന്നു യേശു എന്ന്‌ സുവിശേഷങ്ങൾ വെളിപ്പെടുത്തുന്നു.​—⁠മത്തായി 15:⁠32.

പൂർണനായിരുന്നെങ്കിലും യേശു അങ്ങേയറ്റം വിമർശിക്കുന്ന ഒരുവനോ ഗർവിഷ്‌ഠനോ ആയിരുന്നില്ല. തന്നെയുമല്ല, ഏതു ജനത്തിന്റെ ഇടയിലാണോ അവൻ ജീവിക്കുകയും പ്രസംഗിക്കുകയും ചെയ്‌തത്‌ ആ ജനം അപൂർണരും പാപഭാരം ചുമക്കുന്നവരും ആയിരുന്നെങ്കിലും അടക്കിവാഴുന്ന ഒരുവനെ പോലെ അവൻ അവരോട്‌ ഇടപെട്ടില്ല. (മത്തായി 9:10-13; 21:31, 32; ലൂക്കൊസ്‌ 7:36-48; 15:1-32; 18:9-14) യേശു ഒരിക്കലും മറ്റുള്ളവരിൽനിന്ന്‌ അമിതമായി ആവശ്യപ്പെടുന്നവൻ ആയിരുന്നില്ല. ആളുകളുടെ ചുമട്‌ അവൻ വർധിപ്പിച്ചില്ല. പകരം അവൻ ഇങ്ങനെ പറഞ്ഞു: ‘അദ്ധ്വാനിക്കുന്ന എല്ലാവരുമേ, എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.’ അവൻ “സൌമ്യതയും താഴ്‌മയും ഉള്ളവൻ” ആണെന്ന്‌ ശിഷ്യന്മാർ കണ്ടെത്തി; അവന്റെ നുകം മൃദുവും ചുമടു ലഘുവും ആയിരുന്നു.​—⁠മത്തായി 11:28-30.

സുവിശേഷ വിവരണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന യേശുവിന്റെ വ്യക്തിത്വത്തിനു വളരെ സ്‌പഷ്ടമായും സത്യത്തിന്റെ സ്‌പർശമുള്ളതായി നാം കാണുന്നു. നാലു പേർ ചേർന്ന്‌ ഒരു അത്യപൂർവ വ്യക്തിത്വം ചമച്ചെടുത്ത്‌ തങ്ങളുടെ നാലു വ്യത്യസ്‌ത വിവരണങ്ങളിലും അവനെക്കുറിച്ചു പരസ്‌പര പൊരുത്തമുള്ള ഒരു ചിത്രം നൽകുക എന്നത്‌ എളുപ്പമല്ല. നാല്‌ എഴുത്തുകാർ, ഒരിക്കലും ജീവിച്ചിരിക്കാഞ്ഞ ഒരു വ്യക്തിയെ കുറിച്ച്‌ വിവരിക്കുകയും പരസ്‌പര യോജിപ്പോടെ ആ വ്യക്തിയെ കുറിച്ചുള്ള ഒരേ ചിത്രം തന്നെ വരച്ചുകാട്ടുകയും ചെയ്യുക എന്നത്‌ അസാധ്യമായിരിക്കും.

ചരിത്രകാരനായ മൈക്കിൾ ഗ്രാന്റ്‌ ചിന്തോദ്ദീപകമായ ഒരു ചോദ്യം ഉന്നയിക്കുന്നു: “വികാരാത്മകതയോ അസ്വാഭാവികതയോ നാട്യമോ കൂടാതെ, അതേസമയം എല്ലാ സന്ദർഭങ്ങളിലും സ്വഭാവശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട്‌ എല്ലാത്തരം സ്‌ത്രീകളോടും, ദുഷ്‌പേര്‌ ഉള്ളവരെന്ന്‌ വ്യക്തമായിരുന്നവരോടു പോലും, സ്വതന്ത്രമായി ഇടപെടുന്ന കോമളനായ ഒരു യുവാവിന്റെ ശ്രദ്ധേയമായ ചിത്രം എല്ലാ സുവിശേഷ വിവരണങ്ങളിലും ഒരുപോലെ പ്രത്യക്ഷപ്പെടുന്നത്‌ എങ്ങനെ?” അതിനുള്ള ന്യായമായ ഉത്തരം അത്തരമൊരു മനുഷ്യൻ വാസ്‌തവത്തിൽ ജീവിച്ചിരിക്കുകയും ബൈബിൾ പറയുന്ന വിധത്തിൽത്തന്നെ പ്രവർത്തിക്കുകയും ചെയ്‌തു എന്നതാണ്‌.

യഥാർഥ യേശുവും നിങ്ങളുടെ ഭാവിയും

ഭൂമിയിൽ ആയിരുന്നപ്പോഴത്തെ യേശുവിനെ കുറിച്ചുള്ള തനിമയാർന്ന ചിത്രം നൽകുന്നതിനു പുറമേ, ദൈവത്തിന്റെ ഏകജാത പുത്രൻ അഥവാ ‘സർവ്വസൃഷ്ടിക്കും ആദ്യജാതൻ’ എന്ന നിലയിൽ അവന്‌ ഒരു മനുഷ്യപൂർവ അസ്‌തിത്വം ഉണ്ടായിരുന്നതായും ബൈബിൾ പ്രകടമാക്കുന്നു. (കൊലൊസ്സ്യർ 1:15) രണ്ടായിരം വർഷങ്ങൾക്കു മുമ്പ്‌, ദൈവം തന്റെ സ്വർഗീയ പുത്രന്റെ ജീവനെ ഒരു യഹൂദ കന്യകയുടെ ഗർഭാശയത്തിലേക്കു മാറ്റുകയും അങ്ങനെ അവൻ ഒരു മനുഷ്യനായി ജനിക്കുകയും ചെയ്‌തു. (മത്തായി 1:18) തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത്‌ യേശു, കഷ്ടപ്പെടുന്ന മനുഷ്യവർഗത്തിനുള്ള ഏക പരിഹാരം എന്ന നിലയിൽ ദൈവരാജ്യത്തെ കുറിച്ചു പ്രസംഗിക്കുകയും ആ പ്രസംഗപ്രവർത്തനം തുടരാൻ തന്റെ ശിഷ്യന്മാരെ പരിശീലിപ്പിക്കുകയും ചെയ്‌തു.​—⁠മത്തായി 4:17; 10:5-7; 28:19, 20.

പൊ.യു. 33 നീസാൻ 14-ന്‌ (ഏകദേശം ഏപ്രിൽ 1) യേശുവിനെ അറസ്റ്റ്‌ ചെയ്‌ത്‌, വിചാരണ ചെയ്‌ത്‌, കുറ്റം വിധിച്ച്‌, രാജ്യദ്രോഹ കുറ്റം ചുമത്തി വധിച്ചു. (മത്തായി 26:18-20, 48–27:50) യേശുവിന്റെ മരണം, വിശ്വാസമുള്ള മനുഷ്യരെ അവരുടെ പാപപൂർണമായ അവസ്ഥയിൽനിന്നു വിടുവിക്കുകയും അവനിൽ വിശ്വാസം പ്രകടമാക്കുന്ന സകലർക്കും നിത്യജീവനുള്ള വഴി തുറന്നുകൊടുക്കുകയും ചെയ്യുന്ന മറുവിലയായി ഉതകുന്നു. (റോമർ 3:23, 24; 1 യോഹന്നാൻ 2:2) നീസാൻ 16-ന്‌ യേശു പുനരുത്ഥാനം പ്രാപിച്ചു, താമസിയാതെ സ്വർഗത്തിലേക്കു തിരികെ പോകുകയും ചെയ്‌തു. (മർക്കൊസ്‌ 16:1-8; ലൂക്കൊസ്‌ 24:50-53; പ്രവൃത്തികൾ 1:6-9) യഹോവ നിയമിച്ച രാജാവ്‌ എന്ന നിലയിൽ, പുനരുത്ഥാനം പ്രാപിച്ച യേശുവിന്‌ മനുഷ്യനെ സംബന്ധിച്ച ആദിമ ദൈവോദ്ദേശ്യം നിവർത്തിക്കാനുള്ള പൂർണ അധികാരമുണ്ട്‌. (യെശയ്യാവു 9:6, 7; ലൂക്കൊസ്‌ 1:32, 33) അതേ, ദൈവോദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിൽ അതിപ്രധാന പങ്കു വഹിക്കുന്ന ഒരുവൻ എന്ന നിലയിൽ ബൈബിൾ യേശുവിനെ ചിത്രീകരിക്കുന്നു.

യേശു വാസ്‌തവത്തിൽ ആരായിരുന്നോ ആ വിധത്തിൽത്തന്നെ, അതായത്‌ യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യം സംസ്ഥാപിക്കാനും മനുഷ്യവർഗത്തിനുള്ള മറുവില എന്ന നിലയിൽ മരിക്കാനും ഭൂമിയിലേക്ക്‌ അയയ്‌ക്കപ്പെട്ട വാഗ്‌ദത്ത മിശിഹാ അഥവാ ക്രിസ്‌തു ആയി, ഒന്നാം നൂറ്റാണ്ടിലെ ജനങ്ങൾ അവനെ സ്വീകരിച്ചു. (മത്തായി 20:28; ലൂക്കൊസ്‌ 2:25-32; യോഹന്നാൻ 17:25, 26; 18:37) യേശു യഥാർഥത്തിൽ ആരാണെന്ന്‌ അറിയില്ലായിരുന്നെങ്കിൽ, ഉഗ്ര പീഡനത്തിൻ മധ്യേ അവന്റെ ശിഷ്യന്മാർ ആകാനുള്ള യാതൊരു പ്രചോദനവും ആളുകൾക്ക്‌ ഉണ്ടാകുമായിരുന്നില്ല. അതുപോലെ, ‘സകലജാതികളെയും ശിഷ്യരാക്കാൻ’ അവൻ നൽകിയ നിയമനം അവർ സധൈര്യം, ഉത്സാഹപൂർവം നിർവഹിക്കുകയും ചെയ്യുമായിരുന്നില്ല.​—⁠മത്തായി 28:19, 20.

യേശു വെറുമൊരു സാങ്കൽപ്പിക കഥാപാത്രം അല്ലെന്ന്‌ ആത്മാർഥതയും അറിവുമുള്ള ദശലക്ഷക്കണക്കിന്‌ ആളുകൾക്ക്‌ ഇന്നറിയാം. ഇപ്പോൾ സ്വർഗത്തിൽ സ്ഥാപിതമായ രാജ്യം ഭരിക്കുന്ന, വളരെ പെട്ടെന്നുതന്നെ ഭൂമിയുടെയും അതിലെ കാര്യങ്ങളുടെയും പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ പോകുന്ന രാജാവായി അവർ അവനെ കാണുന്നു. ദൈവം അത്തരം ഒരു ഗവൺമെന്റ്‌ സ്ഥാപിച്ചിരിക്കുന്നു എന്നത്‌ സന്തോഷകരമായ ഒരു വാർത്തയാണ്‌. കാരണം, ലോകപ്രശ്‌നങ്ങളിൽ നിന്നുള്ള വിടുതൽ അതു വാഗ്‌ദാനം ചെയ്യുന്നു. “രാജ്യത്തിന്റെ ഈ സുവിശേഷം” ഘോഷിച്ചുകൊണ്ട്‌ സത്യക്രിസ്‌ത്യാനികൾ യഹോവ തിരഞ്ഞെടുത്ത രാജാവിനോടുള്ള തങ്ങളുടെ വിശ്വസ്‌തത പ്രകടമാക്കുന്നു.​—⁠മത്തായി 24:⁠14.

ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തു മുഖാന്തരമുള്ള രാജ്യക്രമീകരണത്തെ പിന്താങ്ങുന്നവർ നിത്യാനുഗ്രഹങ്ങൾ ആസ്വദിക്കും. ആ അനുഗ്രഹങ്ങൾ നിങ്ങൾക്കും പ്രാപിക്കാൻ സാധിക്കും! യഥാർഥ യേശുവിനെ അറിയാൻ നിങ്ങളെ സഹായിക്കുന്നതിൽ ഈ മാസികയുടെ പ്രസാധകർക്കു സന്തോഷമേ ഉള്ളൂ.

[അടിക്കുറിപ്പ്‌]

^ ഖ. 5 സുവിശേഷ വിവരണങ്ങളുടെ വിശദമായ ചർച്ചയ്‌ക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ​—⁠ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ 5 മുതൽ 7 വരെയുള്ള അധ്യായങ്ങൾ കാണുക.

[6-ാം പേജിലെ ചതുരം/ചിത്രം]

മറ്റുള്ളവർ പറഞ്ഞിരിക്കുന്നത്‌

“ലോകം കണ്ടിട്ടുള്ള മികവുറ്റ ഉപദേഷ്ടാക്കളിൽ ഒരുവനായാണ്‌ നസറെത്തിലെ യേശുവിനെ ഞാൻ കണ്ടിട്ടുള്ളത്‌. . . . യേശുവിന്റെ പഠിപ്പിക്കലുകൾ ഭക്ത്യാദരവോടെ പഠിക്കാത്തിടത്തോളം കാലം നിങ്ങളുടെ ജീവിതം അപൂർണമായിരിക്കും എന്നു ഞാൻ ഹൈന്ദവരോടു പറയും.” മോഹൻദാസ്‌ കെ. ഗാന്ധി, യേശുക്രിസ്‌തുവിന്റെ സന്ദേശം (ഇംഗ്ലീഷ്‌).

“ഇത്രയേറെ തനിമയുള്ള, ഇത്രയേറെ തികവാർന്ന, ഇത്രയേറെ പരസ്‌പര പൊരുത്തമുള്ള, ഇത്രയേറെ പൂർണമായ, ഇത്രയേറെ മനുഷ്യത്വമുള്ള, സകല മനുഷ്യ മാഹാത്മ്യത്തെയും ഇത്രയധികം കവിയുന്ന ഒരു വ്യക്തിത്വം കപടമോ കൽപ്പിതമോ ആയിരിക്കാൻ കഴിയില്ല. . . . യേശുവിനെ ചമയ്‌ക്കാൻ അവനെക്കാൾ ശ്രേഷ്‌ഠനായ ഒരുവനേ കഴിയൂ.” ഫിലിപ്പ്‌ ഷാഫ്‌, ക്രിസ്‌തീയ സഭാചരിത്രം (ഇംഗ്ലീഷ്‌).

“ഇത്ര ശക്തവും ആകർഷകവുമായ ഒരു വ്യക്തിത്വത്തെ, ഇത്ര സമുന്നതമായ ഒരു ധാർമിക നിയമസംഹിതയെ, മനുഷ്യ സാഹോദര്യം സംബന്ധിച്ച ഇത്ര പ്രചോദകമായ ഒരു ദർശനത്തെ സാധാരണക്കാരായ ഏതാനും പേർ ഭാവനയിൽ സൃഷ്ടിച്ചെടുത്തതാണെങ്കിൽ അതു സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ഏതൊരു അത്ഭുതത്തെക്കാളും അവിശ്വസനീയമായ ഒരു അത്ഭുതമായിരിക്കും.” വിൽ ഡ്യൂറന്റ്‌, കൈസറും ക്രിസ്‌തുവും (ഇംഗ്ലീഷ്‌).

“ജീവിച്ചിരുന്നിട്ടുള്ള നിരവധി ആളുകൾ മതങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ച്‌ പരാജയപ്പെട്ടിരിക്കെ, അസ്‌തിത്വത്തിൽ ഇല്ലാതിരുന്ന, വെറുമൊരു വിപണന തന്ത്രത്തിന്റെ ഭാഗമായി കെട്ടിച്ചമയ്‌ക്കപ്പെട്ട ഒരാൾ ഒരു ഗോളവ്യാപക മതപ്രസ്ഥാനത്തിനു തുടക്കമിട്ടിരിക്കാമെന്നതു ദുർഗ്രഹമായ ഒന്നായി കാണപ്പെടുന്നു.” ഗ്രെഗ്‌ ഈസ്റ്റർബ്രുക്ക്‌, ശാന്തജലാശയത്തിന്‌ അരികെ (ഇംഗ്ലീഷ്‌).

‘സുവിശേഷങ്ങളെ കുറിച്ച്‌ മറ്റെന്തുതന്നെ പറഞ്ഞാലും ശരി, അവയെ ഒരിക്കലും ഐതിഹ്യങ്ങൾ എന്നു വിളിക്കാനാവില്ല എന്ന്‌ ഒരു സാഹിത്യ ചരിത്രകാരൻ എന്ന നിലയിൽ എനിക്കു പൂർണ ബോധ്യമുണ്ട്‌. ഐതിഹ്യങ്ങൾ ആയിരിക്കാൻ മാത്രം കൽപ്പനാ ചാതുര്യം ഉള്ളവയല്ല അവ. യേശുവിന്റെ ജീവിതത്തിന്റെ അധികഭാഗവും നമുക്ക്‌ അജ്ഞാതമാണ്‌, ഒരു ഐതിഹ്യം കെട്ടിച്ചമയ്‌ക്കുന്ന ആരും കാര്യങ്ങൾ അങ്ങനെയായിരിക്കാൻ അനുവദിക്കില്ല.’ സി. എസ്‌. ലൂയിസ്‌, ദൈവം പ്രതിക്കൂട്ടിൽ (ഇംഗ്ലീഷ്‌).

[7-ാം പേജിലെ ചിത്രങ്ങൾ]

സുവിശേഷങ്ങൾ യേശുവിന്റെ നാനാതരം വികാരങ്ങളെ വെളിപ്പെടുത്തുന്നു