വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

അവിശ്വാസിയായ ഒരു ഭർത്താവ്‌ മതപരമായ വിശേഷദിവസങ്ങൾ ആഘോഷിക്കുന്നെങ്കിൽ, അയാളുടെ ക്രിസ്‌തീയ ഭാര്യക്കു ദൈവത്തോടുള്ള വിശ്വസ്‌തതയും അയാളോടുള്ള കീഴ്‌പെടലും എങ്ങനെ സമനിലയിൽ കൊണ്ടുപോകാൻ കഴിയും?

ഇതിന്‌ അവളുടെ പക്ഷത്തു ജ്ഞാനവും നയവും ആവശ്യമാണ്‌. തന്റെ രണ്ട്‌ ഉത്തരവാദിത്വങ്ങളും സമനിലയിൽ കൊണ്ടുപോകാൻ അവൾ ശ്രമിക്കുന്നത്‌ തീർച്ചയായും ഉചിതമാണ്‌. സമാനമായ ഒരു സാഹചര്യത്തെപ്പറ്റി യേശു ഈ ബുദ്ധിയുപദേശം നൽകി: “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ.” (മത്തായി 22:21) ഗവൺമെന്റുകളോടുള്ള കടപ്പാടുകളെ കുറിച്ച്‌ അവൻ പ്രതിപാദിക്കുകയായിരുന്നു എന്നതു ശരിതന്നെ. അവയ്‌ക്കു കീഴ്‌പെട്ടിരിക്കാൻ ക്രിസ്‌ത്യാനികളോട്‌ തിരുവെഴുത്തുകളിൽ പിന്നീട്‌ ആവശ്യപ്പെട്ടിരിക്കുന്നു. (റോമർ 13:1) എന്നാൽ, ഒരു ഭാര്യ ദൈവത്തോടുള്ള കടപ്പാടുകളും ഭർത്താവിനോടുള്ള തിരുവെഴുത്തുപരമായ കീഴ്‌പെടലും​—⁠അദ്ദേഹം അവിശ്വാസി ആണെങ്കിൽ പോലും​—⁠സമനിലയിൽ കൊണ്ടുപോകുന്ന കാര്യത്തിലും അവന്റെ ബുദ്ധിയുപദേശം ബാധകമാണ്‌.

ഒരു ക്രിസ്‌ത്യാനിയുടെ പ്രഥമ കടപ്പാട്‌ സർവശക്തനായ ദൈവത്തോട്‌ എപ്പോഴും വിശ്വസ്‌തത പാലിക്കുക എന്നതാണെന്നു ബൈബിൾ ഊന്നിപ്പറയുന്നു എന്ന കാര്യം ബൈബിളുമായി പരിചയമുള്ള ആരും നിഷേധിക്കുകയില്ല. (പ്രവൃത്തികൾ 5:29) എങ്കിലും, പല സാഹചര്യങ്ങളിലും ഒരു സത്യാരാധകനു ദൈവത്തിന്റെ ഉന്നതമായ നിയമങ്ങൾ ലംഘിക്കാതെതന്നെ അധികാര സ്ഥാനത്തുള്ള ഒരു അവിശ്വാസിയുടെ അഭ്യർഥനകളോ ആവശ്യങ്ങളോ നിവർത്തിച്ചു കൊടുക്കാൻ കഴിയും.

ദാനീയേൽ 3-ാം അധ്യായത്തിൽ പ്രബോധനാത്മകമായ ഒരു ദൃഷ്ടാന്തം നാം കാണുന്നു. മൂന്ന്‌ എബ്രായ യുവാക്കളുടേതാണ്‌ അത്‌. അവർ ഉൾപ്പെടെ എല്ലാവരും ദൂരാസമഭൂമിയിൽ കൂടിവരാൻ അവരുടെ ഭരണാധിപനായ നെബൂഖദ്‌നേസർ കൽപ്പിച്ചു. അതു വ്യാജാരാധനയ്‌ക്കു വേണ്ടിയാണെന്നു തിരിച്ചറിഞ്ഞ ആ മൂന്ന്‌ എബ്രായർ അവിടെ ആയിരിക്കുന്നത്‌ ഒഴിവാക്കാൻ ആഗ്രഹിച്ചിരിക്കാം. പ്രസ്‌തുത സാഹചര്യം ഒഴിവാക്കാൻ ദാനീയേലിനു കഴിഞ്ഞതായി തോന്നുന്നു. എന്നാൽ ആ എബ്രായ യുവാക്കൾക്ക്‌ അതിനു കഴിഞ്ഞില്ല. * അതിനാൽ ദൂരാസമഭൂമിയിൽ വന്നുകൊണ്ട്‌ അവർ അനുസരണം പ്രകടമാക്കി. പക്ഷേ അവർ വ്യാജാരാധനയിൽ പങ്കെടുക്കുമായിരുന്നില്ല​—⁠അതേ, അവർ അതിൽ പങ്കെടുത്തില്ല.​—⁠ദാനീയേൽ 3:1-18.

സമാനമായി, മതപരമായ ആഘോഷാവസരങ്ങളിൽ ഒരു ക്രിസ്‌തീയ ഭാര്യ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഒരു സംഗതി ചെയ്യാൻ അവളുടെ അവിശ്വാസിയായ ഭർത്താവ്‌ ആവശ്യപ്പെട്ടേക്കാം. ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക: താനും മറ്റുള്ളവരും ആഘോഷത്തിൽ ഏർപ്പെടുന്ന ദിവസം എന്തെങ്കിലും ഒരു പ്രത്യേക വിഭവം ഉണ്ടാക്കാൻ അദ്ദേഹം അവളോട്‌ ആവശ്യപ്പെടുന്നു. അല്ലെങ്കിൽ അന്നേ ദിവസം കുടുംബം ഒത്തൊരുമിച്ച്‌ (ഭാര്യ ഉൾപ്പെടെ) ഒരു വിരുന്നിനോ വെറുമൊരു ഒത്തുകൂടലിനോ തന്റെ ബന്ധുക്കളെ സന്ദർശിക്കണമെന്നു പറയുന്നു. അതുമല്ലെങ്കിൽ ആഘോഷദിവസത്തിനു മുമ്പ്‌, ഭാര്യ കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുന്ന അവസരത്തിൽ അദ്ദേഹത്തിനു വേണ്ടി കുറെ സാധനങ്ങൾ​—⁠ആഘോഷത്തിന്റെ സവിശേഷതയായ എന്തെങ്കിലും ഭക്ഷണ സാധനങ്ങൾ, സമ്മാനങ്ങളായി ഉപയോഗിക്കാവുന്ന വസ്‌തുക്കൾ, അവ പൊതിഞ്ഞു കൊടുക്കുന്നതിനുള്ള കടലാസ്‌, അല്ലെങ്കിൽ കാർഡുകൾ​—⁠വാങ്ങാൻ പറഞ്ഞേക്കാം.

വ്യാജമായ മതചടങ്ങുകളിൽ ഏർപ്പെടാതിരിക്കാൻ ക്രിസ്‌തീയ ഭാര്യ ദൃഢചിത്തയാണെങ്കിലും, മേൽപ്പറഞ്ഞതുപോലുള്ള ഭർത്താവിന്റെ അഭ്യർഥനകളുടെ കാര്യത്തിലോ? ഭർത്താവ്‌ കുടുംബത്തിന്റെ ശിരസ്സാണ്‌, അതിനാൽ ദൈവവചനം ഇപ്രകാരം പറയുന്നു: “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കർത്താവിൽ ഉചിതമാകുംവണ്ണം കീഴടങ്ങുവിൻ.” (കൊലൊസ്സ്യർ 3:18) ഇത്തരം സന്ദർഭങ്ങളിൽ, ദൈവത്തോടു വിശ്വസ്‌തത പാലിക്കുമ്പോൾത്തന്നെ ഭാര്യോചിത കീഴ്‌പെടൽ പ്രകടമാക്കാൻ അവൾക്കു സാധിക്കുമോ? ഭർത്താവിനോടുള്ള അനുസരണവും അതിനെക്കാൾ പ്രമുഖമായി യഹോവയോടുള്ള അനുസരണവും എങ്ങനെ സമനിലയിൽ നിറുത്താൻ കഴിയുമെന്ന്‌ അവൾ തീരുമാനിക്കേണ്ടതുണ്ട്‌.

മറ്റു ചില സമയങ്ങളിൽ, ഒരു പ്രത്യേകതരം ഭക്ഷണം ഇഷ്‌ടമായതുകൊണ്ടോ ഒരു പ്രത്യേക കാലത്ത്‌ അതു കഴിക്കാൻ താത്‌പര്യപ്പെടുന്നതുകൊണ്ടോ അതു പാചകം ചെയ്യാൻ അദ്ദേഹം ഭാര്യയോട്‌ ആവശ്യപ്പെട്ടേക്കാം. അദ്ദേഹത്തോടുള്ള സ്‌നേഹവും അദ്ദേഹത്തിന്റെ ശിരഃസ്ഥാനത്തോടുള്ള ബഹുമാനവും പ്രകടമാക്കാൻ അവൾ ആഗ്രഹിക്കും. എന്നാൽ ഒരു വിശേഷ ദിവസത്തിന്റെ അന്ന്‌, ഒരു പ്രത്യേക വിഭവം തയ്യാറാക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നെങ്കിൽ, ഭാര്യക്ക്‌ അത്‌ ഉണ്ടാക്കി കൊടുക്കാൻ സാധിക്കുമോ? സാധാരണ ഒരു ഭക്ഷണം തയ്യാറാക്കുന്നതുപോലെ അതിനെ കരുതിക്കൊണ്ട്‌ ഒരു ശുദ്ധ മനസ്സാക്ഷിയോടെ അങ്ങനെ ചെയ്യാൻ ചില ക്രിസ്‌തീയ ഭാര്യമാർക്കു കഴിഞ്ഞേക്കാം. മതപരമായ വിശേഷദിവസത്തിന്റെ പ്രത്യേകത അവളുടെ ഭർത്താവ്‌ അതിനു കൽപ്പിച്ചാൽ പോലും യാതൊരു വിശ്വസ്‌ത ക്രിസ്‌ത്യാനിയും അത്തരമൊരു വിശേഷത അതിനു കൽപ്പിക്കാൻ ആഗ്രഹിക്കുകയില്ല. വർഷത്തിലെ ചില അവസരങ്ങളിൽ തന്നോടൊപ്പം ബന്ധുക്കളെ സന്ദർശിക്കാൻ അദ്ദേഹം ഭാര്യയോട്‌ ആവശ്യപ്പെട്ടേക്കാം. അത്‌ ഒരു വിശേഷ ദിവസത്തിന്റെ അന്ന്‌ ആണെങ്കിൽ അവൾക്ക്‌ അങ്ങനെ ചെയ്യാമോ? അവൾ സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുമ്പോൾ അദ്ദേഹം എന്തെങ്കിലും വാങ്ങാൻ ആവശ്യപ്പെടുന്നെങ്കിൽ ആ സാധനങ്ങൾകൊണ്ട്‌ അദ്ദേഹം എന്തു ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നതു വിലയിരുത്താതെതന്നെ അവ വാങ്ങാൻ സാധാരണഗതിയിൽ അവൾ മനസ്സൊരുക്കം കാണിക്കുമോ?

തീർച്ചയായും, ഒരു ക്രിസ്‌തീയ ഭാര്യ മറ്റുള്ളവരെ കുറിച്ച്‌, അതായത്‌ തന്റെ പ്രവൃത്തികൾ അവരിൽ ഉളവാക്കുന്ന ഫലത്തെ കുറിച്ച്‌ ചിന്തിക്കേണ്ടതുണ്ട്‌. (ഫിലിപ്പിയർ 2:4) തങ്ങൾ ദൂരാസമഭൂമിയിലേക്കു പോകുന്നത്‌ മറ്റുള്ളവർ കാണാതിരിക്കാൻ മൂന്ന്‌ എബ്രായ യുവാക്കൾ ആഗ്രഹിച്ചിരിക്കാൻ ഇടയുള്ളതുപോലെ, താൻ ഒരു മതാഘോഷത്തിൽ പങ്കുചേരുന്നു എന്ന ധാരണ മറ്റുള്ളവരിൽ ഉളവാക്കാതിരിക്കാൻ അവൾ ആഗ്രഹിക്കും. അതിനാൽ, ഭർത്താവിനെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ഭാര്യയെന്ന നിലയിലുള്ള പരിഗണനയുടെ പേരിലെങ്കിലും, തന്റെ വികാരങ്ങൾ കണക്കിലെടുത്തുകൊണ്ട്‌, ആഘോഷ ദിവസത്തോടു ബന്ധപ്പെട്ട ചില സംഗതികൾ സ്വന്തമായി ചെയ്യാൻ അവൾക്ക്‌ അദ്ദേഹത്തോടു നയപരമായി പറയാവുന്നതാണ്‌. അവൾ വ്യാജ മതാചാരങ്ങളിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നപക്ഷം തങ്ങൾക്ക്‌ ഇരുവർക്കും ഒരുപോലെ നാണക്കേട്‌ ഉളവാക്കിയേക്കാവുന്ന ഒരു സാഹചര്യം ഒഴിവാക്കുന്നതിലെ ജ്ഞാനം അദ്ദേഹം തിരിച്ചറിഞ്ഞേക്കാം. മുന്നമേയുള്ള ശാന്തമായ ചർച്ച സമാധാനപരമായ ഒരു പരിഹാരത്തിലേക്കു നയിച്ചേക്കാം.​—⁠സദൃശവാക്യങ്ങൾ 22:⁠3.

അതുകൊണ്ട്‌ ഒരു വിശ്വസ്‌ത ക്രിസ്‌ത്യാനി വസ്‌തുതകൾ വിലയിരുത്തിയ ശേഷം വേണം എന്തു ചെയ്യണമെന്നു തീരുമാനിക്കാൻ. ആ മൂന്ന്‌ എബ്രായ യുവാക്കളും ചെയ്‌തതുപോലെ ദൈവത്തോടുള്ള അനുസരണത്തിന്‌ ആയിരിക്കണം മുഖ്യ സ്ഥാനം. (1 കൊരിന്ത്യർ 10:31) അതു മനസ്സിൽ വെച്ചുകൊണ്ടുതന്നെ, കുടുംബത്തിലെയോ സമൂഹത്തിലെയോ അധികാരസ്ഥാനത്തുള്ള ഒരാൾ ഉന്നയിക്കുന്ന ആവശ്യത്തോടുള്ള ബന്ധത്തിൽ ക്രിസ്‌തീയ തത്ത്വങ്ങളിൽ വിട്ടുവീഴ്‌ച വരുത്താതെ എന്തു ചെയ്യാൻ കഴിയുമെന്ന്‌ ഓരോ ക്രിസ്‌ത്യാനിയും തീരുമാനിക്കേണ്ടതുണ്ട്‌.

[അടിക്കുറിപ്പ്‌]

^ ഖ. 5 വീക്ഷാഗോപുരത്തിന്റെ 2001 ആഗസ്റ്റ്‌ 1 ലക്കത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന ലേഖനം കാണുക.