വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമ്മർദത്തിൽനിന്നുള്ള ആശ്വാസം ​—⁠ഒരു പ്രായോഗിക പരിഹാരം

സമ്മർദത്തിൽനിന്നുള്ള ആശ്വാസം ​—⁠ഒരു പ്രായോഗിക പരിഹാരം

സമ്മർദത്തിൽനിന്നുള്ള ആശ്വാസം—ഒരു പ്രായോഗിക പരിഹാരം

“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.”​—⁠മത്തായി 11:28.

1, 2. (എ) അമിത സമ്മർദം ലഘൂകരിക്കാൻ സഹായിക്കുന്ന എന്ത്‌ ബൈബിളിൽ അടങ്ങിയിരിക്കുന്നു? (ബി) യേശുവിന്റെ പഠിപ്പിക്കലുകൾ എത്ര ഫലപ്രദമായിരുന്നു?

അമിത സമ്മർദം ഹാനികരമാണെന്ന്‌ ഒരുപക്ഷേ നിങ്ങൾക്ക്‌ അറിയാമായിരിക്കും; അതു വലിയ ക്ലേശത്തിന്‌ ഇടയാക്കിയേക്കാം. മനുഷ്യസൃഷ്‌ടി അങ്ങേയറ്റം ഭാരപ്പെട്ടിരിക്കുന്നുവെന്നും ഇന്നത്തെ സമ്മർദപൂരിത ജീവിതത്തിൽനിന്നുള്ള വിടുതലിനായി അനേകരും അത്യാകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും ബൈബിൾ ചൂണ്ടിക്കാട്ടുന്നു. (റോമർ 8:20-22) എന്നാൽ ഇപ്പോൾ പോലും സമ്മർദത്തിൽനിന്ന്‌ എങ്ങനെ വർധിച്ച ആശ്വാസം നേടാൻ കഴിയും എന്നും തിരുവെഴുത്തുകൾ പ്രകടമാക്കുന്നു. രണ്ടായിരം വർഷം മുമ്പ്‌ ജീവിച്ചിരുന്ന ഒരു യുവവ്യക്തിയുടെ ബുദ്ധിയുപദേശവും ജീവിതമാതൃകയും പിൻപറ്റുന്നതിലൂടെയാണ്‌ ഈ ആശ്വാസം ലഭിക്കുന്നത്‌. തന്റെ തൊഴിലായ മരപ്പണിയെക്കാൾ വളരെയധികം അവൻ ആളുകളെ സ്‌നേഹിച്ചു. അവൻ പറഞ്ഞ കാര്യങ്ങൾ ആളുകളുടെ ഹൃദയങ്ങളെ സ്‌പർശിച്ചു, അവൻ അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിച്ചു. മാത്രമല്ല, അവൻ ബലഹീനരെ സഹായിക്കുകയും വിഷാദചിത്തരെ ആശ്വസിപ്പിക്കുകയും ചെയ്‌തു. അതിലും പ്രധാനമായി, തങ്ങളുടെ ആത്മീയ കഴിവുകൾ തിരിച്ചറിയാൻ അവൻ അനേകരെ സഹായിച്ചു. അങ്ങനെ അവർ അമിത സമ്മർദത്തിൽനിന്ന്‌ ആശ്വാസം കണ്ടെത്തി. നിങ്ങൾക്കും അതിനു കഴിയും.​—⁠ലൂക്കൊസ്‌ 4:16-21; 19:47, 48; യോഹന്നാൻ 7:46.

2 ആ മനുഷ്യൻ നസറായനായ യേശു ആയിരുന്നു. പുരാതന റോമിലും ഏഥൻസിലും അലക്‌സാൻഡ്രിയയിലുമൊക്കെ ഉണ്ടായിരുന്ന ചിലർ തേടിയ ലൗകിക അറിവായിരുന്നില്ല അവന്റെ വഴികാട്ടി. എങ്കിലും, അവന്റെ പഠിപ്പിക്കലുകൾ വിഖ്യാതമാണ്‌. അവയ്‌ക്ക്‌ ഒരു വിഷയം ഉണ്ടായിരുന്നു. വിജയകരമായി ഭൂമിയെ ഭരിക്കാൻ ദൈവം സ്ഥാപിക്കുന്ന ഒരു രാജ്യം എന്നതായിരുന്നു അത്‌. ജീവിതത്തെ ഭരിക്കേണ്ട തത്ത്വങ്ങളെ കുറിച്ചും യേശു വിശദീകരിച്ചു​—⁠അവ ഇന്ന്‌ അങ്ങേയറ്റം മൂല്യവത്താണ്‌. യേശു പഠിപ്പിച്ച കാര്യങ്ങൾ പഠിക്കുകയും ബാധകമാക്കുകയും ചെയ്യുന്നവർക്ക്‌ അമിത സമ്മർദത്തിൽ നിന്നുള്ള ആശ്വാസം ഉൾപ്പെടെ സത്വര പ്രയോജനങ്ങൾ ലഭിക്കുന്നു. ആ പ്രയോജനങ്ങൾ ആസ്വദിക്കാൻ നിങ്ങളും ആഗ്രഹിക്കുകയില്ലേ?

3. യേശു ഹൃദ്യമായ എന്തു ക്ഷണം വെച്ചുനീട്ടി?

3 ഒരുപക്ഷേ നിങ്ങളിൽ ഈ സംശയം ഉടലെടുത്തേക്കാം. ‘ദീർഘകാലം മുമ്പ്‌ ജീവിച്ചിരുന്ന ഒരു വ്യക്തിക്ക്‌ എന്റെ ജീവിതത്തിൽ അത്രയ്‌ക്കു പ്രഭാവം ചെലുത്താൻ കഴിയുമോ?’ യേശുവിന്റെ ഹൃദ്യമായ ഈ വാക്കുകൾ ശ്രദ്ധിക്കുക: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്‌മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.” (മത്തായി 11:28-30) എന്താണ്‌ അവൻ അർഥമാക്കിയത്‌? നമുക്ക്‌ ആ വാക്കുകൾ വിശദമായി പരിശോധിച്ച്‌ മർദക സമ്മർദത്തിൽനിന്ന്‌ ആശ്വാസം കണ്ടെത്താൻ അത്‌ എങ്ങനെ സഹായിക്കുന്നു എന്നു നോക്കാം.

4. യേശു ആരോടു സംസാരിച്ചു, മതനേതാക്കന്മാർ ആവശ്യപ്പെട്ടതു ചെയ്യുക ദുഷ്‌കരമാണെന്ന്‌ അവന്റെ ശ്രോതാക്കൾ മനസ്സിലാക്കിയിരിക്കാവുന്നത്‌ എന്തുകൊണ്ട്‌?

4 ശരിയായതു ചെയ്യാൻ ആത്മാർഥമായി ശ്രമിച്ചിട്ടും, മതത്തെ ദുർവഹമായ ഒന്നാക്കിത്തീർത്ത യഹൂദ നേതാക്കന്മാർ നിമിത്തം ‘ഭാരപ്പെട്ടിരുന്ന’ പലരോടും യേശു സംസാരിച്ചു. (മത്തായി 23:4) ആ നേതാക്കന്മാർ എന്തിനും ഏതിനും നിയമങ്ങളുടെ അന്തമില്ലാത്ത ഒരു പട്ടികതന്നെ ഉണ്ടാക്കി. ഇതു “ചെയ്യരുത്‌,” അതു “ചെയ്യരുത്‌” എന്ന്‌ എപ്പോഴും ആരെങ്കിലും നിങ്ങളോടു പറഞ്ഞുകൊണ്ടിരുന്നാൽ അതു നിങ്ങളിൽ വളരെ സമ്മർദം ഉണ്ടാക്കുകയില്ലേ? അതേസമയം, തന്റെ ശ്രോതാക്കളെ സത്യത്തിലേക്കും നീതിയിലേക്കും മെച്ചപ്പെട്ട ഒരു ജീവിതത്തിലേക്കും നയിക്കുന്നതിനുള്ള ക്ഷണമാണ്‌ യേശു നൽകിയത്‌. അതേ, ദൈവത്തെ അറിയാനുള്ള മാർഗത്തിൽ യേശുക്രിസ്‌തുവിനു ശ്രദ്ധ നൽകുന്നത്‌ ഉൾപ്പെട്ടിരുന്നു. യഹോവ എങ്ങനെയുള്ളവൻ ആണെന്ന്‌ ആളുകൾ യേശുവിൽ ദർശിച്ചു, ഇപ്പോഴും ദർശിക്കുന്നു. “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്ന്‌ യേശു പറഞ്ഞു.​—⁠യോഹന്നാൻ 14:⁠9.

നിങ്ങളുടെ ജീവിതം അങ്ങേയറ്റം സമ്മർദപൂരിതമോ?

5, 6. യേശുവിന്റെ കാലത്തുണ്ടായിരുന്നവരുടെ ജോലിസംബന്ധമായ അവസ്ഥകൾക്കും അവർക്കു ലഭിച്ചിരുന്ന വേതനത്തിനും നമ്മുടെ നാളുകളിലേതുമായി എന്തു സമാനതയുണ്ട്‌?

5 നിങ്ങൾക്കു വളരെ താത്‌പര്യമുള്ള ഒരു വിഷയമായിരിക്കാം ഇത്‌. കാരണം നിങ്ങളുടെ ജോലി അല്ലെങ്കിൽ കുടുംബ സാഹചര്യം അങ്ങേയറ്റം സമ്മർദപൂരിതം ആയിരിക്കാം. അല്ലെങ്കിൽ മറ്റു ചുമതലകൾ നിങ്ങളെ വളരെയധികം ഭാരപ്പെടുത്തിയേക്കാം. എങ്കിൽ യേശു കണ്ടുമുട്ടിയ, അവൻ സഹായിച്ച ആത്മാർഥഹൃദയരായ വ്യക്തികളെ പോലെയാണു നിങ്ങൾ. ഉദാഹരണത്തിന്‌, ഒരു ഉപജീവനം കണ്ടെത്തുക എന്ന പ്രശ്‌നത്തെ കുറിച്ചു പരിചിന്തിക്കുക. ഇന്നു പലരും അതിനായി വളരെ പാടുപെടുന്നു, യേശുവിന്റെ നാളിലും അവസ്ഥ സമാനമായിരുന്നു.

6 അന്ന്‌ ഒരു തൊഴിലാളി ദിവസം 12 മണിക്കൂർവെച്ച്‌ ആഴ്‌ചയിൽ 6 ദിവസം വിയർപ്പൊഴുക്കി പണിയെടുക്കണമായിരുന്നു. സാധാരണഗതിയിൽ, ദിവസം മുഴുവൻ പണിയെടുത്താൽ കിട്ടുന്ന കൂലി വെറും ഒരു വെള്ളിക്കാശ്‌ അഥവാ ഒരു ദിനാറ ആയിരുന്നു. (മത്തായി 20:2-10) നിങ്ങൾക്കോ സുഹൃത്തുക്കൾക്കോ ലഭിക്കുന്ന വേതനത്തോടുള്ള താരതമ്യത്തിൽ അത്‌ എത്രയുണ്ട്‌? പുരാതന കാലത്തെ വേതനത്തെ ആധുനിക കാലത്തേതുമായി താരതമ്യം ചെയ്യുക ബുദ്ധിമുട്ടായിരിക്കും. എന്നാൽ, പണത്തിന്റെ ക്രയശേഷി കണക്കിലെടുക്കുകയാണ്‌ അതിനുള്ള ഒരു മാർഗം. യേശുവിന്റെ നാളിൽ, ഏകദേശം ഒരു ലിറ്റർ ഗോതമ്പു മാവുകൊണ്ട്‌ ഉണ്ടാക്കിയ ഒരു റൊട്ടി ലഭിക്കാൻ ഒരു മണിക്കൂർ നേരത്തെ ജോലിക്കു കിട്ടുന്ന വേതനത്തിന്റെ അത്രയും മുടക്കണമായിരുന്നു എന്ന്‌ ഒരു പണ്ഡിതൻ പറയുന്നു. ഒരു കപ്പ്‌ നല്ല വീഞ്ഞിന്റെ വില രണ്ടു മണിക്കൂർ പണിയെടുത്താൽ കിട്ടുന്ന കൂലിയുടെ അത്രയും വരുമായിരുന്നു എന്ന്‌ മറ്റൊരു പണ്ഡിതൻ അഭിപ്രായപ്പെടുന്നു. ഉപജീവനാർഥം യേശുവിന്റെ നാളിലെ ആളുകൾ ദീർഘനേരം കഠിനാധ്വാനം ചെയ്‌തിരുന്നുവെന്ന്‌ അത്തരം വിശദാംശങ്ങളിൽനിന്നു മനസ്സിലാക്കാനാകും. അവർക്ക്‌ ആശ്വാസവും നവോന്മേഷവും ആവശ്യമായിരുന്നു, നമുക്കും അത്‌ ആവശ്യമാണ്‌. ഒരു ജോലി ഉണ്ടെങ്കിൽ, ഉത്‌പാദനക്ഷമത വർധിപ്പിക്കാനുള്ള സമ്മർദം നിങ്ങളുടെമേൽ വന്നേക്കാം. പലപ്പോഴും നന്നായി ആലോചിച്ച്‌ തീരുമാനങ്ങൾ എടുക്കാനുള്ള സമയം നമുക്കു ലഭിക്കാറില്ല. ആശ്വാസത്തിനായി അത്യധികം കാംക്ഷിക്കുന്നുവെന്നു നിങ്ങൾ സമ്മതിച്ചേക്കാം.

7. യേശുവിന്റെ സന്ദേശത്തോടുള്ള ആളുകളുടെ പ്രതികരണം എന്തായിരുന്നു?

7 വ്യക്തമായും ‘അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ’ ഏവർക്കും യേശു നൽകിയ ക്ഷണം അന്നത്തെ അവന്റെ ശ്രോതാക്കളിൽ അനേകർക്കും അങ്ങേയറ്റം ആകർഷകമായി തോന്നിയിരിക്കണം. (മത്തായി 4:25; മർക്കൊസ്‌ 3:7, 8) “ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” എന്ന വാഗ്‌ദാനം യേശു കൂട്ടിച്ചേർത്തുവെന്നും ഓർക്കുക. ആ വാഗ്‌ദാനം ഇന്നും പ്രാബല്യത്തിലിരിക്കുന്നു. നാം “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും” ആണെങ്കിൽ, അതു നമുക്കു ബാധകമായിരിക്കാൻ കഴിയും. സമാനമായ സാഹചര്യത്തിൽ ആയിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവർക്കും അതു ബാധകമാണ്‌.

8. കുട്ടികളെ വളർത്തലും വാർധക്യവും സമ്മർദം വർധിപ്പിക്കുന്നത്‌ എങ്ങനെ?

8 ആളുകളെ ഭാരപ്പെടുത്തുന്ന മറ്റു കാര്യങ്ങളുമുണ്ട്‌. കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നത്‌ വലിയ ഒരു വെല്ലുവിളിയാണ്‌. കുട്ടികൾക്കു പോലും വെല്ലുവിളികൾ നേരിട്ടേക്കാം. എല്ലാ പ്രായക്കാർക്കും മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്‌നങ്ങളുണ്ട്‌, പ്രശ്‌നങ്ങൾ ഉള്ളവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നു. വൈദ്യശാസ്‌ത്രം വളരെയധികം പുരോഗമിച്ചിരിക്കുന്ന ഈ കാലത്ത്‌, ആളുകളുടെ ആയുർദൈർഘ്യം വർധിച്ചിരിക്കാമെങ്കിലും പ്രായമായവർക്ക്‌ പ്രത്യേക പ്രശ്‌നങ്ങളെ നേരിടേണ്ടതായി വരുന്നു.​—⁠സഭാപ്രസംഗി 12:⁠1.

നുകത്തിൻ കീഴിൽ ജോലി ചെയ്യൽ

9, 10. പുരാതന കാലത്ത്‌ നുകം എന്തിന്റെ പ്രതീകമായിരുന്നു, തന്റെ നുകം ഏറ്റുകൊള്ളാൻ യേശു ആളുകളെ ആഹ്വാനം ചെയ്‌തത്‌ എന്തുകൊണ്ട്‌?

9 മത്തായി 11:28, 29-ൽനിന്ന്‌ ഉദ്ധരിച്ച വാക്കുകളിൽ, ‘എന്റെ നുകം ഏററുകൊണ്ട്‌ എന്നോടു പഠിപ്പിൻ’ എന്നു യേശു പറഞ്ഞിരിക്കുന്നത്‌ നിങ്ങൾ ശ്രദ്ധിച്ചോ? യേശുവിന്റെ നാളിലെ ഒരു സാധാരണക്കാരനു താൻ ഒരു നുകത്തിനു കീഴിൽ പ്രവർത്തിക്കുന്നതു പോലെ തോന്നിയിരിക്കണം. പുരാതന കാലം മുതൽ, നുകം അടിമത്തത്തിന്റെയും ദാസ്യത്തിന്റെയും പ്രതീകമായിരുന്നിട്ടുണ്ട്‌. (ഉല്‌പത്തി 27:40; ലേവ്യപുസ്‌തകം 26:13; ആവർത്തനപുസ്‌തകം 28:48) യേശു കണ്ടുമുട്ടിയ, പകൽസമയത്ത്‌ വേലയെടുക്കുന്ന പലർക്കും തങ്ങളുടെ ചുമലിൽ ഒരു യഥാർഥ നുകം ഉണ്ടായിരുന്നു, ഘനമേറിയ ചുമടുകൾ അവർ വഹിച്ചിരുന്നു. ഒരു നുകം എങ്ങനെയാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌ എന്നതിനെ ആശ്രയിച്ച്‌ അതു കഴുത്തിലും ചുമലിലും സുഖപ്രദമോ അസഹ്യപ്പെടുത്തുന്നതോ ആയിരിക്കാൻ കഴിയുമായിരുന്നു. ഒരു മരപ്പണിക്കാരൻ എന്ന നിലയിൽ യേശു നുകങ്ങൾ ഉണ്ടാക്കിയിരിക്കാം. ‘മൃദുവായ’ നുകങ്ങൾ ഉണ്ടാക്കാൻ അവന്‌ അറിയാമായിരുന്നിരിക്കണം. ഒരുപക്ഷേ, തോളുമായി ചേർന്നിരിക്കുന്ന അതിന്റെ ഭാഗത്ത്‌ തുകലോ തുണിയോ വെച്ചുപിടിപ്പിച്ച്‌ ആ ഭാഗം അവൻ പരമാവധി സുഖപ്രദം ആക്കിയിരിക്കാം.

10 ‘എന്റെ നുകം ഏററുകൊള്ളുവിൻ’ എന്ന്‌ യേശു പറഞ്ഞപ്പോൾ ഒരു തൊഴിലാളിയുടെ കഴുത്തിനും ചുമലുകൾക്കും ‘മൃദുവായ’ നല്ല നുകങ്ങൾ കൊടുത്തിരുന്ന ഒരുവനോട്‌ അവൻ തന്നെത്തന്നെ ഉപമിക്കുക ആയിരുന്നിരിക്കണം. ‘എന്റെ ചുമടു ലഘു ആകുന്നു’ എന്ന്‌ യേശു കൂട്ടിച്ചേർത്തു. നുകത്തിന്റെ ഉപയോഗം അസുഖകരമായിരുന്നില്ല, വേല അടിമത്തത്തിന്റേതായ ഒന്നല്ല എന്ന്‌ അത്‌ അർഥമാക്കി. തന്റെ നുകം സ്വീകരിക്കാൻ ശ്രോതാക്കളെ ക്ഷണിക്കുകവഴി അന്നത്തെ മർദകമായ എല്ലാ അവസ്ഥകളിൽനിന്നും അവൻ സത്വര ആശ്വാസം നൽകുകയായിരുന്നില്ല. എന്നാൽ, അവൻ നൽകിയ വീക്ഷണത്തിലെ മാറ്റം വലിയ ആശ്വാസം പ്രദാനം ചെയ്യുമായിരുന്നു. ജീവിതരീതിയിലും കാര്യങ്ങൾ ചെയ്യുന്ന വിധത്തിലും അവർ വരുത്തുന്ന പൊരുത്തപ്പെടുത്തലുകൾ അവർക്ക്‌ ആശ്വാസം കൈവരുത്തുമായിരുന്നു. ഏറെ പ്രധാനമായി, വ്യക്തവും സുദൃഢവുമായ പ്രത്യാശ ജീവിതസമ്മർദം കുറയ്‌ക്കാൻ അവരെ സഹായിക്കുമായിരുന്നു.

നിങ്ങൾക്ക്‌ നവോന്മേഷം കണ്ടെത്താൻ കഴിയും

11. നുകം വെച്ചുമാറുന്നതിനെ കുറിച്ചല്ല യേശു സംസാരിച്ചത്‌ എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

11 ആളുകൾക്ക്‌ നുകങ്ങൾ വെച്ചുമാറാൻ കഴിയുമെന്നു പറയുകയായിരുന്നില്ല യേശു. അപ്പോഴും ദേശത്ത്‌ റോം അധികാരവാഴ്‌ച തുടരുമായിരുന്നു, ക്രിസ്‌ത്യാനികൾ വസിക്കുന്നിടത്ത്‌ ഇന്നത്തെ ഗവൺമെന്റുകൾ അധികാരം നടത്തുന്നതുപോലെ. ഒന്നാം നൂറ്റാണ്ടിൽ റോമാക്കാർ തുടർന്നും നികുതിപിരിവ്‌ നടത്തുമായിരുന്നു. ആരോഗ്യപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ അപ്പോഴും ഉണ്ടാകുകയും അപൂർണതയും പാപവും ആളുകളെ തുടർന്നും ബാധിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ യേശുവിന്റെ പഠിപ്പിക്കൽ സ്വീകരിക്കുകവഴി അവർക്കു നവോന്മേഷം കണ്ടെത്താൻ കഴിയുമായിരുന്നു. ഇന്നും അതു സത്യമാണ്‌.

12, 13. നവോന്മേഷം കൈവരുത്തുന്ന എന്തിനാണ്‌ യേശു ഊന്നൽ നൽകിയത്‌, അതിനോടു ചിലർ എങ്ങനെ പ്രതികരിച്ചു?

12 നുകത്തെ സംബന്ധിച്ച യേശുവിന്റെ ദൃഷ്‌ടാന്തം ശിഷ്യരാക്കൽ വേലയോടു ബന്ധപ്പെട്ട്‌ ഒരു സുപ്രധാന വിധത്തിൽ പ്രകടമായി. യേശുവിന്റെ മുഖ്യ പ്രവർത്തനം ദൈവരാജ്യത്തെ കുറിച്ച്‌ മറ്റുള്ളവരെ പഠിപ്പിക്കുക എന്നത്‌ ആയിരുന്നു. (മത്തായി 4:23) അതുകൊണ്ട്‌ ‘എന്റെ നുകം ഏററുകൊൾവിൻ’ എന്ന്‌ അവൻ പറഞ്ഞപ്പോൾ, പ്രസ്‌തുത പ്രവർത്തനത്തിൽ അവനെ അനുകരിക്കുന്നത്‌ തീർച്ചയായും ഉൾപ്പെട്ടിരുന്നു. അനേകരുടെയും ജീവിതത്തിലെ ഒരു സുപ്രധാന സംഗതിയാണ്‌ തൊഴിൽ. എന്നാൽ തങ്ങളുടെ തൊഴിലുകളിൽത്തന്നെ മാറ്റം വരുത്താൻ ആത്മാർഥഹൃദയരായ പലർക്കും യേശു ഒരു പ്രേരണ ആയി എന്നു സുവിശേഷ രേഖ പ്രകടമാക്കുന്നു. പത്രൊസ്‌, അന്ത്രെയോസ്‌, യാക്കോബ്‌, യോഹന്നാൻ എന്നിവർക്ക്‌ യേശു നൽകിയ ഈ ആഹ്വാനത്തെ കുറിച്ച്‌ ഓർക്കുക: “എന്നെ അനുഗമിപ്പിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും.” (മർക്കൊസ്‌ 1:16-20) തന്റെ മാർഗനിർദേശവും സഹായവും സ്വീകരിച്ചുകൊണ്ട്‌, താൻ ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകിയിരിക്കുന്ന വേല സ്വീകരിക്കുന്നപക്ഷം അവർക്കു വലിയ സംതൃപ്‌തി ലഭിക്കുമെന്ന്‌ അവൻ പ്രകടമാക്കി.

13 അവന്റെ യഹൂദ ശ്രോതാക്കളിൽ ചിലർക്കു കാര്യം മനസ്സിലായി, അവർ അതു ബാധകമാക്കുകയും ചെയ്‌തു. നാം ലൂക്കൊസ്‌ 5:1-11-ൽ വായിക്കുന്ന, കടലോരത്തു വെച്ചുനടന്ന സംഭവം ഒന്നു മനസ്സിൽ കാണുക. നാലു മീൻപിടിത്തക്കാർ രാത്രി മുഴുവനും കഷ്‌ടപ്പെട്ടിട്ടും അവർക്കു മീനൊന്നും കിട്ടിയില്ല. പെട്ടെന്ന്‌ അവരുടെ വലകൾ നിറഞ്ഞു! ഇതു യാദൃച്ഛികമായി സംഭവിച്ചത്‌ ആയിരുന്നില്ല; പിന്നെയോ, യേശുവിന്റെ ഇടപെടൽ നിമിത്തമായിരുന്നു. തീരത്തേക്കു നോക്കിയപ്പോൾ യേശുവിന്റെ പ്രബോധനം കേൾക്കാൻ തത്‌പരരായി ഒരു പുരുഷാരം നിൽക്കുന്നത്‌ അവർ കണ്ടു. യേശു ആ നാലു പേരോടു പിൻവരുന്നപ്രകാരം പറഞ്ഞ കാര്യം വ്യക്തമാക്കാൻ ആ സംഭവം സഹായിച്ചു: “ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും.” അവരുടെ പ്രതികരണം എന്തായിരുന്നു? “അവർ പടകുകളെ കരെക്കു അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു.”

14. (എ) ഇന്നു നമുക്ക്‌ എങ്ങനെ നവോന്മേഷം കണ്ടെത്താനാകും? (ബി) നവോന്മേഷം കൈവരുത്തുന്ന എന്തു സുവാർത്തയാണ്‌ യേശു പ്രഖ്യാപിച്ചത്‌?

14 അടിസ്ഥാനപരമായി നിങ്ങൾക്കും സമാനമായ ഒരു വിധത്തിൽ പ്രതികരിക്കാൻ സാധിക്കും. ആളുകളെ ബൈബിൾ സത്യം പഠിപ്പിക്കുകയെന്ന വേല ഇപ്പോഴും തുടരുകയാണ്‌. ലോകവ്യാപകമായി ഏകദേശം 60 ലക്ഷം യഹോവയുടെ സാക്ഷികൾ ‘തന്റെ നുകം ഏററുകൊള്ളുവിൻ’ എന്ന യേശുവിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട്‌ ‘മനുഷ്യരെ പിടിക്കുന്നവർ’ ആയിത്തീർന്നിരിക്കുന്നു. (മത്തായി 4:19) ചിലർ ഇതു മുഴുസമയ വേലയായി ചെയ്യുന്നു; മറ്റുചിലർ തങ്ങളാൽ ആകുന്നതുപോലെ അംശകാലമായും. അവർ എല്ലാവരും അതു നവോന്മേഷകരമെന്നു കണ്ടെത്തുന്നു, അതുകൊണ്ട്‌ അവരുടെ ജീവിതത്തിൽ സമ്മർദം കുറവാണ്‌. തങ്ങൾ ആസ്വദിക്കുന്നത്‌ ചെയ്യുന്നത്‌, അതായത്‌ മറ്റുള്ളവരോടു “രാജ്യത്തിന്റെ സുവാർത്ത” ഘോഷിക്കുന്നത്‌ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. (മത്തായി 4:​23, NW) സുവാർത്ത പറയുന്നത്‌ എപ്പോഴും സന്തോഷമുള്ള ഒരു കാര്യമാണ്‌, പ്രത്യേകിച്ചും രാജ്യത്തിന്റെ ഈ സുവാർത്ത പറയുന്നത്‌. തങ്ങൾക്കു സമ്മർദം കുറഞ്ഞ ജീവിതം നയിക്കാൻ കഴിയുമെന്ന്‌ അനേകരെ ബോധ്യപ്പെടുത്താൻ ആവശ്യമായ പ്രാഥമിക വിവരങ്ങൾ ബൈബിളിൽ അടങ്ങിയിട്ടുണ്ട്‌.​—⁠2 തിമൊഥെയൊസ്‌ 3:16, 17.

15. യേശുവിന്റെ പഠിപ്പിക്കലുകളിൽനിന്നും ജീവിതത്തിൽനിന്നും നിങ്ങൾക്ക്‌ എങ്ങനെ പ്രയോജനം നേടാനാകും?

15 ദൈവരാജ്യത്തെ കുറിച്ചു പഠിച്ചു തുടങ്ങിയിരിക്കുന്ന ആളുകൾ പോലും എങ്ങനെ ജീവിക്കണം എന്നതു സംബന്ധിച്ചുള്ള യേശുവിന്റെ പഠിപ്പിക്കലുകളിൽനിന്ന്‌ ഒരു പരിധിവരെ പ്രയോജനം നേടിയിട്ടുണ്ട്‌. യേശുവിന്റെ പഠിപ്പിക്കലുകൾ തങ്ങൾക്കു നവോന്മേഷം കൈവരുത്തിയിരിക്കുന്നുവെന്നും അവ തങ്ങളുടെ ജീവിതത്തിനു സമൂല പരിവർത്തനം വരുത്താൻ സഹായിച്ചിരിക്കുന്നുവെന്നും അനേകർക്കും സത്യസന്ധമായി പറയാനാകും. യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള വിവരണങ്ങളിൽ അടങ്ങിയിരിക്കുന്ന, ജീവിതത്തെ ഭരിക്കേണ്ട ചില തത്ത്വങ്ങൾ പരിശോധിച്ചാൽ നിങ്ങൾക്ക്‌ അതു ബോധ്യമാകും. ഇതിനായി മത്തായി, മർക്കൊസ്‌, ലൂക്കൊസ്‌ എന്നിവർ എഴുതിയ സുവിശേഷങ്ങൾ വിശേഷാൽ പരിചിന്തിക്കുക.

നവോന്മേഷത്തിനുള്ള ഒരു മാർഗം

16, 17. (എ) യേശുവിന്റെ ചില മുഖ്യ പഠിപ്പിക്കലുകൾ എവിടെ കണ്ടെത്താനാകും? (ബി) യേശുവിന്റെ പഠിപ്പിക്കലുകൾ ബാധകമാക്കുന്നതിലൂടെ നവോന്മേഷം കണ്ടെത്താൻ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌?

16 പൊ.യു. 31-ലെ വസന്തത്തിൽ യേശു നടത്തിയ ഒരു പ്രസംഗം ഇപ്പോഴും വിശ്വപ്രസിദ്ധമാണ്‌. അതു ഗിരിപ്രഭാഷണം എന്നു പൊതുവേ അറിയപ്പെടുന്നു. മത്തായി 5 മുതൽ 7 വരെയുള്ള അധ്യായങ്ങളിലും ലൂക്കൊസ്‌ 6-ാം അധ്യായത്തിലുമാണ്‌ അതു രേഖപ്പെടുത്തിയിരിക്കുന്നത്‌. യേശുവിന്റെ പല പഠിപ്പിക്കലുകളും അതിൽ സംക്ഷേപിക്കപ്പെട്ടിരിക്കുന്നു. അവന്റെ മറ്റു പഠിപ്പിക്കലുകൾ മറ്റു സുവിശേഷ ഭാഗങ്ങളിൽ കാണാം. അവൻ പറഞ്ഞ പലതും പ്രത്യേക വിശദീകരണം കൂടാതെതന്നെ വ്യക്തമാണെങ്കിലും, അവ ബാധകമാക്കുക അത്ര എളുപ്പമല്ല. ആ അധ്യായങ്ങൾ ശ്രദ്ധാപൂർവം, ധ്യാനനിരതമായി എന്തുകൊണ്ട്‌ ഒന്നു വായിച്ചുകൂടാ? അവന്റെ ആശയങ്ങളുടെ ശക്തി നിങ്ങളുടെ ചിന്തയെയും മനോഭാവത്തെയും സ്വാധീനിക്കുമാറാകട്ടെ.

17 വ്യക്തമായും, യേശുവിന്റെ പഠിപ്പിക്കലുകളെ വ്യത്യസ്‌ത വിധങ്ങളിൽ ക്രമീകരിക്കാൻ സാധിക്കും. മാസത്തിലെ ഓരോ ദിവസവും ഒന്നു വീതം പരിചിന്തിക്കാൻ കഴിയുമാറ്‌ അവന്റെ മുഖ്യ പഠിപ്പിക്കലുകളെ ഒന്നിച്ചെടുത്ത്‌ അവ എങ്ങനെ ജീവിതത്തിൽ ബാധകമാക്കാൻ കഴിയുമെന്നു നോക്കാം. ഏതു വിധത്തിൽ? അവ വെറുതെയങ്ങ്‌ ഓടിച്ചുവായിക്കരുത്‌. ‘ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം?’ എന്ന്‌ ഒരു ധനിക ഭരണാധിപൻ യേശുവിനോടു ചോദിച്ചുവെന്ന്‌ ഓർക്കുക. ന്യായപ്രമാണത്തിലെ സുപ്രധാന വ്യവസ്ഥകൾ യേശു പറഞ്ഞപ്പോൾ, താൻ അവ ഇപ്പോൾത്തന്നെ ചെയ്യുന്നുവെന്ന്‌ ആ മനുഷ്യൻ പ്രതിവചിച്ചു. എന്നാൽ താൻ ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന്‌ ആ മനുഷ്യൻ തിരിച്ചറിഞ്ഞു. തീക്ഷ്‌ണതയുള്ള ഒരു ശിഷ്യൻ ആയിരിക്കേണ്ടതിന്‌, ദൈവിക തത്ത്വങ്ങൾ പ്രാവർത്തികമാക്കുന്നതിനു കൂടുതൽ ശ്രമം ചെയ്യാൻ യേശു ആ മനുഷ്യനോടു പറഞ്ഞു. അത്രത്തോളം പോകാൻ അയാൾ സന്നദ്ധൻ ആയിരുന്നില്ല. (ലൂക്കൊസ്‌ 18:18-23) അതുകൊണ്ട്‌, ഇന്ന്‌ യേശുവിന്റെ ഉപദേശങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരുവൻ, അവ അംഗീകരിക്കുന്നതും സമ്മർദം കുറയ്‌ക്കാൻ തക്കവണ്ണം അവ സജീവമായി പ്രാവർത്തികമാക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ടെന്നു തിരിച്ചറിയണം.

18. ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചതുരം നിങ്ങൾക്ക്‌ എങ്ങനെ പ്രയോജനകരമായി ഉപയോഗിക്കാൻ കഴിയുമെന്നു ദൃഷ്‌ടാന്തീകരിക്കുക.

18 യേശുവിന്റെ പഠിപ്പിക്കലുകൾ പരിശോധിക്കുകയും ബാധകമാക്കുകയും ചെയ്യുന്നതിന്റെ ഒരു തുടക്കമെന്ന നിലയിൽ, ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചതുരത്തിലെ ആദ്യത്തെ പോയിന്റ്‌ നോക്കുക. അത്‌ മത്തായി 5:3-9-നെ പരാമർശിക്കുന്നു. വാസ്‌തവത്തിൽ, ആ വാക്യങ്ങളിൽ നൽകിയിരിക്കുന്ന വിസ്‌മയകരമായ ബുദ്ധിയുപദേശത്തെ കുറിച്ചു ധ്യാനിച്ചുകൊണ്ട്‌ നമ്മിലോരോരുത്തർക്കും വളരെ സമയം ചെലവിടാൻ കഴിയും. എന്നാൽ, പൊതുവെയുള്ള മനോഭാവം സംബന്ധിച്ച്‌ നിങ്ങൾ എന്തു നിഗമനത്തിലാണ്‌ എത്തിച്ചേരുന്നത്‌? അമിത സമ്മർദം നിങ്ങളുടെ ജീവിതത്തിൽ ഉളവാക്കിയേക്കാവുന്ന ഫലത്തെ തരണം ചെയ്യാൻ യഥാർഥമായി ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾ എന്തു ചെയ്യണം? ആത്മീയ കാര്യങ്ങൾക്കു കൂടുതൽ ശ്രദ്ധ കൊടുത്തുകൊണ്ട്‌ അവയെ കുറിച്ചു കൂടുതൽ ചിന്തിക്കുന്നെങ്കിൽ, അതു നിങ്ങളുടെ അവസ്ഥയെ എങ്ങനെ മെച്ചപ്പെടുത്തിയേക്കാം? ആത്മീയ കാര്യങ്ങൾക്കു കൂടുതൽ ശ്രദ്ധ ലഭിക്കത്തക്കവണ്ണം പ്രാധാന്യം കുറച്ചു കാണേണ്ട എന്തെങ്കിലും നിങ്ങളുടെ ജീവിതത്തിലുണ്ടോ? അങ്ങനെ ചെയ്യുന്നെങ്കിൽ, ഇപ്പോഴുള്ള സന്തുഷ്‌ടി വർധിപ്പിക്കാൻ നിങ്ങൾക്കു കഴിയും.

19. കൂടുതൽ ഉൾക്കാഴ്‌ചയും ഗ്രാഹ്യവും നേടാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

19 ഇനി, നിങ്ങൾക്ക്‌ മറ്റൊന്നു കൂടി ചെയ്യാൻ സാധിക്കും. ആ വാക്യങ്ങൾ ഒരു സഹവിശ്വാസിയുമായി, ഒരുപക്ഷേ നിങ്ങളുടെ വിവാഹ ഇണയുമായി, അടുത്ത ഒരു ബന്ധുവുമായി, അല്ലെങ്കിൽ ഒരു സുഹൃത്തുമായി ചർച്ച ചെയ്യരുതോ? (സദൃശവാക്യങ്ങൾ 18:24; 20:5) മുമ്പു പരാമർശിച്ച ധനികനായ ഭരണാധിപൻ ഒരു പ്രധാന വിഷയത്തെ കുറിച്ച്‌ മറ്റൊരാളോട്‌​—⁠യേശുവിനോട്‌​—⁠ചോദിച്ചുവെന്ന കാര്യം മനസ്സിൽ പിടിക്കുക. ലഭിച്ച മറുപടി സന്തുഷ്‌ടിയും നിത്യജീവനും സംബന്ധിച്ച അയാളുടെ പ്രത്യാശ വർധിപ്പിക്കേണ്ടതായിരുന്നു. നിങ്ങൾ ആ വാക്യങ്ങൾ ചർച്ച ചെയ്യുന്ന സഹവിശ്വാസി യേശുവിനു സമൻ ആയിരിക്കില്ല; എങ്കിലും യേശുവിന്റെ പഠിപ്പിക്കലുകളെ കുറിച്ചുള്ള ചർച്ച നിങ്ങൾ ഇരുവർക്കും പ്രയോജനം ചെയ്യും. അതുകൊണ്ട്‌ ഒട്ടും വൈകാതെ അങ്ങനെ ചെയ്യാൻ ശ്രമിക്കുക.

20, 21. യേശുവിന്റെ പഠിപ്പിക്കലുകളെ കുറിച്ചു മനസ്സിലാക്കാൻ നിങ്ങൾക്ക്‌ എന്തു പരിപാടി പിൻപറ്റാനാകും, നിങ്ങൾക്ക്‌ എങ്ങനെ പുരോഗതി വിലയിരുത്താൻ കഴിയും?

20 “നിങ്ങൾക്കു സഹായകമായ പഠിപ്പിക്കലുകൾ” എന്ന ശീർഷകത്തോടു കൂടിയ ചതുരം വീണ്ടും കാണുക. ദിവസവും ചുരുങ്ങിയത്‌ ഒരു പഠിപ്പിക്കൽ എങ്കിലും പരിചിന്തിക്കാൻ കഴിയുമാറ്‌ ഈ പഠിപ്പിക്കലുകളെ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. പരാമർശിച്ചിരിക്കുന്ന വാക്യങ്ങളിൽ യേശു എന്താണ്‌ പറഞ്ഞിരിക്കുന്നത്‌ എന്ന്‌ നിങ്ങൾക്ക്‌ ആദ്യം വായിക്കാൻ കഴിയും. എന്നിട്ട്‌ അവന്റെ വാക്കുകളെ കുറിച്ചു ചിന്തിക്കുക. അവ വ്യക്തിപരമായ ജീവിതത്തിൽ എങ്ങനെ ബാധകമാക്കാൻ കഴിയുമെന്നു വിചിന്തനം ചെയ്യുക. നിങ്ങൾ ഇപ്പോൾത്തന്നെ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ, ആ ദിവ്യ പഠിപ്പിക്കൽ അനുസരിച്ച്‌ നിങ്ങൾക്കു കൂടുതലായി എന്തു ചെയ്യാൻ കഴിയുമെന്നു പരിചിന്തിക്കുക. എന്നിട്ട്‌ അത്‌ ആ ദിവസം ബാധകമാക്കാൻ ശ്രമിക്കുക. നിങ്ങൾക്ക്‌ അതു മനസ്സിലാക്കാൻ ബുദ്ധിമുട്ട്‌ ഉണ്ടായിരിക്കുകയോ അത്‌ എങ്ങനെ ബാധകമാകുന്നുവെന്ന്‌ മനസ്സിലാകാതിരിക്കുകയോ ചെയ്യുന്നെങ്കിൽ, അതിനു വേണ്ടി മറ്റൊരു ദിവസം ചെലവഴിക്കുക. ഓരോ പഠിപ്പിക്കലും പൂർണമായി ബാധകമാക്കിയ ശേഷമേ അടുത്തതിലേക്കു പോകാവൂ എന്നു വിചാരിക്കേണ്ടതില്ല. അതിനടുത്ത ദിവസം നിങ്ങൾക്ക്‌ മറ്റൊരു പഠിപ്പിക്കൽ പരിചിന്തിക്കാവുന്നതാണ്‌. ആ ആഴ്‌ച കഴിയുമ്പോൾ, യേശുവിന്റെ നാലോ അഞ്ചോ പഠിപ്പിക്കലുകൾ ബാധകമാക്കുന്നതിൽ നിങ്ങൾ എത്രമാത്രം വിജയിച്ചിരിക്കുന്നുവെന്നു നിങ്ങൾക്കു വിലയിരുത്താൻ കഴിയും. രണ്ടാമത്തെ ആഴ്‌ച ദിവസവും കൂടുതൽ കാര്യങ്ങൾ പഠിക്കുക. ഏതെങ്കിലും ഒരു പഠിപ്പിക്കൽ ബാധകമാക്കുന്നതിൽ നിങ്ങൾക്കു വീഴ്‌ച വന്നാൽ നിരുത്സാഹപ്പെടരുത്‌. ഏതൊരു ക്രിസ്‌ത്യാനിക്കും ആ അനുഭവം ഉണ്ടായിരിക്കും. (2 ദിനവൃത്താന്തം 6:36; സങ്കീർത്തനം 130:3; സഭാപ്രസംഗി 7:20; യാക്കോബ്‌ 3:8) ഈ രീതി മൂന്നാമത്തെയും നാലാമത്തെയും ആഴ്‌ചയിലും തുടരുക.

21 ഒരു മാസമോ മറ്റോ കഴിയുമ്പോഴേക്കും, നിങ്ങൾ ഒരുപക്ഷേ 31 ആശയങ്ങളും പൂർത്തിയാക്കി കഴിഞ്ഞിരിക്കും. എങ്ങനെ ആയിരുന്നാലും, അതിന്റെ ഫലമായി നിങ്ങൾക്ക്‌ എങ്ങനെ തോന്നും? നിങ്ങൾ കൂടുതൽ സന്തോഷവാനും പിരിമുറുക്കം കുറഞ്ഞവനും ആയിരിക്കില്ലേ? വളരെ കുറച്ചു പുരോഗതിയേ വരുത്തുന്നുള്ളു എങ്കിൽപ്പോലും, സമ്മർദം കുറയുന്നതായി അല്ലെങ്കിൽ സമ്മർദത്തെ വിജയകരമായി കൈകാര്യം ചെയ്യുന്നതായി നിങ്ങൾക്കു തോന്നും. അതു തുടരാനുള്ള ഒരു മാർഗവും നിങ്ങൾ നേടിക്കഴിഞ്ഞിരിക്കും. ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത യേശുവിന്റെ വേറെ പല പഠിപ്പിക്കലുകളും ഉണ്ടെന്ന കാര്യം മറക്കരുത്‌. അവ കണ്ടെത്തി ബാധകമാക്കാൻ എന്തുകൊണ്ടു ശ്രമിച്ചുകൂടാ?​—⁠ഫിലിപ്പിയർ 3:16.

22. യേശുവിന്റെ പഠിപ്പിക്കലുകൾ പിൻപറ്റുന്നതിന്റെ ഫലം എന്തായിരുന്നേക്കാം, കൂടുതലായ എന്തു വശം നമ്മുടെ പഠനം അർഹിക്കുന്നു?

22 യേശുവിന്റെ നുകത്തിനു ഭാരമുണ്ടെങ്കിലും, അത്‌ യഥാർഥത്തിൽ മൃദുവാണെന്നു നിങ്ങൾക്കു മനസ്സിലായിരിക്കും. അവന്റെ പഠിപ്പിക്കലിന്റെയും ശിഷ്യത്വത്തിന്റെയും ഭാരം ലഘുവാണ്‌. 60 വർഷത്തെ വ്യക്തിപരമായ അനുഭവത്തിൽനിന്ന്‌ യേശുവിന്റെ പ്രിയ സുഹൃത്തായ യോഹന്നാൻ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം; അവന്റെ കലപ്‌നകൾ ഭാരമുള്ളവയല്ല.” (1 യോഹന്നാൻ 5:3) നിങ്ങൾക്കും അതേ ഉറപ്പ്‌ ഉണ്ടായിരിക്കാൻ കഴിയും. നിങ്ങൾ യേശുവിന്റെ പഠിപ്പിക്കലുകൾ എത്ര കൂടുതലായി ബാധകമാക്കുന്നുവോ, ഇന്ന്‌ അനേകരുടെയും ജീവിതത്തെ സമ്മർദപൂരിതമാക്കുന്ന സംഗതികൾ നിങ്ങൾക്ക്‌ അത്ര കുറച്ചേ അരിഷ്‌ടത ഉളവാക്കുകയുള്ളൂ എന്നു നിങ്ങൾ കണ്ടെത്തും. നിങ്ങൾ ഗണ്യമായ ആശ്വാസം കണ്ടെത്തിയിരിക്കുന്നതായും മനസ്സിലാക്കും. (സങ്കീർത്തനം 34:8) എന്നാൽ, നിങ്ങൾ പരിചിന്തിക്കേണ്ട മറ്റൊരു വശം യേശുവിന്റെ മൃദുവായ നുകത്തിനുണ്ട്‌. താൻ “സൌമ്യതയും താഴ്‌മയും ഉള്ളവൻ” ആണെന്നും യേശു പറഞ്ഞു. യേശുവിൽനിന്നു പഠിക്കുന്നതും അവനെ അനുകരിക്കുന്നതുമായി അത്‌ എങ്ങനെയാണ്‌ ബന്ധപ്പെട്ടിരിക്കുന്നത്‌? അടുത്ത ലേഖനത്തിൽ നാം അതു പരിചിന്തിക്കുന്നതാണ്‌.​—⁠മത്തായി 11:29.

എന്താണു നിങ്ങളുടെ മറുപടി?

• അമിത സമ്മർദത്തിൽനിന്ന്‌ ആശ്വാസം തേടുമ്പോൾ നാം യേശുവിലേക്കു നോക്കേണ്ടത്‌ എന്തുകൊണ്ട്‌?

• നുകം എന്തിന്റെ പ്രതീകമായിരുന്നു, എന്തുകൊണ്ട്‌?

• തന്റെ നുകം ചുമക്കാൻ യേശു ആളുകളെ ക്ഷണിച്ചത്‌ എന്തുകൊണ്ട്‌?

• ആത്മീയ നവോന്മേഷം നിങ്ങൾക്ക്‌ എങ്ങനെ കണ്ടെത്താൻ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[14-ാം പേജിലെ ആകർഷക വാക്യം]

യഹോവയുടെ സാക്ഷികളുടെ 2002-ലെ വാർഷികവാക്യം: “എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.” ​—⁠മത്തായി 11:⁠28.

[12, 13 പേജുകളിലെ ചതുരം]

നിങ്ങൾക്കു സഹായകമായ പഠിപ്പിക്കലുകൾ

മത്തായി 5 മുതൽ 7 വരെയുള്ള അധ്യായങ്ങളിൽ എന്തെല്ലാം നല്ല കാര്യങ്ങൾ കണ്ടെത്താനാകും? വിദഗ്‌ധ ഉപദേഷ്‌ടാവായ യേശു ഗലീലയിലെ ഒരു മലഞ്ചെരുവിൽ വെച്ച്‌ നടത്തിയ പഠിപ്പിക്കലുകളാണ്‌ ഈ അധ്യായങ്ങളിൽ അടങ്ങിയിരിക്കുന്നത്‌. താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങൾ നിങ്ങളുടെ സ്വന്തം ബൈബിളിൽനിന്നു വായിക്കുക, എന്നിട്ട്‌ നൽകിയിരിക്കുന്ന ബന്ധപ്പെട്ട ചോദ്യങ്ങൾ സ്വയം പരിചിന്തിക്കുക.

1. 5:​3-9(NW) എന്റെ പൊതുവായ മനോഭാവം സംബന്ധിച്ച്‌ ഈ ഭാഗം എന്തു പറയുന്നു? കൂടുതൽ സന്തുഷ്‌ടി നേടാൻ എനിക്ക്‌ എന്തു ചെയ്യാനാകും? എന്റെ ആത്മീയ ആവശ്യങ്ങൾക്ക്‌ എനിക്ക്‌ എങ്ങനെ കൂടുതൽ ശ്രദ്ധ നൽകാനാകും?

2. 5:​25, 26 അനേകർക്കുമുള്ള കലഹസ്വഭാവത്തെ അനുകരിക്കുന്നതിനെക്കാൾ മെച്ചം എന്താണ്‌?​—⁠ലൂക്കൊസ്‌ 12:58, 59.

3. 5:​27-30 രതിസങ്കൽപ്പങ്ങളെ കുറിച്ച്‌ യേശുവിന്റെ വാക്കുകൾ എന്ത്‌ ഊന്നിപ്പറയുന്നു? അത്‌ ഒഴിവാക്കുന്നത്‌ എന്റെ സന്തുഷ്‌ടിയും മനസ്സമാധാനവും വർധിപ്പിക്കുന്നത്‌ എങ്ങനെ?

4. 5:​38-42 ആധുനിക സമൂഹം അക്രമ മനോഭാവത്തിനു നൽകുന്ന ഊന്നൽ ഞാൻ ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

5. 5:​43-48 ശത്രുക്കളായി ഒരുപക്ഷേ ഞാൻ കരുതിയിട്ടുള്ള സഹകാരികളുമായി കൂടുതൽ പരിചയത്തിലാകുന്നത്‌ എനിക്ക്‌ എങ്ങനെ പ്രയോജനം ചെയ്‌തേക്കാം? പിരിമുറുക്കം കുറയ്‌ക്കുന്നതിലോ അത്‌ ഇല്ലാതാക്കുന്നതിലോ ഇത്‌ എന്തു പങ്കു വഹിക്കാനിടയുണ്ട്‌?

6. 6:​14, 15 എനിക്കു ചിലപ്പോഴൊക്കെ ക്ഷമിക്കാതിരിക്കാനുള്ള പ്രവണത ഉണ്ടെങ്കിൽ, അതിന്റെ അടിസ്ഥാന കാരണം ഈർഷ്യയോ നീരസമോ ആയിരിക്കുമോ? അതിനു മാറ്റം വരുത്താൻ എനിക്ക്‌ എങ്ങനെ കഴിയും?

7. 6:​16-18 ഉള്ളിൽ എങ്ങനെ ആയിരിക്കുന്നു എന്നതിനെക്കാൾ പുറമേ എങ്ങനെ കാണപ്പെടുന്നു എന്നതിനു കൂടുതൽ പ്രാധാന്യം കൊടുക്കാൻ എനിക്ക്‌ ചായ്‌വുണ്ടോ? ഞാൻ എന്തിനെ കുറിച്ചാണ്‌ കൂടുതൽ ബോധവാൻ ആയിരിക്കേണ്ടത്‌?

8. 6:​19-32 പണത്തിലും ഭൗതിക വസ്‌തുക്കളിലുമാണ്‌ ഞാൻ കൂടുതൽ താത്‌പര്യം പ്രകടമാക്കുന്നതെങ്കിൽ, അത്‌ എന്തു ഫലം ഉളവാക്കിയേക്കാം? ഇക്കാര്യത്തിൽ സമനില പുലർത്താൻ എന്തിനെ കുറിച്ചു ചിന്തിക്കുന്നത്‌ എന്നെ സഹായിക്കും?

9. 7:​1-5 കുറ്റപ്പെടുത്താനും വിമർശിക്കാനും സദാ കുറ്റം കണ്ടുപിടിക്കാനും ചായ്‌വ്‌ ഉള്ളവരുടെ കൂട്ടത്തിൽ ആയിരിക്കുമ്പോൾ എനിക്ക്‌ എന്തു തോന്നുന്നു? ഞാൻ അവരെപ്പോലെ ആകാതിരിക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10. 7:​7-11 ദൈവത്തോടു പ്രാർഥിക്കുമ്പോൾ സ്ഥിരോത്സാഹം ആവശ്യമാണെങ്കിൽ, ജീവിതത്തിന്റെ മറ്റു മണ്ഡലങ്ങളിലോ?​—⁠ലൂക്കൊസ്‌ 11:5-13.

11. 7:​12 സുവർണ നിയമം എനിക്ക്‌ അറിയാമെങ്കിലും, മറ്റുള്ളവരോട്‌ ഇടപെടുമ്പോൾ ഞാൻ എത്ര കൂടെക്കൂടെ അതു ബാധകമാക്കാറുണ്ട്‌?

12. 7:​24-27 എന്റെ സ്വന്തം ജീവിതം നയിക്കാനുള്ള ഉത്തരവാദിത്വം എനിക്ക്‌ ആയതിനാൽ, അതിദുഷ്‌കര സാഹചര്യങ്ങളെ നേരിടുന്നതിന്‌ എനിക്ക്‌ എങ്ങനെ മെച്ചമായി ഒരുങ്ങാനാകും? ഇതേക്കുറിച്ച്‌ ഞാൻ ഇപ്പോൾ ചിന്തിക്കേണ്ടത്‌ എന്തുകൊണ്ട്‌?​—⁠ലൂക്കൊസ്‌ 6:46-49.

എനിക്കു പരിചിന്തിക്കാവുന്ന കൂടുതലായ പഠിപ്പിക്കലുകൾ:

13. 8:​2, 3 യേശു മിക്കപ്പോഴും ചെയ്‌തതുപോലെ, വിഷമാവസ്ഥയിൽ ഉള്ളവരോട്‌ എനിക്ക്‌ എങ്ങനെ അനുകമ്പ കാണിക്കാൻ കഴിയും?

14. 9:​9-38 കരുണ എന്ന ഗുണത്തിന്‌ എന്റെ ജീവിതത്തിൽ എന്തു സ്ഥാനമാണുള്ളത്‌, അത്‌ എനിക്ക്‌ എങ്ങനെ കൂടുതലായി പ്രകടമാക്കാനാകും?

15. 12:​18 യേശുവിനെ കുറിച്ചുള്ള പ്രവചനത്തിൽനിന്ന്‌ ഒരു പാഠം ഉൾക്കൊണ്ടുകൊണ്ട്‌ കലഹിപ്പിക്കുന്നതരം തർക്കങ്ങൾ ഒഴിവാക്കാൻ ഞാൻ ശ്രമിക്കാറുണ്ടോ?

16. 12:​19, 20 വാക്കുകളാലോ പ്രവൃത്തികളാലോ മറ്റുള്ളവരെ ഞെരിച്ചമർത്താതിരിക്കുന്നതുവഴി എനിക്ക്‌ എന്തു നന്മ ചെയ്യാനാകും?

17. 12:​34-37 ഞാൻ അധിക നേരവും എന്തിനെ കുറിച്ചാണു സംസാരിക്കുന്നത്‌? ഓറഞ്ച്‌ പിഴിഞ്ഞാൽ ഓറഞ്ചുനീരേ കിട്ടൂ എന്ന്‌ എനിക്കറിയാം, അതുകൊണ്ട്‌ എന്റെ ഉള്ളിൽ, ഹൃദയത്തിൽ എന്താണ്‌ ഉള്ളത്‌ എന്നതിനു ഞാൻ ശ്രദ്ധ കൊടുക്കേണ്ടത്‌ എന്തുകൊണ്ട്‌?​—⁠മർക്കൊസ്‌ 7:20-23.

18. 15:​4-6 യേശുവിന്റെ വാക്കുകളിൽനിന്നു പ്രായമായവരെ സ്‌നേഹപൂർവം പരിപാലിക്കുന്നതു സംബന്ധിച്ച്‌ ഞാൻ എന്തു മനസ്സിലാക്കുന്നു?

19. 19:​13-15 ആർക്കു വേണ്ടി ഞാൻ സമയം ചെലവഴിക്കേണ്ടതുണ്ട്‌?

20. 20:​25-28 അധികാരം കയ്യാളാൻ മാത്രം അധികാരം പ്രയോഗിക്കുന്നത്‌ ഉചിതമല്ലാത്തത്‌ എന്തുകൊണ്ട്‌? ഇക്കാര്യത്തിൽ എനിക്ക്‌ യേശുവിനെ എങ്ങനെ അനുകരിക്കാനാകും?

കൂടുതലായ ചില ആശയങ്ങൾ, മർക്കൊസ്‌ രേഖപ്പെടുത്തിയത്‌:

21. 4:​24, 25 ഞാൻ മറ്റുള്ളവരോട്‌ എങ്ങനെ ഇടപെടുന്നു എന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

22. 9:​50 ഞാൻ പറയുന്നതും പ്രവർത്തിക്കുന്നതും ഉപ്പിനാൽ രുചി വരുത്തിയതു പോലുള്ള കാര്യങ്ങൾ ആണെങ്കിൽ, അതുകൊണ്ട്‌ എന്തു നല്ല ഫലം കൈവന്നേക്കാം?

ഇനി, ലൂക്കൊസ്‌ രേഖപ്പെടുത്തിയ ഏതാനും പഠിപ്പിക്കലുകൾ:

23. 8:​1114 ഉത്‌കണ്‌ഠ, സമ്പത്ത്‌, സുഖഭോഗം എന്നിവ എന്റെ ജീവിതത്തെ ഭരിക്കാൻ ഞാൻ അനുവദിച്ചാൽ അതിന്റെ ഫലം എന്തായിരിക്കും?

24. 9:​1-6 രോഗികളെ സൗഖ്യമാക്കാനുള്ള പ്രാപ്‌തി യേശുവിന്‌ ഉണ്ടായിരുന്നെങ്കിലും, അവൻ പ്രാധാന്യം കൽപ്പിച്ചത്‌ എന്തിനാണ്‌?

25. 9:​52-56 എനിക്ക്‌ മറ്റുള്ളവരോട്‌ എളുപ്പം നീരസം തോന്നുന്നുവോ? പ്രതികാരചിന്ത ഞാൻ ഒഴിവാക്കാറുണ്ടോ?

26. 9:​62 ദൈവരാജ്യത്തെ കുറിച്ചു പ്രസംഗിക്കാനുള്ള ഉത്തരവാദിത്വത്തെ ഞാൻ എങ്ങനെയാണു വീക്ഷിക്കേണ്ടത്‌?

27. 10:​29-37 ഞാൻ ഒരു കൂട്ടുകാരൻ അഥവാ അയൽക്കാരൻ ആണ്‌, അപരിചിതനല്ല എന്ന്‌ എങ്ങനെ തെളിയിക്കാൻ കഴിയും?

28. 11:​33-36 ജീവിതം ലളിതമാക്കാൻ എന്തെല്ലാം മാറ്റങ്ങൾ എനിക്കു വരുത്താൻ കഴിയും?

29. 12:​15 ജീവനും സ്വത്തുക്കളും തമ്മിലുള്ള ബന്ധമെന്ത്‌?

30. 14:​28-30 തീരുമാനങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്താൻ സമയമെടുക്കുന്നെങ്കിൽ എനിക്ക്‌ എന്ത്‌ ഒഴിവാക്കാനാകും, അതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?

31. 16:​10-12 വിശ്വസ്‌ത ജീവിതം നയിച്ചാൽ എനിക്ക്‌ എന്തെല്ലാം പ്രയോജനങ്ങൾ ലഭിച്ചേക്കാം?

[10-ാം പേജിലെ ചിത്രങ്ങൾ]

യേശുവിന്റെ നുകത്തിൻ കീഴിലുള്ള ജീവരക്ഷാകരമായ വേല നവോന്മേഷപ്രദമാണ്‌