വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എല്ലാ സത്യക്രിസ്‌ത്യാനികളും സദ്വാർത്ത അറിയിക്കുന്നവരാണ്‌

എല്ലാ സത്യക്രിസ്‌ത്യാനികളും സദ്വാർത്ത അറിയിക്കുന്നവരാണ്‌

എല്ലാ സത്യക്രിസ്‌ത്യാനികളും സദ്വാർത്ത അറിയിക്കുന്നവരാണ്‌

“യഹോവെക്കു പാടി അവന്റെ നാമത്തെ വാഴ്‌ത്തുവിൻ; നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ.”​—⁠സങ്കീർത്തനം 96:⁠2.

1. ആളുകൾ എന്തു നല്ല വാർത്ത കേൾക്കേണ്ടതുണ്ട്‌, അത്തരം വാർത്ത അറിയിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ മികച്ച ദൃഷ്ടാന്തം വെച്ചിരിക്കുന്നത്‌ എങ്ങനെ?

ദിവസവും ദുരന്തങ്ങൾ അരങ്ങേറുന്ന ഒരു ലോകത്തിൽ, യുദ്ധവും കുറ്റകൃത്യവും പട്ടിണിയും അതിക്രമവും പെട്ടെന്നുതന്നെ അവസാനിക്കുമെന്ന ബൈബിൾ സന്ദേശം തീർച്ചയായും ആശ്വാസകരമാണ്‌. (സങ്കീർത്തനം 46:9; 72:3, 7, 8, 12, 16) വാസ്‌തവത്തിൽ, സകലരും കേൾക്കേണ്ട ഒരു നല്ല വാർത്തയല്ലേ അത്‌? യഹോവയുടെ സാക്ഷികൾ അങ്ങനെ കരുതുന്നു. മെച്ചപ്പെട്ട അവസ്ഥകളെ കുറിച്ചു ‘സുവിശേഷിക്കുന്ന’വരായി അവർ എല്ലായിടത്തും അറിയപ്പെടുന്നു. (യെശയ്യാവു 52:7) ഈ നല്ല വാർത്ത മറ്റുള്ളവരെ അറിയിക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയത്തെ പ്രതി നിരവധി സാക്ഷികൾക്കു പീഡനം സഹിക്കേണ്ടി വന്നിട്ടുണ്ട്‌. എന്നാൽ ആളുകളുടെ ഉത്തമ ക്ഷേമമാണ്‌ അവരുടെ ലക്ഷ്യം. തീക്ഷ്‌ണതയുടെയും സ്ഥിരോത്സാഹത്തിന്റെയും എത്ര മികച്ച ഒരു രേഖയാണ്‌ സാക്ഷികൾക്ക്‌ ഉള്ളത്‌!

2. യഹോവയുടെ സാക്ഷികളുടെ തീക്ഷ്‌ണതയ്‌ക്കുള്ള ഒരു കാരണം എന്ത്‌?

2 ഇന്ന്‌ യഹോവയുടെ സാക്ഷികൾ പ്രകടമാക്കുന്ന തീക്ഷ്‌ണത ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടേതിനു സമാനമാണ്‌. അവരെ കുറിച്ച്‌ റോമൻ കത്തോലിക്കാ വർത്തമാനപ്പത്രമായ ലൊസെർവാറ്റോറെ റൊമാനോ ശരിയായിത്തന്നെ ഇങ്ങനെ പറഞ്ഞു: “സ്‌നാപനമേറ്റ ഉടൻ സുവിശേഷം പ്രചരിപ്പിക്കാനുള്ള ചുമതല തങ്ങൾക്ക്‌ ഉണ്ടെന്ന്‌ ആദിമ ക്രിസ്‌ത്യാനികൾ കരുതി. അടിമകൾ വാമൊഴിയായി സുവിശേഷം അറിയിച്ചു.” ആ ആദിമ ക്രിസ്‌ത്യാനികളെ പോലെ, യഹോവയുടെ സാക്ഷികൾ ഇത്ര തീക്ഷ്‌ണതയുള്ളവർ ആയിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ഒന്നാമത്തെ കാരണം അവർ അറിയിക്കുന്ന സുവിശേഷം അഥവാ നല്ല വാർത്ത യഹോവയാം ദൈവത്തിൽനിന്നു വരുന്നു എന്നതാണ്‌. അവരുടെ തീക്ഷ്‌ണതയ്‌ക്ക്‌ ഇതിനെക്കാൾ വലിയ എന്തെങ്കിലും കാരണം വേണോ? “യഹോവെക്കു പാടി അവന്റെ നാമത്തെ വാഴ്‌ത്തുവിൻ; നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ” എന്ന സങ്കീർത്തനക്കാരന്റെ വാക്കുകളോടുള്ള പ്രതികരണമാണ്‌ അവരുടെ വേല.​—⁠സങ്കീർത്തനം 96:⁠2.

3. (എ) യഹോവയുടെ സാക്ഷികൾ തീക്ഷ്‌ണത പ്രകടമാക്കുന്നതിന്റെ രണ്ടാമത്തെ കാരണം എന്ത്‌? (ബി) ‘ദൈവത്തിന്റെ രക്ഷ’യിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

3 സങ്കീർത്തനക്കാരന്റെ വാക്കുകൾ, യഹോവയുടെ സാക്ഷികൾ പ്രകടമാക്കുന്ന തീക്ഷ്‌ണതയുടെ രണ്ടാമത്തെ കാരണത്തെ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. അവരുടെ സന്ദേശം രക്ഷയെ കുറിച്ചുള്ളതാണ്‌. വൈദ്യ, സാമൂഹിക, സാമ്പത്തിക രംഗങ്ങളിലും മറ്റും പ്രവർത്തിച്ചുകൊണ്ട്‌ സഹമനുഷ്യരുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താൻ ചിലർ ശ്രമിക്കുന്നു, അത്തരം ശ്രമങ്ങൾ പ്രശംസനീയമാണുതാനും. എന്നാൽ ഒരു മനുഷ്യനു സഹമനുഷ്യർക്കായി ചെയ്യാൻ കഴിയുന്ന എന്തും ‘ദൈവത്തിന്റെ രക്ഷ’യോടുള്ള താരതമ്യത്തിൽ വളരെ പരിമിതമാണ്‌. യേശുക്രിസ്‌തു മുഖാന്തരം യഹോവ സൗമ്യരെ പാപത്തിൽനിന്നും രോഗത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കും. ദൈവത്തിന്റെ രക്ഷയിൽനിന്നു പ്രയോജനം നേടുന്നവർക്ക്‌ അനന്തജീവൻ ലഭിക്കും! (യോഹന്നാൻ 3:16, 36; വെളിപ്പാടു 21:​3-5എ) “ജാതികളുടെ ഇടയിൽ അവന്റെ [ദൈവത്തിന്റെ] മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും വിവരിപ്പിൻ. യഹോവ വലിയവനും ഏററവും സ്‌തുത്യനും ആകുന്നു; അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ” എന്ന വാക്കുകളോടു പ്രതികരിച്ചുകൊണ്ട്‌ ക്രിസ്‌ത്യാനികൾ ഘോഷിക്കുന്ന “അത്ഭുത” കാര്യങ്ങളിൽ രക്ഷയും ഉൾപ്പെട്ടിരിക്കുന്നു.​—⁠സങ്കീർത്തനം 96:3, 4.

യജമാനന്റെ ദൃഷ്ടാന്തം

4-6. (എ) യഹോവയുടെ സാക്ഷികളുടെ തീക്ഷ്‌ണതയ്‌ക്കുള്ള മൂന്നാമത്തെ കാരണം എന്ത്‌? (ബി) സദ്വാർത്ത ഘോഷിക്കുന്നതിൽ യേശു തീക്ഷ്‌ണത കാട്ടിയത്‌ എങ്ങനെ?

4 യഹോവയുടെ സാക്ഷികൾ തീക്ഷ്‌ണത പ്രകടമാക്കുന്നതിനു മൂന്നാമതൊരു കാരണം കൂടിയുണ്ട്‌. അവർ യേശുക്രിസ്‌തുവിന്റെ മാതൃക അനുകരിക്കുന്നു എന്നതാണ്‌ അത്‌. (1 പത്രൊസ്‌ 2:21) “എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ” ലഭിച്ച നിയമനം പൂർണ മനുഷ്യൻ ആയിരുന്ന അവൻ മുഴുഹൃദയാ സ്വീകരിച്ചു. (യെശയ്യാവു 61:1; ലൂക്കൊസ്‌ 4:17-21) അങ്ങനെ അവൻ സുവിശേഷകൻ അഥവാ സദ്വർത്തമാനം അറിയിക്കുന്നവൻ ആയിത്തീർന്നു. അവൻ ഗലീലയിലും യഹൂദ്യയിലും അങ്ങോളമിങ്ങോളം സഞ്ചരിച്ച്‌ ‘രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു.’ (മത്തായി 4:23) പലരും ആ സുവിശേഷത്തോട്‌ അഥവാ നല്ല വാർത്തയോട്‌ അനുകൂലമായി പ്രതികരിക്കുമെന്ന്‌ അറിയാമായിരുന്നതിനാൽ അവൻ ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “കൊയ്‌ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്‌ത്തിന്റെ യജമാനനോടു കൊയ്‌ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ.”​—⁠മത്തായി 9:37, 38.

5 തന്റെ പ്രാർഥനയ്‌ക്കു ചേർച്ചയിൽ, സദ്വാർത്ത അറിയിക്കുന്ന വേലയിൽ പങ്കുപറ്റാൻ യേശു മറ്റുള്ളവരെ പരിശീലിപ്പിച്ചു. പിന്നീട്‌, അപ്പൊസ്‌തലന്മാരെ തനിച്ചു വിട്ടുകൊണ്ട്‌ അവൻ അവരോടു പറഞ്ഞു: “നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ.” ഒരുപക്ഷേ അവർ അന്നത്തെ സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്‌ ഏറെ പ്രായോഗികമായിരിക്കുമായിരുന്നോ? അല്ലെങ്കിൽ, അക്കാലത്തെ വ്യാപകമായ അഴിമതിയോടു പോരാടാൻ അവർ രാഷ്‌ട്രീയത്തിൽ ഏർപ്പെടണമായിരുന്നോ? ഇല്ല. പകരം, ‘നിങ്ങൾ പോകുമ്പോൾ, ഘോഷിപ്പിൻ’ എന്നു പറഞ്ഞുകൊണ്ട്‌ സദ്വാർത്ത അറിയിക്കുന്ന എല്ലാ ക്രിസ്‌ത്യാനികൾക്കുമുള്ള നിലവാരം യേശു വെച്ചു.​—⁠മത്തായി 10:5-7.

6 പിന്നീട്‌, ശിഷ്യന്മാരുടെ മറ്റൊരു കൂട്ടത്തെ അയച്ചുകൊണ്ട്‌ ‘ദൈവരാജ്യം സമീപിച്ചിരിക്കുന്നു’ എന്ന്‌ അറിയിക്കാൻ യേശു പറഞ്ഞു. സദ്വാർത്ത ഘോഷിക്കാനായി അവർ നടത്തിയ യാത്രയുടെ വിജയത്തെ കുറിച്ച്‌ അവർ മടങ്ങിവന്ന്‌ റിപ്പോർട്ടു നൽകിയപ്പോൾ യേശു അതിയായി സന്തോഷിച്ചു. അവൻ ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്‌ത്തുന്നു.” (ലൂക്കൊസ്‌ 10:1, 8, 9, 21) മുമ്പ്‌ കഠിനാധ്വാനികളായ മീൻപിടിത്തക്കാരും കർഷകരുമൊക്കെ ആയിരുന്ന യേശുവിന്റെ ശിഷ്യന്മാർ, ദേശത്തെ അഭ്യസ്‌തവിദ്യരായിരുന്ന മതനേതാക്കന്മാരോടുള്ള താരതമ്യത്തിൽ ശിശുക്കളെ പോലെ ആയിരുന്നു. എന്നാൽ ആ ശിഷ്യന്മാർക്കാണ്‌ ഏറ്റവും മികച്ച വാർത്ത അറിയിക്കാനുള്ള പരിശീലനം ലഭിച്ചത്‌.

7. യേശുവിന്റെ സ്വർഗാരോഹണശേഷം, ശിഷ്യന്മാർ ആദ്യം ആരെയാണ്‌ രക്ഷയുടെ സന്തോഷവാർത്ത അറിയിച്ചത്‌?

7 യേശു സ്വർഗാരോഹണം ചെയ്‌തശേഷം, അവന്റെ അനുഗാമികൾ രക്ഷയുടെ സന്തോഷവാർത്ത അറിയിക്കുന്നതിൽ തുടർന്നു. (പ്രവൃത്തികൾ 2:21, 38-40) അവർ അത്‌ ആദ്യം ആരെയാണ്‌ അറിയിച്ചത്‌? ദൈവത്തെ അറിയാത്ത ജനതകളുടെ അടുത്തേക്കാണോ അവർ പോയത്‌? അല്ല, അവരുടെ ആദ്യ വയൽ 1,500-ലധികം വർഷമായി യഹോവയെ അറിയാമായിരുന്ന ഇസ്രായേൽ ജനത ആയിരുന്നു. അപ്പോൾത്തന്നെ ആളുകൾ യഹോവയെ ആരാധിച്ചിരുന്ന ഒരു ദേശത്ത്‌ പ്രസംഗപ്രവർത്തനം നടത്താൻ അവർക്ക്‌ അധികാരം ഉണ്ടായിരുന്നോ? ഉവ്വ്‌. “നിങ്ങൾ . . . യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അററത്തോളവും എന്റെ സാക്ഷികൾ ആകും” എന്ന്‌ യേശു അവരോടു പറഞ്ഞിരുന്നു. (പ്രവൃത്തികൾ 1:8) മറ്റു ജനതകളെ പോലെതന്നെ ഇസ്രായേലും ആ സന്തോഷവാർത്ത കേൾക്കേണ്ടതുണ്ടായിരുന്നു.

8. ഒന്നാം നൂറ്റാണ്ടിലെ യേശുവിന്റെ അനുഗാമികളെ ഇന്ന്‌ യഹോവയുടെ സാക്ഷികൾ അനുകരിക്കുന്നത്‌ എങ്ങനെ?

8 സമാനമായ ഒരു വിധത്തിൽ, ഇന്ന്‌ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും യഹോവയുടെ സാക്ഷികൾ നല്ല വാർത്ത അറിയിക്കുന്നു. യോഹന്നാൻ ദർശനത്തിൽ കണ്ട, ‘ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ തന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്ന’ ദൂതനോട്‌ അവർ സഹകരിക്കുന്നു. (വെളിപ്പാടു 14:6) 2001-ാം ആണ്ടിൽ അവർ 235 രാജ്യങ്ങളിലും ദേശങ്ങളിലും സജീവമായി പ്രവർത്തിക്കുകയുണ്ടായി. ഇവയിൽ ക്രിസ്‌തീയമെന്ന്‌ പൊതുവേ വീക്ഷിക്കപ്പെടുന്ന ദേശങ്ങളും ഉൾപ്പെടുന്നു. ക്രൈസ്‌തവലോകം ആധിപത്യം പുലർത്തുന്ന പ്രദേശങ്ങളിൽ യഹോവയുടെ സാക്ഷികൾ ദൈവരാജ്യത്തെ കുറിച്ച്‌ അറിയിക്കുന്ന വേലയിൽ ഏർപ്പെടുന്നത്‌ തെറ്റാണോ? അതേ എന്നു ചിലർ പറയുന്നു. അത്തരം പ്രവർത്തനത്തിലൂടെ സാക്ഷികൾ തങ്ങളുടെ സഭാംഗങ്ങളെ “തട്ടിയെടുക്കുകയാണ്‌” എന്നു പോലും അവർ കരുതുന്നു. എന്നിരുന്നാലും, തന്റെ നാളിലെ എളിയവരായ യഹൂദന്മാരോട്‌ യേശുവിനു തോന്നിയ വികാരം യഹോവയുടെ സാക്ഷികൾ മനസ്സിൽ പിടിക്കുന്നു. ആ യഹൂദന്മാർക്ക്‌ അപ്പോൾത്തന്നെ ഒരു പുരോഹിത ക്രമീകരണം ഉണ്ടായിരുന്നെങ്കിലും, അവരോട്‌ ദൈവരാജ്യത്തെ കുറിച്ചു പറയാൻ യേശു മടിച്ചില്ല. “അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു.” (മത്തായി 9:36) യഹോവയെയും അവന്റെ രാജ്യത്തെയും കുറിച്ച്‌ അറിയില്ലാത്ത എളിയവരായ ആളുകളെ കണ്ടുമുട്ടുമ്പോൾ, അവരുടെമേൽ അധികാരമുണ്ടെന്ന്‌ മറ്റേതെങ്കിലും മതം അവകാശപ്പെടുന്നുവെന്നു കരുതി അവരെ സദ്വാർത്ത അറിയിക്കുന്നതിൽനിന്ന്‌ യഹോവയുടെ സാക്ഷികൾ പിന്മാറിനിൽക്കണമോ? യേശുവിന്റെ അപ്പൊസ്‌തലന്മാരുടെ മാതൃക പിൻപറ്റിക്കൊണ്ട്‌, ഇല്ല എന്ന്‌ ആ ചോദ്യത്തിന്‌ നാം ഉത്തരം പറയുന്നു. ദൈവരാജ്യത്തെ കുറിച്ചുള്ള സദ്വർത്തമാനം ‘സകലജാതികളെയും’ അറിയിക്കേണ്ടതാണ്‌.​—⁠മർക്കൊസ്‌ 13:⁠10.

എല്ലാ ആദിമ ക്രിസ്‌ത്യാനികളും സദ്വാർത്ത അറിയിച്ചിരുന്നു

9. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയിൽ ഉണ്ടായിരുന്ന ആരൊക്കെ സദ്വാർത്ത അറിയിക്കുന്നതിൽ പങ്കെടുത്തു?

9 ഒന്നാം നൂറ്റാണ്ടിൽ ആരൊക്കെയാണ്‌ സദ്വാർത്ത അറിയിക്കുന്നതിൽ ഏർപ്പെട്ടത്‌? എല്ലാ ക്രിസ്‌ത്യാനികളും ആ പ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന്‌ വസ്‌തുതകൾ പ്രകടമാക്കുന്നു. ഗ്രന്ഥകാരനായ ഡബ്ലിയു. എസ്‌. വില്യംസ്‌ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ആദിമ സഭയിലെ എല്ലാ ക്രിസ്‌ത്യാനികളും . . . സുവിശേഷം ഘോഷിച്ചു എന്നതിനു പൊതുവേ തെളിവുണ്ട്‌.” പൊ.യു. 33-ലെ പെന്തെക്കോസ്‌തു നാളിൽ നടന്ന സംഭവങ്ങളെ കുറിച്ച്‌ ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “എല്ലാവരും [പുരുഷന്മാരും സ്‌ത്രീകളും] പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്‌കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.” സദ്വർത്തമാനം അറിയിക്കുന്നവരുടെ കൂട്ടത്തിൽ പുരുഷന്മാരും സ്‌ത്രീകളും, പ്രായം ചെന്നവരും പ്രായം കുറഞ്ഞവരും, ദാസരും സ്വതന്ത്രരും ഒക്കെ ഉണ്ടായിരുന്നു. (പ്രവൃത്തികൾ 1:14; 2:1, 4, 17, 18; യോവേൽ 2:28, 29; ഗലാത്യർ 3:28) പീഡനം നിമിത്തം യെരൂശലേം വിട്ടുപോകാൻ പല ക്രിസ്‌ത്യാനികളും നിർബന്ധിതർ ആയപ്പോൾ “ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു.” (പ്രവൃത്തികൾ 8:4) പ്രത്യേകം നിയമിതരായ ചുരുക്കം ചിലരല്ല, പിന്നെയോ “ചിതറിപ്പോയവർ” എല്ലാവരും സദ്വാർത്ത അറിയിക്കുന്നതിൽ ഏർപ്പെട്ടു.

10. യഹൂദ വ്യവസ്ഥിതി നശിപ്പിക്കപ്പെടുന്നതിനു മുമ്പ്‌, ഏത്‌ ഇരട്ട നിയോഗമാണു നിറവേറ്റപ്പെട്ടത്‌?

10 ആ ആദ്യ വർഷങ്ങളിലെല്ലാം അതു സത്യമെന്നു തെളിഞ്ഞു. യേശു ഇങ്ങനെ പ്രവചിച്ചു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) ആ വാക്കുകളുടെ ഒന്നാം നൂറ്റാണ്ടിലെ നിവൃത്തി എന്ന നിലയിൽ, റോമൻ സൈന്യങ്ങൾ യഹൂദ മത-രാഷ്‌ട്രീയ വ്യവസ്ഥിതിയെ നശിപ്പിക്കുന്നതിനു മുമ്പ്‌ സുവാർത്ത വ്യാപകമായി പ്രസംഗിക്കപ്പെട്ടു. (കൊലൊസ്സ്യർ 1:23) തന്നെയുമല്ല, യേശുവിന്റെ ശിഷ്യന്മാർ എല്ലാവരും അവന്റെ ഈ കൽപ്പന അനുസരിക്കുകയുണ്ടായി: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) ചില ആധുനികകാല സുവിശേഷ പ്രവർത്തകർ ചെയ്യുന്നതുപോലെ, ആ ആദിമ ക്രിസ്‌ത്യാനികൾ സൗമ്യരോട്‌ യേശുവിൽ വിശ്വസിക്കാൻ പറഞ്ഞിട്ട്‌ കൂടുതലായ യാതൊരു മാർഗനിർദേശവും നൽകാതെ അവരെ ഉപേക്ഷിച്ചു പോയില്ല. പകരം, ആ ക്രിസ്‌ത്യാനികൾ യേശുവിന്റെ ശിഷ്യരാകാൻ അവരെ പഠിപ്പിക്കുകയും സഭകളായി സംഘടിപ്പിക്കുകയും മറ്റുള്ളവരെ സദ്വാർത്ത അറിയിക്കാനും ശിഷ്യരെ ഉളവാക്കാനും അവരെ പരിശീലിപ്പിക്കുകയും ചെയ്‌തു. (പ്രവൃത്തികൾ 14:21-23) ഇന്ന്‌ യഹോവയുടെ സാക്ഷികൾ അതേ മാതൃകയാണു പിൻപറ്റുന്നത്‌.

11. മനുഷ്യവർഗത്തോട്‌ ഏറ്റവും നല്ല വാർത്ത അറിയിക്കുന്നതിൽ ഇന്ന്‌ ആരൊക്കെ പങ്കുപറ്റുന്നു?

11 ഒന്നാം നൂറ്റാണ്ടിലെ പൗലൊസിന്റെയും ബർന്നബാസിന്റെയും മറ്റുള്ളവരുടെയും മാതൃക അനുകരിച്ചുകൊണ്ട്‌ നിരവധി യഹോവയുടെ സാക്ഷികൾ സദ്വാർത്ത അറിയിക്കുന്നതിനായി മറ്റു ദേശങ്ങളിൽ പോയി താമസമാക്കിയിട്ടുണ്ട്‌. അവരുടെ വേല തീർച്ചയായും പ്രയോജനപ്രദമാണ്‌. കാരണം, അവർ രാഷ്‌ട്രീയത്തിൽ ഉൾപ്പെടുകയോ സദ്വാർത്ത അറിയിക്കുകയെന്ന തങ്ങളുടെ നിയോഗത്തിൽനിന്നു മറ്റേതെങ്കിലും വിധത്തിൽ വ്യതിചലിക്കുകയോ ചെയ്‌തിട്ടില്ല. ‘നിങ്ങൾ പോകുമ്പോൾ, ഘോഷിപ്പിൻ’ എന്ന യേശുവിന്റെ കൽപ്പന അവർ അനുസരിച്ചിരിക്കുന്നു. എന്നിരുന്നാലും, യഹോവയുടെ സാക്ഷികളിൽ മിക്കവരും ദൈവരാജ്യ സന്ദേശം അറിയിക്കാനായി മറ്റു ദേശങ്ങളിലേക്കു പോകുന്നില്ല. അവരിൽ പലരും ജീവിതവൃത്തിക്കായി ലൗകിക തൊഴിൽ ചെയ്യുന്നവരാണ്‌, മറ്റു ചിലർ വിദ്യാർഥികളാണ്‌. ചിലർക്ക്‌ മക്കളെ പരിപാലിക്കേണ്ട ഉത്തരവാദിത്വമുണ്ട്‌. എന്നാൽ സാക്ഷികൾ എല്ലാവരും തങ്ങൾ മനസ്സിലാക്കിയിരിക്കുന്ന സദ്വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുന്നു. “വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്‌ക്ക” എന്ന ബൈബിൾ ബുദ്ധിയുപദേശത്തോട്‌ അവരെല്ലാം പ്രായഭേദമോ ലിംഗവ്യത്യാസമോ കൂടാതെ സസന്തോഷം പ്രതികരിക്കുന്നു. (2 തിമൊഥെയൊസ്‌ 4:2) ഒന്നാം നൂറ്റാണ്ടിലെ തങ്ങളുടെ മുൻഗാമികളെ പോലെ, അവർ “വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്‌തു എന്നു സുവിശേഷിക്കയും” ചെയ്യുന്നതിൽ തുടരുന്നു. (പ്രവൃത്തികൾ 5:42) മനുഷ്യവർഗത്തിനുള്ള ഏറ്റവും നല്ല വാർത്തയാണ്‌ അവർ അറിയിക്കുന്നത്‌.

സദ്വാർത്താ ഘോഷണമോ നിർബന്ധിത മതപരിവർത്തനമോ?

12. പലരും ഇക്കാലത്ത്‌ മതപരിവർത്തനത്തെ ദോഷകരമായി വീക്ഷിക്കുന്നത്‌ എന്തുകൊണ്ട്‌?

12 ഗ്രീക്ക്‌ ഭാഷയിലെ പ്രൊസെലിറ്റോസ്‌ എന്ന പദത്തിന്റെ അർഥം “മതപരിവർത്തിതൻ” എന്നാണ്‌. അതിൽനിന്നാണ്‌ മതപരിവർത്തനം ചെയ്യുക എന്ന അർഥമുള്ള പ്രൊസൈലിറ്റിസം എന്ന ഇംഗ്ലീഷ്‌ പദം വന്നിരിക്കുന്നത്‌. ഇക്കാലത്ത്‌ മതപരിവർത്തനം ദോഷകരമാണെന്നു ചിലർ പറയുന്നു. ‘ലോക സഭാ സമിതി’ പ്രസിദ്ധീകരിച്ച ഒരു രേഖ “മതപരിവർത്തനം എന്ന പാപ”ത്തെ കുറിച്ചു പോലും പരാമർശിക്കുന്നു. എന്തുകൊണ്ട്‌? കാത്തലിക്‌ വേൾഡ്‌ റിപ്പോർട്ട്‌ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ഓർത്തഡോക്‌സ്‌ സഭക്കാരുടെ തുടർച്ചയായുള്ളതും നിശിതവുമായ പരാതികളുടെ വെളിച്ചത്തിൽ, മതപരിവർത്തനത്തിന്‌ നിർബന്ധിത മതപരിവർത്തനം എന്ന ധ്വനി കൈവന്നിരിക്കുന്നു.”

13. മതംമാറ്റം ദോഷകരം ആയിരുന്നതിന്റെ ചില ഉദാഹരണങ്ങൾ ഏവ?

13 ആളുകളെ മതംമാറ്റുന്നതിൽ എന്തെങ്കിലും ദോഷമുണ്ടോ? ഉണ്ടായിരിക്കാൻ കഴിയും. മറ്റുള്ളവരെ തങ്ങളുടെ മതത്തിൽ ചേർക്കാൻ ശാസ്‌ത്രിമാരും പരീശന്മാരും വലിയ ശ്രമം നടത്തിയെങ്കിലും അതു വാസ്‌തവത്തിൽ ആ വ്യക്തികൾക്ക്‌ യാതൊരു പ്രയോജനവും ചെയ്‌തില്ല എന്ന്‌ യേശു പറഞ്ഞു. (മത്തായി 23:​14, 15) തീർച്ചയായും “നിർബന്ധിത മതപരിവർത്തനം” തെറ്റാണ്‌. ഉദാഹരണത്തിന്‌, ചരിത്രകാരനായ ജോസീഫസ്‌ പറയുന്നതനുസരിച്ച്‌ ഇദുമേയരെ മക്കബായനായ ജോൺ ഹിർക്കേനസ്‌ ജയിച്ചടക്കിയപ്പോൾ, “പരിച്ഛേദന ഏൽക്കുകയും യഹൂദ നിയമങ്ങൾ പ്രമാണിക്കാൻ സന്നദ്ധത കാട്ടുകയും ചെയ്യുന്നിടത്തോളം തങ്ങളുടെ രാജ്യത്തു കഴിയാൻ അവരെ അനുവദിക്കുകയുണ്ടായി.” യഹൂദ ഭരണവ്യവസ്ഥയുടെ കീഴിൽ ജീവിക്കണമെങ്കിൽ, ഇദുമേയർ യഹൂദമതം ആചരിക്കേണ്ടിയിരുന്നു. പൊ.യു. എട്ടാം നൂറ്റാണ്ടിൽ ഷാർലമാൻ ഉത്തര യൂറോപ്പിലെ പുറജാതീയ സാക്‌സൻകാരെ ജയിച്ചടക്കുകയും മൃഗീയമായി നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാക്കുകയും ചെയ്‌തുവെന്ന്‌ ചരിത്രകാരന്മാർ പറയുന്നു. * എന്നാൽ, സാക്‌സൻകാരുടെയോ ഇദുമേയരുടെയോ മതപരിവർത്തനം എത്ര ആത്മാർഥമായിരുന്നു? ഉദാഹരണത്തിന്‌, ശിശുവായിരിക്കെ യേശുവിനെ കൊല്ലാൻ ശ്രമിച്ച ഇദുമേയ രാജാവായ ഹെരോദാവിന്‌ ദിവ്യനിശ്വസ്‌ത മോശൈക ന്യായപ്രമാണത്തോട്‌ അൽപ്പമെങ്കിലും ആത്മാർഥത ഉണ്ടായിരുന്നെന്നു പറയാനാകുമോ?​—⁠മത്തായി 2:1-18.

14. ചില ക്രൈസ്‌തവലോക മിഷനറിമാർ മതപരിവർത്തനം നടത്താൻ ആളുകളുടെമേൽ സമ്മർദം ചെലുത്തുന്നത്‌ എങ്ങനെ?

14 ഇന്ന്‌ നിർബന്ധിത മതപരിവർത്തനങ്ങൾ നടക്കുന്നുണ്ടോ? ഒരർഥത്തിൽ ഉണ്ടെന്നു പറയാം. ചില ക്രൈസ്‌തവലോക മിഷനറിമാർ മതം മാറുന്നവർക്ക്‌ പഠനത്തിനായി വിദേശ സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്യുന്നു. അല്ലെങ്കിൽ, ഭക്ഷ്യവിഹിതം നൽകുന്നതിനു മുമ്പ്‌ വിശന്നുപൊരിയുന്ന ഒരു അഭയാർഥിയോട്‌ അവർ മതപ്രസംഗം നടത്തിയേക്കാം. ഓർത്തഡോക്‌സ്‌ ബിഷപ്പുമാരുടെ ഒരു സമിതി 1992-ൽ പുറത്തിറക്കിയ ഒരു പ്രസ്‌താവന, “ചിലപ്പോൾ ഭൗതികവസ്‌തുക്കൾ കൊടുത്ത്‌ പ്രലോഭിപ്പിച്ചും വിവിധതരം അക്രമങ്ങൾ അവലംബിച്ചും മതപരിവർത്തനം നടത്തപ്പെടുന്നു” എന്നു പറയുകയുണ്ടായി.

15. മതം മാറാൻ യഹോവയുടെ സാക്ഷികൾ ആളുകളുടെമേൽ സമ്മർദം ചെലുത്തുന്നുണ്ടോ?

15 മതം മാറാൻ ആളുകളുടെമേൽ സമ്മർദം ചെലുത്തുന്നത്‌ തെറ്റാണ്‌. യഹോവയുടെ സാക്ഷികൾ തീർച്ചയായും ആ രീതിയിൽ പ്രവർത്തിക്കുന്നില്ല. * അവർ ഒരിക്കലും തങ്ങളുടെ അഭിപ്രായങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുന്നില്ല. പകരം, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ പോലെ അവർ സകലരെയും ദൈവരാജ്യ സന്ദേശം അറിയിക്കുന്നു. ആരുടെയും നിർബന്ധം കൂടാതെ, സ്വന്തമായി അതിൽ താത്‌പര്യം എടുക്കുന്ന ഏതൊരാളെയും ബൈബിൾ പഠനത്തിലൂടെ കൂടുതൽ അറിവു നേടാൻ ആഹ്വാനം ചെയ്യുന്നു. അത്തരം താത്‌പര്യക്കാർ ദൈവത്തിലും അവന്റെ ഉദ്ദേശ്യങ്ങളിലും വിശ്വാസം അർപ്പിക്കാൻ പഠിക്കുന്നു, അവരുടെ ഈ വിശ്വാസം സൂക്ഷ്‌മമായ ബൈബിൾ പരിജ്ഞാനത്തിൽ അധിഷ്‌ഠിതമാണ്‌. തത്‌ഫലമായി, അവർ രക്ഷയ്‌ക്കായി യഹോവ എന്ന ദൈവനാമം വിളിച്ചപേക്ഷിക്കുന്നു. (റോമർ 10:13, 14, 17, NW) തങ്ങൾ ദൈവരാജ്യ സന്ദേശം സ്വീകരിക്കണമോ വേണ്ടയോ എന്നത്‌ അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്‌. ഇതിൽ യാതൊരു നിർബന്ധവും ഇല്ല. നിർബന്ധിച്ച്‌ മതപരിവർത്തനം നടത്തിയിട്ട്‌ യാതൊരു കാര്യവുമില്ല. ആരാധന ദൈവത്തിനു സ്വീകാര്യം ആയിരിക്കണമെങ്കിൽ, അതു ഹൃദയത്തിൽനിന്നു വരേണ്ടതുണ്ട്‌.​—⁠ആവർത്തനപുസ്‌തകം 6:4, 5; 10:⁠12.

ആധുനികകാല പ്രവർത്തനം

16. ആധുനികകാലത്ത്‌ യഹോവയുടെ സാക്ഷികളുടെ പ്രസംഗപ്രവർത്തനം വർധിച്ചിരിക്കുന്നത്‌ എങ്ങനെ?

16 ആധുനികകാലത്ത്‌ ഉടനീളം, മത്തായി 24:​14-ന്റെ വലിയ നിവൃത്തി എന്നനിലയിൽ യഹോവയുടെ സാക്ഷികൾ രാജ്യത്തെ കുറിച്ചുള്ള സദ്വാർത്ത അറിയിക്കുന്നതിൽ ഏർപ്പെട്ടിട്ടുണ്ട്‌. ഈ പ്രവർത്തനത്തിൽ അവർ ഉപയോഗിച്ചിരിക്കുന്ന ഒരു മുഖ്യ ഉപകരണം വീക്ഷാഗോപുരം മാസികയാണ്‌. * 1879-ൽ വീക്ഷാഗോപുരം മാസിക പ്രസിദ്ധീകരിച്ചു തുടങ്ങിയ സമയത്ത്‌ അത്‌ ഒരു ഭാഷയിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ, അതിന്റെ ആദ്യ ലക്കങ്ങളുടെ മുദ്രണം ഏകദേശം 6,000 കോപ്പികൾ ആയിരുന്നു. 122-ലധികം വർഷങ്ങൾക്കു ശേഷം 2001-ാം ആണ്ടിൽ അതിന്റെ മുദ്രണം 141 ഭാഷകളിൽ 2,30,42,000 കോപ്പികൾ ആയി ഉയർന്നു. അതോടൊപ്പം യഹോവയുടെ സാക്ഷികളുടെ പ്രസംഗപ്രവർത്തനത്തിലും വർധന ഉണ്ടായിട്ടുണ്ട്‌. അവരുടെ ഈ പ്രവർത്തനത്തിന്‌ 19-ാം നൂറ്റാണ്ടിൽ ചെലവഴിച്ച ഏതാനും ആയിരം മണിക്കൂറുകളുടെ സ്ഥാനത്ത്‌, 2001-ാം ആണ്ടിൽ അതിനു ചെലവഴിച്ചത്‌ 116,90,82,225 മണിക്കൂറാണ്‌. ഓരോ മാസവും ശരാശരി നടത്തപ്പെട്ട 49,21,702 സൗജന്യ ബൈബിൾ അധ്യയനങ്ങളുടെ കാര്യം പരിചിന്തിക്കുക. എത്ര ബൃഹത്തായ ഒരു വേലയാണ്‌ നിർവഹിക്കപ്പെട്ടത്‌! അതിനു പിന്നിൽ പ്രവർത്തിച്ചത്‌ 61,17,666 സജീവ രാജ്യ ഘോഷകരാണ്‌.

17. (എ) ഇക്കാലത്ത്‌ എങ്ങനെയുള്ള വ്യാജ ദൈവങ്ങൾ ആരാധിക്കപ്പെടുന്നു? (ബി) ഭാഷയോ ദേശമോ സാമൂഹിക നിലയോ എന്തായിരുന്നാലും, സകലരും എന്ത്‌ അറിയേണ്ടതുണ്ട്‌?

17 സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു: “ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂർത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.” (സങ്കീർത്തനം 96:⁠5) മതേതരവത്‌കരിക്കപ്പെട്ട ലോകത്തിൽ ഇന്ന്‌ ദേശീയത, ദേശീയ പ്രതീകങ്ങൾ, പ്രമുഖ വ്യക്തികൾ, ഭൗതിക വസ്‌തുക്കൾ, എന്തിന്‌ സമ്പത്തു പോലും, ആരാധനാപാത്രങ്ങൾ ആയിത്തീർന്നിരിക്കുന്നു. (മത്തായി 6:24; എഫെസ്യർ 5:5; കൊലൊസ്സ്യർ 3:5) മോഹൻദാസ്‌ കെ. ഗാന്ധി ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “എന്റെ ഉറച്ച അഭിപ്രായം . . . യൂറോപ്പിന്‌ നാമമാത്രമായേ ക്രിസ്‌തീയ സ്വഭാവം ഉള്ളു എന്നാണ്‌. വാസ്‌തവത്തിൽ, അതു പൂജിക്കുന്നത്‌ മാമോനെ [സമ്പത്തിനെ] ആണ്‌.” സദ്വാർത്ത എല്ലായിടത്തും അറിയിക്കേണ്ടതാണ്‌ എന്നതാണു വസ്‌തുത. ഭാഷയോ ദേശമോ സാമൂഹിക നിലയോ എന്തായിരുന്നാലും, സകലരും യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച്‌ അറിയേണ്ടതുണ്ട്‌. സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകളോട്‌ സകലരും അനുകൂലമായി പ്രതികരിക്കണം എന്നതാണ്‌ ഞങ്ങളുടെ ആഗ്രഹം: “മഹത്വവും ബലവും യഹോവെക്കു കൊടുപ്പിൻ. യഹോവെക്കു അവന്റെ നാമത്തിന്നു തക്ക മഹത്വം കൊടുപ്പിൻ”! (സങ്കീർത്തനം 96:7, 8) യഹോവയ്‌ക്ക്‌ ഉചിതമായി മഹത്ത്വം കൊടുക്കാൻ കഴിയുമാറ്‌ അവനെ കുറിച്ചു പഠിക്കാൻ യഹോവയുടെ സാക്ഷികൾ മറ്റുള്ളവരെ സഹായിക്കുന്നു. അനുകൂലമായി പ്രതികരിക്കുന്നവർക്കു ലഭിക്കുന്ന പ്രയോജനങ്ങൾ വളരെ വലുതാണ്‌. അവർ എങ്ങനെയുള്ള പ്രയോജനങ്ങളാണ്‌ ആസ്വദിക്കുന്നത്‌? അടുത്ത ലേഖനത്തിൽ അതു ചർച്ച ചെയ്യുന്നതാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 13 ദ കാത്തലിക്‌ എൻസൈക്ലോപീഡിയ പറയുന്നതനുസരിച്ച്‌, 16-ാം നൂറ്റാണ്ടിലെ മതനവീകരണ പ്രസ്ഥാന കാലത്തെ നിർബന്ധിത മതം മാറ്റത്തെ കുറിക്കാൻ “ദേശത്തെ ഭരിക്കുന്നവർ അവിടത്തെ മതവും നിർണയിക്കും” എന്ന്‌ അർഥമുള്ള ഒരു ലാറ്റിൻ ആപ്‌തവാക്യം ഉപയോഗിച്ചിരുന്നു.

^ ഖ. 15 ഐക്യനാടുകളുടെ അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ 2000 നവംബർ 16-ന്‌ നടന്ന ഒരു യോഗത്തിൽ, അതിൽ പങ്കെടുത്ത ഒരാൾ നിർബന്ധിത മതപരിവർത്തനം നടത്തുന്നവരുടെ പ്രവർത്തനവും യഹോവയുടെ സാക്ഷികളുടെ പ്രവർത്തനവും തമ്മിലുള്ള വ്യത്യാസം എടുത്തുകാട്ടി. യഹോവയുടെ സാക്ഷികൾ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ, ഒരുവന്‌ വേണമെങ്കിൽ “എനിക്കു താത്‌പര്യമില്ല” എന്നു പറഞ്ഞ്‌ വാതിൽ അടയ്‌ക്കാൻ കഴിയുമെന്നു ചൂണ്ടിക്കാട്ടപ്പെട്ടു.

^ ഖ. 16 ഈ മാസികയുടെ സമ്പൂർണ പേര്‌ വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്നാണ്‌.

നിങ്ങൾക്കു വിശദീകരിക്കാമോ?

• യഹോവയുടെ സാക്ഷികൾ സതീക്ഷ്‌ണം സദ്വാർത്ത അറിയിക്കുന്നത്‌ എന്തുകൊണ്ട്‌?

• ക്രൈസ്‌തവലോകം ആധിപത്യം പുലർത്തുന്ന പ്രദേശങ്ങളിൽ പോലും യഹോവയുടെ സാക്ഷികൾ സദ്വാർത്ത അറിയിക്കുന്നത്‌ എന്തുകൊണ്ട്‌?

• മതപരിവർത്തനം നടത്തുന്ന പലരിൽനിന്നും യഹോവയുടെ സാക്ഷികൾ വ്യത്യസ്‌തർ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• ആധുനികകാലത്ത്‌ യഹോവയുടെ സാക്ഷികളുടെ പ്രസംഗ പ്രവർത്തനം വർധിച്ചിരിക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[9-ാം പേജിലെ ചിത്രം]

യേശു സതീക്ഷ്‌ണം സദ്വാർത്ത അറിയിച്ചു, അതേ വേലയ്‌ക്ക്‌ അവൻ മറ്റുള്ളവരെ പരിശീലിപ്പിക്കുകയും ചെയ്‌തു

[10-ാം പേജിലെ ചിത്രം]

ഒന്നാം നൂറ്റാണ്ടിലെ സഭയിലുള്ള എല്ലാവരും സദ്വാർത്ത അറിയിക്കുന്നതിൽ ഏർപ്പെട്ടു

[11-ാം പേജിലെ ചിത്രം]

മതംമാറാൻ ആളുകളെ നിർബന്ധിക്കുന്നത്‌ തെറ്റാണ്‌