വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ “സാധാരണയിൽ കവിഞ്ഞ ശക്തി” നൽകിയിരിക്കുന്നു

യഹോവ “സാധാരണയിൽ കവിഞ്ഞ ശക്തി” നൽകിയിരിക്കുന്നു

ജീവിത കഥ

യഹോവ “സാധാരണയിൽ കവിഞ്ഞ ശക്തി” നൽകിയിരിക്കുന്നു

ഹെലൻ മാർക്ക്‌സ്‌ പറഞ്ഞ പ്രകാരം

കടുത്ത ചൂടുള്ള ഒരു വേനൽക്കാല ദിനമായിരുന്നു അത്‌. വർഷം 1986. യൂറോപ്പിലെ ഏറ്റവും ശാന്തമായ വിമാനത്താവളങ്ങളിൽ ഒന്നിലെ കസ്റ്റംസ്‌ വിഭാഗത്തിന്റെ ഷെഡ്ഡ്‌ പോലുള്ള ഒരു മുറിയിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ഥലമാകട്ടെ, “ലോകത്തിലെ ആദ്യത്തെ നിരീശ്വര രാഷ്‌ട്രം” എന്നു സ്വയം പ്രഖ്യാപിച്ചിരുന്ന അൽബേനിയയുടെ തലസ്ഥാന നഗരിയായ റ്റിറാനയും.

ആയുധധാരിയായ ഒരു ഉദ്യോഗസ്ഥൻ എന്റെ ലഗ്ഗേജ്‌ പരിശോധിക്കാൻ തുടങ്ങിയപ്പോൾ, ശ്വാസമടക്കിപ്പിടിച്ച്‌ തെല്ലൊരു ഭയത്തോടെ ഞാൻ നോക്കിനിന്നു. സംശയാസ്‌പദമായ എന്തെങ്കിലും ഞാൻ പറയുകയോ പ്രവർത്തിക്കുകയോ ചെയ്‌താൽ, എന്നെ ആ രാജ്യത്തുനിന്നു പുറത്താക്കുമെന്നു മാത്രമല്ല എന്നെയും കാത്ത്‌ പുറത്തു നിൽക്കുന്നവർ ഇരുമ്പഴികൾക്കുള്ളിലാകുകയും ചെയ്യും. സന്തോഷകരമെന്നു പറയട്ടെ, ച്യൂയിംഗവും കുറെ ബിസ്‌ക്കറ്റുകളും കൊടുത്ത്‌ ആ ഓഫീസറുടെ സൗഹൃദം സമ്പാദിക്കാൻ എനിക്കു സാധിച്ചു. എന്നാൽ ഞാൻ​—⁠65-നടുത്തു പ്രായമുണ്ടായിരുന്ന ഒരു സ്‌ത്രീ​—⁠അത്തരമൊരു സാഹചര്യത്തിൽ എത്തിപ്പെട്ടത്‌ എങ്ങനെയാണ്‌? ജീവിത സുഖസൗകര്യങ്ങൾ വെടിഞ്ഞ്‌, മാർക്‌സിസത്തിന്റെയും ലെനിനിസത്തിന്റെയും അവസാനത്തെ ശക്തിദുർഗങ്ങളിൽ ഒന്നായ ആ രാജ്യത്ത്‌ രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കാൻ ഞാൻ ശ്രമിച്ചത്‌ എന്തുകൊണ്ടാണ്‌?

രോഗിണിയെങ്കിലും നിരവധി ചോദ്യങ്ങളുമായി ഒരു പെൺകുട്ടി

ക്രീറ്റിലെ ഇയെറാപെട്രയിൽ 1920-ലാണ്‌ ഞാൻ ജനിച്ചത്‌. രണ്ടു വർഷം കഴിഞ്ഞപ്പോൾ അച്ഛൻ ന്യൂമോണിയ പിടിപെട്ടു മരിച്ചു. അമ്മ ദരിദ്രയും നിരക്ഷരയും ആയിരുന്നു. മക്കളിൽ ഏറ്റവും ഇളയവളായ എനിക്ക്‌ മഞ്ഞപ്പിത്തം പിടിപെട്ടു. രോഗം മൂർച്ഛിച്ച്‌ വിളറിവെളുത്ത അവസ്ഥയിലായിരുന്നു ഞാൻ. ഉള്ള പണംകൊണ്ട്‌ ആരോഗ്യമുള്ള മൂന്നു മക്കളെ നോക്കാനും ഞാൻ എങ്ങനെയും മരിച്ചുകൊള്ളട്ടെയെന്ന്‌ വെക്കാനും അയൽക്കാർ നിർദേശിച്ചു. ആ ഉപദേശം അമ്മ സ്വീകരിക്കാഞ്ഞതിൽ ഞാൻ സന്തോഷവതിയാണ്‌.

എന്റെ അച്ഛന്റെ ആത്മാവ്‌ സ്വർഗത്തിൽ വിശ്രമിക്കുന്നു എന്ന്‌ ഉറപ്പു വരുത്താൻ അമ്മ മിക്കപ്പോഴും സെമിത്തേരിയിൽ പോകുമായിരുന്നു, ആ ഉദ്ദേശ്യത്തിനായി ഓർത്തഡോക്‌സ്‌ സഭയിലെ ഒരു പുരോഹിതന്റെ ശുശ്രൂഷകൾ പലപ്പോഴും പ്രയോജനപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ ആ ശുശ്രൂഷകൾക്ക്‌ നല്ല പണച്ചെലവ്‌ ഉണ്ടായിരുന്നു. ഒരു ക്രിസ്‌തുമസ്സ്‌ ദിനത്തിൽ മരം കോച്ചുന്ന തണുപ്പത്ത്‌ അമ്മയും ഞാനും സെമിത്തേരിയിൽ പോയി തിരിച്ചുവരുന്നത്‌ ഞാൻ ഓർക്കുന്നു, പാദങ്ങൾ നിരക്കിനിരക്കിയാണ്‌ ഞാൻ നടന്നത്‌. കയ്യിൽ ഉണ്ടായിരുന്ന അവസാനത്തെ ചില്ലിക്കാശും ഞങ്ങൾ പുരോഹിതനു കൊടുത്തുകഴിഞ്ഞിരുന്നു. ഞങ്ങൾ കുട്ടികൾക്ക്‌ കുറച്ച്‌ ചീരയില വേവിച്ചുതന്നശേഷം അമ്മ മറ്റൊരു മുറിയിലേക്കു പോയി. അമ്മ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല, നിരാശയുടെ കണ്ണീർക്കണങ്ങൾ അമ്മയുടെ കവിളുകളിലൂടെ ഒലിച്ചിറങ്ങി. കുറെ കഴിഞ്ഞപ്പോൾ ഞാൻ ധൈര്യം സംഭരിച്ച്‌ പുരോഹിതന്റെ അടുക്കൽ ചെന്നു. എന്നിട്ട്‌ എന്റെ അച്ഛൻ മരിച്ചത്‌ എന്തുകൊണ്ടെന്നും പാവപ്പെട്ട എന്റെ അമ്മ പുരോഹിതനു പണം നൽകുന്നത്‌ എന്തിനാണെന്നും ഞാൻ ചോദിച്ചു. വല്ലായ്‌മയോടെ അദ്ദേഹം ഇങ്ങനെ മന്ത്രിച്ചു: “ദൈവം അദ്ദേഹത്തെ എടുത്തു, അത്രതന്നെ. നിന്റെ വിഷമമെല്ലാം മാറിക്കൊള്ളും.”

ഞാൻ സ്‌കൂളിൽവെച്ചു പഠിച്ച കർത്താവിന്റെ പ്രാർഥനയുമായി നിരക്കുന്നത്‌ ആയിരുന്നില്ല അദ്ദേഹം നൽകിയ ഉത്തരം. അതിലെ മനോഹരവും അർഥവത്തുമായ പ്രാരംഭ വാക്കുകൾ ഞാൻ ഇന്നും ഓർക്കുന്നു: “സ്വർഗ്‌ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകേണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഹിതം സ്വർഗ്‌ഗത്തിലെപ്പോലെ ഭൂമിയിലുമാകേണമേ.” (മത്തായി 6:9, 10, പി.ഒ.സി. ബൈബിൾ) തന്റെ ഹിതം ഭൂമിയിൽ ചെയ്യപ്പെടാൻ ദൈവം ആഗ്രഹിച്ചിരുന്നെങ്കിൽ, എന്തുകൊണ്ടാണ്‌ ഞങ്ങളിങ്ങനെ കഷ്ടപ്പെടേണ്ടി വരുന്നത്‌?

യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ പ്രസംഗകനായ ഇമ്മാനുവൽ ലിയോനൂദാക്കിസ്‌ 1929-ൽ ഞങ്ങളുടെ ഭവനം സന്ദർശിച്ചപ്പോൾ ആ ചോദ്യത്തിനുള്ള ഉത്തരം എത്തുപാടിൽ വന്നതാണ്‌. * എന്തു വേണമെന്ന്‌ അമ്മ അദ്ദേഹത്തോടു ചോദിച്ചപ്പോൾ, ഒരു വാക്കും ഉരിയാടാതെ അദ്ദേഹം ഒരു സാക്ഷ്യകാർഡ്‌ എടുത്തുകൊടുത്തു. അമ്മ ആ കാർഡ്‌ വായിക്കാൻ എന്റെ കയ്യിൽ തന്നു. വെറും ഒമ്പതു വയസ്സുകാരിയായ എനിക്ക്‌ അതിൽ പറഞ്ഞിരുന്നത്‌ കാര്യമായൊന്നും പിടികിട്ടിയില്ല. വന്ന ആ മനുഷ്യൻ മൂകനായിരിക്കുമെന്നു വിചാരിച്ചുകൊണ്ട്‌ അമ്മ ഇങ്ങനെ പറഞ്ഞു: “പാവം! താങ്കൾക്കു സംസാരിക്കാൻ കഴിയില്ല, എനിക്കാണെങ്കിൽ വായിക്കാനും.” എന്നിട്ട്‌ അമ്മ അദ്ദേഹത്തിനു പുറത്തേക്കുള്ള വാതിൽ കാട്ടിക്കൊടുത്തു.

ഏതാനും വർഷങ്ങൾക്കു ശേഷം, എന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരം ലഭിച്ചു. എന്റെ ആങ്ങളയായ ഇമ്മാനുവൽ പറ്റെരക്കിസിന്‌ അതേ മുഴുസമയ ശുശ്രൂഷകനിൽനിന്ന്‌ മരിച്ചവർ എവിടെ? എന്ന ചെറുപുസ്‌തകം ലഭിച്ചു. * അത്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌ ആയിരുന്നു. എന്റെ അച്ഛന്റെ ജീവൻ എടുത്തത്‌ ദൈവമല്ല എന്ന്‌ അത്‌ വായിച്ചപ്പോൾ എനിക്കു മനസ്സിലായി. എനിക്കപ്പോൾ വലിയ ആശ്വാസം തോന്നി. മനുഷ്യന്റെ അപൂർണതയുടെ ഫലമാണ്‌ മരണമെന്നും ഒരു പറുദീസാ ഭൂമിയിലെ ജീവനിലേക്ക്‌ അദ്ദേഹം പുനരുത്ഥാനം ചെയ്യപ്പെടാനിരിക്കുകയാണെന്നും ഞാൻ തിരിച്ചറിഞ്ഞു.

“ഈ പുസ്‌തകം നിന്നെ നശിപ്പിച്ചിരിക്കുന്നു!”

ബൈബിൾ സത്യം ഞങ്ങളുടെ കണ്ണു തുറന്നു. പണ്ട്‌ അച്ഛന്‌ ഉണ്ടായിരുന്ന ഒരു പഴയ ബൈബിൾ കണ്ടെത്തി ഞങ്ങൾ അതു വായിക്കാൻ തുടങ്ങി. നെരിപ്പോടിനു ചുറ്റുമിരുന്ന്‌ മെഴുകുതിരി വെളിച്ചത്തിലാണ്‌ മിക്കപ്പോഴും ഞങ്ങൾ അതു വായിച്ചിരുന്നത്‌. ആ പ്രദേശത്ത്‌ ബൈബിളിൽ താത്‌പര്യം പ്രകടമാക്കിയ ഏക യുവതി ഞാൻ ആയിരുന്നതിനാൽ, അവിടത്തെ ഏതാനും വരുന്ന സാക്ഷികളുടെ പ്രവർത്തനങ്ങളിൽ എന്നെ ഉൾപ്പെടുത്തിയിരുന്നില്ല. ഈ മതം ആണുങ്ങൾക്കു മാത്രമുള്ളതാണ്‌ എന്നു കുറെക്കാലത്തേക്ക്‌ ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു, എന്നാൽ എന്റെ ആ ചിന്ത അസ്ഥാനത്തായിരുന്നു.

സുവാർത്താ പ്രസംഗവേലയോടുള്ള എന്റെ ആങ്ങളയുടെ ഉത്സാഹം എനിക്കു പ്രചോദനമായിത്തീർന്നു. താമസിയാതെ, പോലീസ്‌ ഞങ്ങളുടെ കുടുംബത്തെ പ്രത്യേകം നിരീക്ഷിക്കാൻ തുടങ്ങി. ഇമ്മാനുവലിനെ അന്വേഷിച്ചും സാഹിത്യങ്ങൾ കണ്ടെടുക്കാനുമായി രാപകലില്ലാതെ ഏതു നേരത്തും പോലീസ്‌ ഞങ്ങളുടെ വീട്ടിൽ കയറിയിറങ്ങുമായിരുന്നു. പള്ളിയിലേക്കു മടങ്ങിച്ചെല്ലുന്നതിന്‌ ഞങ്ങളെ പ്രേരിപ്പിക്കാൻ ഒരു പുരോഹിതൻ വീട്ടിൽ വന്നത്‌ ഞാൻ വളരെ വ്യക്തമായി ഓർക്കുന്നു. ഇമ്മാനുവൽ ബൈബിളിൽനിന്ന്‌ ദൈവത്തിന്റെ പേര്‌ കാട്ടിക്കൊടുത്തപ്പോൾ, ആ പുരോഹിതൻ അതു കയ്യിൽനിന്നു പിടിച്ചുവാങ്ങി ഭീഷണിപ്പെടുത്തുംവിധം അദ്ദേഹത്തിന്റെ മുഖത്തിനു നേർക്കു വീശിക്കൊണ്ട്‌ ആക്രോശിച്ചു: “ഈ പുസ്‌തകം നിന്നെ നശിപ്പിച്ചിരിക്കുന്നു!”

സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചതിനെ തുടർന്ന്‌ 1940-ൽ അധികാരികൾ ഇമ്മാനുവലിനെ അറസ്റ്റ്‌ ചെയ്‌ത്‌ അൽബേനിയൻ യുദ്ധമുഖത്തേക്ക്‌ അയച്ചു. പിന്നീട്‌ അദ്ദേഹത്തെ കുറിച്ച്‌ യാതൊരു വിവരവും ലഭിക്കാഞ്ഞപ്പോൾ അദ്ദേഹം മരിച്ചുപോയിരിക്കുമെന്നു ഞങ്ങൾ കരുതി. എന്നാൽ, രണ്ടു വർഷത്തിനു ശേഷം ജയിലിൽനിന്ന്‌ അദ്ദേഹം അയച്ച ഒരു കത്ത്‌ അപ്രതീക്ഷിതമായി ഞങ്ങൾക്കു ലഭിച്ചു. അദ്ദേഹം ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവായിരുന്നു അത്‌! ആ കത്തിൽ അദ്ദേഹം എഴുതിയിരുന്ന ഒരു വാക്യം എന്റെ മനസ്സിൽ മായാതെ നിന്നു: “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.” (2 ദിനവൃത്താന്തം 16:9) അത്തരം പ്രോത്സാഹനം ഞങ്ങൾക്ക്‌ എത്രയധികം ആവശ്യമായിരുന്നെന്നോ!

എന്നെ സന്ദർശിക്കണമെന്നു ചില സഹോദരന്മാരോടു പറയാൻ ജയിലിലായിരുന്ന ഇമ്മാനുവലിനു കഴിഞ്ഞു. ഉടൻ, പട്ടണത്തിനു വെളിയിലുള്ള ഒരു കൃഷിപ്പുരയിൽ രഹസ്യമായി ക്രിസ്‌തീയ യോഗങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണം ചെയ്യപ്പെട്ടു. അധികാരികൾ നിരീക്ഷിക്കുന്ന കാര്യം ഞങ്ങൾ അറിഞ്ഞതേ ഇല്ല! ഞായറാഴ്‌ച സായുധരായ കുറെ പോലീസുകാർ ഞങ്ങളെ വളഞ്ഞു. അവർ ഒരു തുറന്ന ട്രക്കിൽ കയറ്റി ഞങ്ങളെ പട്ടണത്തിലെങ്ങും കൊണ്ടുനടന്നു. ആളുകളുടെ കളിയാക്കലും പരിഹാസവും ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നു. എന്നാൽ യഹോവ തന്റെ ആത്മാവു മുഖാന്തരം ഞങ്ങൾക്ക്‌ ആന്തരിക സമാധാനം തന്നു.

തുടർന്ന്‌, പോലീസുകാർ ഞങ്ങളെ മറ്റൊരു പട്ടണത്തിലേക്കു മാറ്റി. അവിടെ അവർ ഞങ്ങളെ വെളിച്ചമില്ലാത്ത, വൃത്തിഹീനമായ സെല്ലുകളിൽ ഇട്ടു. ഞാൻ കിടന്നിരുന്ന സെല്ലിലെ കക്കൂസ്‌ മൂടിയില്ലാത്ത ഒരു ബക്കറ്റ്‌ ആയിരുന്നു, ദിവസം ഒരു പ്രാവശ്യം അതു കാലിയാക്കിയിരുന്നു. എനിക്ക്‌ എട്ടു മാസം ജയിലിൽ കിടക്കേണ്ടിവന്നു. കാരണം, പ്രസ്‌തുത കൂട്ടത്തെ “പഠിപ്പിച്ചിരുന്ന വ്യക്തി” ഞാനാണെന്നാണ്‌ അവർ കരുതിയിരുന്നത്‌. എന്നാൽ, അവിടെ തടവിൽ കഴിഞ്ഞിരുന്ന ഒരു സഹോദരൻ തന്റെ വക്കീലിനെക്കൊണ്ട്‌ ഞങ്ങളുടെ കേസ്‌ എടുപ്പിച്ചു. ഞങ്ങളെ ജയിലിൽനിന്നു പുറത്തു കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ഒരു പുതുജീവിതം

ജയിലിൽനിന്നു പുറത്തു വന്നപ്പോൾ ഇമ്മാനുവൽ ഒരു സഞ്ചാരമേൽവിചാരകൻ എന്ന നിലയിൽ ഏഥൻസിലെ സഭകൾ സന്ദർശിക്കാൻ തുടങ്ങി. 1947-ൽ ഞാൻ അവിടേക്കു താമസം മാറ്റി. ഒടുവിൽ, സാക്ഷികളുടെ ഒരു വലിയ കൂട്ടത്തെ ആദ്യമായി ഞാൻ കണ്ടു. പുരുഷന്മാർ മാത്രമല്ല സ്‌ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. 1947 ജൂലൈയിൽ യഹോവയ്‌ക്കുള്ള എന്റെ സമർപ്പണത്തെ ഞാൻ ജലസ്‌നാപനത്താൽ പ്രതീകപ്പെടുത്തി. ഒരു മിഷനറി ആയിത്തീരുന്നതിനെ കുറിച്ച്‌ മിക്കപ്പോഴും സ്വപ്‌നം കണ്ടിരുന്ന ഞാൻ ഇംഗ്ലീഷ്‌ പഠിക്കുന്നതിന്‌ ഒരു സായാഹ്ന സ്‌കൂളിൽ ചേർന്നു. 1950-ൽ ഞാൻ പയനിയറിങ്‌ തുടങ്ങി. അമ്മ വന്ന്‌ എന്നോടൊപ്പം താമസമാക്കി. പിന്നീട്‌ അമ്മയും സത്യം സ്വീകരിച്ചു. 34 വർഷത്തിനു ശേഷം മരിക്കുന്നതുവരെ അവർ യഹോവയുടെ ഒരു സാക്ഷിയായി തുടർന്നു.

അതേവർഷം, അമേരിക്കയിൽനിന്ന്‌ എത്തിയ ജോൺ മാർക്‌സിനെ (മാർക്കോജൂലോസ്‌) ഞാൻ കണ്ടുമുട്ടി. നല്ല ആത്മീയതയുള്ള, ആദരണീയനായ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ജോൺ ജനിച്ചത്‌ തെക്കൻ അൽബേനിയയിൽ ആയിരുന്നു. ഐക്യനാടുകളിലേക്കു കുടിയേറിയശേഷം അദ്ദേഹം യഹോവയുടെ സാക്ഷികളിൽ ഒരുവനായിത്തീർന്നു. അൽബേനിയയിലേക്കുള്ള ഒരു വിസ സംഘടിപ്പിക്കാനാണ്‌ 1950-ൽ അദ്ദേഹം ഗ്രീസിൽ എത്തിയത്‌. അപ്പോഴേക്കും വിദേശികൾക്കു പ്രവേശനമില്ലാത്ത അതികർക്കശ നിയന്ത്രണങ്ങളുള്ള ഒരു രാജ്യമായി മാറിക്കഴിഞ്ഞിരുന്നു അൽബേനിയ. 1936-ന്‌ ശേഷം സ്വന്തം കുടുംബത്തെ ജോൺ കണ്ടിരുന്നില്ല, എങ്കിലും അൽബേനിയയിൽ പ്രവേശിക്കാൻ അദ്ദേഹത്തിന്‌ അനുമതി ലഭിച്ചില്ല. യഹോവയുടെ സേവനത്തോടുള്ള അദ്ദേഹത്തിന്റെ ഉജ്ജ്വലമായ തീക്ഷ്‌ണതയും സഹോദരങ്ങളോടുള്ള ആഴമായ സ്‌നേഹവും എന്നെ സ്‌പർശിച്ചു. 1953 ഏപ്രിൽ 3-ന്‌ ഞങ്ങൾ വിവാഹിതരായി. തുടർന്ന്‌ അദ്ദേഹത്തോടൊപ്പം ഞാൻ അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലുള്ള ഞങ്ങളുടെ പുതിയ വീട്ടിലേക്കു താമസം മാറി.

മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്ന ഞങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്കായി ജോണും ഞാനും ന്യൂ ജേഴ്‌സിയിലെ കടലോരത്ത്‌ ചെറിയൊരു ബിസിനസ്‌ തുടങ്ങി, മീൻപിടിത്തക്കാർക്കു പ്രാതൽ തയ്യാറാക്കി കൊടുക്കുക. വേനൽക്കാല മാസങ്ങളിൽ മാത്രമാണ്‌ ഞങ്ങൾ ആ ബിസിനസ്‌ നടത്തിയിരുന്നത്‌, അതും വെളുപ്പിനെ മുതൽ രാവിലെ 9 മണി വരെ. ലളിത ജീവിതം നയിക്കുകയും ആത്മീയ പ്രവർത്തനങ്ങൾക്കു മുൻതൂക്കം കൊടുക്കുകയും ചെയ്യുകവഴി സുവാർത്താ പ്രസംഗവേലയ്‌ക്കു വളരെയധികം സമയം നീക്കിവെക്കാൻ ഞങ്ങൾക്കു സാധിച്ചു. തുടർന്നുള്ള വർഷങ്ങളിൽ, സുവാർത്താ പ്രസംഗകരുടെ ആവശ്യം കൂടുതലുള്ള വിവിധ സ്ഥലങ്ങളിൽ ഞങ്ങൾ താമസമാക്കി. യഹോവയുടെ പിന്തുണയോടെ, അവിടെയൊക്കെ ഞങ്ങൾ താത്‌പര്യക്കാരെ സഹായിക്കുകയും സഭകൾ സ്ഥാപിക്കുകയും രാജ്യഹാളുകൾ നിർമിക്കുന്നതിൽ പങ്കെടുക്കുകയും ചെയ്‌തു.

പ്രയാസത്തിലായ സഹോദരങ്ങളെ സഹായിക്കുന്നു

താമസിയാതെ, ആവേശകരമായ ഒരു അവസരം ഞങ്ങളുടെ മുമ്പാകെ തുറക്കപ്പെട്ടു. സാക്ഷികളുടെ പ്രവർത്തനം നിരോധിക്കപ്പെട്ടിരുന്ന ബാൾക്കൻ രാജ്യങ്ങളിലെ സഹവിശ്വാസികളുമായി ആശയവിനിമയ ബന്ധം സ്ഥാപിക്കാൻ ഉത്തരവാദിത്വപ്പെട്ട സഹോദരന്മാർ ആഗ്രഹിച്ചു. ആ രാജ്യങ്ങളിലെ യഹോവയുടെ സാക്ഷികൾക്ക്‌ വർഷങ്ങളായി അന്താരാഷ്‌ട്ര സഹോദരവർഗവുമായുള്ള ബന്ധം അറ്റുപോയിരുന്നു. അവർക്കു ലഭിച്ചിരുന്ന ആത്മീയ ഭക്ഷണമാകട്ടെ വളരെ തുച്ഛമായിരുന്നുതാനും. അവർക്കു ക്രൂരമായ പീഡനം സഹിക്കേണ്ടിവന്നിരുന്നു എന്നു മാത്രമല്ല, അവരിൽ മിക്കവരും പോലീസ്‌ നിരീക്ഷണത്തിലും ആയിരുന്നു. ഇനി, പലരും ജയിലിലും തൊഴിൽപ്പാളയങ്ങളിലും കഴിയുകയായിരുന്നു. ബൈബിൾ പ്രസിദ്ധീകരണങ്ങളും മാർഗനിർദേശവും പ്രോത്സാഹനവും അടിയന്തിരമായി ആവശ്യമായ ഒരു അവസ്ഥയിലായിരുന്നു അവർ. ഉദാഹരണത്തിന്‌, അൽബേനിയയിൽ നിന്ന്‌ ഞങ്ങൾക്കു ലഭിച്ച ഒരു കോഡ്‌ സന്ദേശം ശ്രദ്ധിക്കുക: “ഞങ്ങൾക്കായി കർത്താവിനോടു പ്രാർഥിക്കുക. വീടുതോറും സാഹിത്യങ്ങൾ പിടിച്ചെടുക്കുന്നു. പഠിക്കാൻ അവർ ഞങ്ങളെ അനുവദിക്കുന്നില്ല. മൂന്നു പേർ തടവിലാണ്‌.”

അങ്ങനെ, 1960 നവംബറിൽ ചില ബാൾക്കൻ രാജ്യങ്ങൾ സന്ദർശിക്കാൻ ആറു മാസത്തെ ഒരു യാത്രയ്‌ക്ക്‌ ഞങ്ങൾ പുറപ്പെട്ടു. ഞങ്ങളുടെ ദൗത്യം പൂർത്തിയാക്കാൻ “സാധാരണയിൽ കവിഞ്ഞ ശക്തി”യും ദൈവദത്ത ധൈര്യവും നൈപുണ്യവും തീർച്ചയായും ആവശ്യമായിരുന്നു. (2 കൊരിന്ത്യർ 4:7) അൽബേനിയ ആയിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യസ്ഥാനം. പാരിസിൽനിന്ന്‌ ഒരു കാർ വാങ്ങി ഞങ്ങൾ അതിൽ യാത്ര പുറപ്പെട്ടു. റോമിൽ എത്തിയപ്പോൾ, അൽബേനിയയിലേക്കു പോകാൻ ജോണിനു മാത്രമേ വിസ ലഭിച്ചുള്ളൂ. തന്മൂലം എനിക്ക്‌ ഗ്രീസിലെ ഏഥൻസിൽ ചെന്ന്‌ അവിടെ അദ്ദേഹത്തിനായി കാത്തുനിൽക്കേണ്ടിവന്നു.

ജോൺ 1961 ഫെബ്രുവരി അവസാനം അൽബേനിയയിൽ പ്രവേശിച്ചു, മാർച്ച്‌ അവസാനംവരെ അവിടെ തങ്ങുകയും ചെയ്‌തു. റ്റിറാനയിൽ അദ്ദേഹം, 30 സഹോദരന്മാരുമായി കൂടിക്കാഴ്‌ച നടത്തി. അത്യാവശ്യമായി വേണ്ടിയിരുന്ന സാഹിത്യങ്ങളും പ്രോത്സാഹനവും ലഭിച്ചതിൽ അവർ അങ്ങേയറ്റം സന്തോഷിച്ചു! കഴിഞ്ഞ 24 വർഷമായി രാജ്യത്തിനു വെളിയിൽ നിന്നുള്ള ആരും അവരെ സന്ദർശിച്ചിരുന്നില്ല.

ആ സഹോദരന്മാരുടെ ദൃഢവിശ്വസ്‌തതയും സഹിഷ്‌ണുതയും ജോണിനെ വളരെയധികം സ്‌പർശിച്ചു. തങ്ങൾ ജീവിക്കുന്ന കമ്മ്യൂണിസ്റ്റ്‌ രാഷ്‌ട്രത്തിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടാഞ്ഞതു നിമിത്തം അവരിൽ പലർക്കും ജോലി നഷ്‌ടമായെന്നും തടവിൽ കിടക്കേണ്ടി വന്നെന്നും അദ്ദേഹം മനസ്സിലാക്കി. 80 വയസ്സു പിന്നിട്ട രണ്ടു സഹോദരന്മാർ രാജ്യവേലയ്‌ക്കായി 5,000 രൂപയോളം സംഭാവന നൽകിയത്‌ അദ്ദേഹത്തിന്റെ ഹൃദയത്തെ അങ്ങേയറ്റം സ്‌പർശിച്ചു. തങ്ങൾക്കു കിട്ടുന്ന തുച്ഛമായ പെൻഷനിൽനിന്ന്‌ അവർ കൂട്ടിവെച്ച്‌ ഉണ്ടാക്കിയതായിരുന്നു ആ തുക.

ജോൺ അൽബേനിയയിൽ തങ്ങിയ അവസാന ദിവസം 1961 മാർച്ച്‌ 30 ആയിരുന്നു. യേശുവിന്റെ മരണത്തിന്റെ സ്‌മാരകദിവസം ആയിരുന്നു അത്‌. ജോൺ ആണ്‌ സ്‌മാരക പ്രസംഗം നടത്തിയത്‌, 37 പേർ അതിനു ഹാജരായിരുന്നു. പ്രസംഗം കഴിഞ്ഞ ഉടൻ സഹോദരന്മാർ അദ്ദേഹത്തെ ഒരു പിൻവാതിലിലൂടെ വേഗത്തിൽ പുറത്തു കടത്തി ഒരു വാഹനത്തിൽ ഡുറസ്‌ തുറമുഖത്ത്‌ എത്തിച്ചു. അവിടെവെച്ച്‌ ഗ്രീസിലെ പിറെയെഫ്‌സിലേക്ക്‌ (പൈറിയസ്‌) പോകുന്ന ഒരു ടർക്കിഷ്‌ വാണിജ്യ കപ്പലിൽ അദ്ദേഹം കയറിപ്പറ്റി.

ആപത്തൊന്നും കൂടാതെ അദ്ദേഹത്തെ സുരക്ഷിതനായി തിരികെ കിട്ടിയതിൽ ഞാൻ സന്തോഷിച്ചു. തുടർന്ന്‌ ഞങ്ങളുടെ അപകടകരമായ യാത്രയുടെ ശേഷിച്ച ഘട്ടം പൂർത്തിയാക്കാൻ ഞങ്ങൾ പുറപ്പെട്ടു. സാക്ഷികളുടെ പ്രവർത്തനം നിരോധിച്ചിരുന്ന മറ്റു മൂന്നു ബാൾക്കൻ രാജ്യങ്ങൾ കൂടി ഞങ്ങൾ സന്ദർശിച്ചു​—⁠ബൈബിൾ സാഹിത്യങ്ങളും ടൈപ്പ്‌റൈറ്ററുകളും മറ്റു സാമഗ്രികളും കൈവശം ഉണ്ടായിരുന്നതിനാൽ ആ യാത്ര അപകടം പിടിച്ചതായിരുന്നു. തങ്ങളുടെ തൊഴിലും സ്വാതന്ത്ര്യവും, എന്തിന്‌ ജീവൻ പോലും യഹോവയ്‌ക്കു വേണ്ടി ത്യജിക്കാൻ സന്നദ്ധരായ, അങ്ങേയറ്റം വിശ്വസ്‌തരായ ചില സഹോദരീസഹോദരന്മാരെ കണ്ടുമുട്ടാനുള്ള പദവി ഞങ്ങൾക്കു ലഭിച്ചു. അവരുടെ തീക്ഷ്‌ണതയും ആത്മാർഥ സ്‌നേഹവും ഞങ്ങൾക്കു പ്രചോദനത്തിന്റെ ഒരു ഉറവായിരുന്നു. യഹോവ “സാധാരണയിൽ കവിഞ്ഞ ശക്തി” തന്നതും ഞങ്ങളിൽ വളരെ വിലമതിപ്പ്‌ ഉളവാക്കി.

ദൗത്യം വിജയകരമായി പൂർത്തിയാക്കി ഞങ്ങൾ ഐക്യനാടുകളിലേക്കു മടങ്ങി. തുടർന്നുവന്ന വർഷങ്ങളിലും, വിവിധ മാർഗങ്ങൾ ഉപയോഗിച്ച്‌ ഞങ്ങൾ അൽബേനിയയിലേക്കു സാഹിത്യങ്ങൾ എത്തിക്കുകയും സഹോദരങ്ങളുടെ പ്രവർത്തനത്തിന്റെ റിപ്പോർട്ടുകൾ ശേഖരിക്കുകയും ചെയ്‌തുകൊണ്ടിരുന്നു.

പലപ്പോഴും യാത്രയും ആപത്തും

വർഷങ്ങൾ കടന്നുപോയി. 1981-ൽ എന്നെ തനിച്ചാക്കിക്കൊണ്ട്‌ 76-ാമത്തെ വയസ്സിൽ ജോൺ വിട്ടുപിരിഞ്ഞു. തുടർന്ന്‌, എന്റെ ചേച്ചിയുടെ മകൾ എവാഞ്ചിലിയയും ഭർത്താവ്‌ ജോർജ്‌ ഓർഫനിഡിസും അവരോടൊപ്പം താമസിക്കാൻ എന്നെ ക്ഷണിച്ചു. അന്നുമുതൽ അവർ എനിക്ക്‌ വൈകാരികവും പ്രായോഗികവുമായ അമൂല്യ പിന്തുണ നൽകിയിരിക്കുന്നു. സുഡാനിൽ നിരോധനത്തിൻ കീഴിൽ പ്രവർത്തിക്കവേ, അവർക്കും യഹോവയുടെ പിന്തുണ അനുഭവവേദ്യമായിട്ടുണ്ട്‌. *

പിന്നീട്‌, അൽബേനിയയിലെ നമ്മുടെ സഹോദരങ്ങളുമായി ആശയവിനിമയം പുലർത്താൻ ഒരു പുതിയ ശ്രമം നടത്തപ്പെട്ടു. എന്റെ ഭർത്താവിന്റെ ബന്ധുക്കൾ ആ രാജ്യത്ത്‌ ആയിരുന്നതിനാൽ, അവിടേക്കു യാത്ര ചെയ്യാൻ സന്നദ്ധയാണോ എന്ന്‌ ഉത്തരവാദിത്വപ്പെട്ട സഹോദരന്മാർ എന്നോടു ചോദിച്ചു. എനിക്ക്‌ അതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ!

മാസങ്ങൾ നീണ്ട നിരന്തര ശ്രമങ്ങളുടെ ഒടുവിൽ, 1986 മേയിൽ ഏഥൻസിലെ അൽബേനിയൻ എംബസിയിൽനിന്ന്‌ എനിക്കു വിസ ലഭിച്ചു. എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ പുറംലോകത്തുനിന്നു യാതൊരു സഹായവും എനിക്കു ലഭിക്കുകയില്ലെന്ന്‌ ആ എംബസിയിലെ ഉദ്യോഗസ്ഥർ കർശനമായ മുന്നറിയിപ്പു തന്നു. അൽബേനിയയിലേക്കുള്ള വിമാന ടിക്കറ്റ്‌ ബുക്കു ചെയ്യുന്നതിന്‌ ഞാൻ ഒരു ട്രാവൽ ഏജന്റിനെ സമീപിച്ചപ്പോൾ അയാൾ അന്ധാളിച്ചുപോയി. ഭയം എന്നെ പിന്തിരിപ്പിച്ചില്ല. ഏഥൻസിൽനിന്നു റ്റിറാനയിലേക്ക്‌ ആഴ്‌ചയിൽ ഒരിക്കൽ മാത്രമുള്ള വിമാനത്തിൽ ഞാൻ കയറി. വളരെ പ്രായംചെന്ന മൂന്ന്‌ അൽബേനിയക്കാർ മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ; ചികിത്സാർഥം ഗ്രീസിൽ പോയതായിരുന്നു അവർ.

വിമാനം ഇറങ്ങിയ ഉടൻ, അധികൃതർ കസ്റ്റംസ്‌ ഓഫീസ്‌ ആയി ഉപയോഗിച്ചിരുന്ന ആളൊഴിഞ്ഞ ഒരു ഷെഡ്ഡിലേക്ക്‌ എന്നെ കൊണ്ടുപോയി. എന്റെ ഭർത്താവിന്റെ അനിയനും പെങ്ങളും യഹോവയുടെ സാക്ഷികൾ അല്ലായിരുന്നെങ്കിലും, അവിടെ ആകെ ഉണ്ടായിരുന്ന ഏതാനും സഹോദരങ്ങളുമായി സമ്പർക്കം പുലർത്താൻ എന്നെ സഹായിക്കാമെന്നേറ്റു. നിയമപ്രകാരം, എന്റെ വരവിനെ കുറിച്ച്‌ അവർ സ്ഥലത്തെ പോലീസിൽ വിവരം അറിയിക്കണമായിരുന്നു. തന്മൂലം പോലീസ്‌ എന്നെ സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. വീട്ടിൽനിന്നു പുറത്തിറങ്ങരുതെന്നും റ്റിറാനയിലുള്ള സഹോദരങ്ങളിൽ രണ്ടു പേരെ കണ്ടുപിടിച്ച്‌ എന്റെ അടുക്കൽ എത്തിച്ചുകൊള്ളാമെന്നും ആ ബന്ധുക്കൾ എന്നോടു പറഞ്ഞു.

അക്കാലത്ത്‌, സമർപ്പിതരായ ഒമ്പതു സഹോദരന്മാരേ മുഴു അൽബേനിയയിലും ഉള്ളതായി അറിയപ്പെട്ടിരുന്നുള്ളൂ. വർഷങ്ങളായി നിലവിലിരിക്കുന്ന നിരോധനവും പോലീസിന്റെ സൂക്ഷ്‌മ നിരീക്ഷണവും നിമിത്തം അവർ അതീവ ജാഗ്രത പുലർത്തിയിരുന്നു. എന്റെ അടുക്കൽ എത്തിയ ആ രണ്ടു സഹോദരന്മാരുടെ മുഖത്ത്‌ ആഴത്തിലുള്ള ചുളിവുകൾ വീണിരുന്നു. ഞാൻ ഒരു സാക്ഷിയാണെന്ന്‌ അവർക്കു ബോധ്യമായപ്പോൾ അവർ ചോദിച്ചു: “എവിടെ വീക്ഷാഗോപുരം മാസികകൾ?” നിരവധി വർഷങ്ങളായി പഴയ രണ്ടു പ്രസിദ്ധീകരണങ്ങളുടെ ഓരോ പ്രതികൾ മാത്രമേ അവരുടെ കൈവശം ഉണ്ടായിരുന്നുള്ളൂ​—⁠അവർക്ക്‌ ഒരു ബൈബിൾ പോലും ഇല്ലായിരുന്നു.

തങ്ങൾക്കെതിരെ ഭരണകൂടം കൈക്കൊണ്ട ക്രൂരമായ നടപടികളെ കുറിച്ച്‌ അവർ ദീർഘനേരം സംസാരിച്ചു. വോട്ടിങ്ങിന്റെ സമയത്ത്‌ രാഷ്‌ട്രീയ നിഷ്‌പക്ഷത പാലിക്കാൻ ദൃഢചിത്തനായിരുന്ന പ്രിയപ്പെട്ട ഒരു സഹോദരന്റെ അനുഭവം അവർ പറഞ്ഞു. എല്ലാ കാര്യങ്ങളും ഗവൺമെന്റ്‌ നിയന്ത്രിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ കുടുംബത്തിന്‌ റേഷൻ അനുവദിച്ചിരുന്നില്ല. ആ സഹോദരന്റെ വിശ്വാസങ്ങളുമായി യാതൊരു ബന്ധവും ഇല്ലായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ വിവാഹിതരായ മക്കളെയും അവരുടെ കുടുംബാംഗങ്ങളെയും അധികാരികൾ ജയിലിൽ അടയ്‌ക്കുമായിരുന്നു. വോട്ടിങ്ങിന്റെ തലേന്ന്‌ രാത്രിയിൽ, ആ സഹോദരന്റെ കുടുംബാംഗങ്ങൾ ഭയം നിമിത്തം അദ്ദേഹത്തെ കൊന്ന്‌ ശവം ഒരു കിണറ്റിൽ തള്ളി. എന്നിട്ട്‌, പേടിമൂലം അദ്ദേഹം ആത്മഹത്യ ചെയ്‌തതാണെന്ന്‌ ആരോപിച്ചു.

ആ സഹക്രിസ്‌ത്യാനികളുടെ ദാരിദ്ര്യം ഹൃദയഭേദകമായിരുന്നു. ഞാൻ ഓരോരുത്തർക്കും ആയിരം രൂപവീതം കൊടുത്തപ്പോൾ അതു നിരസിച്ചുകൊണ്ട്‌ അവർ പറഞ്ഞു: “ഞങ്ങൾക്ക്‌ ആത്മീയ ഭക്ഷണം മാത്രം മതി.” ജനങ്ങളിൽ ബഹുഭൂരിപക്ഷത്തെയും നിരീശ്വരവാദികൾ ആക്കിത്തീർക്കുന്നതിൽ വിജയിച്ച ഒരു സ്വേച്ഛാധിപത്യ വ്യവസ്ഥയിൽ ദശാബ്ദങ്ങൾ ജീവിച്ചവർ ആയിരുന്നു ഈ പ്രിയ സഹോദരന്മാർ. എന്നാൽ അവരുടെ വിശ്വാസവും നിശ്ചയദാർഢ്യവും മറ്റു ദേശങ്ങളിലെ സാക്ഷികളുടേതു പോലെതന്നെ ശക്തമായിരുന്നു. ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളിൽ പോലും, “സാധാരണയിൽ കവിഞ്ഞ ശക്തി” നൽകാനുള്ള യഹോവയുടെ പ്രാപ്‌തി സംബന്ധിച്ച ആഴമായ ബോധ്യത്തോടെയാണ്‌ രണ്ടാഴ്‌ചയ്‌ക്കു ശേഷം ഞാൻ അൽബേനിയ വിട്ടത്‌.

തുടർന്ന്‌, 1989-ലും 1991-ലും അൽബേനിയ സന്ദർശിക്കാനുള്ള പദവി എനിക്കു ലഭിച്ചു. സംസാരസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ആ രാജ്യത്തു വർധിച്ചുവന്നപ്പോൾ യഹോവയുടെ ആരാധകരുടെ എണ്ണവും ത്വരിതഗതിയിൽ വർധിച്ചു. 1986-ൽ അവിടെ ഉണ്ടായിരുന്ന ഏതാനും സമർപ്പിത ക്രിസ്‌ത്യാനികൾ വർധിച്ച്‌ ഇപ്പോൾ 2,200-ലധികം വരുന്ന സജീവ പ്രസാധകരുടെ ഒരു കൂട്ടം ആയിത്തീർന്നിരിക്കുന്നു. അവരിൽ ഒരാളാണ്‌ എന്റെ നാത്തൂനായ മെൽപ്പോ. ആ വിശ്വസ്‌ത കൂട്ടത്തിന്മേൽ യഹോവയുടെ അനുഗ്രഹം ഉണ്ടായിരുന്നു എന്നതിന്‌ എന്തെങ്കിലും സംശയം ഉണ്ടായിരിക്കാൻ കഴിയുമോ?

യഹോവയുടെ ശക്തിയാൽ ഒരു സംതൃപ്‌ത ജീവിതം

പിന്തിരിഞ്ഞു നോക്കുമ്പോൾ, ഞങ്ങളുടെ വേല​—⁠ജോണിന്റെയും എന്റെയും​—⁠വ്യർഥമായിരുന്നിട്ടില്ല എന്ന്‌ എനിക്കു തീർത്തു പറയാനാകും. ഞങ്ങളുടെ യൗവന പ്രാപ്‌തികൾ ഏറ്റവും ഫലകരമായ വിധത്തിൽ ഞങ്ങൾ ഉപയോഗിച്ചു. ഞങ്ങൾക്ക്‌ ഏറ്റെടുക്കാൻ കഴിയുമായിരുന്ന ഏതൊരു ജീവിതവൃത്തിയെക്കാളും അർഥവത്താണെന്നു തെളിഞ്ഞിരിക്കുന്നു ഞങ്ങളുടെ മുഴുസമയ ശുശ്രൂഷ. ബൈബിൾ സത്യം പഠിക്കാൻ ഞങ്ങൾക്കു സഹായിക്കാൻ കഴിഞ്ഞ പ്രിയപ്പെട്ട പലരെയും ഓർത്ത്‌ ഞാൻ സന്തോഷിക്കുന്നു. ‘യൗവനകാലത്തു തങ്ങളുടെ സ്രഷ്ടാവിനെ ഓർത്തുകൊള്ളാൻ’ ഈ വാർധക്യത്തിലും എനിക്ക്‌ യുവജനങ്ങളെ മുഴുഹൃദയാ പ്രോത്സാഹിപ്പിക്കാനാകും.​—⁠സഭാപ്രസംഗി 12:⁠1.

എനിക്ക്‌ ഇപ്പോൾ 81 വയസ്സുണ്ട്‌, ഞാൻ ഇപ്പോഴും സുവാർത്ത ഘോഷിക്കുന്ന ഒരു മുഴുസമയ ശുശ്രൂഷകയാണ്‌. അതിരാവിലെ എഴുന്നേറ്റ്‌ ബസ്‌ സ്റ്റോപ്പിലും വാഹനങ്ങൾ നിറുത്തിയിടുന്ന സ്ഥലങ്ങളിലും തെരുവുകളിലും കടകളിലും പാർക്കുകളിലും മറ്റും ഞാൻ സാക്ഷീകരിക്കുന്നു. പ്രായാധിക്യം മൂലം ജീവിതം ക്ലേശകരമാണ്‌. എങ്കിലും, എന്റെ സ്‌നേഹസമ്പന്നരായ ആത്മീയ സഹോദരീസഹോദരന്മാരും​—⁠എന്റെ വലിയ ആത്മീയ കുടുംബം​—⁠ചേച്ചിയുടെ മകളുടെ കുടുംബവും എന്നെ വളരെയധികം പിന്തുണച്ചിരിക്കുന്നു. സർവോപരി, “സാധാരണയിൽ കവിഞ്ഞ ഈ ശക്തി ദൈവത്തിന്റേതാണ്‌ നമ്മിൽനിന്ന്‌ ഉള്ളതല്ല” എന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു.​—⁠2 കൊരിന്ത്യർ 4:​7, NW.

[അടിക്കുറിപ്പുകൾ]

^ ഖ. 10 ഇമ്മാനുവൽ ലിയോനൂദാക്കിസിന്റെ ജീവിതകഥ 1999 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 25-9 പേജുകളിൽ കാണാം.

^ ഖ. 11 ഇമ്മാനുവൽ പറ്റെരക്കിസിന്റെ ജീവിതകഥ വായിക്കാൻ 1996 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 22-7 പേജുകൾ കാണുക.

^ ഖ. 31 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 1992-ന്റെ (ഇംഗ്ലീഷ്‌) 91-2 പേജുകൾ കാണുക.

[25-ാം പേജിലെ ചിത്രം]

മുകളിൽ: ബെഥേൽ അംഗങ്ങളോടൊപ്പം. ജോൺ (ഇടത്തേയറ്റത്ത്‌), ഞാൻ (മധ്യത്തിൽ), എന്റെ ഇടത്ത്‌ ആങ്ങള ഇമ്മാനുവലും അദ്ദേഹത്തിന്റെ ഇടത്ത്‌ ഞങ്ങളുടെ അമ്മയും; ഏഥൻസ്‌, 1950

[25-ാം പേജിലെ ചിത്രം]

ഇടത്ത്‌: ന്യൂജേഴ്‌സി കടൽത്തീരത്തെ ഞങ്ങളുടെ ബിസിനസ്‌ സ്ഥലത്ത്‌ ജോണിനോടൊപ്പം, 1956

[26-ാം പേജിലെ ചിത്രം]

അൽബേനിയയിലെ റ്റിറാനയിൽ നടന്ന ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ, 1995

[26-ാം പേജിലെ ചിത്രം]

അൽബേനിയയിലെ റ്റിറാനയിലുള്ള ബെഥേൽ കെട്ടിട സമുച്ചയം, 1996-ൽ പൂർത്തിയായത്‌

[26-ാം പേജിലെ ചിത്രം]

മുകളിൽ: അൽബേനിയൻ ഭാഷയിലേക്ക്‌ രഹസ്യമായി വിവർത്തനം ചെയ്‌ത 1940-ലെ ഒരു “വീക്ഷാഗോപുര” ലേഖനം

[26-ാം പേജിലെ ചിത്രം]

ചേച്ചിയുടെ മകൾ എവാഞ്ചിലിയയോടും (വലത്ത്‌) ഭർത്താവ്‌ ജോർജ്‌ ഓർഫനിഡസിനോടും ഒപ്പം