വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹെൻട്രി എട്ടാമനും ബൈബിളും

ഹെൻട്രി എട്ടാമനും ബൈബിളും

ഹെൻട്രി എട്ടാമനും ബൈബിളും

ഇംഗ്ലീഷ്‌ ഭാഷക്കാരുടെ ചരിത്രം (വാല്യം 2) (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥത്തിൽ വിൻസ്റ്റൺ ചർച്ചിൽ എഴുതി: “മതവിശ്വാസ മണ്ഡലത്തിൽ, മതനവീകരണ പ്രസ്ഥാനം ഒരു വൻപരിവർത്തനമാണു വരുത്തിയത്‌. തന്മൂലം ബൈബിളിനു ദൂരവ്യാപകമായ ഒരു പുതിയ അധികാരം കൈവന്നു. വിശുദ്ധ വചനം പഠിപ്പില്ലാത്തവരുടെ കയ്യിൽ കിട്ടുന്നത്‌ അപകടകരമാണെന്നും പുരോഹിതന്മാർ മാത്രമേ അതു വായിക്കാൻ പാടുള്ളുവെന്നും പഴയ തലമുറ കരുതിപ്പോന്നു.”

പ്രസ്‌തുത ഗ്രന്ഥം ഇങ്ങനെ തുടരുന്നു: “ടിൻഡെയ്‌ലും കവർഡെയ്‌ലും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി അച്ചടിച്ച സമ്പൂർണ ബൈബിളുകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌ 1535-ലെ ശരത്‌കാലത്തിന്റെ ഒടുവിലാണ്‌. അവയുടെ നിരവധി പതിപ്പുകൾ പുറത്തിറങ്ങി. ബൈബിൾ വായനയെ പ്രോത്സാഹിപ്പിക്കാൻ പുരോഹിതന്മാരെ ഗവൺമെന്റ്‌ ഉദ്‌ബോധിപ്പിച്ചു.” നൂറ്റാണ്ടുകളായുള്ള ബൈബിൾ നിരക്ഷരതയ്‌ക്കു ശേഷം, ഇംഗ്ലണ്ട്‌ അങ്ങനെ ബൈബിൾ സാക്ഷരത കൈവരിക്കാൻ പോകുകയായിരുന്നു. ഇതിനു കാരണം സഭയല്ല, പിന്നെയോ ഹെൻട്രി എട്ടാമന്റെ ഗവൺമെന്റാണ്‌. *

“സാമാന്യജനങ്ങൾ ബൈബിൾ വായിക്കുന്നതിനെ എതിർത്ത പഴമക്കാർക്ക്‌ ഒരു തിരിച്ചടി ആകുമാറ്‌, മുൻ പതിപ്പുകളെക്കാൾ ഉയർന്ന അച്ചടിനിലവാരമുള്ള ഇംഗ്ലീഷ്‌ ബൈബിളുകൾ പാരീസിൽ വൻതോതിൽ പുറത്തിറക്കുന്നതിന്‌ ഗവൺമെന്റ്‌ ഉത്തരവിട്ടു. ഇടവകക്കാർക്ക്‌ മെച്ചമായി ഉപയോഗപ്പെടുത്താനും വായിക്കാനും കഴിയേണ്ടതിന്‌ ഓരോ ഇടവകയും ഏറ്റവും വലിപ്പമുള്ള ഒരു ഇംഗ്ലീഷ്‌ ബൈബിൾ വാങ്ങി തങ്ങളുടെ പള്ളികളിൽ സൂക്ഷിക്കണമെന്ന്‌ 1538 സെപ്‌റ്റംബറിൽ ഗവൺമെന്റ്‌ നിർദേശം നൽകി. ലണ്ടൻ നഗരത്തിലെ സെന്റ്‌ പോൾസ്‌ കത്തീഡ്രലിൽ അതിന്റെ ആറു പ്രതികൾ വെച്ചു. അവ വായിക്കാൻ ദിവസം മുഴുവൻ ആ കത്തീഡ്രലിൽ ആളുകൾ തിങ്ങിക്കൂടി. വിശേഷിച്ചും, ഉച്ചത്തിൽ വായിക്കാൻ കഴിയുന്ന ആരെയെങ്കിലും കിട്ടുന്ന ദിവസങ്ങളിൽ.”

ദുഃഖകരമെന്നു പറയട്ടെ, നിരവധി രാജ്യങ്ങളിലെ അനേകരും പതിവായി ബൈബിൾ വായിക്കുകയെന്ന പദവിയെ പ്രയോജനപ്പെടുത്തുന്നില്ല. ഈ പ്രവണത തികച്ചും ദുഃഖകരമാണ്‌, കാരണം ‘ദൈവശ്വാസീയവും ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതുമായ’ ഏക ഗ്രന്ഥം ബൈബിളാണ്‌.​—⁠2 തിമൊഥെയൊസ്‌ 3:16, 17.

[അടിക്കുറിപ്പ്‌]

^ ഖ. 3 ഹെൻട്രി എട്ടാമൻ 1509 മുതൽ 1547 വരെ ഇംഗ്ലണ്ടിൽ ഭരണം നടത്തി.

[32-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

ഹെൻട്രി എട്ടാമൻ: Painting in the Royal Gallery at Kensington, from the book The History of Protestantism (Vol. I)