വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“കരയുന്ന” വൃക്ഷവും ബഹുമുഖ ഉപയോഗമുള്ള അതിന്റെ “കണ്ണീരും”

“കരയുന്ന” വൃക്ഷവും ബഹുമുഖ ഉപയോഗമുള്ള അതിന്റെ “കണ്ണീരും”

“കരയുന്ന” വൃക്ഷവും ബഹുമുഖ ഉപയോഗമുള്ള അതിന്റെ “കണ്ണീരും”

“വേദനെക്കു തൈലം കൊണ്ടുവരുവിൻ” എന്ന്‌ യിരെമ്യാവു 51:⁠8 പറയുന്നു. സുഖപ്പെടുത്തുന്നതും വേദന ശമിപ്പിക്കുന്നതുമായ ഈ പദാർഥത്തിന്റെ ഉറവ്‌ തേടിയുള്ള അന്വേഷണം ഇജിയൻ സമുദ്രത്തിലെ ഖിയൊസ്‌ ദ്വീപിലാണ്‌ നമ്മെ കൊണ്ടെത്തിക്കുന്നത്‌.

ഗ്രീഷ്‌മകാലാരംഭത്തിൽ, വളരെ അസാധാരണമായ ഒരു വിധത്തിൽ ഖിയൊസിലെ കർഷകർ വിളവെടുപ്പിനു തയ്യാറാകുന്നു. പശമരങ്ങൾ അഥവാ മാസ്റ്റിക്‌ വൃക്ഷങ്ങൾ എന്നു വിളിക്കപ്പെടുന്ന നിത്യഹരിത സസ്യങ്ങൾക്കു ചുറ്റുമുള്ള നിലം തൂത്തുവാരി വെടിപ്പാക്കിയശേഷം, വെള്ളക്കളിമണ്ണു കൊണ്ട്‌ നിരപ്പായ ഒരു തറ ഉണ്ടാക്കുന്നു. തുടർന്ന്‌ കർഷകർ വൃക്ഷങ്ങളുടെ തൊലിയിൽ മുറിവുകൾ ഉണ്ടാക്കി അവയെ “കരയിക്കുന്നു.” അങ്ങനെ, മരക്കറയാകുന്ന ഇളംമഞ്ഞ നിറത്തിലുള്ള അതിന്റെ “കണ്ണീർ” ഒലിക്കുന്നു. രണ്ടോ മൂന്നോ ആഴ്‌ചകൾക്കുശേഷം, ഈ മരക്കറ കട്ടപിടിക്കും. തുടർന്നു കർഷകർ അവ തായ്‌ത്തടിയിൽനിന്നോ താഴെയുള്ള കളിമൺ തറയിൽനിന്നോ ശേഖരിക്കും. ഈ “കണ്ണീരിനെ” ‘ഗം മാസ്റ്റിക്‌’ എന്നു വിളിക്കുന്നു. തൈലം ഉണ്ടാക്കുന്നതിന്‌ ഇത്‌ ഉപയോഗിച്ചിട്ടുണ്ട്‌.

എന്നാൽ വിളവെടുക്കുന്നതിനു ക്ഷമയും കഠിനാധ്വാനവും ആവശ്യമാണ്‌. വൃക്ഷത്തിന്റെ വളഞ്ഞുപുളഞ്ഞ, ചാരനിറത്തിലുള്ള തായ്‌ത്തടികൾ വളരെ സാവധാനത്തിലേ വളരൂ. 2-3 മീറ്റർ ഉയരം വെക്കാറുള്ള ഈ വൃക്ഷം സാധാരണഗതിയിൽ പൂർണവളർച്ച പ്രാപിക്കാൻ 40-50 വർഷമെടുക്കും.

ഈ മരങ്ങളുടെ തായ്‌ത്തടികൾ മുറിച്ച്‌ “കണ്ണീർ” ശേഖരിക്കുന്ന വേലയ്‌ക്കു പുറമേ, മാസ്റ്റിക്കിന്റെ ഉത്‌പാദനത്തിൽ കൂടുതൽ അധ്വാനവും ഉൾപ്പെട്ടിരിക്കുന്നു. കർഷകർ ഈ “പശക്കണ്ണീർ” ശേഖരിച്ചശേഷം, അത്‌ പേറ്റി, കഴുകി, വലിപ്പവും മേന്മയും അനുസരിച്ച്‌ വേർതിരിക്കുന്നു. പിന്നീട്‌, ഈ മാസ്റ്റിക്‌ പശ വീണ്ടും ശുദ്ധീകരിച്ച്‌ പല കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു.

വിലപ്പെട്ട ഈ സസ്യത്തിന്റെ ചരിത്രം

ഇംഗ്ലീഷിലെ “മാസ്റ്റിക്‌” എന്നതിനുള്ള ഗ്രീക്കു പദം “പല്ലു കടിക്കുക” എന്ന്‌ അർഥമുള്ള ഒരു വാക്കിനോടു ബന്ധപ്പെട്ടിരിക്കുന്നു. പശയുള്ള മാസ്റ്റിക്‌ മരക്കറ വായ്‌നാറ്റം അകറ്റാനുള്ള ച്യൂയിംഗമായി പുരാതന കാലം മുതൽക്കേ ഉപയോഗിച്ചിരുന്നു എന്ന്‌ ഈ പേര്‌ സൂചിപ്പിക്കുന്നു.

മാസ്റ്റിക്കിനെ കുറിച്ചുള്ള ഏറ്റവും പഴക്കമേറിയ വിവരങ്ങൾ പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിലെ ഗ്രീക്കു ചരിത്രകാരനായ ഹിറോഡോട്ടസിൽ നിന്നാണു ലഭിക്കുന്നത്‌. അപ്പോലഡോറസ്‌, ഡൈയൊസ്‌കോരിഡിസ്‌, തിയൊഫ്രാസ്റ്റസ്‌, ഹിപ്പോക്രറ്റിസ്‌ തുടങ്ങി പ്രാചീനകാലത്തെ മറ്റു ഗ്രന്ഥകാരന്മാരും ഭിഷഗ്വരന്മാരും മാസ്റ്റിക്കിന്റെ ചികിത്സാപരമായ ഉപയോഗത്തെ കുറിച്ചു പരാമർശിച്ചിട്ടുണ്ട്‌. മെഡിറ്ററേനിയൻ തീരത്തെങ്ങും മാസ്റ്റിക്‌ വൃക്ഷങ്ങൾ വളരുന്നുണ്ടെങ്കിലും, ഏകദേശം പൊ.യു. 50 മുതൽ മാസ്റ്റിക്കിന്റെ ഉത്‌പാദനം ഏതാണ്ട്‌ ഖിയൊസിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്‌. ഖിയൊസ്‌ ജയിച്ചടക്കിയ റോമാക്കാരുടെയും ജെനൊവാക്കാരുടെയും തുർക്കികളുടെയുമൊക്കെ മുഖ്യ താത്‌പര്യം മാസ്റ്റിക്‌ ആയിരുന്നു.

ബഹുമുഖ ഉപയോഗമുള്ള മാസ്റ്റിക്‌

അതിസാരവും സന്ധിവീക്കവും ഉൾപ്പെടെ, നാനാതരം രോഗങ്ങൾ ചികിത്സിക്കാൻ പുരാതന കാലത്തെ ഈജിപ്‌ഷ്യൻ ഭിഷഗ്വരന്മാർ മാസ്റ്റിക്‌ ഉപയോഗിച്ചിരുന്നു. കൂടാതെ, അവർ അത്‌ കുന്തുരുക്കമായും ശവങ്ങൾ അഴുകാതെ സൂക്ഷിക്കാനും ഉപയോഗിച്ചിരുന്നു. ഔഷധമായും സൗന്ദര്യവർധക വസ്‌തുവായും ശവശരീരങ്ങൾ അഴുകാതെ സൂക്ഷിക്കുന്നതിനായും ഉപയോഗിച്ചിരുന്നതായി ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ‘ഗിലെയാദിലെ സുഗന്ധതൈല’ത്തിന്റെ ഒരു ഉറവ്‌ മാസ്റ്റിക്‌ വൃക്ഷം ആയിരുന്നിരിക്കാം. (യിരെമ്യാവു 8:22; 46:11) വിശുദ്ധ ഉപയോഗത്തിനു മാത്രമായി പരിമിതപ്പെടുത്തിയിരുന്ന വിശുദ്ധ ധൂപവർഗത്തിലെ ചേരുവകളിൽ ഒന്നായ നറുംപശ ഉത്‌പാദിപ്പിച്ചിരുന്ന മരം മാസ്റ്റിക്‌ വൃക്ഷകുടുംബത്തിൽ പെട്ടതായിരുന്നിരിക്കാം എന്നു പറയപ്പെട്ടിട്ടുണ്ട്‌.​—⁠പുറപ്പാടു 30:34, 35.

ഇന്ന്‌ ഓയിൽ പെയിന്റിങ്ങുകളെയും ഫർണിച്ചറുകളെയും സംഗീത ഉപകരണങ്ങളെയും സംരക്ഷിക്കുന്ന വാർണിഷുകളിൽ മാസ്റ്റിക്‌ ഉണ്ട്‌. ഒരു സംരക്ഷക ആവരണമായും ജലരോധക വസ്‌തുവായും അത്‌ ഉപയോഗിക്കുന്നു, തുണികൾക്കുള്ള ചായങ്ങളുടെയും കലാകാരന്മാരുടെ പെയിന്റുകളുടെയും വർണം ഏറ്റവും നന്നായി നിലനിറുത്തുന്ന ഒരു ഘടകമായും അതിനെ കണക്കാക്കുന്നു. കൂടാതെ, പശിമയുള്ള വസ്‌തുക്കളുടെ ഉത്‌പാദനത്തിലും മൃഗത്തോൽ സംസ്‌കരണത്തിലും മാസ്റ്റിക്‌ ഉപയോഗിച്ചിരിക്കുന്നു. മാസ്റ്റിക്കിന്റെ സുഗന്ധവും മറ്റു ഗുണങ്ങളും നിമിത്തം അത്‌ സോപ്പിലും സൗന്ദര്യവർധക വസ്‌തുക്കളിലും സുഗന്ധദ്രവ്യങ്ങളിലുമൊക്കെ ഉപയോഗിക്കാറുണ്ട്‌.

ലോകവ്യാപകമായി മരുന്നുകളുടെ 25 ഔദ്യോഗിക പട്ടികകളിൽ മാസ്റ്റിക്‌ ഉൾപ്പെടുത്തിയിട്ടുണ്ട്‌. അറബി രാജ്യങ്ങളിൽ, പരമ്പരാഗത മരുന്നുകളിൽ അത്‌ ഇപ്പോഴും ഒരു പ്രമുഖ സ്ഥാനം വഹിക്കുന്നു. പല്ല്‌ അടയ്‌ക്കുന്ന ദ്രവ്യങ്ങളിലും ഔഷധ കാപ്‌സ്യൂളുകളുടെ ഉള്ളിലെ കോട്ടിങ്ങുകളിലും മാസ്റ്റിക്‌ ഉപയോഗിക്കാറുണ്ട്‌.

തൈലത്തിന്റെ ഉറവിടം എന്ന നിലയിൽ, “കരയുന്ന” മാസ്റ്റിക്‌ വൃക്ഷത്തിന്റെ ബഹുമുഖ ഉപയോഗമുള്ള “കണ്ണീർ” നൂറ്റാണ്ടുകളോളം ആശ്വാസം പകരുകയും സുഖപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. അപ്പോൾ, “വേദനെക്കു തൈലം കൊണ്ടുവരുവിൻ” എന്നു യിരെമ്യാവിന്റെ പ്രവചനം പറയുന്നത്‌ നല്ല കാരണത്തോടെയാണ്‌.

[31-ാം പേജിലെ ചിത്രങ്ങൾ]

ഖിയൊസ്‌

മാസ്റ്റിക്‌ വിളവെടുപ്പ്‌

മാസ്റ്റിക്‌ “കണ്ണീർ” ശ്രദ്ധാപൂർവം ശേഖരിക്കുന്നു

[കടപ്പാട്‌]

Chios and harvest line art: Courtesy of Korais Library; all others: Kostas Stamoulis