വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നന്മ പ്രകടമാക്കുന്നതിൽ തുടരുക

നന്മ പ്രകടമാക്കുന്നതിൽ തുടരുക

നന്മ പ്രകടമാക്കുന്നതിൽ തുടരുക

“സകല സല്‌ഗുണവും [“നന്മയും,” NW] നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.”​—⁠എഫെസ്യർ 5:10.

1. സങ്കീർത്തനം 31:​19-മായി തങ്ങൾ യോജിക്കുന്നുവെന്ന്‌ ഇന്നു ദശലക്ഷങ്ങൾ പ്രകടമാക്കുന്നത്‌ എങ്ങനെ?

ഏതൊരു മനുഷ്യനും ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്മ, യഹോവയ്‌ക്കു മഹത്ത്വം കരേറ്റുക എന്നതാണ്‌. ഇന്നു ദൈവത്തിന്റെ നന്മയെപ്രതി അവനെ സ്‌തുതിച്ചുകൊണ്ട്‌ ദശലക്ഷങ്ങൾ അതു ചെയ്യുന്നു. യഹോവയുടെ വിശ്വസ്‌ത സാക്ഷികൾ എന്ന നിലയിൽ, പിൻവരുന്ന പ്രകാരം പാടിയ സങ്കീർത്തനക്കാരനോട്‌ നാം മുഴുഹൃദയാ യോജിക്കുന്നു: “നിന്റെ ഭക്തന്മാർക്കു വേണ്ടി നീ സംഗ്രഹിച്ച . . . നിന്റെ നന്മ എത്ര വലിയതാകുന്നു.”​—⁠സങ്കീർത്തനം 31:19.

2, 3. ശിഷ്യരാക്കൽ വേലയിൽ ഏർപ്പെടവേ, നമ്മുടെ നടത്ത നല്ലതല്ലെങ്കിൽ എന്തു സംഭവിച്ചേക്കാം?

2 യഹോവയോടുള്ള ഭക്ത്യാദരവ്‌ അവന്റെ നന്മയെപ്രതി അവനെ സ്‌തുതിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ‘യഹോവയ്‌ക്കു സ്‌തോത്രം ചെയ്യാനും അവനെ വാഴ്‌ത്താനും അവന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കാനും’ കൂടെ അതു നമ്മെ പ്രേരിപ്പിക്കുന്നു. (സങ്കീർത്തനം 145:10-13) അതുകൊണ്ടാണു രാജ്യപ്രസംഗത്തിലും ശിഷ്യരാക്കൽ വേലയിലും നാം തീക്ഷ്‌ണതയോടെ പങ്കെടുക്കുന്നത്‌. (മത്തായി 24:14; 28:19, 20) പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടവേ, നല്ല നടത്തയുള്ളവർ ആയിരിക്കാനും നാം തീർച്ചയായും ശ്രദ്ധിക്കണം. അല്ലാത്തപക്ഷം, നാം യഹോവയുടെ വിശുദ്ധ നാമത്തിനു നിന്ദ വരുത്തിയേക്കാം.

3 നിരവധി ആളുകൾ ദൈവത്തെ ആരാധിക്കുന്നുവെന്ന്‌ അവകാശപ്പെടുന്നു. എന്നാൽ അവരുടെ നടത്ത അവന്റെ നിശ്വസ്‌ത വചനത്തിൽ നൽകിയിരിക്കുന്ന നിലവാരങ്ങൾക്കു നിരക്കുന്നതല്ല. നന്മ ചെയ്യുന്നുവെന്ന തങ്ങളുടെ അവകാശവാദത്തിനു ചേർച്ചയിൽ ജീവിക്കാതിരുന്ന ചിലരെ കുറിച്ച്‌ പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: ‘ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നേ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? വ്യഭിചാരം ചെയ്യരുതു എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? . . . “നിങ്ങൾനിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.’​—⁠റോമർ 2:21, 22, 24.

4. നമ്മുടെ നല്ല നടത്തയ്‌ക്ക്‌ എന്തു ഫലമുണ്ട്‌?

4 യഹോവയുടെ നാമത്തിനു നിന്ദ വരുത്തുന്നതിനു പകരം, നല്ല നടത്തയാൽ അതിനെ മഹത്ത്വപ്പെടുത്താനാണ്‌ നാം ശ്രമിക്കുന്നത്‌. ക്രിസ്‌തീയ സഭയ്‌ക്കു പുറത്തുള്ളവരുടെമേൽ ഇതിനു ക്രിയാത്മകമായ ഫലമുണ്ട്‌. ഒരു സംഗതി, അതു ശത്രുക്കളെ നിശ്ശബ്ദരാക്കാൻ നമ്മെ സഹായിക്കുന്നു എന്നതാണ്‌. (1 പത്രൊസ്‌ 2:15) അതിലും പ്രധാനമായി, നമ്മുടെ നല്ല നടത്ത ആളുകളെ യഹോവയുടെ സംഘടനയിലേക്ക്‌ ആകർഷിക്കുകയും അവനു മഹത്ത്വം കരേറ്റാനും നിത്യജീവൻ നേടാനുമുള്ള മാർഗം അവർക്കു തുറന്നുകൊടുക്കുകയും ചെയ്യുന്നു.​—⁠പ്രവൃത്തികൾ 13:48.

5. നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കണം?

5 അപൂർണരെന്ന നിലയിൽ യഹോവയെ നിന്ദിക്കുകയും സത്യം അന്വേഷിക്കുന്നവരെ ഇടറിക്കുകയും ചെയ്യുന്ന നടത്ത നമുക്ക്‌ എങ്ങനെ ഒഴിവാക്കാൻ സാധിക്കും? നന്മ പ്രകടമാക്കുന്നതിൽ നമുക്ക്‌ എങ്ങനെ വിജയിക്കാൻ കഴിയും?

വെളിച്ചത്തിന്റെ ഒരു ഫലം

6. “ഇരുട്ടിന്റെ നിഷ്‌ഫലപ്രവൃത്തികളിൽ” ചിലത്‌ ഏവ, എന്നാൽ ക്രിസ്‌ത്യാനികളുടെ ഇടയിൽ എങ്ങനെയുള്ള ഫലമാണ്‌ ഉണ്ടായിരിക്കേണ്ടത്‌?

6 സമർപ്പിത ക്രിസ്‌ത്യാനികൾ എന്ന നിലയിൽ, ‘ഇരുട്ടിന്റെ നിഷ്‌ഫല പ്രവൃത്തികൾ’ ഒഴിവാക്കാൻ നമ്മെ സഹായിക്കുന്ന ഒരു സംഗതി നാം ആസ്വദിക്കുന്നു. ഇരുട്ടിന്റെ ആ പ്രവൃത്തികളിൽ ഭോഷ്‌കു പറച്ചിൽ, മോഷണം, ദുർഭാഷണം, ലൈംഗിക കാര്യങ്ങളെ കുറിച്ചുള്ള മോശമായ സംസാരം, ലജ്ജാകരമായ നടത്ത, അശ്ലീല തമാശ, മദ്യാസക്തി എന്നിങ്ങനെ ദൈവത്തിനു നിന്ദ കൈവരുത്തുന്ന തരം പ്രവൃത്തികൾ ഉൾപ്പെടുന്നു. (എഫെസ്യർ 4:25, 28, 31; 5:3, 4, 11, 12, 18) അത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നതിനു പകരം, നാം ‘വെളിച്ചത്തിലുള്ളവരായി നടന്നുകൊള്ളുന്നു.’ “സകല സല്‌ഗുണവും [“നന്മയും,” NW] നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം” എന്നു പൗലൊസ്‌ അപ്പൊസ്‌തലൻ പറയുന്നു. (എഫെസ്യർ 5:8-10) അതുകൊണ്ട്‌ വെളിച്ചത്തിൽ നടക്കുന്നതിനാലാണ്‌ നമുക്കു നന്മ പ്രകടമാക്കുന്നതിൽ തുടരാൻ സാധിക്കുന്നത്‌. എന്നാൽ ഇത്‌ എങ്ങനെയുള്ള വെളിച്ചമാണ്‌?

7. നന്മ എന്ന ഫലം പ്രകടമാക്കുന്നതിൽ തുടരാൻ നാം എന്തു ചെയ്യണം?

7 നാം അപൂർണരാണെങ്കിലും, ആത്മീയ വെളിച്ചത്തിൽ നടക്കുന്നെങ്കിൽ നമുക്കു നന്മ പ്രകടമാക്കാൻ സാധിക്കും. “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു” എന്നു സങ്കീർത്തനക്കാരൻ പാടി. (സങ്കീർത്തനം 119:105) “സകല നന്മ”യിലൂടെയും “വെളിച്ചത്തിന്റെ ഫലം” പ്രകടമാക്കുന്നതിൽ തുടരാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, ദൈവവചനത്തിൽ കാണുന്നതും ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളിൽ സൂക്ഷ്‌മമായി പ്രതിപാദിച്ചിരിക്കുന്നതും ആരാധനയ്‌ക്കുള്ള നമ്മുടെ യോഗങ്ങളിൽ പതിവായി ചർച്ച ചെയ്യുന്നതുമായ ആത്മീയ വെളിച്ചം നാം പതിവായി പ്രയോജനപ്പെടുത്തണം. (ലൂക്കൊസ്‌ 12:42; റോമർ 15:4; എബ്രായർ 10:24, 25) “ലോകത്തിന്റെ വെളിച്ച”വും യഹോവയുടെ “തേജസ്സിന്റെ പ്രഭയും” ആയ യേശുക്രിസ്‌തു വെച്ച മാതൃകയ്‌ക്കും അവന്റെ പഠിപ്പിക്കലുകൾക്കും നാം പ്രത്യേക ശ്രദ്ധ കൊടുക്കുകയും വേണം.​—⁠യോഹന്നാൻ 8:12; എബ്രായർ 1:1-3.

ആത്മാവിന്റെ ഒരു ഫലം

8. നമുക്കു നന്മ പ്രകടമാക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

8 നന്മ പ്രകടമാക്കാൻ നിസ്സംശയമായും ആത്മീയ വെളിച്ചം നമ്മെ സഹായിക്കുന്നു. മാത്രമല്ല, ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അഥവാ കർമനിരതമായ ശക്തിയാൽ നയിക്കപ്പെടുന്നതിനാൽ ഈ ഗുണം പ്രകടമാക്കാൻ നമുക്കു കഴിയുന്നു. “ആത്മാവിന്റെ ഫല”ത്തിന്റെ ഒരു ഭാഗമാണ്‌ നന്മ. (ഗലാത്യർ 5:22, 23, ഓശാന ബൈ.) നാം യഹോവയുടെ പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനു കീഴ്‌പെടുന്നെങ്കിൽ, നന്മ എന്ന അത്ഭുതകരമായ ഫലം അതു നമ്മിൽ ഉളവാക്കും.

9. ലൂക്കൊസ്‌ 11:9-13-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിൽ നമുക്ക്‌ എങ്ങനെ പ്രവർത്തിക്കാനാകും?

9 ആത്മാവിന്റെ ഫലമായ നന്മ പ്രകടമാക്കിക്കൊണ്ട്‌ യഹോവയെ പ്രസാദിപ്പിക്കാനുള്ള ആഴമായ ആഗ്രഹം യേശുവിന്റെ പിൻവരുന്ന വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കണം: “യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ നിങ്ങളിൽ ഒരു അപ്പനോടു മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ? മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ? അങ്ങനെ [അപൂർണരായ, തന്മൂലം താരതമ്യേന] ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.” (ലൂക്കൊസ്‌ 11:9-13) നന്മ എന്ന ഫലം പ്രകടമാക്കുന്നതിൽ തുടരാൻ നമുക്കു കഴിയേണ്ടതിന്‌ യഹോവയുടെ ആത്മാവിനായി പ്രാർഥിച്ചുകൊണ്ട്‌ യേശുവിന്റെ ബുദ്ധിയുപദേശം നമുക്കു പിൻപറ്റാം.

‘നന്മ ചെയ്‌തുകൊണ്ടിരിക്കുക’

10. യഹോവയുടെ നന്മയുടെ ഏതു വശങ്ങൾ പുറപ്പാടു 34:6, 7-ൽ പ്രതിപാദിച്ചിരിക്കുന്നു?

10 ദൈവവചനത്തിലെ ആത്മീയ വെളിച്ചത്തിന്റെയും ദൈവാത്മാവിന്റെയും സഹായത്താൽ, നമുക്കു ‘നന്മ ചെയ്‌തുകൊണ്ടിരിക്കാൻ’ കഴിയും. (റോമർ 13:​3, NW) പതിവായ ബൈബിൾ പഠനത്തിലൂടെ, യഹോവയുടെ നന്മയെ എങ്ങനെ അനുകരിക്കാം എന്നതു സംബന്ധിച്ച്‌ നാം കൂടുതൽ പഠിക്കുന്നു. പുറപ്പാടു 34:6, 7-ൽ രേഖപ്പെടുത്തിയിരിക്കുന്ന മോശെയോടുള്ള പ്രഖ്യാപനത്തിൽ പരാമർശിച്ചിരിക്കുന്ന ദൈവത്തിന്റെ നന്മയുടെ വിവിധ വശങ്ങളെ കുറിച്ച്‌ മുൻ ലേഖനം ചർച്ച ചെയ്‌തു. പ്രസ്‌തുത വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: ‘യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്‌തതയുമുള്ളവൻ [“സ്‌നേഹദയയും സത്യവും നിറഞ്ഞവൻ,” NW]. ആയിരം ആയിരത്തിന്നു ദയ [“സ്‌നേഹദയ,” NW] പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുററമുള്ളവനെ വെറുതെ വിടാത്തവൻ.’ യഹോവയുടെ നന്മയുടെ ഈ പ്രകടനങ്ങൾ സംബന്ധിച്ച ഒരു സൂക്ഷ്‌മ പരിചിന്തനം ‘നന്മ ചെയ്‌തുകൊണ്ടിരിക്കാൻ’ നമ്മെ സഹായിക്കും.

11. യഹോവ കരുണയും കൃപയും ഉള്ളവനാണെന്ന അറിവ്‌ നമ്മെ എങ്ങനെ ബാധിക്കണം?

11 ഈ ദിവ്യ പ്രഖ്യാപനം, കരുണയും അതുപോലെതന്നെ കൃപയും ഉള്ളവരായിരുന്നുകൊണ്ട്‌ യഹോവയെ അനുകരിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചു നമ്മെ ജാഗരൂകരാക്കുന്നു. “കരുണയുള്ളവർ ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW]; അവർക്കു കരുണ ലഭിക്കും” എന്ന്‌ യേശു പറഞ്ഞു. (മത്തായി 5:7; ലൂക്കൊസ്‌ 6:​36, NW) യഹോവ കൃപാലുവാണ്‌ എന്ന അറിവ്‌, നാം സുവാർത്ത ഘോഷിക്കുന്നവർ ഉൾപ്പെടെ മറ്റുള്ളവരോടു കൃപയോടുകൂടിയും ഹൃദ്യമായും ഇടപെടാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഇതു പൗലൊസിന്റെ ബുദ്ധിയുപദേശത്തിനു ചേർച്ചയിലാണ്‌: “ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.”​—⁠കൊലൊസ്സ്യർ 4:⁠6.

12. (എ) ദൈവം ദീർഘക്ഷമ ഉള്ളവൻ ആകയാൽ, നാം മറ്റുള്ളവരോട്‌ എങ്ങനെ പെരുമാറണം? (ബി) യഹോവയുടെ സ്‌നേഹദയ എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു?

12 യഹോവ ദീർഘക്ഷമ ഉള്ളവൻ ആകയാൽ, ‘നന്മ ചെയ്‌തുകൊണ്ടിരിക്കാനുള്ള’ നമ്മുടെ ആഗ്രഹം സഹവിശ്വാസികളുടെ ചെറിയ തെറ്റുകൾ കാര്യമാക്കാതിരിക്കാനും അവരുടെ നല്ല ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു. (മത്തായി 7:5; യാക്കോബ്‌ 1:19) യഹോവയുടെ സ്‌നേഹദയ ഏറ്റവും പരിശോധനാകരമായ സാഹചര്യങ്ങളിൽ പോലും വിശ്വസ്‌ത സ്‌നേഹം പ്രകടമാക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതു തീർച്ചയായും വളരെ അഭികാമ്യമാണ്‌.​—⁠സദൃശവാക്യങ്ങൾ 19:​22, NW.

13. യഹോവ ‘സത്യം നിറഞ്ഞവൻ’ ആയിരിക്കുന്നതിനാൽ നാം എങ്ങനെ പ്രവർത്തിക്കണം?

13 നമ്മുടെ സ്വർഗീയ പിതാവ്‌ ‘സത്യം നിറഞ്ഞവൻ’ ആയിരിക്കുന്നതിനാൽ, ‘സത്യവചനത്താൽ നമ്മളെത്തന്നേ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കാൻ’ നാം ശ്രമിക്കുന്നു. (2 കൊരിന്ത്യർ 6:3-7) യഹോവ വെറുക്കുന്ന ഏഴു കാര്യങ്ങളിൽ പെടുന്നവയാണ്‌ “വ്യാജമുള്ള നാവും” “ഭോഷ്‌കു പറയുന്ന കള്ളസാക്ഷിയും.” (സദൃശവാക്യങ്ങൾ 6:16-19) അതുകൊണ്ട്‌ ദൈവത്തെ പ്രസാദിപ്പിക്കാനുള്ള നമ്മുടെ ആഗ്രഹം ‘ഭോഷ്‌കു ഉപേക്ഷിച്ചു സത്യം സംസാരിക്കാൻ’ നമ്മെ പ്രേരിപ്പിച്ചിരിക്കുന്നു. (എഫെസ്യർ 4:25) ഈ മർമപ്രധാനമായ വിധത്തിൽ നന്മ പ്രകടമാക്കുന്നതിൽ നമുക്ക്‌ ഒരിക്കലും വീഴ്‌ച വരുത്താതിരിക്കാം.

14. നാം ക്ഷമിക്കേണ്ടത്‌ എന്തുകൊണ്ട്‌?

14 മോശെയോടുള്ള ദൈവത്തിന്റെ പ്രഖ്യാപനം, ക്ഷമിക്കാനും നമ്മെ പ്രേരിപ്പിക്കേണ്ടതാണ്‌. കാരണം, യഹോവ ക്ഷമിക്കാൻ ഒരുക്കമുള്ളവനാണ്‌. (മത്തായി 6:14, 15) എന്നാൽ അനുതാപമില്ലാത്ത പാപികളുടെമേൽ യഹോവ തീർച്ചയായും ശിക്ഷ വരുത്തും. അതുകൊണ്ട്‌ സഭയുടെ ആത്മീയ ശുദ്ധി കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ നന്മ സംബന്ധിച്ച ദൈവത്തിന്റെ മാനദണ്ഡങ്ങളെ നാം ഉയർത്തിപ്പിടിക്കണം.​—⁠ലേവ്യപുസ്‌തകം 5:1; 1 കൊരിന്ത്യർ 5:11, 12; 1 തിമൊഥെയൊസ്‌ 5:22.

‘സൂക്ഷ്‌മത്തോടെ നടപ്പിൻ’

15, 16. എഫെസ്യർ 5:15-19-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ ബുദ്ധിയുപദേശത്തിന്‌, നന്മ ചെയ്‌തുകൊണ്ടിരിക്കാൻ നമ്മെ എങ്ങനെ സഹായിക്കാനാകും?

15 നാം തിന്മയാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ നന്മയുടെ ഗതി പിൻപറ്റാൻ നാം ദൈവാത്മാവിനാൽ നിറഞ്ഞവരായിരിക്കുകയും നമ്മുടെ നടപ്പ്‌ സൂക്ഷിക്കുകയും വേണം. അതുകൊണ്ട്‌, പൗലൊസ്‌ എഫെസൊസിലെ ക്രിസ്‌ത്യാനികളെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “സൂക്ഷ്‌മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്‌കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ. ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ. വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്‌തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്‌തും . . . സ്‌തോത്രം ചെയ്‌തുകൊൾവിൻ.” (എഫെസ്യർ 5:15-20) ഈ നിർണായക അന്ത്യനാളുകളിൽ ഈ ബുദ്ധിയുപദേശം തീർച്ചയായും ഉചിതമാണ്‌.​—⁠2 തിമൊഥെയൊസ്‌ 3:⁠1.

16 നാം നന്മ പ്രവർത്തിക്കുന്നതിൽ തുടരണമെങ്കിൽ, ദൈവിക ജ്ഞാനത്തോടെ നടക്കുന്നതിൽ ജാഗ്രത പുലർത്തണം. (യാക്കോബ്‌ 3:17) നാം കഠിന പാപങ്ങൾ ഒഴിവാക്കുകയും ആത്മാവിൽ നിറഞ്ഞവരായിരുന്ന്‌ അതിനാൽ നയിക്കപ്പെടാൻ അനുവദിക്കുകയും വേണം. (ഗലാത്യർ 5:19-25) ക്രിസ്‌തീയ യോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവ മുഖാന്തരം ലഭിക്കുന്ന ആത്മീയ പ്രബോധനം ബാധകമാക്കുകവഴി നമുക്കു നന്മ ചെയ്‌തുകൊണ്ടിരിക്കാനാകും. നമ്മുടെ മിക്ക യോഗങ്ങളിലും ‘ആത്മികഗീതങ്ങൾ’ ഹൃദയംഗമമായി പാടുന്നതിൽനിന്ന്‌ നാം പ്രയോജനം നേടുന്നുവെന്നും എഫെസ്യർക്കുള്ള പൗലൊസിന്റെ വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്നു. ആ ഗീതങ്ങളിൽ പലതും നന്മ പോലുള്ള ആത്മീയ ഗുണങ്ങളെ വിശേഷവത്‌കരിക്കുന്നവയാണ്‌.

17. ഗുരുതരമായ രോഗം ബാധിച്ച ക്രിസ്‌ത്യാനികൾക്കു തങ്ങളുടെ സാഹചര്യങ്ങൾ നിമിത്തം യോഗങ്ങളിൽ പതിവായി സംബന്ധിക്കാൻ കഴിയുന്നില്ലെങ്കിൽ, എന്തു സംബന്ധിച്ച്‌ അവർക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും?

17 ഗുരുതരമായ രോഗം മൂലം ക്രിസ്‌തീയ യോഗങ്ങൾക്കു പതിവായി സംബന്ധിക്കാൻ കഴിയാതിരിക്കുന്ന നമ്മുടെ സഹവിശ്വാസികളുടെ കാര്യമോ? എല്ലായ്‌പോഴും തങ്ങളുടെ ആത്മീയ സഹോദരീസഹോദരന്മാരോടൊപ്പം ആയിരുന്നുകൊണ്ട്‌ യഹോവയെ ആരാധിക്കാൻ സാധിക്കാത്തതിൽ അവർക്കു വലിയ ദുഃഖം തോന്നിയേക്കാം. എന്നാൽ തങ്ങളുടെ സാഹചര്യങ്ങൾ യഹോവ മനസ്സിലാക്കുന്നു എന്നും തങ്ങളെ വെളിച്ചത്തിൽ നടത്തുമെന്നും തന്റെ പരിശുദ്ധാത്മാവിനെ നൽകുമെന്നും നന്മ ചെയ്‌തുകൊണ്ടിരിക്കാൻ സഹായിക്കുമെന്നും അവർക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും.​—⁠യെശയ്യാവു 57:15.

18. നന്മയുടെ ഗതി പിൻപറ്റാൻ നമ്മെ എന്തു സഹായിക്കും?

18 നന്മയുടെ ഒരു ഗതി പിന്തുടരുന്നതിൽ, നമ്മുടെ സഹവാസങ്ങൾ സംബന്ധിച്ചു ജാഗ്രത പുലർത്തുന്നതും ‘നന്മയെ വെറുക്കുന്നവരായ’ വ്യക്തികളിൽനിന്ന്‌ അകന്നുമാറുന്നതും ആവശ്യമാണ്‌. (2 തിമൊഥെയൊസ്‌ 3:2-5, ഓശാന ബൈ.; 1 കൊരിന്ത്യർ 15:33) അത്തരം ബുദ്ധിയുപദേശം ബാധകമാക്കുന്നത്‌ ‘ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ’ നടത്തിപ്പിന്‌ എതിരായി പ്രവർത്തിച്ചുകൊണ്ട്‌ അതിനെ ‘ദുഃഖിപ്പിക്കുന്നത്‌’ ഒഴിവാക്കാൻ നമ്മെ സഹായിക്കും. (എഫെസ്യർ 4:30) മാത്രമല്ല, നന്മയെ സ്‌നേഹിക്കുന്നവരും യഹോവയുടെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരും ആണെന്ന്‌ തെളിവു നൽകുന്നവരോടൊത്ത്‌ അടുത്തു സഹവസിക്കുന്നതും നന്മ ചെയ്യാൻ നമ്മെ സഹായിക്കും.​—⁠ആമോസ്‌ 5:15; റോമർ 8:14; ഗലാത്യർ 5:18.

നന്മ സത്‌ഫലങ്ങൾ കൈവരുത്തുന്നു

19-21. നന്മ പ്രകടമാക്കുന്നതിന്റെ ഫലം വ്യക്തമാക്കുന്ന അനുഭവങ്ങൾ വിവരിക്കുക.

19 ആത്മീയ വെളിച്ചത്തിൽ നടക്കുന്നതും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ നടത്തിപ്പിന്‌ കീഴ്‌പെടുന്നതും നാം എങ്ങനെ നടക്കുന്നുവെന്ന്‌ നിരീക്ഷിക്കുന്നതും തിന്മയായ കാര്യങ്ങൾ ഒഴിവാക്കാനും ‘നന്മ ചെയ്‌തുകൊണ്ടിരിക്കാനും’ നമ്മെ സഹായിക്കും. ഇതിനു നല്ല ഫലങ്ങൾ ഉളവാക്കാനാകും. ദക്ഷിണാഫ്രിക്കയിലെ യഹോവയുടെ സാക്ഷികളിൽ ഒരുവനായ സോങ്‌ഗെസിലെയുടെ അനുഭവം പരിചിന്തിക്കുക. ഒരു ദിവസം സ്‌കൂളിലേക്കുള്ള വഴിമധ്യേ, ബാങ്കിലെ തന്റെ ചെറിയ നിക്ഷേപത്തിൽ എത്ര തുകയുണ്ടെന്ന്‌ അവൻ പരിശോധിച്ചു. ഓട്ടോമാറ്റിക്‌ ടെല്ലർ മെഷീനിൽനിന്നു കിട്ടിയ സ്ലിപ്പ്‌ 42,000 റാൻഡ്‌ (2,70,000 രൂപ) അധികമുണ്ടെന്ന്‌ തെറ്റായി കാണിച്ചു. ആ പണം എടുത്ത്‌ മറ്റൊരു ബാങ്കിൽ നിക്ഷേപിക്കാൻ അവിടെ ഉണ്ടായിരുന്ന ഒരു സെക്യൂരിറ്റി ഗാർഡും മറ്റുള്ളവരും അവനെ പ്രോത്സാഹിപ്പിച്ചു. അവൻ താമസിച്ചിരുന്ന വീട്ടിലെ സാക്ഷികളായ ഒരു ദമ്പതികൾ മാത്രമേ ആ പണം എടുക്കാഞ്ഞതിന്‌ അവനെ അഭിനന്ദിച്ചുള്ളൂ.

20 അടുത്ത പ്രവൃത്തി ദിവസം, സോങ്‌ഗെസിലെ ബാങ്കിൽ ചെന്നു സംഗതി റിപ്പോർട്ടു ചെയ്‌തു. ധനികനായ ഒരു ബിസിനസുകാരന്റെ അക്കൗണ്ട്‌ നമ്പർ സോങ്‌ഗെസിലെയുടെ അക്കൗണ്ട്‌ നമ്പരിനോടു സമാനമായിരുന്നു. അദ്ദേഹം അബദ്ധത്തിൽ സോങ്‌ഗെസിലെയുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയായിരുന്നു. അതിൽ ഒരു പൈസപോലും സോങ്‌ഗെസിലെ എടുക്കാഞ്ഞതിൽ അത്ഭുതംകൂറിയ ആ ബിസിനസ്സുകാരൻ അവനോടു ചോദിച്ചു: “നീ ഏതു മതക്കാരനാണ്‌?” സോങ്‌ഗെസിലെ താൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്ന്‌ പറഞ്ഞു. ബാങ്ക്‌ ജീവനക്കാർ അവനെ അഭിനന്ദിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “എല്ലാവരും യഹോവയുടെ സാക്ഷികളെപ്പോലെ സത്യസന്ധർ ആയിരുന്നെങ്കിലെന്ന്‌ ഞങ്ങൾ ആശിക്കുന്നു.” തീർച്ചയായും, സത്യസന്ധതയുടെയും നന്മയുടെയും പ്രവൃത്തികൾക്ക്‌ മറ്റുള്ളവർ യഹോവയെ മഹത്ത്വപ്പെടുത്തുന്നതിന്‌ ഇടയാക്കാനാകും.​—⁠എബ്രായർ 13:18.

21 നല്ല ഫലമുളവാക്കാൻ നന്മപ്രവൃത്തികൾ വളരെ ശ്രദ്ധേയം ആയിരിക്കണമെന്നില്ല. ദൃഷ്ടാന്തത്തിന്‌, സമോവ ദ്വീപുകളിലൊന്നിൽ മുഴുസമയ സുവിശേഷകനായി സേവിക്കുന്ന ഒരു യുവസാക്ഷിക്ക്‌ ഒരു പ്രാദേശിക ആശുപത്രിയിൽ പോകേണ്ടിവന്നു. ഡോക്ടറെ കാണുന്നതിനായി ആളുകൾ കാത്തിരിക്കുകയായിരുന്നു. തന്റെ അടുത്തിരിക്കുന്ന ഒരു വൃദ്ധ അങ്ങേയറ്റം അവശയാണെന്ന്‌ ആ സാക്ഷി ശ്രദ്ധിച്ചു. അവർക്കു പെട്ടെന്നുതന്നെ ഡോക്ടറെ കാണാൻ കഴിയേണ്ടതിന്‌ തന്റെ ഊഴം അവർക്കു കൊടുക്കാനുള്ള ക്രമീകരണം അദ്ദേഹം ചെയ്‌തു. പിന്നീട്‌ ഒരു അവസരത്തിൽ ആ സാക്ഷി പ്രസ്‌തുത വൃദ്ധയെ കമ്പോളത്തിൽവെച്ചു കണ്ടുമുട്ടി. അവർ അദ്ദേഹത്തെയും ആശുപത്രിയിൽവെച്ച്‌ തന്നോടു ചെയ്‌ത നന്മ പ്രവൃത്തിയെയും അപ്പോഴും ഓർക്കുന്നുണ്ടായിരുന്നു. “യഹോവയുടെ സാക്ഷികൾ തങ്ങളുടെ അയൽക്കാരെ യഥാർഥമായി സ്‌നേഹിക്കുന്നുവെന്ന്‌ ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു,” അവർ പറഞ്ഞു. ആ സ്‌ത്രീ രാജ്യസന്ദേശത്തോട്‌ മുമ്പ്‌ അനുകൂലമായി പ്രതികരിച്ചിരുന്നില്ല, എന്നാൽ ആ സാക്ഷി അവരോടു കാട്ടിയ നന്മപ്രവൃത്തി നല്ല ഫലമുളവാക്കി. അവർ ബൈബിൾ പഠിക്കുന്നതിനുള്ള ക്ഷണം സ്വീകരിക്കുകയും ദൈവവചനത്തിൽനിന്ന്‌ അറിവു സമ്പാദിക്കാൻ തുടങ്ങുകയും ചെയ്‌തു.

22. ‘നന്മ ചെയ്‌തുകൊണ്ടിരിക്കാൻ’ കഴിയുന്ന വിശേഷാൽ സുപ്രധാനമായ ഒരു മാർഗമെന്ത്‌?

22 നന്മ പ്രകടമാക്കുന്നതിന്റെ മൂല്യം കാണിക്കുന്ന അനുഭവങ്ങൾ സാധ്യതയനുസരിച്ച്‌ നിങ്ങൾക്കും വിവരിക്കാൻ കഴിയും. ‘നന്മ ചെയ്‌തുകൊണ്ടിരിക്കാൻ’ കഴിയുന്ന വിശേഷാൽ സുപ്രധാനമായ ഒരു മാർഗം, ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്ത ഘോഷിക്കുന്നതിൽ പതിവായ ഒരു പങ്ക്‌ ഉണ്ടായിരിക്കുക എന്നതാണ്‌. (മത്തായി 24:14) ഈ പ്രവർത്തനത്തിൽ ഏർപ്പെടുക എന്നത്‌ ഒരു പദവിയാണ്‌. നമുക്കു നന്മ ചെയ്യാൻ കഴിയുന്ന ഒരു വിധമാണ്‌ ഇത്‌ എന്ന്‌​—⁠വിശേഷിച്ചും അനുകൂലമായി പ്രതികരിക്കുന്നവരോട്‌​—⁠തിരിച്ചറിഞ്ഞുകൊണ്ട്‌ ആ പ്രവർത്തനത്തിൽ നമുക്കു തീക്ഷ്‌ണതയോടെ ഏർപ്പെടുന്നതിൽ തുടരാം. ഏറ്റവും പ്രധാനമായി, നമ്മുടെ ശുശ്രൂഷയും നല്ല നടത്തയും നന്മയുടെ പ്രഭവസ്ഥാനമായ യഹോവയെ മഹത്ത്വീകരിക്കുന്നു.​—⁠മത്തായി 19:16, 17.

‘നന്മ ചെയ്യുന്നതിൽ’ തുടരുക

23. ക്രിസ്‌തീയ ശുശ്രൂഷ നന്മപ്രവൃത്തി ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

23 നമ്മുടെ ശുശ്രൂഷ നിസ്സംശയമായും ഒരു നന്മപ്രവൃത്തിയാണ്‌. അതിന്‌ നമ്മെയും ബൈബിളിന്റെ സന്ദേശം ശ്രദ്ധിച്ച്‌ നിത്യജീവന്റെ പാതയിലേക്കു പ്രവേശിക്കുന്ന മറ്റുള്ളവരെയും രക്ഷയിലേക്കു നയിക്കാൻ കഴിയും. (മത്തായി 7:13, 14; 1 തിമൊഥെയൊസ്‌ 4:16) അതുകൊണ്ട്‌, നാം തീരുമാനങ്ങളെ അഭിമുഖീകരിക്കുമ്പോൾ, നന്മ ചെയ്യാനുള്ള ആഗ്രഹം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാൻ നമ്മെ പ്രേരിപ്പിച്ചേക്കാം: ‘ഈ തീരുമാനം എന്റെ രാജ്യപ്രസംഗ പ്രവർത്തനത്തെ എങ്ങനെ ബാധിക്കും? ഞാൻ സ്വീകരിക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്ന ഗതി വാസ്‌തവത്തിൽ നല്ലതാണോ? “നിത്യസുവിശേഷം” സ്വീകരിക്കാനും യഹോവയാം ദൈവവുമായുള്ള ഒരു അടുത്ത ബന്ധത്തിലേക്കു വരാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ഇത്‌ എന്നെ സഹായിക്കുമോ?’ (വെളിപ്പാടു 14:6) രാജ്യതാത്‌പര്യങ്ങളെ ഉന്നമിപ്പിക്കുന്ന ഒരു തീരുമാനത്തിൽനിന്നു വളരെ സന്തുഷ്ടി ലഭിക്കും.​—⁠മത്തായി 6:33; പ്രവൃത്തികൾ 20:​35, NW.

24, 25. സഭയിൽ നന്മ ചെയ്യാൻ കഴിയുന്ന ചില വിധങ്ങൾ ഏവ, നന്മ പ്രകടമാക്കുന്നതിൽ തുടരുന്നെങ്കിൽ എന്തു സംബന്ധിച്ച്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും?

24 നന്മയുടെ പ്രയോജനങ്ങളെ നമുക്ക്‌ ഒരിക്കലും താഴ്‌ത്തി മതിക്കാതിരിക്കാം. ക്രിസ്‌തീയ സഭയെ പിന്താങ്ങിക്കൊണ്ടും അതിന്റെ താത്‌പര്യങ്ങളും ക്ഷേമവും പരിരക്ഷിക്കാൻ ആവതു ചെയ്‌തുകൊണ്ടും ഈ ഗുണം പ്രകടമാക്കുന്നതിൽ നമുക്കു തുടരാൻ സാധിക്കും. ക്രിസ്‌തീയ യോഗങ്ങളിൽ പതിവായി സംബന്ധിക്കുകയും പങ്കെടുക്കുകയും ചെയ്യുമ്പോൾ നാം തീർച്ചയായും നന്മ ചെയ്യുകയാണ്‌. നമ്മുടെ സാന്നിധ്യംതന്നെ സഹവിശ്വാസികൾക്കു പ്രോത്സാഹനമാണ്‌, നാം നന്നായി തയ്യാറായി പറയുന്ന അഭിപ്രായങ്ങൾ അവരെ ആത്മീയമായി കെട്ടുപണി ചെയ്യുന്നു. രാജ്യഹാളിന്റെ സംരക്ഷണത്തിനു നാം നമ്മുടെ വിഭവങ്ങൾ ഉപയോഗിക്കുകയും അതിന്റെ ഉചിതമായ പരിപാലനത്തിൽ സഹായിക്കുകയും ചെയ്യുമ്പോഴും നാം നന്മ ചെയ്യുകയാണ്‌. (2 രാജാക്കന്മാർ 22:3-7; 2 കൊരിന്ത്യർ 9:6, 7) തീർച്ചയായും, ‘അവസരം കിട്ടുംപോലെ എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നമുക്കു നന്മ ചെയ്യാം.’​—⁠ഗലാത്യർ 6:10.

25 നന്മ പ്രകടമാക്കാൻ കഴിയുന്ന ഓരോ സാഹചര്യവും മുൻകൂട്ടി കാണാൻ നമുക്കു സാധിക്കില്ല. പുതിയ വെല്ലുവിളികൾ അഭിമുഖീകരിക്കവേ, നമുക്കു തിരുവെഴുത്തുകളിൽനിന്നു വെളിച്ചം തേടുകയും യഹോവയുടെ പരിശുദ്ധാത്മാവിനായി പ്രാർഥിക്കുകയും നന്മയും പൂർണതയുമുള്ള അവന്റെ ഹിതം ചെയ്യാൻ പരമാവധി ശ്രമിക്കുകയും ചെയ്യാം. (റോമർ 2:9, 10; 12:2) നാം നന്മ പ്രകടമാക്കുന്നതിൽ തുടരവേ, യഹോവ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കും എന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും.

നിങ്ങളുടെ ഉത്തരമെന്ത്‌?

• ഏറ്റവും വലിയ നന്മ നമുക്ക്‌ എങ്ങനെ നിർവഹിക്കാൻ കഴിയും?

• നന്മയെ ‘വെളിച്ചത്തിന്റെ ഫലം’ എന്നു വിളിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

• നന്മയെ ‘ആത്മാവിന്റെ ഫലം’ എന്നു വിളിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• നമ്മുടെ നല്ല നടത്തയ്‌ക്ക്‌ എന്തു ഫലമുണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[17-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ വചനവും അവന്റെ പരിശുദ്ധാത്മാവും നന്മ പ്രകടമാക്കാൻ നമ്മെ സഹായിക്കുന്നു

[18-ാം പേജിലെ ചിത്രങ്ങൾ]

നന്മ പ്രകടമാക്കുന്നത്‌ സത്‌ഫലങ്ങൾ കൈവരുത്തുന്നു