വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നല്ല പ്രവൃത്തികൾ ദൈവത്തിനു മഹത്ത്വം കരേറ്റുന്നു

നല്ല പ്രവൃത്തികൾ ദൈവത്തിനു മഹത്ത്വം കരേറ്റുന്നു

നല്ല പ്രവൃത്തികൾ ദൈവത്തിനു മഹത്ത്വം കരേറ്റുന്നു

നല്ല നടത്തയാലും മാതൃകായോഗ്യമായ പ്രവൃത്തികളാലും സത്യക്രിസ്‌ത്യാനികൾ ദൈവത്തിനു മഹത്ത്വം കരേറ്റുന്നു. (1 പത്രൊസ്‌ 2:12) സമീപ വർഷങ്ങളിൽ ഇറ്റലിയിൽ സംഭവിച്ചത്‌ ഇതിനു തെളിവാണ്‌.

അവിടെ മാർഷ്‌, അംബ്രിയ മേഖലകളുടെ വിവിധ ഭാഗങ്ങളെ 1997 സെപ്‌റ്റംബറിൽ അതിശക്തമായ ഒരു ഭൂകമ്പം പിടിച്ചുകുലുക്കി. 90,000-ത്തോളം ഭവനങ്ങൾക്ക്‌ ഭൂകമ്പത്തിൽ കേടുപാടുകൾ സംഭവിച്ചു. യഹോവയുടെ സാക്ഷികളുടെ കൂട്ടങ്ങൾ സത്വരം സഹവിശ്വാസികൾക്കും മറ്റുള്ളവർക്കും സഹായം എത്തിച്ചു. വാഹനഭവനങ്ങൾ, ശയനസഞ്ചികൾ, അടുപ്പുകൾ, ജനറേറ്ററുകൾ തുടങ്ങിയവയും മറ്റു സാധനങ്ങളും അവർ നൽകി. ഈ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയില്ല.

വർത്തമാനപത്രമായ ഇൽ ചെൻട്രോ റിപ്പോർട്ടു ചെയ്‌തു: “ഭൂകമ്പബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യം എത്തിയത്‌ [റ്റെറാമോ പ്രവിശ്യയിലെ] റോസെറ്റോയിൽ നിന്നുള്ള യഹോവയുടെ സാക്ഷികളാണ്‌ . . . പ്രാർഥിക്കാൻ ക്രമമായി കൂടിവരുന്നതിനു പുറമേ, യഹോവയോടു വിശ്വസ്‌തരായവർ പ്രായോഗികമായ വിധത്തിലും പ്രവർത്തിക്കുന്നു. ആവശ്യമുള്ളവരെയെല്ലാം, അവർ ഏതു മതത്തിൽ പെട്ടവരാണെന്നൊന്നും നോക്കാതെ അവർ സഹായിക്കുന്നു.”

ഭൂകമ്പ കെടുതികൾ ഏറ്റവുമധികം അനുഭവപ്പെട്ട പട്ടണങ്ങളിൽ ഒന്നായ നോച്ചേറാ ഉംബ്രായിലെ മേയർ സാക്ഷികൾക്ക്‌ ഇപ്രകാരം എഴുതി: “നോച്ചേറായിലെ ആളുകൾക്കു നിങ്ങൾ ചെയ്‌ത സഹായത്തെപ്രതി വ്യക്തിപരമായി ഞാൻ നിങ്ങൾക്കു ഹൃദയംഗമമായ നന്ദി പറയുന്നു. ഈ പട്ടണത്തിലുള്ള എല്ലാവർക്കും അതേ വികാരമാണ്‌ ഉള്ളതെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.” കൂടാതെ “മാർഷ്‌, അംബ്രിയ മേഖലകളിൽ ഉണ്ടായ അടിയന്തിര സാഹചര്യത്തോടു ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വഹിച്ച പങ്കിനെയും പ്രകടമാക്കിയ ഉത്സാഹത്തെയും സാക്ഷ്യപ്പെടുത്താൻ” ആഭ്യന്തര മന്ത്രാലയം ഒരു സർട്ടിഫിക്കറ്റും പതക്കവും കോങ്‌ഗ്രേഗാറ്റ്‌സ്യോനേ ക്രിസ്‌തിയാന ദെയ്‌ ടെസ്റ്റിമോണി ദി ഷേവോവയ്‌ക്ക്‌ (യഹോവയുടെ സാക്ഷികളുടെ ക്രിസ്‌തീയ സഭയ്‌ക്ക്‌) അവാർഡായി നൽകി.

വടക്കൻ ഇറ്റലിയിലെ പിഡ്‌മോന്റ്‌ മേഖലയിൽ ദുരന്തം വിതച്ചുകൊണ്ട്‌ 2000 ഒക്ടോബറിൽ കനത്ത ഒരു വെള്ളപ്പൊക്കം ഉണ്ടായി. അപ്പോഴും, സഹായം എത്തിക്കാൻ സാക്ഷികൾ സത്വരം പ്രവർത്തിച്ചു. ആ സത്‌പ്രവൃത്തികളും ശ്രദ്ധിക്കപ്പെടാതെ പോയില്ല. “പ്രളയബാധിതരായ പിഡ്‌മോന്റിസ്‌ ജനങ്ങളെ സഹായിക്കാൻ വിലയേറിയ സന്നദ്ധസേവനം” ചെയ്‌തതിനെ പ്രതി പിഡ്‌മോന്റിലെ മേഖലാ അധികൃതർ ഒരു ഫലകം അവർക്ക്‌ അവാർഡായി നൽകി.

യേശുക്രിസ്‌തു തന്റെ അനുഗാമികൾക്ക്‌ ഈ നിർദേശം കൊടുത്തു: “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്തായി 5:16) അയൽക്കാരെ ആത്മീയമായും മറ്റു വിധങ്ങളിലും സഹായിക്കുന്ന തരത്തിലുള്ള ‘നല്ല പ്രവൃത്തികൾ’ ചെയ്യുകവഴി യഹോവയുടെ സാക്ഷികൾ തങ്ങൾക്കല്ല, മറിച്ച്‌ ദൈവത്തിനു സന്തോഷപൂർവം മഹത്ത്വം കരേറ്റുന്നു.