നിങ്ങളുടെ ആശ്രയം യഥാർഥ ദൈവത്തിലോ?
നിങ്ങളുടെ ആശ്രയം യഥാർഥ ദൈവത്തിലോ?
പര്യവേക്ഷകനായ റോബർട്ട് ഇ. പിയറി 1906-ൽ കണ്ടതായി റിപ്പോർട്ടു ചെയ്‌ത ഒരു ആർട്ടിക് പ്രദേശത്തെ കുറിച്ചു പഠിക്കാൻ, ഏതാണ്ട് ഏഴു വർഷത്തിനു ശേഷം, അമേരിക്കൻ പ്രകൃതി ചരിത്ര മ്യൂസിയം നിയോഗിച്ച ഒരു പര്യവേക്ഷക സംഘം പുറപ്പെട്ടു.
വടക്കേ അമേരിക്കയുടെ ഏറ്റവും വടക്കുപടിഞ്ഞാറുള്ള കേപ്പ് കോൾഗേറ്റിൽനിന്നു പിയറി നിരീക്ഷണം നടത്തിയപ്പോൾ ഒരു വിദൂര കരപ്രദേശത്തെ വെളുത്ത ഗിരിശൃംഗങ്ങൾ പോലുള്ള ഒന്ന് അദ്ദേഹത്തിനു കാണാനായി. അദ്ദേഹം അതിനെ, തന്റെ സാമ്പത്തിക പിന്തുണക്കാരിൽ ഒരാളുടെ പേരു ചേർത്ത് ക്രോക്കർ ലാൻഡ് എന്നു വിളിച്ചു. രണ്ടാമതു പുറപ്പെട്ട പര്യവേക്ഷക സംഘത്തിൽ പെട്ടവർക്ക് മലകളും താഴ്‌വരകളും മഞ്ഞുമൂടിയ ഗിരിശൃംഗങ്ങളും ഉള്ള ഒരു പ്രദേശം ദൃഷ്ടിയിൽ പെട്ടപ്പോൾ എത്ര ആവേശം തോന്നിക്കാണണം! എന്നാൽ അത് വെറുമൊരു ആർട്ടിക് മിഥ്യാദൃഷ്ടിപ്രതിഭാസം ആണെന്ന് അവർ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. ആ അന്തരീക്ഷ പ്രതിഭാസം പിയറിയെ കബളിപ്പിച്ചിരുന്നു. ഇപ്പോഴോ, മിഥ്യയായ, യഥാർഥമല്ലാത്ത ഒന്നിനെ തേടി ആ പര്യവേക്ഷകർ തങ്ങളുടെ സമയവും ഊർജവും വിഭവങ്ങളും ചെലവഴിച്ചിരുന്നു.
ഇന്ന് പലരും, തങ്ങൾ യഥാർഥമെന്നു വിചാരിക്കുന്ന ദൈവങ്ങൾക്ക് തങ്ങളുടെ ആരാധനയും സമയവും അർപ്പിക്കുന്നു. യേശുവിന്റെ അപ്പൊസ്‌തലന്മാരുടെ നാളുകളിൽ ഹെർമിസ്, സീയൂസ് എന്നിങ്ങനെയുള്ള ദൈവങ്ങളെ ആളുകൾ ആരാധിച്ചിരുന്നു. (പ്രവൃത്തികൾ 14:11, 12, NW) ഇന്ന് ഷിന്റോമതം, ഹിന്ദുമതം തുടങ്ങി ലോകത്തിലെ വിവിധ മതങ്ങൾ ദശലക്ഷക്കണക്കിനു ദൈവങ്ങളെ പൂജിക്കുന്നു. അതേ, ബൈബിൾ പറയുന്നതുപോലെ ‘പല ദേവന്മാർ ഉണ്ട്.’ (1 കൊരിന്ത്യർ 8:5, 6, പി.ഒ.സി. ബൈബിൾ) ഇവയെല്ലാം യഥാർഥ ദൈവങ്ങൾ ആയിരിക്കുമോ?
“രക്ഷിപ്പാൻ കഴിയാത്ത” ദൈവങ്ങൾ
ഉദാഹരണത്തിന്, ആരാധനയിൽ പ്രതിമകളും പ്രതീകങ്ങളും ഉപയോഗിക്കുന്നതിന്റെ കാര്യം പരിചിന്തിക്കുക. വിഗ്രഹദേവന്മാരിൽ ആശ്രയിക്കുകയും അവ മുഖാന്തരം പ്രാർഥിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം, പ്രതിഫലം കൊടുക്കാനും ആപത്തിൽനിന്നു രക്ഷിക്കാനും കഴിവുള്ള, അമാനുഷിക ശക്തിയുള്ള രക്ഷകരാണ് ആ വിഗ്രഹങ്ങൾ. എന്നാൽ, അവയ്‌ക്കു വാസ്‌തവത്തിൽ രക്ഷിക്കാൻ കഴിയുമോ? അവയെ കുറിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “ജാതികളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു. സങ്കീർത്തനം 135:15-17; യെശയ്യാവു 45:20.
അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല; അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; അവയുടെ വായിൽ ശ്വാസവുമില്ല.” അതേ, “രക്ഷിപ്പാൻ കഴിയാത്ത” ദൈവങ്ങളാണ് അവ.—വിഗ്രഹങ്ങൾ ഉണ്ടാക്കുന്നവർ, ആ വിഗ്രഹങ്ങൾക്കു ജീവനും ശക്തിയും ഉണ്ടെന്നു പറഞ്ഞേക്കാം. വിഗ്രഹങ്ങളെ ആരാധിക്കുന്നവർ അവയിൽ തങ്ങളുടെ ആശ്രയം വെക്കുന്നു. പ്രവാചകനായ യെശയ്യാവ് ഇങ്ങനെ പറഞ്ഞു: “അവർ അതിനെ [വിഗ്രഹത്തെ] തോളിൽ എടുത്തുകൊണ്ടുപോയി അതിന്റെ സ്ഥലത്തു നിർത്തുന്നു; അതു തന്റെ സ്ഥലത്തുനിന്നു മാറാതെ നില്‌ക്കുന്നു; അതിനോടു നിലവിളിച്ചാൽ അതു ഉത്തരം പറയുന്നില്ല; കഷ്ടത്തിൽനിന്നു രക്ഷിക്കുന്നതുമില്ല.” (യെശയ്യാവു 46:7) വിഗ്രഹത്തിൽ ആശ്രയിക്കുന്നവരുടെ വിശ്വാസം എത്ര ശക്തമായിരുന്നാലും അതു ജീവരഹിതമായിത്തന്നെ ഇരിക്കുമെന്നതാണ് സത്യം. അത്തരം പ്രതിമകളും ഉരുക്കിയെടുത്ത ബിംബങ്ങളും ‘മിത്ഥ്യാമൂർത്തികൾ’ ആണ്.—ഹബക്കൂക് 2:18.
വിനോദരംഗത്തെ വ്യക്തികളെയും സ്‌പോർട്‌സ് താരങ്ങളെയും രാഷ്‌ട്രീയ വ്യവസ്ഥിതികളെയും ചില മതനേതാക്കളെയും വിഗ്രഹതുല്യമായി ആരാധിക്കുന്നതും പൂജിക്കുന്നതുമൊക്കെ ഇന്നു സർവസാധാരണമാണ്. മാത്രമല്ല, ഇന്നു പലരുടെയും കാര്യത്തിൽ പണം ഒരു ദൈവമാണ്. ഇവയ്‌ക്കെല്ലാം ആളുകൾ ഇല്ലാത്ത ഗുണങ്ങളും ശക്തികളുമൊക്കെ കൽപ്പിച്ചുകൊടുക്കുന്നു. അവയിൽ വിശ്വസിക്കുന്നവർക്ക് അവർ പ്രത്യാശിക്കുന്നതൊന്നും അവ നൽകുന്നില്ല, മാത്രമല്ല നൽകാനുള്ള കഴിവും അവയ്‌ക്കില്ല. ഉദാഹരണത്തിന്, സമ്പത്ത് പല പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമായി തോന്നിയേക്കാം. എന്നാൽ ധനത്തിന്റെ ശക്തി വഞ്ചനാത്മകമാണ്. (മർക്കൊസ് 4:19) ഒരു ഗവേഷകൻ ഇങ്ങനെ ചോദിച്ചു: “നിരവധി ആളുകൾ അതിയായി ആഗ്രഹിക്കുന്നതും സകല പ്രശ്‌നങ്ങൾക്കുമുള്ള ഒരു പരിഹാരമായി അനേകരും കണക്കാക്കുന്നതുമായ ഒന്ന് നിരാശയും വൈകാരിക സംഘർഷങ്ങളും പോലുള്ള ഫലങ്ങൾ ഉളവാക്കുന്നത് എന്തുകൊണ്ടാണ്?” അതേ, സമ്പത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിൽ നല്ല ആരോഗ്യം, സംതൃപ്‌ത കുടുംബജീവിതം, ഉറ്റ മിത്രങ്ങൾ, സ്രഷ്ടാവുമായുള്ള അമൂല്യമായ ബന്ധം എന്നിങ്ങനെ യഥാർഥ മൂല്യമുള്ള പലതും ഒരുവനു ബലി ചെയ്യേണ്ടതായി വന്നേക്കാം. അയാളുടെ ദൈവം വെറും ‘മിത്ഥ്യാബിംബം’ ആണെന്നു തെളിയുന്നു!—യോനാ 2:8.
‘ഉത്തരം ഉണ്ടായില്ല’
അയഥാർഥമായ ഒന്നിനെ യഥാർഥമെന്നു കണക്കാക്കുന്നതു ഭോഷത്തമാണ്. ഏലീയാവിന്റെ നാളിൽ ബാൽ എന്ന ദൈവത്തെ ആരാധിച്ചിരുന്നവർ കഠിനമായ ഒരു അനുഭവത്തിലൂടെ അതു പഠിച്ചു. സ്വർഗത്തിൽനിന്നു തീ ഇറക്കി മൃഗയാഗം ദഹിപ്പിക്കാനുള്ള ശക്തി ബാലിന് ഉണ്ടെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു. വാസ്‌തവത്തിൽ അവർ “ബാലേ, ഉത്തരമരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു.” കേൾക്കാൻ കഴിയുന്ന കാതുകളും സംസാരിക്കാൻ കഴിയുന്ന വായയും ബാലിന് ഉണ്ടായിരുന്നോ? വിവരണം ഇങ്ങനെ പറയുന്നു: “ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല.” യഥാർഥത്തിൽ അവരുടെ പ്രാർഥനയ്‌ക്ക് ആരും “ശ്രദ്ധ” നൽകിയില്ല. (1 രാജാക്കന്മാർ 18:26, 29) ബാൽ യഥാർഥ ദൈവമായിരുന്നില്ല, അവൻ ജീവനില്ലാത്തവനും നിഷ്‌ക്രിയനും ആയിരുന്നു.
നാം യഥാർഥ ദൈവത്തെ തിരിച്ചറിഞ്ഞ് അവനെ ആരാധിക്കുന്നത് എത്ര പ്രധാനമാണ്! എന്നാൽ, അവൻ ആരാണ്? അവനിൽ ആശ്രയിക്കുന്നത് നമുക്ക് എങ്ങനെ പ്രയോജനങ്ങൾ കൈവരുത്തും?
[3-ാം പേജിലെ ചിത്രങ്ങൾ]
പിയറിയുടെ സഹ പര്യവേക്ഷകനായ ഇജിന്യാ കരപ്രദേശം കണ്ടെത്താൻ ചക്രവാളത്തിൽ തിരയുന്നു
റോബർട്ട് ഇ. പിയറി
[കടപ്പാട്]
Egingwah: From the book The North Pole: Its Discovery in 1909 Under the Auspices of the Peary Arctic Club, 1910; Robert E. Peary: NOAA
[4-ാം പേജിലെ ചിത്രങ്ങൾ]
ലോകത്തിൽ ഇന്ന് വിഗ്രഹങ്ങളായി ആരാധിക്കപ്പെടുന്ന കാര്യങ്ങളാൽ പലരും വഞ്ചിക്കപ്പെടുന്നു