വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥ ദൈവമായ യഹോവയിൽ ആശ്രയിക്കുക

യഥാർഥ ദൈവമായ യഹോവയിൽ ആശ്രയിക്കുക

യഥാർഥ ദൈവമായ യഹോവയിൽ ആശ്രയിക്കുക

രാത്രിയിൽ മേഘങ്ങളൊഴിഞ്ഞ ആകാശത്തു കാണുന്ന നൂറുകണക്കിനു നക്ഷത്രങ്ങളെ നിങ്ങൾ നോക്കിനിന്നിട്ടുണ്ടോ? അവ എങ്ങനെയാണ്‌ ഉണ്ടായത്‌ എന്നു നിങ്ങൾക്കു പറയാമോ?

രാത്രിയുടെ നിശ്ശബ്ദതയിൽ നക്ഷത്രങ്ങൾ പുരാതന ഇസ്രായേലിലെ ദാവീദ്‌ രാജാവിനോടു സംസാരിച്ചു. അത്‌ ഇങ്ങനെ എഴുതാൻ അവനെ പ്രേരിപ്പിച്ചു: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.” (സങ്കീർത്തനം 19:⁠1) അതേ, സൃഷ്ടികളല്ല, മറിച്ച്‌ സ്രഷ്ടാവാണ്‌ “മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ” അർഹൻ.​—⁠വെളിപ്പാടു 4:11; റോമർ 1:⁠25.

“സർവ്വവും ചമെച്ചവൻ ദൈവം തന്നേ” എന്നു ബൈബിൾ പ്രസ്‌താവിക്കുന്നു. (എബ്രായർ 3:4) തീർച്ചയായും, “യഹോവ എന്നു നാമമുള്ള” സത്യദൈവമാണ്‌ “സർവ്വഭൂമിക്കും മീതെ അത്യുന്നതൻ.” (സങ്കീർത്തനം 83:18) അവൻ ഒരു സാങ്കൽപ്പിക വ്യക്തിയല്ല, മിഥ്യയല്ല. തന്റെ സ്വർഗീയ പിതാവായ യഹോവയെ കുറിച്ച്‌ യേശുക്രിസ്‌തു ഇങ്ങനെ പറഞ്ഞു: “എന്നെ അയച്ചവൻ യഥാർഥത്തിൽ ഉള്ളവനാണ്‌.”​—⁠യോഹന്നാൻ 7:⁠28, NW.

യഹോവ​—⁠ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നവൻ

യഹോവ എന്ന അനുപമമായ ദൈവനാമം എബ്രായ തിരുവെഴുത്തുകളിൽ മാത്രം 7,000-ത്തോളം പ്രാവശ്യം കാണാം. ആ നാമം തന്നെ അവൻ യഥാർഥ വ്യക്തിയാണെന്ന വസ്‌തുതയിലേക്കു വിരൽ ചൂണ്ടുന്നു. ദൈവനാമത്തിന്റെ അക്ഷരീയ അർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്‌. അങ്ങനെ, തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നവനെന്ന നിലയിൽ യഹോവ സ്വയം തിരിച്ചറിയിക്കുന്നു. ദൈവത്തിന്റെ പേര്‌ എന്താണെന്നു മോശെ ദൈവത്തോടു ചോദിച്ചപ്പോൾ, അതിന്റെ അർഥത്തെ കുറിച്ച്‌ അവൻ ഇങ്ങനെ വിശദീകരിച്ചു പറഞ്ഞു: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു.” (പുറപ്പാടു 3:14) റോഥർഹാമിന്റെ പരിഭാഷ ഇങ്ങനെ വ്യക്തമായി പ്രസ്‌താവിക്കുന്നു: “ഞാൻ എന്തെല്ലാം ആയിത്തീരാൻ ആഗ്രഹിക്കുന്നുവോ അതെല്ലാം ആയിത്തീരും.” യഹോവ, തന്റെ നീതിനിഷ്‌ഠമായ ഉദ്ദേശ്യങ്ങളും വാഗ്‌ദാനങ്ങളും ഒരു യാഥാർഥ്യമാക്കാൻ ആവശ്യമായിരിക്കുന്നത്‌ എന്തോ, അതാണെന്നു തെളിയുന്നു അഥവാ അത്‌ ആയിത്തീരുന്നു. തന്മൂലം, സ്രഷ്ടാവ്‌, പിതാവ്‌, കർത്താവ്‌, ഇടയൻ, സൈന്യങ്ങളുടെ യഹോവ, പ്രാർഥന കേൾക്കുന്നവൻ, ന്യായാധിപൻ, ഉപദേഷ്ടാവ്‌, വീണ്ടെടുപ്പുകാരൻ എന്നിങ്ങനെയുള്ള മതിപ്പാർന്ന അനേകം സ്ഥാനപ്പേരുകൾ അവനുണ്ട്‌.​—⁠ന്യായാധിപന്മാർ 11:27; സങ്കീർത്തനം 23:1; 65:2; 73:28; 89:26; യെശയ്യാവു 8:13; 30:20; 40:28; 41:14.

ഉചിതമായും സത്യദൈവത്തിനു മാത്രമേ യഹോവ എന്ന നാമം വഹിക്കാൻ കഴിയൂ. കാരണം മനുഷ്യർക്ക്‌ ഒരിക്കലും തങ്ങളുടെ ആസൂത്രണങ്ങൾ വിജയിക്കുമെന്ന്‌ ഉറപ്പു വരുത്താൻ സാധിക്കുകയില്ല. (യാക്കോബ്‌ 4:13, 14) യഹോവയ്‌ക്കു മാത്രമേ ഇങ്ങനെ പറയാൻ കഴിയൂ: “മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാൻ വിത്തും തിന്മാൻ ആഹാരവും നല്‌കത്തക്കവണ്ണം ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.”​—⁠യെശയ്യാവു 55:10, 11.

മനുഷ്യർക്ക്‌ അയഥാർഥമെന്നു തോന്നുന്ന കാര്യങ്ങൾ പോലും യഹോവയുടെ വീക്ഷണത്തിൽ യഥാർഥമായിരിക്കും വിധം അത്ര സുനിശ്ചിതമായി അവൻ തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നു. അബ്രാഹാമും യിസ്‌ഹാക്കും യാക്കോബും മരിച്ച്‌ ദീർഘകാലത്തിനു ശേഷം, അവരെ കുറിച്ചു പരാമർശിച്ചുകൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “ദൈവമോ [യഹോവയോ] മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ.” (ലൂക്കൊസ്‌ 20:37, 38) വിശ്വസ്‌തരായ ആ മൂന്നു ഗോത്രപിതാക്കന്മാരും മരിച്ചുപോയിരുന്നു. എന്നാൽ അവരെ ഉയിർപ്പിക്കുകയെന്ന ദൈവോദ്ദേശ്യം വളരെ സുനിശ്ചിതമായിരുന്നതിനാൽ അവർ അവന്റെ ദൃഷ്ടിയിൽ ജീവിച്ചിരിക്കുന്നവരെ പോലെ ആയിരുന്നു. യഹോവയെ സംബന്ധിച്ചിടത്തോളം ഈ പുരാതനകാല വിശ്വസ്‌ത ദാസന്മാരെ ജീവനിലേക്കു കൊണ്ടുവരുന്നത്‌, നിലത്തെ പൊടിയിൽനിന്ന്‌ ആദ്യ മനുഷ്യനെ ഉണ്ടാക്കിയതിനെക്കാളും ഒട്ടും വിഷമമുള്ള കാര്യമല്ല.​—⁠ഉല്‌പത്തി 2:⁠7.

നടപ്പാക്കാൻ താൻ ഉദ്ദേശിക്കുന്നത്‌ ദൈവം തീർച്ചയായും നടപ്പാക്കുമെന്ന വസ്‌തുതയ്‌ക്ക്‌ പൗലൊസ്‌ അപ്പൊസ്‌തലൻ മറ്റൊരു ഉദാഹരണം നൽകുന്നു. തിരുവെഴുത്തുകളിൽ, അബ്രാഹാമിനെ ‘ബഹുജാതികളുടെ പിതാവ്‌’ എന്നു വിളിച്ചിരിക്കുന്നു. (റോമർ 4:16, 17) അബ്രാമിനു കുട്ടികൾ ഇല്ലാതിരുന്നപ്പോൾത്തന്നെ യഹോവ അവന്റെ പേര്‌ അബ്രാഹാം എന്നാക്കി മാറ്റി. അതിന്റെ അർഥം “പുരുഷാരത്തിന്റെ (വൻജാതിയുടെ) പിതാവ്‌” എന്നാണ്‌. വൃദ്ധനായ അബ്രാഹാമിന്റെയും വയസ്സുചെന്ന സാറായുടെയും പുനരുത്‌പാദന പ്രാപ്‌തികൾ അത്ഭുതകരമായി പുനഃസ്ഥിതീകരിച്ചുകൊണ്ട്‌ യഹോവ ആ പേരിന്റെ അർഥം ഒരു യാഥാർഥ്യമായിത്തീരാൻ ഇടയാക്കി.​—⁠എബ്രായർ 11:11, 12.

വളരെ അധികാരവും ശക്തിയും ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന യേശുക്രിസ്‌തു മനുഷ്യരെക്കാൾ വളരെ ഉയർന്ന ഒരു വീക്ഷണകോണത്തിൽനിന്ന്‌ യാഥാർഥ്യങ്ങളെ കുറിച്ചു സംസാരിച്ചു. അവന്റെ ഉറ്റമിത്രമായിരുന്ന ലാസർ മരിച്ചുപോയിരുന്നെങ്കിലും, യേശു തന്റെ ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “നമ്മുടെ സ്‌നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്നു അവരോടു പറഞ്ഞു.” (യോഹന്നാൻ 11:11) മരിച്ചുപോയ ഒരു മനുഷ്യൻ കേവലം ഉറങ്ങുകയാണെന്ന്‌ യേശു എന്തുകൊണ്ടാണ്‌ പറഞ്ഞത്‌?

യേശു ലാസറുടെ സ്വന്തപട്ടണമായ ബേഥാന്യയിൽ എത്തിയപ്പോൾ, അവൻ ശവക്കല്ലറയുടെ അടുക്കൽ ചെന്നിട്ട്‌ അതിന്റെ കവാടം മൂടിയിരുന്ന കല്ലു നീക്കാൻ നിർദേശിച്ചു. ഉച്ചത്തിൽ പ്രാർഥിച്ചശേഷം “ലാസരേ, പുറത്തുവരിക” എന്നു കൽപ്പിച്ചു. അവിടെ ഉണ്ടായിരുന്നവരുടെയെല്ലാം ദൃഷ്ടികൾ ശവക്കല്ലറയിൽ പതിഞ്ഞിരിക്കെ, “മരിച്ചവൻ പുറത്തു വന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു.” അപ്പോൾ, “അവന്റെ കെട്ടു അഴിപ്പിൻ; അവൻ പോകട്ടെ” എന്ന്‌ യേശു പറഞ്ഞു. (യോഹന്നാൻ 11:43, 44) യേശു ലാസരിനെ ഉയിർപ്പിച്ചു, അങ്ങനെ നാലു ദിവസമായി മരിച്ചവനായിരുന്ന ഒരു മനുഷ്യനെ അവൻ ജീവനിലേക്കു പുനഃസ്ഥിതീകരിച്ചു! തന്റെ സ്‌നേഹിതൻ ഉറങ്ങുകയാണെന്നു പറഞ്ഞപ്പോൾ ക്രിസ്‌തു സത്യത്തെ വളച്ചൊടിക്കുകയായിരുന്നില്ല. യഹോവയുടെയും യേശുവിന്റെയും വീക്ഷണത്തിൽ, മരിച്ച ലാസർ കേവലം ഉറങ്ങുന്നതു പോലെ ആയിരുന്നു. അതേ, യേശുവും അവന്റെ സ്വർഗീയ പിതാവും യാഥാർഥ്യങ്ങളിലാണ്‌ തത്‌പരരായിരിക്കുന്നത്‌.

യഹോവയ്‌ക്കു നമ്മുടെ പ്രത്യാശകൾ യഥാർഥമാക്കാൻ കഴിയും

വഞ്ചനാത്മകമായ വിഗ്രഹങ്ങളും യഥാർഥ ദൈവവും തമ്മിൽ എത്ര വലിയ അന്തരമാണ്‌ ഉള്ളത്‌! വിഗ്രഹാരാധകർ തങ്ങളുടെ പൂജാവിഗ്രഹങ്ങൾക്ക്‌ അമാനുഷ ശക്തികൾ തെറ്റായി കൽപ്പിക്കുന്നു. ഈ വിഗ്രഹങ്ങൾക്ക്‌ എത്രയധികം ഭക്തി കൊടുത്താലും അവയ്‌ക്ക്‌ അത്ഭുതകരമായ പ്രാപ്‌തികൾ ലഭിക്കുകയില്ല. നേരെ മറിച്ച്‌, ദീർഘകാലം മുമ്പ്‌ മരിച്ചുപോയ തന്റെ ദാസന്മാരെ പോലും ജീവിച്ചിരിക്കുന്നവർ എന്ന്‌ യഹോവയ്‌ക്കു വിളിക്കാനാകും. കാരണം, അവർക്കു വീണ്ടും ജീവൻ നൽകാൻ അവനു സാധിക്കും. ‘യഹോവ സത്യദൈവമാണ്‌,’ അവൻ ഒരിക്കലും തന്റെ ജനത്തെ വഞ്ചിക്കുകയില്ല.​—⁠യിരെമ്യാവു 10:⁠10.

യഹോവയുടെ തക്കസമയത്ത്‌ അവന്റെ ഓർമയിലുള്ളവർ പുനരുത്ഥാനം പ്രാപിച്ച്‌ ജീവനിലേക്കു തിരികെ വരും എന്നത്‌ എത്ര ആശ്വാസകരമാണ്‌! (പ്രവൃത്തികൾ 24:15) അതേ, പുനരുത്ഥാനത്തിൽ വ്യക്തിയുടെ ജീവിതമാതൃക പുനഃസ്ഥിതീകരിക്കുന്നത്‌ ഉൾപ്പെടുന്നു. വ്യക്തികളുടെ ജീവിതമാതൃക ഓർത്തിരിക്കുന്നതും അവരെ പുനരുത്ഥാനത്തിലേക്കു വരുത്തുന്നതും സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്‌നമല്ല, കാരണം അവന്റെ ജ്ഞാനവും ശക്തിയും അനന്തമാണ്‌. (ഇയ്യോബ്‌ 12:13; യെശയ്യാവു 40:26) യഹോവയ്‌ക്കു സമൃദ്ധമായ സ്‌നേഹം ഉള്ളതിനാൽ, മരിച്ചുപോയവരുടെ മുൻ വ്യക്തിത്വത്തോടെ അവരെ ഒരു ഭൗമിക പറുദീസയിലേക്കു തിരികെ കൊണ്ടുവരാൻ അവൻ തന്റെ പൂർണമായ ഓർമശക്തി ഉപയോഗിക്കും.​—⁠1 യോഹന്നാൻ 4:⁠8.

സാത്താന്യ ലോകത്തിന്റെ അന്ത്യം സമീപിച്ചുവരവേ, സത്യദൈവത്തിൽ ആശ്രയിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഭാവി നിശ്ചയമായും ശോഭനമാണ്‌. (സദൃശവാക്യങ്ങൾ 2:21, 22; ദാനീയേൽ 2:44; 1 യോഹന്നാൻ 5:19) സങ്കീർത്തനക്കാരൻ നമുക്ക്‌ ഈ ഉറപ്പു നൽകുന്നു: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; . . . എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:10, 11) കുറ്റകൃത്യവും അക്രമവും കഴിഞ്ഞകാല സംഗതികളാകും. എങ്ങും നീതി കളിയാടും, സാമ്പത്തിക ക്ലേശങ്ങൾ ഇല്ലാതാകും. (സങ്കീർത്തനം 37:6; 72:12, 13; യെശയ്യാവു 65:21-23) സാമൂഹികവും വർഗീയവും ഗോത്രപരവും വംശീയവുമായ വേർതിരിവുകളെല്ലാം തുടച്ചുനീക്കപ്പെടും. (പ്രവൃത്തികൾ 10:34, 35) യുദ്ധങ്ങളും യുദ്ധായുധങ്ങളും മേലാൽ ഉണ്ടായിരിക്കുകയില്ല. (സങ്കീർത്തനം 46:9) അന്ന്‌ “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” (യെശയ്യാവു 33:24) പൂർണവും ഓജസ്സുറ്റതുമായ ആരോഗ്യം സകലരും ആസ്വദിക്കും. (വെളിപ്പാടു 21:​3-5) ഒരു ഭൗമിക പറുദീസ പെട്ടെന്നുതന്നെ യാഥാർഥ്യമായിത്തീരും. യഹോവ അത്‌ ഉദ്ദേശിച്ചിരിക്കുന്നു!

അതേ, ബൈബിളധിഷ്‌ഠിത പ്രത്യാശകളെല്ലാം പെട്ടെന്നു നിവൃത്തിയേറും. നമുക്ക്‌ യഹോവയിൽ പൂർണമായി ആശ്രയിക്കാനാകുമ്പോൾ, ഈ ലോകം വിഗ്രഹങ്ങളായി പൂജിക്കുന്ന സംഗതികളാൽ നാം എന്തിനു വഞ്ചിതരാകണം? ‘സകല മനുഷ്യരും രക്ഷ പ്രാപിക്കുകയും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുകയും’ ചെയ്യുക എന്നതു ദൈവഹിതമാണ്‌. (1 തിമൊഥെയൊസ്‌ 2:3, 4) നമ്മുടെ സമയവും വിഭവങ്ങളും ഈ വ്യവസ്ഥിതിയുടെ വ്യർഥമായ മിഥ്യാസങ്കൽപ്പങ്ങൾക്കും അതിന്റെ ദൈവങ്ങൾക്കും അർപ്പിക്കുന്നതിനു പകരം, യഥാർഥ ദൈവത്തെ കുറിച്ചുള്ള പരിജ്ഞാനത്തിൽ നമുക്കു വളരുകയും മുഴുഹൃദയാ അവനിൽ ആശ്രയിക്കുകയും ചെയ്യാം.​—⁠സദൃശവാക്യങ്ങൾ 3:1-6; യോഹന്നാൻ 17:⁠3.

[6-ാം പേജിലെ ചിത്രം]

യഹോവയുടെയും യേശുവിന്റെയും വീക്ഷണത്തിൽ, ലാസർ ഉറങ്ങുക മാത്രമായിരുന്നു

[7-ാം പേജിലെ ചിത്രങ്ങൾ]

ഒരു ഭൗമിക പറുദീസ പെട്ടെന്നുതന്നെ യാഥാർഥ്യമായിത്തീരും