വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ​—⁠നന്മയുടെ അതിശ്രേഷ്‌ഠ മാതൃക

യഹോവ​—⁠നന്മയുടെ അതിശ്രേഷ്‌ഠ മാതൃക

യഹോവ​—⁠നന്മയുടെ അതിശ്രേഷ്‌ഠ മാതൃക

“സൈന്യങ്ങളുടെ യഹോവയെ സ്‌തുതിപ്പിൻ, യഹോവ നല്ലവനല്ലോ.”​—⁠യിരെമ്യാവു 33:11.

1. ദൈവത്തിന്റെ നന്മയെപ്രതി അവനെ സ്‌തുതിക്കാൻ നാം പ്രേരിതരാകുന്നത്‌ എന്തുകൊണ്ട്‌?

പരമമായ അർഥത്തിൽ യഹോവയാം ദൈവം നല്ലവനാണ്‌. “അവന്റെ നന്മ എത്രയോ മഹത്തായത്‌!” എന്നു പ്രവാചകനായ സെഖര്യാവ്‌ ഉദ്‌ഘോഷിച്ചു. (സെഖര്യാവു 9:​17, NW) നമ്മുടെ ആസ്വാദനത്തിനായി ഭൂമിയെ ഒരുക്കിയപ്പോൾ ദൈവം ചെയ്‌ത സകലതിലും നന്മ പ്രതിഫലിക്കുകയുണ്ടായി. (ഉല്‌പത്തി 1:31) പ്രപഞ്ചത്തെ സൃഷ്ടിച്ചപ്പോൾ ദൈവം ഏർപ്പെടുത്തിയ സങ്കീർണമായ സകല നിയമങ്ങളും ഗ്രഹിക്കാൻ നമുക്ക്‌ ഒരിക്കലും കഴിയുകയില്ല. (സഭാപ്രസംഗി 3:11; 8:17) എന്നാൽ പ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ പരിമിതമായ അറിവുതന്നെ ദൈവത്തിന്റെ നന്മയെപ്രതി അവനെ സ്‌തുതിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

2. നിങ്ങൾ നന്മയെ എങ്ങനെ നിർവചിക്കും?

2 എന്താണ്‌ നന്മ? അത്‌ ധാർമിക വൈശിഷ്ട്യം അഥവാ സദ്‌ഗുണം ആണ്‌. എന്നാൽ, സകലതരം തിന്മയുടെയും അസാന്നിധ്യത്തെക്കാൾ അധികം അതിൽ ഉൾപ്പെട്ടിരിക്കുന്നു. ആത്മാവിന്റെ ഫലത്തിന്റെ ഒരു ഭാഗമായ നന്മ ക്രിയാത്മകമായ ഒരു ഗുണമാണ്‌. (ഗലാത്യർ 5:22, 23, ഓശാന ബൈബിൾ) മറ്റുള്ളവർക്കായി നല്ലതും ഗുണകരവുമായ കാര്യങ്ങൾ ചെയ്യുമ്പോൾ നാം നന്മ പ്രകടമാക്കുന്നു. ഈ വ്യവസ്ഥിതിയിൽ, ചിലർ നന്മയായി വീക്ഷിക്കുന്ന കാര്യങ്ങളെ മറ്റുള്ളവർ തിന്മയായി കണ്ടേക്കാം. എന്നാൽ, നാം സമാധാനവും സന്തുഷ്ടിയും ആസ്വദിക്കണമെങ്കിൽ, നന്മ സംബന്ധിച്ച ഒരു മാനദണ്ഡം ഉണ്ടായിരിക്കണം. ഈ മാനദണ്ഡം വെക്കാൻ ഉചിതമായും അധികാരമുള്ളത്‌ ആർക്കാണ്‌?

3. നന്മയുടെ മാനദണ്ഡം സംബന്ധിച്ച്‌ ഉല്‌പത്തി 2:16, 17 എന്ത്‌ സൂചന നൽകുന്നു?

3 ദൈവം നന്മ സംബന്ധിച്ച മാനദണ്ഡം വെക്കുന്നു. മനുഷ്യ ചരിത്രത്തിന്റെ തുടക്കത്തിൽ ആദ്യ മനുഷ്യനോട്‌ പിൻവരുന്നപ്രകാരം കൽപ്പിച്ചത്‌ യഹോവയാണ്‌: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്‌പത്തി 2:16, 17) അതേ, നന്മയെയും തിന്മയെയും സംബന്ധിച്ചുള്ള അറിവിനായി മനുഷ്യർ തങ്ങളുടെ സ്രഷ്ടാവിലേക്കു നോക്കേണ്ടതുണ്ട്‌.

നന്മയുടെ അനർഹ പ്രകടനം

4. ആദാം പാപം ചെയ്‌തതിനാൽ മനുഷ്യവർഗത്തിനു വേണ്ടി ദൈവം എന്തു ചെയ്‌തിരിക്കുന്നു?

4 ആദാം പാപം ചെയ്യുകയും നന്മയുടെ മാനദണ്ഡങ്ങൾ വെക്കാനുള്ള ദൈവത്തിന്റെ ന്യായയുക്തമായ അധികാരത്തെ അംഗീകരിക്കാൻ കൂട്ടാക്കാതിരിക്കുകയും ചെയ്‌തപ്പോൾ പൂർണാവസ്ഥയിൽ നിത്യസന്തുഷ്ടി ആസ്വദിക്കുന്നതിനുള്ള മനുഷ്യവർഗത്തിന്റെ പ്രതീക്ഷ അപകടത്തിലായി. (ഉല്‌പത്തി 3:1-6) എന്നാൽ, പാപവും മരണവും പാരമ്പര്യമായി ലഭിച്ച മക്കൾ ആദാമിനു ജനിക്കുന്നതിനു മുമ്പ്‌, ദൈവം ഒരു പൂർണ സന്തതിയുടെ വരവിനെ കുറിച്ച്‌ മുൻകൂട്ടി പറഞ്ഞു. വാസ്‌തവത്തിൽ ‘പഴയ പാമ്പായ’ പിശാചായ സാത്താനെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ യഹോവ ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ നിനക്കും സ്‌ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (വെളിപ്പാടു 12:9; ഉല്‌പത്തി 3:15) പാപികളായ മനുഷ്യവർഗത്തെ വീണ്ടെടുക്കുക എന്നത്‌ യഹോവയുടെ ഉദ്ദേശ്യമായിരുന്നു. അനർഹമായ ഒരു വിധത്തിൽ നന്മ പ്രകടമാക്കിക്കൊണ്ട്‌, തന്റെ പ്രിയ പുത്രന്റെ മറുവില യാഗത്തിൽ വിശ്വാസം പ്രകടമാക്കുന്നവരുടെ രക്ഷയ്‌ക്കായി യഹോവ തീർച്ചയായും അത്തരമൊരു കരുതൽ ചെയ്‌തിരിക്കുന്നു.​—⁠മത്തായി 20:28; റോമർ 5:8, 12.

5. മോശമായ ഒരു ഹൃദയചായ്‌വോടെയാണ്‌ നാം ജനിച്ചിരിക്കുന്നതെങ്കിലും, ഒരളവോളം നമുക്കു നന്മ പ്രകടമാക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

5 ആദാം പാപം ചെയ്‌തതു നിമിത്തം അവന്റെ സന്തതികളായ നാം മോശമായ ഒരു ഹൃദയചായ്‌വോടെയാണു ജനിച്ചിരിക്കുന്നത്‌. (ഉല്‌പത്തി 8:21) എന്നാൽ സന്തോഷകരമെന്നു പറയട്ടെ, ഒരളവോളം നന്മ പ്രകടമാക്കാൻ യഹോവ നമ്മെ സഹായിക്കുന്നു. അവന്റെ അമൂല്യമായ വിശുദ്ധ ലിഖിതങ്ങളിൽനിന്നു പഠിക്കുന്ന കാര്യങ്ങളിൽ തുടരുന്നത്‌ നമ്മെ ‘രക്ഷയ്‌ക്കു ജ്ഞാനിയാകാ’നും ‘സകല സൽപ്രവൃത്തിക്കും വക പ്രാപിക്കാനും’ സഹായിക്കുക മാത്രമല്ല ദൈവദൃഷ്ടിയിൽ നന്മയായതു ചെയ്യാൻ പ്രാപ്‌തരാക്കുക കൂടി ചെയ്യുന്നു. (2 തിമൊഥെയൊസ്‌ 3:14-17) എന്നാൽ തിരുവെഴുത്തു പ്രബോധനത്തിൽനിന്നു പ്രയോജനം നേടുകയും നന്മ പ്രകടമാക്കുകയും ചെയ്യണമെങ്കിൽ, പിൻവരുന്നതു പോലെ പാടിയ സങ്കീർത്തനക്കാരന്റെ മനോഭാവം നാം പ്രകടമാക്കണം: “നീ [യഹോവ] നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.”​—⁠സങ്കീർത്തനം 119:68.

യഹോവയുടെ നന്മ വാഴ്‌ത്തപ്പെടുന്നു

6. ദാവീദ്‌ രാജാവ്‌ നിയമ പെട്ടകം യെരൂശലേമിലേക്കു വരുത്തിച്ചതിനെ തുടർന്ന്‌, ഏതു പദപ്രയോഗങ്ങൾ അടങ്ങിയ ഗീതമാണ്‌ ലേവ്യർ ആലപിച്ചത്‌?

6 പുരാതന ഇസ്രായേലിലെ ദാവീദ്‌ രാജാവ്‌ ദൈവത്തിന്റെ നന്മയെ അംഗീകരിക്കുകയും അവന്റെ മാർഗനിർദേശം തേടുകയും ചെയ്‌തു. “യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവൻ പാപികളെ നേർവ്വഴികാണിക്കുന്നു” എന്നു ദാവീദ്‌ പറഞ്ഞു. (സങ്കീർത്തനം 25:8) ഇസ്രായേല്യർക്കു ലഭിച്ച ദിവ്യ പ്രബോധനത്തിൽ, കൽപ്പലകകളിൽ എഴുതിയ പത്തു സുപ്രധാന നിയമങ്ങൾ​—⁠പത്തു കൽപ്പനകൾ​—⁠ഉൾപ്പെട്ടിരുന്നു. നിയമ പെട്ടകം എന്നു വിളിക്കപ്പെട്ടിരുന്ന ഒരു വിശുദ്ധ പേടകത്തിലാണ്‌ ആ കൽപ്പലകകൾ സൂക്ഷിച്ചിരുന്നത്‌. ദാവീദ്‌ ആ പെട്ടകം ഇസ്രായേലിന്റെ തലസ്ഥാന നഗരിയായ യെരൂശലേമിലേക്കു വരുത്തിച്ചതിനെ തുടർന്ന്‌, ലേവ്യർ ആലപിച്ച ഒരു ഗീതത്തിൽ ഈ പദപ്രയോഗങ്ങൾ ഉൾപ്പെട്ടിരുന്നു: “യഹോവെക്കു സ്‌തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ [“സ്‌നേഹദയ,” NW] എന്നേക്കുമുള്ളതു.” (1 ദിനവൃത്താന്തം 16:34, 37-41) ലേവ്യ ഗായകരുടെ അധരങ്ങളിൽനിന്ന്‌ ആ വാക്കുകൾ കേൾക്കുന്നത്‌ എത്ര ആനന്ദകരമായിരുന്നിരിക്കണം!

7. പെട്ടകം അതിവിശുദ്ധത്തിലേക്കു കൊണ്ടുവന്ന ശേഷവും ശലോമോൻ സമർപ്പണ പ്രാർഥന നടത്തിയ ശേഷവും എന്തു സംഭവിച്ചു?

7 ദാവീദിന്റെ പുത്രനായ ശലോമോൻ പണിതീർത്ത യഹോവയുടെ ആലയത്തിന്റെ സമർപ്പണ വേളയിലും സ്‌തുതിയുടെ അതേ വാക്കുകൾക്ക്‌ ഊന്നൽ നൽകപ്പെട്ടു. പുതുതായി പണിതീർത്ത ആലയത്തിന്റെ അതിവിശുദ്ധത്തിൽ നിയമ പെട്ടകം വയ്‌ക്കപ്പെട്ടശേഷം, “അവൻ നല്ലവനല്ലോ; അവന്റെ ദയ [“സ്‌നേഹദയ,” NW] എന്നേക്കുമുള്ളതു” എന്നു പറഞ്ഞുകൊണ്ട്‌ ലേവ്യർ യഹോവയെ സ്‌തുതിക്കാൻ തുടങ്ങി. അപ്പോൾ അത്ഭുതകരമായി യഹോവയുടെ മഹത്തായ സാന്നിധ്യത്തിന്റെ പ്രതീകമായ ഒരു മേഘം ആലയത്തിൽ നിറഞ്ഞു. (2 ദിനവൃത്താന്തം 5:13, 14) ശലോമോൻ സമർപ്പണ പ്രാർഥന നടത്തിക്കഴിഞ്ഞപ്പോൾ, “ആകാശത്തുനിന്നു തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു.” അതു കണ്ട “യിസ്രായേൽമക്കളൊക്കെയും . . . കൽക്കളത്തിൽ സാഷ്ടാംഗം വീണു യഹോവയെ നമസ്‌കരിച്ചു: അവൻ നല്ലവൻ അല്ലോ; അവന്റെ ദയ [“സ്‌നേഹദയ,” NW] എന്നേക്കും ഉള്ളതു എന്നു ചൊല്ലി സ്‌തുതിച്ചു.” (2 ദിനവൃത്താന്തം 7:1-3) 14 ദിവസം നീണ്ടുനിന്ന ഉത്സവത്തിനു ശേഷം, “യഹോവ ദാവീദിന്നും ശലോമോന്നും തന്റെ ജനമായ യിസ്രായേലിന്നും ചെയ്‌ത നന്മയെക്കുറിച്ചു സന്തോഷവും ആനന്ദവും ഉള്ളവരായി” ഇസ്രായേല്യർ തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങി.​—⁠2 ദിനവൃത്താന്തം 7:10.

8, 9. (എ) ഇസ്രായേല്യർ യഹോവയുടെ നന്മയെപ്രതി അവനെ സ്‌തുതിച്ചെങ്കിലും, അവർ കാലക്രമത്തിൽ എങ്ങനെയുള്ള ഒരു ഗതിയാണ്‌ സ്വീകരിച്ചത്‌? (ബി) യെരൂശലേമിനെ സംബന്ധിച്ച്‌ യിരെമ്യാവ്‌ മുഖാന്തരം എന്തു മുൻകൂട്ടി പറയപ്പെട്ടു, ആ പ്രവചനം നിവൃത്തിയേറിയത്‌ എങ്ങനെ?

8 ദുഃഖകരമെന്നു പറയട്ടെ, ഇസ്രായേല്യർ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ തങ്ങൾ ആലപിച്ച ഗീതങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതിൽ തുടർന്നില്ല. കാലക്രമത്തിൽ, യഹൂദാ നിവാസികൾ വെറും ‘അധരങ്ങളാൽ യഹോവയെ ബഹുമാനിച്ച’ ഒരു അവസ്ഥ സംജാതമായി. (യെശയ്യാവു 29:13) നന്മ സംബന്ധിച്ച ദൈവത്തിന്റെ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതിനു പകരം, അവർ തിന്മ പ്രവർത്തിക്കാൻ തുടങ്ങി. അവരുടെ തിന്മയിൽ എന്തെല്ലാം ഉൾപ്പെട്ടിരുന്നു? അവർ വിഗ്രഹാരാധനയ്‌ക്കും അധാർമികതയ്‌ക്കും ദരിദ്രരുടെ മർദനത്തിനും മറ്റു കടുത്ത പാപങ്ങൾക്കും കുറ്റക്കാരായിത്തീർന്നു! തത്‌ഫലമായി, യെരൂശലേം നശിപ്പിക്കപ്പെടുകയും യഹൂദാ നിവാസികൾ പൊ.യു.മു. 607-ൽ പ്രവാസികളായി ബാബിലോണിലേക്കു കൊണ്ടുപോകപ്പെടുകയും ചെയ്‌തു.

9 അങ്ങനെ ദൈവം തന്റെ ജനത്തിനു ശിക്ഷണം നൽകി. എന്നിരുന്നാലും, “സൈന്യങ്ങളുടെ യഹോവയെ സ്‌തുതിപ്പിൻ, യഹോവ നല്ലവനല്ലോ, അവന്റെ ദയ [“സ്‌നേഹദയ,” NW] എന്നേക്കുമുള്ളതു” എന്നു പറയുന്നവരുടെ ശബ്ദം യെരൂശലേമിൽ ഇനിയും കേൾക്കുമെന്ന്‌ അവൻ യിരെമ്യാ പ്രവാചകൻ മുഖാന്തരം മുൻകൂട്ടി പറഞ്ഞു. (യിരെമ്യാവു 33:10, 11) അത്‌ അങ്ങനെതന്നെ സംഭവിച്ചു. ദേശം 70 വർഷം ശൂന്യമായി കിടന്നശേഷം, പൊ.യു.മു. 537-ൽ ഒരു യഹൂദ ശേഷിപ്പ്‌ യെരൂശലേമിലേക്കു മടങ്ങി. (യിരെമ്യാവു 25:11; ദാനീയേൽ 9:1, 2) അവർ മോരിയാമലയിൽ ആലയം സ്ഥിതി ചെയ്‌തിരുന്ന സ്ഥാനത്ത്‌ യാഗപീഠം പുനർനിർമിക്കുകയും അവിടെ യാഗങ്ങൾ അർപ്പിക്കാൻ തുടങ്ങുകയും ചെയ്‌തു. അവർ മടങ്ങിവന്നതിന്റെ രണ്ടാം വർഷം ആലയത്തിനുള്ള അടിസ്ഥാനം ഇടപ്പെട്ടു. എത്ര സന്തോഷകരമായ ഒരു സമയമായിരുന്നു അത്‌! “പണിയുന്നവർ യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ടപ്പോൾ യിസ്രായേൽരാജാവായ ദാവീദിന്റെ ചട്ടപ്രകാരം യഹോവെക്കു സ്‌തോത്രം ചെയ്യേണ്ടതിന്നു വിശുദ്ധവസ്‌ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും ആസാഫ്യരായ ലേവ്യരെ കൈത്താളങ്ങളോടുംകൂടെ നിർത്തി. അവർ യഹോവയെ: അവൻ നല്ലവൻ; യിസ്രായേലിനോടു അവന്റെ ദയ [“സ്‌നേഹദയ,” NW] എന്നേക്കും ഉള്ളതു എന്നിങ്ങനെ വാഴ്‌ത്തി സ്‌തുതിച്ചുംകൊണ്ടു ഗാനപ്രതിഗാനം ചെയ്‌തു” എന്ന്‌ എസ്രാ പറഞ്ഞു.​—⁠എസ്രാ 3:1-11.

10. ഏതു സുപ്രധാന വാക്കുകളോടെയാണു സങ്കീർത്തനം 118 ആരംഭിക്കുന്നതും അവസാനിക്കുന്നതും?

10 യഹോവയുടെ നന്മയെ കുറിച്ചുള്ള സമാനമായ സ്‌തുതിവചനങ്ങൾ പല സങ്കീർത്തനങ്ങളിലും കാണാം. അവയിൽ ഒന്നാണ്‌, പെസഹാ ആചരണത്തിന്റെ ഒടുവിൽ ഇസ്രായേല്യ കുടുംബങ്ങളിൽ ആലപിച്ചിരുന്ന 118-ാം സങ്കീർത്തനം. ‘യഹോവെക്കു സ്‌തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ [“സ്‌നേഹദയ,” NW] എന്നേക്കുമുള്ളത്‌’ എന്ന വാക്കുകളോടെയാണ്‌ ആ സങ്കീർത്തനം ആരംഭിക്കുന്നതും അവസാനിക്കുന്നതും. (സങ്കീർത്തനം 118:1, 29) പൊ.യു. 33-ലെ തന്റെ മരണത്തിന്റെ തലേ രാത്രിയിൽ വിശ്വസ്‌ത അപ്പൊസ്‌തലന്മാരുമൊത്ത്‌ യേശുക്രിസ്‌തു പാടിയ അവസാന സ്‌തുതിവചനങ്ങൾ ഇവ ആയിരുന്നിരിക്കാം.​—⁠മത്തായി 26:⁠30.

“നിന്റെ തേജസ്സു എനിക്കു കാണിച്ചുതരേണമേ”

11, 12. മോശെ ദൈവതേജസ്സിന്റെ ഒരു അംശം കണ്ട അവസരത്തിൽ, അവൻ എന്തു പ്രഖ്യാപനമാണു കേട്ടത്‌?

11 യഹോവയുടെ നന്മയും അവന്റെ സ്‌നേഹദയയും തമ്മിലുള്ള ബന്ധം ആദ്യമായി പ്രകടമായത്‌ എസ്രായുടെ കാലത്തിനും നൂറ്റാണ്ടുകൾക്കു മുമ്പാണ്‌. ഇസ്രായേല്യർ മരുഭൂമിയിൽവെച്ച്‌ സ്വർണ കാളക്കുട്ടിയെ ആരാധിക്കുകയും ദുഷ്‌പ്രവൃത്തിക്കാർ വധിക്കപ്പെടുകയും ചെയ്‌തശേഷം താമസിയാതെ, മോശെ യഹോവയോട്‌ ഇങ്ങനെ അപേക്ഷിച്ചു: “നിന്റെ പ്രാഭവം എനിക്കു കാണിച്ചുതരേണമേ.” മോശെക്കു തന്റെ മുഖം കണ്ടിട്ട്‌ ജീവനോടെ ഇരിക്കാൻ കഴിയില്ല എന്നു തിരിച്ചറിഞ്ഞുകൊണ്ട്‌ യഹോവ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ നന്മയെല്ലാം നിന്റെ മുമ്പിൽ പ്രകടിപ്പിക്കും.”​—⁠പുറപ്പാടു 33:13-20, ഓശാന ബൈ.

12 പിറ്റേന്ന്‌, സീനായി പർവതത്തിൽവെച്ച്‌ യഹോവയുടെ നന്മ മോശെയുടെ മുമ്പാകെ കടന്നുപോയി. അപ്പോൾ മോശെക്ക്‌ ദൈവത്തിന്റെ പ്രാഭവത്തിന്റെ അഥവാ തേജസ്സിന്റെ ഒരു അംശം കാണാൻ സാധിച്ചു. അവൻ ഈ പ്രഖ്യാപനവും കേട്ടു: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്‌തതയുമുള്ളവൻ [“സ്‌നേഹദയയും സത്യവും നിറഞ്ഞവൻ,” NW]. ആയിരം ആയിരത്തിന്നു ദയ [“സ്‌നേഹദയ,” NW] പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുററമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ.” (പുറപ്പാടു 34:6, 7) യഹോവയുടെ നന്മ അവന്റെ സ്‌നേഹദയയോടും അവന്റെ വ്യക്തിത്വത്തിന്റെ മറ്റു വശങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നതായി ഈ വാക്കുകൾ പ്രകടമാക്കുന്നു. അവയെ കുറിച്ചു പരിചിന്തിക്കുന്നത്‌ നന്മ പ്രകടമാക്കാൻ നമ്മെ സഹായിക്കും. ദൈവത്തിന്റെ നന്മയെ കുറിച്ചുള്ള അത്ഭുതകരമായ ഈ പ്രഖ്യാപനത്തിൽ രണ്ടു പ്രാവശ്യം പരാമർശിക്കപ്പെട്ട ഗുണം നമുക്ക്‌ ആദ്യം പരിചിന്തിക്കാം.

‘യഹോവ, സ്‌നേഹദയ നിറഞ്ഞവൻ’

13. ദൈവത്തിന്റെ നന്മയെ കുറിച്ചുള്ള പ്രഖ്യാപനത്തിൽ, ഏതു ഗുണമാണ്‌ രണ്ടു പ്രാവശ്യം പരാമർശിച്ചിരിക്കുന്നത്‌, അത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

13 ‘യഹോവയായ ദൈവം, മഹാദയ ഉള്ളവൻ [‘സ്‌നേഹദയ നിറഞ്ഞവൻ,’ NW]. ആയിരം ആയിരത്തിന്നു ദയ [“സ്‌നേഹദയ,” NW] പാലിക്കുന്നവൻ.’ സ്‌നേഹദയ എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന എബ്രായ പദത്തിന്‌ “വിശ്വസ്‌ത സ്‌നേഹം” എന്നും അർഥമുണ്ട്‌. മോശെയോടുള്ള ദൈവത്തിന്റെ പ്രഖ്യാപനത്തിൽ രണ്ടു പ്രാവശ്യം പരാമർശിച്ചിരിക്കുന്ന ഏക ഗുണം അതാണ്‌. യഹോവയുടെ പ്രമുഖ ഗുണം സ്‌നേഹം ആയതിനാൽ അത്‌ എത്ര ഉചിതമാണ്‌! (1 യോഹന്നാൻ 4:8) “യഹോവെക്കു സ്‌തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ [“സ്‌നേഹദയ,” NW] എന്നേക്കുമുള്ളതു” എന്ന യഹോവയ്‌ക്കുള്ള പ്രസിദ്ധ സ്‌തുതിഘോഷം ഈ ഗുണത്തെ എടുത്തുകാട്ടുന്നു.

14. യഹോവയുടെ നന്മയും സ്‌നേഹദയയും വിശേഷാൽ ആസ്വദിക്കുന്നത്‌ ആർ?

14 യഹോവയുടെ നന്മയുടെ ഒരു പ്രകടനം അവൻ ‘സ്‌നേഹദയ നിറഞ്ഞവൻ’ ആണെന്നതാണ്‌. തന്റെ സമർപ്പിതരും വിശ്വസ്‌തരുമായ ദാസന്മാരോട്‌ അവൻ കാണിക്കുന്ന ആർദ്രമായ കരുതലിൽ അതു വിശേഷാൽ പ്രകടമാണ്‌. (1 പത്രൊസ്‌ 5:6, 7) യഹോവയുടെ സാക്ഷികൾക്കു സാക്ഷ്യപ്പെടുത്താൻ കഴിയുന്നതുപോലെ, അവൻ തന്നെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവരോട്‌ ‘സ്‌നേഹദയ പാലിക്കുന്നു.’ (പുറപ്പാടു 20:​6, NW) യഹോവയുടെ പുത്രനെ തള്ളിക്കളഞ്ഞതിനാൽ സ്വാഭാവിക ഇസ്രായേൽ ജനതയ്‌ക്ക്‌ യഹോവയുടെ സ്‌നേഹദയ അഥവാ വിശ്വസ്‌ത സ്‌നേഹം തുടർച്ചയായി അനുഭവിക്കാനായില്ല. എന്നാൽ സകല ജനതകളിലെയും വിശ്വസ്‌ത ക്രിസ്‌ത്യാനികളോടുള്ള ദൈവത്തിന്റെ നന്മ അഥവാ വിശ്വസ്‌ത സ്‌നേഹം എന്നേക്കും നിലനിൽക്കും.​—⁠യോഹന്നാൻ 3:⁠36.

യഹോവ​—⁠കരുണയും കൃപയും ഉള്ളവൻ

15. (എ) മോശെ സീനായി പർവതത്തിൽവെച്ച്‌ കേട്ട പ്രഖ്യാപനം ഏതു വാക്കുകളോടെ തുടങ്ങുന്നു? (ബി) കരുണയിൽ എന്തെല്ലാം അടങ്ങിയിരിക്കുന്നു?

15 സീനായി പർവതത്തിൽവെച്ച്‌ മോശെ കേട്ട പ്രഖ്യാപനം “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ” എന്ന വാക്കുകളോടെയാണു തുടങ്ങുന്നത്‌. “കരുണ” എന്നു തർജമ ചെയ്‌തിരിക്കുന്ന എബ്രായ പദത്തിന്‌ “കുടലുക”ളെ പരാമർശിക്കാനാകും, അത്‌ “ഗർഭപാത്രം” എന്ന പദത്തോടു വളരെ അടുത്തു ബന്ധപ്പെട്ടതാണ്‌. അതുകൊണ്ട്‌, ഒരു വ്യക്തിയുടെ ഉള്ളിന്റെ ഉള്ളിലെ ആർദ്രാനുകമ്പയുടെ വികാരങ്ങൾ കരുണയിൽ ഉൾക്കൊണ്ടിരിക്കുന്നു. എന്നാൽ യഥാർഥമായ മനസ്സലിവിലും അധികം കരുണയിൽ ഉൾപ്പെട്ടിരിക്കുന്നു. മറ്റുള്ളവരുടെ ദുരിതം ലഘൂകരിക്കാൻ എന്തെങ്കിലും ചെയ്യാൻ അതു നമ്മെ പ്രേരിപ്പിക്കണം. ഉദാഹരണത്തിന്‌, ഉചിതമായിരിക്കുമ്പോൾ ‘പ്രസന്നതയോടെ കരുണ’ കാണിച്ചുകൊണ്ട്‌ സഹവിശ്വാസികളോട്‌ കരുണയുള്ളവർ ആയിരിക്കേണ്ടതിന്റെ ആവശ്യം സ്‌നേഹമുള്ള ക്രിസ്‌തീയ മൂപ്പന്മാർ മനസ്സിലാക്കുന്നു.​—⁠റോമർ 12:8; യാക്കോബ്‌ 2:13; യൂദാ 22, 23.

16. യഹോവ കൃപയുള്ളവൻ ആണെന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

16 ദൈവത്തിന്റെ കൃപയിലും അവന്റെ നന്മ പ്രകടമാണ്‌. കൃപാലുവായ ഒരു വ്യക്തി മറ്റുള്ളവരുടെ വികാരങ്ങളോടു വളരെയധികം പരിഗണന കാണിക്കുകയും വിശേഷാൽ താഴ്‌ന്ന തട്ടിലുള്ളവരോട്‌ അവരുടെ സ്‌നേഹം ലഭിക്കുമാറ്‌ ദയാവായ്‌പു പ്രകടിപ്പിക്കുകയും ചെയ്യുന്നു. തന്റെ വിശ്വസ്‌ത ദാസന്മാരോട്‌ ഇടപെടുന്നതിൽ യഹോവ കൃപയുടെ ഏറ്റവും മികച്ച മാതൃക വെച്ചിരിക്കുന്നു. ഉദാഹരണത്തിന്‌, ദൈവം ദൂതന്മാർ മുഖാന്തരം കൃപാപൂർവം വയോധികനായ ദാനീയേൽ പ്രവാചകനെ ശക്തീകരിക്കുകയും യേശുവിനു ജന്മം നൽകുന്നതിൽ തനിക്കു ലഭിക്കാനിരുന്ന പദവിയെ കുറിച്ച്‌ കന്യകയായ മറിയയെ അറിയിക്കുകയും ചെയ്‌തു. (ദാനീയേൽ 10:19; ലൂക്കൊസ്‌ 1:26-38) യഹോവയുടെ ജനം എന്ന നിലയിൽ, ബൈബിളിന്റെ പേജുകളിലൂടെ അവൻ കൃപാപൂർവം നമ്മോട്‌ അഭ്യർഥിക്കുന്ന വിധത്തെ നാം തീർച്ചയായും വിലമതിക്കുന്നു. ഇങ്ങനെ നന്മ പ്രകടമാക്കുന്നതിനെ പ്രതി നാം അവനെ സ്‌തുതിക്കുകയും മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ കൃപയുള്ളവർ ആയിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ആത്മീയ യോഗ്യത ഉള്ളവർ ഒരു സഹവിശ്വാസിയെ “സൌമ്യതയുടെ ആത്മാവിൽ” യഥാസ്ഥാനപ്പെടുത്തുമ്പോൾ മൃദുലതയും കൃപയും ഉള്ളവരായിരിക്കാൻ ശ്രമിക്കുന്നു.​—⁠ഗലാത്യർ 6:⁠1.

ദീർഘക്ഷമയുള്ള ഒരു ദൈവം

17. യഹോവ “ദീർഘക്ഷമ” കാട്ടുന്നതിൽ നാം നന്ദിയുള്ളവർ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

17 ‘ദീർഘക്ഷമയുള്ളവൻ.’ ആ വാക്കുകൾ യഹോവയുടെ നന്മയുടെ മറ്റൊരു പ്രകടനത്തിലേക്കു ശ്രദ്ധ തിരിക്കുന്നു. യഹോവ നമ്മുടെ വീഴ്‌ചകൾ ക്ഷമയോടെ സഹിക്കുകയും ഗുരുതരമായ ബലഹീനതകൾ തരണം ചെയ്യാനും ആത്മീയ പുരോഗതി വരുത്താനും സമയം അനുവദിക്കുകയും ചെയ്യുന്നു. (എബ്രായർ 5:12-6:3; യാക്കോബ്‌ 5:14, 15) ഇതുവരെ യഹോവയുടെ ആരാധകർ ആയിത്തീർന്നിട്ടില്ലാത്തവർക്കും ദൈവത്തിന്റെ ക്ഷമയിൽനിന്നു പ്രയോജനം ലഭിക്കുന്നു. രാജ്യസന്ദേശത്തോടു പ്രതികരിക്കാനും അനുതപിക്കാനുമുള്ള സമയം അവർക്ക്‌ ഇപ്പോഴുമുണ്ട്‌. (റോമർ 2:4) യഹോവ ക്ഷമയുള്ളവൻ ആണെങ്കിലും, കോപം പ്രകടിപ്പിക്കാൻ അവന്റെ നന്മ ചിലപ്പോൾ അവനെ പ്രേരിപ്പിക്കുന്നു. ഇസ്രായേല്യർ സീനായി പർവതത്തിങ്കൽ സ്വർണ കാളക്കുട്ടിയെ ആരാധിച്ചപ്പോൾ സംഭവിച്ചത്‌ അതാണ്‌. സാത്താന്റെ ദുഷ്ട വ്യവസ്ഥിതിക്ക്‌ അവസാനം വരുത്തുമ്പോൾ ദൈവത്തിന്റെ കോപം പെട്ടെന്നുതന്നെ വർധിച്ച അളവിൽ പ്രകടമാക്കപ്പെടും.​—⁠യെഹെസ്‌കേൽ 38:19, 21-23.

18. സത്യത്തിന്റെ കാര്യത്തിൽ യഹോവയും മനുഷ്യ നേതാക്കളും തമ്മിലുള്ള അന്തരമെന്ത്‌?

18 ‘സത്യം നിറഞ്ഞവൻ.’ വലിയ വാഗ്‌ദാനങ്ങൾ നടത്തിയിട്ട്‌ അവ നിവർത്തിക്കാതിരിക്കുന്ന മനുഷ്യ നേതാക്കന്മാരിൽനിന്ന്‌ എത്രയോ വ്യത്യസ്‌തനാണ്‌ യഹോവ! യഹോവ തന്റെ നിശ്വസ്‌ത വചനത്തിൽ പറഞ്ഞിരിക്കുന്ന സകല കാര്യങ്ങളിലും അവന്റെ ആരാധകർക്ക്‌ ആശ്രയിക്കാൻ കഴിയും. ദൈവം സത്യം നിറഞ്ഞവൻ ആകയാൽ, അവന്റെ വാഗ്‌ദാനങ്ങളിൽ നമുക്ക്‌ എപ്പോഴും ആശ്രയിക്കാൻ കഴിയും. ആത്മീയ സത്യത്തിനു വേണ്ടിയുള്ള നമ്മുടെ പ്രാർഥനകൾക്ക്‌, അതു സമൃദ്ധമായി നൽകിക്കൊണ്ട്‌ നല്ലവനായ നമ്മുടെ സ്വർഗീയ പിതാവ്‌ വീഴ്‌ച വരുത്താതെ ഉത്തരം നൽകുന്നു.​—⁠സങ്കീർത്തനം 43:3; 65:⁠2.

19. അനുതാപമുള്ള പാപികളോട്‌ ഏതു മുന്തിയ വിധത്തിലാണ്‌ യഹോവ നന്മ പ്രകടമാക്കിയിരിക്കുന്നത്‌?

19 “യഹോവ, . . . അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ.” തന്റെ നന്മ നിമിത്തം അനുതാപമുള്ള പാപികളോടു ക്ഷമിക്കാൻ യഹോവ ഒരുക്കമുള്ളവനാണ്‌. നമ്മുടെ സ്‌നേഹവാനാം സ്വർഗീയ പിതാവ്‌ യേശുവിന്റെ യാഗം മുഖാന്തരം പാപങ്ങളുടെ ക്ഷമയ്‌ക്കുള്ള കരുതൽ ചെയ്‌തിരിക്കുന്നതിൽ നാം തീർച്ചയായും നന്ദിയുള്ളവരാണ്‌. (1 യോഹന്നാൻ 2:1, 2) മറുവിലയിൽ വിശ്വാസം പ്രകടമാക്കുന്ന സകലർക്കും യഹോവയുമായി ഒരു അംഗീകൃത ബന്ധം ആസ്വദിക്കാൻ കഴിയുന്നതിലും അവൻ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ലോകത്തിൽ നിത്യമായി ജീവിക്കുന്നതിനുള്ള പ്രത്യാശ ഉള്ളതിലും നാം സന്തോഷിക്കുന്നു. മനുഷ്യവർഗത്തോടു നന്മ പ്രകടമാക്കുന്നതിനെ പ്രതി യഹോവയെ സ്‌തുതിക്കുന്നതിനുള്ള എത്ര വലിയ കാരണങ്ങൾ!​—⁠2 പത്രൊസ്‌ 3:13.

20. ദൈവം തിന്മയെ വെച്ചുപൊറുപ്പിക്കുന്നില്ല എന്നതിന്‌ നമുക്ക്‌ എന്തു തെളിവുണ്ട്‌?

20 ‘യഹോവ, കുററമുള്ളവനെ വെറുതെ വിടാതിരിക്കുന്നവൻ.’ വാസ്‌തവത്തിൽ യഹോവയുടെ നന്മയെപ്രതി അവനെ വാഴ്‌ത്തുന്നതിനുള്ള മറ്റൊരു കാരണമാണ്‌ ഇത്‌. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ, നന്മയുടെ ഒരു സവിശേഷ വശം അതു തിന്മയെ യാതൊരു പ്രകാരത്തിലും വെച്ചുപൊറുപ്പിക്കുന്നില്ല എന്നതാണ്‌. മാത്രമല്ല, “കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽനിന്നു . . . പ്രത്യക്ഷ”പ്പെടുമ്പോൾ ‘ദൈവത്തെ അറിയാത്തവരുടെയും സുവിശേഷം അനുസരിക്കാത്തവരുടെയും’ മേൽ പ്രതികാരം നടത്തപ്പെടും. അവർ, “നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.” (2 തെസ്സലൊനീക്യർ 1:6-10) അപ്പോൾ യഹോവയെ ആരാധിക്കുന്ന അതിജീവകർ, ‘നന്മയെ വെറുക്കുന്നവരായ’ ഭക്തികെട്ട മനുഷ്യരിൽനിന്നുള്ള യാതൊരു ശല്യവും കൂടാതെ ജീവിതം പൂർണമായി ആസ്വദിക്കും.​—⁠2 തിമൊഥെയൊസ്‌ 3:1-3, ഓശാന ബൈ.

യഹോവയുടെ നന്മയെ അനുകരിക്കുക

21. നാം നന്മ പ്രകടമാക്കേണ്ടത്‌ എന്തുകൊണ്ട്‌?

21 യഹോവയുടെ നന്മയെപ്രതി അവനെ സ്‌തുതിക്കുന്നതിനും അവനോടു നന്ദി പറയുന്നതിനും നമുക്കു നിസ്സംശയമായും നിരവധി കാരണങ്ങളുണ്ട്‌. അവന്റെ ദാസന്മാർ എന്ന നിലയിൽ, ഈ ഗുണം പ്രകടമാക്കാൻ നാം പരമാവധി ശ്രമിക്കേണ്ടതല്ലേ? തീർച്ചയായും. കാരണം, പൗലൊസ്‌ അപ്പൊസ്‌തലൻ സഹക്രിസ്‌ത്യാനികളെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.” (എഫെസ്യർ 5:1) നമ്മുടെ സ്വർഗീയ പിതാവ്‌ എപ്പോഴും നന്മ പ്രകടമാക്കുന്നു, നാമും അങ്ങനെ ആയിരിക്കണം.

22. അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കുന്നതാണ്‌?

22 നാം പൂർണമായി യഹോവയ്‌ക്കു സമർപ്പിതരാണെങ്കിൽ, നിസ്സംശയമായും അവന്റെ നന്മ അനുകരിക്കാൻ തീവ്രമായി ആഗ്രഹിക്കും. നാം പാപിയായ ആദാമിന്റെ പിൻതലമുറക്കാർ ആയതിനാൽ, നന്മ ചെയ്യുക എളുപ്പമല്ലെന്നു നാം കണ്ടെത്തുന്നു. എന്നാൽ അടുത്ത ലേഖനത്തിൽ, നമുക്കു നന്മ പ്രകടമാക്കുക സാധ്യമായിരിക്കുന്നതിന്റെ കാരണം നാം പരിചിന്തിക്കും. നമുക്ക്‌ നന്മയുടെ അതിശ്രേഷ്‌ഠ മാതൃകയായ യഹോവയെ അനുകരിക്കാൻ കഴിയുന്ന, നാം അങ്ങനെ ചെയ്യേണ്ട വിവിധ വശങ്ങളും നാം പരിചിന്തിക്കുന്നതായിരിക്കും.

നിങ്ങളുടെ ഉത്തരമെന്ത്‌?

• എന്താണ്‌ നന്മ?

• ഏതു തിരുവെഴുത്തു പ്രയോഗം ദൈവത്തിന്റെ നന്മയെ എടുത്തുകാണിക്കുന്നു?

• യഹോവയുടെ നന്മയുടെ ചില പ്രകടനങ്ങൾ ഏവ?

• നന്മയുടെ കാര്യത്തിൽ യഹോവ വെച്ചിരിക്കുന്ന മാതൃക നാം അനുകരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[12-ാം പേജിലെ ചിത്രം]

യഹോവയുടെ പുരാതന ജനം തങ്ങളുടെ സ്‌തുതിഘോഷത്തിന്‌ അനുസൃതമായി ജീവിക്കാഞ്ഞതിനാൽ അവൻ അവർക്കു ശിക്ഷണം നൽകി

[12-ാം പേജിലെ ചിത്രം]

ഒരു വിശ്വസ്‌ത ശേഷിപ്പ്‌ യെരൂശലേമിലേക്കു മടങ്ങി

[13-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ നന്മ സംബന്ധിച്ച്‌ അത്ഭുതകരമായ ഒരു പ്രഖ്യാപനം മോശെ കേട്ടു

[15-ാം പേജിലെ ചിത്രം]

ബൈബിളിന്റെ പേജുകളിലൂടെ യഹോവ നമ്മോട്‌ അഭ്യർഥിക്കുന്ന വിധത്തിൽ അവന്റെ നന്മ കാണാൻ സാധിക്കും