വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘വചനം പ്രസംഗിക്കുന്നത്‌’ നവോന്മേഷം കൈവരുത്തുന്നു

‘വചനം പ്രസംഗിക്കുന്നത്‌’ നവോന്മേഷം കൈവരുത്തുന്നു

“എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.”

‘വചനം പ്രസംഗിക്കുന്നത്‌’ നവോന്മേഷം കൈവരുത്തുന്നു

ഒരു പ്രധാന ദൗത്യവുമായി എത്തിയ പൂർണ മനുഷ്യനായിരുന്നു അവൻ. അവന്റെ പ്രബോധന രീതികൾ അങ്ങേയറ്റം ഫലപ്രദം ആയിരുന്നതിനാൽ, “പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്‌മയിച്ചു.” (മത്തായി 7:28) അക്ഷീണം പ്രവർത്തിച്ച ഒരു സുവാർത്താ പ്രസംഗകൻ കൂടി ആയിരുന്നു അവൻ. തന്റെ സമയവും ഊർജവും വിഭവങ്ങളും അവൻ പ്രധാനമായും ദൈവരാജ്യത്തെ കുറിച്ചു പ്രസംഗിക്കാൻ ചെലവിട്ടു. തീർച്ചയായും, തന്റെ മാതൃദേശത്ത്‌ ഉടനീളം സഞ്ചരിച്ച യേശുക്രിസ്‌തു ഒരു അതുല്യ പ്രസംഗകനും പ്രബോധകനും ആയിരുന്നു.​—⁠മത്തായി 9:⁠35.

യേശുവിന്റെ അടിയന്തിര ദൗത്യം തന്റെ സമകാലികരോടു “രാജ്യത്തിന്റെ സുവിശേഷം” ഘോഷിക്കുകയും ഒരു ആഗോള അടിസ്ഥാനത്തിൽ ആ വേല ചെയ്യാൻ തന്റെ ശിഷ്യന്മാരെ ഒരുക്കുകയും ചെയ്യുക എന്നതായിരുന്നു. (മത്തായി 4:23; 24:14; 28:19, 20) അവരുടെ പ്രസംഗനിയോഗത്തിന്റെ ഭാരിച്ച ഉത്തരവാദിത്വവും അതിന്റെ അടിയന്തിരതയും അതുപോലെതന്നെ അത്തരം പ്രവർത്തനത്തിന്റെ ബഹുലതയും അപൂർണരും പരിമിതികൾ ഉള്ളവരുമായ അവന്റെ അനുഗാമികളെ തളർത്തിക്കളയുമായിരുന്നോ?

തീർച്ചയായും ഇല്ല! കൂടുതൽ വേലക്കാരെ നൽകാൻ ‘കൊയ്‌ത്തിന്റെ യജമാനനായ’ യഹോവയോടു പ്രാർഥിക്കാൻ നിർദേശിച്ചശേഷം, ആളുകളെ പഠിപ്പിക്കുന്നതിനായി യേശു അവരെ അയച്ചു. (മത്തായി 9:38; 10:1) തുടർന്ന്‌, പ്രസംഗനിയമനം ഉൾപ്പെടെ, തന്റെ ശിഷ്യൻ ആയിരിക്കുകയെന്ന ഉത്തരവാദിത്വം യഥാർഥ ആശ്വാസം കൈവരുത്തുമെന്ന ഉറപ്പ്‌ അവൻ നൽകി. യേശു പറഞ്ഞു: “എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും [“നിങ്ങൾക്കു നവോന്മേഷം പകരും,” NW].”​—⁠മത്തായി 11:⁠28.

സന്തോഷത്തിന്റെ ഉറവ്‌

ആ ക്ഷണം എത്ര അനുകമ്പാർദ്രവും സ്‌നേഹവും ദയയും നിറഞ്ഞതും ആയിരുന്നു! തന്റെ അനുഗാമികളിലുള്ള യേശുവിന്റെ ആർദ്രമായ താത്‌പര്യത്തെ അതു പ്രകടമാക്കുന്നു. ദൈവരാജ്യത്തെ കുറിച്ചുള്ള “സുവിശേഷം” ഘോഷിക്കുകയെന്ന ഉത്തരവാദിത്വം നിറവേറ്റുന്നതിൽ അവന്റെ ശിഷ്യന്മാർ നവോന്മേഷം കണ്ടെത്തുകതന്നെ ചെയ്യുന്നു. അതിലൂടെ അവർക്ക്‌ യഥാർഥ സന്തോഷവും സംതൃപ്‌തിയും ലഭിക്കുന്നു.​—⁠യോഹന്നാൻ 4:⁠36.

ദൈവത്തിനുള്ള വിശുദ്ധ സേവനത്തിന്റെ ഒരു സവിശേഷത ആയിരിക്കും സന്തോഷം എന്ന്‌ യേശു ഭൂമിയിൽ വരുന്നതിനു ദീർഘകാലം മുമ്പു തിരുവെഴുത്തുകൾ ഊന്നിപ്പറഞ്ഞിരുന്നു. സങ്കീർത്തനക്കാരൻ പിൻവരുന്ന പ്രകാരം പാടിയപ്പോൾ ഇതു വ്യക്തമാക്കപ്പെട്ടു: “സകലഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ. സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ [“സന്തോഷ ഘോഷത്തോടെ,” NW] അവന്റെ സന്നിധിയിൽ വരുവിൻ.” (സങ്കീർത്തനം 100:1, 2) ഇന്ന്‌ സകല ജനതകളിലും പെട്ടവർ യഹോവയിൽ സന്തോഷിച്ചാർക്കുന്നു, അവരുടെ സ്‌തുതിഘോഷം യുദ്ധജയം നേടിയ ഒരു സൈന്യത്തിന്റെ ആർപ്പുവിളിയോടു സമാനമാണ്‌. ദൈവത്തിന്‌ യഥാർഥത്തിൽ അർപ്പിതരായവർ “സന്തോഷ ഘോഷത്തോടെ” അവന്റെ സന്നിധിയിൽ വരുന്നു. അതു തീർച്ചയായും ഉചിതമാണ്‌. കാരണം, യഹോവ “ധന്യനായ” അഥവാ സന്തുഷ്ടനായ ‘ദൈവം’ ആണ്‌. തന്റെ ദാസന്മാർ തന്നോടുള്ള സമർപ്പണ ബന്ധത്തിൽ സന്തുഷ്ടരായിരിക്കാൻ അവൻ ആഗ്രഹിക്കുകയും ചെയ്യുന്നു.​—⁠1 തിമൊഥെയൊസ്‌ 1:⁠11.

നവോന്മേഷം കണ്ടെത്തുന്ന ശുശ്രൂഷകർ

വയൽശുശ്രൂഷയിലെ കഠിനവേല നമ്മെ തളർത്തിക്കളയുന്നതിനു പകരം അത്‌ നമുക്കു നവോന്മേഷം കൈവരുത്തുന്നത്‌ എങ്ങനെ? യഹോവയുടെ വേലയിൽ ഏർപ്പെടുന്നത്‌ യേശുവിനെ സംബന്ധിച്ചിടത്തോളം ഊർജദായക ഭക്ഷണംപോലെ ആയിരുന്നു. അവൻ ഇപ്രകാരം പറഞ്ഞു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്‌തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.”​—⁠യോഹന്നാൻ 4:⁠34.

സമാനമായി, ഇന്നു തീക്ഷ്‌ണതയുള്ള ക്രിസ്‌തീയ പ്രസംഗകർ ‘വചനം പ്രസംഗിക്കവേ’ സന്തോഷം കണ്ടെത്തുന്നു. (2 തിമൊഥെയൊസ്‌ 4:2) പ്രസംഗപ്രവർത്തനത്തിൽ ഓരോ മാസവും 70-ലധികം മണിക്കൂർ ചെലവഴിക്കുന്ന കോണി എന്ന മധ്യവയസ്‌കയായ ക്രിസ്‌തീയ വനിത ഇങ്ങനെ പറയുന്നു: “ദിവസം മുഴുവനും ശുശ്രൂഷയിൽ പങ്കെടുത്തിട്ട്‌ തിരിച്ചെത്തുമ്പോൾ ക്ഷീണം തോന്നുമെങ്കിലും അതെനിക്കു എന്തെന്നില്ലാത്ത ഒരു സുഖവും സംതൃപ്‌തിയും നൽകുന്നു.”

ആളുകൾ രാജ്യസന്ദേശത്തോട്‌ അനുകൂലമായി പ്രതികരിക്കുന്നില്ലെങ്കിലോ? കോണി തുടരുന്നു: “ആളുകളുടെ പ്രതികരണം എന്തായിരുന്നാലും, ശുശ്രൂഷയിൽ ഏർപ്പെട്ടതിന്റെ പേരിൽ ഒരിക്കൽ പോലും എനിക്കു ഖേദം തോന്നിയിട്ടില്ല. ഞാൻ യഹോവയെ പ്രസാദിപ്പിക്കുകയാണ്‌ എന്ന്‌ അറിയുന്നതിനു പുറമേ, സത്യത്തെ കുറിച്ചു സംസാരിക്കുന്നത്‌ സന്തോഷകരമായ ഒരു പദവിയായി ഞാൻ കാണുന്നു. കാരണം, അങ്ങനെ ചെയ്യവേ ബൈബിളിന്റെ അത്ഭുതകരമായ പ്രത്യാശ എന്റെ ഹൃദയത്തിൽ രൂഢമൂലമായിത്തീരുന്നു.”

ദൈവത്തെ കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനം നേടാൻ ആളുകളെ സഹായിക്കുന്നത്‌ തങ്ങളുടെ ജീവിതത്തിന്‌ അർഥം പകരുന്നതായി പലരും കണ്ടെത്തുന്നു. ഓരോ മാസവും പ്രസംഗ പ്രവർത്തനത്തിന്‌ 50-ലധികം മണിക്കൂർ ചെലവിടുന്ന മെലൊനി എന്ന യുവതി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ശുശ്രൂഷ നവോന്മേഷപ്രദമാണ്‌, കാരണം അത്‌ എന്റെ ജീവിതത്തിന്‌ ഒരു ലക്ഷ്യബോധവും ഉദ്ദേശ്യവും നൽകുന്നു. സേവനത്തിൽ ഏർപ്പെടുമ്പോൾ വ്യക്തിപരമായ പ്രശ്‌നങ്ങളും അനുദിന സമ്മർദങ്ങളും അപ്രധാനമായിത്തീരുന്നു.”

യഹോവയുടെ സാക്ഷികളിൽ ഒരാളായ, തീക്ഷ്‌ണതയുള്ള മറ്റൊരു ശുശ്രൂഷകയാണ്‌ മില്ലിസെന്റ്‌. അവർ പറയുന്നത്‌ നോക്കുക: “ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ട്‌ മനുഷ്യവർഗത്തെ സംബന്ധിച്ച ദൈവോദ്ദേശ്യത്തെ കുറിച്ചു മറ്റുള്ളവരോടു പറയുകയും ഭൂമിയിൽ പറുദീസ എങ്ങനെ പുനഃസ്ഥാപിതമാകുമെന്നു വിശദീകരിക്കുകയും ചെയ്യുമ്പോൾ ഓരോ ദിവസവും മൂല്യമുള്ളതായിത്തീരുന്നു. യഹോവ യഥാർഥ വ്യക്തിയാണെന്ന ബോധ്യം അതു ദിവസവും എന്നിൽ ഉളവാക്കുന്നു. മറ്റു യാതൊരു പ്രകാരത്തിലും ലഭിക്കുകയില്ലാത്ത സമാധാനവും ആന്തരിക സന്തുഷ്ടിയും അത്‌ എനിക്കു നൽകുന്നു.”

നവോന്മേഷം കണ്ടെത്തുന്ന സ്വീകർത്താക്കൾ

രാജ്യഘോഷകർക്ക്‌ ക്രിസ്‌തീയ ശുശ്രൂഷ തീർച്ചയായും നവോന്മേഷം കൈവരുത്തുന്നു. ജീവദായക സന്ദേശം സ്വീകരിക്കുന്നവർക്ക്‌, അതു മുഖാന്തരം ആശ്വാസവും ലഭിക്കുന്നു. പോർച്ചുഗലിലെ ഒരു അധ്യാപികയെ പരിശീലിപ്പിച്ചത്‌ കന്യാസ്‌ത്രീകളും പുരോഹിതന്മാരും ആയിരുന്നെങ്കിലും, തന്റെ ആത്മീയ ആവശ്യങ്ങൾ സഭ നിവർത്തിക്കുന്നില്ല എന്ന്‌ അവർക്കു തോന്നി. അവരുടെ ബൈബിൾ ചോദ്യങ്ങൾക്ക്‌ ഉത്തരങ്ങൾ ലഭിച്ചിരുന്നില്ല. യഹോവയുടെ സാക്ഷികളിൽ ഒരാൾ നടത്തിയ ബൈബിൾ അധ്യയനത്തിലൂടെ അവർക്ക്‌ തിരുവെഴുത്തുപരമായ ഉൾക്കാഴ്‌ചകൾ ഒന്നൊന്നായി ലഭിച്ചു. ആ അധ്യാപികയ്‌ക്ക്‌ എന്തെന്നില്ലാത്ത സന്തോഷം തോന്നി. “എല്ലാ ബുധനാഴ്‌ചയും അധ്യയനത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. അതിലൂടെ എന്റെ ചോദ്യങ്ങൾക്ക്‌ ഒന്നൊന്നായി ബോധ്യപ്പെടുത്തുന്ന ബൈബിളധിഷ്‌ഠിത ഉത്തരങ്ങൾ ലഭിച്ചു” എന്ന്‌ അവർ പറഞ്ഞു. ഇന്ന്‌ അവർ യഹോവയുടെ ഒരു സമർപ്പിത ദാസിയാണ്‌. ഇപ്പോൾ അവരും ബൈബിൾ സത്യത്താൽ മറ്റുള്ളവർക്കു നവോന്മേഷം പകരുന്നതിൽ പങ്കുപറ്റുന്നു.

തങ്ങളുടെ പ്രസംഗ നിയോഗത്തിന്റെ ഗൗരവമോ ആഗോള പ്രദേശത്തിന്റെ വിശാലതയോ യഹോവയുടെ സാക്ഷികളെ ഭയപ്പെടുത്തുന്നില്ല എന്നതു വ്യക്തമാണ്‌. ആളുകളുടെ താത്‌പര്യക്കുറവോ എതിർപ്പോ അവരുടെ ഉത്സാഹത്തെ കെടുത്തിക്കളയുന്നില്ല. തങ്ങളുടെ രാജ്യപ്രസംഗ നിയോഗം നിറവേറ്റുന്നതിന്‌ അവർ ഉത്സാഹപൂർവം ശ്രമിക്കുന്നു. ഐക്യനാടുകളിലെ ഒരു ട്രക്ക്‌ സ്റ്റോപ്പിൽ (1), കൊറിയയിലെ ഒരു വിമാനത്താവളത്തിൽ (2), ആൻഡീസ്‌ പർവതനിരയിൽ (3), ലണ്ടനിലെ ഒരു കമ്പോളത്തിൽ (4) എന്നിങ്ങനെ ആളുകൾ എവിടെയുണ്ടോ അവിടെയെല്ലാം സാക്ഷികൾ അവരുമായി സത്യം പങ്കുവെക്കുന്നു. യേശുവിന്റെ അനുഗാമികൾ ഇന്ന്‌ തങ്ങളുടെ പ്രതിഫലദായകമായ വേല സസന്തോഷം ലോകമെങ്ങും നിർവഹിക്കുന്നു. വാഗ്‌ദാനം ചെയ്‌തതുപോലെതന്നെ, അവൻ അവർക്കു നവോന്മേഷം നൽകുകയും മറ്റുള്ളവർക്കു നവോന്മേഷം പകരാൻ അവരെ ഉപയോഗിക്കുകയും ചെയ്‌തിരിക്കുന്നു.​—⁠വെളിപ്പാടു 22:⁠17.