വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആധുനികകാല രക്തസാക്ഷികൾ സ്വീഡനിൽ സാക്ഷ്യം വഹിക്കുന്നു

ആധുനികകാല രക്തസാക്ഷികൾ സ്വീഡനിൽ സാക്ഷ്യം വഹിക്കുന്നു

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

ആധുനികകാല രക്തസാക്ഷികൾ സ്വീഡനിൽ സാക്ഷ്യം വഹിക്കുന്നു

“സാക്ഷി” എന്നതിന്റെ ഗ്രീക്ക്‌ പദം മാർട്ടിർ എന്നാണ്‌. “മാർട്ടെർ” (martyr) എന്ന ഇംഗ്ലീഷ്‌ പദം വന്നിരിക്കുന്നത്‌ ഇതിൽനിന്നാണ്‌. “സ്വന്തം മരണത്താൽ സാക്ഷ്യം വഹിക്കുന്നവൻ” എന്നാണ്‌ ആ വാക്കിന്റെ അർഥം. തങ്ങളുടെ വിശ്വാസത്തെപ്രതി മരിച്ചുകൊണ്ട്‌ ഒന്നാം നൂറ്റാണ്ടിലെ പല ക്രിസ്‌ത്യാനികളും യഹോവയെ കുറിച്ചു സാക്ഷ്യം നൽകി.

സമാനമായി 20-ാം നൂറ്റാണ്ടിൽ, രാഷ്‌ട്രീയ, ദേശഭക്തിപരമായ കാര്യാദികളിൽ നിഷ്‌പക്ഷത പാലിച്ചതിന്‌ ആയിരക്കണക്കിനു സാക്ഷികൾ ഹിറ്റ്‌ലറിന്റെ ആളുകളുടെ കൈകളാൽ വധിക്കപ്പെട്ടു. ഈ ആധുനികകാല രക്തസാക്ഷികളും ശക്തമായ ഒരു സാക്ഷ്യം നൽകുന്നു. സ്വീഡനിൽ അടുത്തയിടെ നടന്ന ഒരു സംഭവം അതിന്‌ ഉദാഹരണമാണ്‌.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ 50-ാം വാർഷികം കൊണ്ടാടിയ അവസരത്തിൽ സ്വീഡിഷ്‌ ഗവൺമെന്റ്‌ ദേശവ്യാപകമായി നാസി കൂട്ടക്കൊലയെ കുറിച്ചുള്ള ഒരു വിദ്യാഭ്യാസ പ്രചാരണ പരിപാടി നടത്തി. ‘ജീവിക്കുന്ന ചരിത്രം’ എന്നായിരുന്നു ആ പരിപാടിയുടെ പേര്‌. അതിൽ പങ്കെടുക്കാനും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാനും യഹോവയുടെ സാക്ഷികളും ക്ഷണിക്കപ്പെട്ടിരുന്നു.

ആ പരിപാടിയിൽ പങ്കെടുത്ത സാക്ഷികൾ, ‘നാസി കൂട്ടക്കൊലയുടെ വിസ്‌മരിക്കപ്പെട്ട ഇരകൾ’ എന്ന ഒരു പ്രദർശനം അവതരിപ്പിച്ചു. യഹോവയുടെ സാക്ഷികളുടെ സ്‌ട്രെങ്‌നെസിലെ സമ്മേളന ഹാളിൽ വെച്ചായിരുന്നു ആ പ്രദർശനം. തങ്ങളുടെ അനുഭവം പങ്കുവെക്കാനായി നാസി കൂട്ടക്കൊലയെ അതിജീവിച്ച സാക്ഷികൾ എത്തിയിരുന്നു. ആദ്യ ദിവസം സന്ദർശകരുടെ എണ്ണം 8,400-ലധികം ആയിരുന്നു! 1999-ന്റെ അവസാനത്തോടെ സ്വീഡനിൽ ഉടനീളമുള്ള 100-ലധികം മ്യൂസിയങ്ങളിലും പൊതു ഗ്രന്ഥശാലകളിലും ഈ പരിപാടി അവതരിപ്പിക്കപ്പെട്ടു, ഏതാണ്ട്‌ 1,50,000 ആളുകൾ അതു കാണുകയും ചെയ്‌തു. സന്ദർശകരിൽ ഗവൺമെന്റ്‌ അധികാരികളും ഉണ്ടായിരുന്നു. പരിപാടിയെ കുറിച്ചു വളരെ നല്ല അഭിപ്രായമാണ്‌ അവർ പറഞ്ഞത്‌.

സ്വീഡനിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട മറ്റൊരു പരിപാടിക്കും അനുകൂലമായ ഇത്രയധികം വാർത്താപ്രാധാന്യം ലഭിച്ചിട്ടില്ല. പല സന്ദർശകരും ചോദിച്ചു: “നാസി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ എന്തുകൊണ്ടാണു ഞങ്ങളോട്‌ ഇതുവരെ പറയാതിരുന്നത്‌?”

ഒരു പ്രദേശത്തു പരിപാടി അവതരിപ്പിക്കപ്പെട്ടതിനെ തുടർന്ന്‌ അവിടത്തെ സഭ, ഭവന ബൈബിൾ അധ്യയനങ്ങളുടെ എണ്ണത്തിൽ 30 ശതമാനം വർധന റിപ്പോർട്ടു ചെയ്‌തു! പ്രദർശനം കാണാൻ ഒരു സാക്ഷി തന്റെ സഹപ്രവർത്തകനെ ക്ഷണിച്ചു. അയാൾ സന്തോഷപൂർവം ആ ക്ഷണം സ്വീകരിക്കുകയും പരിപാടി കാണാൻ ഒരു സുഹൃത്തിനെ കൂടെ കൊണ്ടുവരികയും ചെയ്‌തു. തങ്ങളുടെ വിശ്വാസത്തെ തള്ളിപ്പറയുന്ന ഒരു രേഖയിൽ ഒപ്പുവെക്കുന്നതിനു പകരം വധശിക്ഷ സ്വീകരിക്കാൻ തയ്യാറാകുന്ന തരത്തിലുള്ള ഇത്ര ശക്തമായ വിശ്വാസം ആളുകൾക്ക്‌ ഉണ്ടായിരിക്കുന്നത്‌ എങ്ങനെയെന്നു തനിക്കു മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന്‌ ആ സുഹൃത്ത്‌ പറഞ്ഞു. ഇത്‌ കൂടുതൽ ചർച്ചകൾക്കു വഴിതുറക്കുകയും തുടർന്ന്‌ അവരുമൊത്ത്‌ ഒരു ബൈബിൾ അധ്യയനം തുടങ്ങുകയും ചെയ്‌തു.

ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ പോലെ 20-ാം നൂറ്റാണ്ടിലെ ഈ വിശ്വസ്‌ത രക്തസാക്ഷികളും, നമ്മുടെ അചഞ്ചലമായ വിശ്വാസത്തിനും വിശ്വസ്‌തതയ്‌ക്കും യോഗ്യനായ ഏക സത്യദൈവം യഹോവയാണ്‌ എന്നതിനു സധൈര്യം സാക്ഷ്യം വഹിച്ചിരിക്കുന്നു.​—⁠വെളിപ്പാടു 4:11.

[13-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

തടങ്കൽപ്പാളയ അന്തേവാസി: Państwowe Muzeum Oświęcim-Brzezinka, courtesy of the USHMM Photo Archives