തങ്ങളുടേതായ വിധത്തിൽ ജ്ഞാനികൾ
തങ്ങളുടേതായ വിധത്തിൽ ജ്ഞാനികൾ
“മുതിർന്നവർക്കു ജ്ഞാനമുണ്ട്, എന്നാൽ കുട്ടികളും തങ്ങളുടേതായ വിധത്തിൽ ജ്ഞാനികളാണ്.” ഒരു നൈജീരിയൻ പഴമൊഴിയാണ് ഇത്. നൈജീരിയയിലെ ഒരു ക്രിസ്‌തീയ മൂപ്പനായ എഡ്വിൻ അതു സത്യമാണെന്നു കണ്ടെത്തി.
ഒരു ദിവസം വീട്ടിൽ തന്റെ മേശയ്‌ക്കടിയിലായി ഒരു തകരപ്പെട്ടിയിരിക്കുന്നത് എഡ്വിൻ കണ്ടു.
“ആരുടേതാണ് ഇത്?” തന്റെ മൂന്നു മക്കളോടായി എഡ്വിൻ ചോദിച്ചു.
“അത് എന്റേതാണ്,” എട്ടു വയസ്സുകാരൻ ഇമ്മാനുവൽ ഉടനടി പറഞ്ഞു. 12 സെന്റിമീറ്റർ നീളവും വീതിയുമുള്ള, മുകളിൽ ഒരു ചെറിയ ദ്വാരമുണ്ടായിരുന്ന ആ തകരപ്പെട്ടി യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനകൾ ഇടാനുള്ളതാണെന്ന് അവൻ കൂട്ടിച്ചേർത്തു. “എല്ലാ ദിവസവും ഞാൻ രാജ്യഹാളിൽ പോകുന്നില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു പെട്ടി ഉണ്ടാക്കാൻ ഞാൻ തീരുമാനിച്ചത്. മിഠായിയും മറ്റും വാങ്ങാത്തപ്പോൾ ആ പണം എനിക്ക് ഇതിൽ ഇടാമല്ലോ,” അവൻ വിശദീകരിച്ചു.
ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനു പോകാനുള്ള പണം സ്വരൂപിക്കാൻ എഡ്വിൻ വീട്ടിൽ ഒരു പെട്ടി സൂക്ഷിച്ചിരുന്നു. എന്നാൽ വീട്ടിൽ ഒരു അത്യാവശ്യമുണ്ടായപ്പോൾ, പെട്ടിയിലുള്ള പണം അവർ അതിനായി ഉപയോഗിച്ചു. താൻ സംഭാവനയായി ഇടുന്ന പണം ആ വിധത്തിൽ മറ്റു യാതൊരാവശ്യത്തിനും ഉപയോഗിക്കാൻ ഇമ്മാനുവൽ ആഗ്രഹിച്ചില്ല. അതുകൊണ്ട് അവൻ ഒരു പഴയ ടിൻ സംഘടിപ്പിച്ച് അത് ഒരു വെൽഡറുടെ അടുക്കൽ കൊണ്ടു ചെന്നു. അതിൽനിന്നു പണം എടുക്കാൻ കഴിയാത്ത വിധം സീൽ ചെയ്യിക്കുകയായിരുന്നു അവന്റെ ലക്ഷ്യം. ആ ടിന്നിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയ വെൽഡർ അവനു തകരംകൊണ്ട് ഒരു പെട്ടി ഉണ്ടാക്കിക്കൊടുത്തു. ഇമ്മാനുവലിന്റെ അനുജനായ അഞ്ചു വയസ്സുകാരൻ മൈക്കളിനും അതുപോലൊരു പെട്ടി വേണമെന്നായി.
കുട്ടികളുടെ ഈ പ്രവൃത്തി കണ്ട് അത്ഭുതപ്പെട്ടുപോയ എഡ്വിൻ എന്തിനാണ് അവർ ഈ പെട്ടികൾ ഉണ്ടാക്കിച്ചതെന്ന് ആരാഞ്ഞു. മൈക്കൾ പറഞ്ഞു: “സംഭാവന ഇടാൻ!”
ഇമ്മാനുവലും മൈക്കളും അവരുടെ പെങ്ങളായ ഊച്ചേ എന്ന ഒമ്പതുവയസ്സുകാരിയും, മിഠായിയും മറ്റും വാങ്ങാൻ ലഭിച്ചിരുന്ന പണത്തിൽനിന്ന് സംഭാവന ഇടാനായി ഒരു പങ്ക് നീക്കിവെച്ചിരുന്നു. മാതാപിതാക്കൾ അറിയാതെ അവർ അത് ആ പെട്ടികളിൽ സൂക്ഷിച്ചു. ഈ ആശയം അവർക്കു ലഭിച്ചത് എവിടെനിന്നാണ്? പണം കയ്യിൽ പിടിക്കാനുള്ള പ്രായമായപ്പോൾ മുതൽ രാജ്യഹാളിലെ സംഭാവനപ്പെട്ടിയിൽ പണം ഇടാൻ മാതാപിതാക്കൾ അവരെ പഠിപ്പിച്ചിരുന്നു. തങ്ങൾ പഠിച്ച കാര്യം പിൻപറ്റുകയായിരുന്നു ആ കുട്ടികൾ.
പെട്ടികൾ നിറഞ്ഞപ്പോൾ അവർ അവ പൊളിച്ചു. മൊത്തം 3.13 ഡോളർ (യു.എസ്.) ഉണ്ടായിരുന്നു. ശരാശരി വാർഷിക പ്രതിശീർഷ വരുമാനം ഏകദേശം 300 ഡോളർ മാത്രം വരുന്ന ഒരു രാജ്യത്ത് ഈ സംഖ്യ നിസ്സാരമല്ല. ഇപ്പോൾ 235 ദേശങ്ങളിലായി നടക്കുന്ന, യഹോവയുടെ സാക്ഷികളുടെ പ്രസംഗവേലയെ പിന്തുണയ്‌ക്കുന്നത് ഇങ്ങനെയുള്ള സ്വമേധയാ സംഭാവനകളാണ്.