വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ ‘സത്യത്തിന്റെ ആത്മാവ്‌’ ലഭിച്ചിട്ടുണ്ടോ?

നിങ്ങൾക്ക്‌ ‘സത്യത്തിന്റെ ആത്മാവ്‌’ ലഭിച്ചിട്ടുണ്ടോ?

നിങ്ങൾക്ക്‌ ‘സത്യത്തിന്റെ ആത്മാവ്‌’ ലഭിച്ചിട്ടുണ്ടോ?

‘എല്ലായ്‌പോഴും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്‌ [പിതാവ്‌] മറ്റൊരു സഹായിയെ, സത്യത്തിന്റെ ആത്മാവിനെ, നിങ്ങൾക്കു നൽകും.’​—⁠യോഹന്നാൻ 14:16, 17, NW.

1. മാളികമുറിയിൽ ശിഷ്യന്മാരോടൊപ്പം ചെലവഴിച്ച അവസാന മണിക്കൂറുകളിൽ ഏതു പ്രധാനപ്പെട്ട വിവരമാണ്‌ യേശു അവർക്കു നൽകിയത്‌?

“കർത്താവേ, നീ എവിടെ പോകുന്നു”? യെരൂശലേമിലെ മാളികമുറിയിൽ യേശു തങ്ങളോടൊപ്പം ചെലവഴിച്ച അവസാന മണിക്കൂറുകളിൽ അപ്പൊസ്‌തലന്മാർ അവനോടു ചോദിച്ച ഒരു ചോദ്യമാണ്‌ അത്‌. (യോഹന്നാൻ 13:36) അവരെ വിട്ട്‌ തനിക്കു പിതാവിന്റെ അടുക്കലേക്കു തിരികെ പോകാനുള്ള സമയം വന്നിരിക്കുന്നതായി ആ കൂടിക്കാഴ്‌ചയിൽ യേശു അറിയിച്ചു. (യോഹന്നാൻ 14:28; 16:28) അവരെ പ്രബോധിപ്പിക്കാനും അവരുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാനും മേലാൽ അവൻ അവർക്കിടയിൽ ഒരു മനുഷ്യൻ എന്ന നിലയിൽ ഉണ്ടായിരിക്കുമായിരുന്നില്ല. എന്നാൽ അവൻ അവർക്ക്‌ ഈ ഉറപ്പു നൽകി: “ഞാൻ പിതാവിനോട്‌ അപേക്ഷിക്കുകയും എല്ലായ്‌പോഴും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്‌ അവൻ മറ്റൊരു സഹായിയെ [അഥവാ, ആശ്വാസകനെ], . . . നിങ്ങൾക്കു നൽകുകയും ചെയ്യും.”​—⁠യോഹന്നാൻ 14:​16, NW, അടിക്കുറിപ്പ്‌.

2. താൻ പോയശേഷം ശിഷ്യന്മാർക്ക്‌ എന്തിനെ അയയ്‌ക്കുമെന്നാണ്‌ യേശു വാഗ്‌ദാനം ചെയ്‌തത്‌?

2 യേശു ആ സഹായിയെ തിരിച്ചറിയിക്കുകയും അതു തന്റെ ശിഷ്യന്മാരെ എങ്ങനെ പിന്തുണയ്‌ക്കുമെന്നു വിശദീകരിക്കുകയും ചെയ്‌തു. അവൻ അവരോടു പറഞ്ഞു: “ആദിയിൽ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാൻ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ. ഇപ്പോഴോ ഞാൻ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു: . . . ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ [“സഹായി,” NW] നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും. സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും.”​—⁠യോഹന്നാൻ 16:4, 5, 7, 13.

3. (എ) ആദിമ ക്രിസ്‌ത്യാനികൾക്ക്‌ ‘സത്യത്തിന്റെ ആത്മാവ്‌’ ലഭിച്ചത്‌ എപ്പോൾ? (ബി) ആത്മാവ്‌ അവർക്ക്‌ ഒരു “സഹായി” ആയി വർത്തിച്ച ഒരു പ്രധാന വിധം ഏത്‌?

3 ഈ വാഗ്‌ദാനം പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ നിറവേറുകയുണ്ടായി. അപ്പൊസ്‌തലനായ പത്രൊസ്‌ അതേക്കുറിച്ച്‌ ഇങ്ങനെ സാക്ഷ്യപ്പെടുത്തി: “ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്‌പിച്ചു; അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു. അവൻ ദൈവത്തിന്റെ വലഭാഗത്തേക്കു ആരോഹണം ചെയ്‌തു പരിശുദ്ധാത്മാവു എന്ന വാഗ്‌ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നതു പകർന്നുതന്നു.” (പ്രവൃത്തികൾ 2:32, 33) നാം കാണാൻ പോകുന്നതുപോലെ, പെന്തെക്കൊസ്‌തിൽ പകരപ്പെട്ട പരിശുദ്ധാത്മാവ്‌ മുഖാന്തരം ആദിമ ക്രിസ്‌ത്യാനികൾക്ക്‌ ഒട്ടേറെ കാര്യങ്ങൾ നിവർത്തിക്കാൻ കഴിഞ്ഞു. എന്നാൽ, ‘സത്യത്തിന്റെ ആത്മാവ്‌’ താൻ ‘അവരോടു പറഞ്ഞതു ഒക്കെയും അവരെ ഓർമ്മപ്പെടുത്തു’മെന്ന്‌ യേശു വാഗ്‌ദാനം ചെയ്‌തിരുന്നു. (യോഹന്നാൻ 14:26) യേശുവിന്റെ ശുശ്രൂഷയും പഠിപ്പിക്കലുകളും, അവൻ സംസാരിച്ച ഓരോ വാക്കുകൾ പോലും, ഓർമിക്കാനും അത്‌ എഴുതിവെക്കാനും പരിശുദ്ധാത്മാവ്‌ അവരെ പ്രാപ്‌തരാക്കുമായിരുന്നു. പൊ.യു. ഒന്നാം നൂറ്റാണ്ടിന്റെ അവസാനം തന്റെ പേരിലുള്ള സുവിശേഷം എഴുതാൻ തുടങ്ങിയപ്പോൾ അതു വയോധികനായ യോഹന്നാൻ അപ്പൊസ്‌തലന്‌ വിശേഷാൽ സഹായമായിരിക്കുമായിരുന്നു. ആ വിവരണത്തിൽ, തന്റെ മരണത്തിന്റെ സ്‌മാരകം ഏർപ്പെടുത്തിയപ്പോൾ യേശു നൽകിയ വിലയേറിയ ബുദ്ധിയുപദേശം ഉൾപ്പെടുന്നു.​—⁠യോഹന്നാൻ 13-17 അധ്യായങ്ങൾ.

4. ‘സത്യത്തിന്റെ ആത്മാവ്‌’ ആദിമ അഭിഷിക്ത ക്രിസ്‌ത്യാനികളെ എങ്ങനെ സഹായിച്ചു?

4 ആത്മാവ്‌ ആദിമ ക്രിസ്‌ത്യാനികൾക്കു ‘സകലവും ഉപദേശിച്ചുകൊടുക്കു’മെന്നും അവരെ ‘സകല സത്യത്തിലും വഴിനടത്തു’മെന്നും കൂടി യേശു അവരോടു വാഗ്‌ദാനം ചെയ്‌തിരുന്നു. തിരുവെഴുത്തുകളിലെ ആഴമേറിയ കാര്യങ്ങൾ മനസ്സിലാക്കാനും ചിന്ത, ഗ്രാഹ്യം, ഉദ്ദേശ്യം എന്നിവയിലുള്ള അവരുടെ ഐക്യം നിലനിറുത്താനും ആത്മാവ്‌ അവരെ സഹായിക്കുമായിരുന്നു. (1 കൊരിന്ത്യർ 2:10; എഫെസ്യർ 4:3) ഓരോ അഭിഷിക്ത ക്രിസ്‌ത്യാനിക്കും ‘തക്കസമയത്ത്‌ [ആത്മീയ] ആഹാരം’ നൽകുന്ന “വിശ്വസ്‌തനും വിവേകിയുമായ അടിമ” വർഗമായി വർത്തിക്കാൻ പരിശുദ്ധാത്മാവ്‌ ആ ആദിമ ക്രിസ്‌ത്യാനികളെ അധികാരപ്പെടുത്തി.​—⁠മത്തായി 24:​45, NW.

ആത്മാവ്‌ സാക്ഷ്യം പറയുന്നു

5. (എ) പൊ.യു. 33-ലെ നീസാൻ 14-നു രാത്രി യേശു ഏതു പുതിയ പ്രത്യാശയെ കുറിച്ചാണ്‌ തന്റെ ശിഷ്യന്മാരോടു വെളിപ്പെടുത്തിയത്‌? (ബി) യേശുവിന്റെ വാഗ്‌ദാനങ്ങൾ നിവർത്തിക്കുന്നതിൽ പരിശുദ്ധാത്മാവ്‌ എന്തു പങ്കു വഹിക്കും?

5 പിന്നീട്‌ താൻ അവരെ ചേർത്തുകൊള്ളുമെന്നും അവർ തന്നോടും പിതാവിനോടും കൂടെ സ്വർഗത്തിൽ വസിക്കുമെന്നും പൊ.യു. 33 നീസാൻ 14-നു രാത്രി യേശു ശിഷ്യന്മാരെ അറിയിച്ചു. അവൻ അവരോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും.” (യോഹന്നാൻ 13:36; 14:2, 3) അവർ അവനോടു കൂടെ അവന്റെ രാജ്യത്തിൽ വാഴും. (ലൂക്കൊസ്‌ 22:28-30) ഈ സ്വർഗീയ പ്രത്യാശ ലഭിക്കാൻ, അവർ ദൈവത്തിന്റെ ആത്മീയ പുത്രന്മാർ ആയി ‘ആത്മാവിനാൽ ജനിക്ക’ണമായിരുന്നു. അതുപോലെ, ക്രിസ്‌തുവിനോടു കൂടെ സ്വർഗത്തിൽ രാജാക്കന്മാരും പുരോഹിതന്മാരും ആയി സേവിക്കാൻ അഭിഷേകം ചെയ്യപ്പെടുകയും വേണമായിരുന്നു.​—⁠യോഹന്നാൻ 3:5-8; 2 കൊരിന്ത്യർ 1:21, 22; തീത്തൊസ്‌ 3:5-7; 1 പത്രൊസ്‌ 1:3, 4; വെളിപ്പാടു 20:⁠6.

6. (എ) സ്വർഗീയ വിളി ആരംഭിച്ചത്‌ എപ്പോൾ, എത്ര പേർക്കാണ്‌ ഈ വിളി ലഭിക്കുന്നത്‌? (ബി) ഈ വിളി ലഭിച്ചിരിക്കുന്നവർ എന്ത്‌ ഉദ്ദേശ്യത്തിനായി സ്‌നാപനമേറ്റിരിക്കുന്നു?

6 പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ ആരംഭിച്ച ഈ “സ്വർഗ്ഗീയവിളി” 1930-കളുടെ മധ്യത്തിൽ മുഖ്യമായും അവസാനിച്ചതായി കാണപ്പെടുന്നു. (എബ്രായർ 3:1) ആത്മീയ ഇസ്രായേൽ ആയിരിക്കേണ്ടതിന്‌ പരിശുദ്ധാത്മാവിനാൽ മുദ്രയേറ്റവരുടെ എണ്ണം 1,44,000 ആണ്‌, “ഭൂമിയിൽനിന്നു വിലെക്കു വാങ്ങ”പ്പെട്ടവരാണ്‌ ഇവർ. (വെളിപ്പാടു 7:4; 14:1-4) ക്രിസ്‌തുവിന്റെ ആത്മീയ ശരീരത്തിൽ ചേരാൻ, അവന്റെ സഭയുടെ ഭാഗമാകാൻ, അവന്റെ മരണത്തിൽ പങ്കാളികളാകാൻ അവർ സ്‌നാപനമേറ്റിരിക്കുന്നു. (റോമർ 6:3; 1 കൊരിന്ത്യർ 12:12, 13, 27; എഫെസ്യർ 1:22, 23) ജലസ്‌നാപനം ഏൽക്കുകയും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയും ചെയ്‌തശേഷം അവർ ആത്മത്യാഗപരമായ ഒരു ഗതിയിലേക്ക്‌, അതായത്‌ മരണം വരെയുള്ള നിർമലതയുടെ ഒരു ജീവിതഗതിയിലേക്ക്‌, പ്രവേശിച്ചിരിക്കുന്നു.​—⁠റോമർ 6:4, 5.

7. സ്‌മാരക ചിഹ്നങ്ങളിൽ അഭിഷിക്ത ക്രിസ്‌ത്യാനികൾ മാത്രം പങ്കുപറ്റുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

7 ആത്മീയ ഇസ്രായേല്യർ എന്ന നിലയിൽ ഈ അഭിഷിക്ത ക്രിസ്‌ത്യാനികൾ യഹോവയും “ദൈവത്തിന്റെ യിസ്രായേ”ലും തമ്മിലുള്ള പുതിയ ഉടമ്പടിയിൽ ആയിരുന്നു. (ഗലാത്യർ 6:16; യിരെമ്യാവു 31:31-34, NW) യേശുവിന്റെ ചൊരിയപ്പെട്ട രക്തം പുതിയ ഉടമ്പടിയെ സാധുവാക്കി. തന്റെ മരണത്തിന്റെ സ്‌മാരകം ഏർപ്പെടുത്തിയ വേളയിൽ യേശു അതേക്കുറിച്ചു പരാമർശിച്ചിരുന്നു. ലൂക്കൊസ്‌ ഇങ്ങനെ രേഖപ്പെടുത്തുന്നു: “[അവൻ] അപ്പം എടുത്തു വാഴ്‌ത്തി നുറുക്കി അവർക്കു കൊടുത്തു: ഇതു നിങ്ങൾക്കുവേണ്ടി നല്‌കുന്ന എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.” (ലൂക്കൊസ്‌ 22:19, 20) അഭിഷിക്ത ശേഷിപ്പ്‌ അഥവാ 1,44,000-ത്തിലെ ഭൂമിയിൽ ശേഷിച്ചിരിക്കുന്ന അംഗങ്ങൾ ആണ്‌ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകാചരണ സമയത്ത്‌ സ്‌മാരക ചിഹ്നങ്ങളായ അപ്പത്തിലും വീഞ്ഞിലും ഉചിതമായും പങ്കുപറ്റുന്നത്‌.

8. തങ്ങൾക്ക്‌ സ്വർഗീയ വിളി ലഭിച്ചിരിക്കുന്നു എന്ന്‌ അഭിഷിക്തർക്ക്‌ അറിയാൻ കഴിയുന്നത്‌ എങ്ങനെ?

8 തങ്ങൾക്കു സ്വർഗീയ വിളി ലഭിച്ചിരിക്കുന്നതായി അഭിഷിക്തർക്ക്‌ അറിയാൻ സാധിക്കുന്നത്‌ എങ്ങനെയാണ്‌? അവർക്കു പരിശുദ്ധാത്മാവിന്റെ സംശയാതീതമായ സാക്ഷ്യം ലഭിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ അങ്ങനെയുള്ളവർക്ക്‌ ഇപ്രകാരം എഴുതി: “ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. . . . നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്‌തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്‌കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.” (റോമർ 8:14-17) ആത്മാവിന്റെ ഈ സാക്ഷ്യം വളരെ ശക്തമായിരിക്കുന്നതിനാൽ, സ്വർഗീയ വിളി ലഭിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച്‌ നേരിയ തോതിൽ പോലും സംശയമുള്ളവർക്ക്‌, തങ്ങൾക്ക്‌ ആ വിളി ലഭിച്ചിട്ടില്ലെന്ന്‌ ഉചിതമായും അനുമാനിക്കാൻ കഴിയും. അതിനാൽ, അത്തരം വ്യക്തികൾ സ്‌മാരക ചിഹ്നങ്ങളിൽ പങ്കെടുക്കുകയില്ല.

ആത്മാവും വേറെ ആടുകളും

9. സുവിശേഷങ്ങളിലും വെളിപ്പാടു പുസ്‌തകത്തിലും ഏതു രണ്ട്‌ വ്യത്യസ്‌ത കൂട്ടങ്ങളെ കുറിച്ചു പരാമർശിച്ചിരിക്കുന്നു?

9 ആത്മീയ ഇസ്രായേൽ ആയിരിക്കാൻ പരിമിത ക്രിസ്‌ത്യാനികളുടെ ഒരു കൂട്ടം മാത്രമേ വിളിക്കപ്പെട്ടിട്ടുള്ളു എന്ന കാര്യം മനസ്സിൽ വെച്ചുകൊണ്ട്‌ യേശു അവരെ ‘ചെറിയ ആട്ടിൻകൂട്ടം’ എന്നു പരാമർശിച്ചു. പുതിയ ഉടമ്പടിയാകുന്ന ‘തൊഴുത്തി’ലേക്ക്‌ അവർ ചേർക്കപ്പെടുന്നു. എന്നാൽ അതോടൊപ്പം, താൻ കൂട്ടിച്ചേർക്കുന്ന എണ്ണമറ്റ “വേറെ ആടുക”ളുടെ ഒരു കൂട്ടത്തെ കുറിച്ചും യേശു പറയുകയുണ്ടായി. (ലൂക്കൊസ്‌ 12:32; യോഹന്നാൻ 10:16) അന്ത്യകാലത്ത്‌ കൂട്ടിച്ചേർക്കപ്പെടുന്നവരും വേറെ ആടുകളുടെ ഗണത്തിൽ പെട്ടവരുമായ വ്യക്തികളാണ്‌ “മഹോപദ്രവ”ത്തെ [NW] അതിജീവിക്കാൻ നിശ്ചയിക്കപ്പെട്ടിരിക്കുന്ന “മഹാപുരുഷാരം.” പറുദീസാഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയുള്ളവരാണ്‌ അവർ. ശ്രദ്ധേയമായി, പൊ.യു. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യോഹന്നാനു ലഭിച്ച ദർശനം ഈ മഹാപുരുഷാരത്തെയും 1,44,000 പേർ അടങ്ങിയ ആത്മീയ ഇസ്രായേലിനെയും വേർതിരിച്ചു കാണിക്കുന്നു. (വെളിപ്പാടു 7:4, 9, 14) വേറെ ആടുകൾക്കും പരിശുദ്ധാത്മാവു ലഭിക്കുമോ? എങ്കിൽ അത്‌ അവരുടെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നത്‌?

10. വേറെ ആടുകൾ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്‌നാപനമേൽക്കുന്നത്‌ എങ്ങനെ?

10 പരിശുദ്ധാത്മാവ്‌ തീർച്ചയായും വേറെ ആടുകളുടെ ജീവിതത്തിൽ ഒരു സുപ്രധാന പങ്കു വഹിക്കുന്നുണ്ട്‌. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്‌നാപനമേറ്റുകൊണ്ടാണ്‌ അവർ യഹോവയ്‌ക്കുള്ള തങ്ങളുടെ സമർപ്പണം പ്രതീകപ്പെടുത്തുന്നത്‌. (മത്തായി 28:19) അവർ യഹോവയുടെ പരമാധികാരത്തെ അംഗീകരിക്കുകയും തങ്ങളുടെ രാജാവും വീണ്ടെടുപ്പുകാരനും എന്ന നിലയിൽ ക്രിസ്‌തുവിനു കീഴ്‌പെട്ടിരിക്കുകയും ദൈവത്തിന്റെ ആത്മാവിന്റെ അഥവാ കർമോദ്യുക്തമായ ശക്തിയുടെ പ്രവർത്തനങ്ങൾക്കു തങ്ങളെത്തന്നെ വിധേയരാക്കുകയും ചെയ്യുന്നു. ‘ആത്മാവിന്റെ ഫല’മായ “സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൌമ്യത, ഇന്ദ്രിയജയം” എന്നിവ തങ്ങളുടെ ജീവിതത്തിൽ നിത്യവും പ്രകടമാക്കാൻ അവർ ശ്രമിക്കുന്നു.​—⁠ഗലാത്യർ 5:22, 23.

11, 12. (എ) അഭിഷിക്തർ പ്രത്യേകമായ ഒരു വിധത്തിൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നത്‌ എങ്ങനെ? (ബി) വേറെ ആടുകൾ ഏതു വിധത്തിൽ വിശുദ്ധീകരിക്കപ്പെടുന്നു?

11 തങ്ങളെ ശുദ്ധീകരിക്കാൻ വേറെ ആടുകൾ ദൈവവചനത്തെയും പരിശുദ്ധാത്മാവിനെയും അനുവദിക്കേണ്ടതും ആവശ്യമാണ്‌. അഭിഷിക്തർ ഇപ്പോൾത്തന്നെ ഒരു പ്രത്യേക വിധത്തിൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു, ക്രിസ്‌തുവിന്റെ മണവാട്ടി വർഗം എന്ന നിലയിൽ അവർ നീതിമാന്മാരും വിശുദ്ധരുമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. (യോഹന്നാൻ 17:17; 1 കൊരിന്ത്യർ 6:11; എഫെസ്യർ 5:23-27) “മനുഷ്യപുത്ര”നായ യേശുക്രിസ്‌തുവിന്റെ കീഴിൽ രാജത്വം ലഭിക്കുന്ന, “അത്യുന്നതനായവന്റെ വിശുദ്ധന്മാർ” എന്ന്‌ പ്രവാചകനായ ദാനീയേൽ അവരെ വിശേഷിപ്പിക്കുന്നു. (ദാനീയേൽ 7:13, 14, 18, 27) മുമ്പ്‌, മോശെയും അഹരോനും മുഖാന്തരം യഹോവ ഇസ്രായേൽ ജനതയോട്‌ ഇപ്രകാരം അരുളിച്ചെയ്‌തിരുന്നു: “ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങൾ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം.”​—⁠ലേവ്യപുസ്‌തകം 11:⁠44.

12 ‘വിശുദ്ധീകരണം’ എന്ന പദം അടിസ്ഥാനപരമായി അർഥമാക്കുന്നത്‌, “യഹോവയാം ദൈവത്തിന്റെ സേവനത്തിനായി അഥവാ ഉപയോഗത്തിനായി ശുദ്ധീകരിക്കുന്ന, വേർതിരിക്കുന്ന അല്ലെങ്കിൽ നീക്കിവെക്കുന്ന പ്രക്രിയ; ശുദ്ധരായിരിക്കുന്ന അഥവാ നിർമലരായിരിക്കുന്ന അവസ്ഥ” എന്നാണ്‌. “മഹാപുരുഷാരത്തിന്റെ ഭാഗമാകുന്ന, ഭൂമിയിൽ ജീവിക്കാനിരിക്കുന്ന ഓരോ വ്യക്തിയിൽനിന്നും സമർപ്പണവും വിശുദ്ധീകരണവും ആവശ്യപ്പെടുന്നതായി” യോനാദാബുകൾ അഥവാ വേറെ ആടുകൾ “മനസ്സിലാക്കണം” എന്ന്‌ 1938-ൽ വീക്ഷാഗോപുരം പറഞ്ഞിരുന്നു. വെളിപ്പാടു പുസ്‌തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന, മഹാപുരുഷാരത്തെ കുറിച്ചുള്ള ദർശനത്തിൽ, അവർ “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്ന”തായും യഹോവയുടെ “ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്ന”തായും പറഞ്ഞിരിക്കുന്നു. (വെളിപ്പാടു 7:9, 14, 15) പരിശുദ്ധാത്മാവിന്റെ സഹായത്താൽ, വിശുദ്ധി സംബന്ധിച്ച യഹോവയുടെ നിലവാരങ്ങൾക്കൊത്ത്‌ ഉയരാൻ വേറെ ആടുകൾ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു.​—⁠2 കൊരിന്ത്യർ 7:⁠1.

ക്രിസ്‌തുവിന്റെ സഹോദരന്മാർക്കു നന്മ ചെയ്യൽ

13, 14. (എ) ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള യേശുവിന്റെ ഉപമയ്‌ക്കു ചേർച്ചയിൽ, ചെമ്മരിയാടുകളുടെ രക്ഷ എന്തിനെ ആശ്രയിച്ചിരിക്കുന്നു? (ബി) ഈ അന്ത്യകാലത്ത്‌, വേറെ ആടുകൾ ക്രിസ്‌തുവിന്റെ സഹോദരന്മാരെ എങ്ങനെ പിന്തുണച്ചിരിക്കുന്നു?

13 ‘ലോകാവസാനം’ സംബന്ധിച്ച പ്രവചനത്തിൽ ഉൾപ്പെട്ട, ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള ഉപമയിൽ വേറെ ആടുകളും ചെറിയ ആട്ടിൻകൂട്ടവും തമ്മിലുള്ള അടുത്ത ബന്ധത്തെ യേശു എടുത്തുകാണിച്ചു. വേറെ ആടുകളുടെ രക്ഷ, ‘എന്റെ സഹോദരന്മാർ’ എന്ന്‌ യേശു വിശേഷിപ്പിച്ച അഭിഷിക്തരോടുള്ള അവരുടെ പെരുമാറ്റവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നതായി അവൻ വ്യക്തമാക്കി. അവൻ പറഞ്ഞു: “രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ. . . . എന്റെ ഈ ഏററവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്‌തേടത്തോളം എല്ലാം എനിക്കു ചെയ്‌തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”​—⁠മത്തായി 24:3; 25:31-34, 40.

14 “നിങ്ങൾ ചെയ്‌തേടത്തോളം” എന്ന പ്രയോഗം ക്രിസ്‌തുവിന്റെ ആത്മജാതരായ സഹോദരന്മാർക്കു സ്‌നേഹപൂർവം നൽകുന്ന പിന്തുണയെ പരാമർശിക്കുന്നു. സാത്താന്റെ ലോകം അവരോട്‌ അപരിചിതരോടെന്ന പോലെ പെരുമാറുകയും അവരിൽ ചിലരെ തടവിലാക്കുകയും പോലും ചെയ്‌തിരിക്കുന്നു. അവർക്ക്‌ ആഹാരവും, വസ്‌ത്രവും ശുശ്രൂഷയും ആവശ്യമായിരുന്നു. (മത്തായി 25:35, 36, NW, അടിക്കുറിപ്പ്‌) ഈ അന്ത്യകാലത്ത്‌, 1914 മുതൽ, അഭിഷിക്തരിൽ പലരും അത്തരം അവസ്ഥകളിലായിരുന്നിട്ടുണ്ട്‌. എന്നാൽ, ആത്മാവിനാൽ പ്രേരിതരായി അവരുടെ വിശ്വസ്‌ത സഹകാരികളായ വേറെ ആടുകൾ അവരെ പിന്തുണച്ചിരിക്കുന്നതായി യഹോവയുടെ സാക്ഷികളുടെ ആധുനിക ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

15, 16. (എ) ഭൂമിയിലെ ക്രിസ്‌തുവിന്റെ സഹോദരന്മാർക്ക്‌ ഏതു പ്രവർത്തനത്തിൽ വേറെ ആടുകളിൽനിന്നു വിശേഷിച്ചും സഹായം ലഭിച്ചിരിക്കുന്നു? (ബി) വേറെ ആടുകളോടു തങ്ങൾക്കുള്ള വിലമതിപ്പ്‌ അഭിഷിക്തർ പ്രകടമാക്കിയിരിക്കുന്നത്‌ എങ്ങനെ?

15 ഈ അന്ത്യകാലത്ത്‌ ഭൂമിയിൽ ശേഷിക്കുന്ന ക്രിസ്‌തുവിന്റെ അഭിഷിക്ത സഹോദരന്മാർക്ക്‌ ‘രാജ്യത്തിന്റെ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗി’ക്കാനുള്ള ദൈവദത്ത നിയമനം നിർവഹിക്കുന്നതിൽ വേറെ ആടുകളുടെ സജീവ പിന്തുണ വിശേഷിച്ചും ലഭിച്ചിട്ടുണ്ട്‌. (മത്തായി 24:14; യോഹന്നാൻ 14:12) വർഷങ്ങൾ കടന്നുപോകവേ, ഭൂമിയിലെ അഭിഷിക്തരുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും വേറെ ആടുകളുടെ എണ്ണം വർധിച്ച്‌ ദശലക്ഷങ്ങൾ ആയിത്തീർന്നിരിക്കുന്നു. ഇവരിൽ ആയിരങ്ങൾ “ഭൂമിയുടെ അററ”ങ്ങളോളം രാജ്യ സുവാർത്ത വ്യാപിപ്പിച്ചുകൊണ്ട്‌ പയനിയർമാരും മിഷനറിമാരും എന്ന നിലയിൽ മുഴുസമയ സുവിശേഷകരായി സേവിച്ചിരിക്കുന്നു. (പ്രവൃത്തികൾ 1:8) മറ്റുള്ളവർ തങ്ങളാൽ ആകുന്ന വിധത്തിൽ സാക്ഷീകരണ വേലയിൽ പങ്കുചേരുകയും സസന്തോഷം ഈ സുപ്രധാന വേലയ്‌ക്കു സാമ്പത്തിക പിന്തുണ നൽകുകയും ചെയ്യുന്നു.

16 തങ്ങളുടെ സഹകാരികളായ വേറെ ആടുകളുടെ ഈ വിശ്വസ്‌ത പിന്തുണയെ ക്രിസ്‌തുവിന്റെ അഭിഷിക്ത സഹോദരന്മാർ എത്രമാത്രം വിലമതിക്കുന്നുവെന്നോ! 1986-ൽ അടിമവർഗം പ്രസിദ്ധീകരിച്ച “സമാധാനപ്രഭു”വിന്റെ കീഴിൽ ലോകവ്യാപക സുരക്ഷിതത്വം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽ അതു വ്യക്തമാക്കിയിട്ടുണ്ട്‌. പുസ്‌തകത്തിൽ ഇപ്രകാരം പറയുന്നു: “‘ലോകാവസാനം’ സംബന്ധിച്ച യേശുവിന്റെ പ്രവചനത്തിന്റെ നിവൃത്തിയിൽ രണ്ടാം ലോകമഹായുദ്ധ കാലം മുതൽ ‘വേറെ ആടുക’ളുടെ ‘മഹാപുരുഷാരം’ വഹിക്കുന്ന പങ്ക്‌ വലുതാണ്‌. . . . മത്തായി 24:​14-ലെ [യേശുവിന്റെ] പ്രവചനം നിവർത്തിക്കുന്നതിൽ അവർ വഹിച്ചിരിക്കുന്ന അതിബൃഹത്തായ പങ്കിനെപ്രതി സാർവദേശീയ, ബഹുഭാഷാ സമൂഹമായ ‘മഹാപുരുഷാര’ത്തിന്‌ ആയിരമായിരം നന്ദി!”

‘നമ്മെക്കൂടാതെ പരിപൂർണ്ണരാക്കപ്പെടുന്നില്ല’

17. ഭൂമിയിലേക്കു പുനരുത്ഥാനം ചെയ്യപ്പെടാൻ പോകുന്ന പുരാതനകാല വിശ്വസ്‌തർ അഭിഷിക്തരെ ‘കൂടാതെ പരിപൂർണ്ണരാക്കപ്പെ’ടുകയില്ലാത്തത്‌ ഏതു വിധത്തിൽ?

17 ക്രിസ്‌തുവിനു മുമ്പ്‌ ജീവിച്ചിരുന്ന വിശ്വസ്‌ത സ്‌ത്രീപുരുഷന്മാരെ പരാമർശിച്ചുകൊണ്ട്‌, അഭിഷിക്തരിൽ ഒരുവനായ പൗലൊസ്‌ അപ്പൊസ്‌തലൻ ഇപ്രകാരം എഴുതി: “വിശ്വാസംമൂലം ഇവരെല്ലാം അംഗീകാരം പ്രാപിച്ചെങ്കിലും വാഗ്‌ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല. കാരണം, നമ്മെക്കൂടാതെ അവർ പരിപൂർണ്ണരാക്കപ്പെടരുത്‌ എന്നുകണ്ടു ദൈവം [അഭിഷിക്തരായ] നമുക്കായി കുറേക്കൂടെ ശ്രേഷ്‌ഠമായവ നേരത്തേ കണ്ടുവെച്ചിരുന്നു.” (എബ്രായർ 11:35, 39, 40, പി.ഒ.സി. ബൈബിൾ) സഹസ്രാബ്ദ വാഴ്‌ചക്കാലത്ത്‌ ക്രിസ്‌തുവും സ്വർഗത്തിലുള്ള അവന്റെ 1,44,000 അഭിഷിക്ത സഹോദരന്മാരും, രാജാക്കന്മാരും പുരോഹിതന്മാരുമായി സേവിക്കുകയും ക്രിസ്‌തുവിന്റെ മറുവില യാഗത്തിന്റെ പ്രയോജനങ്ങൾ ഭൂമിയിൽ ലഭ്യമാക്കുകയും ചെയ്യും. അങ്ങനെ, വേറെ ആടുകൾ ശാരീരികമായും മാനസികമായും ‘പരിപൂർണരാക്കപ്പെടും.’​—⁠വെളിപ്പാടു 22:1, 2.

18. (എ) തിരുവെഴുത്തു വസ്‌തുതകൾ എന്തു ഗ്രഹിക്കാൻ വേറെ ആടുകളെ സഹായിക്കണം? (ബി) വേറെ ആടുകൾ എന്തു പ്രത്യാശയോടെ “ദൈവപുത്രന്മാരുടെ വെളിപ്പാടി”നായി നോക്കിപ്പാർത്തിരിക്കുന്നു?

18 ക്രിസ്‌തുവിനും അവന്റെ അഭിഷിക്ത സഹോദരന്മാർക്കും യഹോവയുടെ ഉദ്ദേശ്യങ്ങളുടെ നിവൃത്തിയിൽ അവർക്കുള്ള നിർണായക പങ്കിനും ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ ഇത്രമാത്രം പ്രാധാന്യം നൽകുന്നതിന്റെ കാരണം വേറെ ആടുകളുടെ ഹൃദയങ്ങളിൽ പതിയാൻ ഇതെല്ലാം ഇടയാക്കണം. അതുകൊണ്ട്‌, അർമഗെദോനിലും സഹസ്രാബ്ദ വാഴ്‌ചക്കാലത്തും “ദൈവപുത്രന്മാരുടെ വെളിപ്പാടി”നായി കാത്തിരിക്കവേ അഭിഷിക്ത അടിമ വർഗത്തെ എല്ലാ വിധങ്ങളിലും പിന്തുണയ്‌ക്കുന്നത്‌ ഒരു പദവിയായി വേറെ ആടുകൾ വീക്ഷിക്കുന്നു. ‘ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുവിക്കപ്പെടാനും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യം പ്രാപിക്കാനും’ ഉള്ള സമയത്തിനായി അവർക്കു നോക്കിപ്പാർത്തിരിക്കാൻ കഴിയും.​—⁠റോമർ 8:19-21.

സ്‌മാരകസമയത്ത്‌ ആത്മാവിൽ ഏകീകൃതർ

19. ‘സത്യത്തിന്റെ ആത്മാവ്‌’ അഭിഷിക്തർക്കും അവരുടെ സഹകാരികൾക്കും എന്തു ചെയ്‌തുകൊടുത്തിരിക്കുന്നു, മാർച്ച്‌ 28-ാം തീയതി സായാഹ്നത്തിൽ അവർ വിശേഷിച്ചും ഏകീകൃതരാകുന്നത്‌ ഏതു വിധത്തിൽ?

19 പൊ.യു. 33 നീസാൻ 14-നു രാത്രി സമാപന പ്രാർഥനയിൽ യേശു പറഞ്ഞു: “ഞാൻ അപേക്ഷിക്കുന്നു . . . അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.” (യോഹന്നാൻ 17:20, 21) സ്‌നേഹം മൂലം ദൈവം, അഭിഷിക്തരുടെയും അനുസരണമുള്ള മനുഷ്യവർഗ ലോകത്തിന്റെയും രക്ഷയ്‌ക്കായി ജീവൻ നൽകാൻ സ്വന്തം പുത്രനെ അയച്ചു. (1 യോഹന്നാൻ 2:2) ‘സത്യത്തിന്റെ ആത്മാവ്‌’ ക്രിസ്‌തുവിന്റെ സഹോദരന്മാരെയും അവരുടെ സഹകാരികളെയും ഏകീകൃതരാക്കിയിരിക്കുന്നു. ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കാനും പ്രിയപുത്രനായ ക്രിസ്‌തുയേശുവിന്റെ യാഗത്തിലൂടെ യഹോവ തങ്ങൾക്കായി ചെയ്‌തിരിക്കുന്ന എല്ലാ കാര്യങ്ങളും അനുസ്‌മരിക്കാനും ഇരു കൂട്ടരും മാർച്ച്‌ 28-ാം തീയതി സായാഹ്നത്തിൽ, സൂര്യാസ്‌തമയ ശേഷം കൂടിവരും. ആ സുപ്രധാന വേളയിലെ അവരുടെ സാന്നിധ്യം അവരുടെ ഐക്യത്തെ ശക്തിപ്പെടുത്തുകയും ദൈവേഷ്ടം ചെയ്യാനുള്ള ദൃഢനിശ്ചയത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുമാറാകട്ടെ. യഹോവ സ്‌നേഹിക്കുന്നവരിൽ ഒരാളായിരിക്കുന്നതിലെ അവരുടെ ആനന്ദം അങ്ങനെ ദൃശ്യമാകട്ടെ.

പുനരവലോകനം

• ആദിമ ക്രിസ്‌ത്യാനികൾക്ക്‌ ‘സത്യത്തിന്റെ ആത്മാവ്‌’ ലഭിച്ചത്‌ എപ്പോൾ, അത്‌ ഒരു “സഹായി” ആണെന്നു തെളിഞ്ഞത്‌ എങ്ങനെ?

• തങ്ങൾക്കു സ്വർഗീയ വിളി ലഭിച്ചിരിക്കുന്നതായി അഭിഷിക്തർക്ക്‌ അറിയാൻ കഴിയുന്നത്‌ എങ്ങനെ?

• വേറെ ആടുകളുടെ മേൽ ദൈവാത്മാവു പ്രവർത്തിക്കുന്നത്‌ എങ്ങനെ?

• വേറെ ആടുകൾ ക്രിസ്‌തുവിന്റെ സഹോദരന്മാർക്കു നന്മ ചെയ്‌തിരിക്കുന്നത്‌ ഏതു വിധത്തിൽ, അഭിഷിക്തരെ കൂടാതെ അവർ ‘പൂർണരാക്കപ്പെടുകയില്ലാത്തത്‌’ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[21-ാം പേജിലെ ചിത്രം]

പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ ‘സത്യത്തിന്റെ ആത്മാവ്‌’ ശിഷ്യന്മാരുടെ മേൽ പകരപ്പെട്ടു

[23-ാം പേജിലെ ചിത്രങ്ങൾ]

വേറെ ആടുകൾ പ്രസംഗിക്കാനുള്ള ദിവ്യ നിയമനം നിർവഹിക്കുന്നതിൽ ക്രിസ്‌തുവിന്റെ സഹോദരന്മാരെ പിന്തുണച്ചുകൊണ്ട്‌ അവർക്കു നന്മ ചെയ്‌തിരിക്കുന്നു