വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മലമുകളിലെ ഒരു പട്ടണം

മലമുകളിലെ ഒരു പട്ടണം

മലമുകളിലെ ഒരു പട്ടണം

“നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല” എന്ന്‌ വിഖ്യാതമായ തന്റെ ഗിരിപ്രഭാഷണത്തിൽ യേശു ശിഷ്യന്മാരോടു പറഞ്ഞു.​—⁠മത്തായി 5:⁠14.

യഹൂദയിലെയും ഗലീലയിലെയും പല പട്ടണങ്ങളും താഴ്‌വരകളിൽ ആയിരുന്നില്ല മറിച്ച്‌, മലമുകളിലായിരുന്നു സ്ഥിതി ചെയ്‌തിരുന്നത്‌. സുരക്ഷയെ പ്രതിയാണ്‌ പട്ടണങ്ങൾ മലമുകളിൽ സ്ഥാപിച്ചിരുന്നത്‌. സൈന്യങ്ങൾക്കു പുറമേ, കവർച്ചപ്പടകളും ഇസ്രായേല്യരുടെ വാസസ്ഥലങ്ങൾ ആക്രമിച്ചിരുന്നു. (2 രാജാക്കന്മാർ 5:2; 24:2) സംരക്ഷണാർഥം വൻ മതിലുകൾ ആവശ്യമായിരുന്ന താഴ്‌വാര പട്ടണങ്ങളെ സംരക്ഷിക്കുന്നതിനെക്കാൾ എളുപ്പത്തിൽ മലമുകളിൽ അടുത്തടുത്തു പണിതിരിക്കുന്ന വീടുകളെ സംരക്ഷിക്കാൻ അതിലെ ധീര നിവാസികൾക്കു കഴിയുമായിരുന്നു.

മിക്കപ്പോഴും യഹൂദ ഭവനങ്ങളുടെ ചുവരുകളിൽ കുമ്മായം തേച്ചിരുന്നു. അതിനാൽ മലമുകളിൽ കൂട്ടമായി സ്ഥിതിചെയ്‌തിരുന്ന വെള്ളപൂശിയ ഈ വീടുകൾ മൈലുകൾക്ക്‌ അപ്പുറത്തുനിന്നു പോലും എളുപ്പം കാണാമായിരുന്നു. (പ്രവൃത്തികൾ 23:3) പലസ്‌തീനിലെ ഉജ്ജ്വലമായ സൂര്യപ്രകാശത്തിൽ ഈ മലമ്പ്രദേശ പട്ടണങ്ങൾ​—⁠ഇന്നത്തെ മെഡിറ്ററേനിയൻ പട്ടണങ്ങൾക്കു സമാനമായി​—⁠ദീപസ്‌തംഭങ്ങൾ പോലെ ശോഭിക്കുമായിരുന്നു.

ഒരു സത്യക്രിസ്‌ത്യാനിയുടെ ധർമത്തെ കുറിച്ച്‌ തന്റെ ശിഷ്യരെ പഠിപ്പിക്കാനായി ഗലീലയിലെയും യഹൂദയിലെയും പട്ടണങ്ങളുടെ ശ്രദ്ധേയമായ ഈ സവിശേഷത യേശു ഉപയോഗിക്കുകയുണ്ടായി. “അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” എന്ന്‌ അവൻ അവരോടു പറഞ്ഞു. (മത്തായി 5:16) മനുഷ്യരുടെ പ്രശംസ ലഭിക്കാനല്ല ക്രിസ്‌ത്യാനികൾ സത്‌പ്രവൃത്തികൾ ചെയ്യുന്നതെങ്കിലും അവരുടെ നല്ല നടത്ത ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല.​—⁠മത്തായി 6:⁠1.

ഈ നല്ല നടത്ത യഹോവയുടെ സാക്ഷികളുടെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ വിശേഷിച്ചും ദൃശ്യമാണ്‌. ഈയിടെ നടന്ന ഒരു കൺവെൻഷനെ കുറിച്ച്‌ സ്‌പെയിനിലെ ഒരു വർത്തമാന പത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “മറ്റു മതവിഭാഗക്കാർക്കിടയിൽ മതപരമായ വിഷയങ്ങളിലുള്ള താത്‌പര്യം കുറഞ്ഞുവരികയാണെങ്കിലും, യഹോവയുടെ സാക്ഷികൾക്കിടയിൽ അവസ്ഥ അതല്ല. ബൈബിളിന്റെ പ്രയുക്തത നഷ്ടപ്പെടാതിരിക്കേണ്ടതിന്‌ അവർ ദൈവവചനത്തിലെ തത്ത്വങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നു.”

സ്‌പെയിനിന്റെ വടക്കുപടിഞ്ഞാറ്‌ സാക്ഷികൾ പതിവായി ഉപയോഗിച്ചിരുന്ന ഒരു സ്റ്റേഡിയത്തിന്റെ സൂക്ഷിപ്പുകാരനാണ്‌ തോമസ്‌. ദൈവവചനത്തിലെ തത്ത്വങ്ങൾ ബാധകമാക്കുന്നവർക്കൊപ്പം ആയിരിക്കുന്നതിൽ സന്തോഷിച്ചിരുന്ന ഒരു വ്യക്തിയാണ്‌ അദ്ദേഹം. യഹോവയുടെ സാക്ഷികളുടെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ പങ്കെടുക്കാൻ കഴിയേണ്ടതിന്‌ അദ്ദേഹം തന്റെ റിട്ടയർമെന്റ്‌ ആഴ്‌ചകളോളം നീട്ടിക്കൊണ്ടുപോയി. വർഷങ്ങളായുള്ള അദ്ദേഹത്തിന്റെ സഹകരണത്തിനു നന്ദി പറയാനും ജോലിയിൽനിന്നു വിരമിച്ചശേഷം സുഖജീവിതം ആശംസിക്കാനും കൺവെൻഷനുശേഷം യുവപ്രായക്കാർ ഉൾപ്പെടെ പല സാക്ഷികളും അദ്ദേഹത്തെ സമീപിച്ചപ്പോൾ അദ്ദേഹം പൊട്ടിക്കരഞ്ഞുപോയി. “നിങ്ങളെയൊക്കെ അടുത്തറിയാൻ സാധിച്ചത്‌ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു അനുഗ്രഹമാണ്‌,” അദ്ദേഹം പറഞ്ഞു.

മലമുകളിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണം നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്‌ അത്‌ അത്ര ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടും അവിടത്തെ വെള്ളതേച്ച വീടുകൾ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതുകൊണ്ടും ആണ്‌. സമാനമായി സത്യക്രിസ്‌ത്യാനികൾ സത്യസന്ധത, ധാർമികത, അനുകമ്പ എന്നിങ്ങനെയുള്ള ഉയർന്ന തിരുവെഴുത്തു നിലവാരങ്ങൾ പിൻപറ്റാൻ യത്‌നിക്കുന്നതുകൊണ്ട്‌ അവർ മറ്റുള്ളവരിൽനിന്നു വ്യത്യസ്‌തരായി നിലകൊള്ളുന്നു.

കൂടാതെ, ക്രിസ്‌ത്യാനികൾ തങ്ങളുടെ പ്രസംഗപ്രവർത്തനത്തിലൂടെയും സത്യത്തിന്റെ പ്രകാശം പ്രതിഫലിപ്പിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ കുറിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾക്കു കരുണ ലഭിച്ചിട്ടു ഈ ശുശ്രൂഷ ഉണ്ടാകയാൽ ഞങ്ങൾ അധൈര്യപ്പെടാതെ . . . സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു.” (2 കൊരിന്ത്യർ 4:1, 2) പ്രസംഗിച്ച എല്ലായിടത്തും എതിർപ്പു നേരിട്ടെങ്കിലും യഹോവ അവരുടെ ശുശ്രൂഷയെ അനുഗ്രഹിച്ചു. അതുകൊണ്ടാണ്‌ പൊ.യു. 60 ആയപ്പോഴേക്കും, സുവാർത്ത “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ” പ്രസംഗിക്കപ്പെട്ടിരിക്കുന്നു എന്ന്‌ പൗലൊസിന്‌ എഴുതാൻ സാധിച്ചത്‌.​—⁠കൊലൊസ്സ്യർ 1:⁠23.

യേശു കൽപ്പിച്ചതുപോലെ ‘തങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുമ്പിൽ പ്രകാശി’പ്പിക്കാനുള്ള ഉത്തരവാദിത്വത്തെ ഇന്ന്‌ യഹോവയുടെ സാക്ഷികളും ഗൗരവമായി വീക്ഷിക്കുന്നു. പ്രസംഗപ്രവർത്തനത്തിലൂടെയും അച്ചടിച്ച സാഹിത്യങ്ങളിലൂടെയും യഹോവയുടെ സാക്ഷികൾ ലോകമെമ്പാടും 235 ദേശങ്ങളിൽ രാജ്യസുവാർത്ത പ്രചരിപ്പിച്ചിരിക്കുന്നു. സാധ്യമാകുന്നത്ര ആളുകളുടെ പക്കൽ ബൈബിൾ സത്യത്തിന്റെ പ്രകാശം എത്തേണ്ടതിന്‌ ഏതാണ്ട്‌ 370 ഭാഷകളിൽ അവർ ബൈബിൾ സാഹിത്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നു.​—⁠മത്തായി 24:14; വെളിപ്പാടു 14:6, 7.

ഒട്ടേറെ സ്ഥലങ്ങളിൽ, പ്രസംഗപ്രവർത്തനം നിരോധിക്കപ്പെട്ടിരിക്കുന്ന രാജ്യങ്ങളിൽനിന്നു കുടിയേറിയ ആളുകളുടെ ഭാഷകൾ പഠിക്കുകയെന്ന വെല്ലുവിളി സാക്ഷികൾ ഏറ്റെടുത്തിരിക്കുന്നു. ഉദാഹരണത്തിന്‌, വടക്കേ അമേരിക്കയിലെ ഒട്ടേറെ വൻ നഗരങ്ങളിൽ ചൈനയിൽനിന്നും റഷ്യയിൽനിന്നും ആളുകൾ കൂട്ടത്തോടെ കുടിയേറിപ്പാർത്തിട്ടുണ്ട്‌. ഈ നവാഗതരോടു സുവാർത്ത പ്രസംഗിക്കാനായി പ്രാദേശിക സാക്ഷികൾ ചൈനീസ്‌, റഷ്യൻ തുടങ്ങിയ ഭാഷകൾ പഠിക്കാൻ ശ്രമിച്ചിരിക്കുന്നു. വയലുകൾ “കൊയ്‌ത്തിന്നു വെളുത്തിരിക്കുന്ന” ഈ കാലത്ത്‌ ഇനിയും കൂടുതൽ ആളുകളോടു സുവാർത്ത പ്രസംഗിക്കേണ്ടതിന്‌ വിവിധ ഭാഷകളിൽ ത്വരിതഗതിയിലുള്ള പരിശീലന ക്ലാസ്സുകൾ നടത്തപ്പെടുന്നു.​—⁠യോഹന്നാൻ 4:⁠35.

യെശയ്യാ പ്രവാചകൻ മുൻകൂട്ടി പറഞ്ഞു: “അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും.” ദൈവത്തിന്റെ വഴികളെ കുറിച്ചു പ്രബോധനം സ്വീകരിക്കാനും അവന്റെ വഴികളിൽ നടക്കാൻ പഠിക്കാനും “യഹോവയുടെ ആലയമുള്ള പർവ്വത”ത്തിലേക്കു വരാൻ യഹോവയുടെ സാക്ഷികൾ തങ്ങളുടെ നടത്തയിലൂടെയും ശുശ്രൂഷയിലൂടെയും എല്ലായിടത്തുമുള്ള ആളുകളെ സഹായിക്കുകയാണ്‌. (യെശയ്യാവു 2:2, 3) സന്തോഷകരമെന്നു പറയട്ടെ, യേശുക്രിസ്‌തു സൂചിപ്പിച്ചതുപോലെ അവർ ഒത്തൊരുമിച്ച്‌ യഹോവയാം ദൈവത്തെ, ‘സ്വർഗ്ഗസ്ഥനായ തങ്ങളുടെ പിതാവിനെ മഹത്വപ്പെടു’ത്തുന്നു.​—⁠മത്തായി 5:16; 1 പത്രൊസ്‌ 2:⁠12.