വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ ഞങ്ങളെ സഹിഷ്‌ണുതയും സ്ഥിരോത്സാഹവും പഠിപ്പിച്ചു

യഹോവ ഞങ്ങളെ സഹിഷ്‌ണുതയും സ്ഥിരോത്സാഹവും പഠിപ്പിച്ചു

ജീവിത കഥ

യഹോവ ഞങ്ങളെ സഹിഷ്‌ണുതയും സ്ഥിരോത്സാഹവും പഠിപ്പിച്ചു

അരിസ്റ്റോട്ടെലിസ്‌ അപ്പോസ്റ്റോലിഡിസ്‌ പറഞ്ഞപ്രകാരം

കോക്കസസ്‌ പർവതനിരകളുടെ വടക്കായി അതിന്റെ താഴ്‌വാര മലനിരകളിലാണ്‌ പിയാറ്റ്രിഗോർസ്‌ക്‌ സ്ഥിതി ചെയ്യുന്നത്‌. ധാതു നീരുറവകൾക്കും പ്രസന്നമായ കാലാവസ്ഥയ്‌ക്കും പേരുകേട്ട ഒരു റഷ്യൻ നഗരമാണ്‌ ഇത്‌. ഇവിടെയാണു ഞാൻ ജനിച്ചത്‌, 1929-ൽ. ഗ്രീക്ക്‌ അഭയാർഥികളായിരുന്നു എന്റെ മാതാപിതാക്കൾ. പത്തു വർഷത്തിനുശേഷം, സ്റ്റാലിൻ ഭരണകൂടത്തിന്റെ ഭീകരതയ്‌ക്കും വംശീയ വെടിപ്പാക്കലിനും ശേഷം, വീണ്ടും ഞങ്ങൾക്ക്‌ അഭയാർഥികളായി ഗ്രീസിലേക്കു പലായനം ചെയ്യേണ്ടിവന്നു.

ഗ്രീസിലെ പൈറിയസിലേക്കു താമസം മാറിയശേഷം ഞങ്ങളെ സംബന്ധിച്ചിടത്തോളം “അഭയാർഥികൾ” എന്ന പദത്തിനു പുതിയ ഒരു മാനം കൈവന്നു. അവിടെ എത്തിയ ഞങ്ങൾക്ക്‌ തികച്ചും അപരിചിതരാണെന്ന തോന്നൽ ഉളവായി. എനിക്കും എന്റെ ജ്യേഷ്‌ഠനും വിഖ്യാതരായ രണ്ട്‌ ഗ്രീക്ക്‌ തത്ത്വചിന്തകരുടെ, സോക്രട്ടീസിന്റെയും അരിസ്റ്റോട്ടിലിന്റെയും, പേരുകളാണ്‌ ഉണ്ടായിരുന്നതെങ്കിലും ആരും ഞങ്ങളെ ആ പേരുകളിൽ വിളിച്ചില്ല. കൊച്ചു റഷ്യക്കാർ എന്നായിരുന്നു ഞങ്ങൾ അറിയപ്പെട്ടിരുന്നത്‌.

രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച്‌ ഏറെ താമസിയാതെ എന്റെ പ്രിയപ്പെട്ട അമ്മ മരണമടഞ്ഞു. ഞങ്ങളുടെ എല്ലാമെല്ലാമായിരുന്ന അമ്മയുടെ നഷ്ടം ഞങ്ങളെ ആകെ തളർത്തി. അമ്മയ്‌ക്ക്‌ കുറെ കാലമായി സുഖമില്ലാതിരുന്നതിനാൽ പല വീട്ടുജോലികളും എന്നെ പഠിപ്പിച്ചിരുന്നു. ഈ പരിശീലനം എന്റെ പിൽക്കാല ജീവിതത്തിൽ വളരെ ഉപകരിച്ചു.

യുദ്ധവും വിമോചനവും

യുദ്ധവും നാസി അധിനിവേശവും സഖ്യസേനകളുടെ നിലയ്‌ക്കാത്ത ഷെൽവർഷവും നിമിത്തം നിരന്തരം മരണം മുന്നിൽ കണ്ടുകൊണ്ടാണു ഞങ്ങൾ കഴിഞ്ഞിരുന്നത്‌. എവിടെ നോക്കിയാലും ദാരിദ്ര്യവും പട്ടിണിയും മരണവും മാത്രം. മൂന്നു പേരുടെ വയറു കഴിയാൻ 11 വയസ്സുള്ളപ്പോൾത്തന്നെ എനിക്ക്‌ അച്ഛനോടൊപ്പം വിയർപ്പൊഴുക്കി പണിയെടുക്കേണ്ടിവന്നു. യുദ്ധവും അതിന്റെ അനന്തരഫലങ്ങളും ഒപ്പം ഗ്രീക്ക്‌ ഭാഷയിലുള്ള പരിജ്ഞാനക്കുറവും എന്റെ ലൗകിക വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തി.

ഗ്രീസിലെ ജർമൻ അധിനിവേശം 1944 ഒക്ടോബറിൽ അവസാനിച്ചു. താമസിയാതെ ഞാൻ യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വരാൻ ഇടയായി. അന്നത്തെ ആ നിരാശയ്‌ക്കും ദുരിതങ്ങൾക്കും ഇടയിൽ, ദൈവരാജ്യത്തിൻ കീഴിലെ ശോഭന ഭാവിയെ കുറിച്ചുള്ള ബൈബിൾ പ്രത്യാശ എന്റെ ഹൃദയത്തെ സ്‌പർശിച്ചു. (സങ്കീർത്തനം 37:29) ഭൂമിയിൽ, സമാധാനപരമായ അവസ്ഥകളിൻ കീഴിലെ നിത്യജീവൻ സംബന്ധിച്ച ദൈവത്തിന്റെ വാഗ്‌ദാനം എന്റെ മുറിവേറ്റ മനസ്സിനു സാന്ത്വനമേകി. (യെശയ്യാവു 9:7) 1946-ൽ, യഹോവയ്‌ക്കുള്ള ഞങ്ങളുടെ സമർപ്പണത്തെ പ്രതീകപ്പെടുത്തിക്കൊണ്ട്‌ ഞാനും അച്ഛനും സ്‌നാപനമേറ്റു.

പിറ്റേ വർഷം, പൈറിയസിൽ സ്ഥാപിക്കപ്പെട്ട രണ്ടാമത്തെ സഭയിലെ പരസ്യ ദാസൻ (പിന്നീട്‌ മാസികാ ദാസൻ എന്നു വിളിക്കപ്പെട്ടു) ആയുള്ള എന്റെ ആദ്യത്തെ നിയമനം ഞാൻ സന്തോഷപൂർവം സ്വീകരിച്ചു. പൈറിയസ്‌ മുതൽ ഇലൂസിസ്‌ വരെ ഏതാണ്ട്‌ 50 കിലോമീറ്റർ നീണ്ടുകിടക്കുന്നതായിരുന്നു ഞങ്ങളുടെ വയൽസേവന പ്രദേശം. അന്ന്‌ ഒട്ടേറെ ആത്മാഭിഷിക്ത ക്രിസ്‌ത്യാനികൾ സഭയിൽ സേവിച്ചിരുന്നു. അവരോടൊപ്പം പ്രവർത്തിക്കാനും അവരിൽനിന്നു പഠിക്കാനുമുള്ള പദവി എനിക്ക്‌ ഉണ്ടായിരുന്നു. പ്രസംഗവേല നിർവഹിക്കുന്നതിന്‌ ആവശ്യമായ കഠിന പ്രയത്‌നത്തെ കുറിച്ചു പറയാൻ അവർക്ക്‌ അനേകം അനുഭവങ്ങൾ ഉണ്ടായിരുന്നതിനാൽ അവരുമൊത്തുള്ള സഹവാസം ഞാൻ ആസ്വദിച്ചു. യഹോവയെ വിശ്വസ്‌തതയോടെ സേവിക്കാൻ വളരെയധികം ക്ഷമയും സ്ഥിരോത്സാഹവും ആവശ്യമാണെന്ന്‌ അവരുടെ ജീവിതഗതി എന്നെ പഠിപ്പിച്ചു. (പ്രവൃത്തികൾ 14:22) ഈ പ്രദേശത്ത്‌ ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ 50-ലധികം സഭകൾ ഉള്ളതിൽ എനിക്ക്‌ എത്ര സന്തോഷമുണ്ടെന്നോ!

ഒരു അപ്രതീക്ഷിത വെല്ലുവിളി

പിന്നീട്‌ ഞാൻ പട്രാസിൽനിന്നുള്ള എലെനിയെ പരിചയപ്പെടാനിടയായി. തീക്ഷ്‌ണതയുള്ള, സുന്ദരിയായ ഒരു ക്രിസ്‌തീയ യുവതിയായിരുന്നു എലെനി. 1952 അവസാനത്തോടെ ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു. എന്നാൽ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ എലെനിക്കു തീരെ സുഖമില്ലാതായി. അവളുടെ തലച്ചോറിൽ ഒരു മുഴ ഉള്ളതായി ഡോക്ടർമാർ കണ്ടെത്തി. അവളുടെ നില അതീവ ഗുരുതരമായിരുന്നു. ഉടനടി അവളെ ശസ്‌ത്രക്രിയയ്‌ക്കു വിധേയയാക്കേണ്ടിയിരുന്നു. വളരെയധികം ശ്രമത്തിനു ശേഷം, ഞങ്ങളുടെ മതവിശ്വാസങ്ങളെ മാനിക്കുന്ന ഒരു ഡോക്ടറെ കണ്ടെത്തി. അന്നു ചികിത്സാസൗകര്യങ്ങൾ വളരെ പരിമിതമായിരുന്നെങ്കിലും ഞങ്ങളുടെ മതവിശ്വാസങ്ങളോടുള്ള യോജിപ്പിൽ രക്തം കൂടാതെ ശസ്‌ത്രക്രിയ നടത്താമെന്ന്‌ അദ്ദേഹമേറ്റു. (ലേവ്യപുസ്‌തകം 17:10-14; പ്രവൃത്തികൾ 15:28, 29) ശസ്‌ത്രക്രിയയ്‌ക്കു ശേഷം ഡോക്ടർമാർ എന്റെ പ്രതിശ്രുത വധുവിന്റെ കാര്യത്തിൽ ഒരു പരിധിവരെ ശുഭപ്രതീക്ഷയുള്ളവർ ആയിരുന്നെങ്കിലും ട്യൂമർ വീണ്ടും വരാനുള്ള സാധ്യത അവർ തള്ളിക്കളഞ്ഞില്ല.

ഈ സാഹചര്യത്തിൽ ഞാൻ എന്തു ചെയ്യണമായിരുന്നു? കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക്‌ വിവാഹത്തിൽനിന്നു പിന്മാറണമോ? ഒരിക്കലുമില്ല! വിവാഹനിശ്ചയ സമയത്ത്‌ ഞാൻ പറഞ്ഞ ഉവ്വ്‌ എന്ന എന്റെ വാക്ക്‌ ഉവ്വ്‌ എന്നുതന്നെ ആയിരിക്കാൻ ഞാൻ ആഗ്രഹിച്ചു. (മത്തായി 5:37) ഒരു നിമിഷത്തേക്കുപോലും മറിച്ചൊന്നു ചിന്തിക്കാൻ ഞാൻ എന്നെ അനുവദിച്ചില്ല. തന്റെ മൂത്ത സഹോദരിയുടെ പരിചരണത്തിൽ എലെനി ഭാഗികമായി സുഖം പ്രാപിച്ചു, 1954-ൽ ഞങ്ങൾ വിവാഹിതരായി.

മൂന്നു വർഷത്തിനു ശേഷം എലെനിയുടെ രോഗം തിരിച്ചുവന്നു. അതേ ഡോക്ടർതന്നെ വീണ്ടും ഒരു ശസ്‌ത്രക്രിയ നടത്തി. ഇപ്രാവശ്യം മുഴ അപ്പാടെ നീക്കം ചെയ്യാനായി അദ്ദേഹത്തിനു മസ്‌തിഷ്‌കത്തിൽ ആഴത്തിൽ മുറിവുണ്ടാക്കേണ്ടിവന്നു. തത്‌ഫലമായി, എന്റെ ഭാര്യയുടെ ശരീരം ഭാഗികമായി തളർന്നുപോയി. അവളുടെ മസ്‌തിഷ്‌കത്തിലെ, സംസാരനിയന്ത്രണ ഭാഗത്തിനു സാരമായ കോട്ടം സംഭവിക്കുകയും ചെയ്‌തു. ഇത്‌ ഞങ്ങളുടെ ഇരുവരുടെയും ജീവിതത്തിൽ സങ്കീർണമായ പുതിയ പല വെല്ലുവിളികളും ഉയർത്തി. നിസ്സാര പ്രവർത്തനങ്ങൾ പോലും എന്റെ പ്രിയപ്പെട്ട ഭാര്യയെ സംബന്ധിച്ചിടത്തോളം വലിയ പ്രതിബന്ധങ്ങളായിരുന്നു. അവളുടെ ആരോഗ്യനില ഒന്നിനൊന്നു മോശമായിക്കൊണ്ടിരുന്നതിനാൽ ഞങ്ങളുടെ ദിനചര്യകളിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തേണ്ടത്‌ അനിവാര്യമായിരുന്നു. സർവോപരി, ഞങ്ങളുടെ പക്ഷത്തു വളരെയധികം സഹിഷ്‌ണുതയും സ്ഥിരോത്സാഹവും ആവശ്യമായിരുന്നു.

ഈ അവസരത്തിൽ, എന്റെ അമ്മയിൽനിന്നു ലഭിച്ച പരിശീലനം വളരെ പ്രയോജനം ചെയ്‌തു. ഓരോ ദിവസവും രാവിലെ ഞാൻ മൂന്നു നേരത്തേക്കും പാകം ചെയ്യാൻ വേണ്ട സാധനങ്ങളെല്ലാം ഒരുക്കിവെക്കും, എലെനി അതു പാകം ചെയ്യും. മിക്കപ്പോഴും ഞങ്ങൾക്കു വിരുന്നുകാരുണ്ടാകും, മുഴുസമയ ശുശ്രൂഷകരോ ഞങ്ങളോടൊത്തു ബൈബിൾ പഠിക്കുന്നവരോ സഭയിലെ ദരിദ്രരായ സഹക്രിസ്‌ത്യാനികളോ അങ്ങനെ ആരെങ്കിലുമൊക്കെ. വിഭവങ്ങളെല്ലാം രുചികരമായിരുന്നെന്ന്‌ അവർ പറയുമായിരുന്നു! എലെനിയും ഞാനും സഹകരിച്ച്‌ മറ്റു വീട്ടുജോലികളും ചെയ്യുമായിരുന്നു, അതുകൊണ്ട്‌ ഞങ്ങളുടെ വീട്‌ നല്ല വൃത്തിയും വെടിപ്പുമുള്ളതായിരുന്നു. വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യം 30 വർഷം തുടർന്നു.

രോഗിണിയെങ്കിലും തീക്ഷ്‌ണത കൈവെടിയാതെ

യഹോവയോടുള്ള എലെനിയുടെ സ്‌നേഹത്തിനും അവന്റെ സേവനത്തോടുള്ള തീക്ഷ്‌ണതയ്‌ക്കും കുറവു വരുത്താൻ യാതൊന്നിനും കഴിയുന്നില്ലെന്നു കണ്ടപ്പോൾ, അത്‌ എനിക്കും മറ്റുള്ളവർക്കും പ്രോത്സാഹനമായി. ക്രമേണ, സ്ഥിരോത്സാഹത്തിന്റെ ഫലമായി, എലെനിക്ക്‌ ഏതാനും വാക്കുകൾ ഉച്ചരിക്കാൻ സാധിക്കുമെന്നായി. ബൈബിളിലെ സുവാർത്തയുമായി തെരുവുകളിൽ ആളുകളെ സമീപിക്കാൻ അവൾക്കു വലിയ ഇഷ്ടമായിരുന്നു. ബിസിനസ്‌ ആവശ്യങ്ങൾക്കായി ഞാൻ പോകുമ്പോൾ അവളെയും കൂടെക്കൊണ്ടുപോകും. തിരക്കേറിയ ഏതെങ്കിലും നടപ്പാതയുടെ ഓരത്ത്‌ ഞാൻ കാർ നിറുത്തിയിടും. അവൾ കാറിന്റെ ഗ്ലാസ്‌ നീക്കി, വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പ്രതികൾ വാങ്ങാൻ വഴിപോക്കരെ ക്ഷണിക്കും. ഒരിക്കൽ രണ്ടു മണിക്കൂർകൊണ്ട്‌ അവൾ 80 മാസികകൾ സമർപ്പിച്ചു. മിക്കപ്പോഴും സഭയിലുള്ള പഴയ മാസികകളെല്ലാം അവൾ ഇങ്ങനെ സമർപ്പിച്ചു തീർക്കുമായിരുന്നു. പ്രസംഗപ്രവർത്തനത്തിന്റെ മറ്റു വശങ്ങളിലും എലെനി ക്രമമായി പങ്കുപറ്റുമായിരുന്നു.

രോഗാവസ്ഥയിൽ ആയിരുന്ന ആ വർഷങ്ങളിലൊക്കെയും അവൾ എല്ലാ യോഗങ്ങൾക്കും എന്നോടൊപ്പം ഉണ്ടാകുമായിരുന്നു. ഒരൊറ്റ കൺവെൻഷനോ സമ്മേളനമോ അവൾ മുടക്കിയിട്ടില്ല, ഗ്രീസിൽ യഹോവയുടെ സാക്ഷികൾക്കു നേരെയുള്ള പീഡനം നിമിത്തം മറ്റു രാജ്യങ്ങളിലേക്കു ഞങ്ങൾക്കു യാത്ര ചെയ്യേണ്ടിവന്നപ്പോൾ പോലും. തന്റെ അവസ്ഥ വകവെക്കാതെ അവൾ സന്തോഷപൂർവം ഓസ്‌ട്രിയ, ജർമനി, സൈപ്രസ്‌ തുടങ്ങിയ രാജ്യങ്ങളിലെ കൺവെൻഷനുകളിൽ സംബന്ധിച്ചു. യഹോവയുടെ സേവനത്തിലുള്ള എന്റെ വർധിച്ച ഉത്തരവാദിത്വങ്ങൾ നിമിത്തം ചില അസൗകര്യങ്ങൾ നേരിടേണ്ടി വന്നിരുന്നെങ്കിലും, ഒരിക്കലും അവൾ പരാതിപ്പെടുകയോ കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുകയോ ചെയ്‌തില്ല.

എന്നെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം, സഹിഷ്‌ണുതയും സ്ഥിരോത്സാഹവും വളർത്തിയെടുക്കാൻ സഹായിച്ച ഒരു ദീർഘകാല പഠനപരിപാടി ആയിരുന്നു. നിരവധി സന്ദർഭങ്ങളിൽ ഞാൻ യഹോവയുടെ സഹായഹസ്‌തം അനുഭവിച്ചറിഞ്ഞു. സാധ്യമായ വിധങ്ങളിലൊക്കെ ഞങ്ങളെ സഹായിക്കാൻ സഹോദരങ്ങൾ വലിയ ത്യാഗങ്ങൾ ചെയ്‌തിട്ടുണ്ട്‌. ഡോക്ടർമാരും ദയാപൂർവം ഞങ്ങളെ പിന്തുണച്ചു. ഞങ്ങളുടെ സാഹചര്യം നിമിത്തം എനിക്കു മുഴുസമയ തൊഴിൽ ചെയ്യാൻ സാധിച്ചിരുന്നില്ലെങ്കിലും പ്രയാസകരമായ ഈ കാലങ്ങളിലൊന്നും ജീവിതത്തിലെ അത്യാവശ്യ കാര്യങ്ങൾ ഞങ്ങൾക്കു ലഭിക്കാതിരുന്നിട്ടില്ല. എന്നും യഹോവയുടെ താത്‌പര്യങ്ങൾക്കും സേവനത്തിനുമായിരുന്നു ഞങ്ങൾ പ്രഥമ സ്ഥാനം നൽകിയിരുന്നത്‌.​—⁠മത്തായി 6:⁠33.

ആ ദുഷ്‌കര കാലങ്ങളിൽ പിടിച്ചുനിൽക്കാൻ ഞങ്ങളെ പ്രാപ്‌തരാക്കിയത്‌ എന്തായിരുന്നുവെന്ന്‌ പലരും ചോദിച്ചിട്ടുണ്ട്‌. പിന്തിരിഞ്ഞു നോക്കുമ്പോൾ, വ്യക്തിപരമായ ബൈബിൾ പഠനവും യഹോവയോടുള്ള അകമഴിഞ്ഞ പ്രാർഥനയും ക്രിസ്‌തീയ യോഗങ്ങളിലെ പതിവായ ഹാജരാകലും പ്രസംഗപ്രവർത്തനത്തിലെ തീക്ഷ്‌ണതയോടെയുള്ള പങ്കുപറ്റലും ഞങ്ങളുടെ സഹിഷ്‌ണുതയെയും സ്ഥിരോത്സാഹത്തെയും ശക്തിപ്പെടുത്തിയതായി ഞാൻ മനസ്സിലാക്കുന്നു. സങ്കീർത്തനം 37:3-5-ലെ പ്രോത്സാഹജനകമായ ഈ വാക്കുകൾ എപ്പോഴും ഞങ്ങൾ ഓർക്കുമായിരുന്നു: “യഹോവയിൽ ആശ്രയിച്ചു നന്മചെയ്‌ക; . . . യഹോവയിൽ തന്നേ രസിച്ചുകൊൾക; . . . നിന്റെ വഴി യഹോവയെ ഭരമേല്‌പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും.” വിലപ്പെട്ടതായി ഞങ്ങൾ കരുതിയ മറ്റൊരു വാക്യം സങ്കീർത്തനം 55:22 ആണ്‌. “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും” എന്ന്‌ അവിടെ പറയുന്നു. തന്റെ പിതാവിൽ പൂർണമായി ആശ്രയിക്കുന്ന ഒരു കുട്ടിയെ പോലെ, ഞങ്ങളുടെ ഭാരങ്ങളെല്ലാം യഹോവയുടെ മേൽ വെക്കുക മാത്രമല്ല അത്‌ അവനു പൂർണമായി ഏൽപ്പിച്ചുകൊടുക്കുകയും ചെയ്‌തു.​—⁠യാക്കോബ്‌ 1:⁠6.

പിന്നീട്‌, 1987 ഏപ്രിൽ 12-ന്‌, എന്റെ ഭാര്യ ഞങ്ങളുടെ വീടിനു മുമ്പിൽ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കവേ, വളരെ ഭാരമുള്ള ഒരു ഇരുമ്പുകതക്‌ ശക്തിയായി വന്നടഞ്ഞതിനെ തുടർന്ന്‌ പാതവക്കിലേക്കു തെറിച്ചുവീണ അവൾക്കു ഗുരുതരമായ പരിക്കേറ്റു. തത്‌ഫലമായി, പിന്നത്തെ മൂന്നു വർഷം അബോധാവസ്ഥയിൽ കഴിഞ്ഞ അവൾ 1990-ന്റെ തുടക്കത്തിൽ മരണമടഞ്ഞു.

യഹോവയുടെ സേവനത്തിൽ കഴിവിന്റെ പരമാവധി ചെയ്യുന്നു

പൈറിയസിലെ നിക്കേയായിൽ 1960-ൽ ഞാൻ സഭാ ദാസനായി നിയമിക്കപ്പെട്ടു. അന്നു മുതൽ പൈറിയസിലെ മറ്റു നിരവധി സഭകളിലും സേവിക്കാൻ എനിക്കു പദവി ലഭിച്ചിട്ടുണ്ട്‌. സ്വന്തം കുട്ടികൾ ഉണ്ടായില്ലെങ്കിലും, സത്യത്തിൽ ഉറച്ചുനിൽക്കാൻ ഒട്ടേറെ ആത്മീയ മക്കളെ സഹായിച്ചതിലെ സന്തോഷം ഞാൻ അനുഭവിച്ചിട്ടുണ്ട്‌. അവരിൽ ചിലർ ഇന്ന്‌ സഭാ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും പയനിയർ ശുശ്രൂഷകരും ബെഥേൽ കുടുംബാംഗങ്ങളുമായി സേവിക്കുന്നു.

ഗ്രീസിൽ 1975-ൽ ജനാധിപത്യം പുനഃസ്ഥാപിതമായ ശേഷം, യഹോവയുടെ സാക്ഷികൾക്ക്‌ കൺവെൻഷനുകൾ പരസ്യമായി നടത്താൻ സാധിച്ചു. ഇപ്പോൾ അവർക്ക്‌ കൺവെൻഷനുകളും മറ്റും കാടുകളിൽ രഹസ്യമായി നടത്തേണ്ട ആവശ്യമില്ല. വിദേശരാജ്യങ്ങളിൽ കൺവെൻഷനുകൾ സംഘടിപ്പിക്കുന്നതിൽനിന്ന്‌ ഞങ്ങളിൽ ചിലർക്കു ലഭിച്ച അനുഭവപരിചയം ഇപ്പോൾ ഉപകാരപ്രദമായി. അങ്ങനെ, വർഷങ്ങളോളം വിവിധ കൺവെൻഷൻ കമ്മിറ്റികളിൽ സേവിക്കുന്നതിലെ സന്തോഷവും പദവിയും എനിക്ക്‌ ആസ്വദിക്കാൻ കഴിഞ്ഞിരിക്കുന്നു.

പിന്നീട്‌, 1979-ൽ, ഗ്രീസിൽ ഏഥെൻസിന്റെ പ്രാന്തപ്രദേശങ്ങളിൽ ആദ്യത്തെ സമ്മേളനഹാൾ നിർമിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടു. ബൃഹത്തായ ഈ നിർമാണപദ്ധതി സംഘടിപ്പിക്കാനും പൂർത്തിയാക്കാനും വേണ്ട ശ്രമങ്ങളിൽ സഹായിക്കുന്നതിന്‌ ഞാൻ നിയമിതനായി. സഹിഷ്‌ണുതയും സ്ഥിരോത്സാഹവും ആവശ്യമുള്ള ഒരു ദൗത്യമായിരുന്നു ഇതും. ആത്മത്യാഗ മനോഭാവമുള്ള നൂറു കണക്കിനു സഹോദരങ്ങളോടൊപ്പമുള്ള മൂന്നര വർഷത്തെ പ്രവർത്തനം ഞങ്ങൾക്കിടയിൽ ശക്തമായ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ബന്ധം വാർത്തെടുത്തു. ഈ നിർമാണപദ്ധതിയെ കുറിച്ചുള്ള സ്‌മരണകൾ എക്കാലവും എന്റെ ഓർമയിൽ തങ്ങിനിൽക്കും.

തടവുകാരുടെ ആത്മീയാവശ്യങ്ങൾ തൃപ്‌തിപ്പെടുത്തുന്നു

ഏതാനും വർഷങ്ങൾക്കു ശേഷം, അവസരത്തിന്റെ ഒരു പുതിയ വാതിൽ എനിക്കു മുന്നിൽ തുറക്കപ്പെട്ടു. ഗ്രീസിലെ ഏറ്റവും വലിയ ജയിലുകളിൽ ഒന്നു സ്ഥിതി ചെയ്യുന്നത്‌ എന്റെ സഭയുടെ പ്രദേശത്തിനു സമീപമുള്ള കോറിഡാലോസിലാണ്‌. 1991 ഏപ്രിൽ മുതൽ, യഹോവയുടെ സാക്ഷികളുടെ ഒരു ശുശ്രൂഷകനെന്ന നിലയിൽ ഈ ജയിൽ സന്ദർശിക്കാൻ എനിക്കു നിയമനം ലഭിച്ചിരിക്കുന്നു. അവിടെ താത്‌പര്യക്കാരായ അന്തേവാസികൾക്ക്‌ ബൈബിൾ അധ്യയനങ്ങൾ നടത്താനും അവർക്കായി യോഗങ്ങൾ സംഘടിപ്പിക്കാനും എനിക്ക്‌ അനുവാദമുണ്ട്‌. ദൈവവചനത്തിന്റെ അപരിമേയ ശക്തിയുടെ തെളിവ്‌ എന്ന നിലയിൽ അവരിൽ പലരും ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്‌. (എബ്രായർ 4:12) ഇത്‌ ജയിൽ അധികൃതരിലും മറ്റ്‌ അന്തേവാസികളിലും വളരെ മതിപ്പുളവാക്കിയിരിക്കുന്നു. ഞാൻ ബൈബിൾ അധ്യയനം നടത്തിയ തടവുകാരിൽ ചിലർ ജയിലിൽനിന്നു മോചിതരായി ഇപ്പോൾ സുവാർത്തയുടെ ഘോഷകരായി സേവിക്കുന്നു.

കുപ്രസിദ്ധരായ മൂന്ന്‌ മയക്കുമരുന്ന്‌ ഇടപാടുകാരുമായി ഞാൻ ബൈബിൾ അധ്യയനം നടത്തിയിരുന്നു. ആത്മീയ പുരോഗതി വരുത്താൻ തുടങ്ങിയ അവർ ഒരു ദിവസം ഷേവ്‌ ചെയ്‌ത്‌, മുടി ഭംഗിയായി ചീകിയൊതുക്കി, ഷർട്ടും ടൈയുമെല്ലാം ധരിച്ച്‌, അതും ഗ്രീസിലെ ഏറ്റവും ചൂടുള്ള മാസമായ ആഗസ്റ്റിലാണെന്നോർക്കണം, ബൈബിൾ അധ്യയനത്തിനു വന്നു. ജയിൽ ഡയറക്ടറും പ്രധാന വാർഡനും മറ്റു ചില ജീവനക്കാരും ഈ പ്രതിഭാസം കാണാൻ തങ്ങളുടെ ഓഫീസുകളിൽനിന്ന്‌ ഓടിയെത്തി. അവർക്കു തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല!

ജയിലിലെ വനിതകളുടെ വിഭാഗത്തിൽ, പ്രോത്സാഹജനകമായ മറ്റൊരു അനുഭവം ഉണ്ടായി. അവിടെ കൊലപാതക കുറ്റത്തിനു ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരു സ്‌ത്രീയുമായി ബൈബിൾ അധ്യയനം ആരംഭിച്ചു. ഒരു മത്സരി ആയിരുന്നു അവർ. എന്നാൽ, താമസിയാതെ താൻ പഠിക്കുന്ന ബൈബിൾ സത്യം അവരുടെ ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തി. തന്മൂലം, ഒരു സിംഹം കുഞ്ഞാടായി മാറിയ അവസ്ഥയാണ്‌ അവരുടേതെന്നു പലരും പറഞ്ഞു. (യെശയ്യാവു 11:6, 7) പെട്ടെന്നുതന്നെ അവർ ജയിൽ വാർഡന്റെ ആദരവും വിശ്വാസവും നേടിയെടുത്തു. അവർ നല്ല ആത്മീയ പുരോഗതി കൈവരിക്കുകയും യഹോവയ്‌ക്കു തന്നെത്തന്നെ സമർപ്പിക്കുന്ന പടിയിൽ എത്തുകയും ചെയ്യുന്നതു കണ്ടതിൽ എനിക്കു സന്തോഷം തോന്നി.

വൃദ്ധരെയും ആതുരരെയും സഹായിക്കൽ

എന്റെ ഭാര്യ രോഗവുമായി ദീർഘകാലം മല്ലടിക്കുന്നത്‌ എനിക്കു കാണേണ്ടിവന്നിരുന്നു, അത്‌ രോഗികളോടും പ്രായമായവരോടും കൂടുതൽ സഹാനുഭൂതി ഉള്ളവനായി എന്നെ മാറ്റിയിരിക്കുന്നു. അത്തരം വ്യക്തികളെ കണ്ടെത്തി സ്‌നേഹപുരസ്സരമായ പിന്തുണ നൽകാൻ പ്രോത്സാഹിപ്പിക്കുന്ന ലേഖനങ്ങൾ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെയും അവ വായിക്കാൻ എനിക്കു വലിയ താത്‌പര്യമാണ്‌. ആ ലേഖനങ്ങൾ ഞാൻ വിലമതിക്കുകയും സൂക്ഷിക്കുകയും ചെയ്‌തിരിക്കുന്നു. ഇങ്ങനെയുള്ള ലേഖനങ്ങൾ ശേഖരിച്ച്‌ വർഷങ്ങൾകൊണ്ട്‌, നൂറിലധികം പേജുകളുള്ള ഒരു ഫയൽതന്നെ ഞാൻ തയ്യാറാക്കിയിട്ടുണ്ട്‌. ഇതിലെ ആദ്യത്തെ ലേഖനം 1962 ജൂലൈ ലക്കം വീക്ഷാഗോപുരത്തിലെ “പ്രായമായവരോടും ദുരിതം അനുഭവിക്കുന്നവരോടും ഉള്ള പരിഗണന” (ഇംഗ്ലീഷ്‌) എന്നതാണ്‌. ഓരോ സഭയും പ്രായമായവർക്കും രോഗികൾക്കും സംഘടിത പിന്തുണ നൽകുന്നതു വളരെ പ്രയോജനകരമാണെന്ന്‌ അവയിൽ പലതും കാണിക്കുന്നു.​—⁠1 യോഹന്നാൻ 3:17, 18.

ഞങ്ങളുടെ സഭയിലുള്ള രോഗികളുടെയും പ്രായമായവരുടെയും കാര്യങ്ങൾ നോക്കാൻ ഒരു കൂട്ടം സഹോദരീസഹോദരന്മാരെ മൂപ്പന്മാർ ചുമതലപ്പെടുത്തി. ആ സ്വമേധയാസേവകരെ വിവിധ ടീമുകളായി തിരിച്ചു​—⁠പകൽ സമയം സഹായിക്കാൻ സാധിക്കുന്നവർ, രാത്രിയിൽ സഹായിക്കാൻ സാധിക്കുന്നവർ, ഗതാഗത സൗകര്യം ഏർപ്പെടുത്താൻ സാധിക്കുന്നവർ, 24 മണിക്കൂറും സഹായിക്കാൻ സാധിക്കുന്നവർ എന്നിങ്ങനെ. അവസാനം പറഞ്ഞ കൂട്ടർ ഏതു സമയത്തും അടിയന്തിര സഹായം നൽകാൻ സന്നദ്ധരായി നിൽക്കുന്ന ഒരു ‘ഫ്‌ളയിംഗ്‌ സ്‌ക്വാഡ്‌’ പോലെ ആണെന്നു പറയാം.

അത്തരം ശ്രമങ്ങളുടെ ഫലങ്ങൾ വളരെ പ്രോത്സാഹജനകമായിരുന്നിട്ടുണ്ട്‌. ഉദാഹരണത്തിന്‌, രോഗിണിയായ ഒരു സഹോദരിയെ പതിവുപോലെ സന്ദർശിക്കാൻ ചെന്നപ്പോൾ അവർ ബോധരഹിതയായി നിലത്തു വീണു കിടക്കുന്നതാണു ഞങ്ങൾ കണ്ടത്‌. ഉടനെ ഞങ്ങൾ അടുത്തു താമസിച്ചിരുന്ന ഒരു സഹോദരിയെ വിവരമറിയിച്ചു, അവർക്കു കാർ ഉണ്ടായിരുന്നു. വെറും പത്തു മിനിട്ടുകൾക്കുള്ളിൽ ആ സഹോദരി ബോധരഹിതയായ സഹോദരിയെ അടുത്തുള്ള ആശുപത്രയിൽ എത്തിച്ചു! അതു ചെയ്‌തതുകൊണ്ടാണ്‌ അവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്‌ എന്നു ഡോക്ടർമാർ പറഞ്ഞു.

ഈ സ്വമേധയാസേവക സംഘത്തോട്‌ രോഗികളും പ്രായമായവരും കാണിക്കുന്ന കൃതജ്ഞതയും അഭിനന്ദനാർഹമാണ്‌. ആതുരരായ ഈ സഹോദരീസഹോദരന്മാരോടൊപ്പം ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിൽ വ്യത്യസ്‌ത സാഹചര്യങ്ങളിൻ കീഴിൽ ജീവിക്കാനാകുമെന്ന പ്രത്യാശ ഹൃദയോഷ്‌മളമാണ്‌. അവർക്കു നൽകപ്പെട്ട പിന്തുണ സഹിച്ചുനിൽക്കാൻ അവരെ സഹായിച്ചിരിക്കുന്നു എന്ന്‌ അറിയുന്നതും മറ്റൊരു പ്രതിഫലമാണ്‌.

സ്ഥിരോത്സാഹം പ്രതിഫലം കൈവരുത്തിയിരിക്കുന്നു

ഇപ്പോൾ ഞാൻ പൈറിയസിലെ സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു. പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിലും സഭാപ്രവർത്തനങ്ങളിൽ ഇപ്പോഴും സജീവമായ പങ്കു വഹിക്കാൻ കഴിയുന്നതിൽ ഞാൻ സന്തുഷ്ടനാണ്‌.

വർഷങ്ങളിൽ ഉടനീളം, പ്രയാസകരമായ സാഹചര്യങ്ങളും ദുഷ്‌കരമായ വെല്ലുവിളികളും മുൻകൂട്ടിക്കാണാൻ കഴിയാഞ്ഞ സംഭവങ്ങളും അങ്ങേയറ്റത്തെ ധൈര്യവും സ്ഥിരോത്സാഹവും ആവശ്യമാക്കിത്തീർത്തിട്ടുണ്ട്‌. എങ്കിലും ഈ പ്രശ്‌നങ്ങൾ തരണം ചെയ്യാൻ ആവശ്യമായ ശക്തി യഹോവ എപ്പോഴും എനിക്കു നൽകിയിരിക്കുന്നു. സങ്കീർത്തനക്കാരന്റെ ഈ വാക്കുകളുടെ സത്യത ഞാൻ പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌: “എന്റെ കാൽ വഴുതുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, നിന്റെ ദയ എന്നെ താങ്ങി. എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.”​—⁠സങ്കീർത്തനം 94:18, 19.

[25-ാം പേജിലെ ചിത്രം]

ഭാര്യ എലെനിയോടൊപ്പം, 1957-ലെ അവളുടെ രണ്ടാമത്തെ ശസ്‌ത്രക്രിയയ്‌ക്കു ശേഷം

[26-ാം പേജിലെ ചിത്രം]

ജർമനിയിലെ നൂറെൻബർഗിൽ നടന്ന കൺവെൻഷനിൽ, 1969

[28-ാം പേജിലെ ചിത്രം]

രോഗികളെയും പ്രായമായവരെയും സഹായിച്ച സഹോദരീസഹോദരന്മാർ