വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ബന്ധുക്കൾ തമ്മിലുള്ള വിവാഹം സംബന്ധിച്ച്‌ മോശൈക ന്യായപ്രമാണത്തിലുള്ള വിലക്കുകൾ ഇന്നു ക്രിസ്‌ത്യാനികൾക്ക്‌ എത്രത്തോളം ബാധകമാണ്‌?

ഇസ്രായേൽ ജനതയ്‌ക്ക്‌ യഹോവ നൽകിയ ന്യായപ്രമാണത്തിൽ വൈവാഹിക ചടങ്ങുകളെയും നടപടികളെയും കുറിച്ചുള്ള വിശദാംശങ്ങൾ കാണുന്നില്ല. എന്നാൽ, ചില വിവാഹബന്ധങ്ങൾക്കെതിരെ അതിൽ തീർച്ചയായും വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌, “രക്തസംബന്ധ”ത്തിൽപ്പെട്ട ഏതൊക്കെ വ്യക്തികളുമായി അഥവാ ഏതൊക്കെ ജഡികബന്ധുക്കളുമായി ശാരീരികവേഴ്‌ചയിൽ ഏർപ്പെടരുത്‌ എന്നതു സംബന്ധിച്ച്‌ ലേവ്യപുസ്‌തകം 18:6-20-ൽ വിശദമായി വിവരിച്ചിട്ടുണ്ട്‌. ക്രിസ്‌ത്യാനികൾ മോശൈക ന്യായപ്രമാണത്തിനോ അതിലെ കൽപ്പനകൾക്കോ കീഴിൽ അല്ലെന്നുള്ളതു ശരിയാണ്‌. (എഫെസ്യർ 2:14-16; കൊലൊസ്സ്യർ 2:14) എങ്കിലും, വിവാഹ ഇണയെ തിരഞ്ഞെടുക്കുമ്പോൾ ക്രിസ്‌ത്യാനികൾ ഇക്കാര്യം കണക്കിലെടുക്കേണ്ടതില്ലെന്ന്‌ അതിനർഥമില്ല. അതിനു നിരവധി കാരണങ്ങളുണ്ട്‌.

ആദ്യമായി, അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹത്തെ നിയന്ത്രിക്കുന്ന ചില ലൗകിക നിയമങ്ങളുണ്ട്‌. തങ്ങൾ ജീവിക്കുന്ന ദേശത്തെ നിയമങ്ങൾ അനുസരിക്കാൻ ക്രിസ്‌ത്യാനികൾ ബാധ്യസ്ഥരാണ്‌. (മത്തായി 22:21; റോമർ 13:1) അത്തരം നിയമങ്ങൾ ഓരോ സ്ഥലത്തും വ്യത്യസ്‌തമായിരിക്കും. ആധുനികകാലത്തെ ഇത്തരം നിയമങ്ങൾ പ്രധാനമായും ജനിതക കാരണങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്‌. രക്തബന്ധമുള്ളവർ തമ്മിൽ വിവാഹം ചെയ്‌താൽ അവർക്കു ജനിക്കുന്ന സന്തതികൾക്ക്‌ ജനിതക തകരാറുകളും രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌ എന്നത്‌ അറിയപ്പെടുന്ന ഒരു വസ്‌തുതയാണ്‌. ഇക്കാരണത്താലും “ശ്രേഷ്‌ഠാധികാരങ്ങൾക്കു കീഴട”ങ്ങിയിരിക്കേണ്ടതിനാലും വിവാഹിതരാകുന്ന ക്രിസ്‌ത്യാനികൾ പ്രാദേശിക വൈവാഹിക നിയമങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നു.

ഇനി, ഒരുവൻ ജീവിക്കുന്ന സമുദായത്തിൽ സ്വീകാര്യവും സ്വീകാര്യമല്ലാത്തതും എന്താണ്‌ എന്നതും കണക്കിലെടുക്കേണ്ടതുണ്ട്‌. ഏതാണ്ട്‌ എല്ലാ സംസ്‌കാരങ്ങളിലുംതന്നെ രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹത്തെ വിലക്കുന്ന നിയമങ്ങളുണ്ട്‌. മിക്കപ്പോഴും അത്തരം ബന്ധങ്ങളെ നിഷിദ്ധമായി കണക്കാക്കി നിരോധിക്കുന്നു. ഏതൊക്കെ ബന്ധുക്കൾ തമ്മിലുള്ള വിവാഹമാണ്‌ നിഷിദ്ധം എന്നത്‌ ഓരോ സംസ്‌കാരത്തിലും വ്യത്യസ്‌തമാണെങ്കിലും “പൊതുവേ പറഞ്ഞാൽ, രണ്ടു വ്യക്തികൾ തമ്മിൽ ജനിതകപരമായി എത്രയധികം അടുത്തവരാണോ, അവർ തമ്മിലുള്ള ലൈംഗികബന്ധത്തിന്‌ എതിരെയുള്ള വിലക്കും അത്രയധികം ശക്തമായിരിക്കും” എന്ന്‌ ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. അതുകൊണ്ട്‌, നിഷിദ്ധബന്ധുവേഴ്‌ച ഉൾപ്പെടാത്ത സാഹചര്യങ്ങളിൽപ്പോലും സമൂഹത്തിലെ സ്ഥാപിത കീഴ്‌വഴക്കങ്ങളെയോ ചുറ്റുമുള്ളവരുടെ ന്യായമായ വികാരങ്ങളെയോ പാടേ അവഗണിച്ചുകൊണ്ടു പ്രവർത്തിക്കാൻ ക്രിസ്‌ത്യാനികൾ ആഗ്രഹിക്കുന്നില്ല. കാരണം, അങ്ങനെ ചെയ്യുന്നത്‌ ക്രിസ്‌തീയ സഭയുടെമേലോ ദൈവനാമത്തിന്മേലോ നിന്ദ വരുത്തിയേക്കാം.​—⁠2 കൊരിന്ത്യർ 6:⁠3.

നമ്മുടെ ദൈവദത്ത മനസ്സാക്ഷിയെയും അവഗണിക്കാൻ പാടുള്ളതല്ല. എല്ലാ മനുഷ്യരും ശരിയും തെറ്റും, നന്മയും തിന്മയും സംബന്ധിച്ച ഒരു അവബോധത്തോടെയാണു ജനിക്കുന്നത്‌. (റോമർ 2:15) അവരുടെ മനസ്സാക്ഷി വഴിപിഴച്ച നടപടികൾ നിമിത്തം വികലമാവുകയോ മരവിക്കുകയോ ചെയ്‌തിട്ടില്ലാത്തപക്ഷം, സ്വാഭാവികവും ഉചിതവും ആയത്‌ എന്തെന്നും അസ്വാഭാവികവും അനുചിതവും ആയത്‌ എന്തെന്നും അത്‌ അവരോടു പറയുന്നു. അടുത്ത ജഡിക ബന്ധുക്കൾ തമ്മിലുള്ള വിവാഹത്തെ വിലക്കുന്ന നിയമങ്ങൾ ഇസ്രായേല്യർക്കു നൽകിയപ്പോൾ യഹോവ ഈ വസ്‌തുതയെ കുറിച്ചു പരാമർശിച്ചു. നാം ഇങ്ങനെ വായിക്കുന്നു: “നിങ്ങൾ പാർത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങൾ നടക്കരുതു; ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മര്യാദ ആചരിക്കരുതു.” (ലേവ്യപുസ്‌തകം 18:3) ക്രിസ്‌ത്യാനികൾ തങ്ങളുടെ ബൈബിളധിഷ്‌ഠിത മനസ്സാക്ഷിയെ വിലമതിക്കുന്നു. ജനതകളുടെ, ശരിയും തെറ്റും സംബന്ധിച്ച വികലമായ വീക്ഷണത്താൽ അതു ദുഷിപ്പിക്കപ്പെടാൻ അവർ അനുവദിക്കുന്നില്ല.​—⁠എഫെസ്യർ 4:17-19.

അങ്ങനെയെങ്കിൽ, നമുക്ക്‌ എന്തു നിഗമനത്തിൽ എത്താൻ സാധിക്കും? ക്രിസ്‌ത്യാനികൾ മോശൈക ന്യായപ്രമാണത്തിൻ കീഴിൽ അല്ലെങ്കിലും ക്രിസ്‌തീയ സമൂഹത്തിൽ അടുത്ത ജഡിക ബന്ധുക്കൾ​—⁠അച്ഛനും മകളും, അമ്മയും മകനും, ആങ്ങളയും പെങ്ങളും​—⁠തമ്മിലുള്ള വിവാഹം തീർത്തും അസ്വീകാര്യമാണെന്ന്‌ അവരുടെ മനസ്സാക്ഷി അവരോടു വ്യക്തമായി പറയുന്നു. * ബന്ധുക്കളുടെ വലയം വലുതാകുന്നതോടെ, നിയമപരമായ വിവാഹത്തെ ഭരിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ഉണ്ടെന്നും സാമൂഹികവും സാംസ്‌കാരികവുമായി സ്വീകാര്യമായ നിലവാരങ്ങൾ ഉണ്ടെന്നും ക്രിസ്‌ത്യാനികൾ മനസ്സിലാക്കുന്നു. ഇവ ശ്രദ്ധയോടെ കണക്കിലെടുക്കേണ്ടതാണ്‌. അതുവഴി, “വിവാഹം എല്ലാവർക്കും മാന്യ”മായിരിക്കട്ടെ എന്ന തിരുവെഴുത്തു കൽപ്പനയ്‌ക്കു ചേർച്ചയിൽ നമുക്കു പ്രവർത്തിക്കാൻ സാധിക്കും.​—⁠എബ്രായർ 13:⁠4.

[അടിക്കുറിപ്പ്‌]

^ ഖ. 7 ഈ വിഷയം സംബന്ധിച്ച വിശദമായ ചർച്ചയ്‌ക്ക്‌, 1978 മാർച്ച്‌ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 25-6 പേജുകൾ കാണുക.