വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശുചിത്വം അത്‌ എത്ര പ്രധാനമാണ്‌?

ശുചിത്വം അത്‌ എത്ര പ്രധാനമാണ്‌?

ശുചിത്വം അത്‌ എത്ര പ്രധാനമാണ്‌?

ശുചിത്വത്തെ പലരും പല തരത്തിലാണു വ്യാഖ്യാനിക്കുന്നത്‌. ഉദാഹരണത്തിന്‌, ഒരമ്മ തന്റെ കുട്ടിയോട്‌ പോയി കയ്യും മുഖവും കഴുകി വരാൻ പറയുന്നുവെന്നു കരുതുക. അവൻ പോയി പേരിനുമാത്രം തന്റെ കയ്യും ചുണ്ടുമൊന്നു നനച്ചു വരുന്നു. പക്ഷേ അമ്മയ്‌ക്കു തൃപ്‌തിവരില്ല. അവന്റെ ഉറക്കെയുള്ള പ്രതിഷേധങ്ങൾ വകവെക്കാതെ അവർ അവനെ പൈപ്പിനരികെ കൊണ്ടുപോയി സോപ്പും വെള്ളവും ഉപയോഗിച്ച്‌ കയ്യും മുഖവുമെല്ലാം നന്നായി തേച്ചുകഴുകും!

ശുചിത്വം സംബന്ധിച്ച മാനദണ്ഡങ്ങൾ ലോകത്തിൽ എല്ലായിടത്തും ഒരുപോലെ അല്ലെന്നതാണു വാസ്‌തവം. അതു സംബന്ധിച്ച്‌ വ്യത്യസ്‌തമായ കാഴ്‌ചപ്പാടോടെയാണ്‌ ആളുകൾ വളർന്നുവരുന്നത്‌. കഴിഞ്ഞ കാലങ്ങളിൽ, പല രാജ്യങ്ങളിലെയും സ്‌കൂളുകളിൽ ശുദ്ധമായ, അടുക്കും ചിട്ടയുമുള്ള ഒരു അന്തരീക്ഷമാണ്‌ ഉണ്ടായിരുന്നത്‌. നല്ല ശുചിത്വ ശീലങ്ങൾ വളർത്തിയെടുക്കാൻ അതു വിദ്യാർഥികളെ സഹായിച്ചിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതിയോ? കളിക്കാനും വ്യായാമം ചെയ്യാനുമുള്ള സ്ഥലങ്ങൾ ആയിരിക്കുന്നതിനു പകരം ചില സ്‌കൂൾ ഗ്രൗണ്ടുകൾ ശരിക്കും ഒരു ചവറ്റുകൂന ആയി മാറിയിരിക്കുന്നു. ക്ലാസ്‌മുറികളുടെ കാര്യമോ? ഒരു ഓസ്‌ട്രേലിയൻ ഹൈസ്‌കൂളിന്റെ സൂക്ഷിപ്പുകാരനായ ഡാരൻ അഭിപ്രായപ്പെടുന്നു: “ഇപ്പോൾ ക്ലാസ്‌മുറികളിൽ പോലും ചപ്പുചവറുകൾ കാണാം.” “ചപ്പുചവറുകൾ പെറുക്കുക” അല്ലെങ്കിൽ “ക്ലാസ്‌മുറി വൃത്തിയാക്കുക” എന്നുള്ള നിർദേശം ഒരു ശിക്ഷ ആയിട്ടാണ്‌ ചില വിദ്യാർഥികൾ കാണുന്നത്‌. ചില അധ്യാപകർ ശുചീകരണത്തെ ഒരു ശിക്ഷാമാർഗമായി ഉപയോഗിക്കുന്നു എന്നതാണു പ്രശ്‌നം.

ഇനി, നിത്യജീവിതത്തിലായാലും ബിസിനസ്‌ ലോകത്തിലായാലും മുതിർന്നവർതന്നെയും ഇക്കാര്യത്തിൽ എല്ലായ്‌പോഴും നല്ല മാതൃകകൾ വെക്കാറില്ല. ഉദാഹരണത്തിന്‌, പല പൊതുസ്ഥലങ്ങളും അങ്ങേയറ്റം വൃത്തിഹീനമായ അവസ്ഥയിലാണു കിടക്കുന്നത്‌. ചില വ്യവസായശാലകൾ അന്തരീക്ഷത്തെ മലിനമാക്കുന്നു. പക്ഷേ, വ്യവസായശാലകളോ വാണിജ്യകേന്ദ്രങ്ങളോ ഒന്നുമല്ല വാസ്‌തവത്തിൽ മലിനീകരണം ഉണ്ടാക്കുന്നത്‌. മനുഷ്യരാണ്‌ അതിന്‌ ഉത്തരവാദികൾ. ലോകവ്യാപക മലിനീകരണത്തിനും അതിന്റെ ദൂഷ്യഫലങ്ങൾക്കും ഉള്ള പ്രധാന കാരണം അത്യാഗ്രഹം ആണെങ്കിലും, പ്രശ്‌നത്തിന്റെ ഭാഗികമായ കാരണം ആളുകളുടെ വ്യക്തിപരമായ ശുചിത്വമില്ലായ്‌മയാണ്‌. ഓസ്‌ട്രേലിയയുടെ കോമൺവെൽത്തിന്റെ മുൻ ഡയറക്ടർ ജനറൽ ഇതു ശരിവെക്കുന്നു: “പൊതുജനാരോഗ്യം അടിസ്ഥാനപരമായി ഓരോ പുരുഷന്റെയും സ്‌ത്രീയുടെയും കുട്ടിയുടെയും വ്യക്തിപരമായ ശുചിത്വത്തെ ആശ്രയിച്ചിരിക്കുന്നു.”

ശുചിത്വം പാലിക്കുക എന്നത്‌ വ്യക്തിപരമായ ഒരു കാര്യമാണെന്നും മറ്റുള്ളവർ അതിൽ കൈകടത്തേണ്ടതില്ലെന്നും ചിലർ കരുതുന്നു. എന്നാൽ അതു ശരിയാണോ?

മാർക്കറ്റിൽനിന്നു വാങ്ങുന്നതായാലും ഹോട്ടലിൽനിന്നോ ഒരു സുഹൃത്തിന്റെ വീട്ടിൽനിന്നോ കഴിക്കുന്നതായാലും, നമ്മുടെ ആഹാരത്തിന്റെ കാര്യത്തിൽ ശുചിത്വത്തിനു വളരെ പ്രാധാന്യമുണ്ട്‌. ആഹാരം പാകം ചെയ്യുവരിൽനിന്നും അതു വിളമ്പുന്നവരിൽനിന്നും ശുചിത്വത്തിന്റെ കാര്യത്തിൽ വളരെ ഉയർന്ന നിലവാരം പ്രതീക്ഷിക്കപ്പെടുന്നു. അവരുടെയോ നമ്മുടെയോ കൈകൾ വൃത്തിയുള്ളതല്ലെങ്കിൽ, അതു പല അസുഖങ്ങൾക്കും വഴി തെളിക്കാം. ഏറ്റവും അധികം ശുചിത്വം ഉണ്ടായിരിക്കാൻ നാം പ്രതീക്ഷിക്കുന്ന ആശുപത്രികളുടെ കാര്യമോ? ഡോക്ടർമാരും നഴ്‌സുമാരും കൈകൾ വൃത്തിയായി സൂക്ഷിക്കാത്തതുകൊണ്ടായിരിക്കാം, ഓരോ വർഷവും ഏതാണ്ട്‌ 1,000 കോടി ഡോളറിന്റെ ചെലവു വരുത്തിവെക്കുന്ന അണുബാധ ആശുപത്രികളിലെ രോഗികളിൽ ഉണ്ടാകുന്നത്‌ എന്ന്‌ ദ ന്യൂ ഇംഗ്ലണ്ട്‌ ജേർണൽ ഓഫ്‌ മെഡിസിൻ റിപ്പോർട്ടു ചെയ്‌തു. മറ്റൊരാളുടെ ശുചിത്വമില്ലായ്‌മ നിമിത്തം നമ്മുടെ ആരോഗ്യം അപകടത്തിലാകാൻ നാം ന്യായമായും ആഗ്രഹിക്കുകയില്ല.

നമ്മുടെ കുടിവെള്ള സ്രോതസ്സുകൾ അറിഞ്ഞോ അറിയാതെയോ ആരെങ്കിലും മലിനപ്പെടുത്തുന്നതും ഗുരുതരമായ ഒരു പ്രശ്‌നമാണ്‌. മയക്കുമരുന്നാസക്തരോ മറ്റുള്ളവരോ ഉപേക്ഷിച്ചിട്ടുപോയ സിറിഞ്ചുകൾ വീണുകിടക്കുന്ന ഒരു ബീച്ചിലൂടെ പാദരക്ഷകളില്ലാതെ നടക്കുന്നത്‌ എത്രത്തോളം സുരക്ഷിതമാണ്‌? വ്യക്തിപരമായി ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ചോദ്യം ഇതായിരിക്കാം: നമ്മുടെ ഭവനങ്ങളിൽ നാം ശുചിത്വം പാലിക്കുന്നുണ്ടോ?

അഴുക്ക്‌ നീക്കൽ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽ സൂയെലൻ ഹോയ്‌ ചോദിക്കുന്നു: “നാം പണ്ടത്തെ പോലെ ശുദ്ധിയുള്ളവരാണോ?” “അല്ലായിരിക്കാം,” അവർ പറയുന്നു. അതിനു പ്രധാന കാരണം മാറിവരുന്ന സാമൂഹിക മൂല്യങ്ങളാണ്‌ എന്ന്‌ അവർ ചൂണ്ടിക്കാണിക്കുന്നു. ആളുകൾ തങ്ങളുടെ ഭവനങ്ങളിൽ ചെലവഴിക്കുന്ന സമയം കുറഞ്ഞുവരുന്നതിനാൽ അവർ മറ്റാരെയെങ്കിലും വീടു വൃത്തിയാക്കാൻ ഏൽപ്പിക്കുന്നു. തത്‌ഫലമായി, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത്‌ മേലാൽ വ്യക്തിപരമായി പ്രാധാന്യം അർഹിക്കുന്ന ഒരു സംഗതിയായിരിക്കുന്നില്ല. “ഞാൻ ഷവർ വൃത്തിയാക്കാറില്ല, എന്നാൽ എന്റെ ശരീരം വൃത്തിയാക്കാറുണ്ട്‌” എന്ന്‌ ഒരു മനുഷ്യൻ പറഞ്ഞു. “വീടു വൃത്തിയുള്ളതല്ലെങ്കിലും ഞാനെങ്കിലും വൃത്തിയായിട്ടിരിക്കുന്നുണ്ടല്ലോ.”

എന്നാൽ, ശുചിത്വം പുറമേ മാത്രം ഉണ്ടായിരിക്കേണ്ട ഒരു സംഗതിയല്ല. ജീവിതത്തിന്റെ സമസ്‌ത തലങ്ങളെയും ഉൾക്കൊള്ളേണ്ട ഒന്നാണ്‌ അത്‌. നമ്മുടെ ധാർമിക നിഷ്‌ഠകളും ആരാധനയും ഉൾപ്പെടുന്ന, മനസ്സിന്റെയും ഹൃദയത്തിന്റെയും ഒരവസ്ഥ കൂടെയാണ്‌ അത്‌. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌ എന്നു നമുക്കു നോക്കാം.