വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശുചിത്വം യഥാർഥത്തിൽ അത്‌ എന്ത്‌ അർഥമാക്കുന്നു?

ശുചിത്വം യഥാർഥത്തിൽ അത്‌ എന്ത്‌ അർഥമാക്കുന്നു?

ശുചിത്വം യഥാർഥത്തിൽ അത്‌ എന്ത്‌ അർഥമാക്കുന്നു?

പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ യൂറോപ്പിലെയും ഐക്യനാടുകളിലെയും ശുചിത്വമില്ലായ്‌മ ഞെട്ടിക്കുന്നതായിരുന്നതിനാൽ, അക്കാലത്തെ മിഷനറിമാർ “ശുചിത്വത്തിന്റെ പ്രമാണം” എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഒരു സന്ദേശം പ്രസംഗിച്ചിരുന്നു. ഈ പ്രമാണം മാലിന്യത്തെ പാപത്തോടു തുലനം ചെയ്യുകയും ശുചിത്വം ഒരുവനെ ദൈവത്തോട്‌ അടുപ്പിക്കുന്നുവെന്നു പഠിപ്പിക്കുകയും ചെയ്‌തു. “ഭക്തിപോലെ പ്രധാനമാണ്‌ ശുചിത്വം” എന്ന ചൊല്ല്‌ പ്രചാരത്തിൽ വരാനുണ്ടായ കാരണംതന്നെ അതായിരിക്കാം.

വില്യം ബൂത്തും ഭാര്യ കാതറിനും സ്ഥാപിച്ച ‘സാൽവേഷൻ ആർമി’ ഈ വീക്ഷണം കൈക്കൊണ്ടു. സുവിശേഷ പാരമ്പര്യത്തിലെ ആരോഗ്യവും ചികിത്സയും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നപ്രകാരം അവരുടെ ഒരു ആദ്യകാല മുദ്രാവാക്യംതന്നെ, “സോപ്പ്‌, സൂപ്പ്‌, സാൽവേഷൻ” എന്നായിരുന്നു. തുടർന്ന്‌, ലൂയി പാസ്റ്ററും മറ്റുള്ളവരും രോഗവും രോഗാണുക്കളും തമ്മിലുള്ള ബന്ധം അസന്ദിഗ്‌ധമായി തെളിയിച്ചത്‌, മെച്ചപ്പെട്ട പൊതുജനാരോഗ്യ പദ്ധതികൾക്ക്‌ ഒരു ശാസ്‌ത്രീയ അടിത്തറ കൈവരുന്നതിന്‌ ഇടയാക്കി.

കോടതികളിൽവെച്ച്‌ സാക്ഷികൾ ബൈബിൾ ചുംബിക്കുന്ന രീതി നിറുത്തലാക്കിയതും സ്‌കൂളുകളിലും റെയിൽവേ സ്റ്റേഷനുകളിലും പൊതു ഗ്ലാസ്സുകളുടെ ഉപയോഗം നിരോധിച്ചതും സത്വരം കൈക്കൊണ്ട നടപടികളിൽ ഉൾപ്പെടുന്നു. കുർബാനകളിൽ പൊതു പാനപാത്രങ്ങൾക്കു പകരം പുരോഹിതന്മാർക്ക്‌ വെവ്വേറെ പാനപാത്രം നൽകാനും ശ്രമങ്ങൾ നടന്നു. ശുചിത്വം സംബന്ധിച്ച ആളുകളുടെ മനോഭാവത്തിനു മാറ്റം വരുത്തുന്നതിൽ ആ ആദ്യകാല ഗവേഷകർ ഗണ്യമായ വിജയം കൈവരിച്ചതായി കാണപ്പെടുന്നു. അക്കാരണത്താൽ, ഈ ബോധവത്‌കരണത്തിന്റെ പരിണതഫലത്തെ ഒരു ലേഖിക “ശുചിത്വവുമായുള്ള പ്രണയം” എന്നുവരെ വിശേഷിപ്പിച്ചു.

എന്നാൽ ഈ “ശുചിത്വവുമായുള്ള പ്രണയം” വെറും ഉപരിപ്ലവമായിരുന്നു. താമസിയാതെ വ്യവസായ പ്രമുഖർ സാധാരണ സോപ്പിനെ ഒരു സൗന്ദര്യവർധക വസ്‌തുവാക്കി മാറ്റി. ചില ശുചിത്വ ഉത്‌പന്നങ്ങളുടെ ഉപയോഗം സമൂഹത്തിൽ അസൂയാവഹമായ പദവി നേടിത്തരുമെന്ന്‌ പരസ്യങ്ങൾ വളരെ തന്ത്രപരമായി ഉപഭോക്താക്കളെ വിശ്വസിപ്പിച്ചു. ടെലിവിഷൻ പരസ്യങ്ങൾ ഈ മിഥ്യാസങ്കൽപ്പത്തെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ, പരസ്യങ്ങളിലും സീരിയലുകളിലുമൊക്കെ പ്രത്യക്ഷപ്പെടുന്ന മോഡലുകളും ഗ്ലാമർതാരങ്ങളും തങ്ങളുടെ വീടു വൃത്തിയാക്കുന്നതോ മുറ്റമടിക്കുന്നതോ വീട്ടിലെ പട്ടിയുടെയും പൂച്ചയുടെയും വിസർജ്യങ്ങൾ നീക്കം ചെയ്യുന്നതോ പോലുള്ള ദൃശ്യങ്ങളൊന്നും കാണാറില്ല.

പുറത്തുപോയി ജോലി ചെയ്‌താൽ ജീവിക്കാനുള്ള പണം കിട്ടുമെന്നും അതേസമയം ഗൃഹജോലികൾ ചെയ്‌തുകൊണ്ടിരുന്നാൽ സാമ്പത്തികമായി യാതൊരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ലെന്നും വാദിക്കുന്നവരുമുണ്ട്‌. പണപരമായ പ്രയോജനം ഇല്ലെങ്കിൽ അവർ എന്തിനു പരിസ്ഥിതി പരിപാലനത്തിൽ ഏർപ്പെടണം? ശുചിത്വം എന്നു പറയുന്നതിൽ ശാരീരിക ശുദ്ധി മാത്രമേ ഉൾപ്പെട്ടിരിക്കുന്നുള്ളു എന്ന്‌ ചിലർ ഇന്നു കരുതുന്നു എന്നതാണ്‌ ഇതിന്റെ ഒരു ഫലം.

ശുചിത്വം സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം

ശുചിത്വത്തെ കുറിച്ചു പഠിപ്പിക്കാനുള്ള ആദ്യകാല ശ്രമങ്ങൾ ആളുകളുടെ ജീവിതാവസ്ഥകൾ മെച്ചപ്പെടുത്തി എന്നതിനു സംശയമില്ല. വാസ്‌തവത്തിൽ, പരിശുദ്ധനും ശുദ്ധിയുള്ളവനുമായ യഹോവയാം ദൈവത്തിന്‌ അവകാശപ്പെട്ടതും അവനിൽനിന്ന്‌ ഉത്ഭവിക്കുന്നതുമായ ഒരു ഗുണമാണ്‌ ശുചിത്വം. എല്ലാ വഴികളിലും വിശുദ്ധർ ആയിരുന്നുകൊണ്ട്‌ അതിൽനിന്നു പ്രയോജനം അനുഭവിക്കാൻ അവൻ നമ്മെ പഠിപ്പിക്കുന്നു.​—⁠യെശയ്യാവു 48:17; 1 പത്രൊസ്‌ 1:⁠15.

ഇക്കാര്യത്തിൽ യഹോവയാം ദൈവം ഉത്തമ മാതൃക വെക്കുന്നു. ശുചിത്വവും അതുപോലെ ദൈവത്തിന്റെ മറ്റ്‌ അദൃശ്യ ഗുണങ്ങളും അവന്റെ ദൃശ്യ സൃഷ്ടികളിൽ വ്യക്തമായി കാണാം. (റോമർ 1:20) നമുക്കു നിരീക്ഷിക്കാൻ കഴിയുന്നതുപോലെ, അവന്റെ സൃഷ്ടികളിൽ യാതൊന്നും അവയിൽത്തന്നെ, സ്ഥായിയായ മലിനീകരണം ഉണ്ടാക്കുന്നില്ല. പാരിസ്ഥിതികമായ ഒട്ടനവധി പരിവൃത്തികളോടു കൂടിയ ഭൂമി ഒരു സ്വയം ശുദ്ധീകരണ അത്ഭുതമാണ്‌, ശുചിത്വത്തോടും ആരോഗ്യത്തോടും കൂടിയ ജീവിതം നയിക്കാൻ പറ്റിയ ഇടമായാണ്‌ അതു രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്‌. ശുദ്ധിബോധമുള്ള ഒരു സ്രഷ്ടാവിൽനിന്നു മാത്രമേ ശുദ്ധിയുള്ള അത്തരമൊരു സൃഷ്ടി സാധ്യമാകൂ. അതുകൊണ്ട്‌, ദൈവത്തിന്റെ ആരാധകർ തങ്ങളുടെ ജീവിതത്തിന്റെ സമസ്‌ത തലങ്ങളിലും ശുദ്ധിയുള്ളവർ ആയിരിക്കണമെന്ന്‌ നമുക്ക്‌ ഇതിൽനിന്ന്‌ അനുമാനിക്കാൻ കഴിയും.

ശുചിത്വത്തിന്റെ നാലു വശങ്ങൾ

ദൈവത്തിന്റെ ആരാധകർ ശുദ്ധി പാലിക്കേണ്ടതായ നാലു വശങ്ങളെ ബൈബിൾ തിരിച്ചറിയിക്കുന്നു. ഇവയിൽ ഓരോന്നും നമുക്കു പരിചിന്തിക്കാം.

ആത്മീയം. ശുദ്ധിയുടെ വിവിധ വശങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതായി ഇതിനെ കണക്കാക്കാവുന്നതാണ്‌. കാരണം ഒരു വ്യക്തിയുടെ നിത്യജീവൻ സംബന്ധിച്ച പ്രത്യാശയുമായി അതു ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ശുദ്ധിയുടെ വശങ്ങളിൽ ഏറ്റവും അവഗണിക്കപ്പെടുന്നതും ഇതാണ്‌. ലളിതമായി പറഞ്ഞാൽ, ആത്മീയമായി ശുദ്ധരായിരിക്കുക എന്നതിന്റെ അർഥം സത്യാരാധനയ്‌ക്കും വ്യാജാരാധനയ്‌ക്കും ഇടയിൽ ദൈവം കൽപ്പിച്ചിരിക്കുന്ന അതിർവരമ്പ്‌ ഒരിക്കലും ലംഘിക്കാതിരിക്കുക എന്നാണ്‌. എന്തുകൊണ്ടെന്നാൽ ഏതുതരം വ്യാജാരാധനയെയും ദൈവം അശുദ്ധമായി വീക്ഷിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ ഇപ്രകാരം എഴുതി: ‘അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊള്ളും.’ (2 കൊരിന്ത്യർ 6:16) ശിഷ്യനായ യാക്കോബും ഇങ്ങനെ വ്യക്തമാക്കി: ‘പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തി ലോകത്താലുള്ള കളങ്കം പററാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നത്‌ ആകുന്നു.’​—⁠യാക്കോബ്‌ 1:⁠27.

വ്യാജാരാധനയെ സത്യാരാധനയുമായി കൂട്ടിക്കലർത്തുന്നത്‌ തന്നെ എത്രമാത്രം അപ്രീതിപ്പെടുത്തുമെന്ന്‌ ദൈവം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. വ്യാജാരാധനയിൽ മിക്കപ്പോഴും അശുദ്ധാചാരങ്ങളും മ്ലേച്ഛ വിഗ്രഹങ്ങളും ദൈവങ്ങളും ഉൾപ്പെടുന്നു. (യിരെമ്യാവു 32:35) അതുകൊണ്ട്‌, അശുദ്ധമായ ആരാധനയിൽ യാതൊരു പ്രകാരത്തിലും ഉൾപ്പെടാതിരിക്കാൻ സത്യക്രിസ്‌ത്യാനികളോട്‌ ആവശ്യപ്പെട്ടിരിക്കുന്നു.​—⁠1 കൊരിന്ത്യർ 10:20, 21; വെളിപ്പാടു 18:⁠4.

ധാർമികം. ഇവിടെയും, ശുദ്ധമായതിനും അശുദ്ധമായതിനും ഇടയ്‌ക്ക്‌ ദൈവം വളരെ വ്യക്തമായ അതിർവരമ്പ്‌ കൽപ്പിച്ചിരിക്കുന്നു. മുഴു ലോകവും, എഫെസ്യർ 4:17-19-ൽ വിവരിക്കപ്പെട്ടിരിക്കുന്നതു പോലെയായി മാറിയിരിക്കുകയാണ്‌. ആ വാക്യം ഇപ്രകാരം പറയുന്നു: “അവർ അന്ധബുദ്ധികളായി . . . ദൈവത്തിന്റെ ജീവനിൽനിന്നു അകന്നു മനം തഴമ്പിച്ചുപോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്‌കാമത്തിന്നു തങ്ങളെത്തന്നേ ഏല്‌പിച്ചിരിക്കുന്നു.” അത്തരം അധാർമിക ചിന്തകൾ പലവിധങ്ങളിൽ, പ്രത്യക്ഷമായോ പരോക്ഷമായോ പ്രകടമാകുന്നു. അതുകൊണ്ട്‌ ക്രിസ്‌ത്യാനികൾ വളരെ ജാഗ്രത പുലർത്തേണ്ടതുണ്ട്‌.

വ്യഭിചാരം, സ്വവർഗരതി, വിവാഹപൂർവ ലൈംഗികത, അശ്ലീലം എന്നിവ ധാർമിക ശുദ്ധി സംബന്ധിച്ച യഹോവയുടെ നിലവാരങ്ങളുടെ ലംഘനം ആണെന്ന്‌ ദൈവസ്‌നേഹികൾക്ക്‌ അറിയാം. എന്നാൽ ഇത്തരം നടപടികളുടെ പ്രകടനങ്ങൾ വിനോദ, ഫാഷൻ ലോകത്തു സർവസാധാരണമാണ്‌. തന്മൂലം, അത്തരം പ്രവണതകൾക്കെതിരെ ക്രിസ്‌ത്യാനികൾ ജാഗ്രത പുലർത്തേണ്ടതുണ്ട്‌. ശരീര ഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതരം വസ്‌ത്രങ്ങൾ ധരിച്ച്‌ ക്രിസ്‌തീയ യോഗങ്ങൾക്കോ സാമൂഹിക കൂടിവരവുകൾക്കോ വരുന്നത്‌ ശരീരത്തിലേക്ക്‌ അനാവശ്യ ശ്രദ്ധ ആകർഷിക്കുന്നു. തന്നെയുമല്ല, അതു ധാർമിക സദാചാരത്തിൽ നിന്നുള്ള വീഴ്‌ചയെ സൂചിപ്പിക്കുകയും ചെയ്യുന്നു. അത്തരം വസ്‌ത്രധാരണം ക്രിസ്‌തീയ സഭയിലേക്ക്‌ അശുദ്ധമായ ലൗകിക ചിന്തകൾ കടന്നുവരാൻ ഇടയാക്കുന്നതിനു പുറമേ അതു മറ്റുള്ളവരിൽ അശുദ്ധമായ ചിന്തകൾ സൃഷ്ടിക്കാനും ഇടയുണ്ട്‌. ക്രിസ്‌ത്യാനികൾ ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ പ്രകടമാക്കാൻ കഠിനശ്രമം ചെയ്യേണ്ടതായ ഒരു മണ്ഡലമാണ്‌ ഇത്‌.​—⁠യാക്കോബ്‌ 3:⁠17.

മാനസികം. നമ്മുടെ മനസ്സിന്റെ ഉള്ളറകൾ ഒരിക്കലും അശുദ്ധ ചിന്തകളുടെ ഒരു നിക്ഷേപസ്ഥലം ആയിരിക്കാൻ പാടുള്ളതല്ല. അശുദ്ധ ചിന്തകൾക്കെതിരെ യേശുക്രിസ്‌തു ഈ മുന്നറിയിപ്പു നൽകി: “സ്‌ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്‌തുപോയി.” (മത്തായി 5:28; മർക്കൊസ്‌ 7:20-23) അശ്ലീല ചിത്രങ്ങളും സിനിമകളും കാണുന്നതിനും രതിവൈകൃതങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ വായിക്കുന്നതിനും അശ്ലീലച്ചുവയുള്ള പാട്ടുകൾ ശ്രവിക്കുന്നതിനുമൊക്കെ യേശുവിന്റെ ഈ വാക്കുകൾ ബാധകമാണ്‌. അതുകൊണ്ട്‌, അശുദ്ധമായ സംസാരത്തിലേക്കും പ്രവൃത്തിയിലേക്കും നയിച്ചേക്കാവുന്ന അശുദ്ധ ചിന്തകൾ വെച്ചുപുലർത്തിക്കൊണ്ട്‌ തങ്ങളെത്തന്നെ കളങ്കപ്പെടുത്താതിരിക്കാൻ ക്രിസ്‌ത്യാനികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌.​—⁠മത്തായി 12:34; 15:⁠18.

ശാരീരികം. വിശുദ്ധിയും ശാരീരിക ശുചിത്വവും അടുത്തു ബന്ധപ്പെട്ടിരിക്കുന്നതായി ബൈബിൾ പറയുന്നു. ഉദാഹരണത്തിന്‌ പൗലൊസ്‌ ഇങ്ങനെ എഴുതി: “പ്രിയമുള്ളവരേ, ഈ വാഗ്‌ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.” (2 കൊരിന്ത്യർ 7:1) അതുകൊണ്ട്‌, സാഹചര്യം അനുവദിക്കുന്നിടത്തോളം തങ്ങളുടെ ശരീരവും വീടും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കാൻ സത്യക്രിസ്‌ത്യാനികൾ ശ്രമിക്കേണ്ടതാണ്‌. കുളിക്കാനോ തുണിയലക്കാനോ ഒക്കെ ആവശ്യത്തിനു വെള്ളം കിട്ടാത്ത സ്ഥലങ്ങളിൽപ്പോലും, തങ്ങളാലാവുംവിധം വ്യക്തിപരമായ ശുചിത്വം പാലിക്കാൻ ക്രിസ്‌ത്യാനികൾ ശ്രമിക്കണം.

ശരീരത്തെ മലിനപ്പെടുത്തുകയും ഹനിക്കുകയും ചെയ്യുന്ന, പുകയിലയുടെയും പുകയില ഉത്‌പന്നങ്ങളുടെയും മയക്കുമരുന്നിന്റെയും ഉപയോഗവും അമിത മദ്യപാനവും ഒഴിവാക്കുന്നത്‌ ശാരീരിക ശുചിത്വം കാത്തുസൂക്ഷിക്കുന്നതിൽ ഉൾപ്പെടുന്നു. ശൂലേമ്യ കന്യകയുടെ വസ്‌ത്രത്തിൽനിന്നുതിർന്ന സൗരഭ്യം ശലോമോന്റെ ഉത്തമഗീതത്തിലെ ആട്ടിടയനെ ആനന്ദിപ്പിച്ചതായി കാണുന്നു. (ഉത്തമഗീതം 4:11) നമ്മുടെ വ്യക്തിപരമായ ശുചിത്വത്തിനു ശ്രദ്ധ നൽകുന്നത്‌ സ്‌നേഹപൂർവകമായ ഒരു നടപടിയാണ്‌. കാരണം നമ്മുടെ ശരീരത്തിലെ ദുർഗന്ധം മറ്റുള്ളവരെ അസഹ്യപ്പെടുത്താൻ നാം ആഗ്രഹിക്കുന്നില്ല. സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നത്‌ നല്ലതായിരിക്കാമെങ്കിലും ദിവസവും കുളിക്കുന്നതിനും വൃത്തിയായ വസ്‌ത്രങ്ങൾ ധരിക്കുന്നതിനും പകരമാവില്ല അവ.

സമനിലയോടു കൂടിയ വീക്ഷണം നിലനിറുത്തുക

ശാരീരിക ശുചിത്വത്തിന്റെ കാര്യത്തിൽ ആളുകൾ ചിലപ്പോൾ അതിരുകടന്നേക്കാം. ശുചിത്വം സംബന്ധിച്ച അത്തരമൊരു വീക്ഷണം, ജീവിതാസ്വാദനത്തെ കവർന്നെടുത്തേക്കാം. തന്നെയുമല്ല, വിലയേറിയ സമയം നഷ്ടമാകുന്നതിനും അത്‌ ഇടയാക്കിയേക്കാം. അതേസമയം, വീടു വൃത്തിയായി സൂക്ഷിക്കുന്നില്ലെങ്കിൽ അതു ശരിയാക്കിയെടുക്കാൻ ഏറെ പണം ചെലവഴിക്കേണ്ടി വന്നേക്കാം. അതുകൊണ്ട്‌ വീട്‌ വൃത്തിയായി സൂക്ഷിക്കുന്നതിൽ സമനിലയോടു കൂടിയ, പ്രായോഗികമായ സമീപനം ഉണ്ടായിരിക്കേണ്ടതാണ്‌.

ഭവനം ലളിതമായി സൂക്ഷിക്കുക. വീട്ടിൽ നിറയെ സാധനങ്ങൾ ഉണ്ടെങ്കിൽ അതു വൃത്തിയായി സൂക്ഷിക്കാൻ ബുദ്ധിമുട്ടായിരിക്കും. തന്നെയുമല്ല, പൊടിയും അഴുക്കുമൊന്നും പെട്ടെന്നു നമ്മുടെ കണ്ണിൽപ്പെട്ടെന്നും വരില്ല. അധികം ഫർണിച്ചറുകളും മറ്റും ഇല്ലാത്ത വീടു വൃത്തിയാക്കാൻ അധികം സമയം വേണ്ട. ലളിതമായ ഒരു ജീവിതരീതിക്ക്‌ ബൈബിൾ വളരെയധികം പ്രാധാന്യം നൽകുന്നു: “ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.”​—⁠1 തിമൊഥെയൊസ്‌ 6:⁠8.

വൃത്തിയായി സൂക്ഷിക്കുക. വീടു വൃത്തിയായി സൂക്ഷിക്കുന്നത്‌ അവിടെ താമസിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്വമാണ്‌. മുറികൾ വൃത്തിയായി സൂക്ഷിക്കുന്നില്ലെങ്കിൽ ക്രമേണ വീടു മുഴുവൻ വൃത്തികേടാകും. വീടു വൃത്തിയായി സൂക്ഷിക്കുന്നതിൽ എല്ലാം അതതിന്റെ സ്ഥാനത്തു വെക്കുന്നത്‌ ഉൾപ്പെടുന്നു. ഉദാഹരണത്തിന്‌, മുഷിഞ്ഞ വസ്‌ത്രങ്ങൾ കൊണ്ടിടേണ്ടത്‌ കിടപ്പുമുറിയുടെ തറയിൽ അല്ല. കളിപ്പാട്ടങ്ങളും ഉപകരണങ്ങളും അലസമായിടുന്നത്‌ അപകടങ്ങൾ വരുത്തിവെച്ചേക്കാം. വീട്ടിൽ ഉണ്ടാകുന്ന പല അത്യാഹിതങ്ങൾക്കും കാരണം അടുക്കും ചിട്ടയുമില്ലായ്‌മയാണ്‌.

വ്യക്തമായും, ശുചിത്വം ക്രിസ്‌തീയ ജീവിതരീതിയുടെ ഒരു അവിഭാജ്യ ഘടകമാണ്‌. ദൈവിക ജീവിതരീതിയെ, “വിശുദ്ധവഴി” എന്ന്‌ യെശയ്യാ പ്രവാചകൻ വിശേഷിപ്പിക്കുന്നു. “ഒരു അശുദ്ധനും അതിൽകൂടി കടന്നുപോകയില്ല” എന്നും അവൻ കൂട്ടിച്ചേർക്കുന്നു. (യെശയ്യാവു 35:8) അതേ, ശുചിത്വം സംബന്ധിച്ച നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നത്‌ ശുദ്ധമായ ഒരു പറുദീസാഭൂമി സ്ഥാപിക്കുമെന്ന ദൈവത്തിന്റെ വാഗ്‌ദാനത്തിലുള്ള നമ്മുടെ വിശ്വാസത്തിന്റെ ശക്തമായ തെളിവാണ്‌. അന്ന്‌, മനോഹരമായ ഈ ഗ്രഹത്തിലെങ്ങുമുള്ള എല്ലാവരും ശുദ്ധി സംബന്ധിച്ച യഹോവയാം ദൈവത്തിന്റെ തികവാർന്ന നിലവാരങ്ങൾ പൂർണമായി പിൻപറ്റിക്കൊണ്ട്‌ അവനെ മഹത്ത്വപ്പെടുത്തും.​—⁠വെളിപ്പാടു 7:⁠9.

[6-ാം പേജിലെ ചിത്രം]

വീടു വൃത്തിയായി സൂക്ഷിക്കുക എന്നത്‌ അവിടെ താമസിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്‌

[7-ാം പേജിലെ ചിത്രം]

ഭൂമി ഒരു സ്വയം ശുദ്ധീകരണ അത്ഭുതമാണ്‌