വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ജഡത്തിലെ മുള്ളു’മായി പൊരുത്തപ്പെട്ടു ജീവിക്കൽ

‘ജഡത്തിലെ മുള്ളു’മായി പൊരുത്തപ്പെട്ടു ജീവിക്കൽ

‘ജഡത്തിലെ മുള്ളു’മായി പൊരുത്തപ്പെട്ടു ജീവിക്കൽ

“എന്റെ കൃപ [“അനർഹദയ,” NW] നിനക്കു മതി.”​—⁠2 കൊരിന്ത്യർ 12:​9.

1, 2. (എ) പരിശോധനകളും പ്രശ്‌നങ്ങളും ഉണ്ടാകുമ്പോൾ നാം പരിഭ്രമിച്ചുപോകരുതാത്തത്‌ എന്തുകൊണ്ട്‌? (ബി) പരിശോധനകൾ ഉണ്ടാകുമ്പോൾ നമുക്ക്‌ ആത്മവിശ്വാസത്തോടെ നിലകൊള്ളാൻ സാധിക്കുന്നത്‌ എന്തുകൊണ്ട്‌?

“ക്രിസ്‌തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.” (2 തിമൊഥെയൊസ്‌ 3:12) എന്തുകൊണ്ട്‌? മനുഷ്യൻ ദൈവത്തെ സേവിക്കുന്നതു സ്വാർഥ കാരണങ്ങളാൽ ആണെന്നു സാത്താൻ അവകാശപ്പെടുന്നു, തന്റെ വാദം തെളിയിക്കാൻ അവൻ തുനിഞ്ഞിറങ്ങിയിരിക്കുകയുമാണ്‌. “സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറേറണ്ടതിന്നു കല്‌പന ചോദിച്ചു” എന്ന്‌ വിശ്വസ്‌ത അപ്പൊസ്‌തലന്മാരോട്‌ യേശു ഒരിക്കൽ പറയുകയുണ്ടായി. (ലൂക്കൊസ്‌ 22:31) വേദനാജനകമായ പ്രശ്‌നങ്ങളാൽ നമ്മെ പരീക്ഷിക്കാൻ ദൈവം സാത്താനെ അനുവദിച്ചിരിക്കുകയാണെന്ന്‌ യേശുവിനു നന്നായി അറിയാമായിരുന്നു. എന്നാൽ, ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ഓരോ ബുദ്ധിമുട്ടും സാത്താനോ അവന്റെ ഭൂതങ്ങളോ വരുത്തുന്നതാണെന്ന്‌ അതിനർഥമില്ല. (സഭാപ്രസംഗി 9:​11, NW) എങ്കിലും തന്നാലാകുന്ന ഏതു മാർഗം ഉപയോഗിച്ചും നമ്മുടെ വിശ്വസ്‌തത തകർക്കാൻ സാത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

2 പരിശോധനകൾ ഉണ്ടാകുമ്പോൾ പരിഭ്രമിച്ചുപോകരുതെന്നു ബൈബിൾ നമ്മോടു പറയുന്നു. ഏത്‌ അനർഥവും അസാധാരണമോ അപ്രതീക്ഷിതമോ അല്ല. (1 പത്രൊസ്‌ 4:​12, NW) ‘ലോകത്തിൽ നമുക്കുള്ള സഹോദരവർഗ്ഗത്തിന്നു ഈവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു’ എന്നു ബൈബിൾ ഓർമിപ്പിക്കുന്നു. (1 പത്രൊസ്‌ 5:9) ഇന്ന്‌, ഓരോ ദൈവദാസന്റെ മേലും സാത്താൻ കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്‌. മുള്ളുസമാനമായ നാനാവിധ അരിഷ്ടതകളാൽ നാം കഷ്ടപ്പെടുന്നതു കാണുന്നതിൽ സാത്താൻ ആനന്ദംകൊള്ളുന്നു. നമ്മുടെ ‘ജഡത്തിലെ മുള്ള്‌’ നിമിത്തമുള്ള വേദനയുടെ തീവ്രത വർധിപ്പിക്കാൻ അവൻ തന്റെ വ്യവസ്ഥിതിയെ ഉപയോഗിക്കുന്നു. (2 കൊരിന്ത്യർ 12:7) എന്നിരുന്നാലും, സാത്താന്റെ ആക്രമണങ്ങൾ നമ്മുടെ വിശ്വസ്‌തതയെ തകർക്കേണ്ടതില്ല. പരീക്ഷകൾ ഉണ്ടാകുമ്പോൾ നമുക്കു സഹിക്കാൻ കഴിയേണ്ടതിന്‌ യഹോവ ‘പോക്കുവഴി ഉണ്ടാക്കു’ന്നതുപോലെതന്നെ, ജഡത്തിലെ മുള്ളുകൾ പോലുള്ള പ്രശ്‌നങ്ങൾ നാം നേരിടുമ്പോഴും അവൻ അതുതന്നെ ചെയ്യും.​—⁠1 കൊരിന്ത്യർ 10:⁠13.

മുള്ളുമായി പൊരുത്തപ്പെട്ടു ജീവിക്കാവുന്ന വിധം

3. തന്റെ ജഡത്തിലെ മുള്ള്‌ നീക്കം ചെയ്യാൻ പൗലൊസ്‌ യാചിച്ചപ്പോൾ യഹോവ എന്തു മറുപടി നൽകി?

3 തന്റെ ജഡത്തിൽനിന്നു മുള്ള്‌ മാറ്റിത്തരാൻ പൗലൊസ്‌ അപ്പൊസ്‌തലൻ ദൈവത്തോടു കേണപേക്ഷിച്ചു. “അതു എന്നെ വിട്ടു നീങ്ങേണ്ടതിന്നു ഞാൻ മൂന്നു വട്ടം കർത്താവിനോടു അപേക്ഷിച്ചു” എന്ന്‌ അവൻ പറയുന്നു. പൗലൊസിന്റെ ഈ യാചനയ്‌ക്ക്‌ യഹോവ എന്ത്‌ ഉത്തരമാണു നൽകിയത്‌? “എന്റെ കൃപ [“അനർഹദയ,” NW] നിനക്കു മതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു.” (2 കൊരിന്ത്യർ 12:8, 9) നമുക്ക്‌ ഈ മറുപടി വിശകലനം ചെയ്‌ത്‌, മുള്ളുപോലെ നമ്മെ വേദനിപ്പിക്കുന്ന സാചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടാൻ സാധിക്കുമെന്നു നോക്കാം.

4. പൗലൊസ്‌ യഹോവയുടെ അനർഹദയയിൽനിന്നു പ്രയോജനം അനുഭവിച്ചത്‌ ഏതെല്ലാം വിധങ്ങളിൽ?

4 ക്രിസ്‌തു മുഖാന്തരം പൗലൊസിന്‌ അതിനോടകംതന്നെ നൽകിയ അനർഹദയയെ വിലമതിക്കാൻ ദൈവം അവനെ പ്രോത്സാഹിപ്പിച്ചതു ശ്രദ്ധിക്കുക. ഒട്ടേറെ വിധങ്ങളിൽ പൗലൊസ്‌ അനുഗ്രഹിക്കപ്പെട്ടിരുന്നു. യേശുവിന്റെ അനുയായികളെ കഠിനമായി പീഡിപ്പിച്ചിരുന്ന ഒരുവനായിരുന്നിട്ടും യഹോവ സ്‌നേഹപൂർവം അവനു ശിഷ്യത്വത്തിന്റെ പദവി നൽകി. (പ്രവൃത്തികൾ 7:58; 8:3; 9:1-4) തുടർന്ന്‌, ആവേശജനകമായ ഒട്ടേറെ നിയമനങ്ങളും സേവനപദവികളും ദയാപൂർവം നൽകി യഹോവ അവനെ അനുഗ്രഹിച്ചു. വളരെ വ്യക്തമായ ഒരു പാഠം ഇതിൽനിന്നു നമുക്കു ലഭിക്കുന്നു. നാം അങ്ങേയറ്റം പ്രയാസകരമായ ഒരു സാഹചര്യത്തിലാണെങ്കിലും, കൃതജ്ഞരായിക്കാൻ കാരണം നൽകുന്ന ഒട്ടേറെ അനുഗ്രഹങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ട്‌. പരിശോധനകൾ യഹോവയുടെ സമൃദ്ധമായ നന്മകൾ വിസ്‌മരിച്ചുകളയാൻ നമ്മെ ഇടയാക്കരുത്‌.​—⁠സങ്കീർത്തനം 31:⁠19.

5, 6. (എ) ദിവ്യശക്തി “ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്ന്‌ യഹോവ പൗലൊസിനെ പഠിപ്പിച്ചത്‌ എങ്ങനെ? (ബി) പൗലൊസിന്റെ മാതൃക സാത്താൻ ഒരു നുണയനാണെന്നു തെളിയിച്ചത്‌ എങ്ങനെ?

5 യഹോവയുടെ അനർഹദയ നമുക്കു മതിയെന്നു മറ്റൊരു വിധത്തിലും തെളിയുന്നു. പരിശോധനകൾക്കു മധ്യേ പിടിച്ചുനിൽക്കുന്നതിനു നമ്മെ സഹായിക്കാൻ ദൈവത്തിന്റെ ശക്തി ധാരാളം മതിയാകും. (എഫെസ്യർ 3:20) ദിവ്യ ശക്തി “ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്ന്‌ യഹോവ പൗലൊസിനെ പഠിപ്പിച്ചു. എങ്ങനെ? പരിശോധനയെ നേരിടാൻ ആവശ്യമായ കരുത്ത്‌ യഹോവ പൗലൊസിനു സ്‌നേഹപൂർവം നൽകി. പൗലൊസിന്റെ സഹിഷ്‌ണുതയും യഹോവയിലുള്ള പൂർണ ആശ്രയവും, ബലഹീനനും പാപിയുമായ ഈ മനുഷ്യന്റെ കാര്യത്തിൽ ദൈവികശക്തി വിജയം വരിക്കുകയാണെന്നു സകലർക്കും കാണിച്ചുകൊടുത്തു. ജീവിതം പ്രശ്‌നങ്ങളേതുമില്ലാതെ സുഖകരമായി മുന്നോട്ടു പോകുന്നെങ്കിൽ മാത്രമേ മനുഷ്യർ ദൈവത്തെ സേവിക്കുകയുള്ളു എന്ന്‌ അവകാശപ്പെടുന്ന പിശാചിന്റെ മേൽ ഇത്‌ എന്തു ഫലമാണ്‌ ഉളവാക്കിയത്‌ എന്നു ചിന്തിക്കുക. പൗലൊസിന്റെ വിശ്വസ്‌തത, ആ ദൂഷകന്റെ മുഖത്തേറ്റ ഒരു അടിയായിരുന്നു!

6 ദൈവത്തിനെതിരെയുള്ള സാത്താന്റെ പോരാട്ടത്തിൽ അവനെ പിന്തുണയ്‌ക്കുകയും ക്രിസ്‌ത്യാനികളെ നിഷ്‌ഠുരമായി പീഡിപ്പിക്കുകയും ചെയ്‌തിരുന്ന തീക്ഷ്‌ണതയുള്ള ഒരു പരീശനായിരുന്നു പൗലൊസ്‌. സമ്പന്ന കുടുംബത്തിൽ ജനിച്ചതുകൊണ്ട്‌ ഒരിക്കൽ അവനു ജീവിതത്തിൽ പല സുഖസൗകര്യങ്ങളും ആസ്വദിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവൻ “അപ്പൊസ്‌തലന്മാരിൽ ഏററവും ചെറിയവ”നായി യഹോവയെയും ക്രിസ്‌തുവിനെയും സേവിക്കുകയായിരുന്നു. (1 കൊരിന്ത്യർ 15:9) ആ നിലയിൽ, അവൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ ഭരണസംഘത്തിനു വിനയപൂർവം കീഴ്‌പെട്ടിരിക്കുകയായിരുന്നു. ജഡത്തിലെ മുള്ളുമായി അവൻ വിശ്വസ്‌തതയോടെ സഹിച്ചുനിൽക്കുകയുമായിരുന്നു. സാത്താനെ തികച്ചും അസ്വസ്ഥനാക്കുംവണ്ണം, ജീവിതത്തിലെ പരിശോധനകൾ പൗലൊസിന്റെ തീക്ഷ്‌ണതയ്‌ക്കു തെല്ലും മങ്ങലേൽപ്പിച്ചില്ല. ക്രിസ്‌തുവിന്റെ സ്വർഗീയ രാജ്യത്തിൽ പങ്കുകാരനാകാനുള്ള പ്രത്യാശയിൽനിന്ന്‌ പൗലൊസിന്റെ ശ്രദ്ധ ഒരിക്കലും വ്യതിചലിച്ചില്ല. (2 തിമൊഥെയൊസ്‌ 2:11, 12; 4:18) എത്ര വേദന ഉളവാക്കുന്ന മുള്ളിനും അവന്റെ തീക്ഷ്‌ണതയെ കുറയ്‌ക്കാനായില്ല. സമാനമായി നമ്മുടെ തീക്ഷ്‌ണതയും ശക്തമായി തുടരട്ടെ! പരിശോധനകളിൻ മധ്യേ പിടിച്ചുനിൽക്കാൻ നമ്മെ പ്രാപ്‌തരാക്കുകവഴി, സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കുന്നതിൽ ഒരു പങ്കുവഹിക്കാനുള്ള പദവി നൽകിക്കൊണ്ട്‌ യഹോവ നമ്മെ ആദരിക്കുകയാണു ചെയ്യുന്നത്‌.​—⁠സദൃശവാക്യങ്ങൾ 27:11.

യഹോവയുടെ കരുതലുകൾ ജീവത്‌പ്രധാനം

7, 8. (എ) ഇന്ന്‌ ഏതു വിധത്തിൽ യഹോവ തന്റെ ദാസരെ ശക്തീകരിക്കുന്നു? (ബി) ദിവസേനയുള്ള ബൈബിൾ വായനയും പഠനവും ജഡത്തിലെ മുള്ളിനെ നേരിടാൻ മർമപ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

7 തന്റെ പരിശുദ്ധാത്മാവും വചനവും അതുപോലെ നമ്മുടെ ക്രിസ്‌തീയ സഹോദരവർഗവും മുഖാന്തരം ഇന്ന്‌ യഹോവ വിശ്വസ്‌ത ക്രിസ്‌ത്യാനികളെ ശക്തീകരിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസിനെ പോലെ പ്രാർഥനയിലൂടെ നമുക്ക്‌ നമ്മുടെ ഭാരം യഹോവയുടെ മേൽ ഇടാൻ കഴിയും. (സങ്കീർത്തനം 55:22) ദൈവം നമ്മുടെ പരിശോധനകൾ നീക്കം ചെയ്‌തേക്കുകയില്ലെങ്കിലും അവയെ വിജയപൂർവം നേരിടുന്നതിന്‌ ആവശ്യമായ ജ്ഞാനം നൽകാൻ അവനു സാധിക്കും, അങ്ങേയറ്റം പ്രയാസകരമായ പ്രശ്‌നങ്ങളുടെ കാര്യത്തിൽപ്പോലും അതു സത്യമാണ്‌. ‘സാധാരണയിൽ കവിഞ്ഞ ശക്തി’ നൽകിക്കൊണ്ട്‌, സഹിച്ചു നിൽക്കാൻ ആവശ്യമായ ആത്മവീര്യം പകരാനും യഹോവയ്‌ക്കു കഴിയും.​—⁠2 കൊരിന്ത്യർ 4:​7, NW.

8 നമുക്ക്‌ അത്തരം സഹായം ലഭിക്കുന്നത്‌ എങ്ങനെയാണ്‌? നാം ദൈവവചനം ശുഷ്‌കാന്തിയോടെ പഠിക്കണം, കാരണം അതിൽ യഹോവയുടെ ആശ്വാസവചനങ്ങൾ നമുക്കു കാണാൻ കഴിയും. (സങ്കീർത്തനം 94:19) ദിവ്യ സഹായത്തിനായി യാചിച്ച ദൈവദാസരുടെ ഹൃദയസ്‌പർശിയായ വാക്കുകൾ നാം ബൈബിളിൽ വായിക്കുന്നു. അതിന്‌ യഹോവ നൽകിയ ഉത്തരങ്ങളെ കുറിച്ച്‌​—⁠പലപ്പോഴും അവയിൽ ആശ്വാസ വാക്കുകൾ അടങ്ങിയിരിക്കുന്നു​—⁠ധ്യാനിക്കുന്നതു നല്ലതാണ്‌. ‘സാധാരണയിൽ കവിഞ്ഞ ശക്തി നമ്മളിൽനിന്നുതന്നെ ഉള്ളതല്ല, പിന്നെയോ ദൈവത്തിന്റേത്‌ ആകേണ്ടതിന്‌’ പഠനം നമ്മെ ശക്തീകരിക്കും. പോഷണത്തിനും ശക്തിക്കുമായി ദിവസവും ഭൗതിക ആഹാരം കഴിക്കേണ്ടത്‌ ആവശ്യമായിരിക്കുന്നതു പോലെ നാം ക്രമമായി ദൈവവചനം ഭക്ഷിക്കേണ്ടതും അനിവാര്യമാണ്‌. നാം അതു ചെയ്യുന്നുണ്ടോ? ഉണ്ടെങ്കിൽ, പ്രതീകാത്മകമായ ഏതു മുള്ളും നമ്മെ അസഹ്യപ്പെടുത്തിക്കൊള്ളട്ടെ, നമുക്കു ലഭിക്കുന്ന ‘സാധാരണയിൽ കവിഞ്ഞ ശക്തി’ സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്നതായി നാം തിരിച്ചറിയും.

9. പ്രശ്‌നങ്ങളുമായി മല്ലിടുന്നവരെ മൂപ്പന്മാർക്ക്‌ എങ്ങനെ പിന്തുണയ്‌ക്കാൻ കഴിയും?

9 ദൈവഭയമുള്ള ക്രിസ്‌തീയ മൂപ്പന്മാർ “കാററിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും” ആണെന്ന്‌, അതായത്‌ അരിഷ്ടതകളിൽനിന്നും പ്രശ്‌നങ്ങളിൽനിന്നും ഉള്ള സംരക്ഷണം ആണെന്ന്‌, തെളിഞ്ഞേക്കാം. ആ നിശ്വസ്‌ത വിശേഷണത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന മൂപ്പന്മാർ, ദുരിതം അനുഭവിക്കുന്നവരെ ഉചിതമായ വാക്കുകൾ ഉപയോഗിച്ചു സാന്ത്വനപ്പെടുത്താൻ കഴിയേണ്ടതിനു തങ്ങൾക്ക്‌ “പഠിപ്പിക്കപ്പെട്ടവരുടെ നാവ്‌” നൽകാൻ താഴ്‌മയോടും ആത്മാർഥതയോടും കൂടെ യഹോവയോട്‌ അപേക്ഷിക്കുന്നു. ജീവിതത്തിൽ പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ മൂപ്പന്മാരുടെ വാക്കുകൾ നേർത്ത മഴത്തുള്ളികൾ പോലെ നമ്മുടെ മനസ്സുകളെ കുളിർപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും. “വിഷാദമുള്ള ദേഹികളോട്‌ ആശ്വാസദായകമായി സംസാരിക്കു”കവഴി, ജഡത്തിലെ ഏതെങ്കിലും മുള്ളു നിമിത്തം മടുപ്പോ നിരാശയോ അനുഭവിക്കുന്ന തങ്ങളുടെ ആത്മീയ സഹോദരീസഹോദരന്മാരെ മൂപ്പന്മാർ പിന്തുണയ്‌ക്കുന്നു.​—⁠യെശയ്യാവു 32:2; 50:​4, NW; 1 തെസ്സലൊനീക്യർ 5:⁠14, NW.

10, 11. കഠിന പരിശോധനകൾ സഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ ദൈവദാസന്മാർക്ക്‌ എങ്ങനെ കഴിയും?

10 യഹോവയുടെ ദാസന്മാർ ഏവരും അവന്റെ ഏകീകൃത ക്രിസ്‌തീയ കുടുംബത്തിന്റെ ഭാഗമാണ്‌. അതേ, നാം “എല്ലാവരും തമ്മിൽ അവയവങ്ങളും” “അന്യോന്യം സ്‌നേഹി”ക്കാൻ കടപ്പെട്ടവരും ആണ്‌. (റോമർ 12:5; 1 യോഹന്നാൻ 4:11) നാം എങ്ങനെയാണ്‌ ആ കടപ്പാടു നിർവഹിക്കുന്നത്‌? 1 പത്രൊസ്‌ 3:8 പറയുന്നപ്രകാരം സഹവിശ്വാസികളോട്‌ എല്ലാവരോടും “സഹതാപവും [“സഹാനുഭൂതിയും,” NW] സഹോദരപ്രീതിയും മനസ്സലിവും” പ്രകടമാക്കുകവഴി. വിശേഷിച്ചും വേദനാജനകമായ, ജഡത്തിലെ മുള്ളുമായി കഴിഞ്ഞുകൂടുന്നവരോട്‌​—⁠അവർ ചെറുപ്പക്കാരോ പ്രായമായവരോ ആയിക്കൊള്ളട്ടെ​—⁠നമുക്ക്‌ ഏവർക്കും പ്രത്യേക പരിഗണന കാണിക്കാൻ കഴിയും. എങ്ങനെ?

11 അവരുടെ അരിഷ്ടതകൾ മനസ്സിലാക്കാൻ നാം യത്‌നിക്കണം. നാം ഹൃദയശൂന്യരോ അനുകമ്പയില്ലാത്തവരോ നിസ്സംഗരോ ആണെങ്കിൽ അറിയാതെയാണെങ്കിലും നാം അവരുടെ കഷ്ടപ്പാട്‌ ഒന്നുകൂടെ വർധിപ്പിക്കുകയായിരിക്കും ചെയ്യുന്നത്‌. അവരുടെ പരിശോധനകളെ കുറിച്ചു ബോധവാന്മാർ ആയിരിക്കുന്നത്‌ നാം എന്തു പറയുന്നു, എങ്ങനെ പറയുന്നു, എങ്ങനെ പെരുമാറുന്നു എന്നൊക്കെയുള്ള കാര്യങ്ങളിൽ ശ്രദ്ധയുള്ളവർ ആയിരിക്കാൻ നമ്മെ പ്രേരിപ്പിക്കണം. നമ്മുടെ ക്രിയാത്മകമായ മനോഭാവത്തിനും പ്രോത്സാഹനത്തിനും അവരുടെ വേദനയുടെ തീവ്രത ശമിപ്പിക്കുന്നതിൽ സഹായിക്കാനാകും. അങ്ങനെ, നാം അവർക്ക്‌ ‘ബലപ്പെടുത്തുന്ന ഒരു സഹായ’മാണെന്നു തെളിയും.​—⁠കൊലൊസ്സ്യർ 4:​11, NW.

ചിലർക്കു പൊരുത്തപ്പെടാൻ സാധിച്ച വിധം

12-14. (എ) കാൻസർബാധയെ തുടർന്നുണ്ടായ കഷ്ടതകൾ ഒരു ക്രിസ്‌ത്യാനി കൈകാര്യം ചെയ്‌തത്‌ എങ്ങനെ? (ബി) ക്രിസ്‌തീയ സഹോദരങ്ങൾ അവരെ പിന്തുണയ്‌ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തത്‌ എങ്ങനെ?

12 നാം ഈ അന്ത്യനാളുകളുടെ അവസാനത്തോട്‌ അടുക്കവേ ‘കഠോര വേദന’ ദിവസംതോറും വർധിച്ചുവരികയാണ്‌. (മത്തായി 24:​8, NW) അതുകൊണ്ട്‌, ഭൂതലത്തിലുള്ള ഏവർക്കും​—⁠വിശേഷിച്ചും ദൈവേഷ്ടം ചെയ്യാൻ ശ്രമിക്കുന്ന യഹോവയുടെ വിശ്വസ്‌ത ദാസർക്ക്‌​—⁠പരിശോധനകൾ ഉണ്ടാകാൻ എല്ലാ സാധ്യതയും ഉണ്ട്‌. ഒരു ക്രിസ്‌തീയ മുഴുസമയ ശുശ്രൂഷകയുടെ ദൃഷ്ടാന്തം പരിചിന്തിക്കുക. കാൻസർബാധയെ തുടർന്ന്‌ അവരുടെ ഉമിനീർ ഗ്രന്ഥികളും ലിംഫ്‌ ഗ്രന്ഥികളും ശസ്‌ത്രക്രിയവഴി നീക്കം ചെയ്യേണ്ടി വന്നു. രോഗവിവരം അറിഞ്ഞ ഉടനെ അവരും ഭർത്താവും ദീർഘനേരം യഹോവയോടു പ്രാർഥിച്ചു. അവിശ്വസനീയമായ ഒരു സമാധാനം തങ്ങളുടെ ഹൃദയങ്ങളെ വന്നുമൂടിയതായി ഈ സഹോദരി പിന്നീടു പറഞ്ഞു. എങ്കിലും, അവർക്ക്‌ ഇടയ്‌ക്കിടെ വിഷമഘട്ടങ്ങളെ നേരിടേണ്ടി വന്നു, വിശേഷിച്ച്‌ ചികിത്സയുടെ പാർശ്വഫലങ്ങൾ സഹിക്കേണ്ടിവന്നപ്പോൾ.

13 തന്റെ സാഹചര്യത്തെ കൈകാര്യം ചെയ്യാൻ, സഹോദരി കാൻസറിനെ കുറിച്ചു കഴിയുന്നത്ര കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. തന്നെ ചികിത്സിച്ചിരുന്ന ഡോക്ടർമാരുമായി അവർ സംസാരിച്ചു. ഈ രോഗവുമായി ചിലർ വൈകാരികമായി പൊരുത്തപ്പെട്ടത്‌ എങ്ങനെയെന്നു കാണിക്കുന്ന അനുഭവങ്ങൾ അവർക്ക്‌ വീക്ഷാഗോപുരം, ഉണരുക! തുടങ്ങിയ ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളിൽ കണ്ടെത്താൻ സാധിച്ചു. അതുപോലെ, പ്രയാസകരമായ സാഹചര്യങ്ങളിൽ തന്റെ ജനത്തെ താങ്ങാനുള്ള യഹോവയുടെ പ്രാപ്‌തി വെളിപ്പെടുത്തുന്ന ബൈബിൾ വിവരണങ്ങളും സഹായകമായ മറ്റു വിവരങ്ങളും അവർ വായിച്ചു.

14 നിരാശയെ തരണം ചെയ്യുന്നതു സംബന്ധിച്ച ഒരു ലേഖനം ഈ ജ്ഞാനമൊഴികൾ ഉദ്ധരിച്ചു: “തന്നെത്തന്നെ ഒറ്റപ്പെടുത്തുന്ന ഒരുവൻ സ്വന്തം സ്വാർത്ഥമോഹങ്ങൾ അന്വേഷിക്കും.” (സദൃശവാക്യങ്ങൾ 18:​1) അതുകൊണ്ട്‌ ലേഖനം ഈ ഉപദേശം നൽകി: ‘ഒറ്റപ്പെടാതിരിക്കാൻ നാം ശ്രദ്ധിക്കണം.’ * സഹോദരി വിവരിക്കുന്നു: “പലരും അവർ എനിക്കു വേണ്ടി പ്രാർഥിക്കുന്നുണ്ടെന്നു പറഞ്ഞു; മറ്റുള്ളവർ ഫോൺ വിളിച്ച്‌ എന്നോടു സംസാരിച്ചു. രണ്ടു മൂപ്പന്മാർ ഇടയ്‌ക്കിടെ ഫോൺ വിളിച്ച്‌ എന്റെ ക്ഷേമം അന്വേഷിച്ചു. പൂക്കളും കെട്ടുകണക്കിനു കാർഡുകളും എനിക്കു ലഭിച്ചു. ചിലർ ഭക്ഷണം തയ്യാറാക്കി തരിക പോലും ചെയ്‌തു. കൂടാതെ, പലരും എന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായി മുന്നോട്ടു വന്നു.”

15-17. (എ) അപകടത്തെ തുടർന്ന്‌ ഉണ്ടായ കഷ്ടതകൾ കൈകാര്യം ചെയ്യാൻ ഒരു ക്രിസ്‌ത്യാനിക്കു കഴിഞ്ഞത്‌ എങ്ങനെ? (ബി) സഭയിലുള്ളവർ എന്തു പിന്തുണ നൽകി?

15 ദീർഘകാലമായി യഹോവയെ സേവിക്കുന്ന ഒരു സഹോദരിയുടെ അനുഭവം പരിചിന്തിക്കാം. യു.എ⁠സ്‌.എ.-യിലെ ന്യൂ മെക്‌സിക്കോയിൽ താമസിക്കുന്ന അവർ രണ്ടു പ്രാവശ്യം വാഹനാപകടത്തിൽപ്പെട്ടു. അവരുടെ കഴുത്തിനും തോളിനും പരിക്കേറ്റു. 25-ലധികം വർഷമായുള്ള അവരുടെ സന്ധിവീക്കം മൂർച്ഛിക്കാൻ അത്‌ ഇടയാക്കി. അവർ പറയുന്നു: “തല നേരേ പിടിക്കാൻ എനിക്കു വലിയ ബുദ്ധിമുട്ടായിരുന്നു. രണ്ടു കിലോഗ്രാമിലധികം ഭാരം എനിക്ക്‌ ഉയർത്താൻ സാധിക്കുമായിരുന്നില്ല. യഹോവയോടു ഞാൻ ഉള്ളുരുകി പ്രാർഥിച്ചു. സഹിച്ചുനിൽക്കാൻ അത്‌ എന്നെ വളരെ സഹായിച്ചു, അതുപോലെതന്നെ വീക്ഷാഗോപുരത്തിൽ പഠിച്ച ലേഖനങ്ങളും. ഒരു ലേഖനത്തിൽ മീഖാ 6:​8-നെ (NW) കുറിച്ചുള്ള ഒരു വിശദീകരണം ഉണ്ടായിരുന്നു. ദൈവത്തിന്റെ സന്നിധിയിൽ എളിമയോടെ നടക്കുക എന്നതിന്റെ അർഥം നമ്മുടെ പരിമിതികളെ കുറിച്ചു ബോധവാന്മാർ ആയിരിക്കുക എന്നാണെന്ന്‌ അതു വിവരിച്ചു. പ്രയാസകരമായ ഒരു സാഹചര്യമാണ്‌ എന്റേതെങ്കിലും, ആഗ്രഹിക്കുന്നത്ര സമയം എനിക്കു ശുശ്രൂഷയിൽ ചെലവിടാൻ സാധിക്കുന്നില്ലെങ്കിലും, ഞാൻ നിരുത്സാഹപ്പെടാൻ പാടില്ലെന്നു മനസ്സിലാക്കാൻ അത്‌ എന്നെ സഹായിച്ചു. ശുദ്ധമായ ആന്തരത്തോടെ ദൈവത്തെ സേവിക്കുന്നതാണ്‌ ഏറ്റവും പ്രധാനം.”

16 അവർ ഇങ്ങനെയും പറഞ്ഞു: “യോഗങ്ങൾക്കു ഹാജരാകാനും വയൽ ശുശ്രൂഷയിൽ പങ്കുപറ്റാനും ഞാൻ നടത്തുന്ന ശ്രമങ്ങളെ മൂപ്പന്മാർ എല്ലായ്‌പോഴും അഭിനന്ദിച്ചു. യുവപ്രായക്കാർ വന്ന്‌ എന്നെ കെട്ടിപ്പിടിച്ചുകൊണ്ടു കുശലം ചോദിക്കുമായിരുന്നു. പയനിയർമാർ എന്നോടു വളരെ ക്ഷമാപൂർവം ഇടപെട്ടു. എനിക്കു തീരെ വയ്യാത്ത ദിവസങ്ങളിൽ മിക്കപ്പോഴും അവർ അവരുടെ പരിപാടികളിൽ മാറ്റം വരുത്തും. കാലാവസ്ഥ മോശമാണെങ്കിൽ അവർ ദയാപൂർവം എന്നെ മടക്കസന്ദർശനങ്ങൾക്കോ ബൈബിൾ അധ്യയനങ്ങൾക്കോ കൊണ്ടുപോകും. എനിക്കു ബാഗ്‌ പിടിക്കാൻ സാധിക്കാത്തതുകൊണ്ട്‌ പ്രസംഗവേലയ്‌ക്കു പോകുമ്പോൾ എന്റെ സാഹിത്യങ്ങളും കൂടെ മറ്റു പ്രസാധകർ തങ്ങളുടെ ബാഗുകളിൽ വെക്കുകയാണു പതിവ്‌.”

17 മുള്ളുപോലുള്ള വൈകല്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിയാൻ സഭാ മൂപ്പന്മാരും സഹവിശ്വാസികളും ഈ രണ്ടു സഹോദരിമാരെ സഹായിച്ചത്‌ എങ്ങനെയെന്നു നോക്കുക. ആ സഹോദരിമാരുടെ ആത്മീയവും ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾക്ക്‌ അനുസൃതമായി അവർ ദയാപൂർവം പ്രായോഗിക സഹായങ്ങൾ നൽകി. പ്രശ്‌നങ്ങൾ നേരിടുന്ന സഹോദരീസഹോദരന്മാർക്ക്‌ ആവശ്യമായ സഹായം നൽകാൻ അതു നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലേ? യുവപ്രായക്കാരേ, നിങ്ങളുടെ സഭയിൽ ജഡത്തിലെ മുള്ളുമായി കഴിഞ്ഞുകൂടുന്നവർക്ക്‌ ഒരു സഹായമായിരിക്കാൻ നിങ്ങൾക്കും കഴിയും.​—⁠സദൃശവാക്യങ്ങൾ 20:⁠29.

18. വീക്ഷാഗോപുരം, ഉണരുക! മാസികകളിൽ പ്രസിദ്ധീകരിക്കുന്ന ജീവിതകഥകളിൽനിന്നു നമുക്ക്‌ എന്തു പ്രോത്സാഹനം ലഭിച്ചേക്കാം?

18 ജീവിതത്തിലെ പ്രശ്‌നങ്ങളെ തരണം ചെയ്‌തിട്ടുള്ളവരും തരണം ചെയ്യാൻ ശ്രമിക്കുന്നവരുമായ സാക്ഷികളുടെ അനേകം ജീവിതകഥകളും അനുഭവങ്ങളും വീക്ഷാഗോപുരം, ഉണരുക! മാസികകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സാമ്പത്തിക പരാധീനതകൾ, ദുരന്തങ്ങളിൽ പ്രിയപ്പെട്ടവരെ നഷ്ടമാകൽ, യുദ്ധകാല അപകടങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ ലോകമെമ്പാടുമുള്ള നിങ്ങളുടെ പല ആത്മീയ സഹോദരങ്ങൾക്കും സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന്‌ അത്തരം ലേഖനങ്ങൾ പതിവായി വായിച്ചാൽ നിങ്ങൾക്കു മനസ്സിലാകും. മറ്റു ചിലർ ഗുരുതരമായ രോഗങ്ങളുമായി മല്ലിട്ടു കഴിയുന്നു. ആരോഗ്യമുള്ളവർ തീർത്തും നിസ്സാരമായി കരുതുന്ന കാര്യങ്ങൾപോലും ചെയ്യാൻ അവരിൽ പലർക്കും സാധിക്കുന്നില്ല. അവരുടെ രോഗം അവരെ കഠിനമായി പരീക്ഷിക്കുന്നു, വിശേഷിച്ചും തങ്ങൾ ആഗ്രഹിക്കുന്ന വിധത്തിൽ ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ സാധിക്കാത്തപ്പോൾ. ചെറുപ്പക്കാരും പ്രായമായവരുമായ തങ്ങളുടെ സഹോദരങ്ങൾ നൽകുന്ന പിന്തുണയെ അവർ എത്രമാത്രം വിലമതിക്കുന്നുവെന്നോ!

സഹിഷ്‌ണുത സന്തോഷം കൈവരുത്തുന്നു

19. മുള്ളുപോലുള്ള പരിശോധനകളും ബലഹീനതകളും ഉണ്ടായിരുന്നിട്ടും പൗലൊസിന്‌ ആനന്ദിക്കാൻ കഴിഞ്ഞത്‌ എന്തുകൊണ്ട്‌?

19 ദൈവം തന്നെ ശക്തീകരിക്കുന്ന വിധം കണ്ട്‌ പൗലൊസ്‌ ആനന്ദിച്ചു. അവൻ പറഞ്ഞു: “ക്രിസ്‌തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും. അതുകൊണ്ടു ഞാൻ ക്രിസ്‌തുവിന്നു വേണ്ടി ബലഹീനത, കയ്യേററം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.” (2 കൊരിന്ത്യർ 12:9, 10) തന്റെ വ്യക്തിപരമായ അനുഭവത്തിൽനിന്ന്‌ പൗലൊസിന്‌ ആത്മവിശ്വാസത്തോടെ ഇങ്ങനെ പറയാൻ സാധിച്ചു: “ബുദ്ധിമുട്ടു നിമിത്തമല്ല ഞാൻ പറയുന്നതു; ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ടു. താഴ്‌ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്‌തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.”​—⁠ഫിലിപ്പിയർ 4:11-13.

20, 21. (എ) “കാണാത്തതിനെ” കുറിച്ചു ധ്യാനിക്കുന്നത്‌ നമുക്കു സന്തോഷം നൽകുമെന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌? (ബി) ഇപ്പോൾ ‘കാണാത്തവ’ എങ്കിലും ഭൗമിക പറുദീസയിൽ നിങ്ങൾ കാണാൻ പ്രത്യാശിക്കുന്ന ഏതാനും കാര്യങ്ങൾ ഏവ?

20 അതുകൊണ്ട്‌, ജഡത്തിലെ ഏതു പ്രതീകാത്മക മുള്ളുമായും പൊരുത്തപ്പെട്ടു ജീവിക്കുകവഴി യഹോവയുടെ ശക്തി നമ്മുടെ ബലഹീനതയിൽ തികഞ്ഞുവരുന്നു എന്ന്‌ ഏവരെയും കാണിക്കുന്നതിൽനിന്നുള്ള വലിയ സന്തോഷം നമുക്കു കണ്ടെത്താനാകും. പൗലൊസ്‌ എഴുതി: ‘ഞങ്ങൾ അധൈര്യപ്പെടുന്നില്ല. ഞങ്ങളുടെ അകമേയുള്ള [മനുഷ്യൻ] നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു. നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു. കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താല്‌ക്കാലികം, കാണാത്തതോ നിത്യം.’​—⁠2 കൊരിന്ത്യർ 4:16-18.

21 ഇന്ന്‌ യഹോവയുടെ ജനത്തിൽ മിക്കവരും ഭൗമിക പറുദീസയിൽ ജീവിക്കാനും അവൻ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന അനുഗ്രഹങ്ങൾ ആസ്വദിക്കാനും പ്രത്യാശിക്കുന്നവരാണ്‌. അത്തരം അനുഗ്രഹങ്ങൾ ഇന്ന്‌ നമ്മെ സംബന്ധിച്ചിടത്തോളം ‘കാണാത്തവ’ ആണ്‌. എന്നാൽ, ആ അനുഗ്രഹങ്ങൾ സ്വന്തം കണ്ണുകൾകൊണ്ട്‌ നമുക്കു കാണാൻ സാധിക്കുന്ന, എന്നേക്കും അവ ആസ്വദിക്കാൻ കഴിയുന്ന കാലം അതിവേഗം സമീപിച്ചുകൊണ്ടിരിക്കുകയാണ്‌. അതിലൊരു അനുഗ്രഹം, മുള്ളുപോലുള്ള പ്രശ്‌നങ്ങളിൽനിന്നുള്ള ശാശ്വത മോചനമാണ്‌! ദൈവപുത്രൻ “പിശാചിന്റെ പ്രവൃത്തികളെ അഴി”ക്കുകയും ‘മരണത്തിന്റെ അധികാരിയായവനെ നീക്കു’കയും ചെയ്യും.​—⁠1 യോഹന്നാൻ 3:8; എബ്രായർ 2:⁠14.

22. നാം എന്തു ദൃഢനിശ്ചയം ചെയ്യണം, നമുക്ക്‌ എന്ത്‌ ഉറപ്പുള്ളവരായിരിക്കാം?

22 അതുകൊണ്ട്‌, ഇന്നു നമ്മെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ജഡത്തിലെ മുള്ള്‌ എന്തായിരുന്നാലും അതുമായി പൊരുത്തപ്പെട്ടു കഴിയുന്നതിൽ നമുക്കു തുടരാം. നമുക്ക്‌ ഉദാരമായി ശക്തി പകർന്നു തരുന്ന യഹോവയുടെ സഹായത്താൽ പൗലൊസിനെ പോലെ നമുക്കും അതിനു കഴിയും. ഭൗമിക പറുദീസയിൽ ജീവിക്കുമ്പോൾ, നമ്മുടെ ദൈവമായ യഹോവ നമുക്കായി ചെയ്‌തിരിക്കുന്ന മഹത്തായ കാര്യങ്ങളെ പ്രതി അനുദിനം നാം അവനെ സ്‌തുതിക്കും.​—⁠സങ്കീർത്തനം 103:⁠2.

[അടിക്കുറിപ്പ്‌]

^ ഖ. 14 ഉണരുക!-യുടെ 2000 മേയ്‌ 8 ലക്കത്തിലെ “ബൈബിളിന്റെ വീക്ഷണം: നിരാശയെ തരണം ചെയ്യാൻ കഴിയുന്ന വിധം” എന്ന ലേഖനം കാണുക.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• സത്യക്രിസ്‌ത്യാനികളുടെ വിശ്വസ്‌തതയെ തകർക്കാൻ പിശാച്‌ ശ്രമിക്കുന്നത്‌ എന്തുകൊണ്ട്‌, എങ്ങനെ?

• യഹോവയുടെ ശക്തി “ബലഹീനതയിൽ തികഞ്ഞുവരുന്ന”ത്‌ എങ്ങനെ?

• പ്രശ്‌നങ്ങളാൽ വേദനിക്കുന്നവരെ മൂപ്പന്മാർക്കും മറ്റുള്ളവർക്കും എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രം]

തന്റെ ജഡത്തിലെ മുള്ള്‌ നീക്കം ചെയ്യാൻ പൗലൊസ്‌ മൂന്നു പ്രാവശ്യം ദൈവത്തോടു പ്രാർഥിച്ചു