വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനം പഠിപ്പിക്കുന്നവർ എന്ന നിലയിൽ പൂർണ സജ്ജർ

ദൈവവചനം പഠിപ്പിക്കുന്നവർ എന്ന നിലയിൽ പൂർണ സജ്ജർ

ദൈവവചനം പഠിപ്പിക്കുന്നവർ എന്ന നിലയിൽ പൂർണ സജ്ജർ

‘[ദൈവം] ശുശ്രൂഷകരായിരിക്കാൻ നമ്മെ വേണ്ടത്ര യോഗ്യതയുള്ളവർ ആക്കിയിരിക്കുന്നു.’​—⁠2 കൊരിന്ത്യർ 3:5, 6, NW.

1, 2. പ്രസംഗപ്രവർത്തനം സംഘടിപ്പിക്കാൻ ചിലപ്പോഴൊക്കെ എന്തു ശ്രമങ്ങൾ നടക്കുന്നു, പക്ഷേ അവ പൊതുവേ പരാജയപ്പെടുന്നത്‌ എന്തുകൊണ്ട്‌?

നിങ്ങൾക്ക്‌ ഒട്ടും അറിയില്ലാത്ത ഒരു ജോലി ചെയ്യാൻ ആരെങ്കിലും നിങ്ങളോട്‌ ആവശ്യപ്പെടുന്നു എന്നിരിക്കട്ടെ. നിങ്ങൾക്ക്‌ എന്തു തോന്നും? ആവശ്യമായ സാധനങ്ങളും ഉപകരണങ്ങളുമൊക്കെ മുന്നിലുണ്ട്‌. എന്നാൽ ആ ജോലി എങ്ങനെ ചെയ്യണം എന്നതു സംബന്ധിച്ച്‌ നിങ്ങൾക്കു യാതൊരു പിടിയുമില്ല. അതിലും കഷ്ടം, അത്‌ അടിയന്തിരമായി ചെയ്‌തു തീർക്കേണ്ട ഒരു ജോലി ആണെന്നുള്ളതാണ്‌. അതിനായി ആളുകൾ നിങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. എത്ര നിരാശാജനകമായ ഒരു അവസ്ഥ!

2 ഇതു തീർത്തും സാങ്കൽപ്പികമായ ഒരു വിഷമസന്ധിയല്ല. ഒരു ഉദാഹരണം പരിചിന്തിക്കുക. ക്രൈസ്‌തവലോകത്തിലെ ചില സഭകൾ വീടുതോറുമുള്ള ശുശ്രൂഷ സംഘടിപ്പിക്കാനും നിർവഹിക്കാനും ഇടയ്‌ക്കൊക്കെ ശ്രമിച്ചിട്ടുണ്ട്‌. എന്നാൽ ഒട്ടുമിക്കപ്പോഴും അത്തരം ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. ഏതാനും ആഴ്‌ചകൾ അല്ലെങ്കിൽ മാസങ്ങൾകൊണ്ട്‌ അവരുടെ പ്രവർത്തനം കെട്ടടങ്ങുന്നു. കാരണം? ആ വേല നിർവഹിക്കാനുള്ള യോഗ്യത നേടാൻ ക്രൈസ്‌തവലോകം അതിന്റെ അംഗങ്ങളെ സഹായിച്ചിട്ടില്ല എന്നതുതന്നെ. എന്തിന്‌, ലൗകിക സ്‌കൂളുകളിലും സെമിനാരികളിലും നിരവധി വർഷം പഠിച്ച പുരോഹിതന്മാർ പോലും പ്രസംഗവേലയ്‌ക്കുള്ള യോഗ്യതയിൽ എത്തിച്ചേർന്നിട്ടില്ല. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?

3. 2 കൊരിന്ത്യർ 3:5, 6 ഏതു പ്രയോഗം മൂന്നു പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു, അതിന്റെ അർഥം എന്ത്‌?

3 ക്രിസ്‌തീയ സുവാർത്തയുടെ യഥാർഥ പ്രസംഗകൻ ആയിരിക്കാൻ ഒരു വ്യക്തിയെ യോഗ്യൻ ആക്കുന്നത്‌ എന്താണ്‌ എന്നു ദൈവവചനം വിശദമാക്കുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതാൻ നിശ്വസ്‌തനാക്കപ്പെട്ടു: “നമ്മിൽനിന്നുതന്നെ എന്തെങ്കിലും പുറപ്പെടുന്നതായി കരുതാൻ നാം വേണ്ടത്ര യോഗ്യതയുള്ളവർ ആണെന്നല്ല, പിന്നെയോ നമ്മുടെ വേണ്ടത്ര യോഗ്യത ദൈവത്തിൽനിന്നു വരുന്നു. അവനാണ്‌ ശുശ്രൂഷകരായിരിക്കാൻ നമ്മെ വേണ്ടത്ര യോഗ്യതയുള്ളവർ ആക്കിയത്‌.” (2 കൊരിന്ത്യർ 3:5, 6, NW) ഇവിടെ മൂന്നു പ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന, “വേണ്ടത്ര യോഗ്യത” ഉള്ള എന്ന പ്രയോഗം ശ്രദ്ധിക്കുക. അതിന്റെ അർഥം എന്താണ്‌? വൈൻസ്‌ എക്‌സ്‌പോസിറ്ററി ഡിക്‌ഷ്‌ണറി ഓഫ്‌ ബിബ്ലിക്കൽ വേർഡ്‌സ്‌ ഇങ്ങനെ പറയുന്നു: “വസ്‌തുക്കളെ സംബന്ധിച്ചു പറയുമ്പോൾ [മൂല ഗ്രീക്കു പദം] അർഥമാക്കുന്നത്‌ ‘ആവശ്യത്തിനുള്ള’ എന്നാണ്‌; . . . വ്യക്തികളെ കുറിച്ചു പറയുമ്പോൾ ഇതിന്റെ അർഥം ‘പ്രാപ്‌തിയുള്ള,’ ‘അർഹതയുള്ള’ എന്നാണ്‌.” അതുകൊണ്ട്‌ “വേണ്ടത്ര യോഗ്യത” ഉള്ള ഒരു വ്യക്തി, ഒരു പ്രത്യേക ദൗത്യം ഏറ്റെടുക്കാൻ പ്രാപ്‌തിയും അർഹതയും ഉള്ളവനാണ്‌. അതേ, സുവാർത്തയുടെ യഥാർഥ ശുശ്രൂഷകർ പ്രസംഗിക്കാൻ യോഗ്യത ഉള്ളവരാണ്‌. അവർ ഈ വേല നിർവഹിക്കാൻ പ്രാപ്‌തരാണ്‌, സജ്ജരാണ്‌, അർഹരാണ്‌.

4. (എ) ക്രിസ്‌തീയ ശുശ്രൂഷ നിർവഹിക്കാനുള്ള യോഗ്യത ചുരുക്കം ചില വിശിഷ്ട വ്യക്തികൾക്കായി മാത്രം നീക്കിവെച്ചിട്ടുള്ളതല്ലെന്ന്‌ പൗലൊസിന്റെ ദൃഷ്ടാന്തം തെളിയിക്കുന്നത്‌ എങ്ങനെ? (ബി) ശുശ്രൂഷ നിർവഹിക്കുന്നതിനു നമ്മെ യോഗ്യരാക്കാൻ യഹോവ ഉപയോഗിക്കുന്ന മൂന്നു സരണികൾ ഏവ?

4 ആ യോഗ്യത എങ്ങനെയാണു ലഭിക്കുന്നത്‌? വ്യക്തിപരമായ കഴിവുകളിൽനിന്നാണോ? ഉയർന്ന ബുദ്ധിശക്തിയിൽനിന്നാണോ? പേരെടുത്ത വിദ്യാകേന്ദ്രങ്ങളിൽ നിന്നുള്ള പ്രത്യേക വിദ്യാഭ്യാസത്താലാണോ? അപ്പൊസ്‌തലനായ പൗലൊസിന്‌ അതൊക്കെ ഉണ്ടായിരുന്നു. (പ്രവൃത്തികൾ 22:3; ഫിലിപ്പിയർ 3:4, 5) എന്നാൽ, ശുശ്രൂഷകനെന്ന നിലയിലുള്ള തന്റെ യോഗ്യതകൾ ഉന്നത വിദ്യാകേന്ദ്രങ്ങളിൽ നിന്നല്ല മറിച്ച്‌ യഹോവയാം ദൈവത്തിൽനിന്നാണു വന്നതെന്ന്‌ അവൻ താഴ്‌മയോടെ സമ്മതിച്ചുപറഞ്ഞു. അത്തരം യോഗ്യതകൾ ചുരുക്കം ചില വിശിഷ്ട വ്യക്തികൾക്കായി മാത്രം നീക്കിവെച്ചിട്ടുള്ളതാണോ? പൗലൊസ്‌ കൊരിന്ത്യർക്ക്‌ എഴുതിയ ലേഖനത്തിലെ, “നമ്മുടെ വേണ്ടത്ര യോഗ്യത” എന്ന പ്രയോഗം ശ്രദ്ധിക്കുക. തന്റെ സകല വിശ്വസ്‌ത ദാസന്മാർക്കും അവരെ ഏൽപ്പിച്ചിരിക്കുന്ന വേല നിർവഹിക്കാൻ കഴിയുമെന്ന്‌, അതിനുള്ള യോഗ്യതയിൽ എത്തിച്ചേരാൻ കഴിയുമെന്ന്‌ യഹോവ ഉറപ്പുവരുത്തുന്നതായി അതു സൂചിപ്പിക്കുന്നു. യഹോവ ഇന്നു സത്യക്രിസ്‌ത്യാനികളെ യോഗ്യത ഉള്ളവർ ആക്കുന്നത്‌ എങ്ങനെയാണ്‌? അതിന്‌ അവൻ ഉപയോഗിക്കുന്ന മൂന്നു സരണികളെ കുറിച്ചു നമുക്കു ചർച്ച ചെയ്യാം: (1) ദൈവത്തിന്റെ വചനം, (2) അവന്റെ പരിശുദ്ധാത്മാവ്‌, (3) അവന്റെ ഭൗമിക സംഘടന.

യഹോവയുടെ വചനം നമ്മെ യോഗ്യരാക്കുന്നു

5, 6. വിശുദ്ധ തിരുവെഴുത്തുകൾ സത്യക്രിസ്‌ത്യാനികളുടെ മേൽ എന്തു പ്രഭാവം ചെലുത്തുന്നു?

5 ദൈവവചനം എങ്ങനെയാണ്‌ ശുശ്രൂഷകരെന്ന നിലയിൽ നമ്മെ യോഗ്യരാക്കുന്നത്‌ എന്ന്‌ ആദ്യം നോക്കാം. പൗലൊസ്‌ എഴുതി: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും ദൈവത്തിന്റെ മനുഷ്യൻ തികച്ചും പ്രാപ്‌തനും സകല സത്‌പ്രവൃത്തിക്കും പൂർണമായി സജ്ജനും ആയിരിക്കേണ്ടതിനു പഠിപ്പിക്കുന്നതിന്‌, ശാസിക്കുന്നതിന്‌, കാര്യങ്ങൾ നേരെയാക്കുന്നതിന്‌, നീതിയിൽ ശിക്ഷണം കൊടുക്കുന്നതിന്‌, പ്രയോജനപ്രദവും ആകുന്നു.” (2 തിമൊഥെയൊസ്‌ 3:16, 17, NW) അതേ, ദൈവവചനത്തെ കുറിച്ച്‌ ആളുകളെ പഠിപ്പിക്കുക എന്ന ‘സത്‌പ്രവൃത്തിക്കായി’ ‘തികച്ചും പ്രാപ്‌തർ, പൂർണ സജ്ജർ’ ആകാൻ വിശുദ്ധ തിരുവെഴുത്തുകൾ നമ്മെ സഹായിക്കുന്നു. എന്നാൽ ക്രൈസ്‌തവലോകത്തിലെ സഭാംഗങ്ങളുടെ കാര്യമോ? അവരുടെ കൈവശം ബൈബിളുണ്ട്‌. ഒരേ പുസ്‌തകംതന്നെ പ്രാപ്‌തരായ ശുശ്രൂഷകരായിരിക്കാൻ ചിലരെ സഹായിക്കുകയും അതേസമയം മറ്റു ചിലരെ സഹായിക്കാതിരിക്കുകയും ചെയ്യുന്നതെങ്ങനെ? അതിനുള്ള ഉത്തരം ബൈബിളിനോടുള്ള നമ്മുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു.

6 സങ്കടകരമെന്നു പറയട്ടെ, പള്ളിയിൽ പോകുന്ന അനേകരും ബൈബിളിന്റെ സന്ദേശത്തെ “സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ” സ്വീകരിക്കുന്നില്ല. (1 തെസ്സലൊനീക്യർ 2:13) ഇക്കാര്യത്തിൽ ക്രൈസ്‌തവലോകത്തിന്റെ ചരിത്രം ലജ്ജാകരമാണ്‌. വർഷങ്ങളോളം ദൈവശാസ്‌ത്ര പാഠശാലകളിൽ പഠിച്ചശേഷം പുറത്തുവരുന്ന വൈദികർ ദൈവവചനം പഠിപ്പിക്കാൻ പൂർണമായി സജ്ജരാണോ? തീർച്ചയായും അല്ല. എന്തിന്‌, സെമിനാരിയിൽ ചേരുമ്പോൾ ബൈബിളിൽ വിശ്വസിച്ചിരുന്ന ചിലർ പഠനം കഴിഞ്ഞു പുറത്തു വരുന്നതു സന്ദേഹവാദികൾ ആയിട്ടാണ്‌! അവരിൽ പലരും ബൈബിൾ ദൈവവചനമാണെന്നു മേലാൽ വിശ്വസിക്കുന്നില്ല. ദൈവവചനം പ്രസംഗിക്കുന്നതിനു പകരം, രാഷ്‌ട്രീയ തർക്കങ്ങളിൽ പക്ഷം ചേരുകയോ ‘സാമൂഹിക സുവിശേഷം’ എന്നു വിളിക്കപ്പെടുന്നതിനെ പ്രോത്സാഹിപ്പിക്കുകയോ തങ്ങളുടെ പ്രഭാഷണങ്ങളിൽ ഈ ലോകത്തിന്റെ തത്ത്വശാസ്‌ത്രങ്ങൾ വിളമ്പുകയോ ഒക്കെ ചെയ്‌തുകൊണ്ട്‌ അവർ തങ്ങളുടെ ശുശ്രൂഷയെ മറ്റു വശങ്ങളിലേക്കു തിരിച്ചുവിടുന്നു. (2 തിമൊഥെയൊസ്‌ 4:3) എന്നാൽ ഇതിൽനിന്നു വ്യത്യസ്‌തമായി സത്യ ക്രിസ്‌ത്യാനികൾ യേശുക്രിസ്‌തുവിന്റെ മാതൃക പിൻപറ്റുന്നു.

7, 8. ദൈവവചനത്തോടുള്ള യേശുവിന്റെ മനോഭാവം അന്നത്തെ മതനേതാക്കന്മാരിൽനിന്നു വ്യത്യസ്‌തമായിരുന്നത്‌ എങ്ങനെ?

7 തന്റെ ചിന്തയെ സ്വാധീനിക്കാൻ യേശു ഒരിക്കലും അന്നത്തെ മത നേതാക്കന്മാരെ അനുവദിച്ചില്ല. അപ്പൊസ്‌തലന്മാർ മാത്രം അടങ്ങിയ ഒരു ചെറിയ കൂട്ടത്തെ പഠിപ്പിച്ചപ്പോഴും ഒരു വലിയ ജനാവലിയെ പഠിപ്പിച്ചപ്പോഴും അവൻ വിശുദ്ധ എഴുത്തുകൾ നന്നായി ഉപയോഗിച്ചു. (മത്തായി 13:​10-17; 15:​1-11) ഈ രീതി തന്റെ നാളിലെ മതനേതാക്കന്മാരിൽനിന്ന്‌ അവനെ വ്യത്യസ്‌തനാക്കി. സാധാരണക്കാർ ദൈവത്തിന്റെ ആഴമേറിയ കാര്യങ്ങൾ പഠിക്കാൻ താത്‌പര്യം കാട്ടുന്നതിനെ അവർ ശക്തമായി നിരുത്സാഹപ്പെടുത്തിയിരുന്നു. അന്നൊക്കെ ഒരു ഉപദേഷ്ടാവ്‌, അങ്ങേയറ്റം ഗഹനമെന്നു താൻ വിശ്വസിച്ചിരുന്ന തിരുവെഴുത്തു ഭാഗങ്ങൾ തന്റെ അരുമ ശിഷ്യനുമായി മാത്രമേ ചർച്ച ചെയ്യുമായിരുന്നുള്ളൂ, അതും ശിരസ്സു മൂടി വളരെ താഴ്‌ന്ന സ്വരത്തിൽ! ദൈവനാമം ഉച്ചരിക്കുന്ന കാര്യത്തിലേതു പോലെ, ചില ബൈബിൾ ഭാഗങ്ങൾ ചർച്ച ചെയ്യുന്ന കാര്യത്തിലും ആ മതനേതാക്കന്മാർ അന്ധവിശ്വാസം പുലർത്തിയിരുന്നു!

8 എന്നാൽ ക്രിസ്‌തു അങ്ങനെ ആയിരുന്നില്ല. “ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചന”വും, ചുരുക്കം ചിലർ മാത്രം പരിചിന്തിച്ചാൽ പോരാ, മറിച്ച്‌ എല്ലാവരും പരിചിന്തിക്കണം എന്ന പക്ഷക്കാരനായിരുന്നു അവൻ. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) തിരുവെഴുത്തു പണ്ഡിതന്മാരുടെ ഒരു ശ്രേഷ്‌ഠഗണത്തിന്‌ പരിജ്ഞാനത്തിന്റെ താക്കോൽ കൊടുക്കുന്നതിൽ യേശു തത്‌പരനായിരുന്നില്ല. അവൻ ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്തു പറവിൻ; ചെവിയിൽ പറഞ്ഞുകേൾക്കുന്നതു പുരമുകളിൽനിന്നു ഘോഷിപ്പിൻ.” (മത്തായി 4:4; 10:27) ദൈവപരിജ്ഞാനം സാധ്യമാകുന്നത്ര ആളുകളുമായി പങ്കുവെക്കാൻ യേശു അതിയായി ആഗ്രഹിച്ചു.

9. സത്യക്രിസ്‌ത്യാനികൾ ബൈബിളിനെ എങ്ങനെ ഉപയോഗിക്കുന്നു?

9 നമ്മുടെ പഠിപ്പിക്കൽ ദൈവവചനത്തിൽ അധിഷ്‌ഠിതമായിരിക്കണം. ഉദാഹരണത്തിന്‌, യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ ഒരു പ്രസംഗം നടത്തുമ്പോൾ മിക്കപ്പോഴും ബൈബിളിൽനിന്നു തിരഞ്ഞെടുത്ത ചില വാക്യങ്ങൾ വായിച്ചാൽ മാത്രം പോരാ. മറിച്ച്‌, തിരുവെഴുത്തുകൾ വിശദീകരിക്കുകയും ദൃഷ്ടാന്തീകരിക്കുകയും അത്‌ എങ്ങനെ ബാധകമാക്കാമെന്നു പറയുകയും ചെയ്യേണ്ടതുണ്ടായിരിക്കാം. അച്ചടിച്ച താളുകളിൽനിന്നു ബൈബിൾ സന്ദേശം അടർത്തിയെടുത്ത്‌ കേൾവിക്കാരുടെ ഹൃദയങ്ങളിൽ പതിപ്പിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. (നെഹെമ്യാവു 8:8, 12) ബുദ്ധിയുപദേശം നൽകുകയോ തെറ്റു തിരുത്താനുള്ള ശിക്ഷണ നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും ബൈബിൾ ഉപയോഗിക്കണം. യഹോവയുടെ ജനം വ്യത്യസ്‌ത ഭാഷക്കാരും ഭിന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും ആണെങ്കിലും അവർ എല്ലാവരും ഈ ശ്രേഷ്‌ഠ ഗ്രന്ഥത്തെ, ബൈബിളിനെ, ആദരിക്കുന്നു.

10. ബൈബിളിന്റെ നിശ്വസ്‌ത സന്ദേശത്തിനു നമ്മുടെ മേൽ എന്തു ഫലം ഉണ്ടായിരിക്കാൻ കഴിയും?

10 അത്തരം ആദരവോടെ ഉപയോഗിക്കുമ്പോൾ ദൈവവചനത്തിനു ശക്തിയുണ്ട്‌. (എബ്രായർ 4:12) പരസംഗം, വ്യഭിചാരം, വിഗ്രഹാരാധന, മദ്യാസക്തി, മോഷണം തുടങ്ങിയ തിരുവെഴുത്തു വിരുദ്ധ നടപടികളിൽനിന്നു പിന്തിരിഞ്ഞ്‌ തങ്ങളുടെ ജീവിതത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്താൻ അതിന്റെ സന്ദേശം ആളുകളെ പ്രേരിപ്പിക്കുന്നു. പഴയ വ്യക്തിത്വം ഉരിഞ്ഞുകളഞ്ഞ്‌ പുതിയതു ധരിക്കാൻ നിരവധി പേരെ അതു സഹായിച്ചിട്ടുണ്ട്‌. (എഫെസ്യർ 4:​20-24, NW) അതേ, മനുഷ്യന്റെ അഭിപ്രായങ്ങൾക്കോ പാരമ്പര്യങ്ങൾക്കോ ഉപരി നാം ബൈബിളിനെ ആദരിക്കുകയും അതു വിശ്വസ്‌തതയോടെ ഉപയോഗിക്കുകയും ചെയ്യുന്നെങ്കിൽ, അതിനു നമ്മെ ദൈവവചനം പഠിപ്പിക്കുന്നവർ എന്ന നിലയിൽ പ്രാപ്‌തരാക്കാൻ, പൂർണമായി സജ്ജരാക്കാൻ കഴിയും.

യഹോവയുടെ ആത്മാവ്‌ നമ്മെ യോഗ്യരാക്കുന്നു

11. യഹോവയുടെ പരിശുദ്ധാത്മാവിനെ “സഹായി” എന്നു പരാമർശിച്ചിരിക്കുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

11 രണ്ടാമതായി, നമ്മെ പൂർണമായി സജ്ജരാക്കുന്നതിൽ യഹോവയുടെ പരിശുദ്ധാത്മാവിന്റെ അഥവാ പ്രവർത്തനനിരതമായ ശക്തിയുടെ പങ്കിനെ കുറിച്ചു നമുക്കു ചർച്ച ചെയ്യാം. യഹോവയുടെ ആത്മാവാണ്‌ ഏറ്റവും കരുത്തുറ്റ ശക്തി എന്ന കാര്യം നാം ഒരിക്കലും വിസ്‌മരിക്കരുത്‌. സത്യക്രിസ്‌ത്യാനികളായ സകലർക്കും വേണ്ടി ഭയഗംഭീരമായ ആ ശക്തി പ്രയോഗിക്കാൻ യഹോവ തന്റെ പ്രിയ പുത്രനെ അധികാരപ്പെടുത്തിയിരിക്കുന്നു. ഉചിതമായും, യേശു പരിശുദ്ധാത്മാവിനെ “സഹായി” എന്നു പരാമർശിച്ചു. (യോഹന്നാൻ 16:​7, NW) യഹോവയോട്‌ ആ ആത്മാവിനായി യാചിക്കാൻ അവൻ തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചു, യഹോവ ഔദാര്യമായി അത്‌ അവർക്കു നൽകുമെന്ന ഉറപ്പും നൽകി.​—⁠ലൂക്കൊസ്‌ 11:10-13; യാക്കോബ്‌ 1:17.

12, 13. (എ) ശുശ്രൂഷയിൽ നമ്മെ പിന്തുണയ്‌ക്കുന്നതിന്‌ നാം പരിശുദ്ധാത്മാവിനായി പ്രാർഥിക്കേണ്ടതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) പരിശുദ്ധാത്മാവ്‌ തങ്ങളിൽ പ്രവർത്തിച്ചിരുന്നില്ലെന്നു പരീശന്മാർ പ്രകടമാക്കിയത്‌ എങ്ങനെ?

12 നാം ദിവസവും പരിശുദ്ധാത്മാവിനായി പ്രാർഥിക്കേണ്ടതുണ്ട്‌, പ്രത്യേകിച്ച്‌ ശുശ്രൂഷയിൽ നമ്മെ സഹായിക്കുന്നതിന്‌. ആ പ്രവർത്തനനിരതമായ ശക്തിക്കു നമ്മുടെമേൽ എന്തു ഫലമാണുള്ളത്‌? മാറ്റം വരുത്താനും ആത്മീയമായി വളരാനും പഴയ വ്യക്തിത്വം മാറ്റി പുതിയതു ധരിക്കാനും നമ്മെ സഹായിച്ചുകൊണ്ട്‌ അതു നമ്മുടെ മനസ്സിനെയും ഹൃദയത്തെയും സ്വാധീനിക്കുന്നു. (കൊലൊസ്സ്യർ 3:9, 10, NW) അമൂല്യമായ ക്രിസ്‌തുസമാന ഗുണങ്ങൾ നട്ടുവളർത്താൻ അതു നമ്മെ സഹായിക്കുന്നു. നമ്മിൽ പലർക്കും ഗലാത്യർ 5:​22, 23 മനപ്പാഠമാണ്‌. ആ വാക്യങ്ങളിൽ ദൈവാത്മാവിന്റെ ഫലങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നു. ആദ്യത്തേത്‌ സ്‌നേഹമാണ്‌. ആ ഗുണം നമ്മുടെ ശുശ്രൂഷയിൽ അത്യന്താപേക്ഷിതമാണ്‌. എന്തുകൊണ്ട്‌?

13 സ്‌നേഹം വലിയ പ്രചോദക ഘടകമാണ്‌. യഹോവയോടും സഹ മനുഷ്യരോടുമുള്ള സ്‌നേഹം സുവാർത്ത പങ്കുവെക്കാൻ സത്യക്രിസ്‌ത്യാനികളെ പ്രേരിപ്പിക്കുന്നു. (മർക്കൊസ്‌ 12:28-31) അത്തരം സ്‌നേഹം ഇല്ലാതെ ദൈവവചനം പഠിപ്പിക്കുന്നവരെന്ന നിലയിൽ യഥാർഥ യോഗ്യതയിൽ എത്തിച്ചേരാൻ നമുക്കാവില്ല. ഇതു വ്യക്തമായി തിരിച്ചറിയുന്നതിന്‌ യേശുവും പരീശന്മാരും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. മത്തായി 9:36 യേശുവിനെ കുറിച്ച്‌ ഇപ്രകാരം പറയുന്നു: “അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു.” എന്നാൽ, സാധാരണ ജനത്തെ പരീശന്മാർ വീക്ഷിച്ചത്‌ എങ്ങനെയാണ്‌? അവർ പറഞ്ഞു: “ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (യോഹന്നാൻ 7:49) എത്ര പുച്ഛത്തോടെയാണു പരീശന്മാർ ആളുകളെ വീക്ഷിച്ചിരുന്നത്‌! അവർക്ക്‌ ആ ജനത്തോട്‌ ഒട്ടും സ്‌നേഹമില്ലായിരുന്നു. തീർച്ചയായും യഹോവയുടെ ആത്മാവ്‌ അവരിൽ പ്രവർത്തിച്ചിരുന്നില്ല.

14. ശുശ്രൂഷയിൽ സ്‌നേഹം പ്രകടമാക്കുന്നതിൽ യേശു വെച്ച മാതൃക നമുക്ക്‌ എന്തു പ്രചോദനം നൽകണം?

14 യേശുവിന്‌ ആളുകളോടു സഹാനുഭൂതി തോന്നി. അവരുടെ വേദന സംബന്ധിച്ച്‌ അവൻ ബോധവാനായിരുന്നു. ഇടയനില്ലാത്ത ആടുകളെപ്പോലെ അവർ ദ്രോഹിക്കപ്പെട്ടവരും തൊലിയുരിക്കപ്പെട്ടവരും ചിന്നിക്കപ്പെട്ടവരും ആണെന്ന്‌ അവന്‌ അറിയാമായിരുന്നു. ‘മനുഷ്യനിലുള്ളതു എന്തു എന്നു [യേശു] അറിഞ്ഞിരുന്നു’ എന്ന്‌ യോഹന്നാൻ 2:25 നമ്മോടു പറയുന്നു. സൃഷ്ടിയുടെ സമയത്ത്‌ അവനായിരുന്നു യഹോവയുടെ വിദഗ്‌ധ ശിൽപ്പി. അതുകൊണ്ടുതന്നെ മനുഷ്യ പ്രകൃതം സംബന്ധിച്ച്‌ യേശുവിന്‌ അഗാധമായ ഗ്രാഹ്യം ഉണ്ടായിരുന്നു. (സദൃശവാക്യങ്ങൾ 8:30, 31) ആ ഗ്രാഹ്യം അവന്റെ സ്‌നേഹത്തെ ആഴമുള്ളതാക്കി. എല്ലായ്‌പോഴും അത്തരം സ്‌നേഹം ആയിരിക്കട്ടെ നമ്മുടെ പ്രസംഗപ്രവർത്തനത്തിന്റെ പിന്നിലെ പ്രേരക ഘടകം! ഇക്കാര്യത്തിൽ ഇനിയും പുരോഗതി വരുത്തേണ്ടതുണ്ടെന്നു തോന്നുന്നെങ്കിൽ, നമുക്ക്‌ യഹോവയുടെ പരിശുദ്ധാത്മാവിനായി പ്രാർഥിക്കുകയും നമ്മുടെ പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യാം. യഹോവ ഉത്തരം നൽകും. സുവാർത്ത പ്രസംഗിക്കുന്നതിനുള്ള എല്ലാ യോഗ്യതകളും ഉണ്ടായിരുന്ന ക്രിസ്‌തുവിനെപ്പോലെ ആയിത്തീരുന്നതിൽ പുരോഗതി വരുത്താൻ നമ്മെ സഹായിക്കുന്നതിന്‌ അവൻ ആ അപ്രതിരോധ്യ ശക്തിയെ അയയ്‌ക്കും.

15. യെശയ്യാവു 61:1-3-ലെ വാക്കുകൾ യേശുവിനു ബാധകമായത്‌ എങ്ങനെ, ഒപ്പം അതു ശാസ്‌ത്രിമാരുടെയും പരീശന്മാരുടെയും കാപട്യം തുറന്നുകാട്ടിയത്‌ എങ്ങനെ?

15 യേശുവിന്‌ എവിടെനിന്നാണു യോഗ്യത ലഭിച്ചത്‌? ‘കർത്താവിന്റെ [യഹോവയുടെ] ആത്മാവ്‌ എന്റെമേൽ ഉണ്ട്‌’ എന്ന്‌ അവൻ പറഞ്ഞു. (ലൂക്കൊസ്‌ 4:17-21) അതേ, യഹോവതന്നെ തന്റെ പരിശുദ്ധാത്മാവിനാൽ യേശുവിനെ നിയമിക്കുകയായിരുന്നു. അതിലും വലിയ ഒരു സാക്ഷ്യപ്പെടുത്തലിന്റെ ആവശ്യം യേശുവിന്‌ ഇല്ലായിരുന്നു. എന്നാൽ അന്നത്തെ മതനേതാക്കന്മാരോ? അവർ പരിശുദ്ധാത്മാവിനാലാണോ നിയമിക്കപ്പെട്ടത്‌? ഒരിക്കലുമല്ല. യേശു ഉച്ചത്തിൽ വായിച്ച്‌ തനിക്കുതന്നെ ബാധകമാക്കിയ യെശയ്യാവു 61:1-3-ലെ ആ പ്രവചനം നിവർത്തിക്കാൻ അവർ സജ്ജരുമായിരുന്നില്ല. കപടഭക്തരായ ശാസ്‌ത്രിമാരും പരീശന്മാരും ആ യോഗ്യതയിൽ എത്തിച്ചേരുകയുണ്ടായോ എന്ന്‌ ആ വാക്യങ്ങൾ വായിച്ച്‌ നിങ്ങൾ സ്വയം പരിശോധിച്ചു നോക്കുക. ദരിദ്രരോടു ഘോഷിക്കാൻ അവരുടെ പക്കൽ സുവാർത്ത ഉണ്ടായിരുന്നില്ല. ആത്മീയ അർഥത്തിൽ അവർതന്നെ കുരുടന്മാരും മനുഷ്യ പാരമ്പര്യങ്ങളുടെ അടിമകളും ആയിരിക്കെ, ബദ്ധന്മാരോടു വിടുതലിനെയും കുരുടന്മാരോടു കാഴ്‌ചയെയും കുറിച്ചു പ്രസംഗിക്കാൻ അവർക്ക്‌ എങ്ങനെ കഴിയുമായിരുന്നു? ആ മതനേതാക്കന്മാരിൽനിന്നു വ്യത്യസ്‌തരായി ആളുകളെ പഠിപ്പിക്കാൻ നാം യോഗ്യരാണോ?

16. ശുശ്രൂഷകരെന്ന നിലയിലുള്ള തങ്ങളുടെ യോഗ്യത സംബന്ധിച്ച്‌ ഇന്ന്‌ യഹോവയുടെ ജനത്തിന്‌ എന്ത്‌ ആത്മവിശ്വാസം ഉണ്ടായിരിക്കാവുന്നതാണ്‌?

16 ക്രൈസ്‌തവലോകത്തിലെ ഉന്നത പാഠശാലകളിലൊന്നും നാം പഠിച്ചിട്ടില്ല എന്നതു ശരിതന്നെ. ദൈവശാസ്‌ത്ര സെമിനാരികളിൽനിന്ന്‌ ഉപദേഷ്ടാക്കളായുള്ള നിയമനവും നമുക്കു കിട്ടിയിട്ടില്ല. അതുകൊണ്ട്‌, നമുക്ക്‌ എന്തെങ്കിലും യോഗ്യതക്കുറവ്‌ ഉണ്ടെന്നാണോ അർഥം? ഒരിക്കലുമല്ല! യഹോവയാം ദൈവമാണ്‌ നമുക്കു നിയമനം നൽകിയിരിക്കുന്നത്‌. (യെശയ്യാവു 43:10-12) നാം അവന്റെ ആത്മാവിനായി പ്രാർഥിക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ, നാം പൂർണ യോഗ്യത പ്രാപിക്കും. നാം അപൂർണരാണ്‌ എന്നുള്ളതു ശരിയാണ്‌, മഹാഗുരുവായ യേശു വെച്ച മാതൃക അതേപടി പകർത്താൻ നമുക്കു സാധിക്കുകയില്ല. എന്നിരുന്നാലും, തന്റെ വചനം പഠിപ്പിക്കുന്നവരെന്ന നിലയിൽ നമ്മെ യോഗ്യരും സജ്ജരും ആക്കുന്നതിന്‌ യഹോവ തന്റെ ആത്മാവിനെ ഉപയോഗിക്കുന്നതിൽ നാം നന്ദിയുള്ളവരല്ലേ?

യഹോവയുടെ സംഘടന നമ്മെ യോഗ്യരാക്കുന്നു

17-19. യഹോവയുടെ സംഘടന ക്രമീകരിച്ചിരിക്കുന്ന അഞ്ചു പ്രതിവാര യോഗങ്ങൾ ശുശ്രൂഷകരെന്ന നിലയിൽ യോഗ്യത നേടാൻ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

17 അവസാനമായി, തന്റെ വചനം പഠിപ്പിക്കുന്നവരെന്ന നിലയിൽ നമ്മെ പൂർണമായി സജ്ജരാക്കാൻ യഹോവ ഉപയോഗിക്കുന്ന മൂന്നാമത്തെ സരണിയെ കുറിച്ചു നമുക്കു ചർച്ച ചെയ്യാം. അത്‌ അവന്റെ ഭൗമിക സഭ അഥവാ സംഘടന ആണ്‌. ശുശ്രൂഷകരായിരിക്കാൻ അതു നമ്മെ പരിശീലിപ്പിക്കുന്നു. എങ്ങനെ? നാം ആസ്വദിക്കുന്ന പ്രബോധന പരിപാടികളെ കുറിച്ചു ചിന്തിക്കുക! നാം സാധാരണ ഓരോ വാരത്തിലും അഞ്ചു ക്രിസ്‌തീയ യോഗങ്ങളിൽ ഹാജരാകുന്നു. (എബ്രായർ 10:24, 25) സഭാ പുസ്‌തക അധ്യയനത്തിനായി നാം ചെറിയ കൂട്ടങ്ങളായി കൂടിവരുമ്പോൾ, യഹോവയുടെ സംഘടന പ്രദാനം ചെയ്‌തിരിക്കുന്ന ഒരു പാഠപുസ്‌തകത്തിന്റെ സഹായത്തോടെ നാം ബൈബിളിന്റെ ആഴമായ പഠനം ആസ്വദിക്കുന്നു. അഭിപ്രായം പറയുകയും മറ്റുള്ളവർ പറയുന്ന അഭിപ്രായങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുകവഴി നാം കാര്യങ്ങൾ പഠിക്കുകയും പരസ്‌പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പുസ്‌തക അധ്യയന മേൽവിചാരകനിൽ നിന്ന്‌ നമുക്കു വ്യക്തിപരമായ പ്രബോധനവും ശ്രദ്ധയും ലഭിക്കുന്നു. പരസ്യ യോഗത്തിൽനിന്നും വീക്ഷാഗോപുര അധ്യയനത്തിൽനിന്നും നമുക്ക്‌ സമ്പുഷ്ടമായ ആത്മീയ ആഹാരം സമൃദ്ധമായി ലഭിക്കുന്നു.

18 എങ്ങനെ പഠിപ്പിക്കണം എന്നതു സംബന്ധിച്ചു നമുക്കു നിർദേശങ്ങൾ നൽകാൻ ഉദ്ദേശിച്ചുള്ളതാണ്‌ നമ്മുടെ ദിവ്യാധിപത്യ ശുശ്രൂഷാ സ്‌കൂൾ. വിദ്യാർഥി-പ്രസംഗങ്ങൾ തയ്യാറാകുന്നതിലൂടെ വ്യത്യസ്‌ത വിഷയങ്ങളെ കുറിച്ചു പഠിപ്പിക്കാൻ ദൈവവചനം എങ്ങനെ ഉപയോഗിക്കണം എന്നു നാം പഠിക്കുന്നു. (1 പത്രൊസ്‌ 3:15) നന്നായി അറിയാമെന്നു കരുതിയ ഒരു വിഷയത്തെ കുറിച്ച്‌ ഒരു പ്രസംഗം നടത്താൻ നിയമനം ലഭിക്കുകയും അതു തയ്യാറാകവേ പുതിയ ആശയങ്ങൾ പഠിക്കാൻ കഴിയുകയും ചെയ്‌ത അനുഭവം നിങ്ങൾക്ക്‌ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? അതു സാധാരണമായ ഒരു അനുഭവമാണ്‌. ഏതെങ്കിലും വിഷയത്തെ കുറിച്ചുള്ള നമ്മുടെ പരിജ്ഞാനത്തിനു മൂർച്ച വരുത്തുന്നതിനുള്ള ഏറ്റവും മികച്ച മാർഗം അതു മറ്റുള്ളവരെ പഠിപ്പിക്കുന്നതാണ്‌. ഇനി ഒരു പരിപാടി നടത്തുന്നത്‌ മറ്റാരെങ്കിലും ആണെങ്കിൽ പോലും മെച്ചപ്പെട്ട അധ്യാപകരായിത്തീരാൻ നാം സഹായിക്കപ്പെടുന്നു. കാരണം, ഓരോ വിദ്യാർഥിയിലും നാം നല്ല ഗുണങ്ങൾ നിരീക്ഷിക്കുന്നു, അവ എങ്ങനെ അനുകരിക്കാമെന്നു നമുക്കു ചിന്തിക്കാൻ കഴിയും.

19 ദൈവവചനം പഠിപ്പിക്കുന്നവരെന്ന നിലയിൽ നമ്മെ സജ്ജരാക്കാൻ ഉദ്ദേശിച്ചുള്ളതാണ്‌ സേവനയോഗവും. നമ്മുടെ ശുശ്രൂഷയോടു ബന്ധപ്പെട്ട ജീവസുറ്റ പ്രസംഗങ്ങളും ചർച്ചകളും പ്രകടനങ്ങളും വാരംതോറും നാം ആസ്വദിക്കുന്നു. നാം ഏത്‌ അവതരണം ഉപയോഗിക്കും? പരസ്യ ശുശ്രൂഷയിൽ ഉയർന്നു വന്നേക്കാവുന്ന പ്രത്യേക വെല്ലുവിളികളെ നമുക്ക്‌ എങ്ങനെ തരണം ചെയ്യാനാകും? കൂടുതൽ പ്രാവീണ്യം നേടേണ്ട, പ്രസംഗവേലയുടെ ഏതെല്ലാം മണ്ഡലങ്ങളാണു നമ്മുടെ മുമ്പാകെ തുറന്നുകിടക്കുന്നത്‌? മടക്കസന്ദർശനങ്ങളും ബൈബിൾ അധ്യയനങ്ങളും നടത്തുമ്പോൾ നമുക്ക്‌ എങ്ങനെ കൂടുതൽ ഫലപ്രദരായ അധ്യാപകരായിരിക്കാൻ കഴിയും? (1 കൊരിന്ത്യർ 9:19-22) ഇതുപോലുള്ള ചോദ്യങ്ങൾ ആണ്‌ സേവനയോഗത്തിൽ പ്രതിപാദിക്കുകയും വിശദമായി പരിചിന്തിക്കുകയും ചെയ്യുന്നത്‌. നമ്മുടെ മർമപ്രധാന വേലയ്‌ക്കായി നമ്മെ സജ്ജരാക്കുന്നതിന്‌ യഹോവയുടെ സംഘടന പ്രദാനം ചെയ്യുന്ന മറ്റൊരു ഉപകരണമായ നമ്മുടെ രാജ്യ ശുശ്രൂഷയിലെ ലേഖനങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ഇതിലെ പല പരിപാടികളും നടത്തുന്നത്‌.

20. യോഗങ്ങളിൽനിന്നും സമ്മേളനങ്ങളിൽനിന്നും നമുക്കു പൂർണ പ്രയോജനം നേടാൻ സാധിക്കുന്നത്‌ എങ്ങനെ?

20 യോഗങ്ങൾക്കു തയ്യാറാകുകയും അതിനു ഹാജരാകുകയും പഠിച്ച കാര്യങ്ങൾ അധ്യാപകരെന്ന നിലയിലുള്ള നമ്മുടെ വേലയ്‌ക്കു ബാധകമാക്കുകയും ചെയ്യുന്നതിലൂടെ നമുക്കു വിപുലമായ പരിശീലനം ലഭിക്കുന്നു. എന്നാൽ അതു മാത്രമല്ല ഉള്ളത്‌. ദൈവവചനത്തിന്റെ അധ്യാപകരെന്ന നിലയിൽ നമ്മെ സജ്ജരാക്കാൻ പര്യാപ്‌തമായ കൂടുതൽ വലിയ യോഗങ്ങളും​—⁠സമ്മേളനങ്ങളും കൺവെൻഷനുകളും​—⁠നമുക്കായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ബുദ്ധിയുപദേശങ്ങൾ ശ്രദ്ധാപൂർവം കേൾക്കാനും അവ ബാധകമാക്കാനും നാം എത്ര ആകാംക്ഷയുള്ളവരാണ്‌!​—⁠ലൂക്കൊസ്‌ 8:⁠18.

21. നമ്മുടെ പരിശീലനം ഫലപ്രദമായിരിക്കുന്നു എന്നതിന്‌ എന്തു തെളിവുണ്ട്‌, അതിനുള്ള ബഹുമതി ആർക്ക്‌ അവകാശപ്പെട്ടതാണ്‌?

21 യഹോവ പ്രദാനം ചെയ്‌തിരിക്കുന്ന പരിശീലനം ഫലപ്രദമായിരുന്നിട്ടുണ്ടോ? വസ്‌തുതകൾതന്നെ അതിന്‌ ഉത്തരം നൽകട്ടെ. ഓരോ വർഷവും ലക്ഷക്കണക്കിന്‌ ആളുകൾക്ക്‌ അടിസ്ഥാന ബൈബിൾ ഉപദേശങ്ങൾ പഠിക്കുന്നതിനും ദൈവം അവരിൽ നിന്ന്‌ ആവശ്യപ്പെടുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതിനും സഹായം ലഭിക്കുന്നു. നമ്മുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ നമ്മിൽ ആർക്കും വ്യക്തിപരമായി അതിന്റെ ബഹുമതി അവകാശപ്പെടാനാവില്ല. യേശു ചെയ്‌തതുപോലെ യാഥാർഥ്യബോധത്തോടെ നാം കാര്യങ്ങളെ വീക്ഷിക്കണം. അവൻ ഇപ്രകാരം പറഞ്ഞു: “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല.” പണ്ടത്തെ അപ്പൊസ്‌തലന്മാരെ പോലെ നമ്മിൽ മിക്കവരും പഠിപ്പില്ലാത്തവരും സാധാരണക്കാരും ആണ്‌. (യോഹന്നാൻ 6:44; പ്രവൃത്തികൾ 4:13) നമ്മുടെ വിജയം യഹോവയെ ആശ്രയിച്ചിരിക്കുന്നു. അവനാണ്‌ ആത്മാർഥഹൃദയരെ സത്യത്തിലേക്ക്‌ ആകർഷിക്കുന്നത്‌. അപ്പൊസ്‌തലനായ പൗലൊസ്‌ അതേക്കുറിച്ച്‌ ഇങ്ങനെ പ്രസ്‌താവിച്ചു: “ഞാൻ നട്ടു, അപ്പൊല്ലോസ്‌ നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു.”​—⁠1 കൊരിന്ത്യർ 3:⁠6.

22. ക്രിസ്‌തീയ ശുശ്രൂഷയിൽ പൂർണമായി പങ്കെടുക്കുന്നതിൽനിന്നു നമ്മെ പിന്തിരിപ്പിക്കാൻ നിരുത്സാഹത്തെ അനുവദിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

22 അതേ, ദൈവവചനം പഠിപ്പിക്കുകയെന്ന നമ്മുടെ വേലയിൽ യഹോവയാം ദൈവം സജീവമായി ഉൾപ്പെട്ടിരിക്കുന്നു. പഠിപ്പിക്കാനുള്ള യോഗ്യത ഉണ്ടെന്ന്‌ നമുക്ക്‌ എല്ലായ്‌പോഴും തോന്നുകയില്ലായിരിക്കാം. എന്നാൽ, യഹോവയാണ്‌ ആളുകളെ തന്നിലേക്കും തന്റെ പുത്രനിലേക്കും ആകർഷിക്കുന്നത്‌ എന്ന്‌ ഓർക്കുക. ആ പുതിയ വ്യക്തികളെ നമ്മുടെ ശുശ്രൂഷയിലൂടെ സഹായിക്കാൻ തന്റെ വചനവും പരിശുദ്ധാത്മാവും ഭൗമിക സംഘടനയും മുഖാന്തരം നമ്മെ യോഗ്യരാക്കുന്നത്‌ യഹോവയാണ്‌. യഹോവയുടെ പരിശീലനത്തിനു ചേർച്ചയിൽ നമുക്കു പ്രവർത്തിക്കാം. ദൈവവചനം പഠിപ്പിക്കുന്നവരെന്ന നിലയിൽ നമ്മെ പൂർണമായി സജ്ജരാക്കാൻ അവൻ ഇപ്പോൾ നമുക്കു പ്രദാനം ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും നമുക്കു പ്രയോജനപ്പെടുത്താം!

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• പ്രസംഗ പ്രവർത്തനത്തിനു ബൈബിൾ നമ്മെ സജ്ജരാക്കുന്നത്‌ എങ്ങനെ?

• ശുശ്രൂഷകരെന്ന നിലയിൽ നമ്മെ യോഗ്യരാക്കുന്നതിൽ പരിശുദ്ധാത്മാവ്‌ എന്തു പങ്കു വഹിക്കുന്നു?

• സുവാർത്തയുടെ ഒരു പ്രസംഗകൻ ആയിരിക്കാൻ യഹോവയുടെ ഭൗമിക സംഘടന നിങ്ങളെ ഏതെല്ലാം വിധങ്ങളിൽ സഹായിച്ചിരിക്കുന്നു?

• ശുശ്രൂഷയിൽ നമുക്ക്‌ ആത്മവിശ്വാസത്തോടെ ഏർപ്പെടാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[25-ാം പേജിലെ ചിത്രം]

ദൈവചനം പഠിപ്പിക്കുന്നവൻ എന്ന നിലയിൽ, യേശു ആളുകളോടു സ്‌നേഹം പ്രകടമാക്കി