നിങ്ങൾ തിരഞ്ഞെടുക്കുന്ന തത്ത്വങ്ങൾ
നിങ്ങൾ തിരഞ്ഞെടുക്കുന്ന തത്ത്വങ്ങൾ
തത്ത്വദീക്ഷയുള്ള ഒരു വ്യക്തിയാണോ നിങ്ങൾ? അതോ, അതിനെ ഒരൽപ്പം പഴഞ്ചൻ സംഗതിയായിട്ടാണോ നിങ്ങൾ വീക്ഷിക്കുന്നത്? ഓരോ വ്യക്തിയും, തനിക്കു പ്രധാനമെന്നു തോന്നുന്ന ഏതെങ്കിലും തത്ത്വങ്ങളാൽ നയിക്കപ്പെടുന്നുണ്ട് എന്നതാണു വാസ്‌തവം. തത്ത്വം എന്നു പറയുന്നത് ധാർമിക നിയമങ്ങളിൽ അധിഷ്‌ഠിതമായ ഒരു പെരുമാറ്റച്ചിട്ടയാണ്. തത്ത്വങ്ങൾ നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു, അവ നമ്മുടെ ജീവിതഗതി നിർണയിക്കുന്നു. തത്ത്വങ്ങൾക്ക് ഒരു ദിഗ്‌സൂചകം പോലെ വർത്തിക്കാനാകും.
ദൃഷ്ടാന്തത്തിന്, മത്തായി 7:12-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ സുവർണ നിയമം പിൻപറ്റാൻ യേശു തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.” ദയ, താഴ്‌മ, ആദരവ്, വിശ്വസ്‌തത എന്നിവയ്‌ക്ക് ഊന്നൽ നൽകുന്ന ലീ, ജെൻ തത്ത്വങ്ങൾ കൺഫ്യൂഷ്യസിന്റെ അനുയായികൾ പിൻപറ്റുന്നു. മതവിശ്വാസികൾ അല്ലാത്തവർക്കു പോലും തങ്ങളുടെ പെരുമാറ്റത്തെ നിർണയിക്കുന്നതായ ചില മുൻഗണനകളോ മാർഗരേഖകളോ ഉണ്ട്.
നാം ഏതുതരം തത്ത്വങ്ങൾ തിരഞ്ഞെടുക്കണം?
എന്നാൽ നല്ലതും മോശവുമായ തത്ത്വങ്ങൾ ഉണ്ടെന്ന കാര്യം നാം മനസ്സിൽ പിടിക്കുന്നതു നന്നായിരിക്കും. ഉദാഹരണത്തിന്, കഴിഞ്ഞ ഏതാണ്ടു പത്തു വർഷക്കാലമായി ഏറെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒന്നാണ് ‘ഞാൻ-മുമ്പൻ’ എന്ന പ്രയോഗം. അത്തരമൊരു മനോഭാവത്താൽ സ്വാധീനിക്കപ്പെടുന്നവരുടെ എണ്ണം ഇപ്പോൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. പലർക്കും ആ പ്രയോഗത്തെ കുറിച്ച് അറിയില്ലായിരിക്കാം, അല്ലെങ്കിൽ തങ്ങൾക്ക് അതു ബാധകമല്ലെന്ന് അവർ ചിന്തിച്ചേക്കാം. പക്ഷേ, പെരുമാറ്റം സംബന്ധിച്ച ഉന്നത നിലവാരങ്ങൾ കാറ്റിൽ പറത്തുന്നവർ അറിയാതെതന്നെ ഈ മനോഭാവത്തിനു വഴിപ്പെടുകയാണ്. മേൽപ്പറഞ്ഞ പേരിൽ തിരിച്ചറിയപ്പെട്ടാലും ഇല്ലെങ്കിലും ആ മനോഭാവം സ്വാർഥതയുടെ രൂപത്തിൽ, മിക്കപ്പോഴും ഭൗതികത്വത്തിന്റെ അകമ്പടിയോടെ പ്രത്യക്ഷപ്പെടുന്നു. “നമുക്ക് ആകെ രണ്ടു തത്ത്വങ്ങളേ ഉള്ളൂ,” ചൈനയിലെ ഒരു ടിവി എക്‌സിക്യുട്ടീവ് അഭിപ്രായപ്പെട്ടു. “ഒന്ന് ആവശ്യം തൃപ്‌തിപ്പെടുത്തൽ, മറ്റൊന്ന് പണം ഉണ്ടാക്കൽ.”
‘ഞാൻ-മുമ്പൻ’ മനോഭാവത്തിന് ഒരു കാന്തം പോലെ പ്രവർത്തിക്കാനാകും. ഒരു കാന്തം ദിഗ്‌സൂചകത്തിന്മേൽ എന്തു ഫലമാണ് ഉളവാക്കുന്നത്? രണ്ടും അടുത്തടുത്തു വെച്ചാൽ ദിഗ്‌സൂചകത്തിന്റെ സൂചിക്കു പിഴവു സംഭവിക്കും. സമാനമായി, ‘ഞാൻ-മുമ്പൻ’ മനോഭാവം ഒരു വ്യക്തിയെ മറ്റെന്തിനെക്കളും ഉപരി സ്വന്ത താത്‌പര്യങ്ങൾക്കു മുൻതൂക്കം നൽകാൻ പ്രേരിപ്പിച്ചുകൊണ്ട് അയാളുടെ ധാർമിക ദിഗ്‌സൂചകത്തെ അഥവാ പെരുമാറ്റച്ചിട്ടകളെ വഴിതെറ്റിച്ചേക്കാം.
‘ഞാൻ-മുമ്പൻ’ മനോഭാവം ഒരു ആധുനിക പ്രതിഭാസമല്ലെന്ന് അറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടുമോ? ജീവിതത്തോടുള്ള ഈ സമീപനം ഉത്ഭവിച്ചത് ഏദെൻ തോട്ടത്തിലാണ്, പെരുമാറ്റം സംബന്ധിച്ച് സ്രഷ്ടാവ് വെച്ച മാനദണ്ഡങ്ങൾ നമ്മുടെ ആദ്യ മാതാപിതാക്കൾ അവഗണിച്ചപ്പോൾ. അതുവഴി അവരുടെ ധാർമിക ദിഗ്‌സൂചകത്തിനു പിഴവു സംഭവിച്ചു. ആദാമിന്റെയും ഹവ്വായുടെയും പിൻഗാമികളെന്ന നിലയിൽ മനുഷ്യർക്ക് ജീവിതത്തോട് ഇതേ സമീപനമാണ് ഉള്ളത്. അടുത്തകാലത്ത് അതിന് ‘ഞാൻ-മുമ്പൻ’ മനോഭാവം എന്ന പേരു ലഭിച്ചിരിക്കുന്നുവെന്നു മാത്രം.—ഉല്‌പത്തി 3:6-8, 12.
“ദുർഘടസമയങ്ങൾ” അടയാളമായുള്ള, “അന്ത്യകാല”മെന്നു ബൈബിൾ പ്രവചനങ്ങൾ വിശേഷിപ്പിക്കുന്ന സമയത്ത് ഈ മനോഭാവം വിശേഷിച്ചും പ്രകടമായിത്തീർന്നിരിക്കുന്നു. പല ആളുകളും “സ്വസ്‌നേഹിക”ളാണ്. ‘ഞാൻ-മുമ്പൻ’ മനോഭാവം പകർത്താനുള്ള സമ്മർദം 2 തിമൊഥെയൊസ് 3:1-5.
നമുക്ക് അനുഭവപ്പെടുന്നതിൽ അതിശയിക്കാനില്ല.—ഓലഫ് എന്ന യുവാവ് യഹോവയുടെ സാക്ഷികളുടെ യൂറോപ്പിലെ ഒരു ബ്രാഞ്ചിലേക്ക് ഇങ്ങനെ എഴുതി: “ധാർമികനിഷ്‌ഠയുള്ളവരായി നിലകൊള്ളുക എന്നത് ദുഷ്‌കരമായ ഒരു കാര്യമാണ്, വിശേഷിച്ചും യുവപ്രായക്കാരായ ഞങ്ങൾക്ക്. ബൈബിൾ തത്ത്വങ്ങളോടു പറ്റിനിൽക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഞങ്ങളെ ഓർമിപ്പിച്ചുകൊണ്ടിരിക്കണമെന്ന് അഭ്യർഥിക്കുന്നു.” ഓലഫിന്റെ ഈ വാക്കുകളോടു നിങ്ങളും യോജിച്ചേക്കാം.
വിവേചനയോടു കൂടിയ ഒരു വീക്ഷണമാണ് ഓലഫ് പ്രകടമാക്കിയിരിക്കുന്നത്. പെരുമാറ്റം സംബന്ധിച്ച ഉയർന്ന മാനദണ്ഡങ്ങളോടു പറ്റിനിൽക്കാൻ ദൈവിക തത്ത്വങ്ങൾ പ്രായഭേദമന്യേ നമ്മെ ഏവരെയും സഹായിക്കും. ‘ഞാൻ-മുമ്പൻ’ മനോഭാവത്തെ ചെറുത്തുനിൽക്കാനും അതു നമ്മെ പ്രാപ്‌തരാക്കും. ബൈബിൾ തത്ത്വങ്ങൾ നിങ്ങളെ യഥാർഥത്തിൽ എങ്ങനെ സഹായിക്കുമെന്നു മനസ്സിലാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി അടുത്ത ലേഖനം വായിക്കുക.
[4-ാം പേജിലെ ചിത്രങ്ങൾ]
ഇന്ന് പലരും മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ല