വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

“പാപത്തോടു പോരാടുന്നതിൽ നിങ്ങൾ ഇതുവരെ പ്രാണത്യാഗത്തോളം എതിർത്തുനിന്നിട്ടില്ല” എന്ന എബ്രായർ 12:​4-ലെ പ്രസ്‌താവനയുടെ അർഥമെന്ത്‌?

‘പ്രാണത്യാഗത്തോളം എതിർത്തുനിൽക്കുക’ എന്ന പ്രയോഗം, അക്ഷരാർഥത്തിൽ ഒരുവന്റെ പ്രാണരക്തം ചിന്തിക്കൊണ്ടു മരണത്തോളം ചെറുത്തുനിൽക്കുന്നതിനെ സൂചിപ്പിക്കുന്നു.

തങ്ങളുടെ വിശ്വാസത്തെ പ്രതി ചില എബ്രായ ക്രിസ്‌ത്യാനികൾക്ക്‌ അപ്പോൾത്തന്നെ “കഷ്ടങ്ങളാൽ വളരെ പോരാട്ടം” കഴിക്കേണ്ടിവന്നിട്ടുണ്ടെന്ന്‌ അപ്പൊസ്‌തലനായ പൗലൊസിന്‌ അറിയാമായിരുന്നു. (എബ്രായർ 10:32, 33) ഇവിടെ അപ്പൊസ്‌തലനായ പൗലൊസ്‌ ഓട്ടപ്പന്തയം, മൽപ്പിടിത്തം, മുഷ്ടിയുദ്ധം, ഡിസ്‌കസ്‌ ത്രോ, ജാവലിൻ ത്രോ എന്നീ ഇനങ്ങൾ ഉൾപ്പെട്ടേക്കാവുന്ന ഒരു ഗ്രീക്ക്‌ കായിക മത്സരത്തിൽ നടന്നിരുന്ന പോരാട്ടത്തെ കുറിച്ചുള്ള അലങ്കാരം ഉപയോഗിക്കുന്നതായി കാണപ്പെടുന്നു. അതിൻപ്രകാരം, എബ്രായർ 12:​1-ൽ അവൻ സഹക്രിസ്‌ത്യാനികളെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നാമും . . . സകല ഭാരവും മുറുകെ പററുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ [“സഹിഷ്‌ണുതയോടെ,” NW] ഓടുക.”​—⁠ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.

മൂന്നു വാക്യങ്ങൾക്കു ശേഷം, എബ്രായർ 12:4-ൽ പൗലൊസ്‌ ഓട്ടമത്സരത്തെ കുറിച്ചുള്ള അലങ്കാരത്തിൽനിന്ന്‌ മുഷ്ടിയുദ്ധ മത്സരത്തിന്റേതിലേക്കു കടക്കുകയായിരുന്നിരിക്കാം. (1 കൊരിന്ത്യർ 9:​26-ൽ അവ രണ്ടും പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.) പുരാതനകാലത്ത്‌ മുഷ്ടിയുദ്ധം ചെയ്യുന്നവരുടെ മുഷ്ടികളും കൈക്കുഴകളും തോൽവാറുകൾകൊണ്ടു പൊതിഞ്ഞുകെട്ടുമായിരുന്നു. ഈ തോൽവാറുകൾ “ഈയമോ ഇരുമ്പോ ലോഹക്കഷണങ്ങളോ” ഉപയോഗിച്ച്‌ കനം വരുത്തുക പോലും ചെയ്‌തിരുന്നു. “അവ മുഷ്ടിയുദ്ധത്തിൽ ഏർപ്പെടുന്നവർക്കു ഗുരുതരമായ പരിക്കുകൾ ഏൽപ്പിച്ചിരുന്നു.” മൃഗീയമായ ആ മത്സരക്കളികൾ രക്തവാർച്ചയ്‌ക്ക്‌ ഇടയാക്കിയിരുന്നു, ചിലപ്പോൾ മരണത്തിനു പോലും.

“പ്രാണത്യാഗത്തോളം” അതായത്‌ മരണത്തോളംതന്നെ, പീഡനവും മൃഗീയമായ ഉപദ്രവവും സഹിച്ചിട്ടുള്ള വിശ്വസ്‌ത ദൈവദാസരുടെ അനേകം ദൃഷ്ടാന്തങ്ങൾ എബ്രായ ക്രിസ്‌ത്യാനികൾക്ക്‌ ഉണ്ടായിരുന്നു. പുരാതന വിശ്വസ്‌തർ സ്വീകരിച്ച ആ ഗതിയിലേക്ക്‌ പൗലൊസ്‌ ശ്രദ്ധ ക്ഷണിക്കുന്ന സന്ദർഭം ശ്രദ്ധിക്കുക:

“[അവർ] കല്ലേറു ഏററു, ഈർച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു.” അതിനുശേഷം നമ്മുടെ വിശ്വാസത്തെ പൂർത്തീകരിക്കുന്നവനായ യേശുവിലേക്ക്‌ പൗലൊസ്‌ ശ്രദ്ധ ക്ഷണിച്ചു: “അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്‌തു.”​—⁠എബ്രായർ 11:37; 12:⁠2.

അതേ, പലരും “പ്രാണത്യാഗത്തോളം” അഥവാ മരണത്തോളം എതിർത്തുനിന്നു. വിശ്വാസമില്ലായ്‌മ എന്ന പാപത്തിനെതിരെയുള്ള ആന്തരിക പോരാട്ടത്തിൽ കവിഞ്ഞ ഒന്നായിരുന്നു അവരുടെ ചെറുത്തുനിൽപ്പ്‌. മൃഗീയമായ ബാഹ്യ ഉപദ്രവത്തിനു കീഴിൽ, മരണത്തോളം, അവർ തങ്ങളുടെ വിശ്വസ്‌തത കാത്തുസൂക്ഷിച്ചു.

യെരൂശലേം സഭയിലെ പുതിയവർ, ഒരുപക്ഷേ മുൻകാലത്തെ രൂക്ഷമായ പീഡനങ്ങൾ കെട്ടടങ്ങിയ ശേഷം ക്രിസ്‌ത്യാനികൾ ആയിത്തീർന്നവർ, അത്തരം കടുത്ത പരിശോധനകൾ ഒരിക്കലും നേരിട്ടിട്ടില്ലായിരുന്നു. (പ്രവൃത്തികൾ 7:54-60; 12:1, 2; എബ്രായർ 13:7) എന്നിരുന്നാലും അത്ര കഠിനമല്ലാത്ത പരിശോധനകൾ പോലും, പോരാട്ടം തുടരുന്നതിൽനിന്നു ചിലരെ നിരുത്സാഹപ്പെടുത്തിയിരുന്നു. അവർ “ഉള്ളിൽ ക്ഷീണിച്ചു മടു”ത്തു തുടങ്ങിയിരുന്നു. (എബ്രായർ 12:3) അവർ പക്വതയിലേക്കു പുരോഗമിക്കേണ്ടിയിരുന്നു. എന്തു വന്നാലും​—⁠തങ്ങളുടെ പ്രാണരക്തം ചിന്തേണ്ടിവരുന്ന ഘട്ടത്തിൽപോലും​—⁠സഹിച്ചുനിൽക്കാനുള്ള പ്രാപ്‌തി അത്‌ അവരിൽ വളർത്തിയെടുക്കുമായിരുന്നു.​—⁠എബ്രായർ 6:1, 2, NW; 12:7-11.

ആധുനിക കാലത്തെ ഒട്ടേറെ ക്രിസ്‌ത്യാനികൾ “പ്രാണത്യാഗത്തോളം” എതിർത്തുനിന്നിട്ടുണ്ട്‌. തങ്ങളുടെ ക്രിസ്‌തീയ വിശ്വാസത്തിൽ വിട്ടുവീഴ്‌ച കാണിക്കാതിരുന്നതിനാൽ അവർ വധിക്കപ്പെട്ടിരിക്കുന്നു. എബ്രായർ 12:​4-ലെ പൗലൊസിന്റെ വാക്കുകൾ നമ്മെ ഭയപ്പെടുത്തേണ്ടതില്ല. പകരം, ദൈവത്തോടുള്ള വിശ്വസ്‌തത പാലിക്കുന്നതിനായി ഏതു ഘട്ടത്തോളം പോകാൻ നാം ദൃഢചിത്തരാണ്‌ എന്നതിന്റെ സൂചന നൽകുന്ന ഒരു വാക്യമായി നമുക്ക്‌ അതിനെ വീക്ഷിക്കാം. എബ്രായർക്കുള്ള അതേ ലേഖനത്തിൽ പിന്നീട്‌ പൗലൊസ്‌ ഇങ്ങനെ എഴുതി: “നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്‌ക.”​—⁠എബ്രായർ 12:⁠28.