വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മത്യാഗ മനോഭാവത്തോടെ സേവിക്കുന്നു

ആത്മത്യാഗ മനോഭാവത്തോടെ സേവിക്കുന്നു

ജീവിത കഥ

ആത്മത്യാഗ മനോഭാവത്തോടെ സേവിക്കുന്നു

ഡോൺ റെൻഡെൽ പറഞ്ഞപ്രകാരം

എന്റെ അമ്മ 1927-ൽ മരിച്ചു, എനിക്കന്ന്‌ വെറും അഞ്ചു വയസ്സ്‌. എങ്കിലും അമ്മയുടെ വിശ്വാസം എന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്‌. എങ്ങനെയെന്നല്ലേ, പറയാം.

വിവാഹ സമയത്ത്‌ അമ്മ ‘ചർച്ച്‌ ഓഫ്‌ ഇംഗ്ലണ്ട്‌ സഭ’യിലെ അടിയുറച്ച വിശ്വാസിയായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിനു മുമ്പായിരുന്നു അമ്മയുടെ വിവാഹം. അച്ഛൻ അന്ന്‌ പട്ടാളത്തിലായിരുന്നു. 1914-ൽ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. അൾത്താരയെ സൈന്യത്തിലേക്ക്‌ ആളെ ചേർക്കുന്ന ഒരു വേദിയാക്കി മാറ്റിയതിനെ അമ്മ ചോദ്യം ചെയ്‌തപ്പോൾ പള്ളിവികാരിയുടെ മറുപടി ഇതായിരുന്നു: “നിങ്ങൾ വീട്ടിൽ പോകൂ, ഈവക കാര്യങ്ങളെ കുറിച്ചൊന്നും ആലോചിച്ചു വെറുതെ തല പുണ്ണാക്കേണ്ട!” ആ മറുപടി അമ്മയെ ഒട്ടും തൃപ്‌തിപ്പെടുത്തിയില്ല.

ബ്രിട്ടനിലെ സോമർസെറ്റിലുള്ള വെസ്റ്റ്‌ കോക്കർ ഗ്രാമത്തിലായിരുന്നു ഞങ്ങളുടെ താമസം. 1917-ൽ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ, അമ്മ “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” കാണാൻ പോയി. സത്യം കണ്ടെത്തിയെന്ന ബോധ്യത്തോടെ, ചർച്ച്‌ ഓഫ്‌ ഇംഗ്ലണ്ട്‌ സഭ ഉപേക്ഷിച്ച്‌ അമ്മ ബൈബിൾ വിദ്യാർഥികളുമായി​—⁠യഹോവയുടെ സാക്ഷികൾ അന്ന്‌ അറിയപ്പെട്ടിരുന്നത്‌ അങ്ങനെയാണ്‌​—⁠സഹവസിക്കാൻ തുടങ്ങി. ഞങ്ങളുടെ ഗ്രാമത്തോട്‌ ഏറ്റവും അടുത്തുള്ള പട്ടണമായ യോവിലിലുള്ള ഒരു സഭയോടൊത്താണ്‌ അമ്മ സഹവസിച്ചത്‌.

താമസിയാതെ, പുതുതായി കണ്ടെത്തിയ വിശ്വാസം അമ്മ തന്റെ മൂന്ന്‌ സഹോദരിമാരുമായി പങ്കുവെച്ചു. അമ്മയും മില്ലി എന്ന അനുജത്തിയും സൈക്കിളിൽ ഞങ്ങളുടെ ഗ്രാമം മുഴുവൻ ചുറ്റി സഞ്ചരിച്ച്‌ വേദാധ്യയന പത്രിക എന്ന ബൈബിൾ പഠനസഹായി വിതരണം ചെയ്യാറുണ്ടായിരുന്നതിനെ പറ്റി യോവിൽ സഭയിലെ പ്രായമായ സഹോദരങ്ങൾ എന്നോടു പറഞ്ഞിട്ടുണ്ട്‌. സങ്കടകരമെന്നു പറയട്ടെ, മരിക്കുന്നതിനു മുമ്പ്‌ 18 മാസം അമ്മ ക്ഷയരോഗം ബാധിച്ചു കിടപ്പിലായിരുന്നു. ആ രോഗത്തിന്‌ അന്നു ചികിത്സ ഇല്ലായിരുന്നു.

ആത്മത്യാഗ മനോഭാവം പ്രകടമാക്കുന്നു

മില്ലി ആന്റി അന്നു ഞങ്ങളോടൊപ്പമായിരുന്നു താമസം. അമ്മ രോഗം ബാധിച്ചു കിടപ്പിലായപ്പോൾ ആന്റി ആയിരുന്നു ശുശ്രൂഷിച്ചത്‌. എന്നെയും ഏഴു വയസ്സുള്ള പെങ്ങൾ ജോനിനെയും നോക്കിയിരുന്നതും ആന്റിതന്നെ. അമ്മയുടെ മരണശേഷം ഉടനെതന്നെ മില്ലി ആന്റി ഞങ്ങളുടെ പരിപാലന ചുമതല ഏറ്റെടുത്തു. ഒരു ബാധ്യത ഒഴിഞ്ഞുകിട്ടുമല്ലോ എന്ന സന്തോഷത്തിൽ അച്ഛൻ, മില്ലി ആന്റി ഞങ്ങളോടൊപ്പം സ്ഥിരതാമസമാക്കുന്നതിന്‌ ഉടൻ അനുവാദം നൽകി.

ആന്റിയെ വലിയ ഇഷ്ടമായിരുന്നതിനാൽ ഞങ്ങൾക്കും അക്കാര്യത്തിൽ സന്തോഷമായി. എന്നാൽ എന്തിനാണ്‌ ആന്റി അങ്ങനെയൊരു തീരുമാനം എടുത്തത്‌? വർഷങ്ങൾക്കു ശേഷം, ആന്റി ഞങ്ങളോട്‌ അതു പറഞ്ഞു. അമ്മ പാകിയ അടിത്തറയിന്മേൽ പണിയാൻ, അതായത്‌ എന്നെയും ജോനിനെയും ബൈബിൾ സത്യം പഠിപ്പിക്കാൻ, താൻ ബാധ്യസ്ഥയാണ്‌ എന്ന്‌ ആന്റിക്ക്‌ അറിയാമായിരുന്നു. മതത്തിൽ താത്‌പര്യമില്ലായിരുന്ന ഞങ്ങളുടെ അച്ഛൻ അത്‌ ഒരിക്കലും ചെയ്യാൻ പോകുന്നില്ലെന്നും ആന്റി മനസ്സിലാക്കിയിരുന്നു.

തികച്ചും വ്യക്തിപരമായ മറ്റൊരു തീരുമാനവും മില്ലി ആന്റി എടുത്തിട്ടുണ്ട്‌ എന്ന്‌ കാലാന്തരത്തിൽ ഞങ്ങൾക്കു മനസ്സിലായി. ഞങ്ങളുടെ കാര്യങ്ങൾ നന്നായി ശ്രദ്ധിക്കാൻ കഴിയേണ്ടതിന്‌, ഒരിക്കലും വിവാഹം ചെയ്യില്ലെന്ന്‌ ആന്റി തീരുമാനിച്ചിരുന്നു. എത്ര വലിയ ത്യാഗം! ജോനും ഞാനും ആന്റിയോട്‌ എന്നെന്നും നന്ദിയുള്ളവർ ആയിരിക്കും. മില്ലി ആന്റി ഞങ്ങളെ പഠിപ്പിച്ച കാര്യങ്ങളും ഞങ്ങൾക്കായി വെച്ച മാതൃകയും ഒരിക്കലും ഞങ്ങൾ മറന്നിട്ടില്ല.

തീരുമാനം എടുക്കേണ്ടിവന്ന ഒരു സമയം

ജോനും ഞാനും ഞങ്ങളുടെ ഗ്രാമത്തിലെ ‘ചർച്ച്‌ ഓഫ്‌ ഇംഗ്ലണ്ട്‌’ വക ഒരു സ്‌കൂളിലാണു പഠിച്ചത്‌. മതപ്രബോധനങ്ങൾ സംബന്ധിച്ച ഞങ്ങളുടെ ഉറച്ച നിലപാട്‌ മില്ലി ആന്റി അവിടത്തെ ഹെഡ്‌മിസ്‌ട്രസിനെ ധരിപ്പിച്ചിരുന്നു. മറ്റു കുട്ടികൾ വരിവരിയായി പള്ളിയിലേക്കു പോകുമ്പോൾ ഞങ്ങൾ വീട്ടിലേക്കു പോകും, മതപരമായ പ്രബോധനങ്ങൾ നൽകാൻ വികാരി സ്‌കൂളിലേക്കു വരുമ്പോൾ ഞങ്ങൾ മാറിയിരിക്കും. മനപ്പാഠമാക്കാൻ ഞങ്ങൾക്കു തിരുവെഴുത്തു വാക്യങ്ങൾ തന്നിരുന്നു. ഇത്‌ എനിക്കു പിൽക്കാലത്തു വളരെ പ്രയോജനം ചെയ്‌തു, കാരണം ആ ബൈബിൾ വാക്യങ്ങൾ എന്റെ മനസ്സിൽ മായാതെ പതിഞ്ഞിരുന്നു.

അടുത്തുള്ള ഒരു പാൽക്കട്ടി നിർമാണ ഫാക്ടറിയിൽ നാലു വർഷത്തെ തൊഴിൽ പരിശീലനത്തിനായി 14 വയസ്സുള്ളപ്പോൾ ഞാൻ സ്‌കൂൾ വിട്ടു. പിയാനോ വായിക്കാനും ഞാൻ പഠിച്ചു. സംഗീതവും നൃത്തവുമായിരുന്നു എന്റെ ഹോബികൾ. ബൈബിൾ സത്യം ഹൃദയത്തിൽ വേരെടുത്തിരുന്നെങ്കിലും അത്‌ എന്നെ മുഴുവനായി സ്വാധീനിച്ചിരുന്നില്ല. അങ്ങനെയിരിക്കെ, 1940 മാർച്ചിൽ പ്രായമായ ഒരു സാക്ഷി സ്വിൻഡനിലെ സമ്മേളനത്തിൽ സംബന്ധിക്കാൻ അവരോടൊപ്പം ചെല്ലാൻ എന്നെ ക്ഷണിച്ചു. ഞങ്ങളുടെ പ്രദേശത്തുനിന്ന്‌ ഏതാണ്ട്‌ 110 കിലോമീറ്റർ അകലെയായിരുന്നു ആ സ്ഥലം. ബ്രിട്ടനിലെ യഹോവയുടെ സാക്ഷികളുടെ അധ്യക്ഷ ശുശ്രൂഷകനായിരുന്ന ആൽബർട്ട്‌ ഡി. ഷ്രോഡർ ആണ്‌ പരസ്യ പ്രഭാഷണം നടത്തിയത്‌. ആ സമ്മേളനം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.

രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരികൊണ്ടിരുന്ന കാലം. എന്റെ ജീവിതംകൊണ്ട്‌ ഞാൻ എന്താണു ചെയ്യുന്നത്‌ എന്നു ഞാൻ ചിന്തിച്ചു. യോവിലിലെ രാജ്യഹാളിലേക്കു തിരികെ പോകാൻ ഞാൻ തീരുമാനിച്ചു. ഞാൻ സംബന്ധിച്ച ആദ്യത്തെ യോഗത്തിലാണ്‌ തെരുവുസാക്ഷീകരണം നടത്താനുള്ള നിർദേശം സഭാംഗങ്ങൾക്കു ലഭിക്കുന്നത്‌. പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളുവെങ്കിലും, ആ പ്രവർത്തനത്തിൽ പങ്കെടുക്കാൻ ഞാൻ സ്വമേധയാ സമ്മതിച്ചു. ഇത്‌ എന്റെ സുഹൃത്തുക്കളായി ചമഞ്ഞിരുന്നവരെ വിസ്‌മയിപ്പിച്ചു, അരികിലൂടെ കടന്നുപോകുമ്പോൾ അവർ എന്നെ കളിയാക്കുമായിരുന്നു!

ബ്രിസ്റ്റോൾ നഗരത്തിൽവെച്ച്‌ 1940 ജൂണിൽ ഞാൻ സ്‌നാപനമേറ്റു. ഒരു മാസത്തിനുള്ളിൽ ഒരു മുഴുസമയ ശുശ്രൂഷകൻ, സാധാരണ പയനിയർ എന്ന നിലയിൽ ഞാൻ പ്രവർത്തിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ പെങ്ങളും ജലസ്‌നാപനത്താൽ തന്റെ സമർപ്പണം പ്രതീകപ്പെടുത്തിയത്‌ എന്നെ എത്ര സന്തോഷിപ്പിച്ചെന്നോ!

യുദ്ധകാല പയനിയറിങ്‌

യുദ്ധം തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ എന്നെ സൈന്യത്തിൽ ചേർത്തുകൊണ്ടുള്ള നോട്ടീസ്‌ അധികാരികളിൽനിന്ന്‌ എനിക്കു ലഭിച്ചു. മനസ്സാക്ഷി സംബന്ധമായ കാരണത്താൽ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്ന വ്യക്തി എന്ന നിലയിൽ പേർ രജിസ്റ്റർ ചെയ്‌ത എനിക്ക്‌ ബ്രിസ്റ്റോളിലെ കോടതിയിൽ ഹാജരാകേണ്ടിവന്നു. ഗ്ലാസ്റ്റർഷിയറിലെ സിൻഡെർഫൊർഡിലും അതിനുശേഷം വെയിൽസിലെ ഹാവർഫോർഡ്‌വെസ്റ്റിലും കാർമാർഥെനിലും ഞാൻ ജോൺ വിന്നിനോടൊപ്പം പയനിയറിങ്‌ നടത്തുകയായിരുന്നു. * പിന്നീട്‌, കാർമാർഥെനിലെ ഒരു കോടതി വിചാരണയ്‌ക്കു ശേഷം എന്നെ സ്വാൻസി ജയിലിൽ മൂന്നു മാസത്തെ ശിക്ഷയ്‌ക്കു വിധിച്ചു. അതിനു പുറമേ പിഴയായി 1,725 രൂപയും ഞാൻ അടയ്‌ക്കേണ്ടിയിരുന്നു. അക്കാലത്ത്‌ അതു വലിയൊരു തുക ആയിരുന്നു. പിഴ അടയ്‌ക്കാൻ കഴിയാഞ്ഞതിനാൽ മൂന്നു മാസം കൂടി എനിക്കു ജയിലിൽ കിടക്കേണ്ടിവന്നു.

മൂന്നാമത്തെ വിചാരണയുടെ സമയത്ത്‌ കോടതി എന്നോടു ചോദിച്ചു: “‘കൈസർക്കുള്ളതു കൈസർക്കു കൊടുക്കണം’ എന്നു ബൈബിൾ പറയുന്ന കാര്യം നിങ്ങൾക്ക്‌ അറിയില്ലേ?” “ഉവ്വ്‌, എനിക്കറിയാം,” ഞാൻ പറഞ്ഞു. “എന്നാൽ ആ വാക്യം പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ‘ദൈവത്തിനുള്ളതു ദൈവത്തിനു കൊടുക്കാനും’ അതു പറയുന്നുണ്ട്‌. അതാണു ഞാൻ ചെയ്യുന്നത്‌.” (മത്തായി 22:21) ഏതാനും ആഴ്‌ചകൾ കഴിഞ്ഞപ്പോൾ സൈനിക സേവനത്തിൽ നിന്ന്‌ എന്നെ ഒഴിവാക്കിയിരിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള ഒരു കത്ത്‌ എനിക്കു ലഭിച്ചു.

ലണ്ടനിലെ ബെഥേൽ കുടുംബത്തിൽ ചേരാനുള്ള ക്ഷണം 1945-ന്റെ ആരംഭത്തിൽ എനിക്കു ലഭിച്ചു. തുടർന്നുവന്ന ശൈത്യകാലത്ത്‌, ലോകവ്യാപക പ്രസംഗപ്രവർത്തനം സംഘടിപ്പിക്കുന്നതിൽ നേതൃത്വം വഹിച്ചിരുന്ന നേഥൻ എച്ച്‌. നോറും അദ്ദേഹത്തിന്റെ സെക്രട്ടറി മിൽട്ടൺ ഹെൻഷലും ലണ്ടൻ സന്ദർശിച്ചു. മിഷനറി പരിശീലനത്തിനായുള്ള വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിലെ എട്ടാമത്തെ ക്ലാസ്സിലേക്ക്‌ ബ്രിട്ടനിൽനിന്ന്‌ എട്ട്‌ യുവസഹോദരന്മാർ തിരഞ്ഞെടുക്കപ്പെട്ടു, അക്കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു.

മിഷനറി നിയമനങ്ങൾ

ഫായുയി എന്ന കൊച്ചു കോർണിഷ്‌ തുറമുഖത്തുനിന്ന്‌ 1946 മേയ്‌ 23-ന്‌ ‘ലിബർട്ടി’ എന്നു പേരുള്ള ഒരു യുദ്ധകാല കപ്പലിൽ ഞങ്ങൾ യാത്ര തിരിച്ചു. തുറമുഖ ഓഫീസർ ആയിരുന്ന ക്യാപ്‌റ്റൻ കോളിൻസ്‌ യഹോവയുടെ ഒരു സാക്ഷിയായിരുന്നു. ഞങ്ങൾ അവിടം വിട്ടപ്പോൾ, അദ്ദേഹം സൈറൻ മുഴക്കി. ഞങ്ങളുടെ കപ്പൽ ഇംഗ്ലണ്ടിന്റെ തീരത്തുനിന്ന്‌ അകന്നുപോകവേ, സമ്മിശ്ര വികാരങ്ങൾ ഞങ്ങളുടെ മനസ്സിൽ അലയടിച്ചു. അറ്റ്‌ലാന്റിക്‌ സമുദ്രത്തിനു കുറുകെയുള്ള ആ യാത്ര ദുഷ്‌കരമായിരുന്നു. എങ്കിലും, 13 ദിവസത്തിനു ശേഷം ഞങ്ങൾ സുരക്ഷിതരായി ഐക്യനാടുകളിൽ എത്തിച്ചേർന്നു.

ഒഹായോവിലെ ക്ലീവ്‌ലൻഡിൽ 1946 ആഗസ്റ്റ്‌ 4-11 തീയതികളിൽ നടന്ന എട്ടു ദിവസത്തെ അന്താരാഷ്‌ട്ര ‘സന്തുഷ്ട ജനതകൾ ദിവ്യാധിപത്യ സമ്മേളന’ത്തിൽ സംബന്ധിക്കാൻ കഴിഞ്ഞത്‌ അവിസ്‌മരണീയവുമായ ഒരു അനുഭവമായിരുന്നു. 32 രാജ്യങ്ങളിൽ നിന്നുള്ള 302 പേർ ഉൾപ്പെടെ എൺപതിനായിരം ആളുകൾ ആ സമ്മേളനത്തിനു ഹാജരായിരുന്നു. ആ കൺവെൻഷനിൽ വെച്ചാണ്‌ ഉണരുക! * മാസികയുടെയും “ദൈവം സത്യവാൻ” എന്ന ബൈബിൾ പഠന സഹായിയുടെയും പ്രകാശനം നടന്നത്‌, അതു സദസ്യരെ വളരെയധികം പുളകം കൊള്ളിച്ചു.

ഗിലെയാദിൽനിന്ന്‌ 1947-ൽ ഞങ്ങൾ ബിരുദം നേടി. ബിൽ കോപ്‌സണും എനിക്കും ഈജിപ്‌തിലേക്കു നിയമനം ലഭിച്ചു. എന്നാൽ പോകുന്നതിനു മുമ്പ്‌ ബ്രുക്ലിൻ ബെഥേലിൽവെച്ച്‌ റിച്ചർഡ്‌ അബ്രഹാംസണിൽനിന്ന്‌ ഓഫീസ്‌ പ്രവർത്തനങ്ങളിൽ എനിക്കു നല്ല പരിശീലനം ലഭിച്ചു. അലക്‌സാൻഡ്രിയയിൽ കപ്പലിറങ്ങി ഏറെ താമസിയാതെ മധ്യപൂർവ ദേശത്തെ ജീവിതരീതിയുമായി ഞാൻ പൊരുത്തപ്പെട്ടു. എങ്കിലും അറബി ഭാഷ പഠിക്കുന്നത്‌ ഒരു വെല്ലുവിളി ആയിരുന്നു. നാലു ഭാഷയിലുള്ള സാക്ഷ്യകാർഡുകൾ ഞാൻ ഉപയോഗപ്പെടുത്തിയിരുന്നു.

ബിൽ കോപ്‌സൺ ഏഴു വർഷം ഈജിപ്‌തിൽ ഉണ്ടായിരുന്നു. എന്നാൽ എനിക്കു വിസ പുതുക്കാൻ കഴിയാഞ്ഞതിനാൽ ഒരു വർഷത്തിനുശേഷം അവിടം വിടേണ്ടിവന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ഫലദായകമായ സമയമായിരുന്നു മിഷനറി സേവനത്തിന്റെ ആ വർഷം. ഓരോ വാരവും 20-ലധികം ബൈബിൾ അധ്യയനങ്ങൾ നടത്താൻ എനിക്കു കഴിഞ്ഞിരുന്നു, അന്നു സത്യം പഠിച്ചവരിൽ ചിലർ ഇന്നും യഹോവയെ സജീവമായി സ്‌തുതിക്കുന്നതിൽ തുടരുന്നു. ഈജിപ്‌തിൽനിന്ന്‌ എനിക്കു സൈപ്രസിലേക്കാണു നിയമനം ലഭിച്ചത്‌.

സൈപ്രസും ഇസ്രായേലും

ഞാൻ പുതിയ ഒരു ഭാഷ​—⁠ഗ്രീക്ക്‌​—⁠പഠിക്കാൻ തുടങ്ങി. പ്രാദേശിക ഉപഭാഷയിൽ പരിചയം നേടാനും ഞാൻ ശ്രമിച്ചു. കുറച്ചു കാലത്തിനു ശേഷം ആന്തണി സിഡാറിസിനെ ഗ്രീസിലേക്ക്‌ അയച്ചപ്പോൾ എനിക്കു സൈപ്രസിലെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാനുള്ള ചുമതല ലഭിച്ചു. അന്ന്‌ സൈപ്രസ്‌ ബ്രാഞ്ചായിരുന്നു ഇസ്രായേലിന്റെ മേൽനോട്ടവും വഹിച്ചിരുന്നത്‌. അവിടെ ഉണ്ടായിരുന്ന ഏതാനും സാക്ഷികളെ മറ്റു ചില സഹോദരന്മാരോടൊപ്പം കൂടെക്കൂടെ സന്ദർശിക്കാനുള്ള പദവി എനിക്കു ലഭിച്ചു.

ഇസ്രായേലിലേക്കുള്ള എന്റെ ആദ്യ സന്ദർശനത്തിൽ ഹൈഫയിലുള്ള ഒരു റെസ്റ്ററന്റിൽവെച്ച്‌ ഞങ്ങൾ ഒരു ചെറിയ സമ്മേളനം നടത്തി. 50-ഓ 60-ഓ ആളുകൾ അന്ന്‌ അതിനു ഹാജരായി. വിവിധ ദേശീയ കൂട്ടങ്ങളെ വേർതിരിച്ച്‌ ആറു വ്യത്യസ്‌ത ഭാഷകളിൽ ഞങ്ങൾ സമ്മേളന പരിപാടികൾ നടത്തി! മറ്റൊരു സന്ദർഭത്തിൽ യഹോവയുടെ സാക്ഷികൾ നിർമിച്ച ഒരു ഫിലിം യെരൂശലേമിൽ പ്രദർശിപ്പിക്കാൻ എനിക്കു കഴിഞ്ഞു. ഞാൻ നടത്തിയ ഒരു പരസ്യപ്രസംഗത്തെ കുറിച്ച്‌ അവിടത്തെ ഒരു ഇംഗ്ലീഷ്‌ പത്രം അനുകൂലമായി റിപ്പോർട്ട്‌ ചെയ്യുകയുണ്ടായി.

അന്ന്‌ സൈപ്രസിൽ 100-ഓളം സാക്ഷികളാണ്‌ ഉണ്ടായിരുന്നത്‌. തങ്ങളുടെ വിശ്വാസത്തിനായി അവർക്കു കടുത്ത പോരാട്ടം നടത്തേണ്ടിവന്നു. ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ സഭാ പുരോഹിതന്മാരുടെ നേതൃത്വത്തിൽ ഒരു ജനക്കൂട്ടം ഞങ്ങളുടെ സമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. ഗ്രാമപ്രദേശങ്ങളിൽ സാക്ഷീകരിക്കുമ്പോൾ കല്ലേറ്‌ ഉണ്ടാകുന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അനുഭവമായിരുന്നു. അത്തരം സാഹചര്യങ്ങളിൽ പെട്ടെന്നു സ്ഥലം വിടാൻ ഞാൻ പഠിക്കേണ്ടിയിരുന്നു! രൂക്ഷമായ പീഡനങ്ങളുടെ ആ സമയത്ത്‌ സൊസൈറ്റി കൂടുതൽ മിഷനറിമാരെ ആ ദ്വീപിലേക്കു നിയമിച്ചത്‌ ഞങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തി. ഡെന്നിസ്‌ മാത്യൂസും ഭാര്യ മേവിസും ജോൻ ഹള്ളിയും ബെറിൽ ഹെയ്‌വുഡും എന്നോടൊപ്പം ഫാമഗൂസ്റ്റയിൽ പ്രവർത്തിക്കാൻ വന്നു. ടോം ഗൂൽഡനും ഭാര്യ മേരിയും ലണ്ടനിൽ ജനിച്ച സൈപ്രസുകാരിയായ നീന കോൺസ്റ്റാന്റിയും ലിമാസോളിലേക്കു പോയി. ഇതിനിടെ ബിൽ കോപ്‌സണിനും സൈപ്രസിലേക്കു നിയമനം ലഭിച്ചിരുന്നു, പിന്നീട്‌ ബെർട്ട്‌ വെയ്‌സിയും ഭാര്യ ബെറിലും അദ്ദേഹത്തോടൊപ്പം ചേർന്നു.

മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടൽ

അങ്ങനെയിരിക്കെ, 1957-ന്റെ അവസാനത്തോടെ എനിക്ക്‌ അസുഖം ബാധിച്ചതിനെ തുടർന്ന്‌ മിഷനറി നിയമനത്തിൽ തുടരാനാകാതെ വന്നു. ദുഃഖത്തോടെയാണെങ്കിലും, ആരോഗ്യം വീണ്ടെടുക്കുന്നതിന്‌ ഇംഗ്ലണ്ടിലേക്കു മടങ്ങാൻ ഞാൻ തീരുമാനിച്ചു. 1960 വരെ ഞാൻ അവിടെ പയനിയറിങ്‌ തുടർന്നു. എന്റെ പെങ്ങളും ഭർത്താവും ദയാപൂർവം എന്നെ അവരോടൊപ്പം താമസിപ്പിച്ചു, പക്ഷേ അവസ്ഥകൾക്കു മാറ്റം വന്നിരുന്നു. ജോനിന്റെ സാഹചര്യം കൂടുതൽ പ്രയാസകരമായി തീർന്നുകൊണ്ടിരുന്നു. ഭർത്താവിന്റെയും ചെറുപ്രായത്തിലുള്ള മകളുടെയും കാര്യങ്ങൾ നോക്കാനുണ്ടായിരുന്നെങ്കിലും 17 വർഷത്തെ എന്റെ അഭാവത്തിൽ ജോൻ അച്ഛനെയും മില്ലി ആന്റിയെയും സ്‌നേഹപൂർവം പരിചരിച്ചു. മില്ലി ആന്റി അപ്പോൾ പ്രായംചെന്നു സുഖമില്ലാത്ത അവസ്ഥയിലായിരുന്നു. ആന്റിയുടെ ആത്മത്യാഗ മനോഭാവം ഞാനും പിന്തുടരേണ്ടതുണ്ടെന്ന്‌ എനിക്കു മനസ്സിലായി. ആന്റിയുടെയും അച്ഛന്റെയും മരണം വരെ ഞാൻ എന്റെ പെങ്ങളോടൊപ്പം കഴിഞ്ഞു.

ഇംഗ്ലണ്ടിൽ എനിക്കു സ്ഥിരതാമസമാക്കാമായിരുന്നു. എന്നാൽ അൽപ്പനാളത്തെ വിശ്രമത്തിനു ശേഷം, എന്റെ നിയമനത്തിലേക്കു തിരിച്ചു പോകാൻ ഞാൻ ബാധ്യസ്ഥനാണെന്ന്‌ എനിക്കു തോന്നി. യഹോവയുടെ സംഘടന എന്നെ പരിശീലിപ്പിക്കാൻ എത്ര പണമാണു ചെലവാക്കിയത്‌? അതുകൊണ്ട്‌ സൈപ്രസിൽ ചെന്ന്‌ വീണ്ടും പയനിയറിങ്‌ ചെയ്യാൻ 1972-ൽ ഞാൻ സ്വന്തം ചെലവിൽ അവിടേക്കു തിരിച്ചുപോയി.

പിറ്റേ വർഷം സൈപ്രസിൽ ഒരു കൺവെൻഷൻ നടത്താൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ നേഥൻ എച്ച്‌. നോർ അവിടെ വന്നു. ഞാൻ തിരിച്ചുവന്നതായി മനസ്സിലാക്കിയപ്പോൾ ആ മുഴു ദ്വീപിലെയും സഞ്ചാര മേൽവിചാരകനായി അദ്ദേഹം എന്നെ ശുപാർശ ചെയ്‌തു. നാലു വർഷം ഞാൻ ആ പദവിയിൽ തുടർന്നു. എന്നിരുന്നാലും അതു തികച്ചും ബുദ്ധിമുട്ടേറിയ ഒരു നിയമനം ആയിരുന്നു, കാരണം ഒട്ടുമിക്കപ്പോഴും എനിക്കു ഗ്രീക്ക്‌ സംസാരിക്കേണ്ടിയിരുന്നു.

കുഴപ്പങ്ങളുടെ ഒരു കാലം

ഗ്രീക്ക്‌ സംസാരിക്കുന്ന ഒരു സൈപ്രസുകാരൻ സാക്ഷിയായ പോൾ ആൻഡ്രേയൂനോടൊപ്പമാണു ഞാൻ താമസിച്ചത്‌. വടക്കൻ തീരത്തുള്ള കിരിന്യയുടെ തൊട്ടു കിഴക്കായി സ്ഥിതി ചെയ്യുന്ന കാരാക്കൂമി ഗ്രാമത്തിലായിരുന്നു ഞങ്ങളുടെ വീട്‌. കിരിന്യ പർവതനിരയ്‌ക്കു തെക്കുള്ള നിക്കോഷ്യയിലായിരുന്നു സൈപ്രസ്‌ ബ്രാഞ്ച്‌ ഓഫീസ്‌. 1974 ജൂലൈ ആദ്യം പ്രസിഡന്റ്‌ മക്കാരിയോസിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ഞാൻ നിക്കോഷ്യയിൽ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ കൊട്ടാരം അഗ്നിക്കിരയാകുന്നതു ഞാൻ നേരിൽ കണ്ടു. സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കുമെന്ന അവസ്ഥ വന്നപ്പോൾ ഞാൻ വേഗം കിരിന്യയിലേക്കു തിരിച്ചുപോയി. അവിടെ ഒരു സർക്കിട്ട്‌ സമ്മേളനം നടത്താൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു ഞങ്ങൾ അപ്പോൾ. രണ്ടു ദിവസത്തിനു ശേഷം തുറമുഖത്ത്‌ ആദ്യത്തെ ബോംബ്‌ വന്നുവീഴുന്ന ശബ്ദം ഞാൻ കേട്ടു, ആകാശം നിറയെ ടർക്കിയിൽനിന്ന്‌ സൈന്യത്തെയും വഹിച്ചുകൊണ്ടു വരുന്ന ഹെലിക്കോപ്‌റ്ററുകൾ ആയിരുന്നു.

ഞാൻ ഒരു ബ്രിട്ടീഷ്‌ പൗരൻ ആയിരുന്നതിനാൽ ടർക്കിഷ്‌ ഭടന്മാർ എന്നെ നിക്കോഷ്യയുടെ പ്രാന്തപ്രദേശങ്ങളിലേക്കു കൊണ്ടുപോയി. അവിടെ ഐക്യരാഷ്‌ട്രങ്ങളുടെ അധികാരികൾ എന്നെ ചോദ്യം ചെയ്‌തു, എന്നിട്ട്‌ അവർ ബ്രാഞ്ച്‌ ഓഫീസുമായി ബന്ധപ്പെട്ടു. ചോദ്യം ചെയ്യലിനു ശേഷം അവർ എന്നെ വിട്ടയച്ചു. ഇരു സൈന്യങ്ങളും കൈവശപ്പെടുത്താഞ്ഞ ആ പ്രദേശത്തിന്റെ മറുവശത്ത്‌ ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന വീടുകളെ ലക്ഷ്യമാക്കി ഞാൻ നടന്നു. പൊട്ടിവീണു കിടന്നിരുന്ന ടെലിഫോൺ, ഇലക്‌ട്രിക്‌ കേബിളുകൾക്കിടയിലൂടെ വളരെ പണിപ്പെട്ടാണു ഞാൻ നടന്നുനീങ്ങിയത്‌. യഹോവയാം ദൈവവുമായുള്ള എന്റെ ആശയവിനിമയ ബന്ധം വിച്ഛേദിക്കപ്പെടാൻ കഴിയുമായിരുന്നില്ലാഞ്ഞതിൽ ഞാൻ എത്ര സന്തോഷിച്ചെന്നോ! ജീവിതത്തിൽ എന്നെ ഏറ്റവുമധികം പിടിച്ചുലച്ച അനുഭവങ്ങളിലൊന്നാണ്‌ അത്‌. ആ സമയത്തും പിടിച്ചുനിൽക്കാൻ സഹായിച്ചത്‌ പ്രാർഥനയായിരുന്നു.

എനിക്കു സർവതും നഷ്ടപ്പെട്ടിരുന്നു എങ്കിലും ബ്രാഞ്ച്‌ ഓഫീസ്‌ സുരക്ഷിതമായിരുന്നതിൽ ഞാൻ സന്തോഷിച്ചു. എന്നാൽ അധികനാൾ ആ അവസ്ഥ നീണ്ടുനിന്നില്ല. ഏതാനും ദിവസങ്ങൾക്കകം ശത്രുസൈന്യം ദ്വീപിന്റെ വടക്കൻ മേഖലയുടെ സിംഹഭാഗവും പിടിച്ചെടുത്തിരുന്നു. ഞങ്ങൾക്ക്‌ ബെഥേൽ ഭവനം ഉപേക്ഷിച്ച്‌ ലിമാസോളിലേക്കു പോകേണ്ടിവന്നു. യുദ്ധത്തിന്റെ കഷ്ടതകൾ സഹിക്കേണ്ടിവന്ന 300 സഹോദരങ്ങളുടെ കാര്യങ്ങൾ നോക്കാൻ രൂപം നൽകിയ ഒരു കമ്മിറ്റിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിച്ചു, ആ സഹോദരങ്ങളിൽ പലർക്കും തങ്ങളുടെ വീടുകൾ നഷ്ടമായിരുന്നു.

നിയമനത്തിൽ കൂടുതൽ മാറ്റങ്ങൾ

ഏഥൻസിലെ ബെഥേൽ കുടുംബത്തോടൊപ്പം പ്രവർത്തിക്കാനായി ഗ്രീസിലേക്കു പോകാൻ 1981 ജനുവരിയിൽ ഭരണസംഘം എന്നോട്‌ ആവശ്യപ്പെട്ടു. എന്നാൽ ആ വർഷത്തിന്റെ അവസാനത്തോടെ, സൈപ്രസിൽ ബ്രാഞ്ച്‌ കമ്മിറ്റി കോ-ഓർഡിനേറ്ററായി സേവിക്കാൻ എനിക്കു നിയമനം ലഭിച്ചു. ലണ്ടനിൽനിന്നു വന്ന ആന്ത്രിയാസ്‌ കോൺഡോയോർഗിസും ഭാര്യ മാരോയും എനിക്ക്‌ “ബലപ്പെടുത്തുന്ന ഒരു സഹായം” ആണെന്നു തെളിഞ്ഞു.​—⁠കൊലൊസ്സ്യർ 4:​11, NW.

തിയോഡർ ജാരറ്റ്‌സ്‌ 1984-ൽ മേഖലാ സന്ദർശകനായി എത്തി. അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ അവസാനം എനിക്ക്‌ ഭരണസംഘത്തിന്റെ ഒരു കത്തു ലഭിച്ചു. അതിൽ ഇത്രമാത്രം എഴുതിയിരുന്നു: “ജാരറ്റ്‌സ്‌ സഹോദരൻ സന്ദർശനം കഴിഞ്ഞു പോകുമ്പോൾ, അദ്ദേഹത്തോടൊപ്പം താങ്കൾ ഗ്രീസിലേക്കു പോകാൻ ഞങ്ങൾ താത്‌പര്യപ്പെടുന്നു.” അതിൽ കാരണമൊന്നും പറഞ്ഞിരുന്നില്ല. എന്നാൽ ഞങ്ങൾ ഗ്രീസിൽ എത്തിയപ്പോൾ ഭരണസംഘത്തിന്റെ മറ്റൊരു കത്ത്‌ ബ്രാഞ്ച്‌ കമ്മിറ്റിയെ സഹോദരൻ വായിച്ചു കേൾപ്പിച്ചു, എന്നെ അവിടത്തെ ബ്രാഞ്ച്‌ കമ്മിറ്റി കോ-ഓർഡിനേറ്ററായി നിയമിച്ചുകൊണ്ടുള്ള ഒന്നായിരുന്നു അത്‌.

ഈ സമയമായപ്പോഴേക്കും ഗ്രീസിൽ വിശ്വാസത്യാഗം മുളപൊട്ടിയിരുന്നു. സാക്ഷികൾ നിയമവിരുദ്ധ മതപരിവർത്തനം നടത്തുന്നതായുള്ള പല ആരോപണങ്ങളും ഉയർന്നിരുന്നു. അധികാരികൾ ദിവസവും യഹോവയുടെ ജനത്തെ അറസ്റ്റ്‌ ചെയ്‌ത്‌ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. പരിശോധനകൾക്കു മധ്യേ തങ്ങളുടെ വിശ്വസ്‌തത കാത്തുസൂക്ഷിച്ച സഹോദരീസഹോദരന്മാരെ അടുത്തറിയാൻ കഴിഞ്ഞത്‌ വലിയ ഒരു പദവിയായിരുന്നു! അവരിൽ ചിലരുടെ കേസുകൾ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ വിചാരണയ്‌ക്കു വരുകയും ആ കോടതിയുടെ വിസ്‌മയാവഹമായ വിധിപ്രഖ്യാപനങ്ങൾ ഗ്രീസിലെ പ്രസംഗപ്രവർത്തനത്തിന്മേൽ നല്ല ഫലം ഉളവാക്കുകയും ചെയ്‌തിരിക്കുന്നു. *

ഗ്രീസിൽ സേവിക്കവേ ഏഥൻസ്‌, തെസ്സലൊനീക്യ എന്നിവിടങ്ങളിലും റോഡ്‌സ്‌, ക്രീറ്റ്‌ ദ്വീപുകളിലും നടന്ന അവിസ്‌മരണീയ കൺവെൻഷനുകളിൽ പങ്കെടുക്കാൻ എനിക്കു സാധിച്ചു. ഫലദായകവും സന്തുഷ്ടവുമായ നാലു വർഷങ്ങൾ ആയിരുന്നു അവ, എന്നാൽ അതു മറ്റൊരു മാറ്റത്തിനുള്ള സമയമായിരുന്നു​—⁠1988-ൽ ഞാൻ സൈപ്രസിലേക്കു മടങ്ങി.

സൈപ്രസിലേക്കും തിരിച്ച്‌ ഗ്രീസിലേക്കും

ഞാൻ സൈപ്രസിൽ ഇല്ലാതിരുന്ന കാലത്ത്‌ സഹോദരന്മാർ നിക്കോഷ്യയിൽനിന്ന്‌ ഏതാനും കിലോമീറ്റർ അകലെയുള്ള നീസൂവിൽ പുതിയ ബ്രാഞ്ച്‌ സൗകര്യങ്ങൾ വാങ്ങിയിരുന്നു. യഹോവയുടെ സാക്ഷികളുടെ ബ്രുക്ലിൻ ബെഥേലിൽനിന്നുള്ള ക്യാരി ബാർബറാണ്‌ സമർപ്പണ പ്രസംഗം നടത്തിയത്‌. ദ്വീപിൽ കാര്യങ്ങളെല്ലാം ഒരുവിധം ശാന്തമായിക്കഴിഞ്ഞിരുന്നു. തിരിച്ചുവരാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിച്ചു​—⁠എന്നാൽ സാഹചര്യങ്ങൾക്കു മാറ്റം വരാൻ പോകുകയായിരുന്നു.

ഗ്രീസിൽ, ഏഥൻസിനു വടക്കായി ഒരു പുതിയ ബെഥേൽ ഭവനം പണിയാനുള്ള പ്ലാനുകൾക്ക്‌ ഭരണസംഘം അംഗീകാരം നൽകിയിരുന്നു. എനിക്ക്‌ ഇംഗ്ലീഷും ഗ്രീസും സംസാരിക്കാൻ സാധിക്കുമായിരുന്നതിനാൽ നിർമാണസ്ഥലത്തു വേല ചെയ്‌തിരുന്ന സാർവദേശീയ ദാസന്മാരുടെ കുടുംബത്തിൽ ഒരു പരിഭാഷകനായി സേവിക്കാൻ മടങ്ങിച്ചെല്ലുന്നതിന്‌ 1990-ൽ എനിക്കു ക്ഷണം ലഭിച്ചു. വേനൽക്കാലത്ത്‌ രാവിലെ ആറു മണിക്കു നിർമാണ സ്ഥലത്ത്‌ എത്തി, സാർവദേശീയ ദാസന്മാരോടൊപ്പം നിർമാണത്തിൽ പങ്കെടുക്കാൻ സന്നദ്ധരായി എത്തിയ നൂറു കണക്കിന്‌ ഗ്രീക്ക്‌ സഹോദരങ്ങളെ സ്വാഗതം ചെയ്യുന്നതിന്റെ സന്തോഷം ഇന്നും എന്റെ ഓർമയിൽ തങ്ങിനിൽക്കുന്നു! അവർ പ്രകടമാക്കിയ സന്തോഷവും തീക്ഷ്‌ണതയും എക്കാലവും എന്റെ മനസ്സിൽ ഉണ്ടായിരിക്കും.

ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ പുരോഹിതന്മാരും അവരുടെ ആളുകളും നിർമാണ സ്ഥലത്തെത്തി ഞങ്ങളുടെ വേല തടസ്സപ്പെടുത്താൻ നോക്കി. എങ്കിലും യഹോവ ഞങ്ങളുടെ പ്രാർഥന കേൾക്കുകയും ഞങ്ങളെ സംരക്ഷിക്കുകയും ചെയ്‌തു. 1991 ഏപ്രിൽ 13-ന്‌ പുതിയ ബെഥേൽ ഭവനത്തിന്റെ സമർപ്പണം കണ്ട ശേഷമാണ്‌ ഞാൻ അവിടം വിട്ടത്‌.

എന്റെ പ്രിയ സഹോദരിയെ പിന്തുണയ്‌ക്കുന്നു

പിറ്റേ വർഷം ഞാൻ ഇംഗ്ലണ്ടിലേക്കു മടങ്ങിപ്പോയി, എന്റെ സഹോദരിയോടും ഭർത്താവിനോടും ഒപ്പമാണു ഞാൻ താമസിച്ചത്‌. ദുഃഖകരമെന്നു പറയട്ടെ, ഞാൻ അവിടെ ആയിരിക്കെ എന്റെ സഹോദരീഭർത്താവിന്‌ രണ്ടു തവണ ഹൃദയാഘാതം ഉണ്ടായി, അദ്ദേഹം മരിച്ചു. എന്റെ മിഷനറി സേവനത്തിലുടനീളം ജോൻ എനിക്കു നിർലോഭം പിന്തുണ നൽകിയിരുന്നു. എല്ലാ ആഴ്‌ചയുംതന്നെ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ ജോൻ കത്തെഴുതുമായിരുന്നു. എന്റെ മിഷനറി സേവനത്തിൽ ആ കത്തുകൾ ഒരു വലിയ അനുഗ്രഹം തന്നെയായിരുന്നു! ഇപ്പോൾ ഒരു വിധവ ആണെന്നു മാത്രമല്ല, ആരോഗ്യവും ക്ഷയിച്ചുകൊണ്ടിരുന്നതിനാൽ പരസഹായം ആവശ്യമായ അവസ്ഥയിൽ ആയിരുന്നു. ഞാൻ എന്താണു ചെയ്യേണ്ടത്‌?

ജോനിന്റെ മകൾ തെൽമയും ഭർത്താവും അവരുടെ സഭയിൽ നിന്നുള്ള, മാരക രോഗം ബാധിച്ച വിശ്വസ്‌തയായ ഒരു വിധവയെ ശുശ്രൂഷിക്കുന്നുണ്ടായിരുന്നു. എന്റെ അമ്മാവന്റെ മകളായിരുന്നു അവർ. അതുകൊണ്ട്‌, വളരെയധികം പ്രാർഥനയ്‌ക്കു ശേഷം, അവിടെ താമസിച്ച്‌ ജോനിനെ പരിചരിക്കാൻ ഞാൻ തീരുമാനിച്ചു. ആ പൊരുത്തപ്പെടൽ എളുപ്പമായിരുന്നില്ല. എന്നാൽ, യോവിലിലെ രണ്ടു സഭകളിൽ ഒന്നായ പെൻ മില്ലിൽ ഒരു മൂപ്പനായി സേവിക്കാനുള്ള പദവി എനിക്കു ലഭിച്ചിരിക്കുന്നു.

വിദേശത്ത്‌ എന്നോടൊപ്പം സേവിച്ചിരുന്ന സഹോദരന്മാർ ഫോണിലൂടെയും കത്തിലൂടെയും ഞാനുമായി സമ്പർക്കം പുലർത്താറുണ്ട്‌, ഞാൻ അതിനു കൃതജ്ഞതയുള്ളവനാണ്‌. ഗ്രീസിലേക്കോ സൈപ്രസിലേക്കോ മടങ്ങിപ്പോകാനുള്ള ആഗ്രഹം ഒന്നു പ്രകടിപ്പിച്ചാൽ മതി അവർ എനിക്കു ടിക്കറ്റ്‌ അയച്ചുതരുമെന്ന്‌ എനിക്ക്‌ അറിയാം. ഇപ്പോൾ എനിക്ക്‌ 80 വയസ്സുണ്ട്‌. എന്റെ കാഴ്‌ചശക്തിയും ആരോഗ്യവും ക്ഷയിച്ചിരിക്കുന്നു. മുമ്പത്തെ പോലെ കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരുമ്പോൾ നിരാശ ഉണ്ടാകാറുണ്ടെങ്കിലും, ബെഥേൽ സേവനത്തിൽ ഞാൻ ചെലവഴിച്ച വർഷങ്ങൾ പ്രയോജനകരമായ അനേകം ശീലങ്ങൾ വളർത്തിയെടുക്കാൻ എന്നെ സഹായിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌, പ്രഭാതഭക്ഷണത്തിനു മുമ്പ്‌ എന്നും ഞാൻ ദിനവാക്യം നോക്കും. ആളുകളുമായി ഒത്തുപോകാനും അവരെ സ്‌നേഹിക്കാനും ഞാൻ പഠിച്ചിരിക്കുന്നു​—⁠മിഷനറി സേവനത്തിന്റെ വിജയരഹസ്യം ആണത്‌.

യഹോവയെ സ്‌തുതിക്കുന്നതിൽ ചെലവഴിച്ച ഏതാണ്ട്‌ 60-ൽ അധികം വർഷങ്ങളിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ മുഴുസമയ ശുശ്രൂഷ ഏറ്റവും വലിയ സംരക്ഷണവും ഏറ്റവും നല്ല പ്രബോധനപരിപാടിയും പ്രദാനം ചെയ്യുന്നതായി ഞാൻ മനസ്സിലാക്കുന്നു. യഹോവയോടുള്ള ദാവീദിന്റെ ഈ വാക്കുകൾ മുഴു ഹൃദയാ പറയാൻ എനിക്കു കഴിയും: “കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.”​—⁠സങ്കീർത്തനം 59:⁠16.

[അടിക്കുറിപ്പുകൾ]

^ ഖ. 18എന്റെ ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞുകവിയുന്നു” എന്ന ശീർഷകത്തിലുള്ള ജോൺ വിന്നിന്റെ ജീവിതകഥ 1997 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 25-8 പേജുകളിൽ കാണാം.

^ ഖ. 23 മുമ്പ്‌ ആശ്വാസം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.

^ ഖ. 41 1998 ഡിസംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 20-1 പേജുകളും 1993 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 27-31 പേജുകളും 1998 ജനുവരി 8 ലക്കം ഉണരുക!യുടെ 21-2 പേജുകളും 1997 മാർച്ച്‌ 22 ലക്കം ഉണരുക!യുടെ 14-15 പേജുകളും കാണുക.

[24-ാം പേജിലെ ഭൂപടങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഗ്രീസ്‌

ഏഥൻസ്‌

സൈപ്രസ്‌

നിക്കോഷ്യ

കിരിന്യ

ഫാമഗൂസ്റ്റ

ലിമാസോൾ

[21-ാം പേജിലെ ചിത്രം]

അമ്മ, 1915-ൽ

[22-ാം പേജിലെ ചിത്രം]

ബ്രുക്ലിൻ ബെഥേലിന്റെ മുകളിൽ, 1946-ൽ, ഞാനും (ഇടത്തുനിന്ന്‌ നാലാമത്‌) എട്ടാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽ നിന്നുള്ള മറ്റു സഹോദരന്മാരും

[23-ാം പേജിലെ ചിത്രം]

ഇംഗ്ലണ്ടിലേക്കുള്ള ആദ്യത്തെ മടങ്ങിവരവിന്റെ സമയത്ത്‌ മില്ലി ആന്റിയോടൊപ്പം