വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആ പുരാതന ലോകം നശിച്ചത്‌ എന്തുകൊണ്ട്‌?

ആ പുരാതന ലോകം നശിച്ചത്‌ എന്തുകൊണ്ട്‌?

ആ പുരാതന ലോകം നശിച്ചത്‌ എന്തുകൊണ്ട്‌?

ആഗോളപ്രളയം ഒരു പ്രകൃതിവിപത്ത്‌ ആയിരുന്നില്ല. അത്‌ ദൈവത്തിൽ നിന്നുള്ള ഒരു ന്യായവിധി നിർവഹണമായിരുന്നു. മുന്നറിയിപ്പു നൽകപ്പെട്ടെങ്കിലും ഭൂരിഭാഗം പേരും അതിനെ അവഗണിച്ചു. കാരണം? യേശു ഇങ്ങനെ വിവരിച്ചു: ‘ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ [ആളുകൾ] തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല [“യാതൊരു ശ്രദ്ധയും നൽകിയില്ല,” NW].’ (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.)​—⁠മത്തായി 24:38, 39.

ഒരു വികസിത സംസ്‌കാരം

പ്രളയപൂർവ കാലത്തെ ആ മാനവലോകം ഇന്നു നമുക്ക്‌ ഇല്ലാത്ത പല സംഗതികളും ആസ്വദിച്ചിരുന്നു. ഉദാഹരണത്തിന്‌, മനുഷ്യർ എല്ലാവരും ഒരു പൊതു ഭാഷയാണു സംസാരിച്ചിരുന്നത്‌. (ഉല്‌പത്തി 11:1) വ്യത്യസ്‌ത കഴിവുകൾ ഉള്ള പല ആളുകളുടെ കൂട്ടായ ശ്രമങ്ങൾ കലാ, ശാസ്‌ത്ര മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കുന്നത്‌ എളുപ്പമാക്കിയിരുന്നിരിക്കണം. കൂടാതെ, അന്നത്തെ മിക്ക ആളുകളുടെയും ആയുസ്സ്‌ വളരെ ദൈർഘ്യമുള്ളത്‌ ആയിരുന്നു. അതിനാൽ, നൂറ്റാണ്ടുകൾകൊണ്ട്‌ ഒട്ടനവധി കാര്യങ്ങൾ പഠിച്ചെടുക്കാൻ അവർക്കു കഴിയുമായിരുന്നു.

മനുഷ്യരുടെ ആയുസ്സ്‌ അത്ര ദൈർഘ്യമുള്ളത്‌ ആയിരുന്നില്ലെന്നും ബൈബിൾ വിവരണത്തിൽ വർഷം എന്നു പറഞ്ഞിരിക്കുന്നത്‌ വാസ്‌തവത്തിൽ മാസം ആണെന്നും ചിലർ വാദിക്കുന്നു. അതു ശരിയാണോ? മഹലലേലിന്റെ കാര്യമെടുക്കുക. ബൈബിൾ പറയുന്നു: “മഹലലേലിന്നു അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ യാരെദിനെ ജനിപ്പിച്ചു. . . . മഹലലേലിന്റെ ആയുഷ്‌കാലം ആകെ എണ്ണൂററി തൊണ്ണൂററഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.” (ഉല്‌പത്തി 5:15-17) ഒരു വർഷം എന്നു പറയുന്നത്‌ ഒരു മാസം ആണെങ്കിൽ അവൻ തന്റെ പുത്രനു ജന്മം നൽകിയത്‌ വെറും അഞ്ചു വയസ്സുള്ളപ്പോഴാണ്‌! അതുകൊണ്ട്‌ ആ കണക്ക്‌ ശരിയല്ല. അന്നത്തെ ആളുകൾ ആദാമിന്‌ ഉണ്ടായിരുന്ന പൂർണതയോട്‌ അടുത്തവരായിരുന്നു. അവർ നൂറ്റാണ്ടുകളോളം ജീവിക്കുകതന്നെ ചെയ്‌തു. എന്തെല്ലാം നേട്ടങ്ങളാണ്‌ അവർ കൈവരിച്ചത്‌?

ആദാമിന്റെ മകനായ കയീന്‌ ഒരു പട്ടണം പണിയാൻ സാധിക്കുമാറ്‌, പ്രളയത്തിനു നൂറ്റാണ്ടുകൾ മുമ്പേതന്നെ ഭൂമിയിലെ ജനസംഖ്യ വളരെയധികം വർധിച്ചിരുന്നു. ആ പട്ടണത്തിന്‌ അവൻ ഹാനോക്ക്‌ എന്നു പേരിട്ടു. (ഉല്‌പത്തി 4:17) പ്രളയപൂർവ കാലഘട്ടത്തിൽ വിവിധതരം വ്യവസായങ്ങൾ വളർന്നുവന്നു. “ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള ആയുധങ്ങളെ [“ഉപകരണങ്ങൾ,” NW] തീർക്കു”വാൻ ആലകൾ ഉണ്ടായിരുന്നു. (ഉല്‌പത്തി 4:22) നിർമാണ പ്രവർത്തനങ്ങൾ, മരപ്പണി, തയ്യൽ, കൃഷിപ്പണി എന്നിവയ്‌ക്കു വേണ്ടിയാണ്‌ ഈ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നത്‌. ഭൂമിയിലെ ആദ്യ മനുഷ്യരെ സംബന്ധിച്ച വിവരണങ്ങളിൽ ഈ തൊഴിലുകളെ കുറിച്ചുള്ള പരാമർശങ്ങൾ കാണാം.

നൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത അറിവ്‌ ലോഹസംസ്‌കരണം, കാർഷികവൃത്തി, ആടുമാടുകളെ വളർത്തൽ, രചന, സുകുമാര കല എന്നിവയിൽ വൈദഗ്‌ധ്യം വളർത്തിയെടുക്കാൻ ഓരോ തലമുറയെയും പ്രാപ്‌തമാക്കിയിരുന്നിരിക്കണം. ഉദാഹരണത്തിന്‌, യൂബാൽ “കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവർക്കും പിതാവായ്‌തീർന്നു.” (ഉല്‌പത്തി 4:21) സംസ്‌കാരം എങ്ങും വികാസം പ്രാപിച്ചു. എന്നാൽ എല്ലാം പെട്ടെന്ന്‌ അവസാനിച്ചു. എന്താണു സംഭവിച്ചത്‌?

പാളിച്ച പറ്റിയത്‌ എവിടെ?

പലവിധ നേട്ടങ്ങൾ കൈവരിച്ചിരുന്നെങ്കിലും പ്രളയപൂർവ മനുഷ്യ സമൂഹത്തിന്റെ തുടക്കം മോശമായിരുന്നു. അതിന്റെ സ്ഥാപകനായ ആദാം ദൈവത്തിനെതിരെ മത്സരിച്ച വ്യക്തിയായിരുന്നു. രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പട്ടണത്തിന്റെ നിർമാതാവായ കയീൻ സ്വന്തം അനുജനെ കൊന്നു. എങ്ങും തിന്മ കൊടികുത്തി വാണു! ആദാം തന്റെ സന്താനങ്ങൾക്കു കൈമാറിയ ഊനമുള്ള പൈതൃകത്തിന്റെ തിക്തഫലങ്ങൾ എങ്ങും കുമിഞ്ഞുകൂടി.​—⁠റോമർ 5:⁠12.

എല്ലാറ്റിന്റെയും അന്ത്യം അടുത്തിരുന്നു. ഈ സാഹചര്യം 120 വർഷത്തേക്കു തുടരാനേ താൻ അനുവദിക്കു എന്ന്‌ യഹോവ നിശ്ചയിച്ചു. (ഉല്‌പത്തി 6:3) ബൈബിൾ പറയുന്നു: “ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്‌പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു. . . . ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.”​—⁠ഉല്‌പത്തി 6:5, 11.

താൻ ഒരു പ്രളയത്താൽ സകല ജഡത്തെയും നശിപ്പിക്കാൻ പോവുകയാണെന്ന്‌ ദൈവം നോഹയോടു വ്യക്തമായി പറഞ്ഞു. (ഉല്‌പത്തി 6:13, 17) നോഹ ഒരു “നീതിപ്രസംഗി”യുടെ ധർമം നിർവഹിച്ചെങ്കിലും, തങ്ങൾക്കു ചുറ്റുമുള്ള സകലതും അവസാനിക്കാൻ പോവുകയാണെന്നു വിശ്വസിക്കാൻ ആളുകൾക്കു ബുദ്ധിമുട്ടായിരുന്നതുപോലെ കാണപ്പെട്ടു. (2 പത്രൊസ്‌ 2:5) എട്ട്‌ ആളുകൾ മാത്രമേ ആ മുന്നറിയിപ്പിനു ചെവികൊടുക്കുകയും അങ്ങനെ രക്ഷ പ്രാപിക്കുകയും ചെയ്‌തുള്ളൂ. (1 പത്രൊസ്‌ 3:20) ഇത്‌ നമ്മെ സംബന്ധിച്ചിടത്തോളം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

നമ്മെ സംബന്ധിച്ചിടത്തോളം എന്തു പ്രസക്തി?

നോഹയുടേതിനു സമാനമായ ഒരു കാലത്താണു നാം ജീവിക്കുന്നത്‌. ഭീകരപ്രവർത്തനങ്ങളെയും വംശഹത്യാ നടപടികളെയും കുറിച്ചുള്ള റിപ്പോർട്ടുകളും പ്രത്യക്ഷത്തിൽ യാതൊരു ഉദ്ദേശ്യവുമില്ലാതെ തോക്കുധാരികൾ ആളുകളെ കൂട്ടത്തോടെ വെടിവെച്ചു കൊല്ലുന്നതായുള്ള വാർത്തകളുമൊക്കെ നാം ദിവസവും കേൾക്കുന്നു. വീട്ടിലെ അക്രമങ്ങൾ ഞെട്ടിക്കുംവിധം വർധിച്ചുവരുന്നു. ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു. മുമ്പത്തെ പോലെ വീണ്ടും വരാനിരിക്കുന്ന ഒരു ന്യായവിധിയിലേക്കു ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ നിയമിത ന്യായാധിപനായി താൻ വന്ന്‌ ഒരു ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ താൻ ആളുകളെ വേർതിരിക്കുമെന്ന്‌ യേശുതന്നെ പറയുകയുണ്ടായി. അയോഗ്യരായി കാണപ്പെടുന്നവർ “നിത്യഛേദനത്തിലേക്കു പോകു”മെന്നും (NW) യേശു പറഞ്ഞു. (മത്തായി 25:31-33, 46) എന്നാൽ ഇപ്രാവശ്യം ദശലക്ഷക്കണക്കിന്‌ അതിജീവകർ​—⁠ഏക സത്യദൈവത്തെ ആരാധിക്കുന്ന ഒരു മഹാപുരുഷാരം​—⁠ഉണ്ടായിരിക്കുമെന്നു ബൈബിൾ പറയുന്നു. വരാനിരിക്കുന്ന ലോകത്തിൽ, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ശാശ്വതമായ സമാധാനവും സുരക്ഷിതത്വവുമുള്ള അവസ്ഥയിൽ അവർ ജീവിതം ആസ്വദിക്കും.​—⁠മീഖാ 4:3, 4; വെളിപ്പാടു 7:9-17.

ന്യായവിധി നടപടികൾ നിശ്ചയമായും ഉണ്ടാകും എന്നു കാണിക്കുന്ന തരം ബൈബിൾ പ്രസ്‌താവനകളെയും മുന്നറിയിപ്പുകളെയും പലരും പുച്ഛിച്ചു തള്ളുന്നു. എന്നാൽ ആ സന്ദേഹികൾ വസ്‌തുതകളെ അവഗണിക്കുകയാണെന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ പറയുന്നു. അവൻ ഇപ്രകാരം എഴുതി: “അവന്റെ പ്രത്യക്ഷതയുടെ വാഗ്‌ദത്തം എവിടെ? . . . എന്നു പറഞ്ഞു . . . നടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ. ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.”​—⁠2 പത്രൊസ്‌ 3:3-7.

യേശുവിന്റെ പ്രാവചനിക കൽപ്പനയ്‌ക്കു ചേർച്ചയിൽ, വരാനിരിക്കുന്ന ഈ ന്യായവിധിയെ കുറിച്ചുള്ള മുന്നറിയിപ്പും തുടർന്ന്‌ ഉണ്ടാകാൻ പോകുന്ന സമാധാനകാലത്തെ കുറിച്ചുള്ള സുവാർത്തയും ഇന്നു സതീക്ഷ്‌ണം ലോകമെങ്ങും ഘോഷിക്കപ്പെടുകയാണ്‌. (മത്തായി 24:14) ഈ മുന്നറിയിപ്പ്‌ നിസ്സാരമായി എടുക്കാവുന്ന ഒന്നല്ല. സർവശക്തനായ ദൈവത്തിന്റെ വാക്കുകൾ നിവൃത്തിയേറാതെ പോകില്ല.

വരാനിരിക്കുന്ന ലോകം

വരാനിരിക്കുന്ന ആ സുപ്രധാന മാറ്റം കണക്കിലെടുക്കുമ്പോൾ മനുഷ്യവർഗത്തിന്റെ ഭാവി എന്താണ്‌? വിഖ്യാതമായ തന്റെ ഗിരിപ്രഭാഷണത്തിന്റെ തുടക്കത്തിൽ യേശു ഈ വാഗ്‌ദാനം നൽകി: “സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.” തുടർന്ന്‌ അവൻ പിൻവരുന്നപ്രകാരം ദൈവത്തോടു പ്രാർഥിക്കാൻ ശിഷ്യന്മാരെ പഠിപ്പിച്ചു: “നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 5:5; 6:10) വിശ്വസ്‌ത മനുഷ്യവർഗം ഭാവിയിൽ ഈ ഭൂമിയിൽത്തന്നെ മഹത്തായ അനുഗ്രഹങ്ങൾ ആസ്വദിക്കുമെന്ന്‌ യേശു പഠിപ്പിക്കുകയുണ്ടായി. അവൻ അതിനെ “പുനഃസൃഷ്ടി” എന്നു വിശേഷിപ്പിച്ചു.​—⁠മത്തായി 19:​28, NW.

അതുകൊണ്ട്‌ ഭാവി അനുഗ്രഹങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കവേ, ദൈവത്തിന്റെ മുന്നറിയിപ്പിനെ കുറിച്ചു നിങ്ങളുടെ മനസ്സിൽ സംശയം ജനിപ്പിക്കാൻ പരിഹാസികളെ അനുവദിക്കരുത്‌. നാം ജീവിക്കുന്ന ഈ ലോകം സുസ്ഥിരമാണെന്നു തോന്നിയേക്കാം എന്നതു ശരിയാണ്‌. തന്നെയുമല്ല, അത്‌ യുഗങ്ങളായി നിലനിൽക്കുന്ന ഒന്നുമാണ്‌. എന്നാൽ ഈ ലോകത്തിൽ നാം നമ്മുടെ ആശ്രയം വെക്കരുത്‌. മാനവ ലോകം ന്യായം വിധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ പത്രൊസ്‌ അപ്പൊസ്‌തലന്റെ ലേഖനത്തിന്റെ ഉപസംഹാര വാക്കുകളിൽനിന്നു പ്രോത്സാഹനം കൈക്കൊള്ളുക:

“ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ . . . ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം. അതുകൊണ്ടു . . . നിങ്ങൾ ഇവെക്കായി കാത്തിരിക്കയാൽ അവൻ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണ്മാൻ ഉത്സാഹിച്ചുകൊണ്ടു . . . കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്‌തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ.” (2 പത്രൊസ്‌ 3:11, 12, 14, 18) അതുകൊണ്ട്‌ നോഹയുടെ നാളുകളിൽ നടന്ന സംഭവത്തിൽനിന്നു പഠിക്കുക. ദൈവത്തോട്‌ അടുത്തു ചെല്ലുക. യേശുക്രിസ്‌തുവിനെ കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരുക. ദൈവികഭക്തി നട്ടുവളർത്തുക. അങ്ങനെ, ഈ ലോകത്തിന്റെ നാശത്തെ അതിജീവിച്ച്‌ വരാനിരിക്കുന്ന സമാധാനപൂർണമായ ലോകത്തിലേക്ക്‌ അതിജീവിക്കാനിരിക്കുന്ന ദശലക്ഷങ്ങളോടൊപ്പം ചേരുക.

[5-ാം പേജിലെ ചിത്രം]

ലോഹപ്പണികൾ പ്രളയത്തിനു മുമ്പുള്ളവർക്ക്‌ അറിയാമായിരുന്നു

[7-ാം പേജിലെ ചിത്രം]

മഹത്തായ ഒരു ഭാവി കരുതിയിരിക്കുന്നു