“ചെറിയ ഒരു വേദന, അത്രേയുള്ളൂ”
“ചെറിയ ഒരു വേദന, അത്രേയുള്ളൂ”
ആ വാക്കുകൾ നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഒരു ഡോക്ടറോ നഴ്‌സോ കുത്തിവെക്കുകയോ മറ്റോ ചെയ്യുന്നതിനു മുമ്പ് നിങ്ങളോട് അങ്ങനെ പറഞ്ഞിട്ടുണ്ടായിരിക്കും.
വേദന സഹിക്കാൻ വയ്യാ എന്നതിന്റെ പേരിൽ നിങ്ങൾ അതു നിരസിച്ചില്ല. മറിച്ച്, നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുമെന്ന് അറിയാമായിരുന്നതിനാൽ നിങ്ങൾ ആ വേദന സഹിച്ചു. ഒരു പ്രത്യേക ചികിത്സ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നത് ചില സാഹചര്യങ്ങളിൽ ജീവൻമരണ പ്രശ്‌നംപോലും ആയിരുന്നേക്കാം.
ചികിത്സ നമുക്ക് എല്ലായ്‌പോഴും ആവശ്യമില്ലായിരിക്കാമെങ്കിലും അപൂർണ മനുഷ്യരെന്ന നിലയിൽ ശിക്ഷണം അഥവാ തിരുത്തൽ നമുക്ക് ഏവർക്കും ആവശ്യമാണ്, ചിലപ്പോൾ അതു വേദനാജനകം ആയിരുന്നേക്കാമെങ്കിൽ കൂടി. (യിരെമ്യാവു 10:23) കുട്ടികളോടുള്ള ബന്ധത്തിൽ ഇതിന്റെ ആവശ്യത്തിന് ഊന്നൽ നൽകിക്കൊണ്ട് ബൈബിൾ പറയുന്നു: “ബാലന്റെ ഹൃദയത്തോടു ഭോഷത്വം പററിയിരിക്കുന്നു; ശിക്ഷെക്കുള്ള [“ശിക്ഷണത്തിനുള്ള,” NW] വടി അതിനെ അവനിൽനിന്നു അകററിക്കളയും.”—സദൃശവാക്യങ്ങൾ 22:15.
ഇവിടെ വടി മാതാപിതാക്കളുടെ അധികാരത്തിന്റെ പ്രതീകമാണ്. കുട്ടികളാരും ശിക്ഷണം ഇഷ്ടപ്പെടുകയില്ല എന്നതു ശരിയാണ്. അതിൽ ഏതെങ്കിലും തരം ശിക്ഷ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് അമർഷം പോലും തോന്നിയേക്കാം. എന്നാൽ ജ്ഞാനികളും സ്‌നേഹസമ്പന്നരുമായ മാതാപിതാക്കൾ, കുട്ടിയുടെ വികാരങ്ങൾ മുറിപ്പെടുമോ എന്നതിനെക്കാൾ ആത്യന്തികമായി ഉണ്ടാകാൻ പോകുന്ന പ്രയോജനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദൈവവചനത്തിൽ പറഞ്ഞിരിക്കുന്ന ഈ കാര്യം ശരിയാണെന്നു ക്രിസ്‌തീയ മാതാപിതാക്കൾക്ക് അറിയാം: “ഏതു ശിക്ഷയും തല്‌ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാനഫലം ലഭിക്കും.”—എബ്രായർ 12:11; സദൃശവാക്യങ്ങൾ 13:24.
കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും ശിക്ഷണം ആവശ്യമാണ്. മുതിർന്നവർക്കാണ് ബൈബിൾ ഈ ബുദ്ധിയുപദേശം നൽകുന്നത്: “പ്രബോധനം [“ശിക്ഷണം,” NW] മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.” (സദൃശവാക്യങ്ങൾ 4:13) അതേ, ജ്ഞാനികൾ—യുവപ്രായക്കാരും മുതിർന്നവരും—ദൈവവചനമായ ബൈബിളിൽ അധിഷ്‌ഠിതമായ ശിക്ഷണത്തെ സ്വാഗതം ചെയ്യും. കാരണം, അത് ആത്യന്തികമായി അവരുടെ ജീവനെ പരിരക്ഷിക്കും.