വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഞങ്ങളുടെ സ്‌നേഹം ആഴമുള്ളത്‌ ആയിത്തീർന്നിരിക്കുന്നു”

“ഞങ്ങളുടെ സ്‌നേഹം ആഴമുള്ളത്‌ ആയിത്തീർന്നിരിക്കുന്നു”

“ഞങ്ങളുടെ സ്‌നേഹം ആഴമുള്ളത്‌ ആയിത്തീർന്നിരിക്കുന്നു”

ഇരുപത്തിമൂന്നു വർഷമായി സുഷുപ്‌തിയിൽ ആയിരുന്ന, ജപ്പാനിലെ ഹോക്കൈദോയിലുള്ള ഊസൂ അഗ്നിപർവതം 2000 മാർച്ച്‌ 31 വെള്ളിയാഴ്‌ച പൊട്ടിത്തെറിച്ചു. ആയിരക്കണക്കിനു നിവാസികൾ അപകട മേഖലയിൽനിന്നു പലായനം ചെയ്യാൻ നിർബന്ധിതരായി. അനേകർക്കു തങ്ങളുടെ വീടും തൊഴിലും നഷ്ടപ്പെട്ടു. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, ആർക്കും ജീവാപായം ഉണ്ടായില്ല. പലായനം ചെയ്യേണ്ടി വന്നവരിൽ 46 യഹോവയുടെ സാക്ഷികളും ഉണ്ടായിരുന്നു, എന്നാൽ അവർ നിസ്സഹായരായി വിടപ്പെട്ടില്ല.

സ്‌ഫോടനം ഉണ്ടായ അന്നുതന്നെ, ആ പ്രദേശത്തു സേവിച്ചുകൊണ്ടിരുന്ന ഒരു ക്രിസ്‌തീയ സഞ്ചാര ശുശ്രൂഷകന്റെ സഹായത്തോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. പെട്ടെന്നുതന്നെ, അയൽ സഭകളിൽനിന്നു ദുരിതാശ്വാസ സാധനങ്ങൾ എത്തിത്തുടങ്ങി. ജപ്പാൻ ബ്രാഞ്ചിന്റെ മേൽനോട്ടത്തിൽ, പെട്ടെന്ന്‌ ഒരു ദുരിതാശ്വാസ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ജപ്പാനിലെങ്ങുമുള്ള യഹോവയുടെ സാക്ഷികളിൽനിന്ന്‌ ദുരിതാശ്വാസ നിധിയിലേക്കു ധാരാളമായി സംഭാവനകൾ ഒഴുകിയെത്തി. ആത്മീയ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കാൻ, ദുരന്തം ഏറ്റവുമധികം ബാധിച്ച സഭയിലേക്ക്‌ യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകരെ അയയ്‌ക്കുകയുണ്ടായി. കൂടാതെ, വൈകാരികവും ആത്മീയവുമായ പിന്തുണ നൽകാൻ സർക്കിട്ട്‌ മേൽവിചാരകൻ കൂടെക്കൂടെ ആ പ്രദേശം സന്ദർശിച്ചു.

ദുരന്തബാധിത പ്രദേശത്തെ സാക്ഷികൾ ആ ദുഷ്‌കര സമയത്തും തങ്ങളുടെ ക്രിസ്‌തീയ യോഗങ്ങൾ നടത്തുന്നതിൽ തുടർന്നു, അതിനായി അവർ ഏറെ സുരക്ഷിതമായ ഒരു പ്രദേശത്തെ സ്വകാര്യ ഭവനങ്ങൾ ഉപയോഗിച്ചു. രാജ്യഹാൾ സ്ഥിതിചെയ്‌തിരുന്ന പ്രദേശത്തുനിന്ന്‌ ഒഴിഞ്ഞുനിൽക്കാനുള്ള ഉത്തരവ്‌ നീക്കിയപ്പോൾ, സഹോദരങ്ങൾ അവിടേക്കു മടങ്ങിച്ചെന്നു. വിള്ളലുകൾ വീണ, കേടുപാടു സംഭവിച്ച ചെരിഞ്ഞ ഒരു കെട്ടിടമാണ്‌ അവർക്കു കാണാൻ കഴിഞ്ഞത്‌. രാജ്യഹാളിൽനിന്ന്‌ അത്ര അകലെയല്ലാതെ, പുതുതായി രൂപംകൊണ്ടിരുന്ന അഗ്നിപർവത മുഖം അപ്പോഴും കനത്ത പുക പുറന്തള്ളിക്കൊണ്ടിരുന്നു. ‘ആ സ്ഥലത്ത്‌ ഇനിയും യോഗങ്ങൾ നടത്തുന്നതു ബുദ്ധിയാണോ? രാജ്യഹാൾ കേടുപോക്കിയെടുക്കാൻ കഴിയുമോ?’ എന്നൊക്കെ സാക്ഷികൾ ചിന്തിച്ചു.

അടുത്തുള്ള കൂടുതൽ സുരക്ഷിതമായ ഒരു സ്ഥലത്ത്‌ പുതിയ ഒരു രാജ്യഹാൾ നിർമിക്കാൻ തീരുമാനമായി. മേഖലാ നിർമാണ കമ്മിറ്റി അതിന്‌ ആവശ്യമായ സഹായം നൽകി. രാജ്യത്ത്‌ ഉടനീളമുള്ള സാക്ഷികൾ സംഭാവന ചെയ്‌ത പണം രാജ്യഹാൾ നിർമാണത്തിനായി ഉപയോഗിച്ചു. പെട്ടെന്നുതന്നെ സ്ഥലം വാങ്ങി, നൂറുകണക്കിനു സ്വമേധയാ സേവകരുടെ സഹായത്തോടെ ചുരുങ്ങിയ സമയംകൊണ്ട്‌ ഒരു പുതിയ രാജ്യഹാൾ പൂർത്തിയായി. 2000 ജൂലൈ 23 ഞായറാഴ്‌ച, പുതുതായി നിർമിച്ച രാജ്യഹാളിലെ ആദ്യത്തെ യോഗത്തിന്‌ 75 പേർ ഹാജരായി. അവരിൽ പലരും സന്തോഷാശ്രുക്കൾ പൊഴിച്ചു. അതേ വർഷം ഒക്ടോബറിൽ രാജ്യഹാൾ സമർപ്പിക്കപ്പെട്ടപ്പോൾ, പ്രാദേശിക സഭയിലെ ഒരു മൂപ്പൻ ഇപ്രകാരം പറയാൻ പ്രേരിതനായി: “അഗ്നിപർവത സ്‌ഫോടനം കഷ്ടപ്പാടിനും ദുരിതത്തിനും ഇടയാക്കി. എന്നാൽ, ഈ നിർമാണം ഞങ്ങളുടെ ഭയത്തെ സന്തോഷമാക്കി മാറ്റി. യഹോവയോടും പ്രിയപ്പെട്ട ക്രിസ്‌തീയ സഹോദരങ്ങളോടുമുള്ള ഞങ്ങളുടെ സ്‌നേഹം ആഴമുള്ളത്‌ ആയിത്തീർന്നിരിക്കുന്നു!”

[19-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

ഊസൂ അഗ്നിപർവത സ്‌ഫോടനം: AP Photo/Koji Sasahara