വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യഹോവയുടെ കരുണ അവന്റെ നീതിയെ മയപ്പെടുത്തുന്നു എന്നു പറയുന്നതു ശരിയാണോ?
ഈ പ്രയോഗം മുമ്പ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് ഒഴിവാക്കുന്നതാണു നല്ലത്. കാരണം യഹോവയുടെ കരുണ എന്ന ഗുണം, അവന്റെ നീതി എന്ന കടുപ്പമേറിയ ഗുണത്തെക്കാൾ ശ്രേഷ്‌ഠമാണെന്നും അവന്റെ കരുണ അവന്റെ നീതിയെ മയപ്പെടുത്തുന്നു അഥവാ നിയന്ത്രിച്ചു നിറുത്തുന്നു എന്നുമുള്ള ധ്വനി ഇതിന് ഉള്ളതുപോലെ തോന്നുന്നു. അതു ശരിയല്ല.
“നീതി” എന്നതിന്റെ എബ്രായ പദത്തിന് “ന്യായവിധി” എന്നും അർഥമുണ്ട്. യഹോവയുടെ നീതിയിൽ, അർഹിക്കുന്ന ശിക്ഷ നടപ്പാക്കുന്നത് അടങ്ങിയിരിക്കുന്നെങ്കിലും യോഗ്യരായവർക്കു രക്ഷ പ്രദാനം ചെയ്യുന്നതും അതിൽ ഉൾപ്പെടുന്നു. (ഉല്‌പത്തി 18:20-32; യെശയ്യാവു 56:1; മലാഖി 4:2) അതുകൊണ്ട്, കടുത്തതോ മയം വരുത്തപ്പെടേണ്ടതോ ആയ ഒന്നായി യഹോവയുടെ നീതിയെ വീക്ഷിക്കാൻ പാടില്ല.
“കരുണ” എന്നതിന്റെ എബ്രായ പദത്തിന്, ന്യായവിധി നടപ്പിലാക്കവേ നിയന്ത്രണം പാലിക്കുന്നതിനെ അർഥമാക്കാൻ കഴിയും. കൂടാതെ, ക്രിയാത്മകമായ ഒരു വിധത്തിൽ സഹാനുഭൂതി പ്രകടമാക്കിക്കൊണ്ട് കഷ്ടത അനുഭവിക്കുന്നവർക്ക് ആശ്വാസം കൈവരുത്തുന്നതിനെയും അത് അർഥമാക്കുന്നു.—ആവർത്തനപുസ്‌തകം 10:18, പി.ഒ.സി. ബൈബിൾ; ലൂക്കൊസ് 10:29-37.
യഹോവ നീതിയും കരുണയും ഉള്ള ഒരു ദൈവമാണ്. (പുറപ്പാടു 34:6, 7; ആവർത്തനപുസ്‌തകം 32:4; പി.ഒ.സി. ബൈ.; സങ്കീർത്തനം 145:9) അവന്റെ നീതിയും കരുണയും തികവുള്ളതാണ്, അവ പരസ്‌പരം യോജിപ്പിൽ പ്രവർത്തിക്കുന്നു. (സങ്കീർത്തനം 116:5; ഹോശേയ 2:19) ഈ രണ്ടു ഗുണങ്ങളും പൂർണമായും സന്തുലിതമായി നിലകൊള്ളുന്നു അഥവാ പരസ്‌പര പൂരകങ്ങളായി വർത്തിക്കുന്നു. അതുകൊണ്ട്, യഹോവയുടെ കരുണ അവന്റെ നീതിയെ മയപ്പെടുത്തുന്നു എന്നു പറയുന്നെങ്കിൽ അവന്റെ നീതി അവന്റെ കരുണയെ മയപ്പെടുത്തുന്നു എന്നും പറയേണ്ടിവരും.
യെശയ്യാവ് ഇങ്ങനെ പ്രവചിച്ചു: “നിന്നോട് ഔദാര്യം കാണിക്കാൻ കർത്താവ് കാത്തിരിക്കുന്നു. നിന്നോടു കാരുണ്യം പ്രദർശിപ്പിക്കാൻ അവിടുന്ന് തന്നെത്തന്നെ ഉയർത്തുന്നു. എന്തെന്നാൽ, കർത്താവ് നീതിയുടെ ദൈവമാണ്.” (യെശയ്യാവു 30:18, പി.ഒ.സി. ബൈ.) യഹോവയുടെ കരുണ അവന്റെ നീതിയെ മയപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതായല്ല, മറിച്ച് അവന്റെ നീതി അവനെ കരുണാപ്രവൃത്തികൾക്കു പ്രേരിപ്പിക്കുന്നതായാണ് യെശയ്യാവ് ഇവിടെ വ്യക്തമാക്കുന്നത്. നീതിമാനും സ്‌നേഹവാനും ആയതിനാൽ യഹോവ കരുണ കാണിക്കുന്നു.
“കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു” എന്ന് ബൈബിൾ എഴുത്തുകാരനായ യാക്കോബ് എഴുതി എന്നതു ശരിയാണ്. (യാക്കോബ് 2:13ബി) എന്നാൽ സന്ദർഭം നോക്കുമ്പോൾ യാക്കോബ് യഹോവയെ കുറിച്ചല്ല, പിന്നെയോ ദരിദ്രരോടും പീഡിതരോടുമെല്ലാം ക്രിസ്‌ത്യാനികൾ കരുണ കാണിച്ചതിനെ കുറിച്ചാണു സംസാരിക്കുന്നത് എന്നു കാണാം. (യാക്കോബ് 1:27; 2:1-9) കരുണാസമ്പന്നരായ അത്തരം വ്യക്തികൾ ന്യായംവിധിക്കപ്പെടുമ്പോൾ യഹോവ അവരുടെ മുൻനടത്തയെ കണക്കിലെടുക്കുകയും തന്റെ പുത്രന്റെ യാഗത്തിന്റെ അടിസ്ഥാനത്തിൽ കരുണാപൂർവം അവരോടു ക്ഷമിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, അവരുടെ കരുണ അവർക്കു ലഭിച്ചേക്കാമായിരുന്ന പ്രതികൂലമായ ഏതൊരു ന്യായവിധിയെയും ജയിക്കുന്നു.—സദൃശവാക്യങ്ങൾ 14:21; മത്തായി 5:7; 6:12; 7:2.
അതുകൊണ്ട് യഹോവയുടെ നീതിയെ കരുണ പതം വരുത്തേണ്ടതുണ്ട് എന്ന അർഥത്തിൽ കരുണ എന്ന ഗുണം അവന്റെ ന്യായവിധിയെ മയപ്പെടുത്തുന്നു എന്നു പറയുന്നത് ശരിയായിരിക്കില്ല. യഹോവയെ സംബന്ധിച്ചിടത്തോളം ഈ രണ്ടു ഗുണങ്ങളും പൂർണമായും സന്തുലിതമായി നിലകൊള്ളുന്നു. അവ യഹോവയുടെ മറ്റു ഗുണങ്ങളായ സ്‌നേഹവും ജ്ഞാനവുമായി സമനിലയിൽ ആയിരിക്കുന്നതുപോലെ, പരസ്‌പരവും സമനിലയിലാണ്.