വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തു തന്റെ സഭയ്‌ക്കു നേതൃത്വം നൽകുന്നു

ക്രിസ്‌തു തന്റെ സഭയ്‌ക്കു നേതൃത്വം നൽകുന്നു

ക്രിസ്‌തു തന്റെ സഭയ്‌ക്കു നേതൃത്വം നൽകുന്നു

“ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.”​—⁠മത്തായി 28:20.

1, 2. (എ) ശിഷ്യരെ ഉളവാക്കാനുള്ള കൽപ്പന കൊടുത്തപ്പോൾ, പുനരുത്ഥാനം പ്രാപിച്ച യേശു തന്റെ അനുഗാമികൾക്ക്‌ എന്ത്‌ ഉറപ്പു നൽകി? (ബി) ആദിമ ക്രിസ്‌തീയ സഭയ്‌ക്ക്‌ യേശു സജീവമായ നേതൃത്വം നൽകിയത്‌ എങ്ങനെ?

സ്വർഗാരോഹണം ചെയ്യുന്നതിനു മുമ്പ്‌, പുനരുത്ഥാനം പ്രാപിച്ച നമ്മുടെ നായകനായ യേശുക്രിസ്‌തു ശിഷ്യന്മാർക്കു പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്‌കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.”​—⁠മത്തായി 23:​10; 28:18-20.

2 കൂടുതൽ ശിഷ്യരെ ഉളവാക്കുകയെന്ന ജീവരക്ഷാകരമായ വേല ശിഷ്യന്മാർക്കു നൽകിയതിനു പുറമേ താൻ അവരോടൊപ്പം ഉണ്ടായിരിക്കുമെന്ന ഉറപ്പും യേശു നൽകി. പ്രവൃത്തികൾ എന്ന ബൈബിൾ പുസ്‌തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള ആദിമ ക്രിസ്‌ത്യാനിത്വത്തിന്റെ ചരിത്രം, പുതുതായി സ്ഥാപിക്കപ്പെട്ട സഭയെ നയിക്കുന്നതിന്‌ ക്രിസ്‌തു തനിക്കു നൽകപ്പെട്ട അധികാരം ഉപയോഗിച്ചെന്ന്‌ സംശയലേശമന്യേ തെളിയിക്കുന്നു. തന്റെ അനുഗാമികളെ ബലപ്പെടുത്തുന്നതിനും അവരുടെ ശ്രമങ്ങൾക്കു വഴികാട്ടി ആയിരിക്കുന്നതിനും അവൻ വാഗ്‌ദത്ത ‘സഹായിയെ’​—⁠പരിശുദ്ധാത്മാവിനെ​—⁠അയച്ചു. (യോഹന്നാൻ 16:​7, NW; പ്രവൃത്തികൾ 2:4, 33; 13:2-4; 16:6-10) ശിഷ്യന്മാരെ പിന്തുണയ്‌ക്കുന്നതിനു പുനരുത്ഥാനം പ്രാപിച്ച യേശു തന്റെ കീഴിലുള്ള ദൂതന്മാരെ ഉപയോഗിച്ചു. (പ്രവൃത്തികൾ 5:19; 8:26; 10:3-8, 22; 12:7-11; 27:23, 24; 1 പത്രൊസ്‌ 3:22) മാത്രമല്ല, ഒരു ഭരണസംഘം എന്നനിലയിൽ സേവിക്കാൻ യോഗ്യതയുള്ള പുരുഷന്മാരെ ക്രമീകരിക്കുകവഴി നമ്മുടെ നായകൻ സഭയ്‌ക്കു മാർഗനിർദേശം പ്രദാനം ചെയ്‌തു.​—⁠പ്രവൃത്തികൾ 1:20, 24-26; 6:1-6; 8:5, 14-17.

3. ഈ ലേഖനത്തിൽ ഏതു ചോദ്യങ്ങൾ ചർച്ച ചെയ്യപ്പെടും?

3 എന്നാൽ, നമ്മുടെ ഈ “ലോകാവസാന” നാളുകളിലോ? യേശുക്രിസ്‌തു ഇന്ന്‌ എങ്ങനെയാണു ക്രിസ്‌തീയ സഭയ്‌ക്കു നേതൃത്വം നൽകുന്നത്‌? അവന്റെ നേതൃത്വം നാം അംഗീകരിക്കുന്നു എന്ന്‌ നമുക്ക്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

യജമാനന്‌ ഒരു വിശ്വസ്‌ത അടിമ ഉണ്ട്‌

4. (എ) “വിശ്വസ്‌തനും വിവേകിയുമായ അടിമ” ആരാണ്‌? (ബി) യജമാനൻ അടിമയുടെ ചുമതലയിൽ ആക്കിവെച്ചിരിക്കുന്നത്‌ എന്ത്‌?

4 തന്റെ സാന്നിധ്യത്തിന്റെ അടയാളം സംബന്ധിച്ച പ്രവചനത്തിൽ യേശു പറഞ്ഞു: “യജമാനൻ തന്റെ വീട്ടുകാർക്കു തൽസമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്‌തനും ബുദ്ധിമാനും ആയ ദാസൻ [“വിശ്വസ്‌തനും വിവേകിയുമായ അടിമ,” NW] ആർ? യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്‌തു കാണുന്ന ദാസൻ ഭാഗ്യവാൻ. അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്തായി 24:45-47) “യജമാനൻ” നമ്മുടെ നായകനായ യേശുക്രിസ്‌തു ആണ്‌. അവൻ തന്റെ മുഴു ഭൗമിക താത്‌പര്യങ്ങളുടെമേലും “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെ​—⁠ഭൂമിയിലെ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ കൂട്ടത്തെ​—⁠ആക്കിവെച്ചിരിക്കുന്നു.

5, 6. (എ) യോഹന്നാൻ അപ്പൊസ്‌തലനു ലഭിച്ച ദർശനത്തിലെ, “ഏഴു പൊൻനിലവിളക്കുക”ളും “ഏഴു നക്ഷത്ര”ങ്ങളും എന്തിനെ പ്രതിനിധാനം ചെയ്യുന്നു? (ബി) “ഏഴു നക്ഷത്ര”ങ്ങൾ യേശുവിന്റെ വലതു കയ്യിൽ ആണെന്നുള്ളത്‌ എന്തു സൂചിപ്പിക്കുന്നു?

5 വിശ്വസ്‌തനും വിവേകിയുമായ അടിമ യേശുക്രിസ്‌തുവിന്റെ നേരിട്ടുള്ള നേതൃത്വത്തിൻ കീഴിലാണെന്ന്‌ ബൈബിൾ പുസ്‌തകമായ വെളിപ്പാടു വ്യക്തമാക്കുന്നു. “കർത്തൃദിവസ”ത്തെ കുറിച്ചുള്ള ഒരു ദർശനത്തിൽ യോഹന്നാൻ അപ്പൊസ്‌തലൻ ‘ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ, വലങ്കയ്യിൽ ഏഴു നക്ഷത്രം ഉള്ള മനുഷ്യപുത്രനോടു സദൃശനായ’ ഒരുവനെയും കണ്ടു. ആ ദർശനം യോഹന്നാനു വിശദീകരിച്ചുകൊണ്ട്‌ യേശു പറഞ്ഞു: “എന്റെ വലങ്കയ്യിൽ കണ്ട ഏഴു നക്ഷത്രത്തിന്റെ മർമ്മവും ഏഴു പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്കു ഏഴു സഭകൾ ആകുന്നു.”​—⁠വെളിപ്പാടു 1:1, 10-20.

6 ‘ഏഴു പൊൻനിലവിളക്കുകൾ’ 1914-ൽ തുടങ്ങിയ “കർത്തൃദിവസത്തിൽ” നിലവിലുള്ള, സത്യക്രിസ്‌ത്യാനികളുടെ എല്ലാ സഭകളെയും ചിത്രീകരിക്കുന്നു. എന്നാൽ “ഏഴു നക്ഷത്ര”ങ്ങളോ? ആദ്യം അവ ഒന്നാം നൂറ്റാണ്ടിലെ സഭകൾക്കായി കരുതിക്കൊണ്ടിരുന്ന ആത്മജാതരായ, എല്ലാ അഭിഷിക്ത മേൽവിചാരകന്മാരെയും സൂചിപ്പിച്ചു. * ഈ മേൽവിചാരകന്മാർ യേശുവിന്റെ വലതു കയ്യിൽ​—⁠അവന്റെ നിയന്ത്രണത്തിലും നിർദേശത്തിൻ കീഴിലും​—⁠ആയിരുന്നു. അതേ, സംയുക്ത അടിമവർഗത്തിനു നേതൃത്വം നൽകിയത്‌ ക്രിസ്‌തുയേശുവാണ്‌. എന്നാൽ, ഇപ്പോൾ അഭിഷിക്ത മേൽവിചാരകന്മാർ എണ്ണത്തിൽ കുറവാണ്‌. അപ്പോൾ എങ്ങനെയാണ്‌ ഗോളമാസകലമുള്ള യഹോവയുടെ സാക്ഷികളുടെ 93,000-ത്തിലധികം സഭകളിൽ ക്രിസ്‌തുവിന്റെ നേതൃത്വം എത്തുന്നത്‌?

7. (എ) ലോകമെമ്പാടുമുള്ള സഭകളിൽ നേതൃത്വം നൽകാൻ യേശു ഭരണസംഘത്തെ ഉപയോഗിക്കുന്നത്‌ എങ്ങനെ? (ബി) ക്രിസ്‌തീയ മേൽവിചാരകന്മാർ പരിശുദ്ധാത്മാവിനാലാണ്‌ നിയമിക്കപ്പെടുന്നത്‌ എന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

7 ഒന്നാം നൂറ്റാണ്ടിലേതു പോലെതന്നെ, അഭിഷിക്ത മേൽവിചാരകന്മാരുടെ ഇടയിൽനിന്നുള്ള യോഗ്യരായ പുരുഷന്മാരുടെ ഒരു ചെറിയ കൂട്ടം, വിശ്വസ്‌തനും വിവേകിയുമായ സംയുക്ത അടിമയെ പ്രതിനിധാനം ചെയ്‌തുകൊണ്ട്‌ ഇപ്പോൾ ഭരണസംഘമായി സേവിക്കുന്നു. പ്രാദേശിക സഭകളിൽ മൂപ്പന്മാരായി സേവിക്കുന്നതിനു യോഗ്യതയുള്ള പുരുഷന്മാരെ​—⁠അവർ ആത്മാഭിഷിക്തർ ആയിരുന്നാലും അല്ലെങ്കിലും​—⁠നിയമിക്കാൻ നമ്മുടെ നായകൻ ഈ ഭരണസംഘത്തെ ഉപയോഗിക്കുന്നു. ഇതിൽ, യഹോവ തന്റെ പുത്രനായ യേശുവിന്‌ ഉപയോഗിക്കാൻ അധികാരം നൽകിയിരിക്കുന്ന പരിശുദ്ധാത്മാവ്‌ ഒരു നിർണായക പങ്കു വഹിക്കുന്നു. (പ്രവൃത്തികൾ 2:32, 33) ഒന്നാമത്‌, ഈ മേൽവിചാരകന്മാർ പരിശുദ്ധാത്മാവിനാൽ നിശ്വസ്‌തമായിരിക്കുന്ന ദൈവവചനത്തിൽ നൽകിയിരിക്കുന്ന യോഗ്യതകളിൽ എത്തിച്ചേരേണ്ടതുണ്ട്‌. (1 തിമൊഥെയൊസ്‌ 3:1-7; തീത്തൊസ്‌ 1:5-9; 2 പത്രൊസ്‌ 1:20, 21) പ്രാർഥനയ്‌ക്കു ശേഷവും പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിൻ കീഴിലുമാണ്‌ ശുപാർശകളും നിയമനങ്ങളും നടത്തുന്നത്‌. മാത്രമല്ല, നിയമിക്കപ്പെടുന്ന വ്യക്തികൾ ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നു എന്നതിനു തെളിവും നൽകുന്നു. (ഗലാത്യർ 5:22, 23) അതിനാൽ, അഭിഷിക്തർ ആയിരുന്നാലും അല്ലെങ്കിലും, പൗലൊസിന്റെ ബുദ്ധിയുപദേശം എല്ലാ മൂപ്പന്മാർക്കും ഒരുപോലെ ബാധകമാണ്‌: “നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്‌പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (പ്രവൃത്തികൾ 20:28) ഭരണസംഘത്തിൽനിന്നു മാർഗനിർദേശം ലഭിക്കുന്ന ഈ നിയമിത പുരുഷന്മാർ മനസ്സോടെ സഭയെ പരിപാലിക്കുന്നു. ഈ വിധത്തിൽ, ക്രിസ്‌തു ഇന്നു നമ്മോടു കൂടെ ഉണ്ട്‌, അവൻ സഭയ്‌ക്കു സജീവമായ നേതൃത്വം നൽകുകയും ചെയ്യുന്നു.

8. തന്റെ അനുഗാമികളെ നയിക്കാൻ ക്രിസ്‌തു ദൂതന്മാരെ ഉപയോഗിക്കുന്നത്‌ എങ്ങനെ?

8 ഇന്നു തന്റെ അനുഗാമികൾക്കു നേതൃത്വം നൽകാൻ യേശു അക്ഷരീയ ദൂതന്മാരെയും ഉപയോഗിക്കുന്നു. ഗോതമ്പിന്റെയും കളയുടെയും ഉപമ അനുസരിച്ച്‌, “ലോകാവസാന”കാലത്താണു കൊയ്‌ത്തു നടക്കുന്നത്‌. ഈ കൊയ്‌ത്തിനായി യജമാനൻ ആരെയാണ്‌ ഉപയോഗിക്കുക? “കൊയ്യുന്നവർ ദൂതന്മാർ” എന്ന്‌ യേശു പറഞ്ഞു. അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്‌തു: ‘മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർക്കും.’ (മത്തായി 13:37-41) തന്നെയുമല്ല, എത്യോപ്യൻ ഷണ്ഡന്റെ അടുക്കലേക്കു ഫിലിപ്പൊസിന്റെ കാലടികളെ ഒരു ദൂതൻ നയിച്ചതുപോലെ, ആത്മാർഥഹൃദയരെ കണ്ടെത്തുന്നതിൽ സത്യക്രിസ്‌ത്യാനികൾ നിർവഹിക്കുന്ന വേലയെ നയിക്കാൻ ക്രിസ്‌തു ഇന്ന്‌ ദൂതന്മാരെ ഉപയോഗിക്കുന്നു എന്നതിനു ധാരാളം തെളിവുകളുണ്ട്‌.​—⁠പ്രവൃത്തികൾ 8:26, 27; വെളിപ്പാടു 14:⁠6.

9. (എ) ക്രിസ്‌തു ഇന്നു ക്രിസ്‌തീയ സഭയ്‌ക്കു നേതൃത്വം നൽകുന്നത്‌ എങ്ങനെ? (ബി) ക്രിസ്‌തുവിന്റെ നേതൃത്വത്തിൽനിന്നു പ്രയോജനം അനുഭവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നാം ഏതു ചോദ്യം പരിചിന്തിക്കേണ്ടതുണ്ട്‌?

9 ഭരണസംഘത്തെയും പരിശുദ്ധാത്മാവിനെയും ദൂതന്മാരെയും ഉപയോഗിച്ച്‌ യേശുക്രിസ്‌തു ഇന്ന്‌ തന്റെ ശിഷ്യന്മാർക്കു നേതൃത്വം പ്രദാനം ചെയ്യുന്നു എന്നറിയുന്നത്‌ എത്ര ആശ്വാസദായകമാണ്‌! പീഡനത്താലോ അതുപോലുള്ള മറ്റേതെങ്കിലും കാരണത്താലോ യഹോവയുടെ ആരാധകരിൽ ചിലർ ഭരണസംഘത്തിൽനിന്നു താത്‌കാലികമായി ഒറ്റപ്പെട്ടു പോയാൽ പോലും, പരിശുദ്ധാത്മാവും ദൂതപിന്തുണയും മുഖാന്തരം ക്രിസ്‌തു അപ്പോഴും നേതൃത്വം പ്രദാനം ചെയ്യും. എന്നാൽ അവന്റെ നേതൃത്വം അംഗീകരിക്കുമ്പോൾ മാത്രമേ നമുക്ക്‌ അതിൽനിന്നു പ്രയോജനം ലഭിക്കുകയുള്ളൂ. ക്രിസ്‌തുവിന്റെ നേതൃത്വം നാം അംഗീകരിക്കുന്നു എന്ന്‌ നമുക്ക്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

“അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ”

10. സഭയിലെ നിയമിത മൂപ്പന്മാരോടു നമുക്ക്‌ എങ്ങനെ ആദരവു പ്രകടമാക്കാം?

10 നമ്മുടെ നായകൻ സഭകൾക്ക്‌ “മനുഷ്യരാം ദാനങ്ങ”ളെ (NW)​—⁠“ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും”​—⁠നൽകിയിരിക്കുന്നു. (എഫെസ്യർ 4:8, 11, 12) അവരോടുള്ള നമ്മുടെ മനോഭാവവും ഇടപെടലും നാം ക്രിസ്‌തുവിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നുവോ എന്ന്‌ വ്യക്തമായി വെളിപ്പെടുത്തുന്നു. ക്രിസ്‌തു നൽകിയിരിക്കുന്ന ആത്മീയ യോഗ്യതയുള്ള ഈ പുരുഷന്മാരെ പ്രതി നാം ‘നന്ദിയുള്ളവർ’ ആയിരിക്കുന്നത്‌ തീർച്ചയായും ഉചിതമാണ്‌. (കൊലൊസ്സ്യർ 3:15) അവർ നമ്മുടെ ആദരവിനും അർഹരാണ്‌. “നന്നായി ഭരിക്കുന്ന മൂപ്പന്മാരെ . . . ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി. (1 തിമൊഥെയൊസ്‌ 5:17) സഭയിലെ മൂപ്പന്മാരോട്‌ അഥവാ മേൽവിചാരകന്മാരോട്‌ നമുക്ക്‌ എങ്ങനെ കൃതജ്ഞതയും ആദരവും പ്രകടമാക്കാൻ കഴിയും? പൗലൊസ്‌ അതിന്‌ ഉത്തരം നൽകുന്നു: “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ.” (എബ്രായർ 13:17) അതേ, നാം അവരെ അനുസരിക്കുകയും അവർക്കു കീഴ്‌പെട്ടിരിക്കുകയും ചെയ്യേണ്ടതുണ്ട്‌.

11. സഭയിൽ മൂപ്പന്മാരെ ആക്കിവെച്ചിരിക്കുന്ന യേശുവിന്റെ ക്രമീകരണത്തോട്‌ ആദരവു പ്രകടമാക്കുന്നത്‌ നമ്മുടെ സ്‌നാപനത്തിനൊത്തു ജീവിക്കുന്നതിന്റെ ഭാഗമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

11 നമ്മുടെ നായകൻ പൂർണതയുള്ളവനാണ്‌. അവൻ ദാനങ്ങളായി നമുക്കു തന്നിരിക്കുന്ന പുരുഷന്മാർ അങ്ങനെയല്ല. അതിനാൽ അവർക്കു ചിലപ്പോഴൊക്കെ തെറ്റു സംഭവിക്കാം. എന്നിരുന്നാലും, ക്രിസ്‌തുവിന്റെ ക്രമീകരണത്തോടു നാം വിശ്വസ്‌തരായി നിലകൊള്ളുന്നതു വളരെ പ്രധാനമാണ്‌. നമ്മുടെ സമർപ്പണത്തിനും സ്‌നാപനത്തിനും ചേർച്ചയിൽ ജീവിക്കുന്നത്‌ സഭയിലെ ആത്മനിയുക്ത അധികാരത്തിന്റെ ഔചിത്യം നാം അംഗീകരിക്കുകയും അതിനു മനസ്സോടെ കീഴ്‌പെട്ടിരിക്കുകയും ചെയ്യുന്നതിനെ അർഥമാക്കും. ‘പരിശുദ്ധാത്മാവിന്റെ നാമത്തിലുള്ള’ നമ്മുടെ സ്‌നാപനം, പരിശുദ്ധാത്മാവ്‌ എന്താണെന്നു നാം മനസ്സിലാക്കുന്നുവെന്നും അതു യഹോവയുടെ ഉദ്ദേശ്യങ്ങളിൽ വഹിക്കുന്ന പങ്കിനെ നാം അംഗീകരിക്കുന്നുവെന്നും ഉള്ളതിന്റെ പരസ്യ പ്രഖ്യാപനമാണ്‌. (മത്തായി 28:19) അത്തരത്തിലുള്ള സ്‌നാപനം, ആത്മാവുമായി നാം സഹകരിക്കുമെന്നും ക്രിസ്‌തുവിന്റെ അനുഗാമികളുടെ ഇടയിലെ അതിന്റെ പ്രവർത്തനത്തിനു നാം വിലങ്ങുതടി ആകുകയില്ല എന്നും സൂചിപ്പിക്കുന്നു. മൂപ്പന്മാരെ ശുപാർശ ചെയ്യുന്നതിലും അവരെ നിയമിക്കുന്നതിലും പരിശുദ്ധാത്മാവ്‌ ഒരു സുപ്രധാന പങ്കു വഹിക്കുന്നതിനാൽ, സഭയിൽ മൂപ്പന്മാരെ ആക്കിവെച്ചിരിക്കുന്ന യേശുവിന്റെ ക്രമീകരണത്തോടു സഹകരിക്കാൻ നാം പരാജയപ്പെടുന്നെങ്കിൽ, നാം നമ്മുടെ സമർപ്പണത്തോട്‌ യഥാർഥത്തിൽ വിശ്വസ്‌തരാണെന്നു പറയാൻ കഴിയുമോ?

12. അധികാരത്തോടുള്ള അനാദരവിന്റെ ഏതെല്ലാം ദൃഷ്ടാന്തങ്ങളാണ്‌ യൂദാ പരാമർശിക്കുന്നത്‌, അവ നമ്മെ എന്തു പഠിപ്പിക്കുന്നു?

12 അനുസരണത്തിന്റെയും കീഴ്‌പെടലിന്റെയും മൂല്യം നമ്മെ പഠിപ്പിക്കുന്ന ദൃഷ്ടാന്തങ്ങൾ തിരുവെഴുത്തുകളിലുണ്ട്‌. സഭയിലെ നിയമിത പുരുഷന്മാരെ കുറിച്ചു മോശമായി സംസാരിച്ചവരെ കുറിച്ച്‌ ശിഷ്യനായ യൂദാ പരാമർശിക്കുകയുണ്ടായി. മൂന്നു മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങളിലേക്കു വിരൽ ചൂണ്ടിക്കൊണ്ട്‌ അവൻ ഇങ്ങനെ പറഞ്ഞു: “അവർക്കു അയ്യോ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയിൽ തങ്ങളേത്തന്നേ ഏല്‌പിക്കയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകയും ചെയ്യുന്നു.” (യൂദാ 11) കയീൻ യഹോവയുടെ സ്‌നേഹപൂർവമായ ബുദ്ധിയുപദേശം അവഗണിക്കുകയും അവനെ ഒരു കൊലപാതകി ആക്കിത്തീർത്ത വിദ്വേഷത്തിന്റെ ഒരു ഗതി മനഃപൂർവം പിന്തുടരുകയും ചെയ്‌തു. (ഉല്‌പത്തി 4:4-8) ആവർത്തിച്ചുള്ള ദിവ്യ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും, സാമ്പത്തിക പ്രതിഫലം മോഹിച്ച്‌ ബിലെയാം ദൈവജനത്തെ ശപിക്കാൻ ശ്രമിച്ചു. (സംഖ്യാപുസ്‌തകം 22:5-28, 32-34; ആവർത്തനപുസ്‌തകം 23:5) കോരഹിന്‌ ഇസ്രായേലിൽ മാന്യമായ അധികാരസ്ഥാനം ഉണ്ടായിരുന്നിട്ടും, അവൻ അതുകൊണ്ട്‌ തൃപ്‌തനായില്ല. ഭൂതലത്തിലെ അതിസൗമ്യനായിരുന്ന, ദൈവദാസനായ മോശെക്കെതിരെ അവൻ മത്സരം ഇളക്കിവിട്ടു. (സംഖ്യാപുസ്‌തകം 12:3; 16:1-3, 32, 33) കയീനും ബിലെയാമിനും കോരഹിനും വിപത്‌കരമായ പരിണതഫലം നേരിടേണ്ടിവന്നു. ഉത്തരവാദിത്വ സ്ഥാനങ്ങളിൽ യഹോവ ഉപയോഗിക്കുന്നവരുടെ ബുദ്ധിയുപദേശത്തിനു ശ്രദ്ധ നൽകാനും അവരെ ആദരിക്കാനും ഈ ദൃഷ്ടാന്തങ്ങൾ എത്ര വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു!

13. സഭയിൽ മൂപ്പന്മാരെ ആക്കിവെച്ചിരിക്കുന്ന യേശുവിന്റെ ക്രമീകരണത്തിനു കീഴ്‌പെടുന്നവർക്ക്‌ എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിക്കുമെന്ന്‌ യെശയ്യാവ്‌ മുൻകൂട്ടി പറഞ്ഞു?

13 നമ്മുടെ നായകൻ ക്രിസ്‌തീയ സഭയിൽ ഏർപ്പെടുത്തിയിരിക്കുന്ന മഹത്തായ ക്രമീകരണത്തിൽനിന്നു പ്രയോജനം നേടാൻ ആരാണ്‌ ആഗ്രഹിക്കാതിരിക്കുക? ആ ക്രമീകരണത്തിന്റെ അനുഗ്രഹങ്ങളെ കുറിച്ചു പ്രവാചകനായ യെശയ്യാവ്‌ ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും. ഓരോരുത്തൻ കാററിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും.” (യെശയ്യാവു 32:1, 2) മൂപ്പന്മാരിൽ ഓരോരുത്തരും സംരക്ഷണത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അത്തരമൊരു ‘മറവും സങ്കേതവും’ ആയിരിക്കേണ്ടതാണ്‌. അധികാരത്തിനു കീഴ്‌പെടുക നമ്മെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണെങ്കിൽ പോലും, സഭയ്‌ക്കുള്ളിലെ ദിവ്യനിയമിത അധികാരത്തെ അനുസരിക്കാനും അതിനു കീഴ്‌പെട്ടിരിക്കാനും നമുക്കു പ്രാർഥനാപൂർവം ശ്രമിക്കാം.

ക്രിസ്‌തുവിന്റെ നേതൃത്വത്തിനു മൂപ്പന്മാർ കീഴ്‌പെടുന്ന വിധം

14, 15. തങ്ങൾ ക്രിസ്‌തുവിന്റെ നേതൃത്വത്തിനു കീഴ്‌പെടുന്നുവെന്നു സഭയിൽ നേതൃത്വമെടുക്കുന്നവർ എങ്ങനെ പ്രകടമാക്കുന്നു?

14 ക്രിസ്‌ത്യാനികൾ എല്ലാവരും​—⁠പ്രത്യേകിച്ച്‌ മൂപ്പന്മാർ​—⁠ക്രിസ്‌തുവിന്റെ നേതൃത്വം പിന്തുടരേണ്ടതുണ്ട്‌. മേൽവിചാരകന്മാർക്ക്‌ അഥവാ മൂപ്പന്മാർക്ക്‌ സഭയിൽ ഒരു പരിധിവരെയുള്ള അധികാരമുണ്ട്‌. എന്നാൽ തങ്ങളുടെ സഹവിശ്വാസികളുടെ ജീവിതം നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട്‌ അവരുടെ ‘വിശ്വാസത്തിന്മേൽ കർത്തൃത്വം’ പുലർത്താൻ മൂപ്പന്മാർ ശ്രമിക്കുന്നില്ല. (2 കൊരിന്ത്യർ 1:24) യേശുവിന്റെ പിൻവരുന്ന വാക്കുകൾ അവർ ചെവിക്കൊള്ളുന്നു: “ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു. നിങ്ങളിൽ അങ്ങനെ അരുതു.” (മത്തായി 20:25-27) തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കവേ, മൂപ്പന്മാർ മറ്റുള്ളവരെ സേവിക്കാൻ ആത്മാർഥമായി ശ്രമിക്കുന്നു.

15 ക്രിസ്‌ത്യാനികൾ പിൻവരുന്നപ്രകാരം ഉദ്‌ബോധിപ്പിക്കപ്പെട്ടിരിക്കുന്നു: “നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ.” (എബ്രായർ 13:7) ഇങ്ങനെ പറഞ്ഞിരിക്കുന്നത്‌ മൂപ്പന്മാർ നായകന്മാർ ആയതുകൊണ്ടല്ല. യേശു പറഞ്ഞു: “ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്‌തു തന്നേ.” (മത്തായി 23:​10) മൂപ്പന്മാരുടെ വിശ്വാസമാണ്‌ അനുകരിക്കേണ്ടത്‌, കാരണം നമ്മുടെ യഥാർഥ നേതാവായ ക്രിസ്‌തുവിനെ അനുകരിക്കുന്നവരാണ്‌ അവർ. (1 കൊരിന്ത്യർ 11:1) സഭയിലെ മറ്റുള്ളവരുമായുള്ള ബന്ധത്തിൽ മൂപ്പന്മാർ ക്രിസ്‌തുവിനെ പോലെ ആയിരിക്കാൻ ശ്രമിക്കുന്ന ചില വിധങ്ങൾ പരിചിന്തിക്കുക.

16. യേശുവിനു വളരെയധികം അധികാരം ഉണ്ടായിരുന്നിട്ടും, അവൻ തന്റെ അനുഗാമികളോട്‌ എങ്ങനെ പെരുമാറി?

16 യേശു അപൂർണ മനുഷ്യരെക്കാൾ എല്ലാ വിധത്തിലും ശ്രേഷ്‌ഠനും തന്റെ പിതാവിൽനിന്ന്‌ അതുല്യ അധികാരം ലഭിച്ചവനും ആയിരുന്നിട്ടും, ശിഷ്യന്മാരുമായുള്ള ഇടപെടലുകളിൽ അവൻ എളിമയുള്ളവൻ ആയിരുന്നു. കേൾവിക്കാരുടെ മതിപ്പു നേടാനായി തന്റെ അറിവു പ്രകടിപ്പിച്ചുകൊണ്ട്‌ അവൻ അവരെ ബുദ്ധിമുട്ടിച്ചില്ല. യേശു തന്റെ അനുഗാമികളുടെ മാനുഷിക ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ട്‌ അവരോട്‌ ആർദ്രതയും അനുകമ്പയും പ്രകടമാക്കി. (മത്തായി 15:32; 26:40, 41; മർക്കൊസ്‌ 6:31) തങ്ങൾക്കു നൽകാൻ കഴിയുന്നതിലധികം അവൻ തന്റെ ശിഷ്യന്മാരോട്‌ ആവശ്യപ്പെട്ടില്ല, അവർക്കു വഹിക്കാൻ കഴിയുന്നതിലധികം അവൻ അവരുടെമേൽ വെച്ചതുമില്ല. (യോഹന്നാൻ 16:12) യേശു “സൌമ്യതയും താഴ്‌മയും” ഉള്ളവനായിരുന്നു. അതുകൊണ്ട്‌, അവൻ നവോന്മേഷം പകരുന്ന വ്യക്തിയാണെന്നു പലരും കണ്ടതിൽ അതിശയിക്കാനില്ല.​—⁠മത്തായി 11:28-30.

17. സഭയിലെ മറ്റുള്ളവരോടുള്ള ബന്ധത്തിൽ മൂപ്പന്മാർ ക്രിസ്‌തുവിനെ പോലെ എളിമ പ്രകടമാക്കേണ്ടത്‌ എങ്ങനെ?

17 നമ്മുടെ നായകനായ ക്രിസ്‌തു എളിമ പ്രകടമാക്കിയെങ്കിൽ, സഭയിൽ നേതൃത്വം വഹിക്കുന്നവർ ആ ഗുണം എത്രയധികം പ്രകടമാക്കേണ്ടതാണ്‌! തങ്ങൾക്കു ലഭിച്ചിരിക്കുന്ന ഏതൊരു അധികാരവും ദുർവിനിയോഗം ചെയ്യാതിരിക്കാൻ അവർ ജാഗ്രതയുള്ളവരാണ്‌. ‘വാഗ്വിലാസത്താൽ’ മറ്റുള്ളവരിൽ മതിപ്പ്‌ ഉളവാക്കാൻ അവർ ശ്രമിക്കുന്നില്ല. (1 കൊരിന്ത്യർ 2:1, 2, പി.ഒ.സി. ബൈ.) പകരം, അവർ തിരുവെഴുത്തു സത്യങ്ങൾ ലളിതമായും ആത്മാർഥമായും സംസാരിക്കാൻ ശ്രമിക്കുന്നു. മാത്രമല്ല, മറ്റുള്ളവരിൽനിന്നു പ്രതീക്ഷിക്കുന്ന കാര്യങ്ങളിൽ ന്യായബോധം ഉള്ളവരും അവരുടെ ആവശ്യങ്ങളോടു പരിഗണന കാട്ടുന്നവരും ആയിരിക്കാൻ മൂപ്പന്മാർ അതീവ ശ്രദ്ധയുള്ളവരാണ്‌. (ഫിലിപ്പിയർ 4:​5, NW) തങ്ങളുടെ സഹവിശ്വാസികളുമായി ഇടപെടുമ്പോൾ എല്ലാവർക്കും പരിമിതികൾ ഉണ്ടെന്ന വസ്‌തുത അവർ സ്‌നേഹപൂർവം കണക്കിലെടുക്കുന്നു. (1 പത്രൊസ്‌ 4:8) താഴ്‌മയും സൗമ്യതയും ഉള്ള മൂപ്പന്മാർ തീർച്ചയായും നവോന്മേഷം കൈവരുത്തുന്നവരല്ലേ? നിശ്ചയമായും.

18. യേശു കുട്ടികളോട്‌ ഇടപെട്ട രീതിയിൽനിന്നു മൂപ്പന്മാർക്ക്‌ എന്തു പഠിക്കാൻ കഴിയും?

18 എളിയവർക്കു പോലും സമീപിക്കാൻ കഴിയുന്നവനായിരുന്നു യേശു. “ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്ന”തു നിമിത്തം ശിഷ്യന്മാർ ആളുകളെ ശാസിച്ചപ്പോൾ അവൻ എങ്ങനെ പ്രതികരിച്ചു എന്നതു ശ്രദ്ധിക്കുക. “ശിശുക്കളെ എന്റെ അടുക്കൽ വിടുവിൻ, അവരെ തടുക്കരുതു” എന്ന്‌ യേശു പറഞ്ഞു. പിന്നെ “അവൻ അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.” (മർക്കൊസ്‌ 10:13-16) യേശു ഊഷ്‌മളതയും ദയയും ഉള്ളവനായിരുന്നു, മറ്റുള്ളവർ അവനിലേക്ക്‌ ആകർഷിക്കപ്പെട്ടു. ആളുകൾക്ക്‌ അവനെ ഭയമില്ലായിരുന്നു. കുട്ടികളുടെ കാര്യത്തിൽപ്പോലും ഇതു സത്യമായിരുന്നു. മൂപ്പന്മാരും മറ്റുള്ളവർക്കു സമീപിക്കാൻ കഴിയുന്നവരാണ്‌. അവർ വാത്സല്യവും ദയയും പ്രകടമാക്കുമ്പോൾ മറ്റുള്ളവർക്ക്‌​—⁠കുട്ടികൾക്കു പോലും​—⁠അവരെ സമീപിക്കാൻ പേടി തോന്നില്ല.

19. “ക്രിസ്‌തുവിന്റെ മനസ്സു” ഉണ്ടായിരിക്കുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു, അതിന്‌ എന്തു ശ്രമം ആവശ്യമാണ്‌?

19 മൂപ്പന്മാർക്കു ക്രിസ്‌തുയേശുവിനെ അനുകരിക്കാൻ കഴിയുന്നതിന്റെ വ്യാപ്‌തി അവർക്ക്‌ അവനെ എത്ര നന്നായി അറിയാം എന്നതിനെ ആശ്രയിച്ചിരിക്കുന്നു. “കർത്താവിന്റെ [യഹോവയുടെ] മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവൻ ആർ?” എന്നു പൗലൊസ്‌ ചോദിച്ചു. അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്‌തു. “നാമോ ക്രിസ്‌തുവിന്റെ മനസ്സുള്ളവർ ആകുന്നു.” (1 കൊരിന്ത്യർ 2:16) ക്രിസ്‌തുവിന്റെ മനസ്സ്‌ ഉണ്ടായിരിക്കുന്നതിൽ, ഒരു പ്രത്യേക സാഹചര്യത്തിൽ അവൻ എന്തു ചെയ്യുമായിരുന്നു എന്ന്‌ അറിയത്തക്കവണ്ണം അവന്റെ ചിന്താരീതിയും വ്യക്തിത്വത്തിന്റെ എല്ലാ വശങ്ങളും അറിയുന്നത്‌ ഉൾപ്പെടുന്നു. നമ്മുടെ നായകനെ അത്ര നന്നായി മനസ്സിലാക്കുന്നതിനെ കുറിച്ചു ചിന്തിക്കുക! അതിന്‌, സുവിശേഷ വിവരണങ്ങൾക്ക്‌ അടുത്ത ശ്രദ്ധ കൊടുക്കുകയും യേശുവിന്റെ ജീവിതവും മാതൃകയും സംബന്ധിച്ചുള്ള ഗ്രാഹ്യത്താൽ നമ്മുടെ മനസ്സിനെ നിരന്തരം നിറയ്‌ക്കുകയും ചെയ്യേണ്ടതുണ്ട്‌. ക്രിസ്‌തുവിന്റെ നേതൃത്വം അത്രത്തോളം അനുകരിക്കുന്നതിനു മൂപ്പന്മാർ ശ്രമിക്കുമ്പോൾ, സഭയിലുള്ളവർ അവരുടെ വിശ്വാസത്തെ അനുകരിക്കാൻ കൂടുതൽ ചായ്‌വുള്ളവർ ആയിരിക്കും. അപ്പോൾ, തങ്ങളുടെ നായകന്റെ കാലടികളെ മറ്റുള്ളവർ സന്തോഷത്തോടെ പിന്തുടരുന്നതു കാണുന്നതിന്റെ സംതൃപ്‌തി മൂപ്പന്മാർക്ക്‌ ഉണ്ടായിരിക്കും.

ക്രിസ്‌തുവിന്റെ നേതൃത്വത്തിൻ കീഴിൽ തുടരുക

20, 21. വാഗ്‌ദത്ത പുതിയ ലോകത്തിനായി കാത്തിരിക്കവേ, നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം?

20 നാം എല്ലാവരും ക്രിസ്‌തുവിന്റെ നേതൃത്വത്തിൻ കീഴിൽ തുടരുന്നതു വളരെ പ്രധാനമാണ്‌. നാം ഈ വ്യവസ്ഥിതിയുടെ അന്ത്യത്തോട്‌ അടുത്തുവരവേ, നമ്മുടെ സാഹചര്യം പൊ.യു.മു. 1473-ൽ മോവാബ്യ സമഭൂമിയിൽ ആയിരുന്ന ഇസ്രായേല്യരുടേതിനോടു സമാനമാണ്‌. വാഗ്‌ദത്ത ദേശത്തിന്റെ കവാടത്തിങ്കൽ ആയിരുന്നു അവർ. പ്രവാചകനായ മോശെ മുഖാന്തരം ദൈവം പ്രഖ്യാപിച്ചു: ‘യഹോവ ഈ ജനത്തിന്നു കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യംചെയ്‌ത ദേശത്തേക്കു നീ [യോശുവ] അവരോടുകൂടെ ചെല്ലും [“ഇവരെ നയിക്കണം,” പി.ഒ.സി. ബൈ.].’ (ആവർത്തനപുസ്‌തകം 31:7, 8) അവരുടെ നിയുക്ത നായകൻ യോശുവ ആയിരുന്നു. വാഗ്‌ദത്ത ദേശത്തു പ്രവേശിക്കുന്നതിന്‌, ഇസ്രായേല്യർ യോശുവയുടെ നേതൃത്വത്തിനു കീഴ്‌പെടണമായിരുന്നു.

21 “ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്‌തു തന്നേ” എന്നു ബൈബിൾ നമ്മോടു പറയുന്നു. നീതി വസിക്കുന്ന വാഗ്‌ദത്ത പുതിയ ലോകത്തിലേക്ക്‌ അവൻ മാത്രമാണു നമ്മെ നയിക്കുന്നത്‌. (2 പത്രൊസ്‌ 3:13) അതുകൊണ്ട്‌, ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ക്രിസ്‌തുവിന്റെ അധികാരത്തിനു കീഴ്‌പെട്ടിരിക്കാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം.

[അടിക്കുറിപ്പ്‌]

^ ഖ. 6 ഈ ‘നക്ഷത്രങ്ങൾ’ അക്ഷരീയ ദൂതന്മാരെ പ്രതിനിധാനം ചെയ്യുന്നില്ല. അദൃശ്യ ആത്മസൃഷ്ടികൾക്കുള്ള വിവരങ്ങൾ രേഖപ്പെടുത്താൻ യേശു തീർച്ചയായും ഒരു മനുഷ്യനെ ഉപയോഗിക്കുമായിരുന്നില്ല. അതിനാൽ, ഈ ‘നക്ഷത്രങ്ങൾ’ യേശുവിന്റെ സന്ദേശവാഹകന്മാരായി അഥവാ ദൂതന്മാരായി വീക്ഷിക്കപ്പെടുന്ന, മനുഷ്യ മേൽവിചാരകന്മാരെ അഥവാ സഭകളിലെ മൂപ്പന്മാരെ ആയിരിക്കണം പ്രതിനിധാനം ചെയ്യുന്നത്‌. അവരുടെ ഏഴ്‌ എന്ന സംഖ്യ ദൈവത്താൽ നിർണയിക്കപ്പെട്ട പൂർണതയെ കുറിക്കുന്നു.

നിങ്ങൾ ഓർമിക്കുന്നുവോ?

• ആദിമ സഭയ്‌ക്കു ക്രിസ്‌തു എങ്ങനെയാണ്‌ നേതൃത്വം നൽകിയത്‌?

• ഇന്നു ക്രിസ്‌തു സഭയ്‌ക്ക്‌ നേതൃത്വം നൽകുന്നത്‌ എങ്ങനെ?

• സഭയിൽ നേതൃത്വമെടുക്കുന്നവർക്കു നാം കീഴ്‌പെട്ടിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• ക്രിസ്‌തുവാണ്‌ തങ്ങളുടെ നായകനെന്ന്‌ മൂപ്പന്മാർക്ക്‌ ഏതെല്ലാം വിധങ്ങളിൽ പ്രകടമാക്കാനാകും?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

ക്രിസ്‌തു സഭയ്‌ക്കു നേതൃത്വം നൽകുകയും മേൽവിചാരകന്മാരെ തന്റെ വലതു കയ്യിൽ വഹിക്കുകയും ചെയ്യുന്നു

[16-ാം പേജിലെ ചിത്രങ്ങൾ]

“നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ”

[18-ാം പേജിലെ ചിത്രം]

യേശു ഊഷ്‌മളതയുള്ളവനും മറ്റുള്ളവർക്കു സമീപിക്കാൻ കഴിയുന്നവനും ആയിരുന്നു. ക്രിസ്‌തീയ മൂപ്പന്മാർ അവനെപ്പോലെ ആയിരിക്കാൻ ശ്രമിക്കുന്നു