വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നല്ല നേതൃത്വം ഒരു ആഗോള വെല്ലുവിളി

നല്ല നേതൃത്വം ഒരു ആഗോള വെല്ലുവിളി

നല്ല നേതൃത്വം ഒരു ആഗോള വെല്ലുവിളി

ആ മനുഷ്യൻ ഒരു എഴുത്തുകാരനും കവിയും ആയിരുന്നു. അദ്ദേഹത്തിന്റെ മനസ്സു നിറയെ ഭാവി സംബന്ധിച്ച ശുഭപ്രതീക്ഷയായിരുന്നു. ‘ഭയംവെടിഞ്ഞ ചിത്തമോടുയർന്നിടും ശിരസ്സൊടും, സ്വയം നിവർന്നു വിജ്ഞതത്വമെങ്ങുനിൽപനായതം, ഗൃഹങ്ങളെങ്ങു ഭിത്തിയാൽ മുറിച്ചു സ്വന്തമങ്കണം, ചമച്ചു രാപ്പകൽ പകുത്തിടാതിരിപ്പു പാരിനെ; മനോജ്ഞമാം വചസ്സുകൾ ഹൃദാന്തരാള നിർത്‌ധരിക്കകത്തുനിന്നു നിർവ്വിശങ്കമുത്ഭവിപ്പതെങ്ങഹോ, തികഞ്ഞിടും സഹസ്രഭംഗി പൂണ്ടു കർമ്മധാരകൾ, കുതിച്ചു പാഞ്ഞിടുന്നതെങ്ങു സർവ്വദിക്കുതോറുമേ’ എന്ന്‌ ഏകദേശം 90 വർഷം മുമ്പ്‌ അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു.

തന്റെ മാതൃരാജ്യവും ലോകത്തിലെ മറ്റു രാജ്യങ്ങളും ഒരിക്കൽ അത്തരം ഒരു അവസ്ഥ കൈവരിക്കുമെന്ന പ്രത്യാശ ആ എഴുത്തുകാരൻ പ്രകടിപ്പിച്ചു. നോബൽസമ്മാന ജേതാവായ ആ കവി ഇന്ന്‌ ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹം തീർച്ചയായും അത്യന്തം നിരാശനാകുമായിരുന്നു. സമസ്‌ത മണ്ഡലങ്ങളിലും കണ്ടുപിടിത്തങ്ങളും നേട്ടങ്ങളും ഉണ്ടെങ്കിലും, ലോകം പൂർവാധികം ഛിന്നഭിന്നമായിരിക്കുകയാണ്‌. ഭാവി സംബന്ധിച്ച മനുഷ്യന്റെ ആകമാന ദർശനം അങ്ങേയറ്റം ശോഭയറ്റതാണ്‌.

തന്റെ രാജ്യത്തെ ചില വിഭാഗങ്ങൾക്കിടയിൽ പെട്ടെന്ന്‌ അക്രമം പൊട്ടിപ്പുറപ്പെട്ടത്‌ എന്തുകൊണ്ടായിരിക്കുമെന്നു ചോദിച്ചപ്പോൾ, അതിന്റെ കാരണമായി താൻ കരുതിയ ഒരു കാര്യം ഒരു കർഷകൻ ചൂണ്ടിക്കാട്ടി: “നേതാക്കന്മാരുടെ പിടിപ്പുകേടും അഴിമതിയും.” ചരിത്രകാരനായ ജോനഥൻ ഗ്ലോവർ മാനവരാശി​—⁠ഇരുപതാം നൂറ്റാണ്ടിന്റെ ഒരു ധാർമിക ചരിത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽ സമാനമായ ഒരു വീക്ഷണം പ്രകടിപ്പിക്കുന്നു: “[അതേ ദേശത്തു നടന്ന] ഈ നരഹത്യ ഗോത്രവിദ്വേഷത്തിന്റെ താനെയുള്ള ഒരു പൊട്ടിപ്പുറപ്പെടൽ അല്ലായിരുന്നു, അത്‌ അധികാരം നിലനിറുത്താൻ ആഗ്രഹിക്കുന്നവർ ആസൂത്രണം ചെയ്‌തതാണ്‌.”

മുൻ യൂഗോസ്ലാവിയയിലെ രണ്ടു റിപ്പബ്ലിക്കുകൾക്കിടയിൽ 1990-കളുടെ ആദ്യ പാദത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഒരു പത്രപ്രവർത്തക ഇങ്ങനെ എഴുതി: “നാം വർഷങ്ങളോളം സന്തോഷത്തോടെ ഒന്നിച്ചു കഴിഞ്ഞുപോന്നവരാണ്‌, ഇപ്പോഴാകട്ടെ ഓരോ പക്ഷത്തെയും പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഘട്ടത്തോളം പോലും എത്തിയിരിക്കുന്നു. നമുക്ക്‌ എന്താണു സംഭവിക്കുന്നത്‌?”

യൂറോപ്പിൽനിന്നും ആഫ്രിക്കയിൽനിന്നും ആയിരക്കണക്കിനു കിലോമീറ്റർ അകലെ കിടക്കുന്ന ഇന്ത്യയാണ്‌ തുടക്കത്തിൽ പരാമർശിച്ച കവിയുടെ ജന്മദേശം. “ഒരു രാഷ്‌ട്രം എന്ന നിലയിൽ ഇന്ത്യക്ക്‌ അതിജീവിക്കാൻ കഴിയുമോ?” എന്ന വിഷയത്തിലുള്ള ഒരു പ്രഭാഷണത്തിൽ, ഗ്രന്ഥകാരനായ പ്രണയ്‌ ഗുപ്‌ത ഇപ്രകാരം പ്രസ്‌താവിച്ചു: ‘ഇന്ത്യയിലെ വൻ ജനസംഖ്യയുടെ ഏതാണ്ട്‌ 70 ശതമാനവും 30 വയസ്സിൽ താഴെയുള്ളവർ ആണ്‌, എന്നാൽ അവർക്കു മാതൃകയാക്കാൻ പറ്റിയ നേതാക്കളാരുമില്ല.’

ചില രാജ്യങ്ങളിൽ, അഴിമതി ആരോപണങ്ങൾ നിമിത്തം നേതാക്കന്മാർക്കു രാജി വെക്കേണ്ടി വന്നിട്ടുണ്ട്‌. അപ്പോൾ വ്യക്തമായും, വ്യത്യസ്‌ത കാരണങ്ങളാൽ ലോകം ഇപ്പോൾ ഒരു നേതൃത്വ പ്രതിസന്ധിയെ നേരിടുകയാണ്‌. ഏകദേശം 2,600 വർഷം മുമ്പ്‌ ജീവിച്ചിരുന്ന ഒരു പ്രവാചകന്റെ വാക്കുകളുടെ സത്യതയെ ഇപ്പോഴത്തെ അവസ്ഥ സ്ഥിരീകരിക്കുന്നു. ആ പ്രവാചകൻ ഇങ്ങനെ പറഞ്ഞു: “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല.”​—⁠യിരെമ്യാവു 10:⁠23.

ഇന്നു ലോകം നേരിടുന്ന പ്രതിസന്ധിക്ക്‌ എന്തെങ്കിലും പരിഹാരം ഉണ്ടോ? മനുഷ്യ സമൂഹം വിദ്വേഷത്താൽ ഭിന്നിച്ചിരിക്കുകയോ ഭയവിഹ്വലരായിരിക്കുകയോ ചെയ്യാത്ത, യഥാർഥ അറിവ്‌ സൗജന്യവും സമൃദ്ധവുമായി ലഭിക്കുന്ന, മനുഷ്യർ പൂർണതയിലേക്കു നീങ്ങുന്ന ഒരു ലോകത്തിലേക്കു മനുഷ്യവർഗത്തെ നയിക്കാൻ ആർക്കു സാധിക്കും?

[3-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Fatmir Boshnjaku