വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

കന്യകയായ മറിയയുടെ അപൂർണത അവൾ യേശുവിനെ ഗർഭം ധരിച്ചപ്പോൾ അവന്റെമേൽ പ്രതികൂല ഫലം ഉളവാക്കിയോ?

‘യേശുവിന്റെ ജനന’ത്തെ കുറിച്ച്‌ നിശ്വസ്‌ത വിവരണം ഇങ്ങനെ പറയുന്നു: “അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.” (മത്തായി 1:18) മറിയയുടെ ഗർഭധാരണത്തിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ ഒരു നിർണായക പങ്കു വഹിച്ചു എന്നതിനു സംശയമില്ല.

എന്നാൽ മറിയയുടെ കാര്യമോ? അവളുടെ അണ്ഡം ആ ഗർഭധാരണത്തിൽ ഒരു പങ്കു വഹിച്ചോ? അബ്രാഹാം, യിസ്‌ഹാക്‌, യാക്കോബ്‌, യെഹൂദാ, ദാവീദ്‌ രാജാവ്‌ എന്നിവരോടുള്ള​—⁠മറിയയുടെ പൂർവപിതാക്കന്മാർ​—⁠ദൈവത്തിന്റെ വാഗ്‌ദാനം അനുസരിച്ച്‌, ജനിക്കുന്ന ശിശു അവരുടെ ഒരു യഥാർഥ പിൻതലമുറക്കാരൻ ആയിരിക്കുമായിരുന്നു. (ഉല്‌പത്തി 22:18; 26:24; 28:10-14; 49:10; 2 ശമൂവേൽ 7:16) അല്ലാത്തപക്ഷം, മറിയയ്‌ക്കു ജനിക്കുന്ന ശിശുവിന്‌ ദിവ്യ വാഗ്‌ദാനങ്ങളുടെ ശരിയായ ഒരു അവകാശി ആയിരിക്കാൻ എങ്ങനെ കഴിയുമായിരുന്നു? അവൻ അവളുടെ യഥാർഥ പുത്രൻ ആയിരിക്കണമായിരുന്നു.​—⁠ലൂക്കൊസ്‌ 3:23-34.

യഹോവയുടെ ദൂതൻ കന്യകയായ മറിയയ്‌ക്ക്‌ പ്രത്യക്ഷപ്പെട്ട്‌ ഇങ്ങനെ പറഞ്ഞു: “മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.” (ലൂക്കൊസ്‌ 1:30, 31) ഗർഭധാരണം നടക്കണമെങ്കിൽ അണ്ഡം സിക്താണ്ഡമായിത്തീരണം. വ്യക്തമായും, ആത്മമണ്ഡലത്തിൽ ആയിരുന്ന തന്റെ ഏകജാതപുത്രന്റെ ജീവനെ ഭൂമിയിലേക്കു മാറ്റിക്കൊണ്ട്‌ മറിയയുടെ ഗർഭാശയത്തിലെ ഒരു അണ്ഡം സിക്താണ്ഡമായിത്തീരാൻ യഹോവയാം ദൈവം ഇടയാക്കി.​—⁠ഗലാത്യർ 4:⁠4.

ഒരു അപൂർണ സ്‌ത്രീയിൽ ഇങ്ങനെ ഉരുവായ ശിശുവിന്‌ പൂർണവും പാപമുക്തവുമായ ഒരു ശരീരം ഉണ്ടായിരിക്കാൻ ആകുമായിരുന്നോ? പൂർണതയും അപൂർണതയും തമ്മിൽ യോജിക്കുമ്പോൾ, പാരമ്പര്യ നിയമങ്ങൾ എങ്ങനെയാണു പ്രവർത്തിക്കുക? ദൈവപുത്രന്റെ പൂർണതയുള്ള ജീവശക്തി മറിയയുടെ ഗർഭപാത്രത്തിലേക്കു മാറ്റുന്നതിൽ പരിശുദ്ധാത്മാവു പങ്കുവഹിച്ചെന്ന്‌ ഓർക്കുക. ഇതു മറിയയുടെ അണ്ഡത്തിലെ അപൂർണതയെ ഇല്ലാതാക്കുകയും അങ്ങനെ അതിന്റെ തുടക്കം മുതൽതന്നെ പൂർണമായിരുന്ന ഒരു ജനിതക മാതൃക ഉളവാക്കുകയും ചെയ്‌തു.

സംഗതി എന്തായിരുന്നാലും, ആ സമയത്തെ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ദൈവോദ്ദേശ്യത്തിന്റെ വിജയത്തെ ഉറപ്പാക്കി എന്ന്‌ നമുക്ക്‌ നിശ്ചയമുള്ളവരായിരിക്കാൻ കഴിയും. ഗബ്രീയേൽ ദൂതൻ മറിയയോട്‌ ഇങ്ങനെ വിശദീകരിച്ചിരുന്നു: “പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊസ്‌ 1:35) അപൂർണതയോ ഹാനികരമായ എന്തെങ്കിലും സ്വാധീനമോ, വളർന്നുവരുന്ന ഭ്രൂണത്തിന്‌ ഉരുവായതു മുതൽ കളങ്കമേൽപ്പിക്കാതിരിക്കത്തക്കവണ്ണം ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ ഒരു സംരക്ഷക മതിലായി വർത്തിച്ചു എന്നു കാണാൻ കഴിയും.

വ്യക്തമായും, തന്റെ പൂർണ മനുഷ്യജീവന്‌ യേശു കടപ്പെട്ടിരുന്നത്‌ ഏതെങ്കിലും മനുഷ്യനോടല്ല, മറിച്ച്‌ തന്റെ സ്വർഗീയ പിതാവിനോടാണ്‌. യഹോവ അവനായി ‘ഒരു ശരീരം ഒരുക്കി,’ അങ്ങനെ യേശു താൻ ഭ്രൂണമായി ഉരുവായതു മുതൽ ശരിക്കും ‘നിർമ്മലനും പാപികളോടു വേറുവിട്ടവനും’ ആയിരുന്നു.​—⁠എബ്രായർ 7:26; 10:⁠5.

[19-ാം പേജിലെ ചിത്രം]

“നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും”