വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വാൾഡെൻസുകാർ പാഷണ്ഡത്തിൽനിന്ന്‌ പ്രൊട്ടസ്റ്റന്റ്‌ മതത്തിലേക്ക്‌

വാൾഡെൻസുകാർ പാഷണ്ഡത്തിൽനിന്ന്‌ പ്രൊട്ടസ്റ്റന്റ്‌ മതത്തിലേക്ക്‌

വാൾഡെൻസുകാർ പാഷണ്ഡത്തിൽനിന്ന്‌ പ്രൊട്ടസ്റ്റന്റ്‌ മതത്തിലേക്ക്‌

വർഷം, 1545. സ്ഥലം, തെക്കൻ ഫ്രാൻസിലെ പ്രൊവാൻസ്‌ പ്രദേശത്തെ മനോഹരമായ ല്യൂബേറോൻ. മത അസഹിഷ്‌ണുതയാൽ പ്രചോദിതമായ ഒരു അതിക്രൂര ദൗത്യം നിറവേറ്റാൻ ഒരു സൈന്യം അവിടെ അണിനിരന്നു. തുടർന്ന്‌ ഒരാഴ്‌ചത്തേക്ക്‌ രക്തപ്പുഴ ഒഴുകി.

ഗ്രാമങ്ങൾ തകർത്തു തരിപ്പണമാക്കപ്പെട്ടു, ഗ്രാമവാസികൾ തടവിലാക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്‌തു. യൂറോപ്പിനെ കിടിലംകൊള്ളിച്ച ഈ കൂട്ടക്കൊലയിൽ ക്രൂരരായ സൈനികർ അതിനിഷ്‌ഠുരമായ ഹീനകൃത്യങ്ങൾ ചെയ്‌തു. 2,700-ഓളം പുരുഷന്മാർ വധിക്കപ്പെട്ടു, 600 പേർ കപ്പലുകളിൽ തണ്ടുവലിക്കാൻ അയയ്‌ക്കപ്പെട്ടു, സ്‌ത്രീകൾക്കും കുട്ടികൾക്കും ഉണ്ടായ യാതനകൾ വേറെയും. ഈ രക്തച്ചൊരിച്ചിലിനു നേതൃത്വം നൽകിയ സൈനിക ഉദ്യോഗസ്ഥനെ ഫ്രഞ്ചു രാജാവും പാപ്പായും അനുമോദിച്ചു.

മതനവീകരണം ജർമനിയെ ഛിന്നഭിന്നമാക്കിയിരുന്ന സമയത്താണ്‌, പ്രൊട്ടസ്റ്റന്റ്‌ മതത്തിന്റെ വ്യാപനത്തെ കുറിച്ച്‌ ആശങ്കാകുലനായ ഫ്രാൻസിലെ കത്തോലിക്കാ രാജാവായ ഫ്രാൻസിസ്‌ ഒന്നാമൻ തന്റെ രാജ്യത്ത്‌ പാഷണ്ഡികൾ എന്നു വിളിക്കപ്പെട്ടവർ ഉണ്ടോ എന്നതിനെ കുറിച്ച്‌ അന്വേഷണം നടത്തിയത്‌. ആ അന്വേഷണത്തിൽ ഏതാനും ഒറ്റപ്പെട്ട വ്യക്തികളല്ല, പകരം ചില ഗ്രാമങ്ങളിലെ മൊത്തം ആളുകളും പാഷണ്ഡികളായിരിക്കുന്നതായി പ്രൊവാൻസിലെ അധികാരികൾ കണ്ടെത്തി. ഈ പാഷണ്ഡത്തെ തുടച്ചുനീക്കാനുള്ള ഉത്തരവു പുറപ്പെടുവിക്കപ്പെട്ടു, അതിന്റെ ഫലമായി, ഒടുവിൽ 1545-ൽ മുമ്പു പറഞ്ഞ കൂട്ടക്കൊല നടന്നു.

ഈ പാഷണ്ഡികൾ ആരായിരുന്നു? അക്രമാസക്തമായ മത അസഹിഷ്‌ണുതയ്‌ക്ക്‌ അവർ പാത്രമായത്‌ എന്തുകൊണ്ടാണ്‌?

സമ്പന്നതയിൽനിന്നു ദാരിദ്ര്യത്തിലേക്ക്‌

ആ കൂട്ടക്കൊലയ്‌ക്ക്‌ ഇരയായവർ 12-ാം നൂറ്റാണ്ടു മുതൽ യൂറോപ്പിലെങ്ങും വ്യാപകമായിരുന്ന ഒരു മതപ്രസ്ഥാനത്തിലെ അംഗങ്ങൾ ആയിരുന്നു. നൂറ്റാണ്ടുകളോളം അതു വ്യാപിക്കുകയും അതിജീവിക്കുകയും ചെയ്‌ത വിധം വ്യവസ്ഥാപിത മതത്തോടുള്ള വിയോജിപ്പിന്റെ ചരിത്രത്താളുകളിൽ അപൂർവമായ ഒരു അധ്യായമാണ്‌. 1170-നോട്‌ അടുത്താണ്‌ ആ പ്രസ്ഥാനത്തിന്റെ തുടക്കം എന്നതിനോടു മിക്ക ചരിത്രകാരന്മാരും യോജിക്കുന്നു. ലിയോൺസ്‌ എന്ന ഫ്രഞ്ചു നഗരത്തിലെ ഒരു സമ്പന്ന വ്യാപാരിയായിരുന്ന വോഡെ എന്നയാൾക്ക്‌, എങ്ങനെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുമെന്നതിൽ അതിയായ താത്‌പര്യം ജനിച്ചു. വസ്‌തുവകകളെല്ലാം വിറ്റ്‌ ദരിദ്രർക്കു കൊടുക്കാൻ യേശുക്രിസ്‌തു ഒരു ധനികനു നൽകിയ ഉദ്‌ബോധനത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട വോഡെ, തന്റെ കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾക്കു മാറ്റിവെച്ച ശേഷം, സുവിശേഷം പ്രസംഗിക്കുന്നതിനു സ്വത്തുക്കളെല്ലാം പരിത്യജിച്ചു. (മത്തായി 19:16-22) താമസിയാതെ അദ്ദേഹത്തിന്‌ പല അനുയായികൾ ഉണ്ടായി, അവർ പിന്നീട്‌ വാൾഡെൻസുകാർ എന്ന്‌ അറിയപ്പെടാൻ ഇടയായി. *

നിർധനത്വം, മതപ്രസംഗം, ബൈബിൾ എന്നിവയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു വോഡെയുടെ ജീവിതം. വൈദികരുടെ സുഖസമൃദ്ധ ജീവിതത്തോടുള്ള പ്രതിഷേധം ഒരു പുത്തൻ സംഗതി ആയിരുന്നില്ല. ചില വിമത വൈദികർ സഭയുടെ ദുരാചാരങ്ങൾക്കും അധികാര ദുർവിനിയോഗത്തിനും എതിരെ ശബ്ദം ഉയർത്താൻ തുടങ്ങിയിട്ട്‌ കുറച്ചു കാലം ആയിരുന്നു. എന്നാൽ വോഡെയും അദ്ദേഹത്തിന്റെ അനുയായികളിൽ ഭൂരിപക്ഷവും സാധാരണക്കാർ ആയിരുന്നു. സാധാരണക്കാരുടെ ഭാഷയിൽ ബൈബിൾ ഉണ്ടായിരിക്കേണ്ടത്‌ ആവശ്യമാണെന്ന്‌ അദ്ദേഹത്തിനു തോന്നിയത്‌ എന്തുകൊണ്ടെന്ന്‌ ഇതു വ്യക്തമായും വിശദീകരിക്കുന്നു. സഭയുടെ ലത്തീനിലുള്ള ബൈബിൾ ഭാഷാന്തരം വൈദികർക്കു മാത്രമേ ലഭ്യമായിരുന്നുള്ളൂ, അതുകൊണ്ട്‌ പൂർവ-മധ്യ ഫ്രാൻസിലെ സാധാരണക്കാരുടെ ഭാഷയായ ഫ്രാങ്കോ-പ്രോവൻസാലിലേക്ക്‌ സുവിശേഷങ്ങളും ബൈബിളിലെ മറ്റു പുസ്‌തകങ്ങളും വിവർത്തനം ചെയ്യാൻ വേണ്ട ക്രമീകരണങ്ങൾ വോഡെ ചെയ്‌തു. * സുവിശേഷം പ്രസംഗിക്കാനുള്ള യേശുവിന്റെ കൽപ്പന അനുസരിച്ചുകൊണ്ട്‌ ‘ലിയോൺസിലെ ദരിദ്രർ’ തങ്ങളുടെ സന്ദേശം പരസ്യമായി പ്രസംഗിച്ചു. (മത്തായി 28:19, 20) പരസ്യമായി മതപ്രസംഗം നടത്തുന്നതിലെ അവരുടെ നിർബന്ധം വാൾഡെൻസുകാരോടുള്ള സഭയുടെ മനോഭാവത്തിലെ നിർണായക ഘടകം ആയിത്തീർന്നു എന്നു ചരിത്രകാരനായ ഗാബ്രിയേൽ ഓഡിസിയോ വിശദീകരിക്കുന്നു.

കത്തോലിക്കാ മതത്തിൽനിന്നു പാഷണ്ഡത്തിലേക്ക്‌

അക്കാലങ്ങളിൽ, മതപ്രസംഗം വൈദികർക്കു മാത്രമുള്ളതായിരുന്നു, പ്രസംഗിക്കാനുള്ള അധികാരം നൽകിയിരുന്നത്‌ സഭയാണ്‌. വൈദികർ വാൾഡെൻസുകാരെ അജ്ഞരും നിരക്ഷരരുമായി കണക്കാക്കിയിരുന്നു. എന്നാൽ, 1179-ൽ വോഡെ തന്റെ മതപ്രസംഗത്തിന്‌ അലക്‌സാണ്ടർ മൂന്നാമൻ പാപ്പായിൽനിന്ന്‌ ഔദ്യോഗിക അംഗീകാരം നേടാൻ ശ്രമിച്ചു. പ്രാദേശിക പുരോഹിതന്മാരുടെ അംഗീകാരം ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയോടെ അനുമതി നൽകപ്പെട്ടു. എന്നാൽ “ഇതു പാടേയുള്ള നിരസനത്തിന്‌ തുല്യമായിരുന്നു എന്നുതന്നെ പറയാം” എന്ന്‌ ചരിത്രകാരനായ മാൽക്കം ലാംബെർട്ട്‌ അഭിപ്രായപ്പെടുന്നു. എന്തിന്‌, ലിയോൺസിലെ ആർച്ചുബിഷപ്പായ ഷാൻ ബെൽമെൻ സാമാന്യജനങ്ങൾ മതപ്രസംഗം നടത്തുന്നത്‌ ഔദ്യോഗികമായി വിലക്കുകപോലും ചെയ്‌തു. “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്ന പ്രവൃത്തികൾ 5:​29-ലെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ്‌ വോഡെ അതിനോടു പ്രതികരിച്ചത്‌. ആ വിലക്ക്‌ അനുസരിച്ചു പ്രവർത്തിക്കാൻ വിസമ്മതിച്ച വോഡെ 1184-ൽ സഭയിൽനിന്നു പുറത്താക്കപ്പെട്ടു.

വാൾഡെൻസുകാരെ ലിയോൺസ്‌ രൂപതയിൽനിന്നു പുറത്താക്കുകയും നഗരത്തിൽനിന്നു തുരത്തുകയും ചെയ്‌തെങ്കിലും, ആദ്യഘട്ടത്തിൽ അവർക്കെതിരെ സ്വീകരിച്ച നടപടികൾ പൂർണമായി നടപ്പാക്കപ്പെടാഞ്ഞതുപോലെ തോന്നുന്നു. വാൾഡെൻസുകാരുടെ ആത്മാർഥതയും ജീവിതരീതിയും സാധാരണക്കാരായ പലരിലും മതിപ്പുളവാക്കി, ബിഷപ്പുമാർപോലും അവരോടു സംസാരിക്കുന്നതിൽ തുടർന്നു.

ചരിത്രകാരനായ ഊയൻ കാമറൻ പറയുന്നതനുസരിച്ച്‌, വാൾഡെൻസുകാരായ മതപ്രസംഗകർ “റോമൻ സഭയെ എതിർക്കണം എന്നതിന്റെ പേരിൽ മാത്രം എതിർക്കുകയായിരുന്നില്ല” എന്നു തോന്നുന്നു. “പ്രസംഗിക്കാനും പഠിപ്പിക്കാനും” മാത്രമാണ്‌ അവർ ആഗ്രഹിച്ചത്‌. പൂർവസ്ഥിതി പ്രാപിക്കാൻ ആവാത്തവിധം അവരുടെ അധികാരവും സ്വാധീനവും ഒന്നിനൊന്നു കുറച്ചുകളഞ്ഞ ഒരുകൂട്ടം കൽപ്പനകൾ ഫലത്തിൽ അവരെ പാഷണ്ഡത്തിലേക്കു തള്ളിവിടുകയായിരുന്നു എന്ന്‌ ചരിത്രകാരന്മാർ പറയുന്നു. സഭാ അപലപനങ്ങളുടെ പാരമ്യം എന്നനിലയിൽ 1215-ൽ നാലാം ലാറ്റെറാൻ സമിതി വാൾഡെൻസുകാരുടെമേൽ പള്ളിവിലക്ക്‌ ഏർപ്പെടുത്തി. അത്‌ അവരുടെ പ്രസംഗ പ്രവർത്തനത്തെ എങ്ങനെയാണു ബാധിച്ചത്‌?

അവർ രഹസ്യമായി പ്രവർത്തിക്കുന്നു

വോഡെ 1217-ൽ മരിക്കുകയും പീഡനത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ അനുയായികൾ ഫ്രാൻസിലെ ആൽപൈൻ താഴ്‌വരകൾ, ജർമനി, വടക്കൻ ഇറ്റലി, മധ്യ-പൂർവ യൂറോപ്പ്‌ എന്നിവിടങ്ങളിലേക്കു ചിതറിക്കപ്പെടുകയും ചെയ്‌തു. പീഡനം മൂലം വാൾഡെൻസുകാർക്ക്‌ നാട്ടിൻപുറങ്ങളിൽ താമസമാക്കേണ്ടതായും വന്നു. ഇത്‌ പല പ്രദേശങ്ങളിലെയും അവരുടെ പ്രസംഗ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്തി.

തെക്കൻ ഫ്രാൻസിൽ കത്തോലിക്കാ സഭ, കത്താരികൾക്ക്‌, അഥവാ അൽബീജെൻസുകാർക്ക്‌, എതിരെയുള്ള കുരിശുയുദ്ധം 1229-ൽ പൂർത്തിയാക്കി. * തുടർന്ന്‌, വാൾഡെൻസുകാർ അത്തരം ആക്രമണങ്ങളുടെ ലക്ഷ്യമായി. സഭയുടെ എല്ലാ ശത്രുക്കളും നിർദയം മതവിചാരണ ചെയ്യപ്പെടാൻപോകുന്ന കാലമായിരുന്നു അത്‌. ഭയം മൂലം വാൾഡെൻസുകാർ തങ്ങളുടെ പ്രവർത്തനങ്ങൾ രഹസ്യമായി നടത്താൻ തുടങ്ങി. 1230 ആയപ്പോഴേക്കും അവർ തങ്ങളുടെ പരസ്യ പ്രസംഗ പ്രവർത്തനം നിറുത്തിയിരുന്നു. ഓഡിസിയോ വിശദീകരിക്കുന്നു: “പുതിയ ആടുകളെ അന്വേഷിക്കുന്നതിനു പകരം . . . , മതപരിവർത്തിതരെ പരിപാലിക്കുന്നതിലും പുറത്തുനിന്നുള്ള സമ്മർദത്തിന്റെയും പീഡനത്തിന്റെയും മധ്യേ അവരുടെ വിശ്വാസം നിലനിറുത്തുന്നതിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചു.” “പ്രസംഗത്തെ അപ്പോഴും പ്രധാനമായി കണക്കാക്കിയിരുന്നു എങ്കിലും, പ്രയോഗത്തിൽ അതിനു പാടേ മാറ്റം വന്നിരുന്നു” എന്ന്‌ അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും

പുരുഷന്മാരും സ്‌ത്രീകളും പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനു പകരം, 14-ാം നൂറ്റാണ്ട്‌ ആയപ്പോഴേക്കും വാൾഡെൻസുകാർക്കിടയിൽ പ്രസംഗകരും വിശ്വാസികളും തമ്മിലുള്ള ഒരു വ്യത്യാസം ഉളവായിക്കഴിഞ്ഞിരുന്നു. നന്നായി പരിശീലനം സിദ്ധിച്ച പുരുഷന്മാർ മാത്രമേ ഇടയവേലയിൽ പങ്കെടുത്തിരുന്നുള്ളൂ. ഈ സഞ്ചാര ശുശ്രൂഷകർ പിന്നീട്‌ ബാർബുകൾ (അങ്കിളുമാർ) എന്ന്‌ അറിയപ്പെടാൻ ഇടയായി.

വാൾഡെൻസിയൻ കുടുംബങ്ങളെ അവരുടെ വീടുകളിൽ സന്ദർശിച്ചിരുന്ന ബാർബുകൾ തങ്ങളുടെ പ്രസ്ഥാനം പ്രചരിപ്പിക്കുന്നതിലല്ല, മറിച്ച്‌ അതിനെ സജീവമാക്കി നിറുത്തുന്നതിലാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. എല്ലാ ബാർബുകൾക്കും എഴുത്തും വായനയും അറിയാമായിരുന്നു. ആറു വർഷംവരെ നീണ്ടുനിന്ന ബൈബിളധിഷ്‌ഠിത പരിശീലനം അവർക്കു ലഭിച്ചിരുന്നു. പ്രാദേശിക ഭാഷയിലുള്ള ബൈബിൾ ഉപയോഗിച്ചത്‌ തങ്ങളുടെ ആടുകൾക്ക്‌ അതിലെ കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കാൻ അവരെ സഹായിച്ചു. വാൾഡെൻസുകാർക്ക്‌​—⁠അവരുടെ കുട്ടികൾക്കുപോലും​—⁠ശക്തമായ ഒരു ബൈബിൾ സംസ്‌കാരം ഉണ്ടായിരുന്നെന്നും വലിയ തിരുവെഴുത്തു ഭാഗങ്ങൾതന്നെ അവർക്ക്‌ ഉദ്ധരിക്കാൻ സാധിച്ചിരുന്നു എന്നും അവരുടെ പ്രതിയോഗികൾ പോലും സമ്മതിക്കുകയുണ്ടായി.

ഭോഷ്‌കു പറച്ചിൽ, ശുദ്ധീകരണസ്ഥലം, മരിച്ചവർക്കായുള്ള കുർബാന, പാപ്പായുടെ പാപമോചന അധികാരം, മറിയയുടെയും ‘വിശുദ്ധന്മാരു’ടെയും ആരാധന എന്നിവ ആദിമ വാൾഡെൻസുകാർ തള്ളിക്കളഞ്ഞ കാര്യങ്ങളിൽ ചിലതാണ്‌. കൂടാതെ, കർത്താവിന്റെ സന്ധ്യാഭക്ഷണം അഥവാ ‘ഒടുവിലത്തെ അത്താഴം’ അവർ വർഷത്തിലൊരിക്കലാണ്‌ ആചരിച്ചിരുന്നത്‌. ലാംബെർട്ടിന്റെ അഭിപ്രായത്തിൽ, അവരുടെ ആരാധനാക്രമം “ഫലത്തിൽ, സാധാരണ മനുഷ്യരുടെ മതമായി” കണക്കാക്കാൻ കഴിയുന്ന രീതിയിലുള്ളതായിരുന്നു.

“ഒരു ഇരട്ട ജീവിതം”

വാൾഡെൻസ്‌ സമൂഹത്തിനുള്ളിലെ ആളുകൾ തമ്മിൽ വളരെ അടുത്ത ബന്ധം നിലനിന്നിരുന്നു. ആ പ്രസ്ഥാനത്തിനുള്ളിലെ അംഗങ്ങൾ തമ്മിലേ വിവാഹം ചെയ്‌തിരുന്നുള്ളൂ. അങ്ങനെ നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ വാൾഡെൻസ്‌ കുടുംബപ്പേരുകൾതന്നെ ഉണ്ടായി. എന്നാൽ, അതിജീവനത്തിനായുള്ള പോരാട്ടത്തിൽ വാൾഡെൻസുകാർ സ്വന്തം വീക്ഷണങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ചു. ഇങ്ങനെ അവർ തങ്ങളുടെ മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും രഹസ്യമാക്കി വെക്കാൻ ശ്രമിച്ചതിനാൽ, അവർക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കാൻ​—⁠അവർ സാത്താന്യ ആരാധനയിൽ ഏർപ്പെടുന്നു എന്നതു പോലെയുള്ളവ​—⁠ശത്രുക്കൾക്ക്‌ എളുപ്പം സാധിച്ചു. *

അത്തരം ആരോപണങ്ങളോട്‌ വാൾഡെൻസുകാർ പ്രതികരിച്ച ഒരു വിധം വിട്ടുവീഴ്‌ച ചെയ്‌തുകൊണ്ടും ചരിത്രകാരനായ കാമറന്റെ വാക്കുകളിൽ പറഞ്ഞാൽ കത്തോലിക്കാ ആരാധനയുമായുള്ള “നാമമാത്ര പൊരുത്തപ്പെടൽ” ആചരിച്ചുകൊണ്ടുമാണ്‌. പല വാൾഡെൻസുകാരും കത്തോലിക്കാ പുരോഹിതന്മാരോടു കുമ്പസാരിക്കുകയും കുർബാനയിൽ സംബന്ധിക്കുകയും ആനാംവെള്ളം ഉപയോഗിക്കുകയും ചെയ്‌തു. ചിലർ തീർഥയാത്രകൾ പോലും നടത്തി. ലാംബെർട്ട്‌ പറയുന്നു: “പലതിലും കത്തോലിക്കരായ അയൽക്കാരെപ്പോലെ തന്നെയാണ്‌ അവരും പ്രവർത്തിച്ചത്‌.” കാലാന്തരത്തിൽ, വാൾഡെൻസുകാർ “ഒരു ഇരട്ട ജീവിതം നയിച്ചു” എന്ന്‌ ഓഡിസിയോ തുറന്നടിച്ചു പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “തങ്ങളുടെ ആപേക്ഷിക സമാധാനം കാത്തുസൂക്ഷിക്കാൻ അവർ പുറമേ എല്ലാത്തരത്തിലും കത്തോലിക്കരെപ്പോലെ പെരുമാറി; എന്നാൽ അതോടൊപ്പം, തങ്ങളുടെ സമൂഹത്തിന്റെ നിലനിൽപ്പ്‌ ഉറപ്പുവരുത്താൻ അവർ ചില ആചാരങ്ങളും സമ്പ്രദായങ്ങളും അനുഷ്‌ഠിച്ചുപോരുകയും ചെയ്‌തു.”

പാഷണ്ഡത്തിൽനിന്നു പ്രൊട്ടസ്റ്റന്റ്‌ മതത്തിലേക്ക്‌

പതിനാറാം നൂറ്റാണ്ടിലെ മതനവീകരണം യൂറോപ്യൻ മതമണ്ഡലത്തെയാകെ മാറ്റിമറിച്ചു. അസഹിഷ്‌ണുതയുടെ ബലിയാടുകൾക്ക്‌ സ്വന്തം രാജ്യത്തു നിയമാംഗീകാരം തേടാനോ കൂടുതൽ അനുകൂലമായ അവസ്ഥകൾ തേടി മറ്റു ദേശങ്ങളിലേക്കു കുടിയേറിപ്പാർക്കാനോ കഴിയുമായിരുന്നു. കൂടുതൽ കൂടുതൽ ആളുകൾ സ്ഥാപിത മതപാരമ്പര്യത്തെ ചോദ്യംചെയ്‌തു തുടങ്ങിയതോടെ, പാഷണ്ഡം എന്ന ആശയത്തിന്റെ ഗൗരവം കുറഞ്ഞുവന്നു.

പരക്കെ അറിയപ്പെടുന്ന മതനവീകരണ പ്രസ്ഥാനക്കാരനായ മാർട്ടിൻ ലൂഥർ 1523-ൽത്തന്നെ വാൾഡെൻസുകാരെ കുറിച്ചു പരാമർശിക്കുകയുണ്ടായി. 1526-ൽ, വാൾഡെൻസുകാരുടെ ബാർബുകളിൽ ഒരാൾ യൂറോപ്പിലെ മതപരമായ വികാസങ്ങളെ കുറിച്ചുള്ള വാർത്ത ആൽപ്‌സ്‌ പ്രദേശത്ത്‌ എത്തിച്ചു. അതേത്തുടർന്നുള്ള ഒരു കാലഘട്ടത്തിൽ, പ്രൊട്ടസ്റ്റന്റ്‌ സമൂഹത്തിൽ പെട്ടവരും വാൾഡെൻസുകാരും തങ്ങളുടെ ആശയങ്ങൾ പരസ്‌പരം കൈമാറി. മൂല ഭാഷകളിൽനിന്നു ഫ്രഞ്ചിലേക്ക്‌ ബൈബിൾ ആദ്യമായി പരിഭാഷപ്പെടുത്തുന്നതിന്റെ ചുമതല വഹിക്കാൻ പ്രൊട്ടസ്റ്റന്റുകാർ വാൾഡെൻസുകാർക്കു പ്രോത്സാഹനം നൽകി. 1535-ൽ അച്ചടിക്കപ്പെട്ട അത്‌ ഓലിവേറ്റാൻ ബൈബിൾ എന്ന്‌ അറിയപ്പെടാൻ ഇടയായി. എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, മിക്ക വാൾഡെൻസുകാർക്കും ഫ്രഞ്ച്‌ അറിയില്ലായിരുന്നു.

കത്തോലിക്കാ സഭ പിന്നെയും പീഡനം തുടർന്നപ്പോൾ, നിരവധി വാൾഡെൻസുകാരും അതുപോലെതന്നെ പ്രൊട്ടസ്റ്റന്റ്‌ കുടിയേറ്റക്കാരും തെക്കൻ ഫ്രാൻസിലെ ഏറെ സുരക്ഷിതമായ പ്രൊവാൻസ്‌ മേഖലയിൽ വാസമുറപ്പിച്ചു. താമസിയാതെ, ഈ കുടിയേറ്റത്തെ കുറിച്ച്‌ അധികാരികൾക്ക്‌ അറിവു കിട്ടി. വാൾഡെൻസുകാരുടെ ജീവിതരീതിയെയും ധാർമിക നിലവാരങ്ങളെയും കുറിച്ചുള്ള അനവധി ക്രിയാത്മക റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും, ചില ആളുകൾ അവരുടെ വിശ്വസ്‌തതയെ ചോദ്യം ചെയ്യുകയും അവർ സാമൂഹിക ക്രമത്തിനു ഭീഷണിയാണെന്ന്‌ ആരോപിക്കുകയും ചെയ്‌തു. മെരിൻഡോൾ ശാസനം പുറപ്പെടുവിക്കപ്പെട്ടു, അത്‌ ഈ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച അതിനിഷ്‌ഠുര രക്തച്ചൊരിച്ചിലിനു വഴിവെച്ചു.

കത്തോലിക്കരും വാൾഡെൻസുകാരും തമ്മിലുള്ള ബന്ധം ഒന്നിനൊന്നു വഷളായി. തങ്ങൾക്കെതിരെ നടത്തപ്പെട്ട ആക്രമണങ്ങളോടുള്ള പ്രതികരണമായി, വാൾഡെൻസുകാർ ആത്മരക്ഷാർഥം ആയുധബലം പോലും ഉപയോഗിച്ചു. ഈ പോരാട്ടം അവരെ പ്രൊട്ടസ്റ്റന്റുകാരുടെ കൂട്ടത്തിലേക്കു തള്ളിവിട്ടു. അങ്ങനെ വാൾഡെൻസുകാർ മുഖ്യധാരാ പ്രൊട്ടസ്റ്റന്റു മതവുമായി സഖ്യം ചേർന്നു.

തുടർന്നുവന്ന നൂറ്റാണ്ടുകളിൽ, ഫ്രാൻസിൽനിന്നു വളരെ അകലെയുള്ള ഉറുഗ്വേ, ഐക്യനാടുകൾ എന്നിങ്ങനെയുള്ള രാജ്യങ്ങളിൽ പോലും വാൾഡെൻസ്‌ സഭകൾ സ്ഥാപിക്കപ്പെട്ടു. എന്നിരുന്നാലും, “വാൾഡെൻസ്‌ മതം മതനവീകരണ കാലത്ത്‌ അവസാനിച്ചു” എന്നും ആ സമയത്ത്‌ അതിനെ പ്രൊട്ടസ്റ്റന്റുമതം “വിഴുങ്ങിക്കളഞ്ഞു” എന്നും പറയുന്ന ഓഡിസിയോയുടെ അഭിപ്രായത്തോടു മിക്ക ചരിത്രകാരന്മാരും യോജിക്കുന്നു. വാസ്‌തവത്തിൽ, അതിനു നൂറ്റാണ്ടുകൾ മുമ്പുതന്നെ വാൾഡെൻസുകാരുടെ പ്രസ്ഥാനത്തിന്‌ അതിന്റെ ആദിമ ഉത്സാഹത്തിൽ ഏറെയും നഷ്ടമായിരുന്നു. അതിലെ അംഗങ്ങൾ ഭയന്ന്‌ ബൈബിളധിഷ്‌ഠിത പ്രസംഗവും പഠിപ്പിക്കലും നിറുത്തിയപ്പോഴാണ്‌ അതു സംഭവിച്ചത്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 7 വാൾഡെസ്‌, വാൾഡിസിയസ്‌, വാൾഡോ എന്നിങ്ങനെ നാനാ വിധങ്ങളിൽ വോഡെ പരാമർശിക്കപ്പെടുന്നു. ഇവയിൽ വാൾഡോ എന്ന പേരിൽ നിന്നാണ്‌ “വാൾഡെൻസുകാർ” എന്ന പ്രയോഗം ഉണ്ടായിരിക്കുന്നത്‌. വാൾഡെൻസുകാർ അല്ലെങ്കിൽ വാൾഡെൻസിയൻകാർ ‘ലിയോൺസിലെ ദരിദ്രർ’ എന്നും അറിയപ്പെട്ടിരുന്നു.

^ ഖ. 8 ആളുകൾ തങ്ങളുടെ ഭാഷയിൽ ബൈബിൾ വായിക്കുകയും ചർച്ച ചെയ്യുകയുമാണെന്ന്‌ ഉത്തര-പൂർവ ഫ്രാൻസിലുള്ള മെറ്റ്‌സിലെ ബിഷപ്പ്‌ 1199-ൽത്തന്നെ ഇന്നസെന്റ്‌ മൂന്നാമൻ പാപ്പായോടു പരാതിപ്പെട്ടിരുന്നു. അദ്ദേഹം ഉദ്ദേശിച്ചത്‌ വാൾഡെൻസുകാരെ ആയിരിക്കാനാണ്‌ ഏറെ സാധ്യത.

^ ഖ. 15 1995 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 27-30 പേജുകളിലെ “കത്താരികൾ​—⁠അവർ ക്രിസ്‌തീയ രക്തസാക്ഷികളായിരുന്നുവോ?” എന്ന ലേഖനം കാണുക.

^ ഖ. 21 വാൾഡെൻസുകാരെ ഇങ്ങനെ നിരന്തരം അപകീർത്തിപ്പെടുത്തിയതിൽ നിന്നാണ്‌ വോഡറി (വോഡ്വാ എന്ന ഫ്രഞ്ചു പദത്തിൽനിന്ന്‌) എന്ന വാക്ക്‌ ഉളവായത്‌. പാഷണ്ഡികൾ എന്നു സംശയിക്കപ്പെടുന്നവരെയോ പൈശാചിക ആരാധകരെയോ കുറിക്കാൻ ഇത്‌ ഉപയോഗിക്കുന്നു.

[23-ാം പേജിലെ ഭൂപടം/ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

വാൾഡെൻസുകാരുടെ സ്വാധീനം എത്തിയ പ്രദേശങ്ങൾ

ഫ്രാൻസ്‌

ലിയോൺസ്‌

പ്രൊവാൻസ്‌

ല്യൂബേറോൻ

സ്‌ട്രാസ്‌ബുർഗ്‌

മിലാൻ

റോം

ബെർലിൻ

പ്രാഗ്‌

വിയന്ന

[ചിത്രം]

വാൾഡെൻസുകാർ 1535-ലെ ഓലിവേറ്റാൻ ബൈബിളിന്റെ പരിഭാഷ ഏറ്റെടുത്തു നടത്തി

[കടപ്പാട്‌]

ബൈബിൾ: © Cliché Bibliothèque nationale de France, Paris

[20, 21 പേജുകളിലെ ചിത്രങ്ങൾ]

വോഡെ

വാൾഡെൻസുകാരായ രണ്ട്‌ വൃദ്ധകളെ അഗ്നിക്കിരയാക്കുന്നു

[കടപ്പാട്‌]

20, 21 പേജുകൾ: © Landesbildstelle Baden, Karlsruhe