വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശവശരീരം അഴുകാതെ സൂക്ഷിക്കൽ—ക്രിസ്‌ത്യാനികൾ അതു ചെയ്യുന്നത്‌ ഉചിതമോ?

ശവശരീരം അഴുകാതെ സൂക്ഷിക്കൽ—ക്രിസ്‌ത്യാനികൾ അതു ചെയ്യുന്നത്‌ ഉചിതമോ?

ശവശരീരം അഴുകാതെ സൂക്ഷിക്കൽ—ക്രിസ്‌ത്യാനികൾ അതു ചെയ്യുന്നത്‌ ഉചിതമോ?

മരണകാലം അടുത്തപ്പോൾ, വിശ്വസ്‌ത ഗോത്രപിതാവായ യാക്കോബ്‌ തന്റെ അന്ത്യാഭിലാഷം അറിയിച്ചു: “നിങ്ങൾ ഹിത്യനായ എഫോന്റെ നിലത്തിലെ ഗുഹയിൽ എന്റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ അടക്കേണം. കനാൻദശത്തു മമ്രേക്കു സമീപം, . . . മക്‌പേലാ എന്ന നിലത്തിലെ ഗുഹയിൽ തന്നേ.” ​—⁠ഉല്‌പത്തി 49:29-31.

അക്കാലത്ത്‌ ഈജിപ്‌തിൽ നിലവിലിരുന്ന ഒരു സമ്പ്രദായം (എംബാമിങ്‌) പ്രയോജനപ്പെടുത്തിക്കൊണ്ട്‌ യോസേഫ്‌ തന്റെ പിതാവിന്റെ അഭിലാഷം നിവർത്തിച്ചു. അവൻ ‘തന്റെ അപ്പനു സുഗന്ധവർഗ്ഗം ഇടുവാൻ തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്‌പിച്ചു.’ ശവശരീരം അഴുകാതിരിക്കുന്നതിനു വേണ്ടി സുഗന്ധവർഗമിട്ട്‌ ഒരുക്കുന്നതിന്‌ വൈദ്യന്മാർ സാധാരണ എടുക്കാറുണ്ടായിരുന്ന 40 ദിവസംതന്നെ യാക്കോബിന്റെ ശവശരീരം ഒരുക്കുന്നതിനും അവർ എടുത്തു എന്ന്‌ ഉല്‌പത്തി 50-ാം അധ്യായത്തിലെ വിവരണം പറയുന്നു. ഇങ്ങനെ സുഗന്ധവർഗം ഇട്ട്‌ ഒരുക്കിയതിന്റെ ഫലമായി, കുടുംബാംഗങ്ങളും മിസ്രയീമിലെ പ്രമാണിമാരും അടങ്ങുന്ന, സാവധാനം മുന്നേറിയ സംഘത്തിന്‌ ഏകദേശം 400 കിലോമീറ്റർ യാത്രചെയ്‌ത്‌ യാക്കോബിന്റെ ശവശരീരം ഹെബ്രോനിൽ കൊണ്ടുപോയി അടക്കംചെയ്യാൻ കഴിഞ്ഞു.​—⁠ഉല്‌പത്തി 50:1-14.

സുഗന്ധവർഗമിട്ടു സൂക്ഷിച്ച യാക്കോബിന്റെ ജഡം ഒരുനാൾ കണ്ടെത്താനുള്ള സാധ്യതയുണ്ടോ? അതിനുള്ള സാധ്യത തീരെ കുറവാണ്‌. ഇസ്രായേൽ നല്ല നീരോട്ടമുള്ള ഒരു പ്രദേശമായിരുന്നു. (പുറപ്പാടു 3:8) അതുകൊണ്ടുതന്നെ അവിടെ പരിരക്ഷിക്കപ്പെടാൻ കഴിയുമായിരുന്ന വസ്‌തുക്കൾക്കു പരിമിതികളുണ്ടായിരുന്നു. ലോഹത്തിലും ശിലയിലും തീർത്ത അനേകം പ്രാചീന വസ്‌തുക്കൾ അവിടെനിന്നു കണ്ടെടുത്തിട്ടുണ്ടെങ്കിലും തുണി, തുകൽ തുടങ്ങിയ വസ്‌തുക്കളും, അഴുകിപ്പോകാതിരിക്കാൻ പ്രത്യേകം ഒരുക്കി സൂക്ഷിച്ച ശവശരീരങ്ങളും ഈർപ്പത്തെയും കാലം വരുത്തുന്ന സ്വാഭാവിക മാറ്റങ്ങളെയും അതിജീവിച്ചിട്ടില്ല.

ശവശരീരം അഴുകാതെ സൂക്ഷിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? അതു ചെയ്യുന്നതിന്റെ പിന്നിലെ കാരണം എന്താണ്‌? ക്രിസ്‌ത്യാനികൾ അതു ചെയ്യുന്നത്‌ ഉചിതമാണോ?

ആ സമ്പ്രദായം തുടങ്ങിയത്‌ എവിടെ?

മനുഷ്യന്റെ മാത്രമല്ല മൃഗങ്ങളുടെയും ജഡം അഴുകാതെ സൂക്ഷിച്ചിരുന്നു. എംബാമിങ്‌ സമ്പ്രദായത്തിന്റെ ആരംഭം ഈജിപ്‌തിൽ ആയിരുന്നുവെന്നതിനോടും പുരാതന അസ്സീറിയക്കാരും പേർഷ്യക്കാരും ശകന്മാരുമൊക്കെ അതു ചെയ്‌തിരുന്നു എന്നതിനോടും പൊതുവേ ചരിത്രകാരന്മാർ യോജിക്കുന്നു. മരുഭൂമിയിലെ മണലിൽ പൂണ്ടുപോയ ശരീരങ്ങൾ സ്വാഭാവികമായിത്തന്നെ പരിരക്ഷിക്കപ്പെട്ടതായുള്ള കണ്ടെത്തൽ ആയിരിക്കണം ശവശരീരങ്ങൾ അഴുകാതെ സൂക്ഷിക്കുന്നതിൽ താത്‌പര്യം ഉണ്ടാകാനും അതു പരീക്ഷിച്ചുനോക്കാനും ഇടയാക്കിയത്‌. മണലിൽ പൂണ്ടുകിടന്ന ആ ശവശരീരങ്ങളിൽ ഈർപ്പവും വായുവും എത്താതിരിക്കുകയും തന്മൂലം അവ അഴുകിപ്പോകാതിരിക്കുകയും ചെയ്‌തിരിക്കാം. ഈജിപ്‌തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും സമൃദ്ധമായുള്ള ഒരു ക്ഷാരമാണ്‌ നേട്രൺ (സോഡിയം കാർബണേറ്റ്‌). ഇതിൽ പരിരക്ഷിക്കപ്പെട്ട ശരീരങ്ങൾ കണ്ടെത്തിയതാകാം ശവശരീരങ്ങൾ സൂക്ഷിക്കുന്ന രീതിക്കു തുടക്കമിട്ടതെന്നു ചിലർ സിദ്ധാന്തീകരിക്കുന്നു.

മരണം സംഭവിച്ച്‌, മണിക്കൂറുകൾക്കുള്ളിൽ സ്വാഭാവികമായിത്തന്നെ ബാക്ടീരിയ പ്രവർത്തിച്ച്‌ ശരീരം അഴുകാൻ തുടങ്ങുന്നു. ഈ പ്രക്രിയ തടയുകയാണ്‌ ശവശരീരം അഴുകാതെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ലക്ഷ്യം. ബാക്ടീരിയയുടെ ഈ പ്രവർത്തനത്തെ തടയാൻ കഴിഞ്ഞാൽ, ജീർണനം നിലയ്‌ക്കും അല്ലെങ്കിൽ അതിന്റെ വേഗം വളരെ കുറയ്‌ക്കാനാകും. മൂന്നു കാര്യങ്ങളാണ്‌ ആവശ്യമായിരിക്കുന്നത്‌: ശവശരീരം ജീവനുള്ളതുപോലെ നിലനിറുത്തൽ, ജീർണനം തടയൽ, കീടങ്ങളുടെ ആക്രമണത്തെ ചെറുക്കാൻ മൃതശരീരത്തെ പ്രാപ്‌തമാക്കൽ.

പുരാതന ഈജിപ്‌തുകാർ മൃതശരീരങ്ങൾ പരിരക്ഷിച്ചിരുന്നതു പ്രധാനമായും മതപരമായ കാരണങ്ങളാലായിരുന്നു. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള അവരുടെ സങ്കൽപ്പം അനുസരിച്ച്‌, മരിച്ചവർ ഭൗതിക ലോകത്തോടുള്ള സമ്പർക്കത്തിൽ ജീവിക്കാൻ ആഗ്രഹിച്ചിരുന്നു. തങ്ങളുടെ ശരീരം നിത്യതയിൽ ഉടനീളം ഉപയോഗിക്കപ്പെടുമെന്നും പുനർജീവിപ്പിക്കപ്പെടുമെന്നും അവർ വിശ്വസിച്ചിരുന്നു. ശവശരീരം അഴുകാതെ സൂക്ഷിക്കുന്നത്‌ ഈജിപ്‌തുകാർക്കിടയിൽ വളരെ സാധാരണമായിരുന്നെങ്കിലും, അത്‌ അവർ എങ്ങനെയാണ്‌ ചെയ്‌തിരുന്നത്‌ എന്നതു സംബന്ധിച്ച ഈജിപ്‌ഷ്യൻ രേഖകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു ചരിത്രകാരനായ ഹിറോഡോട്ടസിന്റേതാണ്‌ ലഭ്യമായതിൽ ഏറ്റവും മികച്ച രേഖ. എന്നാൽ, അത്‌ ഉപയോഗിച്ചു ജഡം പരിരക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾക്കു കാര്യമായ വിജയമൊന്നും ഉണ്ടായിട്ടില്ല എന്നു റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു.

അത്‌ ക്രിസ്‌ത്യാനികൾക്ക്‌ ഉള്ളതോ?

യാക്കോബിന്റെ ശരീരം അഴുകിപ്പോകാതവണ്ണം ഒരുക്കിയത്‌ അവന്റെ മതവിശ്വാസങ്ങൾ പിൻപറ്റാത്തവർ ആയിരുന്നു. എന്നാൽ, തന്റെ പിതാവിന്റെ ശരീരം സുഗന്ധവർഗമിട്ട്‌ ഒരുക്കാൻ വൈദ്യന്മാർക്കു കൊടുത്തപ്പോൾ, അക്കാലത്ത്‌ ഈജിപ്‌തിൽ പ്രസ്‌തുത ചടങ്ങിനോട്‌ അനുബന്ധിച്ചു നടത്തപ്പെട്ടിരുന്ന പ്രാർഥനകളും കർമങ്ങളും നടത്താൻ യോസേഫ്‌ ഒരു പ്രകാരത്തിലും അഭ്യർഥിച്ചിട്ടുണ്ടാവില്ല. യാക്കോബിനും യോസേഫിനും യഹോവയിൽ ശക്തമായ വിശ്വാസമുണ്ടായിരുന്നു. (എബ്രായർ 11:21, 22) ദൈവം കൽപ്പിച്ച ഒരു സംഗതി ആയിരുന്നില്ലെങ്കിലും, യാക്കോബിന്റെ മൃതശരീരം പരിരക്ഷിച്ചതിനെ തിരുവെഴുത്തുകളിൽ കുറ്റംവിധിച്ചിട്ടില്ല. യാക്കോബിന്റെ ശരീരം അഴുകാതെ സൂക്ഷിച്ചതിലൂടെ ഇസ്രായേൽ ജനതയ്‌ക്കോ ക്രിസ്‌തീയ സഭയ്‌ക്കോ ഉള്ള ഒരു കീഴ്‌വഴക്കം സ്ഥാപിക്കുകയായിരുന്നില്ല. വാസ്‌തവത്തിൽ, ദൈവവചനത്തിൽ അതു സംബന്ധിച്ച്‌ കൃത്യമായ യാതൊരു നിർദേശങ്ങളും ഇല്ല. യോസേഫ്‌ മരിച്ചപ്പോൾ ഈജിപ്‌തിൽവെച്ച്‌ അവന്റെ ശവശരീരവും അഴുകിപ്പോകാതവണ്ണം ഒരുക്കി സൂക്ഷിച്ചു. (ഉല്‌പത്തി 50:⁠26) അതിനുശേഷം അത്തരമൊരു സംഗതിയെ കുറിച്ചു തിരുവെഴുത്തുകളിൽ യാതൊരു പരാമർശവുമില്ല.

പാലസ്‌തീനിലെ കല്ലറകളിലെ ശവശരീരങ്ങളുടെ ദ്രവീകൃത അവസ്ഥ, ശരീരം ദീർഘകാലം പരിരക്ഷിക്കുക എന്ന ഉദ്ദേശ്യത്തിൽ മൃതശരീരങ്ങൾ ഒരുക്കുന്ന രീതി എബ്രായർക്ക്‌ ഇല്ലായിരുന്നു എന്നു പ്രകടമാക്കുന്നു. ഉദാഹരണത്തിന്‌, ലാസറിന്റെ ശരീരം അങ്ങനെ ചെയ്‌തിരുന്നില്ല. അവന്റെ ശരീരം ശീലകൾകൊണ്ടു പൊതിഞ്ഞിരുന്നു എങ്കിലും, കല്ലറ അടച്ചിരുന്ന കല്ല്‌ ഉരുട്ടിനീക്കിയപ്പോൾ കണ്ടുനിന്നവർ ഉത്‌കണ്‌ഠ പ്രകടമാക്കി. ലാസർ മരിച്ചിട്ട്‌ നാലു ദിവസം ആയിരുന്നതിനാൽ, കല്ലറ തുറക്കുമ്പോൾ നാറ്റം ഉണ്ടായിരിക്കുമെന്ന്‌ അവന്റെ സഹോദരിക്ക്‌ ഉറപ്പുണ്ടായിരുന്നു.​—⁠യോഹന്നാൻ 11:38-44.

അഴുകാതെ സൂക്ഷിക്കുക എന്ന ഉദ്ദേശ്യത്തിൽ യേശുക്രിസ്‌തുവിന്റെ ശവശരീരം ഒരുക്കുകയുണ്ടായോ? അങ്ങനെ നിഗമനം ചെയ്യുന്നതിനു സുവിശേഷ വിവരണങ്ങളിൽ അടിസ്ഥാനമില്ല. അക്കാലത്ത്‌, അടക്കുന്നതിനു മുമ്പ്‌ ശവശരീരത്തിൽ സുഗന്ധദ്രവ്യങ്ങളും പരിമള തൈലവും പൂശുന്നതു യഹൂദന്മാരുടെ ഒരു രീതിയായിരുന്നു. ഉദാഹരണത്തിന്‌, യേശുവിന്റെ ശരീരത്തിൽ ഇടുന്നതിന്‌ നിക്കോദേമൊസ്‌ വലിയ അളവിൽ സുഗന്ധവർഗം കൊണ്ടുവരുകയുണ്ടായി. (യോഹന്നാൻ 19:38-42) എന്തിനായിരുന്നു ഇത്രയധികം സുഗന്ധവർഗം? യേശുവിനോടുള്ള ഹൃദയംഗമമായ സ്‌നേഹവും ആദരവും ആയിരുന്നിരിക്കാം അവനെ അത്രയും ഉദാരമായി സുഗന്ധവർഗങ്ങൾ കൊണ്ടുവരാൻ പ്രേരിപ്പിച്ചത്‌. സുഗന്ധവർഗങ്ങൾ അങ്ങനെ ഉപയോഗിച്ചത്‌ ശരീരം പരിരക്ഷിക്കാനായിരുന്നു എന്നു നാം നിഗമനം ചെയ്യേണ്ടതില്ല.

ശവശരീരം പരിരക്ഷിക്കുക എന്ന സമ്പ്രദായത്തെ ഒരു ക്രിസ്‌ത്യാനി എതിർക്കണമോ? എന്നെങ്കിലും സംഭവിക്കേണ്ട ഒരു സംഗതിക്കു കാലതാമസം വരുത്താൻ മാത്രമേ അതുവഴി സാധിക്കുന്നുള്ളു എന്നതാണു വാസ്‌തവം. പൊടിയിൽനിന്ന്‌ നാം വന്നു, മരിക്കുമ്പോൾ പൊടിയിലേക്കുതന്നെ തിരികെ പോകുന്നു. (ഉല്‌പത്തി 3:19) എന്നാൽ ആൾ മരിച്ച്‌ എത്ര നേരം കഴിഞ്ഞാണ്‌ ശവം അടക്കുന്നത്‌ എന്ന കാര്യം കണക്കിലെടുക്കേണ്ടത്‌ ഉണ്ടായിരിക്കാം. വളരെ അകലെനിന്നു വരുന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മൃതദേഹം കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ, നിസ്സംശയമായും ശവശരീരം കുറെ നേരത്തേക്ക്‌ എങ്കിലും അഴുകാതെ സൂക്ഷിക്കുന്നതിനുള്ള നടപടികൾ എടുക്കേണ്ടിവരും.

ശവശരീരം അഴുകാതെ സൂക്ഷിക്കുന്നതിനു വേണ്ട ഒരുക്കങ്ങൾ ചെയ്‌തിരിക്കണം എന്നു പ്രാദേശിക നിയമം അനുശാസിക്കുകയോ അങ്ങനെ ചെയ്യാൻ കുടുംബാംഗങ്ങൾ ആഗ്രഹിക്കുകയോ ചെയ്യുന്നപക്ഷം, അസ്വസ്ഥരാകുന്നതിന്‌ തിരുവെഴുത്തുപരമായി യാതൊരു കാരണവുമില്ല. മരിച്ചവർ “ഒന്നും അറിയുന്നില്ല.” (സഭാപ്രസംഗി 9:5) അവർ ദൈവത്തിന്റെ സ്‌മരണയിൽ ഉണ്ടെങ്കിൽ, അവന്റെ വാഗ്‌ദത്ത പുതിയ ലോകത്തിൽ അവർ ജീവനിലേക്ക്‌ ഉയിർപ്പിക്കപ്പെടും.​—⁠ഇയ്യോബ്‌ 14:13-15; പ്രവൃത്തികൾ 24:15; 2 പത്രൊസ്‌ 3:⁠13.

[31-ാം പേജിലെ ചതുരം/ചിത്രം]

ശവശരീരം അഴുകാതെ സൂക്ഷിക്കുന്നതിനായി ഒരുക്കുന്ന പ്രക്രിയ​—⁠അന്നും ഇന്നും

പുരാതന ഈജിപ്‌തിൽ, കുടുംബത്തിന്റെ സാമൂഹിക നില അനുസരിച്ചാണ്‌ മരിച്ച ഒരാളുടെ ശവശരീരം പരിരക്ഷിക്കുന്നതിന്‌ ഏതു നടപടി കൈക്കൊള്ളണമെന്നു തീരുമാനിച്ചിരുന്നത്‌. സാധ്യതയനുസരിച്ച്‌ ഒരു സമ്പന്ന കുടുംബം പിൻവരുന്ന നടപടിക്രമം ആയിരുന്നു സ്വീകരിച്ചിരിക്കുക.

ലോഹം കൊണ്ടുള്ള ഒരു ഉപകരണം ഉപയോഗിച്ച്‌ നാസാരന്ധ്രങ്ങളിലൂടെ തലച്ചോർ വലിച്ച്‌ പുറത്തെടുക്കുമായിരുന്നു. അതിനുശേഷം, അനുയോജ്യമായ ഔഷധങ്ങൾ തലയോട്ടിയിൽ പുരട്ടുമായിരുന്നു. അടുത്ത പടി ഹൃദയവും വൃക്കകളും ഒഴികെ എല്ലാ ആന്തരാവയവങ്ങളും നീക്കം ചെയ്യുക എന്നതായിരുന്നു. ഉദരാവയവങ്ങൾ നീക്കം ചെയ്യുന്നതിന്‌ ശരീരം കീറേണ്ടതുണ്ടായിരുന്നു, എന്നാൽ അത്‌ പാപമായി കണക്കാക്കപ്പെട്ടിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഈജിപ്‌തുകാർ മുറിവ്‌ ഉണ്ടാക്കാൻ ഒരു വ്യക്തിയെ നിയോഗിച്ചിരുന്നു. അയാളെ ‘കട്ടർ’ എന്നാണു വിളിച്ചിരുന്നത്‌. ഇതു ചെയ്‌തയുടനെ അയാൾ ആ സ്ഥലത്തുനിന്ന്‌ ഓടിപ്പോകുമായിരുന്നു. കാരണം ആ കുറ്റത്തിനുള്ള ശിക്ഷ, ശാപവചനങ്ങളും കല്ലേറുമായിരുന്നു.

ഉദരത്തിനുള്ളിലെ അവയവങ്ങൾ നീക്കം ചെയ്‌തശേഷം, ഉൾഭാഗം കഴുകി വൃത്തിയാക്കിയിരുന്നു. ചരിത്രകാരനായ ഹിറോഡോട്ടസ്‌ എഴുതി: “ചതച്ചെടുത്ത അതിശുദ്ധമായ മീറയും കാഷ്യയും കുന്തുരുക്കം ഒഴികെയുള്ള എല്ലാത്തരം സുഗന്ധവർഗങ്ങളും വയറിനുള്ളിൽ നിറച്ചശേഷം അവർ വയറ്‌ തുന്നിക്കെട്ടുമായിരുന്നു.”

അടുത്തതായി, ശരീരം 70 ദിവസത്തേക്ക്‌ നേട്രണിൽ മുക്കിവെച്ച്‌ അതിലെ ജലാംശം കളഞ്ഞിരുന്നു. തുടർന്ന്‌, മൃതശരീരം കഴുകി വിദഗ്‌ധമായി ഒരു ശീലകൊണ്ട്‌ പൊതിയും. എന്നിട്ട്‌ ആ ശീലയുടെ പുറത്ത്‌ മരക്കറയോ മറ്റേതെങ്കിലും പശയോ തേച്ചശേഷം ആ മമ്മിയെ ആർഭാടമായി അലങ്കരിച്ച, മനുഷ്യാകൃതിയിലുള്ള ഒരു മരപ്പെട്ടിയിൽ വെക്കും.

ഇക്കാലത്ത്‌, ശവശരീരം അഴുകാതെ സൂക്ഷിക്കുന്നതിനുള്ള പ്രക്രിയ ഏതാനും മണിക്കൂറുകൾക്കകം നിർവഹിക്കാനാകും. സിരകളിലും ധമനികളിലും ഉദരത്തിലും നെഞ്ചറയിലും ശരീരം അഴുകാതിരിക്കാൻ സഹായിക്കുന്ന ദ്രാവകങ്ങൾ അനുയോജ്യമായ അളവിൽ നിറച്ചാണ്‌ ഇതു സാധാരണമായി നിർവഹിക്കുന്നത്‌. വർഷങ്ങളിൽ ഉടനീളം, നാനാതരം ലായനികൾ കണ്ടുപിടിക്കുകയും ഉപയോഗിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നിരുന്നാലും, ചെലവും സുരക്ഷയും കണക്കിലെടുത്ത്‌ ഫോർമാൽഡിഹൈഡ്‌ എന്ന ലായനിയാണ്‌ മിക്കപ്പോഴും ഉപയോഗിക്കുന്നത്‌.

[ചിത്രം]

തൂത്തൻഖാമൻ ചക്രവർത്തിയുടെ സ്വർണ ശവപ്പെട്ടി