വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർധിപ്പിക്കുന്ന യോഗങ്ങൾ

സ്‌നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർധിപ്പിക്കുന്ന യോഗങ്ങൾ

“എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും”

സ്‌നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർധിപ്പിക്കുന്ന യോഗങ്ങൾ

ടൊറന്റോ മുതൽ ടോക്കിയോ വരെ, മോസ്‌കോ മുതൽ മോൺടെവിടേയോ വരെ, ദശലക്ഷക്കണക്കിനു വരുന്ന യഹോവയുടെ സാക്ഷികളും അവരുടെ സുഹൃത്തുക്കളും ആഴ്‌ചയിൽ പലതവണ തങ്ങളുടെ ആരാധനാ സ്ഥലങ്ങളിൽ കൂടിവരുന്നു. ഇക്കൂട്ടത്തിൽ, പകലന്തിയോളം ജോലി ചെയ്‌ത്‌ ക്ഷീണിച്ചെത്തുന്ന കുടുംബനാഥന്മാരുണ്ട്‌; കഠിനാധ്വാനികളായ ഭാര്യമാരും കുഞ്ഞുകുട്ടികളുമായി എത്തുന്ന അമ്മമാരും ഉണ്ട്‌; സ്‌കൂളിൽനിന്നു മടങ്ങിയെത്തുന്ന ഊർജസ്വലരായ യുവജനങ്ങളുണ്ട്‌; ശാരീരിക വേദനകളും നൊമ്പരങ്ങളുമായി സാവധാനം നടന്നുനീങ്ങുന്ന വൃദ്ധരുണ്ട്‌; ധീരരായ വിധവകളും അനാഥരുമുണ്ട്‌; ആശ്വാസം ആവശ്യമായ വിഷാദമഗ്നരുമുണ്ട്‌.

യഹോവയുടെ ഈ സാക്ഷികൾ നാനാതരം യാത്രാസംവിധാനങ്ങൾ ഉപയോഗിക്കുന്നു​—⁠അതിവേഗ ബുള്ളറ്റ്‌ ട്രെയിനുകൾ മുതൽ കഴുതകൾ വരെ; ആളുകൾ തിങ്ങിനിറഞ്ഞ ഭൂഗർഭ ട്രെയിനുകൾ മുതൽ ട്രക്കുകൾ വരെ. ചിലർക്കു മുതലകൾ ധാരാളമുള്ള നദികൾ കുറുകെ കടക്കേണ്ടിവരുന്നു, മറ്റുള്ളവർക്കു വൻനഗരങ്ങളിലെ അലോസരപ്പെടുത്തുന്ന ഗതാഗതക്കുരുക്കുമായി മല്ലിടേണ്ടിവരുന്നു. എന്തുകൊണ്ടാണ്‌ ഈ ആളുകൾ ഇത്രയധികം ശ്രമം ചെലുത്തുന്നത്‌?

മുഖ്യമായും, ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുകയും അവയിൽ പങ്കുപറ്റുകയും ചെയ്യുന്നത്‌ യഹോവയാം ദൈവത്തെ ആരാധിക്കുന്നതിനുള്ള ഒരു പ്രധാന മാർഗം ആയതിനാൽ. (എബ്രായർ 13:15) പൗലൊസ്‌ അപ്പൊസ്‌തലൻ പിൻവരുന്നപ്രകാരം എഴുതിയപ്പോൾ അതിനുള്ള കൂടുതലായ ഒരു കാരണത്തെ കുറിച്ചു പരാമർശിച്ചു: “നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (എബ്രായർ 10:24, 25) പിൻവരുന്നപ്രകാരം പാടിയ സങ്കീർത്തനക്കാരനായ ദാവീദിന്റെ വികാരങ്ങളെ പൗലൊസ്‌ ഇവിടെ പ്രതിഫലിപ്പിക്കുകയാണു ചെയ്‌തത്‌: “യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.”​—⁠സങ്കീർത്തനം 122:⁠1.

യോഗങ്ങളിൽ സന്നിഹിതരായിരിക്കുന്നതിൽ ക്രിസ്‌ത്യാനികൾ സന്തോഷിക്കുന്നത്‌ എന്തുകൊണ്ടാണ്‌? കാരണം, അതിൽ ഹാജരായിരിക്കുന്നവർ വെറും കാഴ്‌ചക്കാരല്ല. പകരം, പരസ്‌പരം അടുത്തറിയാനുള്ള അവസരങ്ങൾ അവയിലൂടെ അവർക്കു ലഭിക്കുന്നു. വിശേഷാൽ ഈ യോഗങ്ങൾ സ്വീകരിക്കാൻ മാത്രമല്ല, കൊടുക്കാനും സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കും ഉത്സാഹം വർധിപ്പിക്കാനുമുള്ള അവസരങ്ങൾ പ്രദാനം ചെയ്യുന്നു. ഇതു യോഗങ്ങളെ പരിപുഷ്ടിപ്പെടുത്തുന്ന അവസരങ്ങളാക്കുന്നു. മാത്രമല്ല, “എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” എന്ന തന്റെ വാഗ്‌ദാനം യേശു നിവർത്തിക്കുന്ന വിധങ്ങളിലൊന്ന്‌ ക്രിസ്‌തീയ യോഗങ്ങളാണ്‌.​—⁠മത്തായി 11:⁠28.

ആശ്വാസത്തിന്റെയും കരുതലിന്റെയും ഒരു സങ്കേതം

തങ്ങളുടെ യോഗങ്ങളെ നവോന്മേഷപ്രദമായി വീക്ഷിക്കുന്നതിനുള്ള നല്ല കാരണങ്ങൾ യഹോവയുടെ സാക്ഷികൾക്കുണ്ട്‌. ഒരു സംഗതി, യോഗങ്ങളിലൂടെ “വിശ്വസ്‌തനും വിവേകിയുമായ അടിമ” തക്കസമയത്തെ ആത്മീയ ആഹാരം പ്രദാനം ചെയ്യുന്നു എന്നതാണ്‌. (മത്തായി 24:​45, NW) യഹോവയുടെ ദാസരെ, ദൈവവചനം ഫലപ്രദമായും തീക്ഷ്‌ണമായും പഠിപ്പിക്കുന്നവർ ആക്കിത്തീർക്കുന്നതിൽ യോഗങ്ങൾ ഒരു സുപ്രധാന പങ്കു വഹിക്കുന്നു. മാത്രമല്ല, കഷ്ട കാലങ്ങളിൽ സഹായിക്കാനും ആശ്വസിപ്പിക്കാനും മനസ്സൊരുക്കവും സന്നദ്ധതയുമുള്ള, സ്‌നേഹസമ്പന്നരും കരുതലുള്ളവരുമായ സ്‌നേഹിതരെ രാജ്യഹാളിൽ കണ്ടെത്താൻ കഴിയും.​—⁠2 കൊരിന്ത്യർ 7:5-7.

ഫിലിസ്‌ എന്ന ഒരു വിധവയുടെ അനുഭവം ഇതായിരുന്നു. അവരുടെ മക്കൾക്ക്‌ അഞ്ചും എട്ടും വയസ്സുള്ളപ്പോഴാണ്‌ ഭർത്താവ്‌ മരിച്ചത്‌. തന്റെയും കുട്ടികളുടെയും മേൽ ക്രിസ്‌തീയ യോഗങ്ങൾക്ക്‌ ഉണ്ടായിരുന്ന നവോന്മേഷപ്രദമായ ഫലത്തെ കുറിച്ചു വിവരിച്ചുകൊണ്ട്‌ അവർ ഇങ്ങനെ പറഞ്ഞു: “രാജ്യഹാളിൽ പോകുന്നത്‌ ആശ്വാസമേകിയിരുന്നു. കാരണം, ആലിംഗനം ചെയ്‌തുകൊണ്ടോ തിരുവെഴുത്തുപരമായ ഒരു ആശയം പങ്കുവെച്ചുകൊണ്ടോ കൈ ഒന്നു പിടിച്ച്‌ അമർത്തിക്കൊണ്ടോ ഒക്കെ സഹവിശ്വാസികൾ എപ്പോഴും തങ്ങളുടെ സ്‌നേഹവും കരുതലും പ്രകടമാക്കിയിരുന്നു. ഞാൻ എപ്പോഴും ആയിരിക്കാൻ ആഗ്രഹിച്ചിട്ടുള്ള ഒരിടമാണ്‌ അത്‌.”​—⁠1 തെസ്സലൊനീക്യർ 5:⁠14.

മറീ, വലിയ ഒരു ശസ്‌ത്രക്രിയയ്‌ക്കു വിധേയയായി. ഡോക്ടർ പറഞ്ഞതനുസരിച്ച്‌, സുഖം പ്രാപിക്കാൻ ആറ്‌ ആഴ്‌ചയെങ്കിലും വേണമായിരുന്നു. ആദ്യത്തെ ഏതാനും ആഴ്‌ചകളിൽ മറീക്ക്‌ യോഗങ്ങളിൽ സംബന്ധിക്കാൻ കഴിഞ്ഞില്ല. അവർ മുമ്പത്തെപ്പോലെ തമാശ പറയുകയോ ചിരിക്കുകയോ ഒന്നും ചെയ്യാത്തതായി ഡോക്ടർ ശ്രദ്ധിച്ചു. മറീ യോഗങ്ങളിൽ സംബന്ധിക്കുന്നില്ല എന്നു മനസ്സിലാക്കിയ അദ്ദേഹം അവരെ അതിനു പ്രോത്സാഹിപ്പിച്ചു. ഭർത്താവ്‌ തന്റെ വിശ്വാസത്തിൽ പെട്ട ആളല്ലെന്നും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കുമോ എന്നു കരുതി, യോഗങ്ങൾക്കു പോകാൻ അദ്ദേഹം തന്നെ അനുവദിക്കുകയില്ല എന്നും മറീ പറഞ്ഞു. അപ്പോൾ ഡോക്ടർ, പ്രോത്സാഹനത്തിനും പരിപുഷ്ടിപ്പെടുത്തുന്ന സഹവാസത്തിനുമായി മറീ രാജ്യഹാളിൽ പോകാൻ “കൽപ്പിക്കുന്ന” ഒരു ഔദ്യോഗിക കുറുപ്പടി എഴുതിക്കൊടുത്തു. മറീ ഉപസംഹരിക്കുന്നു: “ഒരു യോഗത്തിൽ സംബന്ധിച്ച ശേഷം, എനിക്കു നല്ല സുഖം തോന്നി. ഞാൻ ഭക്ഷണം കഴിക്കാനും രാത്രി മുഴുവൻ ഉറങ്ങാനും തുടങ്ങി. എനിക്കു കൂടെക്കൂടെ, വേദനസംഹാരികൾ കഴിക്കേണ്ടിവന്നില്ല. എന്റെ മുഖത്തു വീണ്ടും ചിരി പ്രത്യക്ഷപ്പെട്ടു!”​—⁠സദൃശവാക്യങ്ങൾ 16:⁠24.

ക്രിസ്‌തീയ യോഗങ്ങളിലെ സ്‌നേഹപുരസ്സരമായ അന്തരീക്ഷം പുറത്തുള്ളവർ ശ്രദ്ധിക്കാതിരിക്കുന്നില്ല. ഒരു കോളെജ്‌ വിദ്യാർഥിനി സാംസ്‌കാരിക നരവംശശാസ്‌ത്ര ക്ലാസ്സിലേക്കായി ഒരു പ്രബന്ധം എഴുതുന്നതിന്‌ യഹോവയുടെ സാക്ഷികളെ നിരീക്ഷിക്കുകയുണ്ടായി. സാക്ഷികളുടെ യോഗങ്ങളിലെ അന്തരീക്ഷത്തെ കുറിച്ച്‌ ആ വിദ്യാർഥിനി തന്റെ പ്രബന്ധത്തിൽ ഇങ്ങനെ എഴുതി: “എനിക്കു ലഭിച്ച ഊഷ്‌മളമായ സ്വീകരണം വളരെ മതിപ്പുളവാക്കുന്നതായിരുന്നു. . . . യഹോവയുടെ സാക്ഷികളുടെ സൗഹൃദഭാവം ആയിരുന്നു വളരെ മുന്തിനിന്ന ഗുണം, അവിടത്തെ ഏറ്റവും ശ്രദ്ധേയമായ സംഗതിയും അതാണെന്ന്‌ എനിക്കു തോന്നുന്നു.”​—⁠1 കൊരിന്ത്യർ 14:⁠25.

ഇന്നത്തെ പ്രക്ഷുബ്‌ധ ലോകത്തിൽ, ക്രിസ്‌തീയ സഭ ഒരു ആത്മീയ മരുപ്പച്ച പോലെയാണ്‌. അതു സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ഒരു സങ്കേതമാണ്‌. ക്രിസ്‌തീയ യോഗങ്ങളിൽ സന്നിഹിതരാകുകവഴി, സങ്കീർത്തനക്കാരന്റെ വാക്കുകളുടെ സത്യത നിങ്ങൾക്ക്‌ അനുഭവിച്ചറിയാൻ കഴിയും: “ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!”​—⁠സങ്കീർത്തനം 133:⁠1.

[25-ാം പേജിലെ ചതുരം/ചിത്രം]

ഒരു പ്രത്യേക ആവശ്യം നിവർത്തിക്കൽ

ബധിരർക്കു ക്രിസ്‌തീയ യോഗങ്ങളിൽനിന്ന്‌ എങ്ങനെ പ്രയോജനം നേടാൻ കഴിയും? യഹോവയുടെ സാക്ഷികൾ ലോകമെങ്ങും ആംഗ്യഭാഷാ സഭകൾ രൂപീകരിക്കുകയാണ്‌. കഴിഞ്ഞ 13 വർഷത്തിനുള്ളിൽ, ഐക്യനാടുകളിൽ 27 ആംഗ്യഭാഷാ സഭകളും 43 ആംഗ്യഭാഷാ കൂട്ടങ്ങളും രൂപീകരിക്കപ്പെടുകയുണ്ടായി. ചുരുങ്ങിയത്‌ മറ്റ്‌ 40 രാജ്യങ്ങളിൽ, ഇപ്പോൾ ഏതാണ്ട്‌ 140 ആംഗ്യഭാഷാ സഭകളുണ്ട്‌. 13 ആംഗ്യഭാഷകളിൽ ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങൾ വീഡിയോയിൽ തയ്യാറാക്കിയിട്ടുണ്ട്‌.

ക്രിസ്‌തീയ സഭ, യഹോവയെ സ്‌തുതിക്കാനുള്ള അവസരം ബധിരർക്കു നൽകുന്നു. ഫ്രാൻസിലെ ഒരു മുൻ കത്തോലിക്ക ആയിരുന്നു ഓഡിൽ. കടുത്ത വിഷാദം അനുഭവിച്ചിരുന്ന അവർ ഇടയ്‌ക്കിടെ ആത്മഹത്യയെ കുറിച്ചു ചിന്തിച്ചിരുന്നു. ക്രിസ്‌തീയ യോഗങ്ങളിലൂടെ തനിക്കു ലഭിച്ച ബൈബിൾ വിദ്യാഭ്യാസത്തിന്‌ ഓഡിൽ വളരെ കൃതജ്ഞത ഉള്ളവളാണ്‌. “ഞാൻ എന്റെ ആരോഗ്യവും സന്തോഷവും വീണ്ടെടുത്തു,” അവർ പറയുന്നു. “സർവോപരി ഞാൻ സത്യം കണ്ടെത്തി. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്‌ ഇപ്പോൾ ഒരു ഉദ്ദേശ്യമുണ്ട്‌.”