വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അചഞ്ചലമായ ഹൃദയത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരുക

അചഞ്ചലമായ ഹൃദയത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരുക

അചഞ്ചലമായ ഹൃദയത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരുക

“എന്റെ ഹൃദയം അചഞ്ചലമാണ്‌; ദൈവമേ എന്റെ ഹൃദയം അചഞ്ചലമാണ്‌.” ​—⁠സങ്കീർത്തനം 57:⁠7, NW.

1. നമുക്ക്‌ ദാവീദിന്റേതുപോലുള്ള ഉറച്ച ബോധ്യം ഉണ്ടായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

യഹോവയുടെ സമർപ്പിത ദാസരെന്ന നിലയിൽ സത്യ ക്രിസ്‌ത്യാനിത്വത്തോടു പറ്റിനിൽക്കാൻ തക്കവണ്ണം ക്രിസ്‌തീയ വിശ്വാസത്തിൽ അചഞ്ചലരായിരിക്കാൻ അവനു നമ്മെ സഹായിക്കാനാകും. (റോമർ 14:4) അതുകൊണ്ട്‌, സങ്കീർത്തനക്കാരനായ ദാവീദിന്റേതുപോലുള്ള ഉറച്ച ബോധ്യം നമുക്കും ഉണ്ടായിരിക്കാൻ കഴിയും. പിൻവരുന്ന പ്രകാരം പാടാൻ അവൻ പ്രേരിതനായി: “ദൈവമേ എന്റെ ഹൃദയം അചഞ്ചലമാണ്‌.” (സങ്കീർത്തനം 108:​1, NW) നമ്മുടെ ഹൃദയം അചഞ്ചലമാണെങ്കിൽ, ദൈവത്തോടുള്ള നമ്മുടെ സമർപ്പണം നിറവേറ്റാൻ നാം പ്രചോദിതരാകും. മാർഗനിർദേശത്തിനും ശക്തിക്കുമായി അവനിലേക്കു നോക്കുന്നതിനാൽ, “കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവ”ർ ആയിരുന്നുകൊണ്ട്‌ നിർമലതാപാലകർ എന്ന നിലയിൽ നിശ്ചയദാർഢ്യവും ഉറച്ച ബോധ്യവും ഉള്ളവരായിരിക്കാനും അങ്ങനെ ഇളകാത്തവരാണെന്നു തെളിയിക്കാനും നമുക്കു കഴിയും.​—⁠1 കൊരിന്ത്യർ 15:⁠58.

2, 3. 1 കൊരിന്ത്യർ 16:​13-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ ഉദ്‌ബോധനത്തിന്റെ സാരം എന്താണ്‌?

2 അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “ഉണർന്നിരിക്കുവിൻ; വിശ്വാസത്തിൽ ഉറച്ചുനിൽക്കുവിൻ; പുരുഷന്മാരെപ്പോലെ മുന്നേറുവിൻ; ശക്തിപ്പെടുവിൻ.” (1 കൊരിന്ത്യർ 16:​13, NW) ആ ഉദ്‌ബോധനം പുരാതന കൊരിന്തിലെ യേശുവിന്റെ അനുഗാമികളോട്‌ ആയിരുന്നെങ്കിലും, തീർച്ചയായും ഇന്നത്തെ ക്രിസ്‌ത്യാനികൾക്കും അതു ബാധകമാണ്‌. ഗ്രീക്കിൽ, ആ വാക്യത്തിലെ നാലു കൽപ്പനകളും വർത്തമാനകാലത്തിലാണു കൊടുത്തിരിക്കുന്നത്‌. അതുകൊണ്ട്‌ അതു തുടർച്ചയായ പ്രവർത്തനത്തെ സൂചിപ്പിക്കുന്നു. ആ ഉദ്‌ബോധനത്തിന്റെ സാരം എന്താണ്‌?

3 പിശാചിനോട്‌ എതിർത്തുനിന്നുകൊണ്ടും ദൈവത്തോടു പറ്റിനിന്നുകൊണ്ടും നമുക്ക്‌ ‘ഉണർന്നിരിക്കാൻ’ കഴിയും. (യാക്കോബ്‌ 4:7, 8) യഹോവയിലുള്ള ആശ്രയം, ഐകമത്യം കാത്തുസൂക്ഷിക്കാനും ‘ക്രിസ്‌തീയ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും’ നമ്മെ പ്രാപ്‌തരാക്കും. അനേകം സഹോദരിമാർ ഉൾപ്പെടെ നാമേവരും സുവാർത്താ ഘോഷകർ എന്ന നിലയിൽ ദൈവത്തെ സുധീരം സേവിച്ചുകൊണ്ട്‌ ‘പുരുഷന്മാരെപ്പോലെ മുന്നേറുന്നു.’ (സങ്കീർത്തനം 68:11) നമ്മുടെ സ്വർഗീയ പിതാവിന്റെ ഹിതം ചെയ്യാനുള്ള ശക്തിക്കായി നിരന്തരം അവനിലേക്കു നോക്കിക്കൊണ്ട്‌ നാം ‘ശക്തിപ്പെടുന്നു.’​—⁠ഫിലിപ്പിയർ 4:⁠13.

4. ക്രിസ്‌ത്യാനികൾ എന്ന നിലയിൽ നമ്മുടെ സ്‌നാപനത്തിലേക്കു നയിച്ച പടികൾ ഏവ?

4 യഹോവയ്‌ക്കു നമ്മെത്തന്നെ പൂർണമായി സമർപ്പിക്കുകയും ജലസ്‌നാപനത്താൽ അതു പ്രതീകപ്പെടുത്തുകയും ചെയ്‌തപ്പോൾ നാം സത്യത്തിന്റെ പക്ഷത്തു നിലയുറപ്പിച്ചു. എന്നാൽ നമ്മുടെ സ്‌നാപനത്തിലേക്കു നയിച്ച പടികൾ ഏതൊക്കെയായിരുന്നു? ആദ്യംതന്നെ നാം ദൈവവചനത്തിന്റെ സൂക്ഷ്‌മ പരിജ്ഞാനം നേടി. (യോഹന്നാൻ 17:​3, NW) ഇതു നമ്മിൽ വിശ്വാസം നട്ടുവളർത്തുകയും കഴിഞ്ഞകാല തെറ്റുകളെ പ്രതി യഥാർഥ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട്‌ മാനസാന്തരപ്പെടാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്‌തു. (പ്രവൃത്തികൾ 3:19; എബ്രായർ 11:6) അടുത്ത പടി നമ്മുടെ പരിവർത്തനമായിരുന്നു, ദൈവഹിതത്തിനു ചേർച്ചയിലുള്ള ജീവിതം നയിക്കാൻ നാം തെറ്റായ പ്രവൃത്തികൾ വിട്ടുതിരിഞ്ഞു. (റോമർ 12:2; എഫെസ്യർ 4:23, 24, NW) തുടർന്ന്‌, പ്രാർഥനയിൽ നാം മുഴുഹൃദയാ നമ്മെത്തന്നെ യഹോവയ്‌ക്കു സമർപ്പിച്ചു. (മത്തായി 16:24; 1 പത്രൊസ്‌ 2:21) നല്ല ഒരു മനസ്സാക്ഷിക്കായി നാം ദൈവത്തോട്‌ അപേക്ഷിക്കുകയും അവനുള്ള സമർപ്പണത്തിന്റെ പ്രതീകമായി സ്‌നാപനമേൽക്കുകയും ചെയ്‌തു. (1 പത്രൊസ്‌ 3:21) ഈ പടികളെ കുറിച്ചു ധ്യാനിക്കുന്നത്‌, നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ നിരന്തരമായി ശ്രമിക്കേണ്ടതിന്റെ ആവശ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അചഞ്ചലമായ ഹൃദയത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരാനും നമ്മെ സഹായിക്കും.

സൂക്ഷ്‌മ പരിജ്ഞാനത്തിനായുള്ള അന്വേഷണം തുടരുക

5. തിരുവെഴുത്തു പരിജ്ഞാനം സമ്പാദിക്കുന്നതിൽ നാം തുടരേണ്ടത്‌ എന്തുകൊണ്ട്‌?

5 ദൈവത്തോടുള്ള നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ, വിശ്വാസത്തെ കെട്ടുപണി ചെയ്യുന്ന തിരുവെഴുത്തു പരിജ്ഞാനം സമ്പാദിക്കുന്നതിൽ നാം തുടരേണ്ടതുണ്ട്‌. ദൈവത്തിന്റെ സത്യവുമായി നാം ആദ്യം സമ്പർക്കത്തിൽ വന്നപ്പോൾ ആത്മീയ ആഹാരം ഭക്ഷിക്കാൻ നമുക്ക്‌ എന്ത്‌ ഉത്സാഹമായിരുന്നു! (മത്തായി 24:45-47) ആ “വിഭവങ്ങൾ” അത്യന്തം രുചികരമായിരുന്നു​—⁠ആത്മീയമായി അവ നമ്മെ നന്നായി പോഷിപ്പിച്ചു. ഇപ്പോൾ, യഹോവയുടെ സമർപ്പിത ദാസർ എന്ന നിലയിൽ അചഞ്ചലമായ ഹൃദയം കാത്തുസൂക്ഷിക്കാൻ കഴിയേണ്ടതിന്‌ പോഷകസമൃദ്ധമായ ആത്മീയ ആഹാരം തുടർന്നും ഭക്ഷിക്കേണ്ടത്‌ അനിവാര്യമാണ്‌.

6. ബൈബിൾ സത്യത്തോടു ഹൃദയംഗമമായ വിലമതിപ്പു വളർത്തിയെടുക്കാൻ നിങ്ങൾക്കു സഹായം ലഭിച്ചത്‌ എങ്ങനെയായിരിക്കാം?

6 തിരുവെഴുത്തുകളെ കുറിച്ചു കൂടുതലായ പരിജ്ഞാനം നേടുന്നതിനു ശ്രമം ആവശ്യമാണ്‌. മറഞ്ഞിരിക്കുന്ന നിധി അന്വേഷിക്കുന്നതു പോലെ കഠിന പ്രയത്‌നം ആവശ്യമായിരിക്കുന്ന ഒന്നാണ്‌ അത്‌. എന്നാൽ “ദൈവപരിജ്ഞാനം” കണ്ടെത്താൻ കഴിയുന്നത്‌ എത്ര പ്രതിഫലദായകമാണ്‌! (സദൃശവാക്യങ്ങൾ 2:1-6) നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകം ഉപയോഗിച്ചായിരിക്കാം ഒരു രാജ്യഘോഷകൻ ആദ്യം നിങ്ങളെ ബൈബിൾ പഠിക്കാൻ സഹായിച്ചത്‌. ഓരോ അധ്യായവും തീർക്കാൻ ഗണ്യമായ സമയം എടുത്തിരിക്കാം, ചിലപ്പോൾ ഓരോ അധ്യായവും ചർച്ച ചെയ്‌തത്‌ ഒന്നിലധികം തവണകളായിട്ട്‌ ആയിരിക്കാം. പരാമർശിച്ചിരുന്ന തിരുവെഴുത്തുകൾ വായിച്ചു ചർച്ച ചെയ്‌തതിൽനിന്ന്‌ നിങ്ങൾ പ്രയോജനം അനുഭവിച്ചു. ഏതെങ്കിലും ആശയം മനസ്സിലാക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടപ്പോൾ, അധ്യയനം നടത്തുന്ന ആൾ അതു വിവരിച്ചുതന്നു. ബൈബിൾ പഠിക്കാൻ നിങ്ങളെ സഹായിച്ച വ്യക്തി നന്നായി തയ്യാറായി വരികയും ദൈവാത്മാവിനായി പ്രാർഥിക്കുകയും സത്യത്തോടു ഹൃദയംഗമമായ വിലമതിപ്പു നട്ടുവളർത്താൻ നിങ്ങളെ സഹായിക്കുകയും ചെയ്‌തു.

7. ദൈവത്തിന്റെ സത്യം മറ്റുള്ളവരെ പഠിപ്പിക്കാൻ ഒരുവനെ യോഗ്യതയുള്ളവനാക്കുന്നത്‌ എന്ത്‌?

7 ഈ പ്രയത്‌നം ഉചിതമായിരുന്നു. കാരണം പൗലൊസ്‌ ഇങ്ങനെ എഴുതി: “വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഓഹരി കൊടുക്കേണം.” (ഗലാത്യർ 6:6) ഇവിടെ, “പഠിക്കുന്ന”വന്റെ മനസ്സിലും ഹൃദയത്തിലും ദൈവവചനത്തിന്റെ പഠിപ്പിക്കലുകൾ ഉൾനടപ്പെടുന്നതായി ഗ്രീക്ക്‌ പാഠം സൂചിപ്പിക്കുന്നു. ആ വിധത്തിലുള്ള പഠനം, മറ്റുള്ളവരെ പഠിപ്പിക്കാനുള്ള യോഗ്യത നിങ്ങൾക്കു നേടിത്തരുന്നു. (പ്രവൃത്തികൾ 18:25) നിങ്ങളുടെ സമർപ്പണത്തോടു വിശ്വസ്‌തരായിരിക്കാൻ, നിരന്തരം ദൈവവചനം പഠിച്ചുകൊണ്ട്‌ നിങ്ങൾ ആത്മീയ ആരോഗ്യവും അചഞ്ചലതയും കാത്തുസൂക്ഷിക്കണം.​—⁠1 തിമൊഥെയൊസ്‌ 4:13; തീത്തൊസ്‌ 1:13; 2:⁠2.

നിങ്ങളുടെ മാനസാന്തരത്തെയും പരിവർത്തനത്തെയും കുറിച്ച്‌ ഓർക്കുക

8. ദൈവികഭക്തിയോടു കൂടിയ നടത്ത കാത്തുസൂക്ഷിക്കാൻ സാധിക്കുന്നത്‌ എങ്ങനെ?

8 സത്യം പഠിക്കുകയും മാനസാന്തരപ്പെടുകയും പിന്നീട്‌, യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ ദൈവത്തിൽനിന്നു പാപമോചനം ലഭിച്ചിരിക്കുന്നതായി മനസ്സിലാക്കുകയും ചെയ്‌തപ്പോൾ അനുഭവപ്പെട്ട ആശ്വാസം നിങ്ങൾ ഓർമിക്കുന്നുവോ? (സങ്കീർത്തനം 32:1-5; റോമർ 5:8; 1 പത്രൊസ്‌ 3:18) പാപപൂർണമായ ജീവിതത്തിലേക്കു തിരിച്ചുപോകാൻ നിങ്ങൾ തീർച്ചയായും ആഗ്രഹിക്കുകയില്ല. (2 പത്രൊസ്‌ 2:20-22) മറ്റു കാര്യങ്ങൾക്കൊപ്പം യഹോവയോടുള്ള നിരന്തരമായ പ്രാർഥന, ദൈവികഭക്തിയോടു കൂടിയ നടത്ത കാത്തുസൂക്ഷിക്കാനും സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാനും യഹോവയെ വിശ്വസ്‌തതയോടെ സേവിക്കുന്നതിൽ തുടരാനും നിങ്ങളെ സഹായിക്കും.​—⁠2 പത്രൊസ്‌ 3:11, 12.

9. പാപൂർണമായ പ്രവൃത്തികൾ വിട്ടുതിരിഞ്ഞിരിക്കെ, നാം ഏതു ഗതിയിലൂടെ സഞ്ചരിക്കണം?

9 പാപപൂർണമായ പ്രവൃത്തികൾ വിട്ടുതിരിഞ്ഞ്‌ പരിവർത്തനം ചെയ്‌തിരിക്കെ, നിങ്ങളുടെ ഹൃദയം അചഞ്ചലമായി സൂക്ഷിക്കാൻ ദൈവത്തിന്റെ സഹായം തുടർന്നും തേടുക. ഒരർഥത്തിൽ പറഞ്ഞാൽ, നിങ്ങൾ തെറ്റായ ഒരു ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്നു. എന്നാൽ നിങ്ങൾ ആശ്രയയോഗ്യമായ ഒരു പ്രദേശ മാപ്പ്‌ പരിശോധിക്കുകയും ശരിയായ പാത കണ്ടെത്തി മുന്നോട്ടു പോകുകയും ചെയ്‌തിരിക്കുന്നു. ഇനി, നിങ്ങൾ വഴിതെറ്റി പോകരുത്‌. ദൈവത്തിന്റെ മാർഗനിർദേശത്തെ ആശ്രയിക്കുന്നതിൽ തുടരുക, ജീവനിലേക്കു നയിക്കുന്ന വഴിയിൽ തുടർന്നും സഞ്ചരിക്കാൻ ദൃഢനിശ്ചയം ചെയ്യുക.​—⁠യെശയ്യാവു 30:20, 21; മത്തായി 7:13, 14.

നിങ്ങളുടെ സമർപ്പണവും സ്‌നാപനവും ഒരിക്കലും മറക്കാതിരിക്കുക

10. ദൈവത്തോടുള്ള നമ്മുടെ സമർപ്പണം സംബന്ധിച്ച്‌ നാം ഏതു കാര്യങ്ങൾ മനസ്സിൽ പിടിക്കണം?

10 നിത്യതയിലുടനീളം യഹോവയെ വിശ്വസ്‌തമായി സേവിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ്‌ നിങ്ങൾ പ്രാർഥനയിൽ അവനു നിങ്ങളെത്തന്നെ സമർപ്പിച്ചത്‌ എന്ന കാര്യം മനസ്സിൽ പിടിക്കുക. (യൂദാ 20, 21) സമർപ്പണം എന്നത്‌ വിശുദ്ധമായ ഒരു ഉദ്ദേശ്യത്തിനായി വേർതിരിക്കപ്പെടുന്നതിനെ അർഥമാക്കുന്നു. (ലേവ്യപുസ്‌തകം 15:31; 22:2) നിങ്ങളുടെ സമർപ്പണം ഒരു താത്‌കാലിക കരാർ ആയിരുന്നില്ല, അതുപോലെ അതു മനുഷ്യരോടുള്ള ഒരു പ്രതിബദ്ധതയും ആയിരുന്നില്ല. അഖിലാണ്ഡ പരമാധികാരിക്കുള്ള ഒരു ശാശ്വത സമർപ്പണം ആയിരുന്നു അത്‌, അതിനു ചേർച്ചയിൽ ജീവിക്കാൻ മരണംവരെ ദൈവത്തോടു വിശ്വസ്‌തരായിരിക്കേണ്ടതുണ്ട്‌. അതേ, ‘ജീവിക്കുന്നെങ്കിലും മരിക്കുന്നെങ്കിലും നാം കർത്താവിനു’ള്ളവരാണ്‌. (റോമർ 14:7, 8) നമ്മുടെ സന്തോഷം അവന്റെ ഹിതത്തിനു കീഴ്‌പെട്ടിരിക്കുന്നതിനെയും അചഞ്ചലമായ ഹൃദയത്തോടെ അവനെ സേവിക്കുന്നതിൽ തുടരുന്നതിനെയും ആശ്രയിച്ചിരിക്കുന്നു.

11. നിങ്ങളുടെ സ്‌നാപനവും അതിന്റെ പ്രാധാന്യവും ഓർത്തിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

11 നിങ്ങളുടെ സ്‌നാപനം ദൈവത്തിനുള്ള മുഴുഹൃദയത്തോടു കൂടിയ നിങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായിരുന്നു എന്ന്‌ എപ്പോഴും ഓർക്കുക. ആരും നിങ്ങളെ നിർബന്ധിച്ചു സ്‌നാപനപ്പെടുത്തിയതല്ല, അതു നിങ്ങളുടെ സ്വന്തം തീരുമാനം ആയിരുന്നു. ശേഷിച്ച ജീവകാലം മുഴുവൻ നിങ്ങളുടെ ഇച്ഛാശക്തിയെ ദിവ്യ ഹിതത്തിനു ചേർച്ചയിൽ ഉപയോഗിക്കാൻ നിങ്ങൾ ഇപ്പോൾ ദൃഢചിത്തനാണോ? ഒരു നല്ല മനസ്സാക്ഷിക്കായി നിങ്ങൾ ദൈവത്തോട്‌ അപേക്ഷിക്കുകയും അവനോടുള്ള നിങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി സ്‌നാപനമേൽക്കുകയും ചെയ്‌തിരിക്കുന്നു. നിങ്ങളുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിച്ചുകൊണ്ട്‌ ആ നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക, അപ്പോൾ യഹോവയുടെ സമൃദ്ധമായ അനുഗ്രഹം നിങ്ങളുടെമേൽ ഉണ്ടാകും.​—⁠സദൃശവാക്യങ്ങൾ 10:⁠22.

നിങ്ങളുടെ ഇച്ഛാശക്തി ഒരു പങ്കുവഹിക്കുന്നു

12, 13. നമ്മുടെ ഇച്ഛാശക്തിക്ക്‌ സമർപ്പണവും സ്‌നാപനവുമായി എന്തു ബന്ധമുണ്ട്‌?

12 തീർച്ചയായും, സമർപ്പണവും സ്‌നാപനവും ലോകമെമ്പാടുമുള്ള ദശലക്ഷങ്ങൾക്കു മഹത്തായ അനുഗ്രഹങ്ങൾ കൈവരുത്തിയിട്ടുണ്ട്‌. നമ്മുടെ സമർപ്പണത്തെ നാം ജലസ്‌നാപനത്താൽ പ്രതീകപ്പെടുത്തുമ്പോൾ, നമ്മുടെ കഴിഞ്ഞകാല ജീവിതഗതി സംബന്ധിച്ചു നാം മരിക്കുന്നെങ്കിലും നമ്മുടെ ഇച്ഛാശക്തി നമുക്കു നഷ്ടമാകുന്നില്ല. ഉചിതമാംവണ്ണം പ്രബോധിപ്പിക്കപ്പെട്ട വിശ്വാസികൾ എന്ന നിലയിൽ, പ്രാർഥനയിൽ ദൈവത്തിനു സ്വയം സമർപ്പിക്കുകയും സ്‌നാപനമേൽക്കുകയും ചെയ്‌തപ്പോൾ നാം സ്വന്തം ഇച്ഛാശക്തി ഉപയോഗപ്പെടുത്തുകയായിരുന്നു. സമർപ്പണത്തിന്റെയും സ്‌നാപനത്തിന്റെയും ഗതി സ്വീകരിക്കുന്നത്‌, ദൈവഹിതം എന്തെന്നു നിർണയിക്കുന്നതും പിന്നീട്‌ അതു സ്വമനസ്സാലെ ചെയ്യുന്നതും ആവശ്യമാക്കിത്തീർക്കുന്നു. (എഫെസ്യർ 5:17) അതുവഴി നാം യേശുവിനെ അനുകരിക്കുകയാണു ചെയ്യുന്നത്‌. മരപ്പണി ഉപേക്ഷിച്ച്‌ സ്‌നാപനമേൽക്കുകയും തന്റെ സ്വർഗീയ പിതാവിന്റെ ഇഷ്ടം പൂർണമായും നിറവേറ്റാൻ തന്നെത്തന്നെ ഉഴിഞ്ഞുവെക്കുകയും ചെയ്‌തുകൊണ്ട്‌ യേശു തന്റെ ഇച്ഛാശക്തി ഉപയോഗപ്പെടുത്തി.​—⁠സങ്കീർത്തനം 40:7, 8; യോഹന്നാൻ 6:38-40.

13 തന്റെ പുത്രൻ “കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാ”കണമെന്നുള്ളത്‌ യഹോവയാം ദൈവത്തിന്റെ ഉദ്ദേശ്യം ആയിരുന്നു. അതുകൊണ്ട്‌, അത്തരം കഷ്ടങ്ങൾ വിശ്വസ്‌തതയോടെ സഹിക്കാൻ യേശുവിനു തന്റെ ഇച്ഛാശക്തി ഉപയോഗപ്പെടുത്തണമായിരുന്നു. അതിനായി, അവൻ “ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്‌തു.” (എബ്രായർ 2:10, 18; 5:7, 8) നാം ദൈവത്തോട്‌ സമാനമായ ഭയഭക്തി പ്രകടമാക്കുന്നെങ്കിൽ, നമ്മുടെ പ്രാർഥനകൾക്കും ‘ഉത്തരം ലഭിക്കും,’ തന്റെ സമർപ്പിത സാക്ഷികൾ എന്ന നിലയിൽ അചഞ്ചലരായിരിക്കാൻ യഹോവ നമ്മെ പ്രാപ്‌തരാക്കുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനും കഴിയും.​—⁠യെശയ്യാവു 43:⁠10.

നിങ്ങൾക്ക്‌ അചഞ്ചലമായ ഒരു ഹൃദയം കാത്തുസൂക്ഷിക്കാനാകും

14. നാം ദിവസവും ബൈബിൾ വായിക്കേണ്ടത്‌ എന്തുകൊണ്ട്‌?

14 അചഞ്ചലമായ ഒരു ഹൃദയം കാത്തുസൂക്ഷിക്കാനും അങ്ങനെ, ദൈവത്തിനുള്ള സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാനും നിങ്ങളെ എന്തു സഹായിക്കും? ദൈവവചനത്തിന്റെ സദാ വർധിച്ചുകൊണ്ടിരിക്കുന്ന പരിജ്ഞാനം നേടുക എന്ന ഉദ്ദേശ്യത്തിൽ ബൈബിൾ ദിവസവും വായിക്കുക. “വിശ്വസ്‌തനും വിവേകിയുമായ അടിമ” (NW) നമ്മെ നിരന്തരം ഉദ്‌ബോധിപ്പിക്കുന്ന ഒരു കാര്യമാണ്‌ ഇത്‌. നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ ദൈവത്തിന്റെ സത്യത്തിൽ നടക്കുന്നതിൽ തുടരേണ്ടത്‌ ആവശ്യമായതിനാലാണ്‌ അത്തരം ബുദ്ധിയുപദേശം നൽകപ്പെടുന്നത്‌. യഹോവയുടെ സംഘടന മനഃപൂർവം വ്യാജപഠിപ്പിക്കലുകളെ പിന്താങ്ങിയിരുന്നെങ്കിൽ, യഹോവയുടെ സാക്ഷികൾക്കോ അവരുടെ പ്രസംഗം കേൾക്കുന്നവർക്കോ ബൈബിൾ വായിക്കാനുള്ള ബുദ്ധിയുപദേശം ഒരിക്കലും നൽകുമായിരുന്നില്ല.

15. (എ) തീരുമാനങ്ങൾ എടുക്കുമ്പോൾ നാം എന്തു കണക്കിലെടുക്കണം? (ബി) ലൗകിക തൊഴിൽ ഒരു ക്രിസ്‌ത്യാനിയെ സംബന്ധിച്ചിടത്തോളം ഒരു ഉപ ജീവിതവൃത്തി മാത്രമാണെന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

15 തീരുമാനങ്ങൾ എടുക്കുമ്പോൾ, യഹോവയ്‌ക്കുള്ള നിങ്ങളുടെ സമർപ്പണം നിറവേറ്റുന്നതിനെ അവ എങ്ങനെ ബാധിച്ചേക്കാമെന്ന കാര്യം എല്ലായ്‌പോഴും കണക്കിലെടുക്കുക. നിങ്ങളുടെ ലൗകിക തൊഴിലിന്‌ അതു ബാധകമായേക്കാം. നിങ്ങളുടെ തൊഴിൽ സത്യാരാധന ഉന്നമിപ്പിക്കുന്നതിൽ ഒരു സഹായമായിത്തീരാൻ നിങ്ങൾ വേണ്ടതു ചെയ്യുന്നുണ്ടോ? സമർപ്പിത ക്രിസ്‌ത്യാനികൾ ആശ്രയയോഗ്യരും പ്രാപ്‌തരുമാണെന്ന്‌ പൊതുവേ തൊഴിലുടമകൾ കണ്ടെത്തുന്നു. അതോടൊപ്പം, യഹോവയുടെ സാക്ഷികൾ സ്ഥാനമോഹികളോ മറ്റുള്ളവരുമായി മത്സരത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവരോ അല്ലെന്നതും അവർ ശ്രദ്ധിക്കുന്നു. സമ്പത്തോ പ്രശസ്‌തിയോ പദവിയോ അധികാരമോ നേടുക എന്നതല്ല സാക്ഷികളുടെ ലക്ഷ്യം എന്നതാണ്‌ അതിനു കാരണം. ദൈവത്തിനുള്ള സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട സംഗതി ദിവ്യ ഹിതം ചെയ്യുക എന്നതാണ്‌. ജീവിതത്തിലെ അവശ്യ കാര്യങ്ങൾക്കായി കരുതാൻ അവരെ സഹായിക്കുന്ന ലൗകിക തൊഴിൽ രണ്ടാം സ്ഥാനം മാത്രം അർഹിക്കുന്ന ഒരു ഉപ ജീവിതവൃത്തിയാണ്‌. പൗലൊസ്‌ അപ്പൊസ്‌തലനെപോലെ, അവരുടെ പ്രധാന ജീവിതവൃത്തി അവരുടെ ക്രിസ്‌തീയ ശുശ്രൂഷയാണ്‌. (പ്രവൃത്തികൾ 18:3, 4; 2 തെസ്സലൊനീക്യർ 3:7, 8; 1 തിമൊഥെയൊസ്‌ 5:8) രാജ്യതാത്‌പര്യങ്ങൾക്ക്‌ നിങ്ങൾ ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകുന്നുണ്ടോ?​—⁠മത്തായി 6:25-33.

16. അനാവശ്യമായ ഉത്‌കണ്‌ഠകൾ ദൈവത്തിനുള്ള സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുന്നതു ബുദ്ധിമുട്ടാക്കിത്തീർക്കുന്നെങ്കിൽ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

16 സത്യം പഠിക്കുന്നതിനുമുമ്പ്‌ ചിലർ നാനാവിധ ഉത്‌കണ്‌ഠകളാൽ അങ്ങേയറ്റം ഭാരപ്പെടുന്ന അവസ്ഥയിൽ ആയിരുന്നിരിക്കാം. എന്നാൽ രാജ്യ പ്രത്യാശ സ്വീകരിച്ചപ്പോൾ അവരുടെ ഹൃദയം ആനന്ദത്താലും കൃതജ്ഞതയാലും ദൈവത്തോടുള്ള സ്‌നേഹത്താലും നിറഞ്ഞുതുളുമ്പി! അന്നുമുതൽ തങ്ങൾ ആസ്വദിച്ചിരിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ചു ധ്യാനിക്കുന്നത്‌ യഹോവയ്‌ക്കുള്ള സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ അവരെ സഹായിക്കുകതന്നെ ചെയ്യും. എന്നാൽ മുള്ളുകൾ, വളർന്നു ഫലം കായ്‌ക്കാൻ അനുവദിക്കാതെ തൈകളെ ഞെരുക്കിക്കളഞ്ഞേക്കാവുന്നതുപോലെ, ഈ വ്യവസ്ഥിതിയിലെ ജീവിതത്തിൽ സാധാരണമായ പ്രശ്‌നങ്ങളെ കുറിച്ചുള്ള അനാവശ്യമായ ഉത്‌കണ്‌ഠകൾ “ദൈവവചന”ത്തെ ഞെരുക്കിക്കളഞ്ഞേക്കുമെന്നു തോന്നുന്നെങ്കിലോ? (ലൂക്കൊസ്‌ 8:7, 11, 14; മത്തായി 13:22; മർക്കൊസ്‌ 4:18, 19) നിങ്ങൾക്കോ കുടുംബത്തിനോ ഇങ്ങനെയൊരു പ്രശ്‌നമുള്ളതായി മനസ്സിലാക്കുന്നെങ്കിൽ നിങ്ങളുടെ ഉത്‌കണ്‌ഠകളെ യഹോവയുടെമേൽ ഇടുക, സ്‌നേഹവും കൃതജ്ഞതയും വളർത്തിയെടുക്കുന്നതിൽ നിങ്ങളെ സഹായിക്കാൻ അവനോടു പ്രാർഥിക്കുക. നിങ്ങളുടെ ഭാരം അവന്റെമേൽ ഇടുന്നെങ്കിൽ അവൻ നിങ്ങളെ പുലർത്തും, അചഞ്ചലമായ ഹൃദയത്തോടെ സന്തോഷപൂർവം അവനെ സേവിക്കുന്നതിൽ തുടരാൻ ആവശ്യമായ ശക്തി അവൻ നിങ്ങൾക്കു നൽകും.​—⁠സങ്കീർത്തനം 55:22; ഫിലിപ്പിയർ 4:6, 7; വെളിപ്പാടു 2:⁠4.

17. കടുത്ത പരിശോധനകളെ നമുക്ക്‌ എങ്ങനെ അതിജീവിക്കാൻ കഴിയും?

17 യഹോവയാം ദൈവത്തോടു പതിവായി പ്രാർഥിക്കുക, അവനു നിങ്ങളെത്തന്നെ സമർപ്പിച്ചപ്പോൾ പ്രാർഥിച്ചതുപോലെതന്നെ. (സങ്കീർത്തനം 65:2) തെറ്റു ചെയ്യാനുള്ള പ്രലോഭനം ഉണ്ടാകുമ്പോഴോ കടുത്ത പരിശോധന നേരിടുമ്പോഴോ ദൈവത്തിന്റെ മാർഗനിർദേശവും അതു പിൻപറ്റാനുള്ള സഹായവും തേടുക. വിശ്വാസത്തിന്റെ ആവശ്യകത മനസ്സിൽ പിടിക്കുക. ശിഷ്യനായ യാക്കോബ്‌ ഇങ്ങനെ എഴുതി: “നിങ്ങളിൽ ഒരുത്തന്നു [ഒരു പരിശോധനയെ അതിജീവിക്കാൻ ആവശ്യമായ] ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും. എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവൻ കാററടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ. ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിൽനിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു. ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.” (യാക്കോബ്‌ 1:5-8) ഒരു പരിശോധന അതികഠിനമായി കാണപ്പെടുന്നെങ്കിൽ ഈ വാക്യം മനസ്സിൽ പിടിക്കുക: “മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്‌തൻ; നിങ്ങൾക്കു കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.”​—⁠1 കൊരിന്ത്യർ 10:⁠13.

18. മറച്ചുവെച്ചിരിക്കുന്ന ഒരു പാപം, യഹോവയ്‌ക്കുള്ള സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാനുള്ള ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തുന്നെങ്കിൽ നാം എന്തു ചെയ്യണം?

18 മറച്ചുവെച്ചിരിക്കുന്ന ഗുരുതരമായ ഒരു പാപം നിങ്ങളുടെ മനസ്സാക്ഷിയെ അലട്ടുന്നതായും ദൈവത്തിനുള്ള സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാനുള്ള ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തുന്നതായും തോന്നുന്നെങ്കിലോ? നിങ്ങൾ അനുതപിക്കുന്നെങ്കിൽ, യഹോവ ‘തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ നിരസിക്കയില്ല’ എന്ന അറിവിൽനിന്ന്‌ ആശ്വാസം കൈക്കൊള്ളാൻ സാധിക്കും. (സങ്കീർത്തനം 51:17) സ്‌നേഹസമ്പന്നരായ ക്രിസ്‌തീയ മൂപ്പന്മാരുടെ സഹായം തേടുക. യഹോവയെ അനുകരിക്കുന്ന അവർ, സ്വർഗീയ പിതാവുമായുള്ള നല്ല ബന്ധം പുനഃസ്ഥാപിച്ചു കിട്ടാനുള്ള നിങ്ങളുടെ ആഗ്രഹത്തെ ഒരിക്കലും തുച്ഛീകരിച്ചു കാണുകയില്ല എന്നു മനസ്സിലാക്കുക. (സങ്കീർത്തനം 103:10-14; യാക്കോബ്‌ 5:13-15) അങ്ങനെ, ആത്മീയ ആരോഗ്യവും അചഞ്ചലമായ ഹൃദയവും വീണ്ടുകിട്ടുന്നതോടെ, നിങ്ങളുടെ കാലിനു പാത നിരത്താനും ദൈവത്തിനുള്ള സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാനും സാധിക്കുന്നതായി നിങ്ങൾ കണ്ടെത്തും.​—⁠എബ്രായർ 12:12, 13.

അചഞ്ചലമായ ഹൃദയത്തോടെ സേവിക്കുന്നതിൽ തുടരുക

19, 20. നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുന്നതിൽ തുടരുന്നതു മർമപ്രധാനം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

19 ഈ ദുർഘട സമയങ്ങളിൽ, നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാനും അചഞ്ചലമായ ഹൃദയത്തോടെ ദൈവത്തെ സേവിക്കുന്നതിൽ തുടരാനും നാം കഠിനമായി യത്‌നിക്കണം. “അവസാനത്തോളം സഹിച്ചുനില്‌ക്കുന്നവൻ രക്ഷിക്കപ്പെടും” എന്ന്‌ യേശു പറഞ്ഞു. (മത്തായി 24:13) “അന്ത്യകാല”ത്താണു നാം ജീവിക്കുന്നത്‌ എന്നതിനാൽ അന്ത്യം എപ്പോൾവേണമെങ്കിലും വരാം. (2 തിമൊഥെയൊസ്‌ 3:1) തന്നെയുമല്ല, നാം നാളെ ജീവനോടെ ഉണ്ടായിരിക്കുമെന്നു നമുക്ക്‌ ആർക്കും ഉറപ്പു പറയാനാവില്ല. (യാക്കോബ്‌ 4:13, 14) അതുകൊണ്ട്‌, നാം ‘ഇന്ന്‌’ നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുന്നതിൽ തുടരേണ്ടതു മർമപ്രധാനമാണ്‌!

20 തന്റെ രണ്ടാമത്തെ ലേഖനത്തിൽ പത്രൊസ്‌ അപ്പൊസ്‌തലൻ അത്‌ ഊന്നിപ്പറയുകയുണ്ടായി. ഭക്തികെട്ടവർ പ്രളയത്തിൽ നശിച്ചതുപോലെ, പ്രതീകാത്മക ഭൂമി അഥവാ ദുഷ്ട മനുഷ്യ സമൂഹം “കർത്താവിന്റെ ദിവസ”ത്തിൽ നശിപ്പിക്കപ്പെടുമെന്ന്‌ അവൻ വ്യക്തമാക്കി. അതുകൊണ്ട്‌ പത്രൊസ്‌ പറഞ്ഞു: “നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം!” അവൻ അവരെ ഇങ്ങനെയും ഉദ്‌ബോധിപ്പിച്ചു: “പ്രിയമുള്ളവരേ, നിങ്ങൾ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു [വ്യാജ ഉപദേഷ്ടാക്കന്മാരുടെയും ഭക്തികെട്ട മനുഷ്യരുടെയും] വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരത വിട്ടു വീണുപോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.” (2 പത്രൊസ്‌ 3:5-17) സ്‌നാപനമേറ്റ ഒരു വ്യക്തി വഴിതെറ്റിക്കപ്പെട്ട്‌, അചഞ്ചലമായ ഹൃദയം കാത്തുസൂക്ഷിക്കാൻ പരാജയപ്പെട്ട ഒരുവൻ അല്ലെങ്കിൽ ഒരുവൾ ആയി തന്റെ അന്ത്യസമയത്തു കാണപ്പെടുന്നത്‌ എത്ര ദുഃഖകരമാണ്‌!

21, 22. സങ്കീർത്തനം 57:7 ദാവീദിന്റെയും സത്യ ക്രിസ്‌ത്യാനികളുടെയും കാര്യത്തിൽ ഒരുപോലെ സത്യമാണെന്നു തെളിഞ്ഞിരിക്കുന്നത്‌ എങ്ങനെ?

21 നിങ്ങൾ സ്‌നാപനമേറ്റ സന്തോഷത്തിന്റേതായ ആ ദിനം മനസ്സിൽ സൂക്ഷിക്കുകയും വാക്കാലും പ്രവൃത്തിയാലും ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ അവന്റെ സഹായം തേടുകയും ചെയ്‌താൽ ദൈവത്തിനുള്ള സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം ഒന്നുകൂടെ ബലിഷ്‌ഠമായേക്കാം. (സദൃശവാക്യങ്ങൾ 27:11) യഹോവ ഒരിക്കലും തന്റെ ജനത്തെ നിരാശപ്പെടുത്തുകയില്ല, തീർച്ചയായും നാം അവനോടു വിശ്വസ്‌തർ ആയിരിക്കണം. (സങ്കീർത്തനം 94:14) ശത്രുക്കളുടെ പദ്ധതികളെ വിഫലമാക്കുകയും ദാവീദിനെ വിടുവിക്കുകയും ചെയ്‌തുകൊണ്ട്‌ യഹോവ കരുണയും സഹാനുഭൂതിയും പ്രകടമാക്കി. ഇതിൽ കൃതജ്ഞനായ ദാവീദ്‌, തന്നെ വിടുവിച്ചവനോടുള്ള അചഞ്ചലമായ ഉറച്ച സ്‌നേഹത്തെ കുറിച്ചു പ്രഖ്യാപിച്ചു. തീവ്രമായ വികാരത്തോടെ അവൻ പാടി: “എന്റെ ഹൃദയം അചഞ്ചലമാണ്‌; ദൈവമേ, എന്റെ ഹൃദയം അചഞ്ചലമാണ്‌; ഞാൻ പാടിസ്‌തുതിക്കും.”​—⁠സങ്കീർത്തനം 57:⁠7, NW.

22 ദാവീദിനെ പോലെ, സത്യക്രിസ്‌ത്യാനികളും ദൈവത്തിനുള്ള തങ്ങളുടെ സമർപ്പണത്തിൽനിന്നു വ്യതിചലിക്കപ്പെട്ടിട്ടില്ല. തങ്ങളെ വിടുവിച്ചതിനും പരിപാലിച്ചതിനും അചഞ്ചലമായ ഹൃദയത്തോടെ അവർ ദൈവത്തെ മഹത്ത്വപ്പെടുത്തുകയും സന്തോഷപൂർവം അവനു സ്‌തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഹൃദയം അചഞ്ചലമാണെങ്കിൽ അത്‌ യഹോവയിൽ ആശ്രയം വെച്ചിരിക്കുന്നതായിരിക്കും, അവന്റെ സഹായത്തോടെ നിങ്ങളുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ നിങ്ങൾക്കു സാധിക്കും. അതേ, സങ്കീർത്തനക്കാരന്റെ ഗീതത്തിലെ ‘നീതിമാനെ’പ്പോലെ ആയിരിക്കാൻ നിങ്ങൾക്കു കഴിയും. അവനെ കുറിച്ച്‌ സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം അചഞ്ചലവും കർത്താവിൽ ആശ്രയിക്കുന്നതുമാണ്‌.” (സങ്കീർത്തനം 112:6, 7, പി.ഒ.സി.ബൈ.) ദൈവത്തിൽ വിശ്വസിച്ചുകൊണ്ടും അവനിൽ പൂർണ ആശ്രയം വെച്ചുകൊണ്ടും നിങ്ങളുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാനും അചഞ്ചലമായ ഹൃദയത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരാനും നിങ്ങൾക്കു കഴിയും.

നിങ്ങൾ ഓർമിക്കുന്നുവോ?

• ബൈബിളിന്റെ സൂക്ഷ്‌മ പരിജ്ഞാനം സമ്പാദിക്കുന്നതിൽ നാം തുടരേണ്ടത്‌ എന്തുകൊണ്ട്‌?

• നമ്മുടെ മാനസാന്തരത്തെയും പരിവർത്തനത്തെയും നാം മനസ്സിൽ പിടിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• നമ്മുടെ സമർപ്പണത്തെയും സ്‌നാപനത്തെയും കുറിച്ച്‌ ഓർക്കുന്നത്‌ നമുക്കു പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

• അചഞ്ചലമായ ഹൃദയത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരാൻ നമ്മെ എന്തു സഹായിക്കും?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രം]

ക്രിസ്‌തീയ ശുശ്രൂഷയെ നമ്മുടെ പ്രധാന ജീവിതവൃത്തി ആക്കുന്നത്‌ അചഞ്ചലമായ ഹൃദയത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരാൻ നമ്മെ സഹായിക്കുന്നു

[18-ാം പേജിലെ ചിത്രങ്ങൾ]

ദൈവവചനം ദിവസവും വായിച്ചുകൊണ്ട്‌ നിങ്ങൾ ആത്മീയ ആരോഗ്യം കാത്തുസൂക്ഷിക്കുന്നുവോ?