വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘എനിക്കു ദൈവത്തെ സേവിക്കണം’

‘എനിക്കു ദൈവത്തെ സേവിക്കണം’

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

‘എനിക്കു ദൈവത്തെ സേവിക്കണം’

‘എന്റെ ജനമായുള്ളോരേ, അവളെ വിട്ടുപോരുവിൻ.’ പൊ.യു. ഒന്നാം നൂറ്റാണ്ടിൽ അപ്പൊസ്‌തലനായ യോഹന്നാൻ ഒരു ദൂതനിൽനിന്നു കേട്ട ആഹ്വാനമാണ്‌ അത്‌. നമ്മുടെ നാളിൽ പരമാർഥഹൃദയരായ ദശലക്ഷക്കണക്കിന്‌ ആളുകൾ അതിനോടു പ്രതികരിക്കുകയും വ്യാജമത ലോക സാമ്രാജ്യമായ ‘മഹാബാബിലോൻ’ വിട്ടുപോരുകയും ചെയ്‌തിരിക്കുന്നു. (വെളിപ്പാടു 18:1-4) അവരിൽ ഒരാളാണ്‌ ഹെയ്‌റ്റിയിൽനിന്നുള്ള വിൽനേർ. അദ്ദേഹം തന്റെ അനുഭവം വിവരിക്കുന്നു.

“ഹെയ്‌റ്റിയിലെ സാങ്‌ മർക്ക്‌ എന്ന കൊച്ചു പട്ടണത്തിലാണു ഞാൻ ജനിച്ചത്‌, 1956-ൽ. വളരെ ഭക്തിയുള്ള ഒരു കത്തോലിക്കാ കുടുംബം ആയിരുന്നു ഞങ്ങളുടേത്‌. ഹെയ്‌റ്റിയിലെ സാങ്‌ മിഷെൽ ഡെ ലറ്റലൈയിലുള്ള ഒരു സെമിനാരിയിൽ ചേരാൻ ഞങ്ങളുടെ പട്ടണത്തിൽനിന്നുള്ള മറ്റു രണ്ടു പേരോടൊപ്പം എന്നെയും തിരഞ്ഞെടുത്തപ്പോൾ എന്റെ കുടുംബത്തിനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. 1980-ൽ കൂടുതലായ പരിശീലനത്തിന്‌ ഞങ്ങളെ ബെൽജിയത്തിലെ സ്റ്റവ്‌ലോയിലേക്ക്‌ അയച്ചു. അവിടെ ഞങ്ങൾ ഒരു കത്തോലിക്കാ യൂണിവേഴ്‌സിറ്റിയിലും ചേർന്നു പഠിച്ചു.

“ഒരു പുരോഹിതനാകുന്നതിൽ ആദ്യമൊക്കെ എനിക്കു വലിയ ഉത്സാഹമായിരുന്നു. ഒരു ദിവസം ഉച്ചഭക്ഷണശാലയിൽവെച്ച്‌, ഞങ്ങളുടെ സംഘത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന പുരോഹിതൻ എന്നോട്‌ എന്തോ പറയാൻ ഉണ്ടെന്നും അതുകൊണ്ട്‌ അൽപ്പസമയം കാത്തുനിൽക്കണമെന്നും പറഞ്ഞു. അയാൾക്ക്‌ എന്നിൽ ലൈംഗിക താത്‌പര്യം ഉണ്ടെന്നു യാതൊരു മറയുമില്ലാതെ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി! അയാളുടെ ആവശ്യം ഞാൻ തള്ളിക്കളഞ്ഞെങ്കിലും ആ സംഭവം എന്നെ ആകെ നിരാശനാക്കി. സംഭവത്തെ കുറിച്ചു ഞാൻ വീട്ടിലേക്ക്‌ എഴുതി. ഏതാനും മാസം കഴിഞ്ഞ്‌, വീട്ടുകാരുടെ അതൃപ്‌തി കണക്കിലെടുക്കാതെതന്നെ ഞാൻ സെമിനാരി വിട്ടുപോന്നു. തുടർന്ന്‌ ഞാൻ ഗ്രാമത്തിൽ ഒരു താമസസ്ഥലം കണ്ടെത്തുകയും മറ്റൊരു തൊഴിലിനുവേണ്ടി പഠനങ്ങൾ ആരംഭിക്കുകയും ചെയ്‌തു.

“സാങ്‌ മർക്കിൽ തിരിച്ചെത്തിയ എനിക്ക്‌ കത്തോലിക്കാ സഭയിലുള്ള വിശ്വാസം പാടേ നഷ്ടമായിരുന്നു. എങ്കിലും ദൈവത്തെ സേവിക്കണം എന്നതായിരുന്നു എന്റെ ആഗ്രഹം, പക്ഷേ എന്തു ചെയ്യണമെന്ന്‌ എനിക്കു യാതൊരു നിശ്ചയവുമില്ലായിരുന്നു. അഡ്വന്റിസ്റ്റ്‌ സഭയോടൊത്തും ഏബേനേസർ സഭയോടൊത്തും മോർമൻ സഭയോടൊത്തും ഞാൻ സഹവസിച്ചു. ആത്മീയമായി ഞാൻ ആകെ കുഴങ്ങിയ അവസ്ഥയിൽ ആയിരുന്നു.

“അങ്ങനെയിരിക്കെ, ബെൽജിയത്തിലെ സെമിനാരിയിൽവെച്ച്‌ ക്രംപൊങ്‌ ബൈബിൾ ഭാഷാന്തരം വായിക്കാറുണ്ടായിരുന്നത്‌ എനിക്ക്‌ ഓർമ വന്നു. ദൈവത്തിന്‌ ഒരു നാമമുണ്ടെന്ന്‌ അതിൽനിന്നു ഞാൻ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട്‌, സത്യമതം കണ്ടെത്താൻ എന്നെ സഹായിക്കണമേയെന്ന്‌ ആ നാമം ഉപയോഗിച്ച്‌ ഞാൻ ദൈവത്തോട്‌ ഉള്ളുരുകി പ്രാർഥിച്ചു.

“അധികം കഴിയുന്നതിനു മുമ്പ്‌ യഹോവയുടെ സാക്ഷികളായ രണ്ടു പേർ എന്റെ വീടിനടുത്തേക്കു താമസം മാറിവന്നു. അവർ ശാന്തശീലരും ആദരണീയരും അന്തസ്സുള്ളവരും ആയിരുന്നു. അവരുടെ ജീവിതരീതി എന്നെ ആകർഷിച്ചു. ഒരു ദിവസം അവരിൽ ഒരാൾ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകത്തിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചു. ഞാൻ യോഗം നന്നായി ആസ്വദിച്ചു, സാക്ഷികളുമൊത്തു പതിവായി ബൈബിൾ പഠിക്കാമെന്നു ഞാൻ സമ്മതിക്കുകയും ചെയ്‌തു. ഏതാണ്ട്‌ ആറു മാസത്തിനുള്ളിൽ, ദൈവത്തെ സേവിക്കാനുള്ള ശരിയായ വഴിയാണു ഞാൻ കണ്ടെത്തിയിരിക്കുന്നത്‌ എന്ന്‌ എനിക്കു ബോധ്യമായി. ഞാൻ എന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിക്കുകയും 1988 നവംബർ 20-ന്‌ സ്‌നാപനമേൽക്കുകയും ചെയ്‌തു.”

കുറച്ചു കാലം കഴിഞ്ഞപ്പോൾ, വിൽനേർ മുഴുസമയ ശുശ്രൂഷ ഏറ്റെടുത്തു. ഇന്ന്‌ അദ്ദേഹം സഭയിലെ ഒരു മൂപ്പനാണ്‌. അദ്ദേഹവും ഭാര്യയും രണ്ടു മക്കളും സന്തോഷത്തോടെ ദൈവത്തെ സേവിക്കുന്നു.

[9-ാം പേജിലെ ചിത്രം]

ബൈബിളിന്റെ വായനയിൽനിന്ന്‌, ദൈവത്തിന്റെ നാമം യഹോവ ആണെന്ന്‌ വിൽനേർ മനസ്സിലാക്കി