വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മതവിശ്വാസം യുക്തിസഹമായ ചിന്തയിൽ അധിഷ്‌ഠിതമായിരിക്കണമോ?

മതവിശ്വാസം യുക്തിസഹമായ ചിന്തയിൽ അധിഷ്‌ഠിതമായിരിക്കണമോ?

മതവിശ്വാസം യുക്തിസഹമായ ചിന്തയിൽ അധിഷ്‌ഠിതമായിരിക്കണമോ?

“തങ്ങളുടെ ചിന്താശക്തി ഉപയോഗിക്കേണ്ടി വരില്ലല്ലോ എന്ന ഒറ്റ ചിന്തയാൽ മതവിശ്വാസികൾ ആയിത്തീരുന്ന ഒട്ടനവധി ‘ഭക്തർ’ ഉണ്ട്‌” എന്ന്‌ ഐക്യനാടുകളിലെ ഒരു ദൈവശാസ്‌ത്ര സെമിനാരിയിലെ ഒരു ഡീക്കൻ എഴുതി. “എല്ലാം ‘വിശ്വാസത്തിന്റെ പേരിൽ’ സ്വീകരിക്കാൻ അവർ താത്‌പര്യപ്പെടുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതവിശ്വാസികൾ എന്ന്‌ അവകാശപ്പെടുന്ന പലരും, തങ്ങൾ എന്തുകൊണ്ടാണ്‌ ഒരു പ്രത്യേക വിശ്വാസം പിൻപറ്റിപ്പോരുന്നതെന്നോ തങ്ങളുടെ വിശ്വാസത്തിനു തൃപ്‌തികരമായ അടിസ്ഥാനമുണ്ടോയെന്നോ ഒന്നും ചിന്തിക്കാറില്ലത്രേ. മതം അനേകരും സംസാരിക്കാൻ ഇഷ്ടപ്പെടാത്ത ഒരു വിഷയമായി മാറിയിരിക്കുന്നതിൽ അതിശയമില്ല.

സങ്കടകരമെന്നു പറയട്ടെ, ആരാധനയിൽ വിഗ്രഹങ്ങൾ ഉപയോഗിക്കുന്നതും പ്രാർഥനകൾ മനഃപാഠമാക്കി ഉരുവിടുന്നതും പോലുള്ള നടപടികളും യുക്തിസഹമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നില്ല. ദശലക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ മതം എന്നു പറയുന്നത്‌, ഇത്തരം നടപടികളും ഒപ്പം, ഗംഭീരമായ വാസ്‌തുശിൽപ്പങ്ങളും വർണച്ചിൽ ജാലകങ്ങളും കർണരസം പകരുന്ന സംഗീതവും ഒക്കെയാണ്‌. തങ്ങളുടെ വിശ്വാസം ബൈബിളിൽ അധിഷ്‌ഠിതമാണെന്നു ചില സഭകൾ അവകാശപ്പെടുന്നുണ്ടെങ്കിലും, ‘യേശുവിൽ വിശ്വസിച്ചാൽ നിങ്ങൾ രക്ഷ പ്രാപിക്കും’ എന്ന അവരുടെ സന്ദേശം ഗൗരവത്തോടെയുള്ള ബൈബിൾ പഠനത്തെ നിരുത്സാഹപ്പെടുത്തുകയാണു ചെയ്യുന്നത്‌. മറ്റു ചിലരാകട്ടെ, സാമൂഹിക സുവിശേഷം അല്ലെങ്കിൽ രാഷ്‌ട്രീയ സുവിശേഷം പ്രസംഗിക്കുന്നതിലേക്കു തിരിയുന്നു. ഇതിന്റെയെല്ലാം ഫലം എന്താണ്‌?

വടക്കേ അമേരിക്കയിലെ സ്ഥിതിവിശേഷത്തെ കുറിച്ച്‌ ഒരു മതലേഖകൻ ഇപ്രകാരം പറഞ്ഞു: “ക്രിസ്‌ത്യാനിത്വം . . . പൊള്ളയായിത്തീർന്നിരിക്കുന്നു, അതിലെ അംഗങ്ങൾ വിശ്വാസത്തിന്റെ കാര്യത്തിൽ ഒട്ടും പ്രബുദ്ധരാക്കപ്പെടുന്നില്ല.” ഒരു ജനഹിത പരിശോധകൻ ഐക്യനാടുകളെ “ബൈബിൾ-നിരക്ഷരരുടെ ഒരു രാഷ്‌ട്രം” എന്നു വിശേഷിപ്പിക്കുകപോലും ചെയ്‌തു. വാസ്‌തവം പറഞ്ഞാൽ, ‘ക്രിസ്‌ത്യാനിത്വം’ ആധിപത്യം പുലർത്തുന്ന മറ്റു രാജ്യങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്‌. സമാനമായി, പല ക്രിസ്‌തീയേതര മതങ്ങളും യുക്തിസഹമായ ചിന്തയെയും ക്രിയാത്മകമായ വിചിന്തനത്തെയും നിരുത്സാഹപ്പെടുത്തുകയും പകരം നാമം ജപിക്കുന്നതിനും പ്രാർഥനകൾ ഉരുവിടുന്നതിനും ഗൂഢവിദ്യ ഉൾപ്പെടുന്ന അന്തർധ്യാനത്തിന്റെ വിവിധ രൂപങ്ങൾ അനുഷ്‌ഠിക്കുന്നതിനുമൊക്കെ ഊന്നൽ നൽകുകയും ചെയ്യുന്നു.

നിത്യജീവിതത്തിൽ തങ്ങളുടെ മതവിശ്വാസങ്ങളുടെ കൃത്യതയ്‌ക്ക്‌ അല്ലെങ്കിൽ സത്യതയ്‌ക്ക്‌ ചിന്ത കൊടുക്കാത്ത അതേ ആളുകൾ മിക്കപ്പോഴും മറ്റു കാര്യങ്ങൾ വരുമ്പോൾ, വളരെ ചിന്തിച്ച്‌ ശ്രദ്ധയോടെ അവ കൈകാര്യം ചെയ്യുന്നതായി കാണാം. ഒരിക്കൽ ഇരുമ്പുവിലയ്‌ക്കു തൂക്കിവിൽക്കാൻ മാത്രം കൊള്ളുന്ന ഒരു കാർ വാങ്ങുന്നതിനു വിപുലമായ ഗവേഷണം നടത്തുന്ന ഒരു വ്യക്തി തന്റെ മതത്തെ കുറിച്ച്‌ ഇങ്ങനെ പറയുന്നതു വിചിത്രമായി തോന്നുന്നില്ലേ: ‘എന്റെ അച്ഛനമ്മമാർക്ക്‌ അതു നല്ലതായിരുന്നെങ്കിൽ എനിക്കും നല്ലതുതന്നെയാണ്‌.’

ദൈവത്തെ പ്രീതിപ്പെടുത്തുന്നതിൽ നമുക്ക്‌ യഥാർഥ താത്‌പര്യം ഉണ്ടെങ്കിൽ അവനെ കുറിച്ചു വിശ്വസിക്കുന്ന കാര്യങ്ങൾ കൃത്യത ഉള്ളതാണോ എന്നു നാം ഗൗരവപൂർവം പരിചിന്തിക്കേണ്ടതല്ലേ? തന്റെ നാളിലെ മതഭക്തരായ ചില ആളുകളെ കുറിച്ച്‌, അവർക്ക്‌ ‘ദൈവത്തെ സംബന്ധിച്ചു തീക്ഷ്‌ണതയുണ്ട്‌ എങ്കിലും സൂക്ഷ്‌മപരിജ്ഞാനപ്രകാരമല്ല’ എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ പറഞ്ഞു. (റോമർ 10:​2, NW) വീട്‌ പെയിന്റടിക്കാൻ കൂലിക്കു വിളിച്ച ഒരു വ്യക്തി, ഉടമസ്ഥന്റെ നിർദേശങ്ങൾക്കു ചെവികൊടുക്കാതെ തനിക്കു ബോധിച്ച നിറങ്ങൾ വീടിനു നൽകിയാൽ എങ്ങനെയിരിക്കും? കഠിനാധ്വാനം ചെയ്‌തായിരിക്കാം അയാൾ പെയിന്റടി പൂർത്തിയാക്കുന്നത്‌, തന്റെ പണിയിൽ അയാൾ സംതൃപ്‌തനുമായിരിക്കാം. പക്ഷേ ഉടമസ്ഥന്‌ അതു സ്വീകാര്യമാകുമോ? പൗലൊസ്‌ പരാമർശിച്ച തരക്കാരെ, പെയിന്റടിക്കുന്ന ആ ആളോട്‌ ഉപമിക്കാൻ കഴിയും.

സത്യാരാധന സംബന്ധിച്ച്‌ ദൈവത്തിനു സ്വീകാര്യമായത്‌ എന്താണ്‌? ബൈബിൾ ഉത്തരം നൽകുന്നു: “അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു. അവൻ സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.” (1 തിമൊഥെയൊസ്‌ 2:3, 4) ഇന്നത്തെ മതമണ്ഡലത്തിൽ അത്തരം പരിജ്ഞാനം കണ്ടെത്തുക അസാധ്യമാണെന്നു ചിലർക്കു തോന്നിയേക്കാം. എന്നാൽ ചിന്തിക്കുക​—⁠എല്ലാ മനുഷ്യരും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തണം എന്നുള്ളത്‌ ദൈവത്തിന്റെ ഹിതം ആണെന്നിരിക്കെ, അവൻ അത്‌ അന്യായമായി ആളുകളിൽനിന്നു മറച്ചുവെക്കുമോ? ബൈബിൾ പറയുന്നതനുസരിച്ച്‌ ഇല്ല, അത്‌ ഇങ്ങനെ പറയുന്നു: “നീ [ദൈവത്തെ] അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും.”​—⁠1 ദിനവൃത്താന്തം 28:⁠9.

തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്ക്‌ ദൈവം തന്നെത്തന്നെ എങ്ങനെയാണു വെളിപ്പെടുത്തുന്നത്‌? അടുത്ത ലേഖനം അതിന്‌ ഉത്തരം നൽകും.