വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സുധീരം മുന്നേറുവിൻ, ഉണർന്നിരിപ്പിൻ!

സുധീരം മുന്നേറുവിൻ, ഉണർന്നിരിപ്പിൻ!

സുധീരം മുന്നേറുവിൻ, ഉണർന്നിരിപ്പിൻ!

റിപ്പോർട്ട്‌ പ്രത്യേക യോഗങ്ങളുടേത്‌

“ദുർഘടസമയങ്ങ”ളിലാണു നാം ജീവിക്കുന്നത്‌ എന്ന വസ്‌തുത ആർക്കാണു നിഷേധിക്കാനാവുക? നാം യഹോവയുടെ സാക്ഷികളാണ്‌ എന്നത്‌ “അന്ത്യകാല”ത്തിന്റെ സമ്മർദങ്ങളിൽനിന്നു നമ്മെ ഒഴിവാക്കുന്നില്ല. (2 തിമൊഥെയൊസ്‌ 3:1-5) എന്നാൽ, ആളുകൾക്കു സഹായം ആവശ്യമാണെന്നു നാം തിരിച്ചറിയുന്നു. ലോകസംഭവങ്ങളുടെ അർഥം അവർക്കു മനസ്സിലാകുന്നില്ല. അവർക്ക്‌ ആശ്വാസവും പ്രത്യാശയും ആവശ്യമാണ്‌. സഹമനുഷ്യരെ സഹായിക്കുന്നതിൽ പ്രധാനമായും നമ്മുടെ പങ്ക്‌ എന്താണ്‌?

ദൈവത്തിന്റെ സ്ഥാപിത രാജ്യത്തെ കുറിച്ചുള്ള സുവാർത്ത മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ദൈവദത്ത നിയോഗം നമുക്കുണ്ട്‌. (മത്തായി 24:14) മനുഷ്യവർഗത്തിന്റെ ഏകപ്രത്യാശ ഈ സ്വർഗീയ രാജ്യമാണെന്ന്‌ ആളുകൾ അറിയേണ്ടതുണ്ട്‌. എന്നാൽ, നമ്മുടെ സന്ദേശത്തിന്‌ എല്ലായ്‌പോഴും അനുകൂല പ്രതികരണം ലഭിക്കാറില്ല. ചില സ്ഥലങ്ങളിൽ നമ്മുടെ വേല നിരോധിക്കപ്പെട്ടിരിക്കുന്നു, നമ്മുടെ സഹോദരങ്ങൾ പീഡനത്തിന്‌ ഇരകളാകുകയും ചെയ്‌തിരിക്കുന്നു. എന്നിരുന്നാലും നമ്മുടെ വേലയിൽനിന്നു നാം പിന്മാറുന്നില്ല. യഹോവയിൽ പൂർണ വിശ്വാസം അർപ്പിച്ച്‌, ഉണർന്നിരിക്കാനും “അവിരാമം” സുവാർത്ത ഘോഷിച്ചുകൊണ്ടു ധീരതയോടെ മുന്നേറാനും നാം ദൃഢചിത്തരാണ്‌.​—⁠പ്രവൃത്തികൾ 5:⁠42, NW.

ഈ ദൃഢനിശ്ചയം 2001 ഒക്ടോബറിൽ നടന്ന പ്രത്യേക യോഗങ്ങളിൽ ദൃശ്യമായിരുന്നു. വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയയുടെ വാർഷിക യോഗം ഒക്ടോബർ 6-ാം തീയതി ശനിയാഴ്‌ച നടന്നു. ഐക്യനാടുകളിലെ ന്യൂജേഴ്‌സിയിലുള്ള ജേഴ്‌സി നഗരത്തിലെ യഹോവയുടെ സാക്ഷികളുടെ സമ്മേളന ഹാൾ ആയിരുന്നു യോഗസ്ഥലം. * പിറ്റേന്ന്‌, നാലു സ്ഥലങ്ങളിലായി അനുബന്ധ യോഗങ്ങൾ​—⁠മൂന്നെണ്ണം ഐക്യനാടുകളിലും ഒരെണ്ണം കാനഡയിലും​—⁠നടന്നു. *

യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗമായ സാമുവെൽ എഫ്‌. ഹെർഡ്‌ ആയിരുന്നു വാർഷികയോഗത്തിന്റെ അധ്യക്ഷൻ. തന്റെ പ്രാരംഭ പ്രസ്‌താവനകളിൽ സങ്കീർത്തനം 92:1, 4 (NW) പരാമർശിച്ചുകൊണ്ട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നാം നന്ദിയുള്ളവർ ആണെന്നു കാണിക്കാൻ നാം ആഗ്രഹിക്കുന്നു.” ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഞ്ചു റിപ്പോർട്ടുകൾ, നന്ദിയുള്ളവർ ആയിരിക്കാനുള്ള കാരണങ്ങൾ നൽകി.

വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ

മുമ്പ്‌ ഗോൾഡ്‌ കോസ്റ്റ്‌ എന്നറിയപ്പെട്ടിരുന്ന ഘാനയിലെ പ്രസംഗ പ്രവർത്തനത്തിന്റെ പുരോഗതിയെ കുറിച്ച്‌ ആൽഫ്രഡ്‌ ക്വാച്ചി സഹോദരൻ റിപ്പോർട്ടു നൽകി. വർഷങ്ങളോളം നമ്മുടെ പ്രവർത്തനം ആ ദേശത്തു നിരോധിക്കപ്പെട്ടിരുന്നു. ആളുകൾ ചോദിക്കുമായിരുന്നു: “എന്തുകൊണ്ടാണ്‌ ഈ നിരോധനം? നിങ്ങൾ എന്താണു ചെയ്‌തത്‌?” ഇതു സാക്ഷ്യം നൽകാൻ അവസരം ഒരുക്കുമായിരുന്നു എന്ന്‌ ക്വാച്ചി സഹോദരൻ പറഞ്ഞു. 1991-ൽ നിരോധനം പിൻവലിച്ചപ്പോൾ ഘാനയിൽ 34,421 യഹോവയുടെ സാക്ഷികൾ ഉണ്ടായിരുന്നു. 2001 ആഗസ്റ്റിൽ അവിടെയുള്ള സാക്ഷികളുടെ എണ്ണം 68,152 ആയിരുന്നു​—⁠അതായത്‌, 98 ശതമാനം വർധന. അവിടെ ഇപ്പോൾ 10,000 പേർക്ക്‌ ഇരിക്കാവുന്ന ഒരു സമ്മേളന ഹാൾ നിർമിക്കാനുള്ള ആസൂത്രണങ്ങൾ ചെയ്‌തുവരികയാണ്‌. ഘാനയിലെ നമ്മുടെ ആത്മീയ സഹോദരങ്ങൾ അവരുടെ മതസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടെന്നു വ്യക്തം.

രാഷ്‌ട്രീയ കുഴപ്പങ്ങൾക്കിടയിലും അയർലൻഡിലെ നമ്മുടെ സഹോദരങ്ങൾ ശുശ്രൂഷയിൽ സജീവമായി പങ്കുപറ്റുന്നു. തങ്ങളുടെ നിഷ്‌പക്ഷ നിലപാടു നിമിത്തം അവർ അവിടെ ആദരിക്കപ്പെടുന്നു. അയർലൻഡിൽ ആറു സർക്കിട്ടുകളിലായി 115 സഭകൾ ഉണ്ടെന്ന്‌ അവിടത്തെ ബ്രാഞ്ച്‌ കമ്മിറ്റി കോ-ഓർഡിനേറ്റർ പീറ്റർ ആൻഡ്രൂസ്‌ പറഞ്ഞു. സ്‌കൂളിൽ ധൈര്യപൂർവം സാക്ഷീകരിക്കാറുള്ള ലിയാം എന്ന പത്തു വയസ്സുകാരന്റെ അനുഭവം ആൻഡ്രൂസ്‌ സഹോദരൻ പങ്കുവെച്ചു. തന്റെ 25 സഹപാഠികൾക്കും അധ്യാപികയ്‌ക്കും ലിയാം യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച എന്റെ ബൈബിൾ കഥാ പുസ്‌തകം നൽകി. ലിയാം സ്‌നാപനമേൽക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അവന്‌ അതിനുള്ള പ്രായമായോ എന്ന്‌ ആരോ ചോദിച്ചു. ലിയാമിന്റെ മറുപടി ഇങ്ങനെ ആയിരുന്നു: “എന്റെ പ്രായമല്ല, യഹോവയോടുള്ള എന്റെ സ്‌നേഹമാണ്‌ മാനദണ്ഡമായിരിക്കേണ്ടത്‌. ഞാൻ എത്രത്തോളം അവനെ സ്‌നേഹിക്കുന്നുണ്ടെന്ന്‌ എന്റെ സ്‌നാപനം തെളിയിക്കും.” മിഷനറിയാകുക എന്നതാണ്‌ ലിയാമിന്റെ ലക്ഷ്യം.

വെനസ്വേലയിൽ 1968-ൽ 5,400 സുവാർത്താ ഘോഷകരാണ്‌ ഉണ്ടായിരുന്നത്‌. എന്നാൽ ഇപ്പോൾ അവിടെ 88,000-ത്തിലധികം പ്രസാധകർ ഉള്ളതായി ബ്രാഞ്ച്‌ കമ്മിറ്റി കോ-ഓർഡിനേറ്ററായ സ്റ്റീഫൻ യോഹൻസൻ പറഞ്ഞു. 2001-ൽ സ്‌മാരകത്തിന്‌ 2,96,000-ത്തിലധികം പേർ സംബന്ധിച്ചത്‌ ഇനിയും അവിടെ വർധനയ്‌ക്കു സാധ്യതയുണ്ട്‌ എന്നതിനു തെളിവാണ്‌. 1999 ഡിസംബറിൽ പേമാരി മൂലം ഉണ്ടായ ഉരുൾപ്പൊട്ടലിൽ നിരവധി സാക്ഷികൾ അടക്കം 50,000-ത്തോളം ആളുകൾ മരിച്ചു. ഒരു രാജ്യഹാളിന്റെ ഏതാണ്ട്‌ മേൽക്കൂരയോളം ചെളികൊണ്ടു മൂടി. ആ കെട്ടിടം ഉപേക്ഷിക്കാൻ ആരോ അഭിപ്രായപ്പെട്ടപ്പോൾ സഹോദരന്മാർ പറഞ്ഞു: “ഒരിക്കലുമില്ല! ഇത്‌ ഞങ്ങളുടെ രാജ്യഹാൾ ആണ്‌, അത്‌ ഇപ്പോൾ ഉപേക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.” അവർ പണി ആരംഭിച്ചു, ടൺ കണക്കിനു ചെളിയും കല്ലും മറ്റ്‌ അവശിഷ്ടങ്ങളും അവർ നീക്കം ചെയ്‌തു. കെട്ടിടം അവർ പുതുക്കിപ്പണിതു. ഇപ്പോൾ അത്‌ ദുരന്തത്തിനു മുമ്പത്തേതിനെക്കാൾ മനോഹരമാണെന്നു സഹോദരങ്ങൾ പറയുന്നു!

ഫിലിപ്പീൻസിൽ 87 ഭാഷകളും ഉപഭാഷകളും ഉണ്ടെന്ന്‌ ബ്രാഞ്ച്‌ കോ-ഓർഡിനേറ്ററായ ഡെന്റൻ ഹോപ്‌കിൻസൺ പറഞ്ഞു. കഴിഞ്ഞ സേവനവർഷത്തിൽ, വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം മുഴുവനായും രാജ്യത്തെ മൂന്നു പ്രധാന ഭാഷകളിൽ​—⁠സെബ്വാനോ, ഇലോക്കോ, ടഗാലോഗ്‌​—⁠പുറത്തിറക്കി. ഹോപ്‌കിൻസൺ സഹോദരൻ ഒരു ഒമ്പതു വയസ്സുകാരന്റെ അനുഭവം പറഞ്ഞു. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ എന്ന പുസ്‌തകം അവൻ വായിക്കാനിടയായി. അവൻ ബ്രാഞ്ചിൽനിന്ന്‌ മറ്റു പ്രസിദ്ധീകരണങ്ങളും ചോദിച്ചുവാങ്ങി വായിച്ചു, എന്നാൽ അവന്റെ കുടുംബം അവനെ എതിർത്തു. വർഷങ്ങൾക്കു ശേഷം ഒരു മെഡിക്കൽ സ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കെ, ബൈബിൾ പഠിക്കാൻ താത്‌പര്യമുള്ളതായി അവൻ ബ്രാഞ്ചിനെ അറിയിച്ചു. 1996-ൽ സ്‌നാപനമേറ്റ അവൻ ഉടനെതന്നെ മുഴുസമയ ശുശ്രൂഷയിൽ പ്രവേശിച്ചു. അദ്ദേഹവും ഭാര്യയും ഇപ്പോൾ ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കുന്നു.

‘പോർട്ടറിക്കോ, “സാക്ഷികളെ കയറ്റി അയയ്‌ക്കുന്ന” ബിസിനസ്സിലാണ്‌’ എന്ന്‌ ബ്രാഞ്ച്‌ കമ്മിറ്റി കോ-ഓർഡിനേറ്റർ റൊണാൾഡ്‌ പാർക്കിൻ പറഞ്ഞു. ദ്വീപിൽ ഏതാണ്ട്‌ 25,000 സാക്ഷികൾ ഉണ്ട്‌, വർഷങ്ങളോളം ഈ സംഖ്യയിൽ മാറ്റമൊന്നുമുണ്ടായില്ല. കാരണം? പോർട്ടറിക്കോ, വർഷത്തിൽ 1,000-ത്തോളം സാക്ഷികളെ ഐക്യനാടുകളിലേക്കു “കയറ്റി അയയ്‌ക്കു”ന്നുണ്ടെന്നാണ്‌ കണക്ക്‌, സാമ്പത്തിക കാരണങ്ങളാലാണ്‌ ഇവരിൽ പലരും താമസം മാറുന്നത്‌. ലൂയിസ്‌ എന്ന 17 വയസ്സുള്ള ഒരു സാക്ഷി ഉൾപ്പെട്ട ഒരു സുപ്രധാന കേസിനെ കുറിച്ച്‌ പാർക്കിൻ സഹോദരൻ പറഞ്ഞു. രക്താർബുദം പിടിപെട്ട ലൂയിസ്‌ രക്തം സ്വീകരിക്കാൻ വിസമ്മതിച്ചു, തുടർന്ന്‌ കേസ്‌ കോടതിയിൽ എത്തി. അവനോടു നേരിട്ടു സംസാരിക്കാൻ ആഗ്രഹിച്ച ജഡ്‌ജി ആശുപത്രിയിൽ അവനെ സന്ദർശിച്ചു. ലൂയിസ്‌ അവരോടു ചോദിച്ചു: “ഞാൻ ഗുരുതരമായ ഒരു കുറ്റകൃത്യം ചെയ്‌താൽ കോടതി ഒരു മുതിർന്ന വ്യക്തിയായി കണക്കാക്കി എന്നെ വിധിക്കും, എന്നാൽ ഞാൻ ദൈവത്തെ അനുസരിക്കുമ്പോൾ നിങ്ങൾ എന്നെ ഒരു പ്രായപൂർത്തിയാകാത്ത ആളായി കണക്കാക്കുന്നു. അത്‌ എന്തുകൊണ്ടാണ്‌?” ലൂയിസിനു പ്രായപൂർത്തിയായിട്ടില്ലെങ്കിലും അവൻ പക്വതയുള്ള ആളാണെന്നും സ്വയം തീരുമാനം എടുക്കാൻ പ്രാപ്‌തനാണെന്നും ജഡ്‌ജിക്കു ബോധ്യമായി.

വിദൂര ദേശങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾക്കു ശേഷം, യു.എ⁠സ്‌. ബ്രാഞ്ച്‌ കമ്മിറ്റിയിലെ ഹരോൾഡ്‌ കോർക്കൺ ദീർഘകാലമായി യഹോവയെ സേവിക്കുന്ന നാലു വ്യക്തികളുമായി അഭിമുഖം നടത്തി. ആർതർ ബോണോ മുഴുസമയ ശുശ്രൂഷയിൽ പ്രവേശിച്ചിട്ട്‌ 51 വർഷമായി, ഇപ്പോൾ അദ്ദേഹം ഇക്വഡോറിൽ ബ്രാഞ്ച്‌ കമ്മിറ്റി അംഗമായി സേവിക്കുന്നു. 59 വർഷം മുഴുസമയ സേവനത്തിൽ​—⁠അധികവും സഞ്ചാരവേലയിൽ​—⁠ചെലവഴിച്ച വ്യക്തിയാണ്‌ ആഞ്ചേലോ കറ്റാൻഡ്‌സറോ. റിച്ചാർഡ്‌ അബ്രഹാംസൺ 1953-ലാണ്‌ ഗിലെയാദ്‌ സ്‌കൂളിൽനിന്നു ബിരുദം നേടിയത്‌. ബ്രുക്ലിൻ ബെഥേലിലേക്കു മടങ്ങിപ്പോകുന്നതിനു മുമ്പ്‌ 26 വർഷം ഡെൻമാർക്കിലെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാൻ അദ്ദേഹത്തിനു പദവി ലഭിച്ചു. ഒടുവിലായി, 96 വയസ്സുള്ള ക്യാരി ഡബ്ല്യു. ബാർബറുടെ അനുഭവം അദ്ദേഹത്തിൽനിന്നുതന്നെ ഏവരും ഉത്സാഹത്തോടെ കേട്ടു. 1921-ൽ സ്‌നാപനമേറ്റ ബാർബർ സഹോദരൻ 78 വർഷം മുഴുസമയ ശുശ്രൂഷയിൽ ചെലവഴിച്ചിരിക്കുന്നു. 1978 മുതൽ അദ്ദേഹം ഭരണസംഘത്തിലെ ഒരു അംഗമായി സേവിക്കുന്നു.

പ്രചോദനാത്മകമായ പ്രസംഗങ്ങൾ

വാർഷിക യോഗത്തിൽ ചിന്തോദ്ദീപകമായ പ്രസംഗങ്ങളുടെ ഒരു പരമ്പരതന്നെ ഉണ്ടായിരുന്നു. “അവന്റെ നാമത്തിനായുള്ള ഒരു ജനം” എന്ന വിഷയത്തെ ആസ്‌പദമാക്കി റോബർട്ട്‌ ഡബ്ല്യു. വോളൻ ഒരു പ്രസംഗം നടത്തി. ദൈവത്തിന്റെ നാമത്തിനായുള്ള ഒരു ജനമാണു നാം, 230-ൽപ്പരം ദേശങ്ങളിൽ നമ്മെ കാണാം. യഹോവ നമുക്ക്‌ ‘പ്രത്യാശയും ശുഭഭാവിയും’ നൽകിയിരിക്കുന്നു. (യിരെമ്യാവു 29:11) സാന്ത്വനത്തിന്റെയും ആശ്വാസത്തിന്റെയും മഹത്തായ സന്ദേശം പങ്കുവെച്ചുകൊണ്ട്‌ ദൈവരാജ്യത്തെ കുറിച്ച്‌ ഘോഷിക്കുന്നതിൽ നാം തുടരണം. (യെശയ്യാവു 61:1) “യഹോവയുടെ സാക്ഷികൾ എന്ന നമ്മുടെ പേരിനു ചേർച്ചയിൽ ഓരോ ദിവസവും നമുക്കു ജീവിക്കാം” എന്നു പ്രസംഗം ഉപസംഹരിച്ചുകൊണ്ട്‌ വോളൻ സഹോദരൻ പറഞ്ഞു.​—⁠യെശയ്യാവു 43:⁠10.

പരിപാടിയുടെ അവസാന ഭാഗം ഒരു സിമ്പോസിയം ആയിരുന്നു. ഭരണസംഘത്തിലെ മൂന്ന്‌ അംഗങ്ങളാണ്‌ അതു കൈകാര്യം ചെയ്‌തത്‌. “ഉണർന്നിക്കാനും ഉറച്ചുനിൽക്കാനും ശക്തി പ്രാപിക്കാനും ഉള്ള സമയം ഇപ്പോൾ” എന്നായിരുന്നു അതിന്റെ ശീർഷകം.​—⁠1 കൊരിന്ത്യർ 16:⁠13, NW.

ആദ്യം, “ഈ അന്തിമ നാഴികയിൽ ഉണർന്നിരിക്കുക” എന്ന വിഷയത്തെ ആധാരമാക്കി സ്റ്റീവൻ ലെറ്റ്‌ സഹോദരൻ പ്രസംഗിച്ചു. ശാരീരിക ഉറക്കം ഒരു ദാനമാണ്‌, ലെറ്റ്‌ സഹോദരൻ വിശദീകരിച്ചു. അതു നമുക്ക്‌ ഉന്മേഷം നൽകുന്നു. എന്നാൽ ആത്മീയ ഉറക്കം ഒരിക്കലും നന്നല്ല. (1 തെസ്സലൊനീക്യർ 5:6) അങ്ങനെയെങ്കിൽ നമുക്ക്‌ എങ്ങനെ ആത്മീയമായി ഉണർന്നിരിക്കാൻ കഴിയും? അതിന്‌ മൂന്ന്‌ ആത്മീയ “ഗുളികകൾ” ലെറ്റ്‌ സഹോദരൻ നിർദേശിച്ചു: (1) കർത്താവിന്റെ വേലയിൽ തിരക്കുള്ളവർ ആയിരിക്കുക. (1 കൊരിന്ത്യർ 15:​58, NW) (2) ആത്മീയ ആവശ്യത്തെ കുറിച്ച്‌ ബോധമുള്ളവർ ആയിരിക്കുക. (മത്തായി 5:​3, NW) (3) ജ്ഞാനപൂർവം പ്രവർത്തിക്കേണ്ടതിന്‌ ബൈബിളധിഷ്‌ഠിത ബുദ്ധിയുപദേശത്തോടു പ്രതികരിക്കുക.​—⁠സദൃശവാക്യങ്ങൾ 13:⁠20.

തിയോഡർ ജാരറ്റ്‌സ്‌ സഹോദരൻ, “പരിശോധനയിൻ കീഴിൽ ഉറച്ചുനിൽക്കുക” എന്ന ആവേശജനകമായ പ്രസംഗം നടത്തി. വെളിപ്പാടു 3:10 പരാമർശിച്ചുകൊണ്ട്‌ അദ്ദേഹം ചോദിച്ചു: “‘പരിശോധനയുടെ നാഴിക’ എന്താണ്‌?” പരിശോധന വരുന്നത്‌ “കർത്തൃദിവസത്തിൽ” ആണ്‌, ആ സമയത്താണു നാം ജീവിക്കുന്നതും. (വെളിപ്പാടു 1:10) ദൈവത്തിന്റെ സ്ഥാപിത രാജ്യത്തിന്റെ പക്ഷത്താണോ സാത്താന്റെ ദുഷ്ട വ്യവസ്ഥിതിയുടെ പക്ഷത്താണോ നാം നിലയുറപ്പിച്ചിരിക്കുന്നത്‌ എന്ന സുപ്രധാന വിഷയത്തെ ചുറ്റിപ്പറ്റിയുള്ളതാണ്‌ ആ പരിശോധന. പരിശോധനയുടെ ആ നാഴിക അവസാനിക്കുന്നതുവരെ നമുക്കു കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്നുള്ളതു തീർച്ചയാണ്‌. നാം യഹോവയോടും അവന്റെ സംഘടനയോടും വിശ്വസ്‌തരായിരിക്കുമോ? ‘വ്യക്തികൾ എന്ന നിലയിൽ അത്തരം വിശ്വസ്‌തത നാം പ്രകടമാക്കേണ്ടതുണ്ട്‌’ എന്ന്‌ ജാരറ്റ്‌സ്‌ സഹോദരൻ പറഞ്ഞു.

ഒടുവിലായി, “ഒരു ആത്മീയ വ്യക്തിയായി ശക്തി പ്രാപിക്കുക’ എന്ന വിഷയത്തെ ആസ്‌പദമാക്കി ജോൺ. ഈ ബാർ സഹോദരൻ സംസാരിച്ചു. ലൂക്കൊസ്‌ 13:23-25 പരാമർശിച്ചുകൊണ്ട്‌, “ഇടുക്കു വാതിലൂടെ കടപ്പാൻ” നാം പോരാടണം എന്ന്‌ അദ്ദേഹം പറഞ്ഞു. ശക്തി പ്രാപിക്കാൻ ഉത്സാഹിക്കാത്തതുകൊണ്ടാണ്‌ പലരും ഇക്കാര്യത്തിൽ പരാജയപ്പെടുന്നത്‌. പൂർണ വളർച്ചയെത്തിയ ക്രിസ്‌ത്യാനികൾ ആയിത്തീരുന്നതിന്‌ ജീവിതത്തിന്റെ സമസ്‌ത തലങ്ങളിലും ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ നാം പഠിക്കണം. ബാർ സഹോദരൻ ഉദ്‌ബോധിപ്പിച്ചു: “(1)യഹോവയ്‌ക്കു പ്രഥമ സ്ഥാനം നൽകാനും (2) ശക്തി പ്രാപിക്കാനും (3) യഹോവയുടെ ഹിതം ചെയ്യാൻ കഠിനമായി യത്‌നിക്കാനും ഉള്ള സമയം ഇതാണ്‌ എന്നതിനോടു നിങ്ങൾ യോജിക്കുമെന്നതിൽ എനിക്കു സംശയമില്ല. അങ്ങനെ, മഹത്തായ നിത്യജീവനിലേക്കു നയിക്കുന്ന ഇടുക്കുവാതിലിലൂടെ കടക്കാൻ നമുക്കു കഴിയും.”

വാർഷിക യോഗം സമാപനത്തോട്‌ അടുക്കവേ, ഉത്തരം നൽകപ്പെടാതെ ഒരു ചോദ്യം അവശേഷിച്ചു: സേവനവർഷം 2002-ലെ വാർഷിക വാക്യം എന്താണ്‌? ആ ചോദ്യത്തിന്‌ ഉത്തരം ലഭിച്ചതു പിറ്റേന്നാണ്‌.

അനുബന്ധ യോഗം

ഞായറാഴ്‌ച രാവിലെ അനുബന്ധ യോഗപരിപാടികൾ ആരംഭിക്കുമ്പോൾ ഏവരും വലിയ പ്രതീക്ഷയിലായിരുന്നു. ആ വാരത്തിലെ വീക്ഷാഗോപുര അധ്യയന ലേഖനത്തിന്റെ സംഗ്രഹത്തോടെ ആയിരുന്നു പരിപാടി തുടങ്ങിയത്‌. തുടർന്ന്‌ വാർഷിക യോഗത്തിന്റെ വിശേഷാശയങ്ങളുടെ ഹ്രസ്വമായ ഒരു അവതരണം ഉണ്ടായിരുന്നു. അടുത്തതായി, “എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” എന്ന 2002-ലെ വാർഷിക വാക്യത്തെ കുറിച്ചുള്ള ഒരു പ്രസംഗം ഏവരും ഉത്സാഹത്തോടെ ശ്രവിച്ചു. (മത്തായി 11:28) 2001 ഡിംസബർ 15 ലക്കം വീക്ഷാഗോപുരത്തിലെ അധ്യയന ലേഖനങ്ങളെ ആസ്‌പദമാക്കിയുള്ളതായിരുന്നു പ്രസംഗം.

തുടർന്ന്‌, 2001 ആഗസ്റ്റിൽ ഫ്രാൻസിലും ഇറ്റലിയിലും നടന്ന പ്രത്യേക, “ദൈവവചനം പഠിപ്പിക്കുന്നവർ” കൺവെൻഷനുകളിലെ പ്രതിനിധികൾ ആയിരുന്ന ചിലർ തങ്ങളുടെ അനുഭവം പങ്കുവെച്ചു. * ഒടുവിൽ, അന്നത്തെ പരിപാടിയുടെ സവിശേഷതയായ രണ്ടു സമാപന പ്രസംഗങ്ങൾ ഉണ്ടായിരുന്നു. ബ്രുക്ലിൻ ബെഥേലിൽനിന്നുള്ള രണ്ടു സന്ദർശക പ്രസംഗകർ ആണ്‌ അതു നിർവഹിച്ചത്‌.

ആദ്യത്തെ പ്രസംഗത്തിന്റെ വിഷയം, “ഈ ദുർഘട സമയങ്ങളിൽ ധീരതയോടെ യഹോവയിൽ ആശ്രയിക്കൽ” എന്നതായിരുന്നു. പ്രസംഗകൻ പിൻവരുന്ന പ്രധാന ആശയങ്ങൾ വികസിപ്പിച്ചു: (1) ധീരതയോടെ യഹോവയിൽ ആശ്രയം വെക്കുന്നത്‌ ദൈവജനത്തെ സംബന്ധിച്ചിടത്തോളം എല്ലായ്‌പോഴും മർമപ്രധാനമായിരുന്നിട്ടുണ്ട്‌. എതിർപ്പിൻമധ്യേ ധീരതയും വിശ്വാസവും പ്രകടമാക്കിയവരുടെ അനേകം ദൃഷ്ടാന്തങ്ങൾ ബൈബിളിൽ കാണാം. (എബ്രായർ 11:​1-12:3) (2) യഹോവയിൽ സമ്പൂർണ ആശ്രയം വെക്കുന്നതിന്‌ അവൻ നമുക്ക്‌ ഈടുറ്റ അടിസ്ഥാനം പ്രദാനം ചെയ്യുന്നു. അവൻ തന്റെ ദാസർക്കായി കരുതുന്നുവെന്നും ഒരിക്കലും അവരെ മറക്കുകയില്ലെന്നും ഉള്ളതിന്‌ അവന്റെ പ്രവൃത്തികളും വചനവും ഉറപ്പു നൽകുന്നു. (എബ്രായർ 6:​10) (3) ധൈര്യവും വിശ്വാസവും ഇന്നു വിശേഷാൽ ആവശ്യമാണ്‌. യേശു മുൻകൂട്ടി പറഞ്ഞതുപോലെ ലോകം നമ്മെ “പകെക്കു”ന്നു. (മത്തായി 24:9) സഹിച്ചുനിൽക്കാൻ നമുക്കു ദൈവവചനത്തിലുള്ള ആശ്രയവും ദൈവാത്മാവ്‌ നമ്മോടൊപ്പം ഉണ്ടെന്നുള്ള ബോധ്യവും സുവാർത്ത ഘോഷിക്കുന്നതിൽ തുടരാനുള്ള ധൈര്യവും ഉണ്ടായിരിക്കേണ്ടതുണ്ട്‌. (4) നമുക്ക്‌ ഇപ്പോൾത്തന്നെ എതിർപ്പു നേരിട്ടുകൊണ്ടിരിക്കുകയാണെന്ന്‌ ദൃഷ്ടാന്തങ്ങൾ തെളിയിക്കുന്നു. അർമേനിയ, ഫ്രാൻസ്‌, ജോർജിയ, കസാഖ്‌സ്ഥാൻ, റഷ്യ, ടർക്ക്‌മെനിസ്ഥാൻ എന്നിവിടങ്ങളിൽ നമ്മുടെ സഹോദരങ്ങൾ സഹിച്ച കഷ്ടതകൾ പ്രസംഗകൻ വിവരിച്ചത്‌ ഏവരുടെയും ഹൃദയങ്ങളെ സ്‌പർശിച്ചു. തീർച്ചയായും, ധീരതയോടെ യഹോവയിൽ ആശ്രയം പ്രകടമാക്കാനുള്ള സമയം ഇപ്പോഴാണ്‌!

ഒടുവിലത്തെ പ്രസംഗകൻ “യഹോവയുടെ സംഘടനയോടൊപ്പം ഐക്യത്തിൽ മുന്നേറൽ” എന്ന വിഷയമാണു വികസിപ്പിച്ചത്‌. കാലോചിതമായ അനേകം ആശയങ്ങൾ പ്രസംഗത്തിൽ ഉണ്ടായിരുന്നു. (1) യഹോവയുടെ ജനത്തിന്റെ മുന്നേറ്റം പരക്കെ ദൃശ്യമാണ്‌. നമ്മുടെ പ്രസംഗ പ്രവർത്തനവും കൺവെൻഷനുകളും ജനശ്രദ്ധ പിടിച്ചുപറ്റുന്നു. (2) ഏകീകൃതമായ ഒരു സംഘടന യഹോവ സ്ഥാപിച്ചിരിക്കുന്നു. “എല്ലാം”​—⁠സ്വർഗീയ പ്രത്യാശയുള്ളവരെയും ഭൗമിക പ്രത്യാശയുള്ളവരെയും​—⁠ദൈവത്തിന്റെ ഏകീകൃത കുടുംബത്തിലേക്കു കൊണ്ടുവരേണ്ടതിന്‌ പൊ.യു. 29-ൽ യേശു പരിശുദ്ധാത്മാവിനാൽ അഭിഷിക്തനായി. (എഫെസ്യർ 1:8-10) (3) കൺവെൻഷനുകൾ നമ്മുടെ അന്താരാഷ്‌ട്ര ഐക്യത്തിന്റെ ശ്രദ്ധേയമായ പ്രകടനമാണ്‌. കഴിഞ്ഞ ആഗസ്റ്റിൽ ഫ്രാൻസിലും ഇറ്റലിയിലും നടന്ന പ്രത്യേക കൺവെൻഷനുകളിൽ അതു വിശേഷാൽ ദൃശ്യമായിരുന്നു. (4) ഫ്രാൻസിലും ഇറ്റലിയിലും ആവേശജനകമായ ഒരു പ്രമേയം അവതരിപ്പിക്കുകയുണ്ടായി. പ്രസംഗകൻ പ്രമേയത്തിന്റെ ഏതാനും പ്രസക്ത ഭാഗങ്ങൾ ശ്രോതാക്കളുമായി പങ്കുവെച്ചു. മുഴു പ്രമേയവും താഴെ കൊടുത്തിരിക്കുന്നു.

അവസാന പ്രസംഗം ഉപസംഹരിക്കവേ, ഭരണസംഘം തയ്യാറാക്കിയ ഹൃദയസ്‌പൃക്കായ ഒരു അറിയിപ്പ്‌ സന്ദർശക പ്രസംഗകൻ വായിച്ചു. അതു ഭാഗികമായി ഇങ്ങനെ പറഞ്ഞു: “ലോകവേദിയിൽ സംഭവങ്ങൾ എങ്ങനെ വികാസം പ്രാപിക്കുന്നു എന്നു തിരിച്ചറിഞ്ഞുകൊണ്ട്‌ ഉണർന്നിരിക്കാനും ജാഗരൂകരായിരിക്കാനും ഉള്ള സമയം ഇതാണ്‌. . . . നിങ്ങളിലും ദൈവജനത്തിലെ മറ്റെല്ലാവരിലും ഭരണസംഘത്തിനുള്ള സ്‌നേഹപൂർവകമായ താത്‌പര്യം അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. തന്റെ ഹിതം പൂർണാത്മാവോടെ നിർവഹിക്കുന്നതിനു ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.” ഈ ദുർഘട സമയങ്ങളിൽ ഉണർന്നിരിക്കാനും യഹോവയുടെ ഏകീകൃത സംഘടനയോടൊപ്പം ധീരതയോടെ മുന്നേറാനും എല്ലായിടത്തുമുള്ള ദൈവജനം ദൃഢചിത്തരാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 5 വാർഷികയോഗ പരിപാടി ഇലക്‌ട്രോണിക്‌ സംവിധാനങ്ങളിലൂടെ പല സ്ഥലങ്ങളിലും കേൾപ്പിക്കുകയുണ്ടായി, അങ്ങനെ, മൊത്തം 13,757 പേർ പരിപാടി ശ്രദ്ധിച്ചു.

^ ഖ. 5 അനുബന്ധ യോഗങ്ങൾ കാലിഫോർണിയയിലെ ലോങ്‌ ബീച്ചിലും മിഷിഗണിലെ പോൻഡിയാക്കിലും ന്യൂയോർക്കിലെ യൂൻയൻഡേലിലും ഒൺടേറിയോയിലെ ഹാമിൽട്ടണിലും ആണ്‌ നടന്നത്‌. ഇലക്‌ട്രോണിക്‌ സംവിധാനംവഴി ബന്ധിപ്പിക്കപ്പെട്ട മറ്റു സ്ഥലങ്ങളിലേത്‌ ഉൾപ്പെടെ മൊത്തം 1,17,885 പേർ പരിപാടി ശ്രദ്ധിച്ചു.

^ ഖ. 23 ഫ്രാൻസിലെ പാരീസിലും ബോർഡായിലും ലിയോൺസിലും മൂന്നു പ്രത്യേക കൺവെൻഷനുകൾ നടന്നു. ഇറ്റലിയിൽ ഒരേസമയം ഒമ്പത്‌ കൺവെൻഷനുകൾ നടന്നെങ്കിലും, ഐക്യനാടുകളിൽനിന്നുള്ള പ്രതിനിധികൾ റോമിലും മിലാനിലും ആയിരുന്നു സംബന്ധിച്ചത്‌.

[29-31 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

പ്രമേയം

ഫ്രാൻസിലും ഇറ്റലിയിലും 2001 ആഗസ്റ്റിൽ പ്രത്യേക, “ദൈവവചനം പഠിപ്പിക്കുന്നവർ” കൺവെൻഷനുകൾ നടന്നു. ആ കൺവെൻഷനുകളിൽ ആവേശജനകമായ ഒരു പ്രമേയം അവതരിപ്പിക്കുകയുണ്ടായി. പ്രമേയത്തിന്റെ ഉള്ളടക്കം ഇതാണ്‌:

“യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ, ഈ ‘ദൈവവചനം പഠിപ്പിക്കുന്നവർ’ കൺവെൻഷനിൽ കൂടിവന്നിരിക്കുന്ന നാം ഏവരും തികച്ചും പ്രയോജനപ്രദമായ പഠിപ്പിക്കലുകളാൽ പ്രബോധിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ പഠിപ്പിക്കലിന്റെ ഉറവിടം വ്യക്തമായി തിരിച്ചറിയിക്കപ്പെട്ടിരിക്കുന്നു. ഈ പഠിപ്പിക്കൽ മാനുഷിക ഉറവിൽനിന്ന്‌ ഉള്ളതല്ല. പിന്നെയോ, പുരാതന പ്രവാചകനായ യെശയ്യാവ്‌ നമ്മുടെ ‘മഹാ പ്രബോധകൻ’ എന്നു വിശേഷിപ്പിച്ചവനിൽനിന്ന്‌ ഉള്ളതാണ്‌. (യെശയ്യാവു 30:​20, NW) യെശയ്യാവു 48:​17-ൽ പ്രസ്‌താവിച്ചിരിക്കുന്ന യഹോവയുടെ ഓർമിപ്പിക്കൽ ശ്രദ്ധിക്കുക: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.” ഇത്‌ അവൻ എങ്ങനെയാണു നിർവഹിക്കുന്നത്‌? ഏറ്റവുമധികം ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നതും ഏറ്റവുമധികം വിതരണം ചെയ്യപ്പെട്ടിരിക്കുന്നതുമായ ബൈബിൾ എന്ന ഗ്രന്ഥം മുഖാന്തരമാണ്‌ പ്രധാനമായും അവൻ അതു ചെയ്യുന്നത്‌. അതു സുവ്യക്തമായി ഇങ്ങനെ പ്രസ്‌താവിക്കുന്നു: ‘എല്ലാ തിരുവെഴുത്തും ദൈവശ്വാസീയവും പ്രയോജനമുള്ളതും ആകുന്നു.’​—⁠2 തിമൊഥെയൊസ്‌ 3:16, 17.

“ഇന്നു മനുഷ്യവർഗത്തിന്‌ അത്തരം പ്രയോജനപ്രദമായ പഠിപ്പിക്കലിന്റെ അതിയായ ആവശ്യമുണ്ട്‌. എന്തുകൊണ്ട്‌? ലോകത്തിലെ മാറിക്കൊണ്ടിരിക്കുന്ന, ആശങ്കാജനകമായ സംഭവവികാസങ്ങൾ വിലയിരുത്തുമ്പോൾ തിരിച്ചറിവുള്ളവർ എന്തു സമ്മതിക്കും? ഇതുതന്നെ: ദശലക്ഷക്കണക്കിന്‌ ആളുകൾ ലോകത്തിന്റെ വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ പഠിപ്പിക്കപ്പെട്ടിരിക്കുന്നെങ്കിലും യഥാർഥ മൂല്യങ്ങൾ ഇന്ന്‌ അപ്രത്യക്ഷമായിരിക്കുന്നു, നന്മയും തിന്മയും വിവേചിച്ചറിയാൻ ആളുകൾ പരാജയപ്പെടുന്നു. (യെശയ്യാവു 5:20, 21) ബഹുഭൂരിപക്ഷത്തിനും ബൈബിളിനെയും അതിന്റെ ഉള്ളടക്കത്തെയും കുറിച്ച്‌ ഒന്നും അറിയില്ല. സാങ്കേതികവിദ്യ കമ്പ്യൂട്ടറുകളിലൂടെ വിജ്ഞാനപ്രളയംതന്നെ സൃഷ്ടിച്ചിരിക്കെ, ഈ മർമപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരം എവിടെ: ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്‌? നമ്മുടെ നാളുകളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ അർഥം എന്ത്‌? ഭാവി സംബന്ധിച്ച്‌ ഉറപ്പുള്ള പ്രത്യാശ ഉണ്ടോ? സമാധാനവും സുരക്ഷിതത്വവും എന്നെങ്കിലും ഒരു യാഥാർഥ്യമായിത്തീരുമോ? ഗ്രന്ഥശാലകളിൽ ഏതു വിഷയത്തെ കുറിച്ചുള്ള പുസ്‌തകങ്ങൾ വേണമെങ്കിലും ലഭ്യമാണ്‌. എന്നിട്ടും, മനുഷ്യൻ കഴിഞ്ഞകാല തെറ്റുകൾ ആവർത്തിക്കുന്നു. കുറ്റകൃത്യം പെരുകുന്നു. നിർമാർജനം ചെയ്‌തതായി കരുതിയിരുന്ന രോഗങ്ങൾ തിരിച്ചുവരുന്നു, എയ്‌ഡ്‌സ്‌ പോലുള്ള മഹാമാരികൾ ഞെട്ടിക്കുംവിധം പടർന്നുപിടിക്കുന്നു. ആശങ്കാജനകമായ അളവിൽ കുടുംബങ്ങൾ തകർന്നുകൊണ്ടിരിക്കുന്നു. മലിനീകരണം പരിസ്ഥിതിയെ നശിപ്പിക്കുന്നു. ഭീകരപ്രവർത്തനവും കൂട്ടസംഹാരത്തിനുള്ള ആയുധങ്ങളും സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയായി നിലകൊള്ളുന്നു. പരിഹാരമില്ലാത്ത പ്രശ്‌നങ്ങൾ കുമിഞ്ഞുകൂടുന്നു. ഈ ദുർഘട സമയങ്ങളിൽ സഹമനുഷ്യരെ സഹായിക്കുന്നതിൽ നമുക്കുള്ള ഉചിതമായ പങ്ക്‌ എന്താണ്‌? മനുഷ്യവർഗത്തിന്റെ ദുരവസ്ഥയുടെ കാരണം വിശദീകരിക്കുന്നതും മെച്ചപ്പെട്ട ജീവിതത്തിലേക്കുള്ള വഴി കാണിച്ചുതരുന്നതും സർവോപരി ശോഭനമായ ഭാവി സംബന്ധിച്ച്‌ ഉറച്ച പ്രത്യാശ നൽകുന്നതുമായ എന്തെങ്കിലും പഠിപ്പിക്കൽ ലഭ്യമാണോ?

“‘പുറപ്പെട്ടു, ക്രിസ്‌തു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ’ എന്നത്‌ നമുക്കു ലഭിച്ചിരിക്കുന്ന തിരുവെഴുത്തുപരമായ നിയോഗമാണ്‌. (മത്തായി 28:19, 20) തന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം, സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും ലഭിച്ച യേശു നമുക്കു നൽകിയതാണ്‌ ആ നിയോഗം. മനുഷ്യരുടെ സകലവിധ പ്രവർത്തനങ്ങളെക്കാളും മികവുറ്റതാണ്‌ അത്‌. ദൈവത്തിന്റെ വീക്ഷണത്തിൽ, നീതിക്കായി വിശന്നുവലയുന്നവരുടെ ആത്മീയാവശ്യങ്ങൾക്ക്‌ ഊന്നൽ നൽകുന്ന നമ്മുടെ ആ നിയോഗത്തിനാണ്‌ പ്രഥമ സ്ഥാനം ഉള്ളത്‌. ആ നിയോഗത്തെ ഗൗരവപൂർവം വീക്ഷിക്കുന്നതിന്‌ നമുക്ക്‌ ഈടുറ്റ തിരുവെഴുത്തു കാരണങ്ങളുണ്ട്‌.

“അത്‌ അത്തരം പ്രവർത്തനങ്ങൾക്കു ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകേണ്ടത്‌ ആവശ്യമാക്കിത്തീർക്കുന്നു. ഈ ആഗോള വിദ്യാഭ്യാസ പരിപാടിയുടെ പുരോഗതിയെ തടസ്സപ്പെടുത്താൻ പോന്നതരം പ്രതികൂല സ്വാധീനങ്ങളും പ്രതിബന്ധങ്ങളും എതിർപ്പുകളും മത-രാഷ്‌ട്രീയ ഘടകങ്ങളിൽനിന്ന്‌ ഉണ്ടാകുന്നുണ്ടെങ്കിലും ദൈവത്തിന്റെ അനുഗ്രഹത്താലും സഹായത്താലും ഈ വേല നിർവഹിക്കപ്പെടുകതന്നെ ചെയ്യും. ഈ വേല വളർന്നുവികാസം പ്രാപിക്കുകയും മഹത്തായ പൂർത്തീകരണത്തിൽ എത്തുകയും ചെയ്യുമെന്നു നമുക്ക്‌ ഉറപ്പും വിശ്വാസവും ഉണ്ട്‌. എന്തുകൊണ്ട്‌? കാരണം നമ്മുടെ ദൈവദത്ത ശുശ്രൂഷയിൽ നമ്മോടൊപ്പം ഈ വ്യവസ്ഥിതിയുടെ സമാപനം വരെ താൻ ഉണ്ടായിരിക്കുമെന്ന്‌ കർത്താവായ യേശുക്രിസ്‌തു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു.

അരിഷ്ടത അനുഭവിക്കുന്ന മനുഷ്യവർഗം അന്ത്യത്തോട്‌ അടുത്തുകൊണ്ടിരിക്കുകയാണ്‌. അന്ത്യം വരുന്നതിനു മുമ്പ്‌ നമ്മുടെ ഇപ്പോഴത്തെ നിയോഗം പൂർത്തീകരിക്കപ്പെടണം. അതുകൊണ്ട്‌ യഹോവയുടെ സാക്ഷികളായ നാം പിൻവരുന്ന തീരുമാനങ്ങൾ കൈക്കൊള്ളാൻ ആഗ്രഹിക്കുന്നു:

“ഒന്ന്‌: സമർപ്പിത ശുശ്രൂഷകരെന്ന നിലയിൽ, രാജ്യതാത്‌പര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കാനും ആത്മീയമായി വളരുന്നതിൽ തുടരാനും നാം ദൃഢചിത്തരാണ്‌. അതുകൊണ്ട്‌, സങ്കീർത്തനം 143:​10-ൽ പറഞ്ഞിരിക്കുന്നതുപോലെ നാം പ്രാർഥിക്കുന്നു: ‘നിന്റെ ഇഷ്ടം ചെയ്‌വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ.’ അതിനായി നാം ഉത്സാഹമുള്ള വിദ്യാർഥികൾ ആയിരിക്കേണ്ടതുണ്ട്‌, ദിവസവും ബൈബിൾ വായിക്കാനും വ്യക്തിപരമായ പഠനത്തിലും ഗവേഷണത്തിലും മുഴുകാനും നാം പരിശ്രമിക്കണം. നമ്മുടെ പുരോഗതി മറ്റുള്ളവരുടെ മുമ്പാകെ പ്രകടമാകേണ്ടതിന്‌, സഭായോഗങ്ങളിലും സർക്കിട്ട്‌ സമ്മേളനങ്ങളിലും ഡിസ്‌ട്രിക്‌റ്റ്‌, ദേശീയ, അന്താരാഷ്‌ട്ര കൺവെൻഷുകളിലും പ്രദാനം ചെയ്യപ്പെടുന്ന ദിവ്യാധിപത്യ പ്രബോധന പരിപാടികൾക്കായി ഒരുങ്ങാനും അവയിൽനിന്നു പൂർണപ്രയോജനം നേടാനും ന്യായമായ എല്ലാ ശ്രമങ്ങളും നാം ചെയ്യും.​—⁠1 തിമൊഥെയൊസ്‌ 4:15; എബ്രായർ 10:23-25.

“രണ്ട്‌: ദൈവത്താൽ പഠിപ്പിക്കപ്പെടേണ്ടതിന്‌ നാം അവന്റെ മേശയിങ്കൽനിന്നു മാത്രം ഭക്ഷിക്കുകയും ഭൂതങ്ങളുടെ വഴിതെറ്റിക്കുന്ന പഠിപ്പിക്കലുകൾ സംബന്ധിച്ച ബൈബിൾ മുന്നറിയിപ്പിനു സൂക്ഷ്‌മ ശ്രദ്ധ നൽകുകയും ചെയ്യും. (1 കൊരിന്ത്യർ 10:21; 1 തിമൊഥെയൊസ്‌ 4:1) വ്യാജമത പഠിപ്പിക്കലുകൾ, വ്യർഥമായ ന്യായവാദങ്ങൾ, ലജ്ജാകരമായ ലൈംഗിക വികടത്തരങ്ങൾ, അശ്ലീലം, തരംതാണ വിനോദങ്ങൾ തുടങ്ങി ‘ആരോഗ്യാവഹമായ പഠിപ്പിക്കലുകൾക്കു ചേർച്ചയിൽ’ അല്ലാത്ത ഹാനികരമായ എല്ലാ കാര്യങ്ങളും ഒഴിവാക്കാൻ നാം പ്രത്യേക മുൻകരുതൽ സ്വീകരിക്കും. (റോമർ 1:26, 27; 1 കൊരിന്ത്യർ 3:20; 1 തിമൊഥെയൊസ്‌ 6:​3, NW; 2 തിമൊഥെയൊസ്‌ 1:​13, NW) ആരോഗ്യാവഹമായ കാര്യങ്ങൾ പഠിപ്പിക്കാൻ യോഗ്യതയുള്ള “മനുഷ്യരാം ദാനങ്ങ”ളോടുള്ള (NW) ആദരവിന്റെ പ്രകടനമെന്നനിലയിൽ, നാം അവരുടെ ശ്രമങ്ങളെ ആത്മാർഥമായി വിലമതിക്കുകയും ദൈവവചനത്തിലെ ശുദ്ധവും നീതിനിഷ്‌ഠവുമായ ധാർമിക, ആത്മീയ നിലവാരങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ മുഴുഹൃദയത്തോടെ അവരോടു സഹകരിക്കുകയും ചെയ്യും.​—⁠എഫെസ്യർ 4:7, 8, 11, 12; 1 തെസ്സലൊനീക്യർ 5:12, 13; തീത്തൊസ്‌ 1:⁠9.

“മൂന്ന്‌: ക്രിസ്‌തീയ മാതാപിതാക്കൾ എന്ന നിലയിൽ, നമ്മുടെ മക്കളെ വാക്കാൽ മാത്രമല്ല മാതൃകയാലും പഠിപ്പിക്കാൻ നാം മുഴുഹൃദയാ ശ്രമിക്കും. ‘രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ പഠിക്കാൻ’ ശൈശവം മുതലേ അവരെ സഹായിക്കുക എന്നതാണ്‌ നമ്മുടെ പ്രധാന ലക്ഷ്യം. (2 തിമൊഥെയൊസ്‌ 3:14) യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്‌കരണത്തിലും അവരെ വളർത്തിക്കൊണ്ടുവരുന്നത്‌ ‘നന്മ ഉണ്ടാകുകയും ഭൂമിയിൽ ദീർഘായുസ്സോടിരിക്കുകയും ചെയ്യും’ എന്ന ദിവ്യ വാഗ്‌ദാനം അനുഭവിച്ചറിയാനുള്ള ഏറ്റവും നല്ല അവസരം അവർക്കു പ്രദാനം ചെയ്യും എന്ന സംഗതി നാം മനസ്സിൽ അടുപ്പിച്ചുനിറുത്തും.​—⁠എഫെസ്യർ 6:1-4, NW.

“നാല്‌: ഉത്‌കണ്‌ഠകളോ ഗുരുതരമായ പ്രശ്‌നങ്ങളോ നേരിടുമ്പോൾ ആദ്യംതന്നെ നാം, ‘സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നമ്മുടെ ഹൃദയങ്ങളെയും നിനവുകളെയും’ കാക്കും എന്ന ഉറപ്പോടെ ‘നമ്മുടെ ആവശ്യങ്ങൾ ദൈവത്തെ അറിയിക്കും.’ (ഫിലിപ്പിയർ 4:6, 7) ക്രിസ്‌തുവിന്റെ നുകത്തിൻ കീഴെ വന്നിരിക്കുന്നതിനാൽ നാം ആശ്വാസം കണ്ടെത്തും. ദൈവം നമുക്കായി കരുതുന്നുവെന്ന്‌ അറിയാവുന്നതിനാൽ, നമ്മുടെ ഉത്‌കണ്‌ഠകൾ അവന്റെ മേൽ ഇടാൻ നാം മടിക്കുകയില്ല.​—⁠മത്തായി 11:28-30; 1 പത്രൊസ്‌ 5:6, 7.

“അഞ്ച്‌: ദൈവവചനം പഠിപ്പിക്കുന്നവർ എന്ന പദവി നൽകിയിരിക്കുന്നതിനു യഹോവയോടുള്ള നന്ദിപ്രകടനം എന്ന നിലയിൽ ‘അവന്റെ സത്യ വചനം ശരിയായി കൈകാര്യം ചെയ്യാനും’ ‘നമ്മുടെ ശുശ്രൂഷ പൂർണമായി നിവർത്തിക്കാനും’ ഉള്ള ശ്രമങ്ങൾ നാം പുതുക്കും. (2 തിമൊഥെയൊസ്‌ 2:​15, NW; 4:​5, NW) ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ചു തികച്ചും ബോധവാന്മാർ ആയതിനാൽ, അർഹരായവരെ അന്വേഷിച്ചു കണ്ടെത്തുകയും വിതെച്ചിരിക്കുന്ന വിത്ത്‌ വളർത്തിക്കൊണ്ടുവരുകയും ചെയ്യുക എന്നതാണ്‌ നമ്മുടെ ഹൃദയംഗമമായ ആഗ്രഹം. കൂടുതൽ ഭവന ബൈബിൾ അധ്യയനങ്ങൾ നടത്തിക്കൊണ്ട്‌ നാം നമ്മുടെ പഠിപ്പിക്കൽ പ്രാപ്‌തി മെച്ചപ്പെടുത്തും. അതാകട്ടെ, “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” ഉള്ള ദൈവഹിതത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ നമ്മെ കൂടുതലായി പ്രാപ്‌തരാക്കും.​—⁠1 തിമൊഥെയൊസ്‌ 2:3, 4.

“ആറ്‌: കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലും പല ദേശങ്ങളിലുമുള്ള യഹോവയുടെ സാക്ഷികൾ നാനാതരം എതിർപ്പുകളും പീഡനങ്ങളും അനുഭവിച്ചിട്ടുണ്ട്‌. എന്നാൽ യഹോവ നമ്മോടൊപ്പമുണ്ടെന്നു തെളിഞ്ഞിരിക്കുന്നു. (റോമർ 8:31) നമ്മുടെ രാജ്യപ്രസംഗ, പഠിപ്പിക്കൽ വേല തടയാനോ മന്ദീഭവിപ്പിക്കാനോ നിറുത്തലാക്കാനോ ഉള്ള ഉദ്ദേശ്യത്തിൽ ‘നമുക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും’ ഫലിക്കുകയില്ലെന്ന്‌ അവന്റെ പിഴവുപറ്റാത്ത വചനം ഉറപ്പുനൽകുന്നു. (യെശയ്യാവു 54:17) സാഹചര്യം അനുകൂലമോ പ്രതികൂലമോ ആയിക്കൊള്ളട്ടെ, സത്യം സംസാരിക്കുന്നതു നമുക്കു നിറുത്താനാവില്ല. നമ്മുടെ പ്രസംഗ, പഠിപ്പിക്കൽ നിയോഗം അടിയന്തിരമായി ചെയ്‌തുതീർക്കുക എന്നതാണ്‌ നമ്മുടെ ദൃഢനിശ്ചയം. (2 തിമൊഥെയൊസ്‌ 4:1, 2) സാധ്യമാകുന്നത്ര പൂർണമായി, ദൈവരാജ്യ സുവാർത്ത സകല ജനതകളിലുംപെട്ട ആളുകളുമായി പങ്കുവെക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. അങ്ങനെ, നീതി വസിക്കുന്ന പുതിയ ലോകത്തിലെ നിത്യജീവൻ നേടുന്നതിനുള്ള കരുതലിനെ കുറിച്ചു പഠിക്കാനുള്ള അവസരം അവർക്കു തുടർന്നും ലഭിക്കും. ദൈവവചനം പഠിപ്പിക്കുന്നവരുടെ ഒരു ഏകീകൃത സമൂഹം എന്ന നിലയിൽ, മഹാഗുരുവായ യേശുക്രിസ്‌തുവിന്റെ മാതൃക പിൻപറ്റുന്നതിൽ തുടരാനും അവന്റെ ദൈവികഗുണങ്ങൾ പ്രതിഫലിപ്പിക്കാനും നാം ദൃഢചിത്തരാണ്‌. നമ്മുടെ മഹാ പ്രബോധകനും ജീവദാതാവുമായ യഹോവയാം ദൈവത്തിനു സ്‌തുതി കരേറ്റുന്നതിനായി നാം ഇതെല്ലാം ചെയ്യും.

“ഈ പ്രമേയത്തെ അനുകൂലിക്കുന്നവരായി ഈ കൺവെൻഷനിൽ സന്നിഹിതരായിരിക്കുന്ന എല്ലാവരും ദയവായി ഉവ്വ്‌ എന്നു പറയുക!”

പ്രമേയത്തിന്റെ സമാപന ചോദ്യം അവതരിപ്പിച്ചപ്പോൾ ഫ്രാൻസിലെ മൂന്നു കൺവെൻഷനുകളിലായി കൂടിവന്ന 1,60,000 പേരും ഇറ്റലിയിൽ ഒമ്പതു സ്ഥലങ്ങളിലായി കൂടിവന്ന 2,89,000 പേരും ഇടിമുഴക്കം പോലെ “ഉവ്വ്‌” എന്നു പറഞ്ഞു. എല്ലാ ഭാഷാക്കൂട്ടങ്ങളും ഒന്നിച്ചാണ്‌ അതു പറഞ്ഞത്‌.