വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നാപനമേൽക്കേണ്ടത്‌ എന്തുകൊണ്ട്‌?

സ്‌നാപനമേൽക്കേണ്ടത്‌ എന്തുകൊണ്ട്‌?

സ്‌നാപനമേൽക്കേണ്ടത്‌ എന്തുകൊണ്ട്‌?

‘നിങ്ങൾ പുറപ്പെട്ടു, സ്‌നാനം കഴിപ്പിച്ചു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.’ ​—⁠മത്തായി 28:19, 20.

1, 2. (എ) ചില സ്‌നാപനങ്ങൾ നടന്ന സാഹചര്യങ്ങൾ ഏവ? (ബി) സ്‌നാപനം സംബന്ധിച്ച്‌ ഏതു ചോദ്യങ്ങൾ ഉയർന്നുവരുന്നു?

ഫ്രാങ്കിഷ്‌ രാജാവായ ഷാർലമാൻ പൊ.യു. 775-77 കാലഘട്ടത്തിൽ, തന്റെ അധീനതയിലായിത്തീർന്ന സാക്‌സൺകാരെ നിർബന്ധിച്ച്‌ കൂട്ടത്തോടെ സ്‌നാപനപ്പെടുത്തി. “ഒരു നാമധേയ ക്രിസ്‌ത്യാനിത്വത്തിലേക്ക്‌ ആയിരുന്നു അദ്ദേഹം അവരെ നിർബന്ധിച്ചു പരിവർത്തനം ചെയ്യിച്ചത്‌” എന്ന്‌ ചരിത്രകാരനായ ജോൺ ലോർഡ്‌ എഴുതി. സമാനമായി, റഷ്യൻ ഭരണാധികാരിയായിരുന്ന വ്‌ളാഡിമിർ ഒന്നാമൻ പൊ.യു. 987-ൽ ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ സഭയിൽപ്പെട്ട ഒരു രാജകുമാരിയെ വിവാഹം ചെയ്‌തശേഷം തന്റെ പ്രജകൾ എല്ലാം “ക്രിസ്‌ത്യാനികൾ” ആയിത്തീരണമെന്നു തീരുമാനിച്ചു. തുടർന്ന്‌, തന്റെ ജനങ്ങളെല്ലാം കൂട്ടത്തോടെ സ്‌നാപനമേൽക്കണമെന്ന്‌ അദ്ദേഹം കൽപ്പന പുറപ്പെടുവിച്ചു​—⁠അനുസരിക്കാത്തവർ വാളിന്‌ ഇരയാകുമെന്ന ഭീഷണിയോടെ!

2 അത്തരം സ്‌നാപനങ്ങൾ ഉചിതമായിരുന്നോ? അവയ്‌ക്ക്‌ യഥാർഥ മൂല്യം ഉണ്ടോ? ആർക്കു വേണമെങ്കിലും സ്‌നാപനമേൽക്കാൻ കഴിയുമോ?

സ്‌നാപനം​—⁠എങ്ങനെ?

3, 4. തലയിൽ വെള്ളം തളിക്കുകയോ ഒഴിക്കുകയോ ചെയ്യുന്നത്‌ ഉചിതമായ ക്രിസ്‌തീയ സ്‌നാപനം അല്ലാത്തത്‌ എന്തുകൊണ്ട്‌?

3 ഷാർലമാനും വ്‌ളാഡിമിർ ഒന്നാമനും ആളുകളെ നിർബന്ധിച്ചു സ്‌നാപനപ്പെടുത്തിയപ്പോൾ, വാസ്‌തവത്തിൽ അവർ ദൈവവചനത്തിനു വിരുദ്ധമായി പ്രവർത്തിക്കുകയായിരുന്നു. തലയിൽ വെള്ളം തളിക്കുകയോ ഒഴിക്കുകയോ ചെയ്‌ത്‌ സ്‌നാപനപ്പെടുത്തുന്നതുകൊണ്ട്‌ യാതൊരു പ്രയോജനവുമില്ല. ഇനി, ഒരു വ്യക്തിയെ തിരുവെഴുത്തു സത്യം പഠിക്കാതെ വെള്ളത്തിൽ പൂർണമായി മുക്കി സ്‌നാപനപ്പെടുത്തിയാലും ഫലം അതുതന്നെയാണ്‌.

4 പൊ.യു. 29-ൽ നസറായനായ യേശു, യോഹന്നാൻ സ്‌നാപകന്റെ അടുക്കൽ ചെന്നപ്പോൾ എന്തു സംഭവിച്ചു എന്നു പരിചിന്തിക്കുക. യോഹന്നാൻ ആളുകളെ യോർദ്ദാൻ നദിയിൽ സ്‌നാപനപ്പെടുത്തുകയായിരുന്നു. സ്‌നാപനമേൽക്കാൻ ആളുകൾ അവന്റെ അടുക്കൽ സ്വമേധയാ ചെന്നതായിരുന്നു. അവരെ നദിയിൽ നിറുത്തിക്കൊണ്ട്‌ അവൻ അവരുടെ തലയിൽ അൽപ്പം വെള്ളം ഒഴിക്കുകയോ അവരുടെമേൽ വെള്ളം തളിക്കുകയോ ആണോ ചെയ്‌തത്‌? യോഹന്നാൻ യേശുവിനെ സ്‌നാപനപ്പെടുത്തിയത്‌ എങ്ങനെയായിരുന്നു? “യേശു സ്‌നാനം ഏററ ഉടനെ വെള്ളത്തിൽനിന്നു കയറി” എന്ന്‌ മത്തായി റിപ്പോർട്ടു ചെയ്യുന്നു. (മത്തായി 3:16) യോർദ്ദാൻ നദിയിൽ പൂർണമായി മുങ്ങിയ അവൻ വെള്ളത്തിനടിയിൽ ആയിരുന്നു. സമാനമായി, ദൈവഭക്തനായിരുന്ന എത്യോപ്യൻ ഷണ്ഡൻ “ഒരു ജലാശയത്തി”ലാണു സ്‌നാപനമേറ്റത്‌. സ്‌നാപനത്തിന്‌ അത്തരമൊരു ജലാശയം ആവശ്യമായിരുന്നു, കാരണം യേശുവും അവന്റെ ശിഷ്യന്മാരും വെള്ളത്തിൽ പൂർണമായി മുങ്ങിയാണു സ്‌നാപനമേറ്റത്‌.​—⁠പ്രവൃത്തികൾ 8:​36, പി.ഒ.സി. ബൈബിൾ.

5. ആദിമ ക്രിസ്‌ത്യാനികൾ ആളുകളെ സ്‌നാപനപ്പെടുത്തിയിരുന്നത്‌ എങ്ങനെ?

5 “സ്‌നാപനപ്പെടുത്തൽ,” “സ്‌നാപനം” എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക്‌ പദങ്ങൾ വെള്ളത്തിൽ മുങ്ങുന്നതിനെ സൂചിപ്പിക്കുന്നു. സ്‌മിത്തിന്റെ ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്‌) പറയുന്നു: “സ്‌നാപനം എന്നതിന്റെ ശരിയായതും അക്ഷരീയവുമായ അർഥം നിമജ്ജനം [അഥവാ മുങ്ങൽ] എന്നാണ്‌.” അതുകൊണ്ട്‌ ചില ബൈബിൾ ഭാഷാന്തരങ്ങൾ “നിമജ്ജകനായ യോഹന്നാൻ” എന്ന പരാമർശം ഉപയോഗിച്ചിരിക്കുന്നു. (മത്തായി 3:​1, റോതർഹാം; ഡയഗ്ലട്ട്‌ വരിമധ്യം) അഗസ്റ്റസ്‌ നേയാൻഡർ രചിച്ച, ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിലെ ക്രൈസ്‌തവ മതത്തിന്റെയും സഭയുടെയും ചരിത്രം (ഇംഗ്ലീഷ്‌) പറയുന്നു: “ആദ്യകാലത്ത്‌ വെള്ളത്തിൽ മുക്കിയാണ്‌ ആളുകളെ സ്‌നാപനപ്പെടുത്തിയിരുന്നത്‌.” ഇനി, അറിയപ്പെടുന്ന ഒരു ഫ്രഞ്ച്‌ കൃതിയായ ഇരുപതാം നൂറ്റാണ്ടിലെ ലാറൂസ്‌ (പാരീസ്‌, 1928) പറയുന്നതു ശ്രദ്ധിക്കുക: “വെള്ളം കാണുന്ന സ്ഥലങ്ങളിൽ, വെള്ളത്തിൽ മുങ്ങിയാണ്‌ ആദിമ ക്രിസ്‌ത്യാനികൾ സ്‌നാപനമേറ്റത്‌.” ന്യൂ കാത്തലിക്ക്‌ എൻസൈക്ലോപീഡിയ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ആദിമ സഭയിലെ സ്‌നാപനം വെള്ളത്തിൽ മുങ്ങിക്കൊണ്ടുള്ളതായിരുന്നു എന്നു വ്യക്തമാണ്‌.” (1967, വാല്യം 2, പേജ്‌ 56) അതുകൊണ്ട്‌ ഇന്ന്‌, യഹോവയുടെ ഒരു സാക്ഷിയായി സ്‌നാപനമേൽക്കുന്നത്‌ വെള്ളത്തിൽ പൂർണമായും മുങ്ങിക്കൊണ്ടുള്ള, സ്വമനസ്സാലെയുള്ള ഒരു നടപടിയാണ്‌.

സ്‌നാപനത്തിനുള്ള ഒരു പുതിയ കാരണം

6, 7. (എ) യോഹന്നാൻ നടത്തിയിരുന്ന സ്‌നാപനങ്ങളുടെ ഉദ്ദേശ്യം എന്തായിരുന്നു? (ബി) യേശുവിന്റെ അനുഗാമികളുടെ സ്‌നാപനത്തിൽ പുതിയതായി എന്ത്‌ ഉൾപ്പെട്ടിരുന്നു?

6 യോഹന്നാൻ നടത്തിയിരുന്ന സ്‌നാപനങ്ങളുടെ ഉദ്ദേശ്യം യേശുവിന്റെ അനുഗാമികൾ നടത്തുന്ന സ്‌നാപനങ്ങളുടേതിൽനിന്നു വ്യത്യസ്‌തമായിരുന്നു. (യോഹന്നാൻ 4:1, 2) ആളുകൾ ന്യായപ്രമാണത്തിന്‌ എതിരെ ചെയ്‌തുപോയ പാപങ്ങൾ സംബന്ധിച്ച മാനസാന്തരത്തിന്റെ പരസ്യപ്രതീകം എന്ന നിലയിലാണ്‌ യോഹന്നാൻ അവരെ സ്‌നാപനപ്പെടുത്തിയത്‌. * (ലൂക്കൊസ്‌ 3:3) എന്നാൽ, യേശുവിന്റെ അനുഗാമികളുടെ സ്‌നാപനത്തിൽ പുതിയ ഒരു സംഗതി ഉൾപ്പെട്ടിരുന്നു. പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ പത്രൊസ്‌ അപ്പൊസ്‌തലൻ തന്റെ ശ്രോതാക്കളെ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചു: “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്‌തുവിന്റെ നാമത്തിൽ സ്‌നാനം ഏല്‌പിൻ.” (പ്രവൃത്തികൾ 2:37-41) പത്രൊസിന്റെ പ്രസംഗം യഹൂദന്മാരെയും യഹൂദ മതപരിവർത്തിതരെയും അഭിസംബോധന ചെയ്‌തുകൊണ്ടുള്ളത്‌ ആയിരുന്നു എന്നതു ശരിയാണ്‌. എന്നാൽ, ന്യായപ്രമാണത്തിനെതിരെയുള്ള പാപങ്ങൾ സംബന്ധിച്ച മാനസാന്തരത്തെ പ്രതീകപ്പെടുത്തുന്ന സ്‌നാപനത്തെ കുറിച്ചല്ല അവൻ സംസാരിച്ചത്‌. അതുപോലെ, യേശുവിന്റെ നാമത്തിലുള്ള സ്‌നാപനം പാപങ്ങൾ കഴുകിക്കളയുന്നതിനെ ചിത്രീകരിക്കുന്നതായും അവൻ അർഥമാക്കിയില്ല.​—⁠പ്രവൃത്തികൾ 2:⁠10.

7 ആ സന്ദർഭത്തിൽ, പത്രൊസ്‌ “രാജ്യത്തിന്റെ താക്കോ”ലുകളിൽ ആദ്യത്തേത്‌ ഉപയോഗിച്ചു. എന്ത്‌ ഉദ്ദേശ്യത്തിൽ? സ്വർഗരാജ്യത്തിൽ പ്രവേശിക്കാൻ തന്റെ ശ്രോതാക്കൾക്കുള്ള അവസരം സംബന്ധിച്ച പരിജ്ഞാനം അവർക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി. (മത്തായി 16:19) മിശിഹാ ആയ യേശുവിനെ യഹൂദർ തള്ളിക്കളഞ്ഞിരുന്നതിനാൽ, മാനസാന്തരപ്പെട്ട്‌ അവനിൽ വിശ്വാസം അർപ്പിക്കുന്നത്‌ ദൈവത്തിന്റെ ക്ഷമ യാചിക്കാനും അതു നേടാനും ഉള്ള പുതിയതും മർമപ്രധാനവുമായ ഘടകം ആയിരുന്നു. യേശുക്രിസ്‌തുവിന്റെ നാമത്തിൽ വെള്ളത്തിൽ മുങ്ങി സ്‌നാപനമേറ്റുകൊണ്ട്‌ അവർക്ക്‌ ആ വിശ്വാസത്തിനു പരസ്യമായ തെളിവു നൽകാൻ സാധിക്കുമായിരുന്നു. അതുവഴി, ക്രിസ്‌തു മുഖാന്തരം ദൈവത്തോടുള്ള തങ്ങളുടെ വ്യക്തിപരമായ സമർപ്പണം അവർ പ്രതീകപ്പെടുത്തുമായിരുന്നു. ഇന്ന്‌ ദൈവാംഗീകാരം ലഭിക്കാൻ ആഗ്രഹിക്കുന്ന ഏവരും സമാനമായ വിശ്വാസം പ്രകടമാക്കുകയും യഹോവയാം ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിക്കുകയും അത്യുന്നത ദൈവത്തിനുള്ള സമ്പൂർണ സമർപ്പണത്തിന്റെ പ്രതീകമായി ക്രിസ്‌തീയ സ്‌നാപനമേൽക്കുകയും ചെയ്യണം.

സൂക്ഷ്‌മ പരിജ്ഞാനം അത്യന്താപേക്ഷിതം

8. ക്രിസ്‌തീയ സ്‌നാപനത്തിന്‌ എല്ലാവരും യോഗ്യരല്ലാത്തത്‌ എന്തുകൊണ്ട്‌?

8 ക്രിസ്‌തീയ സ്‌നാപനത്തിന്‌ എല്ലാവരും യോഗ്യരല്ല. യേശു തന്റെ അനുഗാമികൾക്ക്‌ ഈ കൽപ്പന നൽകി: “നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു [“പഠിപ്പിച്ചുംകൊണ്ട്‌,” NW] സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) സ്‌നാപനമേൽക്കുന്നതിനു മുമ്പ്‌ ആളുകൾ ‘യേശു തന്റെ ശിഷ്യരോടു കൽപ്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ പഠിപ്പിക്കപ്പെടണം.’ അതുകൊണ്ട്‌, ദൈവവചനത്തിന്റെ സൂക്ഷ്‌മ പരിജ്ഞാനത്തിൽ അധിഷ്‌ഠിതമായ വിശ്വാസം ഇല്ലാത്ത വ്യക്തികളെ നിർബന്ധിച്ചു സ്‌നാപനപ്പെടുത്തുന്നത്‌ വ്യർഥവും യേശു തന്റെ യഥാർഥ അനുഗാമികൾക്കു നൽകിയ നിയോഗത്തിനു വിരുദ്ധവും ആണ്‌.​—⁠എബ്രായർ 11:⁠6.

9. ‘പിതാവിന്റെ നാമത്തിൽ’ സ്‌നാപനമേൽക്കുക എന്നതിന്റെ അർഥം എന്ത്‌?

9 ‘പിതാവിന്റെ നാമത്തിൽ’ സ്‌നാപനമേൽക്കുക എന്നതിന്റെ അർഥം എന്താണ്‌? നമ്മുടെ സ്വർഗീയ പിതാവിന്റെ സ്ഥാനവും അധികാരവും സ്‌നാപനാർഥി അംഗീകരിക്കണം എന്നാണ്‌ അതിനർഥം. അങ്ങനെ യഹോവയാം ദൈവത്തെ നമ്മുടെ സ്രഷ്ടാവും “സർവ്വഭൂമിക്കുംമീതെ അത്യുന്നത”നും അഖിലാണ്ഡ പരമാധികാരിയും ആയി അയാൾ അംഗീകരിക്കുന്നു.​—⁠സങ്കീർത്തനം 83:18; യെശയ്യാവു 40:28; പ്രവൃത്തികൾ 4:⁠24.

10. ‘പുത്രന്റെ നാമത്തിൽ’ സ്‌നാപനമേൽക്കുക എന്നാൽ എന്താണ്‌ അർഥം?

10 ‘പുത്രന്റെ നാമത്തിൽ’ സ്‌നാപനമേൽക്കുക എന്നതിന്റെ അർഥം ദൈവത്തിന്റെ ഏകജാത പുത്രൻ എന്ന നിലയിൽ യേശുവിന്റെ സ്ഥാനവും അധികാരവും അംഗീകരിക്കുക എന്നാണ്‌. (1 യോഹന്നാൻ 4:9) സ്‌നാപനമേൽക്കാൻ യോഗ്യത പ്രാപിച്ചവർ യേശുവിനെ, ദൈവം ആർ മുഖാന്തരം ‘അനേകർക്കു വേണ്ടിയുള്ള മറുവില’ പ്രദാനം ചെയ്‌തുവോ ആ ഒരുവനായി അംഗീകരിക്കുന്നു. (മത്തായി 20:28; 1 തിമൊഥെയൊസ്‌ 2:5, 6) ദൈവം തന്റെ പുത്രനെ ആക്കിവെച്ചിരിക്കുന്ന ‘ഉന്നതമായ സ്ഥാന’ത്തെയും സ്‌നാപനാർഥികൾ അംഗീകരിക്കണം.​—⁠ഫിലിപ്പിയർ 2:8-11, NW; വെളിപ്പാടു 19:⁠16.

11. ‘പരിശുദ്ധാത്മാവിന്റെ നാമത്തിൽ’ സ്‌നാപനമേൽക്കുക എന്നതിന്റെ അർഥം എന്ത്‌?

11 ‘പരിശുദ്ധാത്മാവിന്റെ നാമത്തിൽ’ സ്‌നാപനമേൽക്കുക എന്നതിന്റെ അർഥം എന്താണ്‌? തന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ വിവിധ വിധങ്ങളിൽ യഹോവ ഉപയോഗിക്കുന്ന അവന്റെ പ്രവർത്തനനിരതമായ ശക്തിയാണു പരിശുദ്ധാത്മാവ്‌ എന്ന്‌ സ്‌നാപനാർഥികൾ അംഗീകരിക്കുന്നതായി അതു സൂചിപ്പിക്കുന്നു. (ഉല്‌പത്തി 1:2; 2 ശമൂവേൽ 23:1, 2; 2 പത്രൊസ്‌ 1:21) സ്‌നാപനത്തിനു യോഗ്യത പ്രാപിക്കുന്നവർ, “ദൈവത്തിന്റെ ആഴമേറിയ കാര്യങ്ങൾ” മനസ്സിലാക്കാനും രാജ്യ പ്രസംഗവേല നിർവഹിക്കാനും “സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൌമ്യത, ഇന്ദ്രിയജയം” എന്നിങ്ങനെയുള്ള ആത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കാനും പരിശുദ്ധാത്മാവ്‌ തങ്ങളെ സഹായിക്കുന്നതായി അംഗീകരിക്കുന്നു.​—⁠1 കൊരിന്ത്യർ 2:​10, NW; ഗലാത്യർ 5:22, 23; യോവേൽ 2:28, 29.

മാനസാന്തരത്തിന്റെയും പരിവർത്തനത്തിന്റെയും പ്രാധാന്യം

12. ക്രിസ്‌തീയ സ്‌നാപനം മാനസാന്തരവുമായി ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

12 പാപരഹിതനായ യേശുവിന്റെ കാര്യത്തിൽ ഒഴികെ, മാനസാന്തരവുമായി ബന്ധപ്പെട്ട, ദൈവാംഗീകാരമുള്ള ഒരു പ്രതീകമാണ്‌ സ്‌നാപനം. മാനസാന്തപ്പെടുമ്പോൾ, ചെയ്‌തുപോയതോ ചെയ്യാൻ പരാജയപ്പെട്ടതോ ആയ ഒരു കാര്യത്തെ പ്രതി നാം അതിയായി അനുതപിക്കുന്നു അഥവാ മനസ്‌തപിക്കുന്നു. ദൈവത്തെ പ്രീതിപ്പെടുത്താൻ ആഗ്രഹിച്ചിരുന്ന ഒന്നാം നൂറ്റാണ്ടിലെ യഹൂദർ ക്രിസ്‌തുവിനെതിരെ ചെയ്‌തുപോയ കാര്യങ്ങളെ കുറിച്ച്‌ അനുതപിക്കണമായിരുന്നു. (പ്രവൃത്തികൾ 3:11-19) കൊരിന്തിലെ ചില വിജാതീയ ക്രിസ്‌ത്യാനികൾ പരസംഗം, വിഗ്രഹാരാധന, മോഷണം തുടങ്ങിയ ഗുരുതരമായ പാപങ്ങളെ കുറിച്ച്‌ അനുതപിച്ചു. അവരുടെ അനുതാപം നിമിത്തം, അവർ ദൈവസേവനത്തിനായി യേശുവിന്റെ രക്തത്താൽ “കഴുകി” “ശുദ്ധീക”രിക്കപ്പെടുകയും അഥവാ വേർതിരിക്കപ്പെടുകയും ക്രിസ്‌തുവിന്റെ നാമത്തിലും ദൈവത്തിന്റെ ആത്മാവിനാലും ‘നീതീകരണം പ്രാപിക്കുകയും’ ചെയ്‌തിരിക്കുന്നു. (1 കൊരിന്ത്യർ 6:9-11) നല്ല മനസ്സാക്ഷിയും പാപത്തെ കുറിച്ചുള്ള കുറ്റബോധത്തിൽനിന്ന്‌ ദൈവത്താലുള്ള വിമുക്തിയും നേടാൻ അനിവാര്യമായ ഒരു പടിയാണ്‌ മാനസാന്തരം.​—⁠1 പത്രൊസ്‌ 3:⁠21.

13. സ്‌നാപനത്തോടുള്ള ബന്ധത്തിൽ പരിവർത്തനത്തിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

13 യഹോവയുടെ സാക്ഷികളായി നാം സ്‌നാപനമേൽക്കുന്നതിനു മുമ്പുതന്നെ നടന്നിരിക്കേണ്ട ഒരു പടിയാണ്‌ പരിവർത്തനം. യേശുക്രിസ്‌തുവിനെ അനുഗമിക്കാൻ പൂർണഹൃദയത്തോടെ തീരുമാനം എടുത്തിരിക്കുന്ന വ്യക്തി ആരുടെയും പ്രേരണയില്ലാതെ സ്വയം സ്വീകരിക്കുന്ന ഒരു പടിയാണ്‌ അത്‌. അത്തരം വ്യക്തികൾ തങ്ങളുടെ മുമ്പത്തെ തെറ്റായ ജീവിതഗതി ഉപേക്ഷിച്ച്‌ ദൈവദൃഷ്ടിയിൽ ശരിയായതു ചെയ്യാൻ ദൃഢനിശ്ചയം ചെയ്യുന്നു. തിരുവെഴുത്തുകളിൽ, പരിവർത്തനം എന്നതിനുള്ള എബ്രായ, ഗ്രീക്ക്‌ ക്രിയാപദങ്ങൾക്ക്‌ വിട്ടുതിരിയൽ, തിരിഞ്ഞുവരൽ എന്ന അർഥമാണ്‌ ഉള്ളത്‌. ഈ നടപടി തെറ്റായ ഒരു മാർഗത്തിൽനിന്നു ദൈവത്തിലേക്കു തിരിയുന്നതിനെ സൂചിപ്പിക്കുന്നു. (1 രാജാക്കന്മാർ 8:33, 34) പരിവർത്തനം “മാനസാന്തരത്തിന്നു യോഗ്യമായ പ്രവൃത്തികൾ” ചെയ്യുന്നത്‌ ആവശ്യമാക്കിത്തീർക്കുന്നു. (പ്രവൃത്തികൾ 26:20) വ്യാജാരാധന ഉപേക്ഷിക്കാനും ദൈവകൽപ്പനകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാനും യഹോവയ്‌ക്ക്‌ അനന്യഭക്തി നൽകാനും അതു നമ്മെ ബാധ്യസ്ഥരാക്കുന്നു. (ആവർത്തനപുസ്‌തകം 30:2, 8-10; 1 ശമൂവേൽ 7:3) പരിവർത്തനം നമ്മുടെ ചിന്തകൾക്കും ലക്ഷ്യങ്ങൾക്കും വ്യക്തിത്വത്തിനും മാറ്റം വരുത്തുന്നു. (യെഹെസ്‌കേൽ 18:31) ഭക്തികെട്ട പ്രവണതകൾ മാറ്റി പുതിയ വ്യക്തിത്വം ധരിക്കുമ്പോൾ നാം ‘തിരിഞ്ഞുവരുന്നു.’​—⁠പ്രവൃത്തികൾ 3:19; എഫെസ്യർ 4:20-24, NW; കൊലൊസ്സ്യർ 3:5-14 NW.

പൂർണഹൃദയത്തോടെയുള്ള സമർപ്പണം അനിവാര്യം

14. യേശുവിന്റെ അനുഗാമികളുടെ സമർപ്പണം എന്തിനെ അർഥമാക്കുന്നു?

14 കൂടാതെ, യേശുവിന്റെ അനുഗാമികൾ സ്‌നാപനമേൽക്കുന്നതിനു മുമ്പ്‌ പൂർണഹൃദയത്തോടെ ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിക്കേണ്ടതും പ്രധാനമാണ്‌. സമർപ്പണം, ഒരു വിശുദ്ധ ഉദ്ദേശ്യത്തിനായി വേർതിരിക്കപ്പെടുന്നതിനെ അർഥമാക്കുന്നു. ഈ നടപടി അതീവ പ്രാധാന്യം അർഹിക്കുന്നതാകയാൽ യഹോവയ്‌ക്ക്‌ എന്നേക്കും “അനന്യഭക്തി” നൽകാനുള്ള നമ്മുടെ തീരുമാനം നാം പ്രാർഥനയിൽ അവനെ അറിയിക്കേണ്ടതുണ്ട്‌. (ആവർത്തനപുസ്‌തകം 5:​9, NW) തീർച്ചയായും, ഒരു വേലയ്‌ക്കോ ഒരു മാനുഷവ്യക്തിക്കോ അല്ല നാം നമ്മെ സമർപ്പിക്കുന്നത്‌, പിന്നെയോ ദൈവത്തിനാണ്‌.

15. സ്‌നാപനാർഥികൾ വെള്ളത്തിൽ മുങ്ങുന്നത്‌ എന്തിന്‌?

15 ക്രിസ്‌തു മുഖാന്തരം നാം നമ്മെത്തന്നെ ദൈവത്തിനു സമർപ്പിക്കുമ്പോൾ, തിരുവെഴുത്തുകളിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവേഷ്ടം ചെയ്യാൻ നമ്മുടെ ജീവിതം ഉപയോഗപ്പെടുത്താനുള്ള ദൃഢനിശ്ചയം നാം പ്രകടമാക്കുന്നു. ആ സമർപ്പണത്തിന്റെ പ്രതീകമായി, സ്‌നാപനാർഥികൾ വെള്ളത്തിൽ മുങ്ങി സ്‌നാപനമേൽക്കുന്നു, ദൈവത്തിനു തന്നെത്തന്നെ സമർപ്പിക്കുന്നതിന്റെ പ്രതീകമായി യോർദ്ദാൻ നദിയിൽ യേശു സ്‌നാപനമേറ്റ അതേ രീതിയിൽ. (മത്തായി 3:13) ആ സുപ്രധാന വേളയിൽ യേശു പ്രാർഥിക്കുകയായിരുന്നു എന്നതു ശ്രദ്ധേയമാണ്‌.​—⁠ലൂക്കൊസ്‌ 3:21, 22.

16. ആളുകൾ സ്‌നാപനമേൽക്കുന്നതു കാണുമ്പോൾ ഏതു വിധങ്ങളിൽ നമുക്ക്‌ ഉചിതമായ സന്തോഷപ്രകടനങ്ങൾ നടത്താവുന്നതാണ്‌?

16 ഗൗരവമേറിയതെങ്കിലും സന്തോഷകരമായ ഒന്നായിരുന്നു യേശുവിന്റെ സ്‌നാപനം. അങ്ങനെതന്നെയാണ്‌ ആധുനികകാലത്തെ ക്രിസ്‌തീയ സ്‌നാപനവും. ആളുകൾ ദൈവത്തിനുള്ള തങ്ങളുടെ സമർപ്പണത്തെ പ്രതീകപ്പെടുത്തുന്നതു കാണുമ്പോൾ മാന്യമായ രീതിയിൽ കയ്യടിച്ചും ഊഷ്‌മളമായ അഭിനന്ദനം നൽകിയും നാം സന്തോഷം പ്രകടമാക്കിയേക്കാം. എന്നാൽ ഈ വിശ്വാസപ്രകടനത്തിന്റെ വിശുദ്ധി കണക്കിലെടുത്തുകൊണ്ട്‌, ആർപ്പുവിളിയും വിസിലടിയും പോലുള്ള കാര്യങ്ങൾ നാം ഒഴിവാക്കുന്നു. മാന്യമായ വിധത്തിലായിരിക്കണം നാം നമ്മുടെ സന്തോഷം പ്രകടിപ്പിക്കേണ്ടത്‌.

17, 18. വ്യക്തികൾ സ്‌നാപനത്തിനു യോഗ്യരാണോ എന്നു നിർണയിക്കാൻ എന്തു സഹായിക്കും?

17 ശിശുക്കളുടെ മേൽ വെള്ളം തളിച്ച്‌ മാമ്മോദീസാ മുക്കുകയോ തിരുവെഴുത്തുകളെ കുറിച്ച്‌ അറിവില്ലാത്തവരെ നിർബന്ധിച്ച്‌ കൂട്ടത്തോടെ സ്‌നാപനപ്പെടുത്തുകയോ ഒക്കെ ചെയ്യുന്ന രീതിയല്ല യഹോവയുടെ സാക്ഷികളുടേത്‌. സ്‌നാപനമേൽക്കാൻ അവർ ആരെയും നിർബന്ധിക്കുന്നില്ല. വാസ്‌തവത്തിൽ, ആത്മീയ യോഗ്യതയിൽ എത്തിച്ചേരാത്ത വ്യക്തികളെ അവർ സ്‌നാപനപ്പെടുത്തുകയില്ല. ഒരു വ്യക്തിക്ക്‌ സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു സുവാർത്താ പ്രസംഗകനാകാൻ കഴിയുന്നതിനു മുമ്പുപോലും ക്രിസ്‌തീയ മൂപ്പന്മാർ അയാൾക്ക്‌ അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകൾ മനസ്സിലാകുന്നുണ്ടോ എന്നും അയാൾ അവയ്‌ക്കു ചേർച്ചയിൽ ജീവിക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്തും. അതുപോലെ, “യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരാൻ നിങ്ങൾ വാസ്‌തവമായും ആഗ്രഹിക്കുന്നുണ്ടോ?” എന്ന ചോദ്യത്തിന്‌ ഉറച്ച ശബ്ദത്തിൽ അയാൾ ഉത്തരം നൽകുന്നുണ്ടോ എന്നതും അവർ ശ്രദ്ധിക്കും.

18 ഒട്ടുമിക്കപ്പോഴും, വ്യക്തികൾ രാജ്യപ്രസംഗ വേലയിൽ അർഥവത്തായ വിധത്തിൽ പങ്കുപറ്റുകയും സ്‌നാപനമേൽക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ, അവർ യഹോവയ്‌ക്കു തങ്ങളെത്തന്നെ സമർപ്പിച്ചിരിക്കുന്ന വിശ്വാസികൾ ആണെന്നും സ്‌നാപനത്തിനുള്ള ദിവ്യ നിബന്ധനകളിൽ എത്തിച്ചേർന്നിട്ടുണ്ടെന്നും ഉറപ്പുവരുത്താൻ ക്രിസ്‌തീയ മൂപ്പന്മാർ അവരുമായി ചർച്ച നടത്തും. (പ്രവൃത്തികൾ 4:4; 18:8) ബൈബിൾ പഠിപ്പിക്കലുകൾ സംബന്ധിച്ച 100-ൽപ്പരം ചോദ്യങ്ങൾക്ക്‌ അവർ നൽകുന്ന ഉത്തരങ്ങൾ, ജലസ്‌നാപനത്തിനുള്ള തിരുവെഴുത്തുപരമായ യോഗ്യതയിൽ അവർ എത്തിച്ചേർന്നിട്ടുണ്ടോ എന്നു നിർണയിക്കാൻ മൂപ്പന്മാരെ സഹായിക്കും. ചിലർ ക്രിസ്‌തീയ സ്‌നാപനത്തിനു യോഗ്യത പ്രാപിച്ചിരിക്കുകയില്ല, അതുകൊണ്ട്‌ അവരെ സ്‌നാപനപ്പെടുത്തുകയില്ല.

നിങ്ങളെ തടസ്സപ്പെടുത്തുന്ന എന്തെങ്കിലുമുണ്ടോ?

19. യോഹന്നാൻ 6:​44-ന്റെ വീക്ഷണത്തിൽ യേശുവിന്റെ കൂട്ടവകാശികൾ ആരായിരിക്കും?

19 നിർബന്ധത്തിനു വഴങ്ങി കൂട്ട സ്‌നാപനമേറ്റിട്ടുള്ളവരിൽ പലരോടും, അവർ മരിക്കുമ്പോൾ സ്വർഗത്തിൽ പോകുമെന്നു പറഞ്ഞിട്ടുണ്ടായിരിക്കും. എന്നാൽ തന്റെ കാൽച്ചുവടു പിൻപറ്റുന്നവരെ കുറിച്ച്‌ യേശു ഇങ്ങനെ പറഞ്ഞു: “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല.” (യോഹന്നാൻ 6:44) സ്വർഗരാജ്യത്തിൽ യേശുവിന്റെ കൂട്ടവകാശികൾ ആകാൻ പോകുന്ന 1,44,000 പേരെ യഹോവ യേശുവിലേക്ക്‌ ആകർഷിച്ചിരിക്കുന്നു. നിർബന്ധത്തിനു വഴങ്ങിയുള്ള സ്‌നാപനം ഒരിക്കലും, ദൈവ ക്രമീകരണത്തിലുള്ള ആ മഹത്തായ പദവിക്കായി ആരെയും വിശുദ്ധീകരിച്ചിട്ടില്ല.​—⁠റോമർ 8:14-17; 2 തെസ്സലൊനീക്യർ 2:13; വെളിപ്പാടു 14:⁠1.

20. ഇതുവരെ സ്‌നാപനമേൽക്കാത്ത ചിലരെ എന്തു സഹായിച്ചേക്കാം?

20 “മഹോപദ്രവ”ത്തെ (NW) അതിജീവിച്ച്‌ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്ന ഒരു വൻപുരുഷാരം വിശേഷാൽ 1930-കളുടെ മധ്യം മുതൽ യേശുവിന്റെ “വേറെ ആടുക”ളുടെ ഗണത്തോടു ചേർന്നിരിക്കുന്നു. (വെളിപ്പാടു 7:9, 14; യോഹന്നാൻ 10:16) തങ്ങളുടെ ജീവിതത്തെ ദൈവവചനത്തിനു ചേർച്ചയിൽ കൊണ്ടുവന്നിരിക്കുന്നതിനാലും ദൈവത്തെ “പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ” സ്‌നേഹിക്കുന്നതിനാലും അവർ സ്‌നാപനമേൽക്കാൻ യോഗ്യത പ്രാപിക്കുന്നു. (ലൂക്കൊസ്‌ 10:25-28) യഹോവയുടെ സാക്ഷികൾ ‘ദൈവത്തെ ആത്മാവിലും സത്യത്തിലും നമസ്‌കരിക്കു’ന്നതായി ചിലർ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും യേശുവിന്റെ മാതൃക പിൻപറ്റിക്കൊണ്ട്‌ യഹോവയോടുള്ള യഥാർഥ സ്‌നേഹത്തിന്റെയും “അനന്യഭക്തി”യുടെയും പരസ്യമായ പ്രകടനം എന്ന നിലയിൽ അവർ ഇതുവരെ സ്‌നാപനമേറ്റിട്ടില്ല. (യോഹന്നാൻ 4:23, 24; ആവർത്തനപുസ്‌തകം 4:​24, NW; മർക്കൊസ്‌ 1:9-11) ഈ മർമപ്രധാന നടപടി സംബന്ധിച്ച്‌ ആത്മാർഥമായി പ്രത്യേകം പ്രാർഥിക്കുന്നത്‌, ദൈവവചനത്തോടു പൂർണമായി അനുരൂപപ്പെടാനും യഹോവയാം ദൈവത്തിനു തങ്ങളെത്തന്നെ പൂർണമായി സമർപ്പിച്ച്‌ സ്‌നാപനമേൽക്കാനും ഉള്ള പ്രചോദനവും ധൈര്യവും അവർക്കു പ്രദാനം ചെയ്യും.

21, 22. സമർപ്പണത്തിന്റെയും സ്‌നാപനത്തിന്റെയും പടി സ്വീകരിക്കുന്നതിൽനിന്ന്‌ ചിലർ പിന്മാറി നിൽക്കുന്നതിന്റെ കാരണങ്ങൾ ഏവ?

21 ലൗകിക കാര്യങ്ങളിൽ മുഴുകിയിരിക്കുന്നതോ പണത്തിനു പിന്നാലെ പരക്കംപായുന്നതോ നിമിത്തം ആത്മീയ കാര്യങ്ങൾക്ക്‌ ഒട്ടും സമയം കണ്ടെത്താൻ കഴിയാത്തതായിരിക്കാം സമർപ്പണത്തിന്റെയും സ്‌നാപനത്തിന്റെയും പടി സ്വീകരിക്കുന്നതിൽനിന്ന്‌ ചിലർ പിന്മാറിനിൽക്കാൻ കാരണം. (മത്തായി 13:22; 1 യോഹന്നാൻ 2:15-17) തങ്ങളുടെ കാഴ്‌ചപ്പാടിനും ലക്ഷ്യങ്ങൾക്കും മാറ്റം വരുത്തുന്നെങ്കിൽ അവർ എത്ര സന്തുഷ്ടരായിരിക്കും! യഹോവയോട്‌ അടുത്തു ചെല്ലുന്നത്‌ അവരെ ആത്മീയമായി സമ്പന്നരാക്കുകയും ഉത്‌കണ്‌ഠ കുറയ്‌ക്കാൻ സഹായിക്കുകയും ചെയ്യും. കൂടാതെ, അത്‌ ദിവ്യഹിതം ചെയ്യുന്നതിന്റെ ഫലമായി ഉണ്ടാകുന്ന സമാധാനവും സംതൃപ്‌തിയും അവർക്കു കൈവരുത്തുകയും ചെയ്യും.​—⁠സങ്കീർത്തനം 16:11; 40:8; സദൃശവാക്യങ്ങൾ 10:22; ഫിലിപ്പിയർ 4:6, 7.

22 മറ്റു ചിലർ, തങ്ങൾ യഹോവയെ സ്‌നേഹിക്കുന്നതായി പറയുന്നെങ്കിലും സമർപ്പണം നടത്തുകയോ സ്‌നാപനമേൽക്കുകയോ ചെയ്യുന്നില്ല. അങ്ങനെയാകുമ്പോൾ ദൈവ മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടി വരില്ലല്ലോ എന്നാണ്‌ അവർ കരുതുന്നത്‌. എന്നാൽ, നാം എല്ലാവരും കണക്കു ബോധിപ്പിക്കേണ്ടതുണ്ട്‌ എന്നതാണു വാസ്‌തവം. യഹോവയുടെ വചനം കേട്ട നിമിഷം മുതൽ ആ ഉത്തരവാദിത്വം നമ്മുടെ മേൽ വന്നുകഴിഞ്ഞു. (യെഹെസ്‌കേൽ 33:7-9; റോമർ 14:12) ‘തിരഞ്ഞെടുത്തിരിക്കുന്ന ജനം’ എന്ന നിലയിൽ പുരാതന ഇസ്രായേല്യർ യഹോവയ്‌ക്കു സമർപ്പിക്കപ്പെട്ട ഒരു ജനസമുദായത്തിലേക്കാണു പിറന്നുവീണത്‌. അതുകൊണ്ട്‌ അവന്റെ കൽപ്പനകൾക്കു ചേർച്ചയിൽ അവനെ വിശ്വസ്‌തതയോടെ സേവിക്കാൻ അവർ ബാധ്യസ്ഥരായിരുന്നു. (ആവർത്തനപുസ്‌തകം 7:6, 11) ഇന്ന്‌ ആരും അങ്ങനെയൊരു ജനസമുദായത്തിലേക്കു പിറന്നുവീഴുന്നില്ല, എന്നാൽ നമുക്കു കൃത്യമായ തിരുവെഴുത്തു പ്രബോധനം ലഭിച്ചിട്ടുണ്ടെങ്കിൽ നാം വിശ്വാസത്തോടെ അതനുസരിച്ചു പ്രവർത്തിക്കണം.

23, 24. ഏതുതരം ഭയം സ്‌നാപനമേൽക്കുന്നതിൽനിന്നു വ്യക്തികളെ പിന്തിരിപ്പിക്കാൻ പാടില്ല?

23 ആവശ്യത്തിനു പരിജ്ഞാനം തങ്ങൾക്കില്ല എന്ന സന്ദേഹമായിരിക്കാം സ്‌നാപനമേൽക്കുന്നതിൽനിന്നു ചിലരെ തടയുന്നത്‌. എന്നാൽ, ‘ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ മനുഷ്യർക്കു കഴിയുകയി’ല്ലാത്തതിനാൽ നമുക്ക്‌ എല്ലാവർക്കും ഇനിയും വളരെയധികം കാര്യങ്ങൾ പഠിക്കാനുണ്ട്‌. (സഭാപ്രസംഗി 3:11) എത്യോപ്യൻ ഷണ്ഡന്റെ കാര്യമെടുക്കുക. ഒരു യഹൂദ മതപരിവർത്തിതൻ എന്ന നിലയിൽ അവനു തിരുവെഴുത്തുകളെ കുറിച്ച്‌ അൽപ്പം അറിവ്‌ ഉണ്ടായിരുന്നു, എങ്കിലും ദൈവോദ്ദേശ്യം സംബന്ധിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ അവനു കഴിഞ്ഞിരുന്നില്ല. യഹോവയുടെ കരുതലിനെ​—⁠ക്രിസ്‌തുവിന്റെ മറുവിലയാഗം മുഖാന്തരമുള്ള രക്ഷയെ​—⁠കുറിച്ചു പഠിച്ച ശേഷം ഉടൻ അവൻ സ്‌നാപനമേറ്റു.​—⁠പ്രവൃത്തികൾ 8:26-38.

24 തങ്ങളുടെ സമർപ്പണത്തോടെ കൈവരുന്ന ഉത്തരവാദിത്വം വേണ്ടവിധം നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ഭയം നിമിത്തമായിരിക്കാം ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിക്കാൻ ചിലർ മടിക്കുന്നത്‌. മോനിക്ക്‌ എന്ന 17-കാരി പറയുന്നു: “എന്റെ സമർപ്പണത്തിനൊത്തു ജീവിക്കാൻ സാധിച്ചില്ലെങ്കിലോ എന്ന ഭയമായിരുന്നു സ്‌നാപനമേൽക്കുന്നതിൽനിന്ന്‌ എന്നെ തടഞ്ഞിരുന്നത്‌.” എന്നാൽ നാം പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ അവൻ ‘നമ്മുടെ പാതകളെ നേരെയാക്കും.’ തന്റെ വിശ്വസ്‌ത സമർപ്പിത ദാസർ എന്ന നിലയിൽ ‘സത്യത്തിൽ നടക്കാൻ’ അവൻ നമ്മെ സഹായിക്കും.​—⁠സദൃശവാക്യങ്ങൾ 3:5, 6; 3 യോഹന്നാൻ 4.

25. ഇപ്പോൾ ഏതു ചോദ്യം ഉയർന്നുവരുന്നു?

25 യഹോവയിലുള്ള അടിയുറച്ച വിശ്വാസവും അവനോടുള്ള ഹൃദയംഗമമായ സ്‌നേഹവും സമർപ്പിച്ചു സ്‌നാപനമേൽക്കാൻ ഓരോ വർഷവും ആയിരങ്ങളെ പ്രചോദിപ്പിക്കുന്നു. തീർച്ചയായും ദൈവത്തിന്റെ എല്ലാ സമർപ്പിത ദാസരും അവനോടു വിശ്വസ്‌തരായിരിക്കാൻ ആഗ്രഹിക്കുന്നു. എങ്കിലും, ദുർഘടസമയങ്ങളിൽ ജീവിക്കുന്നതിനാൽ വിശ്വാസത്തിന്റെ നിരവധി പരിശോധനകൾ നമുക്കു നേരിടേണ്ടിവരുന്നു. (2 തിമൊഥെയൊസ്‌ 3:1-5) യഹോവയ്‌ക്കുള്ള സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും? അടുത്ത ലേഖനത്തിൽ നാം അതു പരിചിന്തിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 6 യേശു പാപരഹിതൻ ആയിരുന്നതിനാൽ, ഒരു മാനസാന്തരത്തെ പ്രതീകപ്പെടുത്താനല്ല അവൻ സ്‌നാപനമേറ്റത്‌. പിതാവിന്റെ ഹിതം ചെയ്യാൻ അവൻ തന്നെത്തന്നെ സമർപ്പിച്ചതിന്റെ പ്രതീകമായിരുന്നു അവന്റെ സ്‌നാപനം.​—⁠എബ്രായർ 7:26; 10:5-10.

നിങ്ങൾ ഓർമിക്കുന്നുവോ?

• ക്രിസ്‌തീയ സ്‌നാപനം എങ്ങനെ ആയിരിക്കണം?

• സ്‌നാപനമേൽക്കാൻ എന്തു പരിജ്ഞാനം ആവശ്യമാണ്‌?

• സത്യ ക്രിസ്‌ത്യാനികളുടെ സ്‌നാപനത്തിലേക്കു നയിക്കുന്ന പടികൾ ഏവ?

• ചിലർ സ്‌നാപനമേൽക്കാൻ മടിക്കുന്നത്‌ എന്തുകൊണ്ട്‌, അവർക്ക്‌ എന്തു സഹായം ആവശ്യമാണ്‌?

[അധ്യയന ചോദ്യങ്ങൾ]

[14-ാം പേജിലെ ചിത്രങ്ങൾ]

‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ’ സ്‌നാപനമേൽക്കുക എന്നാൽ എന്താണെന്നു നിങ്ങൾക്ക്‌ അറിയാമോ?