വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹൃദയവും മനസ്സും ഉപയോഗിച്ച്‌ ദൈവത്തെ അന്വേഷിക്കുക

ഹൃദയവും മനസ്സും ഉപയോഗിച്ച്‌ ദൈവത്തെ അന്വേഷിക്കുക

ഹൃദയവും മനസ്സും ഉപയോഗിച്ച്‌ ദൈവത്തെ അന്വേഷിക്കുക

ദൈവത്തെ പ്രീതിപ്പെടുത്തുന്ന വിശ്വാസം നട്ടുവളർത്തുന്നതിൽ ഹൃദയവും മനസ്സും ഒരുപോലെ ഉപയോഗിക്കാൻ സത്യക്രിസ്‌ത്യാനിത്വം പ്രോത്സാഹിപ്പിക്കുന്നു.

“പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും” കൂടെ മാത്രമല്ല, “പൂർണ്ണമനസ്സോടും” അഥവാ ഗ്രഹണപ്രാപ്‌തിയോടും കൂടെ ദൈവത്തെ സ്‌നേഹിക്കണമെന്ന്‌ ക്രിസ്‌ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുക്രിസ്‌തു പഠിപ്പിച്ചു. (മത്തായി 22:37) അതേ, ആരാധനയിൽ നമ്മുടെ മാനസിക പ്രാപ്‌തികൾ സുപ്രധാന പങ്കു വഹിക്കേണ്ടതുണ്ട്‌.

തന്റെ പഠിപ്പിക്കലുകളെ കുറിച്ചു പരിചിന്തിക്കാൻ ശ്രോതാക്കളെ ക്ഷണിക്കവേ പലപ്പോഴും യേശു അവരോട്‌ ‘നിങ്ങൾക്ക്‌ എന്തു തോന്നുന്നു’ എന്നു ചോദിച്ചു. (മത്തായി 17:25; 18:12; 21:28; 22:42) സമാനമായി, അപ്പൊസ്‌തലനായ പത്രൊസ്‌ സഹവിശ്വാസികളുടെ ‘വ്യക്തമായ ചിന്താപ്രാപ്‌തികളെ ഉണർത്താൻ’ അവർക്കു ലേഖനമെഴുതി. (2 പത്രൊസ്‌ 3:​1, 2, NW) ആദിമ മിഷനറിമാരിൽവെച്ച്‌ ഏറ്റവുമധികം യാത്ര ചെയ്‌തിട്ടുള്ളവനായ പൗലൊസ്‌ അപ്പൊസ്‌തലൻ, തങ്ങളുടെ ‘ന്യായബോധം’ ഉപയോഗിക്കാനും “നല്ലതും സ്വീകാര്യവും പൂർണവുമായ ദൈവേഷ്ടം എന്തെന്നു സ്വയം ഉറപ്പുവരു”ത്താനും ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചു. (റോമർ 12:1, 2, NW) തങ്ങളുടെ മതവിശ്വാസങ്ങളോട്‌ അത്തരത്തിലുള്ള സമഗ്രവും ശ്രദ്ധാപൂർവകവുമായ ഒരു സമീപനം ഉണ്ടായിരുന്നാൽ മാത്രമേ ദൈവത്തെ പ്രീതിപ്പെടുത്തുകയും ജീവിതത്തിൽ ഉണ്ടായേക്കാവുന്ന പരിശോധനകളെ വിജയകരമായി നേരിടാൻ തങ്ങളെ പ്രാപ്‌തരാക്കുകയും ചെയ്യുന്ന വിശ്വാസം ക്രിസ്‌ത്യാനികൾക്കു പടുത്തുയർത്താൻ കഴിയൂ.​—⁠എബ്രായർ 11:1, 6.

അത്തരം വിശ്വാസം പടുത്തുയർത്താൻ മറ്റുള്ളവരെ സഹായിക്കുന്നതിന്‌, ആദിമ ക്രിസ്‌തീയ സുവിശേഷകർ തങ്ങൾ പഠിപ്പിച്ച കാര്യങ്ങൾ “വിശദീകരിക്കുകയും പരാമർശങ്ങളാൽ തെളിയിക്കുകയും ചെയ്‌തുകൊണ്ട്‌ തിരുവെഴുത്തുകളിൽനിന്ന്‌ അവരോടു ന്യായവാദം ചെയ്‌തു.” (പ്രവൃത്തികൾ 17:1-3, NW) ന്യായബോധത്തോടു കൂടിയ അത്തരം സമീപനം പരമാർഥഹൃദയർ ആയവരിൽനിന്ന്‌ നല്ല പ്രതികരണം ഉളവാക്കി. ഉദാഹരണത്തിന്‌, മക്കദോന്യയിലെ ബെരോവ പട്ടണത്തിലുള്ള ഒട്ടേറെ പേർ “[ദൈവത്തിന്റെ] വചനം പൂർണ്ണജാഗ്രതയോടെ [“ഉത്സുകതയോടെ,” NW] കൈക്കൊ”ള്ളുകയും ‘[പൗലൊസും സഹകാരികളും വിശദീകരിച്ച] കാര്യങ്ങൾ അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോരുകയും’ ചെയ്‌തു. (പ്രവൃത്തികൾ 17:11) ഇവിടെ പറഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുന്നതു നന്നായിരിക്കും. ഒന്നാമതായി, ബെരോവക്കാർ ദൈവവചനം ശ്രദ്ധിക്കാൻ ഉത്സുകർ ആയിരുന്നു; രണ്ടാമതായി, തങ്ങൾ കേട്ട കാര്യങ്ങൾ അവർ കണ്ണുമടച്ചു വിശ്വസിച്ചില്ല, പകരം അവ ശരിയാണോ എന്ന്‌ ഉറപ്പു വരുത്താൻ അവർ തിരുവെഴുത്തുകൾ പരിശോധിച്ചു. അതുനിമിത്തം ക്രിസ്‌തീയ മിഷനറിയായിരുന്ന ലൂക്കൊസ്‌ അവരെ ‘ഉത്തമന്മാർ’ എന്നു വിളിച്ചുകൊണ്ട്‌ ആദരപൂർവം അഭിനന്ദിച്ചു. ആത്മീയ കാര്യങ്ങളോട്‌ അത്തരത്തിലുള്ള ഒരു ഉത്തമ മനോഭാവം നിങ്ങൾ പ്രകടമാക്കുന്നുണ്ടോ?

മനസ്സും ഹൃദയവും ഒന്നിച്ചു പ്രവർത്തിക്കുന്നു

മുമ്പു പരാമർശിച്ചതുപോലെ, സത്യാരാധനയിൽ മനസ്സും ഹൃദയവും ഒരുപോലെ ഉൾപ്പെട്ടിരിക്കുന്നു. (മർക്കൊസ്‌ 12:30) മുൻ ലേഖനത്തിലെ ദൃഷ്ടാന്തത്തിൽ നാം കണ്ട പെയിന്റടിക്കുന്ന ആ ആളെ കുറിച്ചു ചിന്തിക്കുക. വീടിന്‌ തനിക്കു ബോധിച്ച നിറങ്ങൾ നൽകുന്നതിനു പകരം ഉടമസ്ഥന്റെ നിർദേശങ്ങൾക്കു ചെവികൊടുത്തിരുന്നെങ്കിൽ അയാൾക്കു മുഴുഹൃദയാ തന്റെ പണി ചെയ്‌തുതീർക്കാമായിരുന്നു. അങ്ങനെ തന്റെ വേലയ്‌ക്ക്‌ വീട്ടുടമയുടെ അംഗീകാരം ലഭിക്കുമെന്ന ഉറപ്പ്‌ അയാൾക്ക്‌ ഉണ്ടാകുമായിരുന്നു. നമ്മുടെ ആരാധനയുടെ കാര്യത്തിലും അതു ബാധകമാണ്‌.

“സത്യനമസ്‌കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്‌കരിക്കുന്ന നാഴിക വരുന്നു” എന്ന്‌ യേശു പറഞ്ഞു. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (യോഹന്നാൻ 4:23) അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതി: “അതുകൊണ്ടു ഞങ്ങൾ . . . നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു. നിങ്ങൾ പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും . . . അപേക്ഷിക്കുന്നു.” (കൊലൊസ്സ്യർ 1:​9-13) തികഞ്ഞ ആത്മവിശ്വാസത്തോടെ ആരാധനയിൽ തങ്ങളുടെ മുഴു ഹൃദയവും അർപ്പിക്കാൻ അത്തരം “പരിജ്ഞാനം” പരമാർഥഹൃദയരെ പ്രാപ്‌തരാക്കുന്നു. കാരണം അവർ “[തങ്ങൾ] അറിയുന്നതിനെ നമസ്‌കരിക്കുന്നു.”​—⁠യോഹന്നാൻ 4:⁠22.

ഇക്കാരണങ്ങളാൽ, യഹോവയുടെ സാക്ഷികൾ ശിശുക്കളെയോ തിരുവെഴുത്തുകൾ ശ്രദ്ധാപൂർവം പഠിച്ചിട്ടില്ലാത്ത പുതിയ താത്‌പര്യക്കാരെയോ സ്‌നാപനപ്പെടുത്തുന്നില്ല. യേശു തന്റെ അനുഗാമികൾക്ക്‌ ഈ നിയോഗം നൽകി: “ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു [“പഠിപ്പിച്ചുകൊണ്ട്‌,” NW] സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:20) ദൈവഹിതത്തെ കുറിച്ചു സൂക്ഷ്‌മമായ പരിജ്ഞാനം നേടിയതിനു ശേഷമേ പരമാർഥഹൃദയരായ ബൈബിൾ വിദ്യാർഥികൾക്ക്‌ ആരാധന സംബന്ധിച്ച്‌ കാര്യജ്ഞാനത്തോടു കൂടിയ ഒരു തീരുമാനം എടുക്കാൻ കഴിയൂ. അത്തരം സൂക്ഷ്‌മ പരിജ്ഞാനം സമ്പാദിക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ?

കർത്താവിന്റെ പ്രാർഥന മനസ്സിലാക്കൽ

ബൈബിളിന്റെ സൂക്ഷ്‌മ പരിജ്ഞാനം ഉണ്ടായിരിക്കുന്നതും പരിമിതമായ അറിവ്‌ ഉണ്ടായിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ, ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്നു തുടങ്ങുന്ന കർത്താവിന്റെ പ്രാർഥന നമുക്കു പരിചിന്തിക്കാം. മത്തായി 6:9-13-ൽ ആണ്‌ അതു രേഖപ്പെടുത്തിയിരിക്കുന്നത്‌.

ദശലക്ഷക്കണക്കിന്‌ ആളുകൾ പതിവായി പള്ളികളിൽ യേശുവിന്റെ മാതൃകാ പ്രാർഥന ചൊല്ലാറുണ്ട്‌. എന്നാൽ അതിന്റെ അർഥത്തെ കുറിച്ച്‌, വിശേഷിച്ചും ദൈവത്തിന്റെ നാമത്തെയും രാജ്യത്തെയും സംബന്ധിച്ചു പ്രതിപാദിക്കുന്ന ആദ്യ ഭാഗത്തെ കുറിച്ച്‌, അവരിൽ എത്ര പേർ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്‌? ഈ വിഷയങ്ങൾ വളരെയധികം പ്രാധാന്യം അർഹിക്കുന്നവ ആയതുകൊണ്ടാണ്‌ യേശു പ്രാർഥനയിൽ അവയ്‌ക്കു പ്രഥമ സ്ഥാനം നൽകിയത്‌.

അത്‌ ഇങ്ങനെ തുടങ്ങുന്നു: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കപ്പെടാനായി പ്രാർഥിക്കാൻ യേശു പറഞ്ഞുവെന്നതു ശ്രദ്ധിക്കുക. അനേകരെ സംബന്ധിച്ചിടത്തോളം അതു ചുരുങ്ങിയത്‌ രണ്ടു ചോദ്യമെങ്കിലും ഉയർത്തുന്നു. ഒന്നാമതായി, ദൈവത്തിന്റെ നാമം എന്താണ്‌? രണ്ടാമതായി, അതു വിശുദ്ധീകരിക്കപ്പെടേണ്ടത്‌ എന്തുകൊണ്ടാണ്‌?

ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം, മൂല ഭാഷകളിലുള്ള ബൈബിളിൽ 7,000-ത്തിലധികം പ്രാവശ്യം കാണാൻ കഴിയും. സങ്കീർത്തനം 83:​18 ആണ്‌ അവയിൽ ഒന്ന്‌: “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) യഹോവ എന്ന ദിവ്യ നാമത്തെ കുറിച്ച്‌ പുറപ്പാടു 3:15 ഇപ്രകാരം പറയുന്നു: “ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.” * എന്നാൽ, നിർമലതയുടെയും വിശുദ്ധിയുടെയും സത്തയായ ദിവ്യ നാമം വിശുദ്ധീകരിക്കപ്പെടേണ്ടത്‌ എന്തുകൊണ്ടാണ്‌? മാനവ ചരിത്രത്തിന്റെ തുടക്കം മുതൽ ആ നാമം നിന്ദിക്കപ്പെടുകയും ദുഷിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു എന്നതിനാൽ.

ആദാമും ഹവ്വായും വിലക്കപ്പെട്ട കനി ഭക്ഷിക്കുന്നപക്ഷം അവർ മരിക്കുമെന്ന്‌ ഏദെനിൽവെച്ചു ദൈവം അവരോടു പറഞ്ഞിരുന്നു. (ഉല്‌പത്തി 2:17) എന്നാൽ യാതൊരു കൂസലും കൂടാതെ സാത്താൻ ദൈവം പറഞ്ഞതിനു നേർവിപരീതമായി ഹവ്വായോടു പറഞ്ഞു: “നിങ്ങൾ മരിക്കയില്ല നിശ്ചയം.” അങ്ങനെ, ദൈവം നുണ പറഞ്ഞതായി സാത്താൻ ആരോപിച്ചു. സാത്താൻ അതുകൊണ്ടു തൃപ്‌തനായില്ല. വിലയേറിയ പരിജ്ഞാനം ഹവ്വായിൽനിന്ന്‌ ദൈവം അന്യായമായി പിടിച്ചുവെച്ചിരിക്കുകയാണ്‌ എന്ന്‌ അവളോടു പറഞ്ഞുകൊണ്ട്‌ അവൻ ദൈവനാമത്തെ അധികമായി നിന്ദിച്ചു. “[നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം] തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു.” എത്ര വലിയ ദൂഷണം!​—⁠ഉല്‌പത്തി 3:4, 5.

വിലക്കപ്പെട്ട കനി ഭക്ഷിക്കുകവഴി ആദാമും ഹവ്വായും സാത്താന്റെ പക്ഷം ചേർന്നു. അതിൽപ്പിന്നെ, മിക്ക മനുഷ്യരും ദൈവത്തിന്റെ നീതിനിഷ്‌ഠമായ നിലവാരങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട്‌, അറിഞ്ഞോ അറിയാതെയോ ദിവ്യ നാമത്തിന്മേൽ ആദ്യം വന്നുകൂടിയ നിന്ദയുടെ ആക്കം കൂട്ടിയിരിക്കുന്നു. (1 യോഹന്നാൻ 5:19) തങ്ങളുടെ ദുരിതങ്ങൾക്ക്‌​—⁠അവ സ്വന്തം ജീവിതഗതിയുടെ പരിണതഫലം ആയിരിക്കാമെങ്കിലും​—⁠ദൈവത്തെ പഴിച്ചുകൊണ്ട്‌ ഇന്നും ആളുകൾ അവനെ ദുഷിക്കുന്നു. “സ്വന്തം ഭോഷത്തമാണ്‌ നാശത്തിലെത്തിക്കുന്നത്‌; എന്നിട്ടും ഹൃദയം കർത്താവിനെതിരേ കോപംകൊണ്ടു ജ്വലിക്കുന്നു” എന്ന്‌ സുഭാഷിതങ്ങൾ 19:3 ([സദൃശവാക്യങ്ങൾ 19:3], പി.ഒ.സി. ബൈബിൾ) പറയുന്നു. തന്റെ പിതാവിനോട്‌ യഥാർഥ സ്‌നേഹം ഉണ്ടായിരുന്ന യേശു, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ എന്നു പ്രാർഥിച്ചത്‌ എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ നിങ്ങൾക്കു കഴിയുന്നുവോ?

“നിന്റെ രാജ്യം വരേണമേ”

ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കപ്പെടാൻ പ്രാർഥിച്ച ശേഷം യേശു പറഞ്ഞു: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:10) നാം ചോദിച്ചേക്കാം: ‘എന്താണ്‌ ദൈവരാജ്യം? അതിന്റെ ആഗമനവും ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടുന്നതും തമ്മിൽ എന്തു ബന്ധമാണുള്ളത്‌?’

ബൈബിളിൽ “രാജ്യം” എന്നത്‌ അടിസ്ഥാനപരമായി “ഒരു രാജാവിന്റെ ഭരണാധിപത്യ”ത്തെ അർഥമാക്കുന്നു. അതുകൊണ്ട്‌ യുക്തിസഹമായി, ദൈവരാജ്യം എന്നത്‌ ദൈവം തിരഞ്ഞെടുക്കുന്ന ഒരു രാജാവിനാലുള്ള ഭരണാധിപത്യം അഥവാ ഗവൺമെന്റ്‌ ആണ്‌. പുനരുത്ഥാനം ചെയ്യപ്പെട്ട യേശുക്രിസ്‌തു​—⁠“രാജാധിരാജാവും കർത്താധികർത്താവും”​—⁠ആണ്‌ ആ രാജാവ്‌. (വെളിപ്പാടു 19:16; ദാനീയേൽ 7:13, 14) യേശുക്രിസ്‌തുവിന്റെ കരങ്ങളിലെ ദൈവത്തിന്റെ മിശിഹൈക രാജ്യത്തെ കുറിച്ച്‌ ദാനീയേൽ പ്രവാചകൻ ഇപ്രകാരം എഴുതി: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.”​—⁠ദാനീയേൽ 2:⁠44.

അതേ, ദൈവരാജ്യം ഭൂമിയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കും. അതു ഭൂമിയിൽനിന്നു ദുഷ്ടത പാടേ നീക്കം ചെയ്യും. മാത്രമല്ല, ആ രാജ്യം “എന്നേക്കും” നിലനിൽക്കും. അങ്ങനെ, ദൈവരാജ്യം മുഖാന്തരം യഹോവ തന്റെ നാമത്തെ വിശുദ്ധീകരിക്കുകയും സാത്താനും ദുഷ്ട മനുഷ്യരും അതിന്മേൽ വരുത്തിവെച്ചിരിക്കുന്ന നിന്ദ പാടേ തുടച്ചുമാറ്റുകയും ചെയ്യും.​—⁠യെഹെസ്‌കേൽ 36:⁠23.

എല്ലാ ഗവൺമെന്റുകളെയും പോലെ ദൈവരാജ്യത്തിനും പ്രജകളുണ്ട്‌. ആരാണ്‌ അവർ? ബൈബിൾ ഉത്തരം നൽകുന്നു: “എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:11) സമാനമായി യേശു പറഞ്ഞു: “സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.” തീർച്ചയായും, അവർക്ക്‌ ദൈവത്തെ കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനമുണ്ട്‌, അത്‌ ജീവൻ ലഭിക്കുന്നതിനുള്ള ഒരു നിബന്ധനയാണ്‌.​—⁠മത്തായി 5:5; യോഹന്നാൻ 17:⁠3.

ദൈവത്തെയും സഹമനുഷ്യരെയും യഥാർഥമായി സ്‌നേഹിക്കുന്ന താഴ്‌മയും സൗമ്യതയുമുള്ള ആളുകളെക്കൊണ്ട്‌ മുഴു ഭൂമിയും നിറഞ്ഞിരിക്കുന്നതിനെ കുറിച്ച്‌ നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ? (1 യോഹന്നാൻ 4:​7, 8) “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു പറഞ്ഞപ്പോൾ യേശു അതിനു വേണ്ടിയാണു പ്രാർഥിച്ചത്‌. അങ്ങനെ പ്രാർഥിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചതിന്റെ കാരണം നിങ്ങൾ മനസ്സിലാക്കുന്നുവോ? അതിലുപരി, ആ പ്രാർഥനയുടെ നിവൃത്തി നിങ്ങളെ വ്യക്തിപരമായി എങ്ങനെ ബാധിച്ചേക്കാമെന്നു നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടോ?

ദശലക്ഷങ്ങൾ ഇന്ന്‌ തിരുവെഴുത്തുകളെ അടിസ്ഥാനമാക്കി ന്യായവാദം ചെയ്യുന്നു

ദൈവരാജ്യത്തിന്റെ ആഗമനത്തെ ഉദ്‌ഘോഷിക്കുന്ന ഒരു ആഗോള ആത്മീയ വിദ്യാഭ്യാസ പരിപാടിയെ കുറിച്ച്‌ യേശു മുൻകൂട്ടി പറയുകയുണ്ടായി. അവൻ ഇങ്ങനെ പ്രസ്‌താവിച്ചു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ [ഈ ലോകത്തിന്റെ അല്ലെങ്കിൽ വ്യവസ്ഥിതിയുടെ] അവസാനം വരും.”​—⁠മത്തായി 24:⁠14.

ലോകവ്യാപകമായി ഏതാണ്ട്‌ 60 ലക്ഷം യഹോവയുടെ സാക്ഷികൾ തങ്ങളുടെ അയൽക്കാരുമായി ആ സുവാർത്ത പങ്കുവെക്കുന്നു. നിങ്ങളുടെ ന്യായബോധം ഉപയോഗിച്ച്‌ ‘തിരുവെഴുത്തുകൾ പരിശോധി’ച്ചുകൊണ്ട്‌ ദൈവത്തെയും അവന്റെ രാജ്യത്തെയും കുറിച്ചു കൂടുതൽ പഠിക്കാൻ അവർ നിങ്ങളെ ക്ഷണിക്കുന്നു. അപ്രകാരം ചെയ്യുന്നതു നിങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തും, “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ . . . യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരി”ക്കുന്ന ഒരു പറുദീസാ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയാൽ നിങ്ങൾ പുളകിതരാകും.​—⁠യെശയ്യാവു 11:6-9.

[അടിക്കുറിപ്പ്‌]

^ ഖ. 14 ചില പണ്ഡിതന്മാർ “യഹോവ” എന്നതിനു പകരം “യാഹ്‌വേ” എന്ന പരിഭാഷ ഉപയോഗിക്കാൻ താത്‌പര്യപ്പെടുന്നു. എന്നിരുന്നാലും, മിക്ക ആധുനിക ബൈബിൾ പരിഭാഷകരും തങ്ങളുടെ ഭാഷാന്തരങ്ങളിൽനിന്ന്‌ ദിവ്യ നാമത്തിന്റെ ഏതൊരു രൂപവും പാടേ നീക്കം ചെയ്യുകയും പകരം “കർത്താവ്‌” അല്ലെങ്കിൽ “ദൈവം” തുടങ്ങിയ പൊതു സ്ഥാനപ്പേരുകൾ ഉപയോഗിക്കുകയും ചെയ്‌തിരിക്കുന്നു. ദിവ്യ നാമത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക്‌, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരിക്കുന്ന എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്‌) എന്ന ലഘുപത്രിക കാണുക.

[8-ാം പേജിലെ ചതുരം/ചിത്രം]

മഹാ ഗുരുവിനെ അനുകരിക്കുക

മിക്കപ്പോഴും, നിശ്ചിത ബൈബിൾ വിഷയങ്ങളെ കേന്ദ്രീകരിച്ചാണ്‌ യേശു പഠിപ്പിച്ചത്‌. ഉദാഹരണത്തിന്‌ പുനരുത്ഥാനശേഷം അവൻ, തന്റെ മരണം നിമിത്തം ആശയക്കുഴപ്പത്തിലായ രണ്ടു ശിഷ്യന്മാർക്ക്‌ ദൈവോദ്ദേശ്യത്തിൽ തനിക്കുള്ള പങ്കിനെ കുറിച്ചു വിവരിച്ചുകൊടുത്തു. “മോശെ തുടങ്ങി സകലപ്രവാചകന്മാരിൽനിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു” എന്ന്‌ ലൂക്കൊസ്‌ 24:​27-ൽ നാം വായിക്കുന്നു.

യേശു ഒരു നിശ്ചിത വിഷയം​—⁠മിശിഹാ ആയ “തന്നെക്കുറിച്ചു”തന്നെയുള്ള ഒന്ന്‌​—⁠തിരഞ്ഞെടുത്തു എന്നതും തന്റെ ചർച്ചയിൽ “എല്ലാ തിരുവെഴുത്തുകളിലും”നിന്ന്‌ ഉദ്ധരിച്ചു എന്നതും ശ്രദ്ധിക്കുക. ഫലത്തിൽ, ഒരു ജിഗ്‌സോ പസ്സിലിന്റെ വിവിധ ഭാഗങ്ങൾ ചേർത്തുവെച്ചാലെന്നപോലെ പ്രസക്തമായ ബൈബിൾ വാക്യങ്ങൾ ചേർത്തുവെച്ചുകൊണ്ട്‌ യേശു സംസാരിച്ചു. ആത്മീയ സത്യത്തിന്റെ സുവ്യക്തമായ ഒരു ‘മാതൃക’ കാണാൻ അത്‌ അവന്റെ ശിഷ്യന്മാരെ സഹായിച്ചു. (2 തിമൊഥെയൊസ്‌ 1:​13) തത്‌ഫലമായി അത്‌ അവരെ പ്രബുദ്ധരാക്കുക മാത്രമല്ല, അവരുടെ ഹൃദയങ്ങളെ ആഴത്തിൽ സ്‌പർശിക്കുക കൂടെ ചെയ്‌തു. “അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്ന്‌ അവർ തമ്മിൽ പറഞ്ഞ”തായി വിവരണം കാണിക്കുന്നു. ​—⁠ലൂക്കൊസ്‌ 24:⁠32.

യഹോവയുടെ സാക്ഷികൾ തങ്ങളുടെ ശുശ്രൂഷയിൽ യേശുവിന്റെ രീതികൾ പിൻപറ്റാൻ ശ്രമിക്കുന്നു. ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയും നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകവും ആണ്‌ അവർ ഉപയോഗിക്കുന്ന പ്രധാന പഠന സഹായികൾ. “ദൈവം ആരാണ്‌?,” “ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്‌?,” “നിങ്ങൾക്കു സത്യമതം എങ്ങനെ കണ്ടെത്താം?,” “ഇവ അന്ത്യനാളുകൾ ആകുന്നു!,” “ദൈവത്തിനു ബഹുമതി വരുത്തുന്ന ഒരു കുടുംബം കെട്ടിപ്പടുക്കൽ” തുടങ്ങി രസകരമായ അനേകം ബൈബിൾ വിഷയങ്ങൾ ഈ പ്രസിദ്ധീകരണങ്ങളിൽ കാണാവുന്നതാണ്‌. ഓരോ അധ്യായത്തിലും നിരവധി തിരുവെഴുത്തുകളും നൽകിയിട്ടുണ്ട്‌.

ഇവയെക്കുറിച്ചും മറ്റു വിഷയങ്ങളെക്കുറിച്ചും ഉള്ള ഒരു സൗജന്യ ഭവന ബൈബിൾ അധ്യയനം ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ അടുത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടാനോ ഈ മാസികയുടെ രണ്ടാം പേജിൽ നൽകിയിരിക്കുന്ന വിലാസത്തിൽ എഴുതാനോ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.

[ചിത്രം]

നിശ്ചിത ബൈബിൾ വിഷയങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ട്‌ നിങ്ങളുടെ വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരുക

[7-ാം പേജിലെ ചിത്രങ്ങൾ]

യേശുവിന്റെ മാതൃകാ പ്രാർഥനയുടെ അർഥം നിങ്ങൾ ഗ്രഹിക്കുന്നുവോ?

“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്ക പ്പെടേണമേ . . .”

“നിന്റെ [മിശിഹൈക] രാജ്യം വരേണമേ . . .”

“നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ”