വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇന്നു തോന്നുന്ന സുരക്ഷിതത്വം—എന്നേക്കും ലഭിക്കുന്ന സുരക്ഷിതത്വം

ഇന്നു തോന്നുന്ന സുരക്ഷിതത്വം—എന്നേക്കും ലഭിക്കുന്ന സുരക്ഷിതത്വം

ഇന്നു തോന്നുന്ന സുരക്ഷിതത്വം—എന്നേക്കും ലഭിക്കുന്ന സുരക്ഷിതത്വം

സുരക്ഷിതത്വം കണ്ടെത്തുക അത്ര എളുപ്പമല്ല. അഥവാ കണ്ടെത്തിയാൽത്തന്നെ അതു താത്‌കാലികവുമാണ്‌. എന്താണതിനു കാരണം? നമ്മുടെ സുരക്ഷിതത്വബോധത്തിന്റെ അടിസ്ഥാനം സാങ്കൽപ്പികമായ ഒന്ന്‌, അതായത്‌ നേടിയെടുക്കാവുന്ന എന്തെങ്കിലും ആയിരിക്കുന്നതിനു പകരം നേടിയെടുക്കാനാകുമെന്നു നാം പ്രതീക്ഷിക്കുന്ന എന്തെങ്കിലും ആയതിനാൽ ആയിരിക്കുമോ? അത്തരം മിഥ്യാബോധം പുലർത്തുന്ന ഒരുവൻ സ്വപ്‌നലോകത്ത്‌ ആയിരിക്കും ജീവിക്കുന്നത്‌.

അരക്ഷിതത്വം നിറഞ്ഞ ജീവിത യാഥാർഥ്യത്തെ മറന്ന്‌ സുന്ദരവും സുരക്ഷിതവുമായ ഒരു അവസ്ഥയിലേക്കു പ്രവേശിക്കാൻ ഭാവന മനസ്സിനെ അനുവദിക്കുന്നു. ഒപ്പം, അത്‌ ആ മനോരാജ്യത്തെ താറുമാറാക്കിയേക്കാവുന്ന എന്തിനെയും അവഗണിക്കുകയും ചെയ്യുന്നു. എന്നാൽ പലപ്പോഴും, യഥാർഥ ലോകത്തിന്റെ പ്രശ്‌നങ്ങൾ പെട്ടെന്ന്‌ ആ മനോരാജ്യത്തിലേക്കു നുഴഞ്ഞുകയറി സുരക്ഷിതത്വബോധത്തെ നിഷ്‌കരുണം ആട്ടിപ്പായിച്ചുകൊണ്ട്‌ സ്വപ്‌നലോകത്തായിരിക്കുന്ന വ്യക്തിയെ കയ്‌പേറിയ യാഥാർഥ്യങ്ങൾ സംബന്ധിച്ചു ബോധവാനാക്കുന്നു.

ആളുകൾ സുരക്ഷിതത്വം തേടുന്ന ഒരു മണ്ഡലം, അതായത്‌ താമസത്തിനായി തിരഞ്ഞെടുക്കുന്ന ഇടം, നമുക്കു പരിശോധിക്കാം. ഉദാഹരണത്തിന്‌, ഒരു വൻ നഗരം ഉല്ലാസത്തിന്റെ പുതിയ മേഖലകൾ, നല്ല ശമ്പളം, ആഡംബര ഭവനങ്ങൾ എന്നിവ വാഗ്‌ദാനം ചെയ്യുന്നതായി കാണപ്പെട്ടേക്കാം. അതേ, അതു ദീർഘകാലമായി കാത്തിരുന്ന സുരക്ഷിതത്വം നൽകുന്നതായി ഒരുവനു തോന്നിയേക്കാം. എന്നാൽ ആ വീക്ഷണം യാഥാർഥ്യബോധത്തോടു കൂടിയതാണോ?

വൻനഗരത്തിന്റെ സുരക്ഷിതത്വം​—⁠സത്യമോ മിഥ്യയോ?

വികസ്വര രാജ്യങ്ങളിൽ, വൻ നഗരത്തിന്റെ വശ്യതയെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ അവിടേക്കു പോകാൻ ആളുകളെ പ്രലോഭിപ്പിച്ചേക്കാം. അത്തരം പരസ്യങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ കണ്ണ്‌ അവശ്യം നിങ്ങളുടെ സുരക്ഷിതത്വത്തിലല്ല, മറിച്ച്‌ അവരുടെ കച്ചവടത്തിലാണ്‌. സുരക്ഷിതത്വത്തെ ചിത്രീകരിക്കുന്ന വിജയരംഗങ്ങൾകൊണ്ട്‌ അവർ യഥാർഥ ലോകത്തിന്റെ പ്രശ്‌നങ്ങളെ മറച്ചുവെക്കുന്നു. അങ്ങനെ സുരക്ഷിതത്വം, തങ്ങൾ പരസ്യം ചെയ്യുന്ന ഉത്‌പന്നത്തോടും വൻനഗരത്തോടും ബന്ധപ്പെട്ടിരിക്കുന്നതായി അവർ എടുത്തുകാട്ടുന്നു.

പിൻവരുന്ന ദൃഷ്ടാന്തം ശ്രദ്ധിക്കുക. ഒരു പശ്ചിമാഫ്രിക്കൻ നഗരത്തിലെ ഉദ്യോഗസ്ഥർ, വാസ്‌തവത്തിൽ പുകവലിക്കുന്നതിലൂടെ ആളുകൾ ചെയ്യുന്നത്‌ കഠിനാധ്വാനം ചെയ്‌തുണ്ടാക്കിയ കാശു പുകച്ചുകളയുകയാണെന്നു വ്യക്തമായി ചിത്രീകരിക്കുന്ന പരസ്യബോർഡുകൾ സ്ഥാപിച്ചു. പുകവലിക്കെതിരെയുള്ള ഒരു ബോധവത്‌കരണ പരിപാടിയുടെ ഭാഗമായിരുന്നു അത്‌. എന്നാൽ, സിഗരറ്റ്‌ നിർമാതാക്കളും വിതരണക്കാരും, ആഹ്ലാദത്തിന്റെയും വിജയത്തിന്റെയും നയനാകർഷക രംഗങ്ങളിൽ പുകവലിക്കാരെ ചിത്രീകരിക്കുന്ന പരസ്യങ്ങൾക്ക്‌ കൗശലപൂർവം രൂപംകൊടുത്തുകൊണ്ട്‌ അതിനെതിരെ തിരിച്ചടിച്ചു. മാത്രമല്ല, പുകവലി പ്രോത്സാഹിപ്പിക്കാനായി ഒരു സിഗരറ്റ്‌ കമ്പനി തങ്ങളുടെ ചില ജോലിക്കാരെ മോടിയുള്ള യൂണിഫാറവും ബേസ്‌ബോൾ തൊപ്പിയും അണിയിച്ച്‌ “ഇതൊന്നു പരീക്ഷിച്ചുനോക്കൂ” എന്നു പറഞ്ഞുകൊണ്ട്‌ തെരുവിലെ ചെറുപ്പക്കാർക്കു സിഗരറ്റ്‌ വിതരണം ചെയ്യാൻ നിയോഗിച്ചു. ആ ചെറുപ്പക്കാരിൽ അനേകരും ഗ്രാമത്തിൽനിന്നു വന്നവരായിരുന്നു. പരസ്യങ്ങൾ ഒരുക്കുന്ന കെണിയെ കുറിച്ച്‌ അറിവില്ലാതിരുന്നതിനാൽ അവർ ആ ക്ഷണം സ്വീകരിച്ചു. അവർ പുകവലിക്ക്‌ അടിമകളായിത്തീരുകയും ചെയ്‌തു. സ്വന്തം കുടുംബത്തെ സഹായിക്കുകയോ സാമ്പത്തിക ഉന്നതി കൈവരിച്ചുകൊണ്ട്‌ സുരക്ഷിതത്വം നേടുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ ആ ചെറുപ്പക്കാർ ആ വൻ നഗരത്തിലേക്കു വന്നത്‌. എന്നാൽ, നല്ല കാര്യങ്ങൾക്ക്‌ ഉപയോഗിക്കാമായിരുന്ന പണത്തിലധികവും അവർ പുകച്ചുകളയുകയാണു ചെയ്‌തത്‌.

ഒരു വൻ നഗരത്തിലെ വിജയപ്രദമായ ജീവിതത്തെ ചിത്രീകരിക്കുന്ന പരസ്യങ്ങളുടെ ഉറവ്‌ എല്ലായ്‌പോഴും വ്യാപാരികളല്ല. മറിച്ച്‌, അവ വൻ നഗരത്തിലേക്കു വന്നിട്ടുള്ളവരും നാണക്കേടുകൊണ്ട്‌ സ്വഗ്രാമത്തിലേക്കു മടങ്ങാൻ മടിക്കുന്നവരുമായ ആളുകളായിരുന്നേക്കാം. പരാജിതരായി വീക്ഷിക്കപ്പെടാൻ ആഗ്രഹിക്കാത്തതിനാൽ, നഗരത്തിൽനിന്ന്‌ തങ്ങൾക്കു ധനവും നേട്ടങ്ങളും കൊയ്യാനായി എന്ന്‌ അവർ വീമ്പിളക്കുന്നു. എങ്കിലും അവരുടെ അവകാശവാദത്തെ കുറെക്കൂടെ അടുത്തു പരിശോധിക്കുന്നെങ്കിൽ, അവരുടെ ഇപ്പോഴത്തെ ജീവിതരീതി മുൻ ഗ്രാമജീവിതത്തെക്കാൾ മെച്ചമല്ലെന്നും മറ്റു മിക്ക നഗരവാസികളെപ്പോലെ അവരും സാമ്പത്തികമായി നട്ടംതിരിയുകയാണെന്നും അതു വെളിവാക്കുന്നു.

പ്രത്യേകിച്ചും വൻനഗരങ്ങളിൽ വെച്ചാണ്‌ സുരക്ഷിതത്വം തേടി എത്തുന്ന പുതിയവർ തത്ത്വദീക്ഷയില്ലാത്തവരുടെ ഇരകളായിത്തീരുന്നത്‌. കാരണമെന്താണ്‌? പൊതുവേ പറഞ്ഞാൽ, ആളുകളുമായി അടുത്ത സൗഹൃദം വളർത്തിയെടുക്കാൻ അവർക്കു സമയമില്ല. മാത്രമല്ല, അവർ കുടുംബാംഗങ്ങളിൽനിന്നു വളരെ അകലെയുമാണ്‌. അതുകൊണ്ട്‌, ഭൗതികാസക്ത നഗരജീവിതത്തിന്റെ കെണികളെ കുറിച്ചു മുന്നറിയിപ്പു കൊടുത്തുകൊണ്ട്‌ അവരെ സഹായിക്കാൻ ആരും ഇല്ലാതെവരുന്നു.

ഷോസ്വേ പുകവലി എന്ന കെണിയിൽ കുരുങ്ങിയില്ല. മാത്രമല്ല, നഗരജീവിതത്തിന്റെ വെല്ലുവിളികൾ തരണം ചെയ്യാനുള്ള പ്രാപ്‌തി തനിക്കില്ലെന്ന്‌ അവൻ തിരിച്ചറിയുകയും ചെയ്‌തു. അവന്റെ കാര്യത്തിൽ, നഗരം അവനു നൽകിയത്‌ പൂവണിയാത്ത കുറെ സ്വപ്‌നങ്ങൾ മാത്രമായിരുന്നു. തനിക്കു നഗരത്തിൽ യഥാർഥ സുരക്ഷിതത്വം ഇല്ലെന്ന്‌ അവൻ മനസ്സിലാക്കി; താൻ അവിടെ അന്യനായിരിക്കുന്നതായി അവൻ തിരിച്ചറിഞ്ഞു. ശൂന്യതയും അപകർഷതാബോധവും പരാജയചിന്തയും അവനെ കീഴടക്കി. ഒടുവിൽ ദുരഭിമാനത്തിന്റെ പത്തിമടക്കി അവൻ സ്വഗ്രാമത്തിലേക്കു തിരിച്ചുപോയി.

മറ്റുള്ളവർ തന്നെ പരിഹസിക്കുമോ എന്നതായിരുന്നു അവന്റെ പേടി. എന്നാൽ, കുടുംബാംഗങ്ങളും ഉറ്റ ചങ്ങാതിമാരും അവനെ സസന്തോഷം സ്വീകരിക്കുകയാണുണ്ടായത്‌. കുടുംബാംഗങ്ങളുടെ ഊഷ്‌മള സാമീപ്യവും ഗ്രാമത്തിലെ പരിചിതമായ ചുറ്റുപാടുകളും ക്രിസ്‌തീയ സഭയിലെ സുഹൃത്തുക്കളുടെ സ്‌നേഹവുമൊക്കെ ആയപ്പോൾ, അനേകരുടെയും സുന്ദര സ്വപ്‌നങ്ങൾ പേടിസ്വപ്‌നങ്ങളായി മാറുന്ന വൻ നഗരത്തിലെക്കാൾ വളരെയധികം സുരക്ഷിതത്വം അവനു പെട്ടെന്നുതന്നെ അനുഭവവേദ്യമായി. അവനെ അതിശയിപ്പിച്ച മറ്റൊരു സംഗതിയുണ്ട്‌, അതായത്‌, പിതാവിനോടൊപ്പം വയലിൽ ജോലി ചെയ്‌തുതുടങ്ങിയപ്പോൾ, നഗരത്തിലെ തന്റെ മിച്ചവരുമാനത്തെക്കാൾ ഉയർന്ന വരുമാനം അവനും കുടുംബത്തിനും ലഭിക്കാൻ തുടങ്ങി.

പണം​—⁠യഥാർഥ പ്രശ്‌നം എന്ത്‌?

പണം നിങ്ങൾക്കു സുരക്ഷിതത്വബോധം നൽകുമോ? കാനഡയിൽനിന്നുള്ള ലിസ്‌ പറയുന്നു: “പണം ഉത്‌കണ്‌ഠയെ അകറ്റുമെന്നായിരുന്നു യുവതിയായിരുന്നപ്പോഴത്തെ എന്റെ വിചാരം.” അവൾ സമ്പന്നനായ ഒരാളുമായി പ്രണയത്തിലായി. പെട്ടെന്നുതന്നെ അവർ വിവാഹിതരുമായി. അവൾക്കു സുരക്ഷിതത്വം അനുഭവപ്പെട്ടോ? ലിസ്‌ തുടരുന്നു: “വിവാഹിതരായപ്പോൾ ഞങ്ങൾക്കു മനോഹരമായ ഒരു വീടും രണ്ട്‌ കാറും ഉണ്ടായിരുന്നു. യാത്രയും വിനോദവും ഉൾപ്പെടെ ഭൗതികമായ എന്തും അക്ഷരീയമായി ആസ്വദിക്കാനുള്ള സ്വാതന്ത്ര്യം സാമ്പത്തിക ഭദ്രത നിമിത്തം ഞങ്ങൾക്കു ലഭിച്ചിരുന്നു. എന്നാൽ അതിശയകരമെന്നു പറയട്ടെ, അപ്പോഴും ഞാൻ പണത്തെക്കുറിച്ച്‌ ആകുലപ്പെട്ടിരുന്നു.” അതിന്റെ കാരണം എന്തായിരുന്നുവെന്ന്‌ അവർ വിശദീകരിക്കുന്നു: “നഷ്ടമാകാൻ ഞങ്ങൾക്കു ധാരാളം സംഗതികൾ ഉണ്ടായിരുന്നു. നിങ്ങൾക്ക്‌ എത്രത്തോളമുണ്ടോ അത്രത്തോളംതന്നെ അരക്ഷിതത്വവും അനുഭവപ്പെടുന്നതായി കാണപ്പെടുന്നു. പണം ആശങ്കയിൽനിന്നോ ഉത്‌കണ്‌ഠയിൽനിന്നോ ഉള്ള സ്വാതന്ത്ര്യം നൽകിയില്ല.”

സുരക്ഷിതരായിരിക്കാൻ വേണ്ട പണം ഇല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ സ്വയം ചോദിക്കുക: ‘യഥാർഥ പ്രശ്‌നം എന്താണ്‌? പണത്തിന്റെ കുറവാണോ അതോ പണം കൈകാര്യം ചെയ്യുന്നതിലെ അപാകതയാണോ?’ തന്റെ കഴിഞ്ഞകാലത്തെ കുറിച്ച്‌ ലിസ്‌ പറയുന്നു: “ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ പ്രശ്‌നങ്ങളുടെ കാരണം പണം കൈകാര്യം ചെയ്യുന്നതിലെ പിടിപ്പുകേട്‌ ആയിരുന്നു എന്ന്‌ ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു. ഞങ്ങൾ സാധനങ്ങൾ കടം വാങ്ങുമായിരുന്നതിനാൽ, എന്നും കടബാധ്യത ഉണ്ടായിരുന്നു. അതാണ്‌ ഉത്‌കണ്‌ഠയ്‌ക്കു കാരണമായിത്തീർന്നത്‌.”

എന്നാൽ ഇപ്പോൾ വളരെ സമ്പത്തില്ലെങ്കിലും, ലിസിനും ഭർത്താവിനും വളരെയധികം സുരക്ഷിതത്വം അനുഭവപ്പെടുന്നു. ദൈവവചനത്തിലെ സത്യം പഠിച്ചപ്പോൾ അവർ, പണത്തിനു നൽകാൻ കഴിയുന്ന വശ്യമായ കാര്യങ്ങൾക്കു ശ്രദ്ധകൊടുക്കുന്നതു നിറുത്തുകയും പിൻവരുന്ന വാക്കുകൾ ഉൾപ്പെടെയുള്ള ദൈവത്തിന്റെ ജ്ഞാനത്തിനു ശ്രദ്ധ കൊടുക്കുകയും ചെയ്‌തു: “എന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.” (സദൃശവാക്യങ്ങൾ 1:33) വലിയ ബാങ്ക്‌ നിക്ഷേപത്തിനു നൽകാൻ കഴിയുന്നതിനെക്കാൾ കൂടുതലായ അർഥം തങ്ങളുടെ ജീവിതത്തിന്‌ ഉണ്ടായിരിക്കാൻ അവർ ആഗ്രഹിച്ചു. ഇപ്പോൾ ഒരു വിദൂര രാജ്യത്തു മിഷനറിമാരായി സേവിക്കുന്ന ലിസും ഭർത്താവും, യഹോവയാം ദൈവം പെട്ടെന്നുതന്നെ ആഗോള സുരക്ഷിതത്വം കൈവരുത്തുമെന്ന്‌ സമ്പന്നരെയും ദരിദ്രരെയും ഒരുപോലെ പഠിപ്പിക്കുന്നു. മഹത്തായ ഒരു ഉദ്ദേശ്യത്തിൽനിന്നും ശ്രേഷ്‌ഠമായ മൂല്യങ്ങളിൽനിന്നും ഉളവാകുന്ന ആഴമായ സംതൃപ്‌തിയും സ്ഥിരതയും ഈ പ്രവർത്തനം പ്രദാനം ചെയ്യുന്നു. സാമ്പത്തിക നേട്ടത്തിൽനിന്നല്ല അതു ലഭിക്കുന്നത്‌.

ഈ അടിസ്ഥാന തത്ത്വം മനസ്സിൽ പിടിക്കുക: ദൈവികമായി സമ്പന്നരായിരിക്കുന്നതിനാണ്‌ ഭൗതിക ധനം ഉണ്ടായിരിക്കുന്നതിനെക്കാൾ മൂല്യമുള്ളത്‌. വിശുദ്ധ തിരുവെഴുത്തുകളിൽ ഉടനീളം ഊന്നൽ നൽകിയിരിക്കുന്നത്‌ ഭൗതിക ധനം സമ്പാദിക്കുന്നതിനല്ല, മറിച്ച്‌ യഹോവയുടെ മുമ്പാകെ ഒരു നല്ല നില ഉണ്ടായിരിക്കുന്നതിനാണ്‌. വിശ്വാസത്തോടെ ദൈവേഷ്ടം ചെയ്യുന്നതിൽ തുടർന്നുകൊണ്ട്‌ നമുക്ക്‌ അതു നിലനിറുത്താൻ കഴിയും. “ദൈവവിഷയമായി സമ്പന്ന”രാകാനും ‘സ്വർഗത്തിൽ നിക്ഷേപം ഉണ്ടാക്കാ’നും ക്രിസ്‌തുയേശു നമ്മെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു.​—⁠ലൂക്കൊസ്‌ 12:21, 33.

സമൂഹത്തിലെ സ്ഥാനമാനം​—⁠നിങ്ങൾ എവിടേക്ക്‌?

സമൂഹത്തിലെ ഒരു ഉന്നത സ്ഥാനത്തേക്ക്‌ ഉയരുന്നതുവഴി സുരക്ഷിതത്വം ലഭിക്കുമെന്നാണു നിങ്ങൾ കരുതുന്നതെങ്കിൽ, സ്വയം ഇപ്രകാരം ചോദിക്കുക: ‘ഉന്നതസ്ഥാനത്തേക്ക്‌ ഉയർന്നുകൊണ്ടിരിക്കുന്ന ആർക്കാണ്‌ യഥാർഥത്തിൽ സുരക്ഷിതത്വം ഉള്ളത്‌? അതു നേടാനായി ഞാൻ എത്രത്തോളം ഉയരണം?’ വിജയപ്രദമായ ഒരു ജോലി നിങ്ങൾക്കു വ്യാജ സുരക്ഷിതബോധം നൽകിയേക്കാം. അതു നിരാശയിലേക്കോ വിനാശകരമായ പതനത്തിലേക്കോ നയിച്ചേക്കാം.

മനുഷ്യരുടെ ഇടയിൽ ഒരു പേര്‌ ഉണ്ടായിരിക്കുന്നതിനെക്കാൾ ദൈവമുമ്പാകെ ഒരു നല്ല പേര്‌ ഉണ്ടായിരിക്കുന്നതാണ്‌ കൂടുതൽ സുരക്ഷിതത്വം നൽകുന്നതെന്ന്‌ യഥാർഥ ജീവിതാനുഭവങ്ങൾ കാണിക്കുന്നു. യഹോവയ്‌ക്കു മാത്രമേ നിത്യജീവൻ എന്ന ദാനം മനുഷ്യർക്കു നൽകാനാകൂ. അതിന്‌ പ്രമുഖരുടെ പേരുവിവരങ്ങളുള്ള പുസ്‌തകത്തിൽ അല്ല, മറിച്ച്‌ ദൈവത്തിന്റെ ജീവപുസ്‌തകത്തിൽ പേർ എഴുതപ്പെടേണ്ടിയിരിക്കുന്നു.​—⁠പുറപ്പാടു 32:32; വെളിപ്പാടു 3:⁠5.

വ്യാമോഹങ്ങൾ ഉപേക്ഷിക്കുമ്പോൾ, നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെ നിങ്ങൾ എപ്രകാരമാണു വിലയിരുത്തുന്നത്‌, ഭാവിയിൽ നിങ്ങൾക്കു വാസ്‌തവത്തിൽ എന്തു പ്രതീക്ഷിക്കാൻ കഴിയും? എല്ലാം തികഞ്ഞ ആരുമില്ല. ഒരു ക്രിസ്‌തീയ സഹോദരൻ ഇങ്ങനെ പറഞ്ഞു: “ജീവിതത്തിൽ സകലതും ഉണ്ടായിരിക്കാനാവില്ല, നാം തിരഞ്ഞെടുപ്പുകൾ നടത്തേണ്ടതുണ്ട്‌.” ദയവായി ഒരു നിമിഷംനിന്ന്‌ “ബെനിനിൽവെച്ച്‌ പറഞ്ഞ കഥ” എന്ന ചതുരം വായിക്കുക.

ഇനി ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുക: എന്റെ ജീവിതത്തിലെ ഒരു പ്രധാന ലക്ഷ്യം അല്ലെങ്കിൽ ഉദ്ദേശ്യം എന്താണ്‌? അതിൽ എത്തിച്ചേരാനുള്ള ഏറ്റവും എളുപ്പ വഴി ഏതാണ്‌? ഞാൻ സുദീർഘമായ, സുരക്ഷിതമല്ലാത്ത, വളഞ്ഞ വഴിയിലൂടെയാണോ സഞ്ചരിക്കുന്നത്‌? വാസ്‌തവത്തിൽ എനിക്ക്‌ ആവശ്യമുള്ള, യഥാർഥത്തിൽ സാധ്യമായ സംഗതികൾ അത്ര സങ്കീർണമല്ലാത്ത മാർഗത്തിലൂടെ നേടാൻ സാധിക്കുമോ?

ആത്മീയ കാര്യങ്ങളോടുള്ള താരതമ്യത്തിൽ ഭൗതിക വസ്‌തുക്കൾക്കുള്ള ആപേക്ഷിക മൂല്യത്തെക്കുറിച്ചു ബുദ്ധിയുപദേശം നൽകിയശേഷം, “കണ്ണ്‌ ലളിതമായി സൂക്ഷിക്കാൻ” യേശു പറഞ്ഞു. (മത്തായി 6:​22, NW) ജീവിതത്തിലെ മുഖ്യ സംഗതികൾ ദൈവനാമത്തെയും അവന്റെ രാജ്യത്തെയും കേന്ദ്രീകരിച്ചുള്ള ആത്മീയ മൂല്യങ്ങളും ലക്ഷ്യങ്ങളുമാണെന്ന്‌ അവൻ വ്യക്തമാക്കി. (മത്തായി 6:9, 10) മറ്റു കാര്യങ്ങൾ പ്രാധാന്യം കുറഞ്ഞവയാണ്‌, ശ്രദ്ധാകേന്ദ്രത്തിന്‌ അഥവാ ഫോക്കസിനു പുറത്താണ്‌.

ഇന്നുള്ള മിക്ക കാമറകളും അടുത്തും അകലെയുമുള്ള വസ്‌തുക്കളിൽ തനിയെ ഫോക്കസ്‌ ചെയ്യുന്നവയാണ്‌. അതുപോലെ ആയിരിക്കാനുള്ള ചായ്‌വ്‌ നിങ്ങൾക്കുണ്ടോ? കാണുന്ന മിക്കവാറുമെല്ലാ സംഗതികളും നിങ്ങളുടെ ‘ശ്രദ്ധാകേന്ദ്രത്തിൽ’ വരുന്നുവോ, അതായത്‌ അവയെല്ലാം പ്രധാനവും അഭിലഷണീയവും ആഗ്രഹിക്കുംപോലെ നേടിയെടുക്കാൻ സാധിക്കുന്നതും ആണെന്നു നിങ്ങൾ കരുതുന്നുവോ? ഭാഗികമായിട്ടെങ്കിലും അങ്ങനെയാണെങ്കിൽ, ക്രിസ്‌ത്യാനികളുടെ പ്രധാന ലക്ഷ്യമായ ദൈവരാജ്യം, നിങ്ങളുടെ ശ്രദ്ധ കവരാൻ മത്സരിക്കുന്ന വ്യത്യസ്‌ത പ്രതിബിംബങ്ങൾക്കിടയിൽപ്പെട്ട്‌ നഷ്ടമായേക്കാം. യേശു നൽകിയ ശക്തമായ ഉദ്‌ബോധനം ഇതാണ്‌: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.”​—⁠മത്തായി 6:⁠33.

സുരക്ഷിതത്വം​—⁠ഇന്നും എന്നേക്കും

നാമും നമ്മുടെ പ്രിയപ്പെട്ടവരും മെച്ചപ്പെട്ട അവസ്ഥകളിൽ ആയിരിക്കുന്നതിനെ കുറിച്ച്‌ നാമെല്ലാം സ്വപ്‌നം കണ്ടേക്കാം. എന്നിരുന്നാലും, നാം അപൂർണരാണെന്നും അപൂർണ ലോകത്തിൽ ജീവിക്കുന്നുവെന്നും നമ്മുടെ ആയുർദൈർഘ്യം പരിമിതമാണെന്നും ഉള്ള വസ്‌തുത, നേടിയെടുക്കാൻ നമുക്ക്‌ യഥാർഥമായും പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ പരിമിതപ്പെടുത്താൻ നമ്മെ നിർബന്ധിതരാക്കുന്നു. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ്‌ ഒരു ബൈബിൾ എഴുത്തുകാരൻ ഇപ്രകാരം എഴുതി: “പിന്നെയും ഞാൻ സൂര്യന്നു കീഴെ കണ്ടതു: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികൾക്കു ആഹാരവും വിവേകികൾക്കു സമ്പത്തും സാമർത്ഥ്യമുള്ളവർക്കു പ്രീതിയും ലഭിക്കുന്നില്ല; അവർക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നതു.”​—⁠സഭാപ്രസംഗി 9:⁠11.

ചിലപ്പോഴെല്ലാം തിരക്കേറിയ ദിനചര്യ നിമിത്തം, നാം ആരാണെന്നും യഥാർഥ സുരക്ഷിതത്വം ലഭിക്കുന്നതിന്‌ കൂടുതൽ പ്രധാനമായിരിക്കുന്നത്‌ എന്താണെന്നും നാം മറന്നുപോയേക്കാം. പിൻവരുന്ന പുരാതന ജ്ഞാനമൊഴികൾ ശ്രദ്ധിക്കുക: “ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യ പ്രിയന്നു ആദായം കിട്ടീട്ടും തൃപ്‌തിവരുന്നില്ല. അതും മായ അത്രേ. വേല ചെയ്യുന്ന മനുഷ്യൻ അല്‌പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.” (സഭാപ്രസംഗി 5:10, 12) അതേ, നിങ്ങളുടെ സുരക്ഷിതത്വത്തിന്റെ അടിസ്ഥാനം എന്താണ്‌?

നിങ്ങളുടെ സാഹചര്യം ഏറെക്കുറെ ഷോസ്വേയുടെ അയഥാർഥമായ സ്വപ്‌നം പോലെയാണെങ്കിൽ, നിങ്ങളുടെ പദ്ധതികൾക്കു മാറ്റം വരുത്താൻ കഴിയുമോ? നിങ്ങളെ സ്‌നേഹിക്കുന്നവർ നിങ്ങളെ പിന്തുണയ്‌ക്കും, ഷോസ്വേയുടെ കുടുംബാംഗങ്ങളും ക്രിസ്‌തീയ സഭയിലെ സുഹൃത്തുക്കളും ചെയ്‌തതുപോലെ. നിങ്ങളെ സ്‌നേഹിക്കുന്നവരുമൊത്തുള്ള എളിയ ചുറ്റുപാടായിരിക്കാം നിങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവരോടൊത്തുള്ള നഗരജീവിതത്തെക്കാൾ സുരക്ഷിതം.

ലിസിനെയും ഭർത്താവിനെയും പോലെ നിങ്ങൾ ഇപ്പോൾത്തന്നെ സമ്പന്നരാണെങ്കിൽ, യഥാർഥ സുരക്ഷിതത്വം നേടാനുള്ള മാർഗമായ ദൈവരാജ്യത്തെക്കുറിച്ചു പഠിക്കാൻ സമ്പന്നരെയും ദരിദ്രരെയും ഒരുപോലെ സഹായിക്കുന്നതിന്‌ കൂടുതൽ സമയവും ഊർജവും ചെലവഴിക്കാൻ കഴിയത്തക്കവിധം ജീവിതരീതിയിൽ പൊരുത്തപ്പെടുത്തൽ വരുത്താൻ നിങ്ങൾക്കു കഴിയുമോ?

സമൂഹത്തിലോ തൊഴിൽരംഗത്തോ ഉയർന്ന സ്ഥാനമാനങ്ങൾ നേടാനുള്ള ശ്രമത്തിലാണു നിങ്ങളെങ്കിൽ, അതിനു പ്രേരിപ്പിക്കുന്ന സംഗതി സംബന്ധിച്ചു നിങ്ങൾ സത്യസന്ധമായ ഒരു വിലയിരുത്തൽ നടത്തേണ്ടതുണ്ടായിരിക്കാം. വ്യക്തിപരമായ ചില സൗകര്യങ്ങൾ ജീവിതത്തെ കുറേക്കൂടെ ആസ്വാദ്യമാക്കിയേക്കാം എന്നതു ശരിതന്നെ. എന്നാൽ, നിത്യമായ സുരക്ഷിതത്വം നേടാനുള്ള യഥാർഥ മാർഗമായ രാജ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? യേശുവിന്റെ വാക്കുകൾ ഓർമിക്കുക: “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം.” (പ്രവൃത്തികൾ 20:35) ക്രിസ്‌തീയ സഭയിലെ വ്യത്യസ്‌ത പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നെങ്കിൽ നിങ്ങൾക്കു പ്രതിഫലദായകമായ സുരക്ഷിതത്വം അനുഭവിക്കാൻ കഴിയും.

യഹോവയിലും അവന്റെ രാജ്യത്തിലും പൂർണ വിശ്വാസം അർപ്പിക്കുന്നവർക്ക്‌ ഇപ്പോൾത്തന്നെ ഹൃദയോഷ്‌മളമായ സുരക്ഷിതത്വം ആസ്വദിക്കാൻ കഴിയുന്നുണ്ട്‌. മാത്രമല്ല, അവർ ഭാവിയിലെ പരിപൂർണമായ സുരക്ഷിതത്വത്തിനായി നോക്കിപ്പാർത്തിരിക്കുകയും ചെയ്യുന്നു. സങ്കീർത്തനക്കാരൻ ഇപ്രകാരം പറഞ്ഞു: “ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല. അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും.”​—⁠സങ്കീർത്തനം 16:8, 9.

[6-ാം പേജിലെ ചതുരം/ചിത്രം]

ബെനിനിൽവെച്ച്‌ പറഞ്ഞ കഥ

ഈ കഥ നിരവധി തവണ വ്യത്യസ്‌ത വിധങ്ങളിൽ പറയപ്പെട്ടിട്ടുണ്ട്‌. അടുത്തകാലത്ത്‌ പശ്ചിമാഫ്രിക്കയിലെ ബെനിനിലുള്ള ഒരു മുതിർന്ന ഗ്രാമവാസി ഇത്‌ ഏതാനും ചെറുപ്പക്കാരോടു പിൻവരുന്ന പ്രകാരം പറഞ്ഞു.

ഒരു മുക്കുവൻ തന്റെ ചെറുവഞ്ചിയിൽ വീട്ടിലേക്കു മടങ്ങവേ, ആ വികസ്വര രാജ്യത്തു സേവനമനുഷ്‌ഠിക്കുന്ന വിദേശീയനായ ഒരു ബിസിനസ്‌ വിദഗ്‌ധനെ കണ്ടുമുട്ടുന്നു. എന്തുകൊണ്ടാണ്‌ ഇത്ര നേരത്തേ വീട്ടിലേക്കു പോകുന്നതെന്ന്‌ അദ്ദേഹം മുക്കുവനോടു ചോദിക്കുന്നു. തനിക്കു കുറച്ചുകൂടെ കഴിഞ്ഞു പോയാലും മതിയായിരുന്നെന്നും, എന്നാൽ വീട്ടുകാര്യങ്ങൾ നടത്താൻ ആവശ്യമായത്ര മീൻ കിട്ടിയെന്നും അയാൾ മറുപടി പറയുന്നു.

“ആകട്ടെ, താങ്കൾ എങ്ങനെയാണ്‌ താങ്കളുടെ സമയമെല്ലാം ചെലവഴിക്കുന്നത്‌?” വിദഗ്‌ധൻ ചോദിക്കുന്നു.

മുക്കുവന്റെ ഉത്തരം: “ഞാൻ കുറച്ചു മീൻ പിടിക്കും. കുട്ടികളോടുകൂടെ കളിക്കും. ഉച്ചയാകുമ്പോൾ എല്ലാവരും ഒന്നു മയങ്ങും. വൈകുന്നേരം ഒന്നിച്ചിരുന്ന്‌ അത്താഴം കഴിക്കും. അതുകഴിഞ്ഞ്‌ ഞാൻ കൂട്ടുകാരുമൊത്തു പാട്ടുംമേളവുമൊക്കെയായി കുറച്ചു സമയം ചെലവഴിക്കും. അങ്ങനെ . . .”

വിദഗ്‌ധൻ ഇടയ്‌ക്കുകയറി പറയുന്നു: “നോക്ക്‌, എനിക്ക്‌ ഒരു സർവകലാശാലാ ബിരുദമുണ്ട്‌. ഈ കാര്യങ്ങളൊക്കെ ഞാൻ പഠിച്ചിട്ടുമുണ്ട്‌. ഞാൻ നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നു. മീൻ പിടിക്കാൻ താങ്കൾ കുറച്ചുകൂടെ സമയം ചെലവിടണം. അപ്പോൾ നിങ്ങൾക്കു കൂടുതൽ വരുമാനം ഉണ്ടാകും, പെട്ടെന്നുതന്നെ നിങ്ങൾക്ക്‌ ഈ ചെറുവള്ളത്തിനു പകരം ഒരു ബോട്ടു വാങ്ങാൻ സാധിക്കും. ആ വലിയ ബോട്ട്‌ ഉപയോഗിച്ചു നിങ്ങൾ പിന്നെയും സമ്പാദിക്കും. അങ്ങനെ താമസിയാതെ മത്സ്യബന്ധനബോട്ടുകളുടെ ഒരു വ്യൂഹംതന്നെ നിങ്ങൾക്ക്‌ ഉണ്ടായിരിക്കും.”

“അതുകഴിഞ്ഞ്‌?” മുക്കുവൻ അന്വേഷിക്കുന്നു.

“പിന്നെ, ഒരു ഇടക്കച്ചവടക്കാരനിലൂടെ മീൻ വിൽക്കുന്നതിനുപകരം നേരിട്ടു ഫാക്ടറിയുമായി ഇടപാടു നടത്താനും ഒരുപക്ഷേ സ്വന്തമായി ഒരു മത്സ്യസംസ്‌കരണ ശാല തുടങ്ങാൻപോലും നിങ്ങൾക്കു കഴിഞ്ഞേക്കാം. അതിനുശേഷം ഈ ഗ്രാമത്തിൽനിന്ന്‌ കൊട്ടോനുവിലേക്കോ പാരീസിലേക്കോ ന്യൂയോർക്കിലേക്കോ മാറാനും അവിടെയിരുന്നുകൊണ്ട്‌ ബിസിനസ്‌ നിയന്ത്രിക്കാനും സാധിക്കും. സ്റ്റോക്ക്‌ മാർക്കറ്റിലൂടെ നിങ്ങളുടെ ബിസിനസ്സിന്റെ ഓഹരികൾ വിറ്റ്‌ വലിയ ധനികനാകാൻ പോലും കഴിയും.

“ഇതിനെല്ലാം എത്രകാലം വേണ്ടിവരും?” മുക്കുവൻ ചോദിക്കുന്നു.

“ഒരുപക്ഷേ 15-ഓ 20-ഓ വർഷം,” വിദഗ്‌ധൻ ഉത്തരം നൽകുന്നു.

“പിന്നെ?” മുക്കുവൻ തുടരുന്നു.

“അപ്പോഴാണ്‌ ജീവിതം രസകരമാകുന്നത്‌,” വിദഗ്‌ധൻ വിശദീകരിക്കുന്നു. “പിന്നെ നിങ്ങൾക്കു വിരമിക്കാം. ഈ തിരക്കിൽനിന്നെല്ലാം ഒഴിഞ്ഞ്‌ അകലെയുള്ള ഏതെങ്കിലുമൊരു ഗ്രാമത്തിൽ പോയി താമസിക്കാം.”

“എന്നിട്ടോ?” മുക്കുവൻ ചോദിക്കുന്നു.

“പിന്നെ കുറച്ചു മീൻ പിടിക്കാനും കുട്ടികളുമൊത്തു കളിക്കാനും ഉച്ചയാകുമ്പോൾ ഒന്നു മയങ്ങാനും വൈകുന്നേരം ഒന്നിച്ചിരുന്ന്‌ അത്താഴം കഴിക്കാനും അതുകഴിഞ്ഞ്‌ കൂട്ടുകാരുമൊത്തു പാട്ടുംമേളവുമൊക്കെയായി കൂടിവരാനും നിങ്ങൾക്കു സമയം കിട്ടും.”

[7-ാം പേജിലെ ചിത്രങ്ങൾ]

സ്ഥാനക്കയറ്റം സുരക്ഷിതത്വം കൈവരുത്തുന്നുവോ?

[8-ാം പേജിലെ ചിത്രങ്ങൾ]

സഹക്രിസ്‌ത്യാനികൾ നിങ്ങളുടെ സുരക്ഷിത്വത്തിൽ യഥാർഥ താത്‌പര്യമുള്ളവരാണ്‌