വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവിക തത്ത്വങ്ങളെ നിങ്ങളുടെ കാലടികൾക്കു വഴികാട്ടിയാക്കുക

ദൈവിക തത്ത്വങ്ങളെ നിങ്ങളുടെ കാലടികൾക്കു വഴികാട്ടിയാക്കുക

ദൈവിക തത്ത്വങ്ങളെ നിങ്ങളുടെ കാലടികൾക്കു വഴികാട്ടിയാക്കുക

‘ശുഭകരമായി പ്രവർത്തിപ്പാൻ യഹോവ നമ്മെ അഭ്യസിപ്പിക്കുന്നു.’​—⁠യെശയ്യാവു 48:⁠17.

1. സ്രഷ്ടാവ്‌ മനുഷ്യരെ വഴിനയിക്കുന്നത്‌ എങ്ങനെ?

പ്രപഞ്ചത്തിന്റെ നിഗൂഢതകളുടെ ചുരുളഴിക്കാൻ യത്‌നിക്കുന്ന ശാസ്‌ത്രജ്ഞർ, അതിൽ അടങ്ങിയിരിക്കുന്ന ഊർജത്തിന്റെ ആധിക്യം കണ്ട്‌ അമ്പരക്കുന്നു. ഇടത്തരം വലുപ്പമുള്ള ഒരു നക്ഷത്രമായ സൂര്യൻ, “ഓരോ സെക്കൻഡിലും, 100 ശതകോടി ഹൈഡ്രജൻ ബോംബുകൾ പൊട്ടിത്തെറിച്ചാൽ ഉണ്ടാകുന്നത്രയും” ഊർജം ഉത്‌പാദിപ്പിക്കുന്നു. തന്റെ അപരിമേയമായ ശക്തിയാൽ സ്രഷ്ടാവിന്‌ ഇത്തരം വൻ ജ്യോതിർഗോളങ്ങളെ നിയന്ത്രിക്കാനും അവയുടെ ഗതി നിർണയിക്കാനും കഴിയും. (ഇയ്യോബ്‌ 38:32; യെശയ്യാവു 40:26) സ്വതന്ത്ര ഇച്ഛാശക്തിയും ധാർമിക ബോധവും ന്യായവിചാരവും ആത്മീയ ഗ്രഹണ പ്രാപ്‌തിയും ഉള്ള മനുഷ്യരായ നമ്മുടെ കാര്യമോ? നമ്മുടെ സ്രഷ്ടാവ്‌ നമ്മെ വഴിനയിക്കുന്നത്‌ എങ്ങനെയാണ്‌? നന്നായി പരിശീലിപ്പിക്കപ്പെട്ട നമ്മുടെ മനസ്സാക്ഷിയാലും അതുപോലെതന്നെ തന്റെ പൂർണതയുള്ള നിയമങ്ങളാലും ഉത്‌കൃഷ്ട തത്ത്വങ്ങളാലും അവൻ സ്‌നേഹപൂർവം നമ്മെ വഴിനയിക്കുന്നു.​—⁠2 ശമൂവേൽ 22:31; റോമർ 2:14, 15.

2, 3. എങ്ങനെയുള്ള അനുസരണത്തിലാണ്‌ ദൈവം ആനന്ദിക്കുന്നത്‌?

2 തന്നെ അനുസരിക്കുന്ന ബുദ്ധിശക്തിയുള്ള സൃഷ്ടികളിൽ ദൈവം ആനന്ദിക്കുന്നു. (സദൃശവാക്യങ്ങൾ 27:11) ചിന്താശേഷിയില്ലാത്ത റോബോട്ടുകളെ പോലെയല്ല യഹോവ നമ്മെ സൃഷ്ടിച്ചിരിക്കുന്നത്‌. പകരം, സ്വതന്ത്ര ഇച്ഛാശക്തി നൽകി അവൻ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. അതുകൊണ്ട്‌ കാര്യജ്ഞാനത്തോടു കൂടി ശരിയായ തീരുമാനങ്ങൾ എടുക്കാൻ നമുക്കു സാധിക്കുന്നു.​—⁠എബ്രായർ 5:⁠14.

3 പിതാവിന്റെ ഗുണങ്ങൾ പൂർണമായി പ്രതിഫലിപ്പിച്ച യേശു, ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളോടു കല്‌പിക്കുന്നതു ചെയ്‌താൽ നിങ്ങൾ എന്റെ സ്‌നേഹിതന്മാർ തന്നേ. . . . ഞാൻ നിങ്ങളെ ദാസന്മാർ എന്നു ഇനി പറയുന്നില്ല.” (യോഹന്നാൻ 15:14, 15) പുരാതന നാളുകളിൽ, തന്റെ യജമാനന്റെ കൽപ്പനകൾ അതുപടി അനുസരിക്കാനേ ദാസന്മാർക്കു കഴിയുമായിരുന്നുള്ളൂ. അതിൽനിന്നു ഭിന്നമായി, ഹൃദയാകർഷകമായ ഗുണങ്ങൾ പ്രകടമാക്കുമ്പോൾ ഒരു സൗഹൃദബന്ധം വളർന്നുവരുന്നു. നമുക്ക്‌ യഹോവയുടെ സ്‌നേഹിതർ ആയിരിക്കാൻ കഴിയും. (യാക്കോബ്‌ 2:23) പരസ്‌പര സ്‌നേഹം ഈ ബന്ധത്തെ സുദൃഢമാക്കുന്നു. ദൈവത്തോടുള്ള അനുസരണത്തെ സ്‌നേഹവുമായി ബന്ധപ്പെടുത്തിക്കൊണ്ട്‌ യേശു പറഞ്ഞു: “എന്നെ സ്‌നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവും അവനെ സ്‌നേഹിക്കും.” (യോഹന്നാൻ 14:23) യഹോവ നമ്മെ സ്‌നേഹിക്കുകയും സുരക്ഷിതമായി വഴിനയിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നതിനാൽ തന്റെ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ അവൻ നമ്മെ ക്ഷണിക്കുന്നു.

ദൈവിക തത്ത്വങ്ങൾ

4. തത്ത്വങ്ങളെ നിങ്ങൾ എങ്ങനെ വിശദീകരിക്കും?

4 എന്താണ്‌ തത്ത്വങ്ങൾ? പൊതുവായതോ അടിസ്ഥാനപരമായതോ ആയ ഒരു സത്യം; മറ്റു നിയമങ്ങൾക്കും പ്രമാണങ്ങൾക്കും ആധാരമായ അല്ലെങ്കിൽ അവയുടെ ഉറവിടമായി വർത്തിക്കുന്ന സമഗ്രവും അടിസ്ഥാനപരവുമായ നിയമം, ഉപദേശം, അല്ലെങ്കിൽ അനുമാനം എന്നാണ്‌ തത്ത്വത്തെ ഒരു നിഘണ്ടു നിർവചിക്കുന്നത്‌. ജീവിതത്തിലെ വിവിധ സാഹചര്യങ്ങൾക്കും വശങ്ങൾക്കും ബാധകമാകുന്ന അടിസ്ഥാന നിർദേശങ്ങൾ നമ്മുടെ സ്വർഗീയ പിതാവ്‌ പ്രദാനം ചെയ്യുന്നതായി ബൈബിളിന്റെ സൂക്ഷ്‌മമായ പഠനം വെളിപ്പെടുത്തുന്നു. നമ്മുടെ നിത്യ പ്രയോജനം മുന്നിൽ കണ്ടാണ്‌ അവൻ അതു ചെയ്യുന്നത്‌. ജ്ഞാനിയായ ശലോമോൻ രാജാവ്‌ എഴുതിയതിനു ചേർച്ചയിലാണ്‌ അത്‌: “മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക; എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും. ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു: നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.” (സദൃശവാക്യങ്ങൾ 4:10, 11) യഹോവ പ്രദാനം ചെയ്യുന്ന അടിസ്ഥാന തത്ത്വങ്ങൾ നമ്മുടെ ആരാധനയെയും ദൈനംദിന ജീവിതത്തെയും അവനുമായും സഹക്രിസ്‌ത്യാനികളുമായും ഉള്ള നമ്മുടെ ബന്ധത്തെയും ബാധിക്കുന്നു. (സങ്കീർത്തനം 1:1) ആ തത്ത്വങ്ങളിൽ ചിലത്‌ നമുക്കു പരിചിന്തിക്കാം.

5. ചില അടിസ്ഥാന തത്ത്വങ്ങൾക്ക്‌ ഉദാഹരണം നൽകുക.

5 യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ കുറിച്ച്‌ യേശു ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം.” (മത്തായി 22:37) അതിനുപുറമേ, സഹമനുഷ്യരോടുള്ള നമ്മുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട തത്ത്വങ്ങളും ദൈവം പ്രദാനം ചെയ്‌തിട്ടുണ്ട്‌. അതിൽ ഒന്നാണ്‌ സുവർണ നിയമം: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.” (മത്തായി 7:12; ഗലാത്യർ 6:10; തീത്തൊസ്‌ 3:2) ആരാധനയോടുള്ള ബന്ധത്തിൽ നമുക്ക്‌ ഈ ബുദ്ധിയുപദേശം നൽകിയിരിക്കുന്നു: “നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക.” (എബ്രായർ 10:24, 25) നമ്മുടെ ദൈനംദിന ജീവിതത്തിന്റെ വശങ്ങളോടുള്ള ബന്ധത്തിൽ പൗലൊസ്‌ അപ്പൊസ്‌തലൻ പറയുന്നു: “ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്‌താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ.” (1 കൊരിന്ത്യർ 10:31) ദൈവവചനത്തിൽ ഇനിയും അസംഖ്യം തത്ത്വങ്ങളുണ്ട്‌.

6. തത്ത്വങ്ങൾ നിയമങ്ങളിൽനിന്നു വ്യത്യസ്‌തമായിരിക്കുന്നത്‌ എങ്ങനെ?

6 തത്ത്വങ്ങൾ ജീവസ്സുറ്റ അടിസ്ഥാന സത്യങ്ങളാണ്‌, ജ്ഞാനികളായ ക്രിസ്‌ത്യാനികൾ അവയെ സ്‌നേഹിക്കാൻ പഠിക്കുന്നു. ഇപ്രകാരം എഴുതാൻ യഹോവ ശലോമോനെ നിശ്വസ്‌തനാക്കി: “മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക; എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക. അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക. അവയെ കിട്ടുന്നവർക്കു അവ ജീവനും അവരുടെ സർവ്വദേഹത്തിന്നും സൌഖ്യവും ആകുന്നു.” (സദൃശവാക്യങ്ങൾ 4:20-22) തത്ത്വങ്ങൾ നിയമങ്ങളിൽനിന്നു വ്യത്യസ്‌തമായിരിക്കുന്നത്‌ എങ്ങനെയാണ്‌? തത്ത്വങ്ങൾ നിയമങ്ങൾക്കുള്ള അടിത്തറ പ്രദാനം ചെയ്യുന്നു. നിയമങ്ങൾ നിർദിഷ്ടവും ഒരു പ്രത്യേക സമയത്തിനോ സാഹചര്യത്തിനോ മാത്രം ബാധകമാകുന്നതും ആയിരിക്കാം, എന്നാൽ തത്ത്വങ്ങൾ കാലാതീതമാണ്‌. (സങ്കീർത്തനം 119:111) ദിവ്യ തത്ത്വങ്ങൾ കാലഹരണപ്പെടുകയോ നീങ്ങിപ്പോകുകയോ ചെയ്യുന്നില്ല. യെശയ്യാ പ്രവാചകന്റെ ഈ നിശ്വസ്‌ത വാക്കുകൾ എത്ര സത്യമാണ്‌: “പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്‌ക്കും.”​—⁠യെശയ്യാവു 40:⁠8.

തത്ത്വങ്ങൾക്കു ചേർച്ചയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക

7. തത്ത്വങ്ങളെ അടിസ്ഥാനമാക്കി ചിന്തിക്കാനും പ്രവർത്തിക്കാനും ദൈവവചനം നമ്മെ പ്രോത്സാഹിപ്പിക്കുന്നത്‌ എങ്ങനെ?

7 തത്ത്വങ്ങൾക്കു ചേർച്ചയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും ‘നമ്മുടെ ദൈവത്തിന്റെ വചനം’ നമ്മെ നിരന്തരം പ്രോത്സാഹിപ്പിക്കുന്നു. ന്യായപ്രമാണത്തെ സംഗ്രഹിക്കാൻ ആവശ്യപ്പെട്ടപ്പോൾ യേശു സംക്ഷിപ്‌തമായ രണ്ടു പ്രസ്‌താവനകൾ നടത്തി​—⁠അതിൽ ഒന്ന്‌ യഹോവയോടുള്ള സ്‌നേഹത്തിന്‌ ഊന്നൽ നൽകുന്നതായിരുന്നു, രണ്ടാമത്തേതാകട്ടെ സഹമനുഷ്യരോടുള്ള സ്‌നേഹത്തിനും. (മത്തായി 22:37-40) അങ്ങനെ ചെയ്യവേ, യേശു ഭാഗികമായി മോശൈക ന്യായപ്രമാണത്തിലെ അടിസ്ഥാന പ്രമാണങ്ങളുടെ ഒരു സംഗ്രഹം ഉദ്ധരിക്കുകയായിരുന്നു. ആവർത്തനപുസ്‌തകം 6:4, 5-ൽ ഇപ്രകാരം പറയുന്നു: “യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്‌നേഹിക്കേണം.” വ്യക്തമായും, ലേവ്യപുസ്‌തകം 19:​18-ൽ കാണപ്പെടുന്ന ദൈവത്തിന്റെ നിർദേശവും യേശുവിന്റെ മനസ്സിൽ ഉണ്ടായിരുന്നു. സഭാപ്രസംഗിയുടെ പുസ്‌തകത്തിന്റെ അവസാനത്തിൽ ശലോമോൻ ഒരു കൂട്ടം ദിവ്യ നിയമങ്ങളെ സംഗ്രഹിച്ചുകൊണ്ട്‌ വളരെ സ്‌പഷ്ടമായി ഇങ്ങനെ പറഞ്ഞു: “എല്ലാററിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകലമനുഷ്യർക്കും വേണ്ടുന്നതു. ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകലരഹസ്യങ്ങളുമായി ന്യായവിസ്‌താരത്തിലേക്കു വരുത്തുമല്ലോ.”​—⁠സഭാപ്രസംഗി 12:13, 14; മീഖാ 6:⁠8.

8. അടിസ്ഥാന ബൈബിൾ തത്ത്വങ്ങളെ കുറിച്ചു നല്ല ഗ്രാഹ്യം ഉണ്ടായിരിക്കുന്നത്‌ ഒരു സംരക്ഷണം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

8 അത്തരം അടിസ്ഥാന തത്ത്വങ്ങൾ നന്നായി മനസ്സിലാക്കുന്നത്‌ ഏറെ സൂക്ഷ്‌മമായ നിർദേശങ്ങൾ ഗ്രഹിക്കാനും ബാധകമാക്കാനും നമ്മെ സഹായിക്കും. അടിസ്ഥാന തത്ത്വങ്ങൾ നാം ശരിക്കും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നില്ലെങ്കിൽ, ശരിയായ തീരുമാനങ്ങൾ എടുക്കാൻ നമുക്കു കഴിയാതെ വരുമെന്നു മാത്രമല്ല, നമ്മുടെ വിശ്വാസം എളുപ്പത്തിൽ ഇളകിപ്പോകുകയും ചെയ്യും. (എഫെസ്യർ 4:14) അത്തരം തത്ത്വങ്ങൾ നമ്മുടെ മനസ്സിലും ഹൃദയത്തിലും ആഴമായി പതിപ്പിക്കുന്നെങ്കിൽ, തീരുമാനങ്ങൾ എടുക്കുമ്പോൾ അവ എളുപ്പത്തിൽ ഉപയോഗിക്കാൻ നമുക്കു കഴിയും. തിരിച്ചറിവോടെ നാം അവ ബാധകമാക്കുമ്പോൾ അവ നമുക്കു വിജയം കൈവരുത്തും.​—⁠യോശുവ 1:8; സദൃശവാക്യങ്ങൾ 4:1-9.

9. ബൈബിൾ തത്ത്വങ്ങൾ വിവേചിച്ചറിയാനും ബാധകമാക്കാനും എപ്പോഴും എളുപ്പമല്ലാത്തത്‌ എന്തുകൊണ്ട്‌?

9 ബൈബിൾ തത്ത്വങ്ങൾ വിവേചിച്ചറിഞ്ഞ്‌ ബാധകമാക്കുക എന്നത്‌ ഒരു നിയമാവലി പിൻപറ്റുന്നത്ര എളുപ്പമല്ല. ഉൾപ്പെട്ടിരിക്കുന്ന തത്ത്വങ്ങളെ ആസ്‌പദമാക്കി കാര്യങ്ങൾ വിശകലനം ചെയ്യാൻ അപൂർണ മനുഷ്യർ എന്ന നിലയിൽ നാം മടിച്ചേക്കാം. ഒരു തീരുമാനം എടുക്കേണ്ടതുള്ളപ്പോൾ അല്ലെങ്കിൽ ഒരു പ്രതിസന്ധി നേരിടുമ്പോൾ ആ പ്രത്യേക സാഹചര്യത്തിനു ബാധകമായ ഒരു നിയമം ഉണ്ടായിരുന്നെങ്കിൽ എന്നു നാം ആശിച്ചേക്കാം. ചിലപ്പോൾ, നമ്മുടെ സാഹചര്യത്തിനു ബാധകമായ ഒരു പ്രത്യേക നിയമം ലഭിക്കുമെന്ന പ്രതീക്ഷയോടെ, പക്വതയുള്ള ഒരു ക്രിസ്‌ത്യാനിയെ​—⁠ഒരുപക്ഷേ ഒരു സഭാമൂപ്പനെ​—⁠നാം സമീപിച്ചേക്കാം. എന്നിരുന്നാലും, ബൈബിളോ ബൈബിളധിഷ്‌ഠിത സാഹിത്യങ്ങളോ ഒരു പ്രത്യേക നിയമം നൽകുന്നില്ലായിരിക്കാം. ഇനി നമുക്ക്‌ അങ്ങനെയൊരു നിയമം ലഭിച്ചാൽത്തന്നെ എല്ലാ സമയത്തും എല്ലാ സാഹചര്യത്തിലും അതു ബാധകമാകണമെന്നുമില്ല. ഉദാഹരണത്തിന്‌, യേശുവിനോട്‌ ഒരു മനുഷ്യൻ ഇങ്ങനെ അഭ്യർഥിച്ചു: “ഗുരോ, ഞാനുമായി അവകാശം പകുതിചെയ്‌വാൻ എന്റെ സഹോദരനോടു കല്‌പിച്ചാലും.” കൂടെപ്പിറപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഉടനടി ഒരു നിയമം നൽകുന്നതിനു പകരം, യേശു അയാൾക്ക്‌ പൊതുവായ ഒരു തത്ത്വം നൽകി: “സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ.” അങ്ങനെ, അന്നും ഇന്നും ഒരുപോലെ ഗുണകരമായ ഒരു മാർഗനിർദേശം യേശു പ്രദാനം ചെയ്‌തു.​—⁠ലൂക്കൊസ്‌ 12:13-15.

10. തത്ത്വങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നത്‌ നമ്മുടെ ആന്തരങ്ങളെ വെളിപ്പെടുത്തുന്നത്‌ എങ്ങനെ?

10 ശിക്ഷ ഭയന്ന്‌ മനസ്സില്ലാമനസ്സോടെ നിയമങ്ങൾ അനുസരിക്കുന്ന ആളുകളെ നിങ്ങൾ കണ്ടിരിക്കാം. എന്നാൽ തത്ത്വങ്ങളെ ആദരിക്കുന്ന ഒരുവന്‌ അത്തരം മനോഭാവം ഉണ്ടായിരിക്കുകയില്ല. തത്ത്വങ്ങളുടെ സ്വഭാവംതന്നെ, ഹൃദയത്തിൽനിന്നു പ്രതികരിക്കാൻ അവയാൽ വഴിനയിക്കപ്പെടുന്നവരെ സഹായിക്കുന്നു. മിക്ക തത്ത്വങ്ങളുടെയും കാര്യത്തിൽ, അവ പിൻപറ്റാത്തപക്ഷം തത്‌ക്ഷണ ശിക്ഷ ഉൾപ്പെട്ടിരിക്കുന്നില്ല. നാം യഹോവയെ അനുസരിക്കുന്നത്‌ എന്തുകൊണ്ടാണെന്നും നമ്മുടെ ആന്തരം എന്താണെന്നും വെളിപ്പെടാൻ ഇത്‌ അവസരം ഒരുക്കുന്നു. പോത്തീഫറിന്റെ ഭാര്യയുടെ അധാർമിക മുന്നേറ്റങ്ങൾക്കു വഴിപ്പെടാഞ്ഞ യോസേഫിന്റെ ഉദാഹരണം പരിചിന്തിക്കുക. വ്യഭിചാരത്തിന്‌ എതിരെ ഒരു ലിഖിത നിയമം യഹോവ അതുവരെ നൽകിയിരുന്നില്ല. മാത്രമല്ല, മറ്റൊരാളുടെ ഭാര്യയുമായി ശാരീരിക ബന്ധം പുലർത്തിയാലുള്ള ശിക്ഷയെ കുറിച്ചും യാതൊരു പരാമർശവും ഇല്ലായിരുന്നു. എങ്കിലും ദൈവനിയമിത ദാമ്പത്യ വിശ്വസ്‌തതയുടെ തത്ത്വങ്ങളെ കുറിച്ച്‌ യോസേഫ്‌ ബോധവാനായിരുന്നു. (ഉല്‌പത്തി 2:24; 12:18-20) അത്തരം തത്ത്വങ്ങൾ അവനെ ശക്തമായി സ്വാധീനിച്ചതായി അവന്റെ ഈ പ്രതികരണത്തിൽനിന്നു മനസ്സിലാക്കാൻ സാധിക്കും: “ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ?”​—⁠ഉല്‌പത്തി 39:⁠9.

11. ഏതെല്ലാം കാര്യങ്ങളിൽ യഹോവയുടെ തത്ത്വങ്ങളാൽ നയിക്കപ്പെടാൻ ക്രിസ്‌ത്യാനികൾ ആഗ്രഹിക്കുന്നു?

11 ഇന്ന്‌ സഹവാസം, വിനോദം, സംഗീതം, വായന എന്നിങ്ങനെയുള്ള കാര്യങ്ങളിൽ തിരഞ്ഞെടുപ്പു നടത്തുമ്പോൾ യഹോവയുടെ തത്ത്വങ്ങളാൽ നയിക്കപ്പെടാൻ ക്രിസ്‌ത്യാനികൾ ആഗ്രഹിക്കുന്നു. (1 കൊരിന്ത്യർ 15:​33, NW; ഫിലിപ്പിയർ 4:8) യഹോവയെയും അവന്റെ നിലവാരങ്ങളെയും കുറിച്ചുള്ള പരിജ്ഞാനത്തിലും ഗ്രാഹ്യത്തിലും വിലമതിപ്പിലും വളർന്നുവരവേ, ഏത്‌ സാഹചര്യങ്ങളിലും​—⁠തികച്ചും സ്വകാര്യമായ വിഷയങ്ങളിൽ പോലും​—⁠ദിവ്യ തത്ത്വങ്ങൾ ബാധകമാക്കാൻ നമ്മുടെ മനസ്സാക്ഷി, നമ്മുടെ ധാർമിക ബോധം, നമ്മെ സഹായിക്കും. ബൈബിൾ തത്ത്വങ്ങളാൽ നയിക്കപ്പെടുമ്പോൾ ദൈവിക നിയമത്തിൽ പഴുതുകളുണ്ടോയെന്നു നാം നോക്കുകയില്ല. അതുപോലെ, നിയമം ലംഘിക്കാതെതന്നെ തങ്ങൾക്ക്‌ എത്രത്തോളം പോകാൻ സാധിക്കുമെന്നു കാണാൻ ശ്രമിക്കുന്നവരെ നാം അനുകരിക്കുകയുമില്ല. അത്തരം ചിന്താഗതി ദോഷകരമാണ്‌, അതു നമ്മുടെ പരാജയത്തിലേ കലാശിക്കൂ എന്നു നാം തിരിച്ചറിയുന്നു.​—⁠യാക്കോബ്‌ 1:22-25.

12. ദൈവിക തത്ത്വങ്ങളാൽ നയിക്കപ്പെടുന്നതിനുള്ള താക്കോൽ എന്താണ്‌?

12 ദൈവിക തത്ത്വങ്ങൾ പിൻപറ്റുന്നതിനുള്ള താക്കോൽ, യഹോവ കാര്യങ്ങളെ എങ്ങനെ വീക്ഷിക്കുന്നു എന്നറിയാനുള്ള ആഗ്രഹം ആണെന്നു പക്വതയുള്ള ക്രിസ്‌ത്യാനികൾ മനസ്സിലാക്കുന്നു. “യഹോവയെ സ്‌നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ” എന്ന്‌ സങ്കീർത്തനക്കാരൻ ഉദ്‌ബോധിപ്പിക്കുന്നു. (സങ്കീർത്തനം 97:10) ദൈവം ദോഷമെന്നു കണക്കിടുന്ന കാര്യങ്ങളെ പട്ടികപ്പെടുത്തിക്കൊണ്ട്‌ സദൃശവാക്യങ്ങൾ 6:16-19 ഇപ്രകാരം പറയുന്നു: “ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്നു അറെപ്പാകുന്നു: ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുററമില്ലാത്ത രക്തം ചൊരിയുന്ന കയ്യും ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും ഭോഷ്‌കു പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നേ.” അത്തരം അടിസ്ഥാന കാര്യങ്ങളെ യഹോവ എങ്ങനെ വീക്ഷിക്കുന്നു എന്നു പരിചിന്തിക്കാനുള്ള ആഗ്രഹം നമ്മുടെ ജീവിതത്തെ ഭരിക്കുമ്പോൾ, തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നത്‌ ഒരു ശീലമായി മാറുന്നു.​—⁠യിരെമ്യാവു 22:⁠16.

ശരിയായ ആന്തരം ആവശ്യം

13. ഗിരിപ്രഭാഷണത്തിൽ ഏതുതരം ചിന്താഗതിക്കാണ്‌ യേശു ഊന്നൽ നൽകിയത്‌?

13 തത്ത്വങ്ങൾ അറിഞ്ഞിരിക്കുന്നതും ബാധകമാക്കുന്നതും നമ്മുടെ ആരാധന അർഥശൂന്യമായ ഒരു ചടങ്ങായി മാറുന്നതിനെതിരെ സംരക്ഷണം നൽകുന്നു. തത്ത്വങ്ങൾ പിൻപറ്റുന്നതും നിയമങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്‌. ഗിരിപ്രഭാഷണത്തിൽ യേശു അതു വ്യക്തമാക്കി. (മത്തായി 5:17-48) യേശുവിന്റെ ശ്രോതാക്കൾ യഹൂദന്മാർ ആയിരുന്നെന്നും മോശൈക ന്യായപ്രമാണം അവരുടെ നടത്തയെ ഭരിക്കേണ്ടിയിരുന്നെന്നും മനസ്സിൽപ്പിടിക്കുക. എന്നാൽ വാസ്‌തവത്തിൽ ന്യായപ്രമാണത്തെ കുറിച്ചു വികലമായ ഒരു വീക്ഷണമാണ്‌ അവർക്ക്‌ ഉണ്ടായിരുന്നത്‌. ന്യായപ്രമാണത്തിന്റെ അന്തഃസത്തയ്‌ക്കു പകരം അതിലെ നിയമങ്ങളിലെ അക്ഷരങ്ങൾക്കാണ്‌ അവർ ഊന്നൽ കൊടുത്തത്‌. അതുപോലെ, തങ്ങളുടെ പാരമ്പര്യങ്ങൾക്ക്‌ ദൈവത്തിന്റെ പഠിപ്പിക്കലുകളെക്കാൾ ഉയർന്ന സ്ഥാനം അവർ കൽപ്പിച്ചു. (മത്തായി 12:9-12; 15:1-9) തത്‌ഫലമായി, ആളുകൾ പൊതുവേ തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കാൻ പഠിപ്പിക്കപ്പെട്ടില്ല.

14. തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ചിന്തിക്കാൻ യേശു തന്റെ ശ്രോതാക്കളെ സഹായിച്ചത്‌ എങ്ങനെ?

14 ഇതിൽനിന്നു വിരുദ്ധമായി, ധാർമികതയുടെ അഞ്ചു മേഖലകളുമായി ബന്ധപ്പെട്ട തത്ത്വങ്ങൾ തന്റെ ഗിരിപ്രഭാഷണത്തിൽ യേശു ഉൾപ്പെടുത്തി: കോപം, വിവാഹബന്ധവും വിവാഹമോചനവും, പ്രതിജ്ഞകൾ, പ്രതികാരം, സ്‌നേഹം, വെറുപ്പ്‌ എന്നിവയാണ്‌ ആ അഞ്ചു മേഖലകൾ. അവയിൽ ഓരോന്നിനോടുമുള്ള ബന്ധത്തിൽ, ഒരു തത്ത്വം പിൻപറ്റുന്നതിന്റെ പ്രയോജനം യേശു എടുത്തുകാണിച്ചു. അതുവഴി, തന്റെ അനുഗാമികളുടെ ധാർമിക നിലവാരം യേശു ഉയർത്തി. ഉദാഹരണത്തിന്‌, വ്യഭിചാരത്തോടുള്ള ബന്ധത്തിൽ നമ്മുടെ പ്രവൃത്തികൾക്കു മാത്രമല്ല ചിന്തകൾക്കും മോഹങ്ങൾക്കും സംരക്ഷണമായി ഉതകുന്ന ഒരു തത്ത്വം അവൻ നൽകി. “സ്‌ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്‌തുപോയി” എന്ന്‌ അവൻ പറഞ്ഞു.​—⁠മത്തായി 5:⁠28.

15. നിയമങ്ങളുടെ അക്ഷരങ്ങളിൽ കടിച്ചുതൂങ്ങാനുള്ള പ്രവണത നമുക്ക്‌ എങ്ങനെ ഒഴിവാക്കാനാകും?

15 യഹോവയുടെ തത്ത്വങ്ങളുടെ ഉദ്ദേശ്യവും അന്തഃസത്തയും നാം ഒരിക്കലും മറന്നുകളയരുതെന്ന്‌ ഈ ഉദാഹരണം കാണിച്ചുതരുന്നു. ധാർമികതയുടെ ബാഹ്യമായ ഒരു പ്രകടനത്തിലൂടെ ദൈവത്തിന്റെ പ്രീതി സമ്പാദിക്കാൻ നാം ഒരിക്കലും ശ്രമിക്കരുത്‌. ദൈവത്തിന്റെ കരുണയെയും സ്‌നേഹത്തെയും ചൂണ്ടിക്കാണിച്ചുകൊണ്ട്‌ അത്തരമൊരു മനോഭാവത്തിന്റെ പൊള്ളത്തരം അവൻ തുറന്നുകാട്ടി. (മത്തായി 12:7; ലൂക്കൊസ്‌ 6:1-11) ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുമ്പോൾ, അതിന്റെ പഠിപ്പിക്കലുകളെ മറികടക്കുന്ന, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു നീണ്ട പട്ടിക ഉണ്ടാക്കി അതിൻപ്രകാരം ജീവിക്കാൻ (അല്ലെങ്കിൽ അതിൻപ്രകാരം ജീവിക്കാൻ മറ്റുള്ളവരോട്‌ ആവശ്യപ്പെടാൻ) നാം ശ്രമിക്കുകയില്ല. ആരാധനയുടെ ബാഹ്യമായ പ്രകടനങ്ങൾക്കു പകരം, ദൈവത്തോടുള്ള സ്‌നേഹവും അനുസരണവും സംബന്ധിച്ച തത്ത്വങ്ങൾക്കായിരിക്കും നാം പ്രാധാന്യം കൽപ്പിക്കുക.​—⁠ലൂക്കൊസ്‌ 11:⁠42.

സന്തുഷ്ട ഫലങ്ങൾ

16. ചില ബൈബിൾ നിയമങ്ങൾക്ക്‌ ആധാരമായ തത്ത്വങ്ങൾ ഏവ?

16 യഹോവയെ അനുസരിക്കാൻ യത്‌നിക്കവേ, അവന്റെ നിയമങ്ങൾ അടിസ്ഥാന തത്ത്വങ്ങളിൽ അധിഷ്‌ഠിതമാണെന്നു നാം തിരിച്ചറിയുന്നതു പ്രധാനമാണ്‌. ഉദാഹരണത്തിന്‌, ക്രിസ്‌ത്യാനികൾ വിഗ്രഹാരാധനയും ലൈംഗിക അധാർമികതയും രക്തത്തിന്റെ ദുരുപയോഗവും ഒഴിവാക്കേണ്ടതുണ്ട്‌. (പ്രവൃത്തികൾ 15:28, 29) ആ വിഷയങ്ങൾ സംബന്ധിച്ച ക്രിസ്‌തീയ നിലപാടിന്‌ അടിസ്ഥാനമായി വർത്തിക്കുന്നത്‌ എന്താണ്‌? നമ്മുടെ അനന്യഭക്തിക്ക്‌ അർഹൻ ദൈവമാണ്‌; നാം നമ്മുടെ ഇണയോടു വിശ്വസ്‌തരായിരിക്കണം; യഹോവയാണ്‌ ജീവദാതാവ്‌ എന്നീ തത്ത്വങ്ങൾതന്നെ. (ഉല്‌പത്തി 2:24; പുറപ്പാടു 20:5; സങ്കീർത്തനം 36:9) ഈ അടിസ്ഥാന തത്ത്വങ്ങൾ മനസ്സിലാക്കുന്നത്‌ ബന്ധപ്പെട്ട നിയമങ്ങൾ അംഗീകരിക്കുന്നതും പിൻപറ്റുന്നതും എളുപ്പമാക്കിത്തീർക്കുന്നു.

17. ബൈബിൾ തത്ത്വങ്ങൾ ഗ്രഹിക്കുന്നതിൽനിന്നും ബാധകമാക്കുന്നതിൽനിന്നും എന്തു നല്ല ഫലങ്ങൾ കൈവരുന്നു?

17 അടിസ്ഥാന തത്ത്വങ്ങൾ തിരിച്ചറിഞ്ഞ്‌ ബാധകമാക്കുമ്പോൾ അവ നമ്മുടെ ഗുണത്തിനു വേണ്ടി ഉള്ളവയാണെന്നു നാം മനസ്സിലാക്കുന്നു. ദൈവജനം ആസ്വദിക്കുന്ന ആത്മീയ അനുഗ്രഹങ്ങൾ മിക്കപ്പോഴും ദൃശ്യമായ പ്രയോജനങ്ങളിൽ കലാശിക്കുന്നു. ഉദാഹരണത്തിന്‌, പുകവലിയിൽനിന്നു വിട്ടുനിൽക്കുന്നവരും ധാർമികശുദ്ധി പാലിക്കുന്നവരും രക്തത്തിന്റെ പവിത്രതയെ ആദരിക്കുന്നവരുമായ ആളുകൾ പല രോഗങ്ങളിൽനിന്നും ഒഴിവുള്ളവരാണ്‌. സമാനമായി, ദിവ്യ സത്യത്തിനു ചേർച്ചയിൽ ജീവിക്കുന്നവർ സാമ്പത്തികമോ സാമൂഹികമോ കുടുംബപരമോ ആയ പ്രയോജനങ്ങൾ അനുഭവിച്ചേക്കാം. അത്തരം ദൃശ്യമായ എല്ലാ പ്രയോജനങ്ങളും യഹോവയുടെ നിലവാരങ്ങളുടെ മൂല്യത്തിനു തെളിവു നൽകുന്നു, അവ വാസ്‌തവത്തിൽ പ്രായോഗികമാണെന്നു തെളിയിക്കുന്നു. എന്നാൽ അത്തരം പ്രായോഗിക നേട്ടങ്ങൾ കൈവരിക്കുക എന്നതല്ല ദൈവിക തത്ത്വങ്ങൾ ബാധകമാക്കുന്നതിനുള്ള പ്രമുഖ കാരണം. സത്യ ക്രിസ്‌ത്യാനികൾ യഹോവയെ അനുസരിക്കുന്നത്‌ അവർ അവനെ സ്‌നേഹിക്കുന്നതുകൊണ്ടാണ്‌, അവൻ തങ്ങളുടെ ആരാധന അർഹിക്കുന്നതുകൊണ്ടാണ്‌, അത്‌ ഉചിതമായതുകൊണ്ടാണ്‌.​—⁠വെളിപ്പാടു 4:⁠11.

18. ക്രിസ്‌ത്യാനികൾ എന്ന നിലയിൽ വിജയിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നമ്മുടെ ജീവിതത്തെ വഴിനയിക്കേണ്ടത്‌ എന്തായിരിക്കണം?

18 ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്നത്‌ ശ്രേഷ്‌ഠമായ ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്നു. അതാകട്ടെ, മറ്റുള്ളവരെ ദൈവത്തിന്റെ മാർഗത്തിലേക്ക്‌ ആകർഷിക്കുകയും ചെയ്‌തേക്കാം. ഏറ്റവും പ്രധാനമായി, നമ്മുടെ ജീവിതഗതി യഹോവയ്‌ക്കു മഹത്ത്വം കരേറ്റുന്നു. നമുക്ക്‌ ഏറ്റവും നല്ലതു വരാൻ ആഗ്രഹിക്കുന്ന സ്‌നേഹവാനായ ഒരു ദൈവമാണ്‌ യഹോവ എന്നു നാം മനസ്സിലാക്കുന്നു. ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ നാം തീരുമാനങ്ങൾ എടുക്കുമ്പോഴും യഹോവ നമ്മെ അനുഗ്രഹിക്കുന്ന വിധങ്ങൾ കാണുമ്പോഴും നാം അവനോടു പിന്നെയും അടുക്കുന്നു. അതേ നമ്മുടെ സ്വർഗീയ പിതാവുമായി നാം കൂടുതൽ ശക്തമായ സ്‌നേഹബന്ധം വളർത്തിയെടുക്കുന്നു.

നിങ്ങൾ ഓർമിക്കുന്നുവോ?

• ഒരു തത്ത്വം എന്നാൽ എന്താണ്‌?

• തത്ത്വങ്ങൾ നിയമങ്ങളിൽനിന്നു വ്യത്യസ്‌തമായിരിക്കുന്നത്‌ എങ്ങനെ?

• തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പ്രയോജനകരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[20-ാം പേജിലെ ചതുരം]

വിൽസൻ. ഘാനയിലുള്ള ഒരു ക്രിസ്‌ത്യാനിയായ അദ്ദേഹത്തിന്റെ അനുഭവം പരിചിന്തിക്കുക. ഏതാനും ദിവസങ്ങൾക്കകം ജോലിയിൽനിന്നു പിരിച്ചുവിടുമെന്ന്‌ അദ്ദേഹത്തിന്‌ അറിയിപ്പു ലഭിച്ചു. കമ്പനിയിലെ അവസാന ദിവസം, മാനേജിങ്‌ ഡയറക്ടറുടെ കാർ കഴുകാൻ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു. അപ്പോഴാണ്‌ കാറിൽ കുറേ പണം അദ്ദേഹം കണ്ടത്‌. ജോലിയിൽനിന്നു പിരിച്ചുവിടാൻ പോകുന്നതുകൊണ്ട്‌ ദൈവം വിൽസനു നൽകിയതാണ്‌ ആ പണം എന്ന്‌ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ സത്യസന്ധത സംബന്ധിച്ച ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ട്‌ വിൽസൺ പണം ഡയറക്ടർക്കു തിരികെ നൽകി. മതിപ്പും വിസ്‌മയവും തോന്നിയ ഡയറക്ടർ വിൽസന്റെ ജോലി സ്ഥിരപ്പെടുത്തിയെന്നു മാത്രമല്ല അദ്ദേഹത്തിന്‌ ഉദ്യോഗക്കയറ്റവും നൽകി.​—⁠എഫെസ്യർ 4:⁠28.

[21-ാം പേജിലെ ചതുരം]

റൂക്കിയ. അൽബേനിയക്കാരിയായ ഈ വനിതയ്‌ക്ക്‌ 60-നുമേൽ പ്രായമുണ്ട്‌. ഒരു കുടുംബത്തർക്കം ഉണ്ടായതിനെ തുടർന്ന്‌ അവർ തന്റെ സഹോദരനുമായി പിണങ്ങി. 17 വർഷത്തിലധികം അവർ പരസ്‌പരം സംസാരിക്കാതെ കഴിഞ്ഞു. യഹോവയുടെ സാക്ഷികളുമൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ, സത്യ ക്രിസ്‌ത്യാനികൾ മറ്റുള്ളവരുമായി സമാധാനത്തിൽ ആയിരിക്കണമെന്നും നീരസം വെച്ചുകൊണ്ടിരിക്കാൻ പാടില്ലെന്നും റൂക്കിയ മനസ്സിലാക്കി. രാത്രി മുഴുവൻ അവർ പ്രാർഥിച്ചു, പിന്നെ ശക്തിയായി മിടിക്കുന്ന ഹൃദയത്തോടെ അവർ തന്റെ സഹോദരന്റെ വീടിനെ ലക്ഷ്യമാക്കി നടന്നു. സഹോദരന്റെ മകളാണ്‌ വാതിൽ തുറന്നത്‌. അത്ഭുതത്തോടെ അവൾ റൂക്കിയയോടു ചോദിച്ചു: “ഇവിടെ ആരും മരിച്ചില്ലല്ലോ, എന്താ കാര്യം?” തന്റെ സഹോദരനെ ഒന്നു കണ്ടോട്ടെ എന്ന്‌ റൂക്കിയ ചോദിച്ചു. ബൈബിൾ തത്ത്വങ്ങളെയും യഹോവയെയും കുറിച്ചു പഠിച്ചത്‌ തന്റെ സഹോദരനുമായി സമാധാനത്തിലാകാൻ തന്നെ പ്രേരിപ്പിച്ചെന്ന്‌ അവർ ശാന്തമായി വിവരിച്ചു. സന്തോഷാശ്രുക്കൾ നിറഞ്ഞ കണ്ണുകളോടെ അവർ പരസ്‌പരം കെട്ടിപ്പിടിച്ച്‌ തങ്ങളുടെ പുനസ്സംഗമം ആഘോഷിച്ചു!​—⁠റോമർ 12:​17, 18.

[23-ാം പേജിലെ ചിത്രം]

മത്തായി 5:⁠27, 28

[23-ാം പേജിലെ ചിത്രം]

മത്തായി 5:⁠3, NW

[23-ാം പേജിലെ ചിത്രം]

മത്തായി 5:⁠24

[23-ാം പേജിലെ ചിത്രം]

‘അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു. അവൻ തിരുവായ്‌മൊഴിഞ്ഞു അവരോട്‌ ഉപദേശിച്ചു.’​—മത്തായി 5:​1, 2