വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സുരക്ഷിതത്വത്തിന്റെ അടിസ്ഥാനം എന്ത്‌?

നിങ്ങളുടെ സുരക്ഷിതത്വത്തിന്റെ അടിസ്ഥാനം എന്ത്‌?

നിങ്ങളുടെ സുരക്ഷിതത്വത്തിന്റെ അടിസ്ഥാനം എന്ത്‌?

പശ്ചിമാഫ്രിക്കയിലെ ഒരു കൊച്ചു ഗ്രാമം. അവിടെ ഷോസ്വേ എന്ന യുവാവ്‌ തന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും യാത്ര ചോദിക്കുകയാണ്‌. * സാമ്പത്തിക സുരക്ഷിതത്വം തേടി അവൻ ഒരു വലിയ നഗരത്തിലേക്കു യാത്രയാകുന്നു. എന്നാൽ അവിടെ ചെന്നയുടൻ അവൻ ആ യാഥാർഥ്യം തിരിച്ചറിയുന്നു​—⁠ഇവിടെ എളുപ്പത്തിൽ ധനികനാകാൻ സാധിക്കില്ല. അതോടെ അവന്റെ പ്രതീക്ഷകൾക്കു മങ്ങലേൽക്കുന്നു.

നഗരജീവിതവുമായി പൊരുത്തപ്പെടാനുള്ള പോരാട്ടത്തിൽ ഷോസ്വേ ആകപ്പാടെ നിരാശിതനാകുന്നു. തന്റെ ഭാവനയിലെ നഗരത്തിൽനിന്നു തികച്ചും വ്യത്യസ്‌തമാണത്‌. ഒപ്പം, താൻ വിട്ടിട്ടുപോന്ന ആ കൊച്ചു ഗ്രാമത്തിലെ തന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അടുക്കലേക്കു മടങ്ങാനുള്ള ആഗ്രഹം ഷോസ്വേയുടെ ഉള്ളിന്റെയുള്ളിൽ തീവ്രമാണ്‌. പക്ഷേ ഗ്രാമവാസികളിൽ ചിലർ തന്നെ പരിഹസിക്കുമോ എന്ന്‌ അവൻ ഭയപ്പെടുന്നു. ‘നഗരത്തിൽ പിടിച്ചുനിൽക്കാൻ കഴിയാഞ്ഞതിനാൽ തോറ്റുമടങ്ങിയവൻ എന്ന്‌ അവർ എന്നെ വിളിക്കും,’ അവൻ ആശങ്കപ്പെടുന്നു.

സ്വന്തം മാതാപിതാക്കൾക്ക്‌ അനുഭവപ്പെട്ടേക്കാവുന്ന നിരാശയെ കുറിച്ച്‌ ഓർക്കുമ്പോഴാണ്‌ അവന്‌ ഏറെ ബുദ്ധിമുട്ട്‌ തോന്നുന്നത്‌. അവനാണ്‌ കുടുംബത്തിന്റെ അത്താണി. ഈ വൈകാരിക വിക്ഷുബ്ധതയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അവൻ തരംതാണ ഒരു തൊഴിൽ സ്വീകരിക്കുന്നു. അവന്‌ സാധാരണയിൽ കവിഞ്ഞ സമയം പണിയെടുക്കേണ്ടി വരുന്നു, എന്നാൽ കിട്ടുന്നതോ പ്രതീക്ഷിച്ച വരുമാനത്തിന്റെ ഒരംശം മാത്രവും. അമിത ജോലി അവനെ തളർത്തിക്കളയുന്നു. മാത്രമല്ല, അവൻ അമൂല്യമായി കരുതുന്ന ദിവ്യാധിപത്യ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള സമയം ഓരോ വാരം കഴിയുന്തോറും കുറഞ്ഞുവരികയും ചെയ്യുന്നു. സ്വന്തം കുടുംബത്തിന്റെയും പഴയ സുഹൃത്തുക്കളുടെയും സാമീപ്യം ഇല്ലാതെ അങ്ങകലെ ആയിരിക്കുന്ന അവനെ ദുഃഖവും ഏകാന്തതയും പിടികൂടുന്നു. താൻ അതിയായി ആഗ്രഹിച്ചിരുന്ന സുരക്ഷിതത്വം ആ നഗരത്തിൽനിന്നു തനിക്കു ലഭിച്ചില്ല എന്ന്‌ അവൻ മനസ്സിലാക്കുന്നു.

ഷോസ്വേയുടേതു പോലുള്ള സങ്കടകരമായ അനുഭവം ഇന്നു സർവസാധാരണമാണ്‌. സ്ഥലങ്ങൾക്കും പേരുകൾക്കും മാറ്റമുണ്ടെന്നു മാത്രം. സ്വഗ്രാമം വിട്ടുപോകാൻ ഷോസ്വേയെ പ്രേരിപ്പിച്ചത്‌ അവന്റെ സ്വാർഥത ആയിരുന്നില്ല, മറിച്ച്‌ സുരക്ഷിതത്വം കൈവരിക്കാനുള്ള ആഗ്രഹമായിരുന്നു. പണമുണ്ടാക്കാൻ തന്റെ കൊച്ചു ഗ്രാമത്തിലുള്ളതിനെക്കാൾ നല്ല അവസരങ്ങൾ നഗരത്തിൽ ഉണ്ടായിരിക്കുമെന്ന്‌ അവൻ ആത്മാർഥമായി വിചാരിച്ചു. ചിലപ്പോൾ ഒരു വ്യക്തി ഭൗതിക നേട്ടം കൈവരിച്ചേക്കാം എന്നതു ശരിയാണ്‌, എന്നാൽ അത്‌ യഥാർഥ സുരക്ഷിതത്വമാകുന്നില്ല. എങ്കിലും ഷോസ്വേയുടെ കാര്യത്തിൽ അത്‌ സത്യമായിരുന്നില്ല, സമാനമായി ശ്രമിക്കാൻ ഇടയുള്ള ബഹുഭൂരിപക്ഷം ആളുകൾക്കു സംഭവിക്കുന്നതും അതുതന്നെയായിരിക്കും. അതുകൊണ്ട്‌, ‘സുരക്ഷിതത്വം എന്താണ്‌?’ എന്നു ചോദിക്കാൻ ഇതു നമ്മെ പ്രേരിപ്പിക്കുന്നു.

പലരും പല വിധത്തിലാണു സുരക്ഷിതത്വത്തെ മനസ്സിലാക്കുന്നത്‌? ഒരു നിഘണ്ടു അനുസരിച്ച്‌, സുരക്ഷിതത്വം “അപകടത്തിൽ നിന്നുള്ള സ്വാതന്ത്ര്യം” അല്ലെങ്കിൽ “ഭയത്തിൽനിന്നോ ഉത്‌കണ്‌ഠയിൽനിന്നോ ഉള്ള സ്വാതന്ത്ര്യം” ആണ്‌. ഇന്ന്‌ “അപകടത്തിൽനിന്നുള്ള” സമ്പൂർണ “സ്വാതന്ത്ര്യം” ഒരിടത്തും ഇല്ല എന്നു മിക്കവരും തിരിച്ചറിയുന്നു. അപകടകരമായ സാഹചര്യങ്ങൾക്കു മധ്യേ ആയിരിക്കാമെങ്കിലും, തങ്ങൾ സുരക്ഷിതരാണ്‌ എന്നു തോന്നുന്നിടത്തോളം അവർ സംതൃപ്‌തരാണ്‌.

നിങ്ങളുടെ കാര്യമോ? സുരക്ഷിതത്വത്തിനായി നിങ്ങൾ എവിടേയ്‌ക്കാണു തിരിയുന്നത്‌? ഷോസ്വേ വിചാരിച്ചതുപോലെ ഗ്രാമത്തിലല്ല പകരം നഗരത്തിലാണോ അത്‌ ഉള്ളത്‌? അല്ലെങ്കിൽ എവിടെനിന്നും എങ്ങനെയും സമ്പാദിക്കുന്ന പണത്തിൽ നിന്നാണോ അതു ലഭിക്കുക? ഒരുപക്ഷേ സമൂഹത്തിൽ ഉന്നതസ്ഥാനം കൈവരിക്കുന്നതിലാണോ അതു സ്ഥിതി ചെയ്യുന്നത്‌? സുരക്ഷിതത്വത്തിന്റെ അടിസ്ഥാനം സംബന്ധിച്ച്‌ നിങ്ങൾ എന്തുതന്നെ വിശ്വസിച്ചാലും, നിങ്ങളെയും കുടുംബത്തെയും സംബന്ധിച്ചിടത്തോളം ആ സുരക്ഷിതത്വത്തിന്‌ എത്രത്തോളം ആയുസ്സുണ്ട്‌?

മിക്കവരും സുരക്ഷിതത്വം തേടുന്ന മൂന്നു മേഖലകളെ കുറിച്ചു നമുക്കു നോക്കാം​—⁠താമസത്തിനായി തിരഞ്ഞെടുക്കുന്ന ഇടം; പണം; സമൂഹത്തിലെ സ്ഥാനമാനം. തുടർന്ന്‌ യഥാർഥ, ശാശ്വതമായ സുരക്ഷിതത്വത്തിന്റെ അടിസ്ഥാനം എന്താണെന്നു നാം പരിചിന്തിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 2 പേരിനു മാറ്റം വരുത്തിയിരിക്കുന്നു.