വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:

സമ്മർദം ലഘൂകരിക്കാൻ ഗിരിപ്രഭാഷണം ഉൾപ്പെടുന്ന ഏതു വ്യക്തിപരമായ ക്രമീകരണം നിങ്ങൾക്കു ചെയ്യാവുന്നതാണ്‌?

ഓരോ ദിവസവും, ഗിരിപ്രഭാഷണത്തിലോ സുവിശേഷങ്ങളിൽ മറ്റെവിടെയെങ്കിലുമോ വിവരിച്ചിരിക്കുന്ന യേശുവിന്റെ അടിസ്ഥാന പഠിപ്പിക്കലുകളിൽ ഒന്നു നിങ്ങൾക്കു വായിക്കാവുന്നതാണ്‌. ആ പഠിപ്പിക്കലിനെ കുറിച്ചു ധ്യാനിക്കുകയും അതു വ്യക്തിപരമായി ബാധകമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്‌ വർധിച്ച സന്തോഷം അനുഭവിക്കാനും സമ്മർദം കുറയ്‌ക്കാനും നിങ്ങളെ സഹായിച്ചേക്കാം.​—⁠12/15, പേജ്‌ 12-14.

കൂടുതലായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ സഭാമൂപ്പന്മാർ ശുശ്രൂഷാദാസന്മാരെ പരിശീലിപ്പിക്കുന്നതിനുള്ള മൂന്നു നല്ല കാരണങ്ങൾ ഏവ?

യഹോവയുടെ സാക്ഷികളുടെ എണ്ണം വർധിക്കുന്നതിനാൽ, പുതുതായി സ്‌നാപനമേറ്റവരെ ക്രിസ്‌തീയ പക്വതയിലേക്കു പുരോഗമിക്കാൻ സഹായിക്കുന്നതിന്‌ ഉത്തരവാദിത്വപ്പെട്ട പുരുഷന്മാരുടെ ആവശ്യമുണ്ട്‌. ചില ദീർഘകാല മൂപ്പന്മാർക്കു പ്രായാധിക്യമോ ആരോഗ്യപ്രശ്‌നങ്ങളോ നിമിത്തം മുൻകാലങ്ങളിലെ പോലെ പ്രവർത്തിക്കാൻ സാധിക്കുന്നില്ല. പ്രാദേശിക സഭയിലേതു കൂടാതെ മറ്റ്‌ ഉത്തരവാദിത്വങ്ങളും പ്രാപ്‌തരായ ചില മൂപ്പന്മാർക്കുണ്ട്‌, അതുകൊണ്ട്‌ മുമ്പ്‌ തങ്ങളുടെ സഭയിൽ ചെയ്‌തുകൊണ്ടിരുന്ന അത്രയും ചെയ്യാൻ അവർക്ക്‌ ഇപ്പോൾ സാധിക്കുന്നില്ലായിരിക്കാം.​—⁠1/1, പേജ്‌ 29.

യഥാർഥമല്ലാത്ത ദൈവങ്ങളിൽ ആളുകൾ ആശ്രയിക്കുന്നത്‌ എങ്ങനെ?

അനേകരും തങ്ങളുടെ മതപ്രകാരമുള്ള ദൈവങ്ങളെ ആരാധിക്കുന്നു. എങ്കിലും, ഇവ എലീശായുടെ കാലത്തെ ബാലിനെപ്പോലെ രക്ഷിപ്പാൻ കഴിയാത്ത വെറും നിർജീവ ദൈവങ്ങളാണ്‌. (1 രാജാക്കന്മാർ 18:26, 29; സങ്കീർത്തനം 135:15-17) ചിലർ വിനോദരംഗത്തെ വ്യക്തികളെയോ പ്രമുഖരെയോ സ്‌പോർട്‌സ്‌ താരങ്ങളെയോ പൂജിക്കുന്നു, ഭാവി സംബന്ധിച്ച യഥാർഥമായ യാതൊരു പ്രത്യാശയും നൽകാൻ ഈ പൂജാപാത്രങ്ങൾക്കു കഴിവില്ല. എന്നാൽ, യഹോവ വാസ്‌തവമായും സ്ഥിതി ചെയ്യുന്നു, അവനു തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റാനും കഴിയും.​—⁠1/15, പേജ്‌ 3-5.

• ദൈവം നൽകിയ മുന്നറിയിപ്പിനോടുള്ള കയീന്റെ പ്രതികരണത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും?

ദൈവം നമുക്ക്‌ ഇച്ഛാസ്വാതന്ത്ര്യം നൽകിയിരിക്കുന്നു. തന്മൂലം, നന്മ ചെയ്യുന്നതിൽനിന്നു പിന്മാറിയ കയീനിൽനിന്നു ഭിന്നമായി നമുക്കു ശരിയായതു ചെയ്യാൻ കഴിയും. അനുതാപം ഇല്ലാത്തവരുടെമേൽ യഹോവ ന്യായവിധി നടത്തുന്നുവെന്ന്‌ കയീനെ കുറിച്ചുള്ള ബൈബിൾ വിവരണം പ്രകടമാക്കുന്നു.​—⁠1/15, പേജ്‌ 22-3.

ശുചിത്വം ഇപ്പോൾ വിശേഷാൽ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ജീവിത സാഹചര്യങ്ങൾ മാറിവരുന്നതിനാൽ തങ്ങളുടെ വീടു വൃത്തിയാക്കാൻ പലരും മുമ്പത്തെക്കാൾ കുറഞ്ഞ സമയമേ ഇപ്പോൾ ചെലവഴിക്കുന്നുള്ളൂ. ആഹാരത്തിന്റെയും വെള്ളത്തിന്റെയും കാര്യത്തിൽ ശുചിത്വം അവഗണിക്കുന്നത്‌ ആരോഗ്യപ്രശ്‌നങ്ങൾക്ക്‌ ഇടയാക്കിയേക്കാം. ശാരീരിക ശുചിത്വത്തിന്‌ പുറമേ, ആത്മീയവും ധാർമികവും മാനസികവുമായ ശുദ്ധിക്കു ശ്രദ്ധ നൽകേണ്ടതിന്റെ പ്രാധാന്യത്തിന്‌ ബൈബിൾ ഊന്നൽ നൽകുന്നു.​—⁠2/1, പേജ്‌ 3-6.

ക്രിസ്‌തീയ പൂർവകാല സാക്ഷികളെ കുറിച്ച്‌ “നമ്മെക്കൂടാതെ അവർ പരിപൂർണ്ണരാക്കപ്പെടരുത്‌” എന്നു പൗലൊസ്‌ പറഞ്ഞതിന്റെ അർഥമെന്ത്‌? (എബ്രായർ 11:​40, പി.ഒ.സി. ബൈബിൾ)

വരാൻപോകുന്ന സഹസ്രാബ്ദകാലത്ത്‌ ക്രിസ്‌തുവും അവന്റെ അഭിഷിക്ത അനുഗാമികളും സ്വർഗത്തിൽ രാജാക്കന്മാരായി ഭരിച്ചുകൊണ്ട്‌ മറുവിലയുടെ പ്രയോജനങ്ങൾ പുനരുത്ഥാനം പ്രാപിച്ചവർക്കു ലഭ്യമാക്കും. എബ്രായർ 11-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന വിശ്വസ്‌തരായ അത്തരം വ്യക്തികൾ ആ വിധത്തിൽ ‘പരിപൂർണ്ണരാക്കപ്പെടും’.​—⁠2/1, പേജ്‌ 23.

“നിങ്ങൾ ഇതുവരെ പ്രാണത്യാഗത്തോളം എതിർത്തുനിന്നിട്ടില്ല” എന്നു പറഞ്ഞപ്പോൾ പൗലൊസ്‌ എന്താണ്‌ സൂചിപ്പിച്ചത്‌? (എബ്രായർ 12:⁠4)

മരണത്തോളം ചെറുത്തു നിൽക്കുന്നതിനെയാണ്‌ അവൻ അർഥമാക്കിയത്‌. മരണപര്യന്തം വിശ്വസ്‌തത പാലിച്ചവരുടെ ചരിത്ര ദൃഷ്ടാന്തങ്ങൾ ഉണ്ടായിരുന്നു. പൗലൊസ്‌ അഭിസംബോധന ചെയ്‌ത ആ എബ്രായർ, ആ ഘട്ടത്തോളം പരീക്ഷിക്കപ്പെട്ടിരുന്നില്ലെങ്കിലും, നേരിട്ടേക്കാവുന്ന എന്തും സഹിച്ചുനിൽക്കാനുള്ള വിശ്വാസം വളർത്തിയെടുത്തുകൊണ്ട്‌ പക്വതയിലേക്കു വളരേണ്ടിയിരുന്നു.​—⁠2/15, പേജ്‌ 29.

യഹോവയുടെ കരുണ അവന്റെ നീതിയെ മയപ്പെടുത്തുന്നു എന്നു പറയാതിരിക്കുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ചില ഭാഷകളിൽ, “മയപ്പെടുത്തുക” എന്നാൽ പതം വരുത്തുക, നിയന്ത്രിക്കുക എന്ന്‌ അർഥമാക്കാൻ കഴിയും. യഹോവ നീതിയും കരുണയും ഉള്ള ദൈവമാണ്‌, മാത്രമല്ല അവൻ ആ ഗുണങ്ങൾ പ്രകടിപ്പിക്കുമ്പോൾ അവ പരസ്‌പരം യോജിപ്പിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. (പുറപ്പാടു 34:6, 7; ആവർത്തനപുസ്‌തകം 32:4; സങ്കീർത്തനം 116:5; സങ്കീർത്തനം 145:9) കരുണ യഹോവയുടെ നീതിയെ മയപ്പെടുത്തുകയോ പതം വരുത്തുകയോ ചെയ്യേണ്ടതില്ല.​—⁠3/1, പേജ്‌ 30.

ഒരു ക്രിസ്‌ത്യാനി പ്രിയപ്പെട്ട ഒരാളുടെ ശവശരീരം അഴുകാതെ സൂക്ഷിക്കുന്നത്‌ ഉചിതമാണോ?

പുരാതന കാലത്തെ ചിലർ മരിച്ചവരുടെ ശവശരീരങ്ങൾ മതപരമായ കാരണങ്ങളാൽ അഴുകാതെ സൂക്ഷിച്ചിരുന്നു. എന്നാൽ സത്യാരാധകരെ സംബന്ധിച്ച്‌ അത്‌ അങ്ങനെ ആയിരിക്കരുത്‌. (സഭാപ്രസംഗി 9:5; പ്രവൃത്തികൾ 24:15) ശരീരം പൊടിയിലേക്കു ചേരണം എന്ന സുനിശ്ചിതമായ ഒരു സംഗതിക്കു കാലതാമസം വരുത്താനേ അതുവഴി സാധിക്കുന്നുള്ളു എന്നതാണു വാസ്‌തവം. (ഉല്‌പത്തി 3:19) എന്നാൽ പ്രാദേശിക നിയമം അനുശാസിക്കുകയോ, ചെയ്യാൻ കുടുംബാംഗങ്ങൾ ആഗ്രഹിക്കുകയോ വളരെ അകലെനിന്നു വരുന്നവർ മൃതദേഹം കാണാൻ ആഗ്രഹിക്കുകയോ ചെയ്യുന്നപക്ഷം, മൃതശരീരം അഴുകാതെ സൂക്ഷിക്കുന്നതിൽ അസ്വസ്ഥരാകേണ്ട യാതൊരു കാരണവുമില്ല.​—⁠3/15, പേജ്‌ 29-31.

ദൈവം സകല ജനതകളിലെയും ആളുകളെ സ്വാഗതം ചെയ്യുന്നുവെന്ന്‌ നമ്മെ പഠിപ്പിക്കുന്ന ബൈബിൾ ദൃഷ്ടാന്തങ്ങൾ ഏവ?

നീനെവേക്കാർക്കു മുന്നറിയിപ്പു കൊടുക്കാൻ യഹോവ യോനാ പ്രവാചകനെ അയച്ചു. അവരുടെ പശ്ചാത്താപം അംഗീകരിക്കാൻ ദൈവം യോനായെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. ശമര്യക്കാരോടു സ്‌നേഹം പ്രകടിപ്പിക്കുന്നതിന്‌ വാക്കിലൂടെയും പ്രവൃത്തികളിലൂടെയും യേശു പ്രോത്സാഹനം നൽകി. യഹൂദരല്ലാത്തവരുടെ ഇടയിൽ സുവാർത്ത എത്തിക്കുന്നതിൽ അപ്പൊസ്‌തലന്മാരായ പത്രൊസും പൗലൊസും ഒരു പങ്കു വഹിച്ചു. അത്തരം ദൃഷ്ടാന്തങ്ങളിൽനിന്ന്‌, എല്ലാ പശ്ചാത്തലത്തിലും പെട്ടവരെ സഹായിക്കാൻ ശ്രമിക്കേണ്ടതിന്റെ ആവശ്യം നമുക്കു കാണാൻ കഴിയും.​—⁠4/1, പേജ്‌ 21-4.